അടിമാലിയിൽ പാറയിൽ നിന്നു വീണു മരിച്ചെന്നു കരുതിയത് കൊലപാതകമെന്നു തെളിഞ്ഞു അയൽവാസികളായ 2 പേർ അറസ്റ്റിൽ. വെള്ളത്തൂവൽ മുള്ളിരിക്കുടി കരിമ്പനാനിക്കൽ ഷാജിയുടെ (സജീവൻ–50) മരണമാണ് കൊലപാതകമെന്ന് കണ്ടെത്തിയത്. അയൽവാസികളായ കുന്നനാനിക്കൽ സുരേന്ദ്രൻ (54), വരിക്കനാനിക്കൽ ബാബു (47) എന്നിവരാണു പിടിയിലായത്. സംഭവ ദിവസം ഷാജിയുടെ വീട്ടിലുണ്ടായിരുന്ന സഹോദരീ പുത്രൻ സുധീഷിന്റെ മൊഴിയാണു കേസിൽ നിർണായകമായത്.
കഴിഞ്ഞ ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. പിറ്റേന്ന് സമീപത്തുള്ള പാറക്കെട്ടിന്റെ ഭാഗത്താണു ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. മദ്യലഹരിയിൽ പാറയിൽ നിന്നു കാൽവഴുതി വീണതാകാം മരണകാരണമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിൽ ദുരൂഹത ആരോപിച്ച് ഷാജിയുടെ ഭാര്യ വിജയകുമാരി പൊലീസിൽ പരാതി നൽകിയതോടെ ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. 11 മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ ഇന്നലെ അറസ്റ്റിലായത്.
തിരുപ്പൂരിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലിക്കാരനായിരുന്ന ബാബുവിന്റെ വീട്ടിൽ ഇയാൾ ഇല്ലാതിരുന്ന സമയത്ത് ഷാജി എത്തിയിരുന്നതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ബന്ധു കൂടിയായ സുരേന്ദ്രനുമായി ചേർന്ന് ഷാജിയോട് കാര്യങ്ങൾ ചോദിക്കുന്നതിനു ബാബു തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംഭവ ദിവസം വൈകിട്ട് ഇരുവരും ചേർന്ന് ഷാജിയെ മദ്യപിക്കാൻ ക്ഷണിച്ചു.
മൂവരും ചേർന്ന് സമീപത്തെ 150 അടിയിലേറെ ഉയരമുള്ള പാറക്കെട്ടിനു മുകളിലെത്തി മദ്യപിച്ചു. ഇതിനിടെ ഷാജിയും ബാബുവും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിലെത്തി. സുരേന്ദ്രനും ബാബുവും ചേർന്ന്, ഷാജിയെ പാറയിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സുരേന്ദ്രനും ബാബുവിനുമൊപ്പം മദ്യപിക്കാൻ പോകുകയാണെന്ന വിവരം ഷാജി തന്നോട് പറഞ്ഞിരുന്നതായി സഹോദരീപുത്രൻ സുധീഷ് പൊലീസിനു മൊഴി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയകുമാരി ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്.
മൂന്നാർ ഡിവൈഎസ്പി ഡി.എസ്. സുനീഷ് കുമാർ, അടിമാലി സിഐ പി.കെ. സാബു, എഎസ്ഐമാരായ സജി എൻ. പോൾ, സി.വി. ഉലഹന്നാൻ, സി.ആർ. സന്തോഷ്, എം.എം. ഷാജു, സീനിയർ സിപിഒ ഇ.ബി. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോടതി പ്രതികളെ റിമാൻഡ് ചെയ്തു
കൊച്ചിയിലെ ബ്യുട്ടി പാർലർ വെടിവയ്പിന് മുൻപ് സ്ഥാപന ഉടമയും നടിയുമായ ലീന മരിയ പോളിന് വന്ന ഭീഷണിയുടെ ശബ്ദരേഖ പൊലീസിന് ലഭിച്ചു. മുബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവി പൂജാരിയുടെ ശബ്ദവുമായി ഇത് ഒത്തുനോക്കാൻ ശ്രമം തുടങ്ങി. തിങ്കളാഴ്ച നടിയുടെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ശബ്ദരേഖ പോലീസ് ശേഖരിച്ചത്.
കഴിഞ്ഞ രണ്ടുവര്ഷത്തിനിടെ പലവട്ടം രവി പൂജാരയുടെ പേരിൽ ഫോണ് വിളികൾ വന്നിരുന്നു. കാര്യമായ ഭീഷണിയല്ല, സൗഹൃദരൂപത്തിൽ ആയിരുന്നു സംസാരം. എന്നാൽ ആവശ്യപ്പെട്ടത് 25 കോടിയായിരുന്നു.
നടി ലീന മരിയ പോൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴി ഇങ്ങനെയായിരുന്നു. നിരന്തരം വിളികൾ വന്നപ്പോൾ താൻ ഫോണ് നമ്പർ മാറ്റി. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ സ്ഥാപനത്തിലെ നമ്പറിലേക്ക് ആയി വിളി. തന്റെ മാനേജർ ആണ് പിന്നീട് സംസാരിച്ചത്. പണം ആരു വഴി, എങ്ങനെ എവിടെ നൽകണം എന്ന വിവരങ്ങളൊന്നും പറഞ്ഞിട്ടില്ല, ആ ഘട്ടത്തിലേക്ക് സംസാരം താൻ കൊണ്ടുപോയില്ല എന്നാണ് നടി പറയുന്നത്. അതുകൊണ്ട് തന്നെ ആ ദിശയിലൊരു അന്വേഷണത്തിന് പൊലീസിന് വഴിയില്ലാതെ പോയി. വന്നതെല്ലാം ഇന്റർനെറ്റ് കോളുകൾ ആയതിനാൽ ഉറവിടം കണ്ടെത്താൻ സാധ്യത വിരളമാണ്. നോക്കാമെന്ന് മാത്രം.
ഇതിനിടെയാണ് ഇരുവരും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ അന്വേഷണസംഘം ശേഖരിച്ചത്. ഇംഗ്ലീഷിലാണ് സംസാരം. എന്നാൽ ശബ്ദം രവി പൂജാരയുടേത് ആണോയെന്ന് ഉറപ്പിക്കാൻ തൽകാലം വഴിയില്ല. കേരളത്തിൽ പൂജാരയ്ക്ക് കേസുകൾ ഒന്നും ഉണ്ടായിട്ടില്ല. മുംബൈയിൽ അറസ്റ്റിൽ ആയിട്ടുള്ളത് വളരെക്കാലം മുൻപാണ്. അന്ന് കേസുകൾ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർ ഇന്ന് സർവീസിൽ ഉണ്ടോയെന്ന് അന്വേഷിക്കേണ്ടി വരും. സൽമാൻ ഖാൻ അടക്കം താരങ്ങളെ ഫോണിൽ വിളിച്ച് പണം ആവശ്യപെട്ടതിന് രവി പൂജാരയ്ക്ക് മുൻപ് രാജസ്ഥാൻ പോലീസ് കേസെടുത്തിട്ടുണ്ട്.
അന്നത്തെ ശബ്ദരേഖകൾ സൂക്ഷിച്ചിട്ടുണ്ടോയെന്ന് നോക്കണം. ഇങ്ങനെ നടിക്ക് വന്ന ഫോൺകോളിലെ ശബ്ദം ഒത്തുനോക്കാനുള്ള വഴികൾ കൊച്ചി സിറ്റി പൊലീസ് അടുത്ത ദിവസങ്ങളിൽ നോക്കും. പണം ആവശ്യപ്പെട്ടത് പൂജാരയാണെന്ന് കരുതാവുന്ന വിവരങ്ങളൊന്നും അന്വേഷണത്തിൽ ഇനിയും വന്നിട്ടില്ല. പ്രൊഫഷണൽ സംഘങ്ങൾ അല്ല ബ്യുട്ടി പാർലറിലേക്ക് വെടിവച്ചതെന്ന് ഉറപ്പാണ്. എന്നാൽ കൊച്ചി പോലൊരു നഗരത്തിലെ ക്വട്ടേഷൻ സംഘങ്ങളെ വിലയ്ക്കെടുത്തും ഇത്തരം നീക്കം നടത്താം എന്നതിനാൽ ഒരു സാധ്യതയും തള്ളിക്കളായാതെയാണ് അന്വേഷണം.
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഏത് ഏജന്‍സി അന്വേഷിക്കണമെന്ന് പ്രതിക്ക് ആവശ്യപ്പെടാനാകില്ല. ദിലീപ് ആരോപിക്കുന്ന പലതും വിചാരണവേളയിൽ തെളിയിക്കേണ്ടതാണന്നും
കോടതി വ്യക്തമാക്കി.
പൊലീസ് അന്വേഷണം പക്ഷപാതപരമെന്ന ദിലീപിന്‍റെ വാദവും, ലിബർട്ടി ബഷീറും ശ്രീകുമാർ മോനോനും കുടുക്കാൻ ശ്രമിച്ചെന്ന വാദവും കോടതി അംഗീകരിച്ചില്ല. അതേസമയം വിചാരണ വൈകിപ്പിക്കലാണ് ദിലീപിന്‍റെ ശ്രമമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അന്വേഷണം ശരിയായ ദിശയിലെന്നാണ് ഹൈക്കോടതി നിരീക്ഷണം.
അതേസമയം നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങളുടെ പകർപ്പുള്ള മെമ്മറി കാർഡിന്റെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഹർജി അടുത്ത മാസം 23നു മാറ്റിയിരിക്കുകയാണ്.
തിരുവനന്തപുരം വര്‍ക്കലയില്‍ രണ്ട് വയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മറനീക്കുന്നത് കൊടുംക്രൂരത. മര്‍ദനത്തില്‍ കുട്ടിയുടെ ചെറുകുടലും വാരിയെല്ലും പൊട്ടിയതായും തലച്ചൊറിന് ക്ഷതമേറ്റയതായും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. ഒരുമിച്ച് ജീവിക്കാനായി ക്രൂരത നടത്തിയ അമ്മയും കാമുകനും അറസ്റ്റിലായതിന് പിന്നാലെയാണ് പൊലീസ് കൂടുതല്‍ വിവരം പുറത്തുവരുന്നത്.
ശനി രാവിലെയാണ് പ്രതികള്‍ അബോധാവസ്ഥയില്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. ഡോക്ടര്‍മാര്‍ ചോദിച്ചപ്പോള്‍ വയറിളക്കം വന്നതാണെന്ന് കള്ളം പറഞ്ഞു. മലത്തിനൊപ്പം പഴുപ്പ് വരുന്നത് കണ്ടതോടെ ഡോക്ടര്‍മാര്‍ക്ക് അപകടം മണത്തു. മെഡിക്കല്‍ കോളജിലേക്ക് മാറ്റണം എന്ന ഉടനെ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ വീണ്ടും വാടക വീട്ടിലേക്ക് കൊണ്ടുപോകുകയാണ് ഇവര്‍ ചെയ്തത്. എന്നിട്ട് അതിഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന്
ഗ്ലൂക്കോസ് കലക്കി കൊടുത്തതായും പൊലീസ് പറയുന്നു. പിന്നീട് ബോധരഹിതനായി ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ചെറുകുടല്‍ പൊട്ടി അണുബാധ വന്നതാണ് ഗുരുതരാവസ്ഥയിലെത്തിച്ചത്. അത്ര കടുത്ത മര്‍ദനമേറ്റാല്‍ മാത്രമോ കൊച്ചുകുഞ്ഞുങ്ങളുടെ വാരിയെല്ല് പൊട്ടൂവെന്നും നിഗമനത്തിലെത്തി.
ഏകലവ്യന്‍ എന്ന രണ്ട് വയസുകാരനാണ് അമ്മയുടെയും കാമുകന്റെയും ക്രൂരതയ്ക്ക് ഇരയായി കൊല്ലപ്പെട്ടത്. ഭര്‍ത്താവില്‍ നിന്ന് വേര്‍പ്പെട്ട് ഒരുമിച്ച് താമസിക്കുമ്പോള്‍ കുട്ടിയെ ഒഴിവാക്കാനായിരുന്നു ക്രൂരത. വര്‍ക്കലയ്ക്ക് സമീപം പന്തുവിളയില്‍ വാടകയ്ക്ക് താമസിച്ചിരുന്നു മനുരാജ്…ഉത്തര ദമ്പതികളുടെ മകനായിരുന്നു ഏകലവ്യന്‍. ശനിയാഴ്ച മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് വര്‍ക്കല പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.
ഏതാനും മാസമായി മനുവുമായി വേര്‍പെട്ട് രജീഷിനൊപ്പമാണ് ഉത്തര കഴിഞ്ഞിരുന്നത്. ഈ സമയം മുതല്‍ ഉപദ്രവം തുടങ്ങിയെന്നാണ് മനസിലാക്കുന്നത്. കുട്ടിയുടെ ചെറുകുടലും വാരിയെല്ലും പൊട്ടിയെന്നും തലച്ചോറിന് ക്ഷതമേറ്റ് രക്തസ്രാവമുണ്ടായെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി കുട്ടിയെ തുടര്‍ച്ചയായി അടിക്കുകയും തൊഴിക്കുകയും ചെയ്തിരുന്നതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാനും ഇവര്‍ തയാറായിരുന്നില്ല. ഒടുവില്‍ ബോധരഹിതനായതോടെയാണ് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്.
കൊച്ചി: നടിയും മോഡലുമായി ലീന മരിയാപോളിന്റെ ബ്യൂട്ടിപാര്‍ലര്‍ ആക്രമണത്തിന് പിന്നില്‍ അധോലോക നേതാവ് രവി പൂജാരി തന്നെയാണെന്ന് സ്ഥിരീകരണം. ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ച ഫോണ്‍ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. താന്‍ രവി പൂജാരിയാണെന്നും ലീനയുടെ ബ്യൂട്ടിപാര്‍ലര്‍ ആക്രമിച്ചത് തന്റെ കൂട്ടാളികളാണെന്നും ഇയാളുടെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറോട് വ്യക്തമാക്കി. ലീനയിലൂടെ മറ്റൊരാളിലേക്ക് എത്തുകയാണ് തന്റെ ലക്ഷ്യം. അയാളുടെ പേര് തല്‍ക്കാലം വെളിപ്പെടുത്തുന്നില്ലെന്നും രവി പൂജാരി ഫോണ്‍ സന്ദേശത്തില്‍ പറയുന്നു.
ലീന വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ്. അഞ്ചിലധികം കോടി രൂപ നല്‍കാനാണ് അവരോട് ആവശ്യപ്പെട്ടത്. ലീനയില്‍ നിന്നും പണം വാങ്ങാനുള്ള ശ്രമം തുടരുമെന്നും രവി പൂജാരി വ്യക്തമാക്കുന്നു. അതേസമയം വെടിവെപ്പിന് പിന്നിലെ സംഘത്തെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജിതമാക്കി. അക്രമികള്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ എത്രയും പെട്ടന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
കേസ് അന്വേഷണത്തിനായി മുംബൈ പോലീസിന്റെ സഹായം തേടാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘ (എസ്.ഐ.ടി.) ത്തെ നിയോഗിച്ചിട്ടുണ്ട്. തൃക്കാക്കര അസി. കമ്മിഷണര്‍ പി.പി. ഷംസാണ് അന്വേഷണോദ്യോഗസ്ഥന്‍. ഡി.സി.പി. ജെ. ഹിമേന്ദ്രനാഥ് മേല്‍നോട്ടം വഹിക്കും. അന്വേഷണ പുരോഗതി ഐ.ജി. വിജയ് സാഖറെയും കമ്മിഷണര്‍ എം.പി. ദിനേശും വിലയിരുത്തും.
പെര്‍ത്തിലെ തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ കളത്തില്‍ ഏറ്റുമുട്ടുന്ന ദൃശ്യങ്ങളും പുറത്ത്. പേസ് ബൗളര്‍ ഇശാന്ത് ശര്‍മ്മയും സ്ബസ്റ്റിറ്റ്യൂട്ടായി ഫീല്‍ഡിംഗിനെത്തിയ രവീന്ദ്ര ജഡേജയും തമ്മിലാണ് പരസ്യമായി വാഗ്വാദത്തിലേര്‍പ്പെട്ടത്. ഒന്നര മിനിറ്റോളം ഈ തര്‍ക്കം നീണ്ടുനിന്നു.
ഓസീസ് മാധ്യമമായ ഫോക്‌സ് ന്യൂസ് ആണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. രവീന്ദ്ര ജഡേജയ്ക്ക് നേരെ കൈചൂണ്ടിയാണ് ഇശാന്ത് ശര്‍മ്മ സംസാരിച്ചത്.
മത്സരത്തിന്റെ നാലാം ദിവസമാണ് സംഭവം. ഓസ്‌ട്രേലിയന്‍ വാലറ്റം അപ്രതീക്ഷിതമായി ഇന്ത്യന്‍ ബൗളര്‍മാരെ പ്രതിരോധിച്ചതോടെയാണ് സമ്മര്‍ദ്ദത്തില്‍ അകപ്പെട്ട താരങ്ങള്‍ വാക്കുകള്‍ കൊണ്ട് ഏറ്റുമുട്ടിയത്.
ഈ സമ്മര്‍ദ്ദം മുതലായത് ഓസ്‌ട്രേലിയക്കാണ്. മത്സരം 146 റണ്‍സിനാണ് ഓസ്‌ട്രേലിയക്ക് വിജയിക്കാനായത്. നിലവില്‍ പരമ്പരയില്‍ ഒരോ വിജയവുമായി ഇന്ത്യയുടെ ഓസ്‌ട്രേലിയയും ബലാബലത്തിലാണ്. ഡിസംബര്‍ 26ന് മെല്‍ബണിലാണ് മൂന്നാം ടെസ്റ്റ്.
All is not well inside the India camp? Ishant Sharma and Ravindra Jadeja squared off yesterday in Perth…#7Cricket #AUSvIND pic.twitter.com/RzE8jvKmXo
— 7 Cricket (@7Cricket) December 18, 2018
ഒടിയനെതിരെ റിലീസ് ദിനം മുതല്‍ വലിയ ഡീഗ്രേഡിംഗാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സിനിമ കണ്ടവര്‍ ആരോഗ്യകരമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോള്‍ മറ്റു ചിലര്‍ സിനിമ പോലും കാണാതെയാണ് ചിത്രത്തിനെതിരെ പോസ്റ്റുകളും വിമര്‍ശനങ്ങളുമായെത്തിയത്. എന്നാല്‍ വിമര്‍ശനങ്ങള്‍ ഒന്നും തന്നെ ചിത്രത്തെ ദോഷകരമായി ബാധിച്ചിട്ടില്ലെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.
ചിത്രത്തിനെതിരെയും സംവിധായകനെതിരെയും ഏറെ വിമര്‍ശനമുയര്‍ന്നെങ്കിലും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയത്തെ ആരും കളിയാക്കുകയും ചോദ്യം ചെയ്യുന്നതായോ കണ്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടിവിയില്‍ എഡിറ്റേഴ്‌സ് അവറില്‍ നികേഷ് കുമാറില്‍ നിന്ന് അഭിനയത്തെ ചോദ്യം ചെയ്ത് ഒരു ചോദ്യം മോഹന്‍ലാലിന് നേരെ ഉയര്‍ന്നു. ആ ചോദ്യവും അതിന് മോഹല്‍ലാല്‍ നല്‍കിയ മറുപടിയുടെയും വീഡിയോ ഫാന്‍സ് പേജിലും മറ്റുമായി വൈറലാവുകയാണ്.
ഒടിയന്‍ സിനിമയില്‍ താങ്കള്‍ സംതൃപ്തനാണോ എന്ന ചോദ്യത്തോടെയാണ് നികേഷ് തുടങ്ങിയത്. തന്നെ സംബന്ധിച്ചിടത്തോളം ആ ക്യാരക്ടര്‍ മനോഹരമായി ചെയ്തു എന്നാണ് കരുതുന്നതെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. ചിത്രത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങലെ കുറിച്ച് ചോദിച്ചപ്പോള്‍ അതിനോട് പ്രതികരിക്കാനില്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍ ഒരു നടന്റെ ധര്‍മ്മമാണ് ആയാള്‍ക്ക് കിട്ടുന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മനോഹരമാക്കുക എന്നത്. അതിന് ശ്രമിച്ചു. അത് ആരാധകര്‍ക്ക് ഇഷ്ടമായി എന്നു പറഞ്ഞു.
ഒടുവിലായി പടം കണ്ടപ്പോള്‍ എടുത്ത പണി പാഴായി പോയി എന്ന് തോന്നിയില്ല എന്നായായി നികേഷ് കുമാര്‍. എന്താ ഇഷ്ട ഇങ്ങിനെ ചോദിക്കുന്നത്, നിങ്ങള്‍ ചിത്രം കണ്ടോ എന്നായി മോഹന്‍ലാല്‍. അപ്രതീക്ഷിത ചോദ്യത്തില്‍ പരുങ്ങിയ നികേഷ് ‘കണ്ടു’ എന്ന് ചമ്മലോടെ മറുപടി പറയുകയാണ് ഉണ്ടായത്. അങ്ങിനെ തോന്നിയെങ്കില്‍ ഞാന്‍ അതിന്റെ കൂടി നില്‍ക്കാം, നന്നായിട്ട് തോന്നിയെങ്കില്‍ അതിന്റെ കൂടെയും എന്ന ഒരു ചിരിയോടെ തന്നെ മോഹന്‍ലാല്‍ പറഞ്ഞു.
നികേഷിന്റെ പരുക്കന്‍ ചോദ്യത്തിനുള്ള മറുപടി മോഹന്‍ലാലിന്റെ മാസ് ചിരിയില്‍ ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വിമര്‍ശകരുടെ വായടപ്പിച്ച് റെക്കോഡ് കളക്ഷനുമായി ചിത്രം മുന്നേറുകയാണ്. മൂന്നു ദിവസം കൊണ്ട് 60 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ആഗോള കളക്ഷന്‍ വിവരം പുറത്തു വിട്ടത്. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബില്‍ ഇടംനേടുന്ന മലയാള ചിത്രമെന്ന റെക്കോഡും ഇതോടെ ഒടിയന്റെ പേരിലായി.
അമേരിക്കയിലെ ന്യൂ ജഴ്‌സിയില്‍ അതിരാവിലെ തിരക്കേറിയ റോഡിലേക്ക് ഇറങ്ങിയ പ്രദേശത്തെ ജനങ്ങളെ അമ്പരപ്പിച്ച് നോട്ടു മഴ. യാത്രക്കാര്‍ ആദ്യമൊന്ന് ഞെട്ടിയെങ്കിലും, റോഡ് നിറയെ പറന്നിറങ്ങിയ ഒറിജിനല്‍ കറന്‍സി കെട്ടുകള്‍ കണ്ട് വെറുതെ നില്‍ക്കാനായില്ല. പെറുക്കിയെടുക്കല്‍ തുടങ്ങി. നാട്ടുകാര്‍ മുഴുവന്‍ റോഡിലേക്ക് ഇറങ്ങിയതോടെ വന്‍ ട്രാഫിക് ബ്ലോക്കുമായി. ഇത് വാഹനപകടങ്ങളിലേക്കും കൊണ്ട്ചെന്ന് എത്തിച്ചു.
ബാങ്കുകളിലേക്ക് പണവുമായി പോയ ട്രക്കില്‍ നിന്നാണ് നോട്ടുകെട്ടുകള്‍ റോഡില്‍ വീണതെന്നാണ് ഈസ്റ്റ് റൂതര്‍ഫോര്‍ഡ് പോലീസ് നല്‍കുന്ന വിശദീകരണം. ഒടുവില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് സ്ഥലത്ത് എത്തേണ്ടിവന്നു. വാഹനങ്ങള്‍ വിട്ടിറങ്ങിയ ആളുകള്‍ പണം വാരിക്കൂട്ടുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്
മുംബൈ: മഹാരാഷ്ട്രയിലെ അന്ധേരിയില്‍ ഇഎസ്‌ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് മാസം പ്രായമുളള കുട്ടിയുള്‍പ്പെടെ 6 പേര്‍ വെന്തു മരിച്ചു . ആശുപത്രിയില്‍ നിന്ന് 100 ഓളം പേരെ ഒഴിപ്പിച്ചു. 47 പേരെ അഗ്നിശമന സേന രക്ഷിച്ചു.
എംപ്ലോയീസ് സ്റ്ററ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി) നിയന്ത്രണത്തില്‍ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗാര്‍ ആശുപത്രിയുടെ നാലാം നിലയിലാണ് വൈകീട്ട് നാല് മണിയോടെ ആദ്യം തീ പടര്‍ന്നത്. പതിനഞ്ചോളം അഗ്‌നിശമന യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കുന്നത്. തീ വ്യാപിച്ചതോടെ വെളളം നിറച്ച ടാങ്കര്‍ ലോറികളും സ്ഥലത്തെത്തിച്ചു.
ഏണികള്‍ ഉപയോഗിച്ചാണ് അഞ്ചാം നിലയിലുളള രോഗികളെ താഴെയെത്തിച്ചത്. തിരക്കേറിയ അന്ധേരിയിലെ സംഭവം വടക്ക് പടിഞ്ഞാറന്‍, കിഴക്കന്‍ മുംബൈയ്ക്ക് മധ്യേയുളള ഗതാഗതത്തെ ബാധിച്ചു.
റിയാസ് ഖാന്‍-ഉമ താരദമ്പതികളുടെ മകന്‍ ഷരീഖ് ഹസന്‍ നായകനാകുന്നു. രത്‌നലിംഗ സംവിധാനം ചെയ്യുന്ന ഉഗ്രം എന്ന സിനിമയിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. അര്‍ച്ചന രവിയാണ് ചിത്രത്തിലെ നായിക.
ഒരു ആക്ഷന്‍ ത്രില്ലര്‍ സ്വഭാവമുളള സിനിമയാകും ഉഗ്രം എന്ന് സംവിധായകന്‍ പറഞ്ഞു. മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം ചെയ്ത് ഒരു യുവാവും യുവതിയും നാട് വിടുന്നു. യാത്രയ്ക്കിടെ യുവതിയെ ഒരു അജ്ഞാതന്‍ തട്ടിക്കൊണ്ടുപോകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഉഗ്രത്തിന്റെ കാതലെന്നും രത്‌ന ലിംഗ പറഞ്ഞു.
ബിഗ് ബോസ് തമിഴ് പതിപ്പിലൂടെയാണ് ഷരീഖ് ഹസന്‍ ശ്രദ്ധേയനാകുന്നത്. മോഡലിംഗിലും സജീവമായിരുന്നു. സിനിമയില്‍ ഒരു നല്ല തുടക്കം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഷരീഖ്.