കണ്ണൂര്‍ വിമാനത്താവളത്തിൽ നിന്ന് പറന്നുയര്‍ന്ന വിമാനത്തിൽ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി. പക്ഷിയിടിച്ചത് അറിഞ്ഞതോടെ പൈലറ്റ് ഉടൻ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദബി വിമാനമാണ് 7.35ഓടെ തിരിച്ചിറക്കിയത്.
വിമാനം ടേക്ക് ഓഫ് ചെയ്ത് പോയശേഷമാണ് സംഭവം. വിമാനം അൽപ്പദൂരം സഞ്ചരിച്ചശേഷമാണ് തിരിച്ച് കണ്ണൂരിലേക്ക് വന്നത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തിൽ തന്നെ സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. സംഭവം അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്.
തിരിച്ചിറക്കിയ യാത്രക്കാരെ ഇന്ന് ഉച്ചയ്ക്ക് മറ്റൊരു വിമാനത്തിൽ അബുദബിയിലേക്ക് കൊണ്ടുപോകും. പക്ഷിയിടിച്ചതിനെതുടര്‍ന്ന് വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ട്. ഇതിനാൽ ഈ വിമാനത്തിൽ യാത്ര പുനരാരംഭിക്കാനാകില്ല. ഇതിനാലാണ് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.ബോയിങ് 737-8 എഎൽ വിമാനത്തിലാണ് പക്ഷിയിടിച്ചത്.
പത്തനംതിട്ടയിലെ കോയിപ്രം ആന്താലിമണ്ണിൽ നടന്ന ഹണിട്രാപ്പ് ക്രൂരമർദ്ദന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരികയാണ്. റാന്നി സ്വദേശിയും ആലപ്പുഴ സ്വദേശിയും ആയ രണ്ട് യുവാക്കളെയാണ് ക്രൂരമായി മർദ്ദിച്ചത്. പ്രതികളായ ജയേഷ്-രശ്മി ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവാക്കളെ വിളിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷമാണ് ഭീകരമായ മർദ്ദനം നടത്തിയത്.
യുവാക്കളുടെ മൊഴിപ്രകാരം, ആദ്യം ആഭിചാരക്രിയകൾ പോലുള്ള ഭീതിജനകമായ കാര്യങ്ങൾ നടത്തി. പിന്നീട് കൈകാലുകൾ കെട്ടിയിട്ട് മുളക് സ്പ്രേ ചെയ്യുകയും, കമ്പികൊണ്ട് അടിക്കുകയും, ജനനേന്ദ്രിയത്തിൽ വരെ സ്റ്റാപ്ലർ പിൻ അടിക്കുകയും ചെയ്തു. നഖങ്ങൾ സൂചികൊണ്ട് തറച്ചും, ബ്ലേഡ് കൊണ്ട് വരകളും വരച്ചു പീഡിപ്പിച്ചതായും അവർ പറഞ്ഞു. മർദ്ദനത്തിൽ ഒരാൾക്ക് നട്ടെല്ല് പൊട്ടുകയും, മറ്റൊരാൾക്ക് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.
സംഭവത്തിൽ പ്രതികൾ ഇരകളെ ഭീഷണിപ്പെടുത്തി വിഡിയോ പകര്‍ത്തുകയും പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതായി വ്യക്തമാകുന്നു. ആദ്യം ഭയത്തിൽ ഇരകൾ സത്യാവസ്ഥ മറച്ചു വെച്ചെങ്കിലും പിന്നീട് കാര്യങ്ങൾ വെളിപ്പെട്ടു. ഇരകൾക്ക് ഗുരുതര പരിക്കുകളുള്ളതിനാൽ ആശുപത്രിയിൽ ചികിത്സ തുടരുകയാണ്.
പോലീസ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നുള്ള തെളിവുകളും മറ്റ് സാങ്കേതിക വിവരങ്ങളും പരിശോധിച്ച് കൂടുതൽ ഇരകളുണ്ടോയെന്നു അന്വേഷിക്കുകയാണ്. സൈക്കോ സ്വഭാവമുള്ള ദമ്പതികളാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടം യുഡിഎഫിന്റെ ഭാഗമല്ല എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെ പാർലമെന്ററി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതെന്നും, കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയാണ് ഈ തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ നടപടികൾ എടുക്കേണ്ടി വന്നതിൽ അദ്ദേഹം വിഷമം പ്രകടിപ്പിച്ചു.
രാഹുലിനെതിരെ പൊലീസിൽ പരാതിയൊന്നുമില്ലായിരുന്നുവെങ്കിലും, യുഡിഎഫ് നേതാക്കൾ ചർച്ച ചെയ്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു. പാർട്ടിയിൽ ഏകോപിതമായ തീരുമാനം ആയിരുന്നുവെന്നും, പ്രസിഡന്റിന്റെ അംഗീകാരത്തോടെ മാത്രമാണ് നടപടി സ്വീകരിച്ചതെന്നും സതീശൻ വ്യക്തമാക്കി. സിപിഎമ്മിനെതിരെ വന്ന സ്ത്രീപീഡന ആരോപണങ്ങളിൽ പാർട്ടി നടപടിയില്ലാത്തതിനെ താരതമ്യം ചെയ്യുകയും ചെയ്തു.
രാഹുലിനെതിരായ സൈബർ ആക്രമണങ്ങളെയും പാർട്ടിയിൽ ഒറ്റപ്പെടലിന്റെ ആരോപണങ്ങളെയും സതീശൻ തള്ളി. വ്യാജ ഐഡികളിൽ നിന്നുള്ള പ്രചാരണം മാത്രമാണ് ഇതിന് പിന്നിലെന്നും, പാർട്ടിയിൽ യുവനേതാക്കളെ പിന്തുണച്ചത് ആരുടെയും പിന്തുണ ആവശ്യപ്പെട്ടല്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴുള്ള സാഹചര്യം പാർട്ടി അംഗങ്ങളെ സഹായിക്കുന്ന തരത്തിലാണ്, എന്നാൽ രാഹുലിന് നിയമസഭാസമ്മേളനത്തിൽ പങ്കെടുത്താലോ പരിപാടികളിൽ പങ്കെടുത്താലോ അവഗണന സംഭവിക്കില്ല.
മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ കാമുകിയുടെ സ്വകാര്യദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ക്ക് കൈമാറിയ യുവാവിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശി അമലിനെയാണ് (27) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്.
പരാതിക്കാരിയായ യുവതിയും പ്രതിയും 7 കൊല്ലമായി അടുപ്പത്തിലാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നല്‍കി യുവതിയെ വലയില്‍വീഴ്ത്തി. നിരവധിതവണ വിവിധ ലോഡ്ജുകളിലും പരിചയക്കാരുടെ വീടുകളിലും ഇരുവരും ഒരുമിച്ച് താമസിച്ചു. കാമുകിയുമായി വീഡിയോകോളില്‍ സംസാരിക്കുമ്പോള്‍ പകർത്തുന്ന ദൃശ്യങ്ങളാണ് പോണ്‍സൈറ്റുകളില്‍ അപ‌്ലോഡ് ചെയ്തിരിക്കുന്നത്. സംസാരം തുടരുമ്പോള്‍ അമലിന്റെ നിർദ്ദേശപ്രകാരം യുവതി വിവസ്ത്രയാകും.
ഈ ദൃശ്യങ്ങള്‍ യുവതി അറിയാതെ മൊബൈല്‍ഫോണില്‍ റെക്കോഡ് ചെയ്യുകയായിരുന്നു.
പോണ്‍സൈറ്റുകളിലെ ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തുക്കള്‍ കണ്ടതോടെയാണ് വിവരം പുറത്തായത്. മുൻപ് യുവതിയും അമലും തമ്മില്‍ വഴക്കുകൂടുമ്പോള്‍ ഇരുവരുടെയും സുഹൃത്തുക്കള്‍ക്ക് യുവതിയുടെ ചിത്രങ്ങള്‍ അയക്കുന്ന പതിവുണ്ടായിരുന്നു. പെട്ടെന്നുണ്ടായ വിരോധത്തിന് ചെയ്തുപോയെന്നായിരുന്നു മിഥുൻ അന്ന് നല്‍കിയ വിശദീകരണം. പോണ്‍സൈറ്റുകളില്‍ ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്തതുമായുണ്ടായ വാക്കേറ്റത്തിനിടെ യുവതിയെ അമല്‍ ഹെല്‍മെറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
മലയാള സിനിമയായ ലോക ചാപ്റ്റർ 1 ചന്ദ്രയുടെ ബോക്‌സ് ഓഫീസിലെ കുതിപ്പ് തുടരുന്നു. റിലീസിന് 16 ദിവസം പിന്നിട്ടിട്ടും, സിനിമ മികച്ച കളക്ഷൻ സ്വന്തമാക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ (12.09.2025) മാത്രം ഒരു ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം ടിക്കറ്റുകളാണ് വിറ്റുപോയത്. ബുക്ക് മൈ ഷോയുടെ കണക്കുകളാണ് പുറത്തുവന്നത്.
തെലുങ്ക് ചിത്രം മിറൈ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ, മലയാള സിനിമകളിൽ ലോക മുന്നിലെത്തിയിട്ടുണ്ട്. പുതുതായി റിലീസ് ചെയ്ത 10 ചിത്രങ്ങളിൽ ഹൃദയപൂർവ്വം മാത്രമാണ് മലയാള സിനിമകളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ കളക്ഷനിൽ ലോക ചന്ദ്ര മുന്നേറിയതാണ് ശ്രദ്ധേയമായത്.
കഴിഞ്ഞ 24 മണിക്കൂറിലെ ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വിൽപ്പന
* മിറൈ (D1) – 3,75,000
* ലോക (D16) – 1,97,000
* ഡെമോൺ സ്ലേയർ (D1) – 1,70,000
* ദി കോൺജറിംഗ്: ലാസ്റ്റ് റൈറ്റ്സ് (D8) – 53,000
* കിഷ്കിന്ധാപുരി (D1) – 49,000
* ലിറ്റിൽ ഹാർട്സ് (D8) – 43,000
* മദ്രാസി (D8) – 38,000
* ഹൃദയപൂർവ്വം (D16) – 32,000
* ബാഗി 4 (D8) – 19,000
* പരം സുന്ദരി (D15) – 6,000
സിനിമ റിലീസ് ചെയ്ത് 16 ദിവസം പിന്നിട്ടിട്ടും ലോക ചാപ്റ്റർ 1 ചന്ദ്ര നേടുന്ന ബുക്കിങ് നിരക്ക്, ചിത്രത്തിന് പിന്നിൽ പ്രേക്ഷക പിന്തുണ ഉറപ്പുവരുത്തുന്നതാണ്.
ജില്ലിങ്ങാമിലെ വുഡ്‌ലാൻഡ്‌സ് അക്കാദമിയിൽ സെപ്റ്റംബർ 21 മുതൽ എല്ലാ ഞായറാഴ്ചയും ഉച്ചയ്ക്ക് 12 മണിക്ക് ബോളിവുഡ് ഡാൻസ് ക്ലാസുകൾ ആരംഭിക്കുന്നു. 7 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് മാത്രമായാണ് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഈ ക്ലാസുകൾ. കുട്ടികളുടെ ആരോഗ്യവും സൗന്ദര്യവും കൂടി പരിഗണിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നതെന്നും സംഘാടകർ അറിയിച്ചു.
ബോളിബീറ്റ് ഡാൻസ് ഫിറ്റ്നസ് സ്ഥാപകനായ ശ്രീ രതീഷ് ക്ലാസുകൾക്ക് നേതൃത്വം നൽകും. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി, ആർട്ടിസ്റ്റിക് പ്രകടനം വളർത്താനും, ശാരീരിക ഫിറ്റ്നസ് ഉറപ്പാക്കാനുമുള്ള അവസരമായിരിക്കും ക്ലാസുകൾ. കൂടുതൽ വിവരങ്ങൾക്ക് 07442669185, 07478728555 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.

ചെസ്റ്റർഫീൽഡ് മലയാളി കൾച്ചുറൽ കമ്മ്യൂണിറ്റിയുടെ ഓണാഘോഷം കഴിഞ്ഞ ശനിയാഴ്ച ഓഗസ്റ്റ് 6 ന് രാവിലെ സ്പീഡ് വെൽ റൂംസ് സ്റ്റേവലി ഹാളിൽ വർണ്ണാഭമായി നടന്നു. രാവിലെ 11 മണിയോടെ മാവേലി തബുരാൻ താലത്തിന്റെയും, വാദ്യമേളത്തിന്റയും അകമ്പടിയോടെ കമ്മറ്റിക്കാരുടെയും സാന്നിധ്യത്തിൽ ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉൽഘാടനം നിർവ്വഹിച്ചു. ഓണസദ്യ, കുട്ടികളുടെയും, മുതിർന്നവരുടെയും കലാപരിപാടികൾ, വടംവലി മത്സരം, കസേര കളി തുടങ്ങിയ പ്രോഗ്രാമുകൾ ഏവർക്കും ഹൃദ്യമായ ഒരു അനുഭവം ആയിരുന്നു. വൈകുന്നേരം 6 മണിയോടെ പരിപാടികൾ സമാപിച്ചു.

തിരുവനന്തപുരം: ലോകപ്രശസ്തമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ശനിയാഴ്ച രാവിലെ ഈ മെയിൽ മുഖേന ബോംബ് ഭീഷണി ലഭിച്ചത് കടുത്ത പരിഭ്രാത്തിക്ക് ഇടയാക്കി. രണ്ട് ക്ഷേത്രങ്ങളിലും സ്‌ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്നും വൈകുന്നേരത്തോടെ പൊട്ടിത്തെറിയുണ്ടാകുമെന്നുമായിരുന്നു സന്ദേശം. വിവരം ലഭിച്ചതോടെ പൊലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തി.
നീണ്ട പരിശോധനകൾക്കൊടുവിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. നേരത്തെയും തിരുവനന്തപുരം നഗരത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും കോടതികൾക്കും സമാന സ്വഭാവത്തിലുള്ള ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. അവയെല്ലാം ഡാർക്ക് നെറ്റ് വഴി അയച്ചവയായിരുന്നു.
ഇതിനിടെ, തലസ്ഥാനത്ത് നടന്ന സംഭവവുമായി സാമ്യമുള്ള രീതിയിൽ, ഡൽഹിയിലെ താജ് പാലസ് ഹോട്ടലിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. തുടർച്ചയായി ഉയർന്നുവരുന്ന ഇത്തരം ഭീഷണിസന്ദേശങ്ങൾ സുരക്ഷാ ഏജൻസികൾക്ക് വെല്ലുവിളിയായി മാറുകയാണ്.


റോമി കുര്യാക്കോസ്
സ്കോട്ട് ലാൻഡ്: ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ സ്കോട്ട് ലാൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘടന മികവ് കൊണ്ടും വൈവിദ്ധ്യം കൊണ്ടും പ്രൗഢഗംഭീരമായി. ഐ ഒ സി (യു കെ) സ്കോട്ട് ലാൻഡ് യൂണിറ്റ് രൂപീകരിച്ചതിന് ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയായിരുന്നു അരങ്ങേറിയത്.
സംഘടനയുടെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ ഷോബിൻ സാം, യൂണിറ്റ് പ്രസിഡന്റ് മിഥുൻ എന്നിവർ പരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.

ചെണ്ടമേളവും ആർപ്പുവിളികളുടേയും അകമ്പടിയിൽ ഒരുക്കിയ മാവേലി എഴുന്നുള്ളത്തും കേരളീയത നിറഞ്ഞു തുളുമ്പുന്ന ശൈലിയിൽ അണിഞൊരുങ്ങിയ സദസ്സും പകർന്ന ദൃശ്യ വിസ്മയാനുഭവം ഗൃഹാതുരത്വം നിറഞ്ഞതായി. സമൃദ്ധമായി ഒരുക്കിയ വേദിയിലേക്ക് സർവ്വവിഭൂഷനായി മാവേലി തമ്പുരാൻ ആനയിക്കപ്പെട്ടതോടെ പ്രൗഡഗംഭീരമായ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.
സംഘടനാ കൂട്ടായ്മകളിൽ ഓണം പോലുള്ള ആഘോഷ പരിപാടികൾ പ്രധാനം ചെയ്യുന്ന പരസ്പര സ്നേഹം, ഐക്യം എന്നിവയുടെ പ്രസക്തി വിളിച്ചോതുന്ന രീതിയിലായിരുന്നു ആഘോഷങ്ങൾ. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു ഇത്തരത്തിൽ വിപുലമായ ക്രമീകരണങ്ങളോടെ ഓണാഘോഷം ഏറ്റെടുത്തു നടത്താൻ തയ്യാറായ സ്കോട്ട് ലാൻഡ് യൂണിറ്റിന് കേരള ചാപ്റ്റർ കമ്മിറ്റിയുടെ അനുമോദനവും നന്ദിയും വേദിയിൽ അറിയിച്ചു.

ഐ ഒ സി (യു കെ) സ്കോട്ട് ലാൻഡ് യൂണിറ്റ് പ്രവർത്തകർ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ഒരുമിച്ചിരുന്നു അസ്വദിച്ചത് പരിപാടിയിൽ പങ്കെടുത്തവർക്ക് പുത്തൻ അനുഭവം പകർന്നു. യൂണിറ്റ് അംഗങ്ങളും കുട്ടികളും ചേർന്നു അവതരിപ്പിച്ച കലാവിരുന്നുകൾ ഓണാഘോഷത്തിന്റെ മാറ്റ് വർധിപ്പിച്ചു.
മാവേലിയുടെ വേഷഭൂഷകളോടെ വേദിയിലെത്തിയ ഇഷാൻ സാബിർ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഗാന രചനയിലെ മികവിന് എഡിൻബ്രോ കൗൺസിലിന്റെ അവാർഡ് കരസ്തമാക്കിയ കൊച്ചുമിടുക്കി അനലിൻ ഗീവർഗീസിനെ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് വേദിയിൽ ആദരിച്ചു.

ബിജു വർഗീസ്, ഡോ. ഡാനി, ഡയാന, അമ്പിളി, ഗീവർഗീസ്, അഞ്ചു, ലിജിൻ, ജയിംസ്, ഷിജി, ചെൽസ്, സുധീൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
പരിപാടിയുടെ വലിയ വിജയത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ച സ്പോൺസർ ആഷിർ അൻസാറിനും (ക്ലമെന്റിയ കെയർ ഏജൻസി), പരിപാടിയിൽ പങ്കാളികളായവർക്കുമുള്ള നന്ദി യൂണിറ്റ് ഭാരവാഹികൾ രേഖപ്പെടുത്തി.

