Latest News

ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധികോലത്തിലേക്ക് വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭ നേതാവ്. അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം.ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്ത് ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിച്ചത്.അതേസമയം ഗാന്ധിജിയുടെ കൊലപാതകി നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ നേതാക്കള്‍ ഹാരാര്‍പ്പണം ചെയ്തു.തുടർന്ന് മധുര വിതരണവും നടത്തി.

ഗോഡ്സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജിയെ താന്‍ കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. രാജ്യത്ത് ഇനി ആരെങ്കിലും ഗാന്ധിജിയെ പോലെ ആവാന്‍ ശ്രമിച്ചാല്‍ അവരെ താന്‍ കൊല്ലുമെന്നും പാണ്ഡെ പറഞ്ഞിരുന്നു.

ദേശീയപാതയിൽ പട്ടണക്കാട് ബിഷപ് മൂർ സ്കൂളിനു സമീപം ബൈക്ക് യാത്രികരായിരുന്ന സഹോദരങ്ങളുടെ മരണത്തിന് ഇടയാക്കിയ ലോറി തിരുച്ചിറപ്പള്ളിയിൽ നിന്നു പിടികൂടി. ലോറി ഡ്രൈവർ കോയമ്പത്തൂർ സ്വദേശി പൊന്നി നഗർ രമേശൻ(45) അറസ്റ്റിൽ. കഴിഞ്ഞ 10ന് പുലർച്ചെയുണ്ടായ അപകടത്തിൽ ചേർത്തല തൈക്കൽ വെളിംപറമ്പിൽ ദാസന്റെ മക്കളായ അജേഷ് (37), അനീഷ് (35) എന്നിവരാണ് മരിച്ചത്. തിരുച്ചിറപ്പള്ളിയിൽ നിന്നും ചേർത്തലയിലെ വളവനാട്ടേക്കു സിമന്റുമായി വന്നതായിരുന്നു ലോറി. ബൈക്കിൽ ഇടിച്ച ശേഷം അൽപദൂരം മാറ്റി ലോറി നിർത്തിയെന്നും ആളെ കാണാത്തതിനാൽ ബൈക്ക് റോഡരികിലേക്ക് മാറ്റിവച്ചിട്ടു പോയെന്നും ലോറി ഡ്രൈവർ മൊഴി നൽകി.

അപകടത്തിനു ശേഷം ദേശീയപാതയിലൂടെ മുന്നോട്ട് പോകാതെ ഇടത്തേയ്ക്കു തിരിച്ച് ഒരു കിലോമീറ്റർ അകലെ ശക്തീശ്വരം കവലയിൽ നിർത്തിയിട്ട ശേഷം വീണ്ടും ദേശീയപാതയിലെത്തി വളവനാട്ടേയ്ക്കു പോയി. ലോഡ് ഇറക്കിയ ശേഷം വൈകിട്ട് ദേശീയപാതയിലൂടെ മടങ്ങി. പെയിന്റ് ചെയ്യാൻ നൽകിയിടത്തു നിന്നാണ് ലോറി കസ്റ്റഡിയിൽ എടുത്തത്.

വിവിധയിടങ്ങളിലെ സിസി ടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. അപകടസ്ഥലത്തു നിന്നും വാഹനത്തിൽ നിന്ന് അടർന്നുവീണ നിലയിൽ പെയിന്റ് ഭാഗം ലഭിച്ചിരുന്നു. അപകടം നടന്നതിനു മുൻപുള്ള സിസി ടിവി ക്യാമറ ദൃശ്യങ്ങളിൽ ലോറിയും ബൈക്കും ഒരുമിച്ചു സഞ്ചരിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. ശക്തീശ്വരം കവലയ്ക്കു സമീപത്തെ ക്യാമറ പരിശോധിച്ചപ്പോഴും ലോറിയുടെ സാന്നിധ്യം കണ്ടെത്തി.

തുടർന്ന് അമ്പലപ്പുഴ വരെയുള്ള ക്യാമറ പരിശോധിച്ചപ്പോൾ ലോറി ആ ഭാഗം കടന്നിട്ടില്ലെന്നു കണ്ടെത്തി. പിന്നീട് കുമ്പളം ടോൾ പ്ലാസയിലെ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇടതുവശത്ത് പെയിന്റ് നഷ്ടപ്പെട്ട ലോറി കണ്ടെത്തി. റജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് ഉടമയെ കണ്ടെത്തി പട്ടണക്കാട് എസ്ഐ എസ്. അസീമിന്റെ നേതൃത്വത്തിൽ പൊലീസ് തിരുച്ചിറപ്പള്ളിക്കു പുറപ്പെട്ടു.

വ്യാഴം രാവിലെ അവിടെയെത്തിയ പൊലീസ് ഉടമയെ വിവരം ധരിച്ചിപ്പിച്ച ശേഷം ലോറി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.തുടർന്നു ഡ്രൈവറെയും അറസ്റ്റ് ചെയ്തു. അപകടമുണ്ടായ കാര്യം രമേശ് ഉടമകളെ അറിയിച്ചിരുന്നില്ല. ലോറിയിൽ പെയിന്റ് പോയ ഭാഗം ഉൾപ്പെടെ പുതിയ പെയിന്റ് അടിച്ച് ശരിയാക്കുകയും ചെയ്തിരുന്നു.

 സഹോദരങ്ങളുടെ മരണത്തിന് ഇടയാക്കിയ ലോറി കണ്ടെത്തിയത് പൊലീസിന്റെ ചിട്ടയായ അന്വേഷണത്തിലൂടെ

സിസി ടിവി ദൃശ്യങ്ങളും സംഭവസ്ഥലത്തു നിന്നു ലഭിച്ച പെയിന്റും ആണ് കേസിൽ നിർണായകമായത്. പൊലീസ് വിവിധ സംഘങ്ങളായി നടത്തിയ പരിശോധനകൾക്കൊടുവിലാണ് ഇടിച്ച ലോറി തിരുച്ചിറപ്പള്ളിയിലേതാണ് എന്നു കണ്ടെത്തിയത്.

അപകടം നടന്ന ദിവസം തന്നെ വീടുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിലെ സിസി ടിവി ദൃശ്യങ്ങൾ നഷ്ടപ്പെടാതെ പൊലീസ് ശേഖരിച്ചതും അന്വേഷണത്തിൽ നിർണായകമായി. നൂറിലധികം ലോറികൾ സ്വന്തമായുള്ള ഏജൻസിയിലെ ഡ്രൈവറെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് സംഘം എത്തിയത് സുരക്ഷയ്ക്കു തോക്ക് ഉൾപ്പെടെ കരുതിയാണ്. ഒരേ പേരിൽ രണ്ട് ഏജൻസികൾ ഉണ്ടായിരുന്നു. അദ്യത്തെ ഏജൻസിയിൽ അന്വേഷിച്ചപ്പോൾ ലോറി അവരുടേത് അല്ലെന്നു കണ്ടെത്തി. അടുത്ത ഏജൻസിയിൽ എത്തി ഉടമയോട് കാര്യം അവതരിപ്പിച്ചു.

ഉടമ ഡ്രൈവറെ വിളിച്ചു ചോദ്യം ചെയ്തപ്പോഴാണ് കരഞ്ഞുകൊണ്ട് അയാൾ അപകടവിവരം സമ്മതിച്ചത്. എസ്ഐ എസ്. അസീമിനൊപ്പം കെ.ജെ. സേവ്യർ, കെ.പി. ഗിരീഷ്, എസ്. ബിനോജ്, ബി. അനൂപ് എന്നിവരാണ് തിരുച്ചിറപ്പള്ളിയിൽ പോയത്.

അപകടദിവസം പകൽ പൊലീസ് സ്ഥലത്തു നടത്തിയ പരിശോധനയിലാണ് ഇടിച്ച വാഹനത്തിൽ നിന്ന് ഇളകിവീണ പെയിന്റ് ശ്രദ്ധയിൽപ്പെടുന്നത്. തുടർന്നു മോട്ടോർവാഹന വകുപ്പ്, സൈന്റിഫിക് വിദഗ്ദർ, വർക് ഷോപ്പുകൾ, ലോറി ഉടമകൾ, ലോറി കേന്ദ്രങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെ നൂറുകണക്കിനു വാഹനങ്ങൾ സംബന്ധിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് തമിഴ് ലോറിയുടെതാണെന്നു മനസിലായത്.

പിന്നീട് സിസി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ലോറി തിരിച്ചറിഞ്ഞു. പൊലീസിലെ തന്നെ സാങ്കേതിക വിദഗ്ധർ അപകടം നടന്ന ദിവസം തന്നെ വിവിധ ഇടങ്ങളിലെ സിസി ടിവി ദൃശ്യം നഷ്ടമാകാതെ ശേഖരിച്ചതും കേസിനെ തുണച്ചു.തിരുച്ചിറപ്പള്ളിയിൽ എത്തിച്ച ലോറി പെയിന്റ് ചെയ്യാനായി നൽകിയിരിക്കുകയായിരുന്നു ഡ്രൈവർ രമേശ്. ഇവിടെ നിന്നാണ് ലോറി കസ്റ്റഡിയിൽ എടുത്തതും.

ദേശീയപാതയിൽ പട്ടണക്കാട് സഹോദരങ്ങൾ ബൈക്ക് അപകടത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് പൊലീസിന്റെ ബൈക്ക് പൊലീസ് ഓടിച്ചു സമയം പരിശോധിച്ചു.റോഡിൽ എല്ലായിടത്തും ക്യാമറകൾ ഇല്ലാത്തതിനാൽ വാഹനങ്ങൾ കടന്നു പോകുന്ന സമയവും അപകടം നടന്ന സമയവും കൃത്യമായി ലഭിക്കാത്തതിനാലാണ് ‘ട്രയൽ റൺ’ നടത്തിയത്. അരൂർ ടോളിൽ ക്യാമറയുണ്ട്. അവിടം മുതൽ അപകടസ്ഥലം വരെയാണ് പൊലീസുകാർ ബൈക്ക് ഓടിച്ചത്. അജേഷിന്റെയും അനീഷിന്റെയും ബൈക്ക് യാത്രക്കിടെ അപകട സ്ഥലത്തിനു സമീപം ഒരാൾക്ക് ഫോൺ വന്നു സംസാരിച്ചതായും കണ്ടെത്തി.

കെ.എസ്.ആര്‍.ടി.സി എം.ഡി സ്ഥാനത്ത് നിന്ന് ടോമിന്‍ തച്ചങ്കരിയെ മാറ്റി. യൂണിനുകളുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനമെന്നാണ് സൂചന. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍പോലുമറിയാതെയാണ് അജന്‍ഡക്ക് പുറത്തുള്ള വിഷയമായി ഇക്കാര്യം മന്ത്രിസഭ പരിഗണിച്ചത്. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തസ്തികകളിലും വ്യാപകമാറ്റം കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അതേസമയം, തച്ചങ്കരിയുടെ മാറ്റത്തിൽ അസ്വഭാവികതയില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായുളള മാറ്റത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

എംപാനൽ ജീവനക്കാരുടെ പിരിച്ചുവിടല്‍, സാമ്പത്തിക പ്രതിസന്ധി എന്നിവയിൽ വലയുന്നതിനിടെയാണ് എം.ഡി സ്ഥാനത്തുനിന്ന് ടോമിന്‍തച്ചങ്കരിയെ മാറ്റുന്നത്. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍പോലുമറിയാതെയാണ് വിഷയം അജന്‍ഡക്ക് പുറത്തുള്ള ഇനമായി മന്ത്രിസഭ പരിഗണിച്ചതും തീരുമാനമെടുത്തതും. തൊഴിലാളി വിരുദ്ധനിലപാടുകളാണ് തച്ചങ്കരി പിന്തുടരുന്നതെന്ന പരാതി ഇടത്, വലത് യൂണിയനുകള്‍ ഒരുപോലെ ഉന്നയിച്ചിരുന്നു.

ഡബിള്‍ഡ്യൂട്ടി സിംഗിൾ ഡ്യൂട്ടി ആക്കിമാറ്റിയത് ജീവനക്കാര്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കിയിരുന്നു. സ്ഥാനക്കയറ്റം , ശമ്പള വര്‍ധന എന്നിവ സംബന്ധിച്ചും എം.ഡിയുടെ നിലപാടുകളോട് യൂണിനുകൾ യോജിച്ചിരുന്നില്ല. സിപിഎമ്മിന്റെയും ഇടത് തൊഴിലാളി സംഘടനയായ കെ.എസ്.ആര്‍.ടി. സി എംപ്്ളോയിസ് അസോസിയേഷന്റെയും കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ടോമിൻ തച്ചങ്കരിയെമാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചത്.

ഇത്രയും നാൾ പല പ്രതിസന്ധിഘട്ടങ്ങളിലും മുഖ്യമന്ത്രിയുടെ പിന്തുണ തച്ചങ്കരിക്കുണ്ടായിരുന്നു. എം.ഡി. സ്ഥാനത്തേക്ക് കൊച്ചി സിറ്റി പൊലീസി കമ്മിഷണര്‍ എം.പി ദിനേശിനെ നിയമിച്ചു. തച്ചങ്കരി ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ ഡിജിപിയായി തുടരും. പി.എച്ച്.കുര്യന്‍വിരമിക്കുന്ന ഒഴിവിലേക്ക് ഡോ.വി.വേണുവിനെ റവന്യൂ വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. ബി.എസ്. തിരുമേനിയാണ് പുതിയ ഡിപിഐ. ഉഷാ ടൈറ്റസിന് ഊര്‍ജം പരിസ്ഥിതി വകുപ്പുകളുടെയും എ.ജയതിലകിന് വനം, വന്യജീവി വകുപ്പിന്റെയും ബിശ്വനാഥ് സിന്‍ഹക്ക് പൊതുഭരണത്തിന്റെയും അധികചുമതല നല്‍കി. വി.ആര്‍.പ്രോംകുമാറാണ് പുതിയ ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍.

സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയായ മലയാളി യുവതി കുടുംബത്തെ പോറ്റാന്‍ തെരഞ്ഞെടുത്തത് ഗള്‍ഫിലെ വീട്ടുജോലി. അനധികൃതമായി സൗദിയിലെത്തി ഒടുവില്‍ ഗാര്‍ഹികപീഡനത്തെ തുടര്‍ന്ന് അഭയകേന്ദ്രത്തില്‍ കഴിയുകയാണ് 26 കാരി. ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഇടുക്കി വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശി സൗമ്യ ദമ്മാമിലെ വനിത അഭയ കേന്ദ്രത്തിലാണിപ്പോഴുള്ളത്. നാട്ടിലുള്ള അമ്മയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് എംബസിയുടെ നിര്‍ദേശപ്രകാരം സാമൂഹ്യപ്രവര്‍ത്തകര്‍ സൗമ്യയെ തെരഞ്ഞ് കണ്ടുപിടിക്കുകയായിരുന്നു.

സാമൂഹിക പ്രവര്‍ത്തക മഞ്ജു മണിക്കുട്ടനാണ് സൗമ്യ ദമ്മാമിലെ അഭയ കേന്ദ്രത്തില്‍ ഉള്ള വിവരം മാധ്യമങ്ങളെ അറിയിച്ചത്. സിവില്‍ എന്‍ജിനീയറിംഗ് ബിരുദ ധാരിയായ സൗമ്യ ഒന്നര വര്‍ഷം മുമ്പാണ് വീട്ടുവേലക്കായി എത്തുന്നത്. 35 വയസ്സിന് താഴെയുള്ളവര്‍ക്ക് സൗദിയില്‍ വീട്ടുവേലക്കായി എത്താന്‍ നിയമ തടസ്സമുണ്ടായിട്ടും മനുഷ്യക്കടത്ത് സംഘമാണ് സൗദിയിലെത്തിച്ചത്. അച്ഛന്‍ ഉപേക്ഷിച്ചുപോയ സൗമ്യ അമ്മയോടും രണ്ട് അനുജന്മാരോടും ഒപ്പമാണ് താമസം. സഹോദരങ്ങളെ പഠിപ്പിച്ച് നല്ല നിലയില്‍ എത്തിക്കുകയും ജീവിതത്തില്‍ സ്വയം പര്യാപ്തത കൈവരിക്കണമെന്നുമുള്ള ആഗ്രഹത്തിന്റ പുറത്താണ് സൗമ്യ വീട്ടുവേല തരഞ്ഞെടുത്തത്.

1500 റിയാല്‍ ശമ്പളം കിട്ടുമെന്നറിഞ്ഞപ്പോള്‍ നാട്ടില്‍ തുച്ചവരുമാനം ലഭിച്ച കണ്‍സ്ട്രക്ഷന്‍ കമ്പനി ജോലി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് സൗമ്യ പറയുന്നത്. സൗദിയില്‍ വേരുകളുള്ള റിക്രൂട്ട്മെന്റ് കമ്പനി വഴിയാണ് ഇതിനുള്ള വഴികള്‍ തുറന്നത്. ഓഫീസ് ജോലിക്കാണ് താന്‍ ഗള്‍ഫില്‍ പോകുന്നതെന്നാണ് സൗമ്യ അമ്മയെ വിശ്വസിപ്പിച്ചിരുന്നത്. നാട്ടില്‍ വീട്ടുവേല ചെയ്താണ് അമ്മ മക്കളെ പോറ്റിയത്. കഷ്ടപ്പാടുകള്‍ കണ്ടുവളര്‍ന്ന സൗമ്യക്ക് അമ്മക്ക് താങ്ങാവണമെന്ന ആഗ്രഹം ഉണ്ടായി. റിയാദിലെ വീട്ടില്‍ ഒരു വര്‍ഷത്തോളം ജോലി ചെയ്ത സൗമ്യ അവിടുത്തെ പീഡനങ്ങള്‍ സഹിക്ക വയ്യാതെ ഏജന്‍സി സഹായത്തോടെ ദമ്മാമിലെ ഒരു വീട്ടിലെത്തി. സ്പോണ്‍സര്‍ നല്ല മനുഷ്യനാണന്നും ശമ്പളം കൃത്യമായി തരുമായിരുന്നുവെന്നും സൗമ്യ പറയുന്നു. എന്നാല്‍ വീട്ടിലെ സ്ത്രീകളില്‍ നിന്നാണ് തനിക്കു പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നതെന്ന് ഇവര്‍ ആരോപിക്കുന്നു.

അവസാനം അമ്മയോടും തന്റെ ജോലി വിവരങ്ങളും പീഡന വിവരങ്ങളും സൗമ്യ പങ്കുവെച്ചിരുന്നു. സ്പോണ്‍സറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഒരാളെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നാണ് അറിയിച്ചതെന്ന് ഈ വിഷയത്തില്‍ ഇടപെട്ട മഞ്ജു മണിക്കുട്ടനും ഷാജി വയനാടും മാധ്യമങ്ങളോട് പറഞ്ഞു. എങ്കിലും സൗമ്യയുടെ അവസ്ഥകള്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ വലിയ തടസ്സമില്ലാതെ എക്സിറ്റ് ലഭിച്ചേക്കും എന്ന പ്രതീക്ഷയിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍. അഭയ കേന്ദ്രത്തിലാണങ്കിലും സൗമ്യയെ കണ്ടെത്തിയ വാര്‍ത്ത നാട്ടിലുള്ള കുടുംബങ്ങള്‍ക്കും ആശ്വാസം പകർന്നിട്ടുണ്ട്.

കാനഡയെ നടുക്കിയ കൊലപാതകങ്ങളുടെ സത്യം കണ്ടെത്തിയതോടെ വലിയ ഞെട്ടലാണ് രാജ്യം. ബ്രൂസ് മക് ആർതർ എന്ന 67കാരന്റെ വെളിപ്പെടുത്തലാണ് ക്രൂരകൊലപാതകങ്ങളുടെ ചുരുളഴിക്കുന്നത്. 2010 മുതൽ 2017 വരെ കാണാതായ സ്വവർഗപ്രണയികൾ ഉൾപ്പെടെ എട്ടുപേരെ കൊന്നതും അംഗച്ഛേദം വരുത്തി ഒളിപ്പിച്ചതും താനാണ് എന്നായിരുന്നു ആർതറിന്റെ വെളിപ്പെടുത്തൽ.

ബ്രൂസ് മക് ആർതർ എന്ന സീരിയൽ കില്ലറിലേക്കു പൊലീസ് എത്തിയത് ഇയാളുടെ സ്നേഹിതനും അവസാന ഇരയുമായ ആൻഡ്രൂ കിൻസ്മാനിൽനിന്നാണ്. 2017 ജൂൺ 26ന് ആൻഡ്രൂവിനെ കാണാതായി. പരാതി അന്വേഷിക്കുന്നതിനിടെ വീട്ടിൽ പരിശോധന നടന്നു. ആ ദിവസത്തെ കലണ്ടറിൽ ‘ബ്രൂസ്’ എന്നു കുറിച്ചിട്ടതു പൊലീസ് ശ്രദ്ധിച്ചു. ഈ തുമ്പു പിടിച്ചാണ് അന്വേഷണം ബ്രൂസ് മക് ആർതറിലെത്തിയത്.
മികച്ച ലാൻഡ്സ്കേപ്പർ ആയി അറിയപ്പെട്ടിരുന്ന ബ്രൂസ് 40 വയസ്സുവരെ തന്റെ ലൈംഗികാഭിമുഖ്യത്തെപ്പറ്റി ആരോടും പറഞ്ഞിരുന്നില്ല. 1997ൽ പെട്ടെന്നൊരു ദിവസം ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒഷാവയിയിൽനിന്നു ടൊറന്റോയിലേക്കു താമസം മാറുകയായിരുന്നു. പിന്നീടു ടൊറന്റോയിലെ സ്വവർഗാനുരാഗ സമൂഹത്തിൽ പേരെടുത്തു. 2001ലാണ് ബ്രൂസ് ആദ്യമായി നിയമത്തിനു മുന്നിലെത്തിയത്. ഒരു ആൺവേശ്യയെ ഇരുമ്പുപൈപ്പു കൊണ്ട് അടിച്ചെന്നായിരുന്നു കേസ്. മാപ്പപേക്ഷിച്ചതോടെ ജയിലിൽ കിടക്കാതെ ബ്രൂസ് പുറത്തിറങ്ങി. ഇതിനുശേഷം ഏട്ടോളം പേരെ കൊന്നതായിട്ടാണ് ഇയാളുടെ വെളിപ്പെടുത്തൽ.

കൊലപാതകങ്ങളെല്ലാം ലൈംഗിക പീഡനങ്ങളെ തുടർന്നാണെന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചു. തനിക്കിഷ്ടപ്പെട്ടവരെ വശീകരിച്ചു ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം ബ്രൂസ് കൊലപ്പെടുത്തിയതാകാമെന്നാണു നിഗമനം. കൊല നടത്താനുപയോഗിച്ച വലിയ സെല്ലോടേപ്പ്, സർജിക്കൽ കയ്യുറ, കയർ, സിപ്പുകൾ, ബംഗി വയർ, സിറിഞ്ചുകൾ‌ തുടങ്ങിയവ സൂക്ഷിച്ച ബാഗ് കോടതിയിൽ ഹാജരാക്കി. കഷ്ണങ്ങളായി ഒളിപ്പിച്ചിരുന്ന എട്ടുപേരുടെയും മൃതദേഹങ്ങൾ പൊലീസ് പിന്നീട് കണ്ടെടുത്തു. ‘നഗരത്തിൽ ഇരകളെ വേട്ടയാടിയ രാക്ഷസരൂപി’ എന്നാണു ടൊറന്റോ മേയർ ജോൺ ടോറി ബ്രൂസിനെപ്പറ്റി പറഞ്ഞത്.

 

മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് ആരാധകർക്ക് ഇടയിൽ നിന്നും വിജയ് സേതുപതിയോട് പറഞ്ഞ അമ്മയ്ക്ക് താരം കയ്യിലുണ്ടായിരുന്ന പണം മുഴുവൻ നൽകിയത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയായിരുന്നു. ആലപ്പുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന ‘മാമനിതന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചായിരുന്നു ഈ സംഭവം. ഇതിനു തൊട്ടുപിന്നാലെയാണ് വിജയ് സേതുപതിയെയും ആരാധകരെയും നിരാശരാക്കി സഹായം ലഭിച്ച അച്ചാമ്മ മരണപ്പെട്ടന്ന വാർത്ത പുറത്ത് വന്നത്.

ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണ അച്ചാമ്മയെ ഉടൻ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് അവര്‍ മരണപ്പെട്ടത്. കുട്ടനാട്ടില്‍ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും ഇവർ സ്ഥിരം സാന്നിധ്യമാണ്. ജയറാം നായകനായി എത്തിയ ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’ എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തിലും അച്ചാമ്മ അഭിനയിച്ചിട്ടുണ്ട്. കണ്ണെഴുതിപൊട്ടും തൊട്ടു സിനിമയുടെ ഷൂട്ടിങ് ദിവസങ്ങളിൽ കാവാലം പ്രദേശത്തു എല്ലാ സഹായം നൽകി അച്ചാമ്മയെ നന്ദിയോടെ അവർ സിനിമയിൽ രേഖപ്പെടുത്തിയിരുന്നു .അവിവാഹിതയാണ്.

ആരാധകരെ കാണാൻ എത്തിയപ്പോഴാണ് ഇൗ അമ്മ വിജയ് സേതുപതിയോട് മരുന്ന് വാങ്ങാൻ പണമില്ല മോനെ എന്ന് പറഞ്ഞത്. ഇതു േകട്ട താരം തന്റെ സഹായികളുടെ കയ്യിലുള്ള പണം തരാൻ ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രഹാമിന്റെ പഴ്‌സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ പണം പൂർണമായും അമ്മയ്ക്ക് മരുന്നുവാങ്ങാൻ നൽകുകയായിരുന്നു. മക്കള്‍സെല്‍വന്റെ ഈ നല്ല പ്രവൃത്തിക്ക് വലിയ കൈയ്യടി ലഭിക്കുകയും വീഡിയോ വൈറലാകുകയും ചെയ്തു. അതേ സമയം മക്കള്‍ സെല്‍‌വന്റെ പ്രവൃത്തികള്‍ക്കെല്ലാം പിന്നില്‍ ഒരു പി ആര്‍ വര്‍ക്ക് ഉണ്ടെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.

കഴിഞ്ഞ ദിവസമാണ് മാമനിതന്‍റെ ഷൂട്ടിങ് സെറ്റിൽ വൃദ്ധയെത്തിയത്. സിനിമയുടെ ചിത്രീകരണത്തിന്‍റെ ഇടവേളയിൽ ആരാധകരോടൊപ്പം ഫോട്ടൊയെടുക്കുന്നതിനിടെ ഒരു വൃദ്ധയെ ജനക്കൂട്ടത്തിനിടെ വെച്ച് താരം ശ്രദ്ധിച്ചു. തന്നോട് വൃദ്ധ എന്തോ പറയാൻ ശ്രമിക്കുന്നത് പോലെ തോന്നിയ താരം അങ്ങോട്ട് ചെല്ലുകയും എന്താണെന്നും തിരിക്കുകയും ചെയ്തു. മരുന്നു വാങ്ങാൻ പൈസയില്ല മോനേ എന്ന് വൃദ്ധ പറഞ്ഞതോടെ തന്‍റെ കൂടെയുണ്ടായിരുന്ന സഹായികളോട് പണം നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കോസ്റ്റ്യൂമർ ഇബ്രാഹിമിന്‍റെ പേഴ്സ് തുറന്ന് തുക എത്രയാണെന്നു എണ്ണി നോക്കാതെ വൃദ്ധയ്ക്ക് നൽകുകയായിരുന്നു.

ഓവര്‍ എളിമയാണ് താരത്തിനെന്നും അത് മുതലാക്കി തന്നെയാണ് ഇപ്പോള്‍ ഓരോ ലൊക്കേഷനില്‍ അദ്ദേഹം പെരുമാറുന്നതെന്നും ആരോപണമുയരുന്നുണ്ട്. എന്നാല്‍, ഷൂട്ടിംഗ് കാണാനെത്തുന്ന, സിനിമയില്‍ അഭിനയിക്കണമെന്ന ആഗ്രഹവും മനസ്സില്‍ വെച്ച്‌ അതിനായി ഒരുപാട് പരിശ്രമിച്ചയാളാണ് സേതുപതി. അതിനാല്‍ അങ്ങനെയുള്ളവരെ അദ്ദേഹം ഒരിക്കലും നിരാശപ്പെടുത്താറില്ല എന്നതാണ് വാസ്തതം. താന്‍ വന്ന വഴി മറക്കുന്നവനല്ല അദ്ദേഹമെന്ന് ഓരോ തവണയും തെളിയിക്കുകയാണ്.

ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന നടന്‍ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍. വ്യാഴാഴ്ച വെന്റിലേറ്ററില്‍നിന്നു മാറ്റാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. എറണാകുളം മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കി. ശ്വാസകോശത്തില്‍ ഫ്‌ലൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത്.

രാവിലെ ഡബ്ബിങ്ങിനായി ലാല്‍ മീഡിയയില്‍ എത്തിയപ്പോള്‍ തളര്‍ച്ച അനുഭവപ്പെടുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ ചികിത്സാരേഖകള്‍ ആസ്റ്റര്‍ മെഡിസിറ്റിയിലായതിനാല്‍ അവിടേയ്ക്ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. മകന്‍ ധ്യാന്‍, നടന്‍മാരായ നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയവര്‍ ആശുപത്രിയിലുണ്ട്. വിനീത് ശ്രീനിവാസന്‍ ചെന്നൈയില്‍ നിന്നു നാട്ടിലേയ്ക്ക് പുറപ്പെട്ടു.

വനത്തിനുളളിൽ 23 ദിവസം പ്ലസ്ടു വിദ്യാർഥിനിക്കൊപ്പം ഒളിവിൽ കഴിഞ്ഞ മേലുകാവ് സ്വദേശി വല്യാട്ടിൽ അപ്പു ജോർജ് (21) സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ്. സ്ത്രീകളെ വലയിൽ വീഴ്ത്തി ഇവരോടൊപ്പം താമസിച്ച ശേഷം കടന്നു കളയുകയാണ് അപ്പുവിന്റെ പതിവെന്നും ഇടുക്കിയിലും കോട്ടയത്തുമായി ഒട്ടേറെ പെൺകുട്ടികളെ ഇയാൾ കെണിയിൽ വീഴ്ത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.2 വർഷം മുൻപ് ചിങ്ങവനത്തുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു.

മൂലമറ്റത്തു നിന്നു ബൈക്ക് മോഷണം നടത്തിയ സംഭവത്തിലും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ഒളിച്ചു താമസിക്കുന്നതിനിടെ ജനവാസ മേഖലയിൽ നിന്നു കാർഷികവിഭവങ്ങൾ മോഷ്ടിച്ച് വിൽപന നടത്തിയിരുന്നതായും പൊലീസിനു വിവരം ലഭിച്ചു. വനത്തിനുള്ളിൽ 23 ദിവസം ഒളിവിൽ കഴിഞ്ഞ യുവാവിനെയും പ്ലസ്ടു വിദ്യാർഥിനിയെയും പൊലീസ് പിടികൂടിയിരുന്നു.അപ്പുവിനെ (21) അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷം ഹൈക്കോടതിയിൽ ഹാജരാക്കി. ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറാകാത്തതിനെ തുടർന്നു ഇന്നു പീരുമേട് കോടതിയിൽ ഹാജരാക്കും. അപ്പുവിനെ ഇന്നു തൊടുപുഴ കോടതിയിൽ ഹാജരാക്കും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടു വന്നു ഇലവീഴാപൂഞ്ചിറയുടെ സമീപമുള്ള വനമേഖലയിൽ കഴിയുകയായിരുന്നു അപ്പുവെന്നു പൊലീസ് പറഞ്ഞു. കുമളിയിലെത്തിയ അപ്പു പെൺകുട്ടിയുമായി അടുപ്പത്തിലായെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ആറിന് സൺഡേ സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടി തിരച്ചെത്തിയില്ല.
വീട്ടുകാർ കുമളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പെൺകുട്ടിയെ കണ്ടെത്താൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വീട്ടുകാർ ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചു.

നാട്ടുകാരുടെ സഹായത്തോടെ വനത്തിൽ ഇവർക്കായി തിരച്ചിൽ നടത്തി വരികയായിരുന്നു. അപ്പുവിന്റെ ബൈക്ക് കഴിഞ്ഞ ദിവസം കോളപ്ര അടൂർ മലയിൽ നിന്നു പൊലീസ് കണ്ടെത്തി. എന്നാൽ ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വനത്തിനുള്ളിൽ ആഹാരം പാചകം ചെയ്യാൻ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെൺകുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തി. മാങ്ങയും നാളികേരവും കഴിച്ച് വിശപ്പടക്കി പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്.
ഇന്നലെ പുലർച്ചെ , ഇരുവരും ചാക്ക് കെട്ടുകളുമായി അടൂർ മലയിൽ നിന്നു കോളപ്ര ഭാഗത്തേക്ക് വരുന്ന വഴി പൊലീസിന്റെ മുന്നിൽപ്പെട്ടു.

അടൂർമല സിഎസ്‌ഐ പള്ളിയുടെ പാരിഷ് ഹാളിൽ രഹസ്യമായി താമസിക്കുകയായിരുന്ന പൊലീസ് സംഘം ഇവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇവർ രണ്ടു വഴിക്ക് ഓടി. പിന്നാലെ പൊലീസും നാട്ടുകാരും . പെൺകുട്ടി ശരംകുത്തിയിലെ ഒരു വീട്ടിൽ അഭയം പ്രാപിച്ചു. വീട്ടുകാർ വെള്ളവും ആഹാരവും നൽകി. നാട്ടുകാർ പെൺകുട്ടിയെ തടഞ്ഞു വച്ചു പൊലീസിൽ അറിയിച്ചു. കുടയത്തൂർ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാ‍രും പൊലീസും പിന്തുടർന്ന് പിടികൂടി.

സുല്‍ത്താന്‍ ബത്തേരി: പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവിനെതിരെ പോക്‌സോ ചുമത്തി. ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ.എം. ജോര്‍ജിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജോര്‍ജിന്റെ വീട്ടില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോകാറുണ്ടായിരുന്നു. ഇവരോടപ്പെ പെണ്‍കുട്ടിയും ഇയാളുടെ വീട്ടിലെത്താറുണ്ട്.

മാതാപിതാക്കള്‍ ഒപ്പമില്ലാതിരുന്ന സമയങ്ങളില്‍ തന്നെ ജോര്‍ജ് ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഒരാഴ്ച മുമ്പ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ബത്തേരി പൊലീസിനെ വിവരം അറിയിച്ചത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് പ്രവര്‍ത്തകര്‍ക്കൊപ്പമാണ്.

ഏതാണ്ട് ഒന്നര വര്‍ഷമായി ജോര്‍ജ് പീഡനം തുടരുന്നുവെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസെടുത്തതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവില്‍ പോയിരിക്കുകയാണ്. ഇതിനിടെ കേസ് ഒതുക്കി തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നു. നിലവില്‍ വയനാട് ഡി.സി.സി അംഗമാണ് ഒ.എം. ജോര്‍ജ്.

മാര്‍പാപ്പയുടെ വിമാനത്തില്‍ നിന്ന് കത്തോലിക്ക സഭയില്‍ വൈദികര്‍ക്കു നിര്‍ബന്ധമായ ബ്രഹ്മചര്യം ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍, അജപാലനപരമായ ആവശ്യം പരിഗണിച്ച് ചിലയിടങ്ങളില്‍ വിവാഹിതരായ പ്രായമായ പുരുഷന്മാരെ വൈദികരാക്കുന്നതു പരിഗണിക്കാമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.
വൈദികരുടെ ബ്രഹ്മചര്യം ദൈവത്തിന്റെ മഹത്തായ സമ്മാനമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വൈദികരുടെ കുറവ് അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ വിവാഹിതരെങ്കിലും യോഗ്യരായവരെ വൈദികരാക്കുന്നതു സംബന്ധിച്ച് കൂടുതല്‍ പ്രാര്‍ഥനയും ആലോചനയും ആവശ്യമാണെന്നും പാനമയില്‍ നിന്നുള്ള മടക്കയാത്രയ്ക്കിടെ മാര്‍പാപ്പ പറഞ്ഞു. കത്തോലിക്ക വൈദികരുടെ ബ്രഹ്മചര്യം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.
വൈദികരുടെ കുറവ് പലയിടത്തും സഭയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇവാന്‍ജലിക്കല്‍, പെന്തക്കോസ്ത് സഭകളിലും കത്തോലിക്ക സഭയിലെ പൗരസ്ത്യ റീത്തുകളിലെ ചിലതിലും വിവാഹിതരാകുന്നത് വൈദികരാകുന്നതിനു തടസ്സമല്ല. ഇതു കത്തോലിക്ക സഭ മുഴുവന്‍ നടപ്പാക്കുമോ എന്ന ചോദ്യത്തിനു മറുപടിയായാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്.

RECENT POSTS
Copyright © . All rights reserved