ന്യൂസ് ഡെസ്ക്
കുറവിലങ്ങാട് ദേവമാതാ കോളജ് അദ്ധ്യാപകൻ കോളജിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു. ഇന്ന് രാവിലെ ആണ് അപകടമുണ്ടായത്. കോളജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസറായ ജോർജ് തോമസ് (45) ആണ് മരണമടഞ്ഞത്. ഇന്നു രാവിലെ എട്ടരയ്ക്ക് കോളജിലെത്തിയ അദ്ധ്യാപകൻ സ്റ്റാഫ് റൂമിന്റെ ജനാല തുറന്നപ്പോൾ താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപകനെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മുട്ടുചിറ കുഴിവേലിൽ ജോർജിന്റെ മകനാണ് ജോർജ് തോമസ്. ഭാര്യ അന്ന. മക്കൾ ജോർജ്, റോസ്മേരി, ആൻറണി.
സന്നിധാനം: യുവതീ പ്രവേശന വിധിയുടെ പശ്ചാത്തലത്തിലുണ്ടായ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. ഒമ്പതു ദിവസം നീണ്ട നിരോധനാജ്ഞക്കാണ് ഇന്ന് അവസാനമാവുക. അതേസമയം നിരോധനാജ്ഞ പിന്‍വലിക്കുന്നത് സുരക്ഷാ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.
സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ നിരവധി അക്രമങ്ങളാണ് മണ്ഡലകാലത്തിന് മുന്‍പ് രണ്ട് തവണ നട തുറന്നപ്പോഴും ഉണ്ടായത്. മണ്ഡലകാലത്തിന്റെ ആരംഭത്തില്‍ തന്നെ ഏതാണ്ട് 15,000ത്തോളം പോലീസ് സേനാംഗങ്ങളെ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും നിയമിച്ചിരുന്നു. അക്രമങ്ങള്‍ തടയിടുന്നതിന്റെ ഭാഗമായി നിരോധനാജ്ഞയും പ്രഖ്യാപിച്ചു. നിരോധനാജ്ഞ ലംഘിച്ച നിരവധ സംഘ്പരിവാര്‍-ബി.ജെ.പി പ്രവര്‍ത്തകരെ നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.
നേരത്തെ നവംബര്‍ 22 വരെയായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അത് പിന്നീട് 26 വരെ നീട്ടുകയായിരുന്നു. നിലവില്‍ ശബരിമലയിലെ സ്ഥിതിഗതികള്‍ ശാന്തമാണ്. പോലീസ് ഏര്‍പ്പെടുത്തിയ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ അക്രമങ്ങള്‍ തടയിടുന്നതിന് സഹായകമായിരുന്നു. നിരോധനാജ്ഞ പിന്‍വലിക്കുന്നത് അക്രമങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. യുവതീ പ്രവേശനം സാധ്യമാക്കുന്നതിനായി സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ഇന്ന് പോലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയാണ്.
ബ്രിസ്ബേനിൽ നടന്ന ആദ്യ ട്വന്റി20യിലെ ബോളിങ് പരാജയത്തിന് ക്രുനാൽ പാണ്ഡ്യയുടെയും ബാറ്റിങ് പരാജയത്തിന് ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെയും സമ്പൂർണ പ്രാശ്ചിത്തം. ഓസ്ട്രേലിയയിയൻ മണ്ണിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി കളം നിറഞ്ഞ പാണ്ഡ്യയുടെയും 19–ാം അർധസെഞ്ചുറി നേടിയ കോഹ്‍ലിയുടെയും മികവിൽ മൂന്നാം ട്വന്റി20 പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മൽസരം മഴകൊണ്ടുപോയാൽ പോലും പരമ്പര നഷ്ടമാകുമെന്ന ഭീഷണിക്കിടെ കളത്തിലിറങ്ങിയ ഇന്ത്യ, ആറു വിക്കറ്റിനാണ് ആതിഥേയരെ തറ പറ്റിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്തപ്പോൾ, രണ്ടു പന്തു ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ക്രുനാൽ പാണ്ഡ്യയാണ് കളിയിലെ കേമൻ.
ക്യാപ്റ്റൻ വിരാട് കോഹ്‍ലി 41 പന്തിൽ 61 റൺസുമായി പുറത്താകാതെ നിന്നു. ആറു ബൗണ്ടറിയും രണ്ടു സിക്സും അടങ്ങുന്നതാണ് കോഹ്‍ലിയുടെ ഇന്നിങ്സ്. ദിനേഷ് കാർത്തിക് 18 പന്തിൽ ഒരു ബൗണ്ടറിയും സിക്സും സഹിതം 22 റൺസുമായി കോഹ്‍ലിക്കു തുണ നിന്നു. പിരിയാത്ത അഞ്ചാം വിക്കറ്റിൽ കോഹ്‍ലി–കാർത്തിക് സഖ്യം 60 റൺസ് കൂട്ടിച്ചേർത്തു. ഇതോടെ മൂന്നു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1–1ന് സമനില പാലിച്ചു. ബ്രിസ്ബേനിൽ നടന്ന ആദ്യ മൽസരം ഓസ്ട്രേലിയ ജയിപ്പോൾ, മെൽബണിൽ നടന്ന രണ്ടാം മൽസരം മഴ തടസ്സപ്പെടുത്തിയിരുന്നു. 2017നു ശേഷം തുടർച്ചയായി 9 രാജ്യാന്തര ട്വന്റി20 പരമ്പരകളിൽ തോൽവിയറിയാതെ ഓസ്ട്രേലിയൻ പര്യടനത്തിനെത്തിയ ഇന്ത്യ, അജയ്യ പരിവേഷവും കാത്തു.
ഓപ്പണർമാരായ ശിഖർ ധവാൻ (22 പന്തിൽ 41), രോഹിത് ശർമ (16 പന്തിൽ 23), ലോകേഷ് രാഹുൽ (20 പന്തിൽ 14), ഋഷഭ് പന്ത് (പൂജ്യം) എന്നിവരാണ് ഇന്ത്യൻ നിരയിൽ പുറത്തായത്. ഓപ്പണിങ് വിക്കറ്റിൽ വെറും 33 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്ത രോഹിത് ശർമ–ശിഖർ ധവാൻ സഖ്യമാണ് മൽസരം ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ഇതേ സ്കോറിൽ ഇരുവരും പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ 41 റൺസ് കൂട്ടിച്ചേർത്ത് കോഹ്‍ലി–രാഹുൽ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിച്ചു. സ്കോർ 108ൽ നിൽക്കെ രാഹുലിനെയും പന്തിനെയും പുറത്താക്കി ഓസീസ് വീണ്ടും ഇരട്ടപ്രഹരം ഏൽപ്പിച്ചെങ്കിലും പിരിയാത്ത അഞ്ചാം വിക്കറ്റിൽ 60 റൺസ് ചേർത്ത് കോഹ്‍ലി–കാർത്തിക് സഖ്യം വിജയമുറപ്പാക്കി.
തകർത്തടിച്ചു മുന്നേറുകയായിരുന്ന ഇന്ത്യയ്ക്ക് മിച്ചൽ സ്റ്റാർക്ക് ബോൾ ചെയ്ത ആറാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 22 പന്തിൽ ആറു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 41 റൺസെടുത്ത ധവാനെ സ്റ്റാർക്ക് വിക്കറ്റിനു മുന്നിൽ കുരുക്കി. അംപയർ ആദ്യം ഔട്ട് നിഷേധിച്ചെങ്കിലും ഡിആർഎസ് സംവിധാനം ഉപയോഗപ്പെടുത്തിയാണ് ഓസീസ് ആദ്യ വിക്കറ്റ് നേടിയത്. തൊട്ടടുത്ത ഓവറിൽ ആദം സാംപയെ പരീക്ഷിച്ച ഫിഞ്ചിന്റെ പരീക്ഷണം വിജയം കണ്ടു. രോഹിത് ശർമയെ തീർത്തും നിരായുധനാക്കിയ സാംപ, അഞ്ചാം പന്തിൽ നിർണായക വിക്കറ്റെടുത്തു. 16 പന്തിൽ ഒരു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 23 റൺസുമായി രോഹിതും പുറത്ത്.
വിരാട് കോഹ്‍ലി–ലോകേഷ് രാഹുൽ സഖ്യം കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യൻ സ്കോർ 100 കടത്തിയെങ്കിലും വീണ്ടും രണ്ടു വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടത് തിരിച്ചടിയായി. സ്കോർ 108ൽ നിൽക്കെ ലോകേഷ് രാഹുലാണ് ആദ്യം പുറത്തായത്. പരമ്പരയിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന രാഹുൽ 20 പന്തിൽ ഒരു സിക്സ് സഹിതം 14 റൺസെടുത്ത് മടങ്ങി. ഇതേ സ്കോറിൽ അപകടകാരിയായ ഋഷഭ് പന്തിനെ ‘സംപൂജ്യ’നാക്കിയ ആൻഡ്രൂ ടൈ ഇന്ത്യയെ കൂടുതൽ തകർച്ചയിലേക്കു തള്ളിവിട്ടു.
നേരത്തെ, ട്വന്റി20 കരിയറിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനവുമായി അരങ്ങു തകർത്ത ക്രുനാൽ പാണ്ഡ്യയാണ് ഓസ്ട്രേലിയൻ സ്കോർ 164 റൺസിൽ ഒതുക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്. ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 36 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. ഓസീസ് മണ്ണിൽ ട്വന്റി20യിൽ ഒരു സ്പിന്നറുടെ ഏറ്റവും മികച്ച ബോളിങ് പ്രകടനമാണിത്.
33 റൺസെടുത്ത ഓപ്പണർ ഡാർസി ഷോർട്ടാണ് ഓസീസിന്റെ ടോപ് സ്കോറർ. 29 പന്തിൽ അഞ്ചു ബൗണ്ടറി സഹിതമാണ് ഷോർട്ട് 33 റൺസെടുത്തത്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് 23 പന്തിൽ നാലു ബൗണ്ടറികളോടെ 28 റൺസെടുത്തു. 20 ഓവറിൽ 164 റൺസ് നേടിയെങ്കിലും ഓസീസ് ഇന്നിങ്സിൽ ഒരു സിക്സ് പോലും പിറന്നില്ലെന്ന പ്രത്യേകതയുമുണ്ട്. എട്ട് ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 68 റൺസ് എന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. എന്നാൽ, ഒൻപതാം ഓവറിൽ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചിനെ ക്രുനാൽ പാണ്ഡ്യയുടെ കൈകളിലെത്തിച്ച് കുൽദീപ് യാദവ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു.
അടുത്ത ഓവർ ബോൾ ചെയ്ത ക്രുനാൽ പാണ്ഡ്യ ഏൽപ്പിച്ച ഇരട്ടപ്രഹരം കൂടിയായതോടെ ഓസീസ് തളർന്നു. സ്കോർ 73ൽ നിൽക്കെ ഡാർസി ഷോർട്ട് (33), മക്ഡെർമോട്ട് (പൂജ്യം) എന്നിവരെ തുടർച്ചയായ പന്തുകളിൽ കൂടാരം കയറ്റിയ പാണ്ഡ്യ, തന്റെ അടുത്ത ഓവറിൽ അപകടകാരിയായ ഗ്ലെൻ മാക്സ്‍വെലിനേയും പുറത്താക്കി. 16 പന്തിൽ രണ്ടു ബൗണ്ടറി സഹിതം 13 റൺസായിരുന്നു മാക്‌സ്‌വെലിന്റെ സമ്പാദ്യം.
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കറേയുടെ നേതൃത്വത്തിൽ ഓസീസ് തിരിച്ചടിക്കു ശ്രമിച്ചെങ്കിലും തന്റെ നാലാം ഓവർ ബോൾ ചെയ്യാനെത്തിയ പാണ്ഡ്യ കറേയേയും പുറത്താക്കി. 19 പന്തിൽ നാലു ബൗണ്ടറി സഹിതം 27 റൺസായിരുന്നു കറേയുടെ സമ്പാദ്യം. ക്രിസ്‍ ലിൻ (10 പന്തിൽ 13 റൺസ്) ജസ്പ്രീത് ബുമ്രയുടെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. അവസാന ഓവറുകളിൽ മാർക്കസ് സ്റ്റോയ്നിസ് (15 പന്തിൽ 25), നഥാൻ കോൾട്ടർനീൽ (ഏഴു പന്തിൽ 13) എന്നിവരാണ് ഓസീസ് സ്കോർ 160 കടത്തിയത്.
നാൽപതു വിദ്യാർഥികളുമായി പോയ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന വിദ്യാർഥികളും അധ്യാപകരും അദ്ഭുതകരമായി രക്ഷപ്പെട്ടു. . ആസാമിലെ ബാഗ്മതി അബരിഷ നഗറിലാണ് നടുക്കുന്ന സംഭവം. ബസ് പൂർണമായും കത്തി നശിച്ചു. ബസിൽ തീപടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ അധ്യാപകരും വിദ്യാർഥികളും ബസിൽ നിന്നും ഉടൻ പുറത്തിറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ എട്ടു പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ബാഗ്മതിയിലെ സെറിഗ്ന ഫൗണ്ടേഷൻ കോളജ് വിദ്യാർഥികൾ സഞ്ചരിച്ച ബസിലാണ് തീപിടുത്തമുണ്ടായത്. അപകടത്തിന്റെ വിഡിയോ സോഷ്യൽ ലോകത്തും പ്രചരിക്കുകയാണ്.
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജാഫർ ഷെരീഫ് (85) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ബെംഗളൂരുവില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. നരസിംഹറാവു മന്ത്രിസഭയില്‍ 1991 മുതല്‍ 95 വരെ കേന്ദ്ര റയില്‍വേ മന്ത്രിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇന്നായിരുന്നു അന്ത്യം. കുഴഞ്ഞു വീണതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അമീനാ ബീവിയാണ് ഭാര്യ.
1933 ൽ കർണാടകയിലെ ചിത്രദുർഗ ജില്ലയിലുള്ള ചല്ലക്കരെയിലാണ് ജാഫർ ഷെരീഫ് ജനിച്ചത്. കോൺഗ്രസ് നേതാവ് നിജലിംഗപ്പയുടെ അനുയായിയായി രാഷ്ട്രീയത്തിലെത്തിയ ഷെരീഫ് 1969 ൽ കോൺഗ്രസ് പിളർന്നപ്പോൾ ഇന്ദിരാഗാന്ധിക്കൊപ്പം നിലയുറപ്പിച്ചു. എഴു തവണ എംപിയായി. രാജ്യത്തെ തീവണ്ടിപ്പാളങ്ങളുടെ ഗേജ് മാറ്റത്തില്‍ പ്രധാന പങ്കു വഹിച്ചത് ജാഫര്‍ ഷെരീഫാണ്. ഒട്ടേറെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. ഷെരീഫിന്റെ മരണത്തിൽ കോൺഗ്രസ് നേതാക്കൾ അനുശോചനം അറിയിച്ചു.
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെയും മകളുടെയും മരണത്തിനിടയാക്കിയ അപകടം ഉണ്ടായപ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കര്‍ തന്നെയായിരുന്നു എന്ന് സാക്ഷി മൊഴികള്‍. രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തവരും സ്ഥലത്തുണ്ടായിരുന്നവരുമായിരുന്ന അഞ്ച് പേരാണ് മൊഴി നൽകിയത്
അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരുടെയും പിന്നിൽ വന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയുടെയും മൊഴികളാണ് നിര്‍ണായകമായത്. ചില മൊഴികള്‍ കൂടി രേഖപ്പെടുത്തിയാല്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
അതേസമയം ബാലഭാസ്ക്കറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം അപകട സ്ഥലം സന്ദർശിച്ചു. വാഹനവും ഫൊറൻസിക് സംഘവും പരിശോധിച്ചു. പരിക്കുകളും അപകട നടന്ന രീതിയും പരിശോധിച്ച് ഫൊറൻസിക് സംഘം റിപ്പോർട്ട് നൽകും. രക്ഷാപ്രവർത്തിന് ആദ്യമെത്തിയ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.
അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്കറിന്‍റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു.
എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്കർ ആണ് കാർ ഓടിച്ചതെന്നായിരുന്നു ഡ്രൈവർ വിശദമാക്കിയത്. സെപ്തംബർ 25 നാണ് നാടിനെ കണ്ണീരിലാഴ്ത്തി ബാലഭാസ്കറും മകൾ തേജസ്വിനിയും കാറപകടത്തില്‍ മരിച്ചത്.
അതേസമയം ബാലഭാസ്കറിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു. അപകടത്തിൽ ദുരൂഹതയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി. മൊഴിയിലെ വൈരുധ്യങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്കറിന്റെ പിതാവ് ആവശ്യപ്പെട്ടിരുന്നു.
പിതാവിന്‍റെ ആവശ്യം പരിഗണിച്ച് ബാലഭാസ്കറിന്‍റേയും മകളുടേയും മരണത്തിലേക്ക് നയിച്ച വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശിച്ചിരുന്നു. ലോക്കല്‍ പോലീസിനാണ് അന്വേഷണ ചുമതല. പൊലീസിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്ന് ക്രൈംബ്രാഞ്ചിനോടും ഡിജിപി നിര്‍ദേശിച്ചിരുന്നു.
നിലയ്ക്കലില്‍ ബിജെപി നിരോധനാജ്ഞ ലംഘിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.സജീവനടക്കമുള്ള പത്തംഗസംഘം അറസ്റ്റിലായി. സന്നിധാനത്തേക്ക് പോകാന്‍ നിബന്ധനകള്‍ പാലിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. നിബന്ധനകളടങ്ങിയ നോട്ടീസ് കൈപ്പറ്റാന്‍ പ്രതിഷേധക്കാര്‍ തയാറായില്ല.
എന്നാൽ ഇന്നലെ രാത്രി സന്നിധാനത്ത് വിലക്ക്് ലംഘിച്ച് നാമജപം നടത്തിയ 82 പേർക്ക് ജാമ്യം അനുവദിച്ചിരുന്നു. മണിയാര്‍ ക്യാംപിലെത്തിച്ച 82പേര്‍ക്കും അനുവദിച്ചത് സ്റ്റേഷന്‍ ജാമ്യമാണ് അനുവദിച്ചത് . തിരുമുറ്റത്തു വാവരുനടയ്ക്കു മുന്നിൽ തീർഥാടകർ കടക്കാതെ പൊലീസ് ബാരിക്കേഡ് കെട്ടിത്തിരിച്ച സ്ഥലത്തായിരുന്നു ഇന്നലെ രാത്രി 10നു ശേഷം നാമജപം തുടങ്ങിയത്. 2 സംഘമായി തിരിഞ്ഞായിരുന്നു നാമജപം. ബിജെപി കോട്ടയം ജില്ലാ ട്രഷറര്‍ കെ.ജി. കണ്ണനുൾപ്പെടെയുള്ളവർ ഇന്നലെ അറസ്റ്റിലായവരിൽ പെടും
തിരുവനന്തപുരം: മലയാളി പ്രേക്ഷകര്‍ക്ക് ആവേശം തരുന്ന വിശേഷങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സെറ്റില്‍ നിന്ന് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേ ചിത്രത്തിന്റെ സ്റ്റണ്ട് സീനുകളുടെ ചിത്രീകരണവുമെല്ലാം വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പുതിയൊരു വാര്‍ത്തയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് തരുന്നത്.
മോഹന്‍ലാല്‍ സുരേഷ്‌ഗോപി കൂട്ടുകെട്ട് പോലെ മക്കള്‍ പ്രണവ് – ഗോകുല്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ വാര്‍ത്ത വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായെത്തിയ ഇരുപതാം നൂറ്റാണ്ട് വന്‍വിജയമാണ് നേടിയത്. അതില്‍ വില്ലനായി വേഷമിട്ടത് സുരേഷ്‌ഗോപിയായിരുന്നു. ഇതേ കൂട്ടുകെട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് മക്കളാല്‍ ആവര്‍ത്തിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രണവിനൊപ്പം പ്രധാന വേഷത്തില്‍ ഗോകുല്‍ സുരേഷും എത്തുന്നു എന്നതാണ് പുതിയ വിവരം. ഗോകുല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. ലേലത്തിലെയും വാഴുന്നോരിലെയും സുരേഷ്‌ഗോപി കഥാപാത്രങ്ങളെ ഓര്‍മപ്പെടുത്തുന്ന ഗെറ്റപ്പിലുള്ള ചിത്രവും ഗോകുല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മുണ്ട് മടക്കി കുത്തി മാസ് ലുക്കിലാണ് താരം ചിത്രത്തിലെത്തുന്നത്. രണ്ടു സൂപ്പര്‍ താര പുത്രന്മാര്‍ അണിനിരക്കുന്ന ഈ ചിത്രം ആരാധകര്‍ക്കിടയിലും ഏറെ ആവേശം ഉണര്‍ത്തിയിരിക്കുകയാണ്. വമ്പന്‍ സംഘട്ടന രംഗങ്ങളുള്ള ചിത്രത്തിനായി സ്റ്റണ്ട് ചിട്ടപ്പെടുത്തുന്നത് പീറ്റര്‍ ഹെയ്‌നാണ്. രാമലീലക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രം ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മിക്കുന്നത്.
ചിത്രത്തില്‍ ഒരു സര്‍ഫറിന്റെ വേഷത്തിലാണ് പ്രണവ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. തന്റെ കഥാപാത്രത്തെ പൂര്‍ണതയില്‍ എത്തിക്കാനായി പ്രണവ് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി സര്‍ഫിങ് പഠിക്കുകയായിരുന്നു. ഒരു മാസത്തോളം അവിടെ പോയി താമസിച്ചു സര്‍ഫിങ് തന്ത്രങ്ങള്‍ പഠിച്ചു തെളിഞ്ഞതിനു ശേഷമാണു പ്രണവ് ഈ ചിത്രത്തില്‍ ജോയിന്‍ ചെയ്തത്. ഗോവ, കാഞ്ഞിരപ്പള്ളി, ഹൈദരാബാദ്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പൂര്‍ത്തിയാവുക. പുതുമുഖ നടി റേച്ചല്‍ ആണ് ഈ ചിത്രത്തില്‍ പ്രണവിന് നായികയായെത്തുന്നത്.
തിരുവനന്തപുരം: മലയാളികള്‍ക്ക് നവരസമെന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടി എത്തുന്ന മുഖം ജഗതി ശ്രീകുമാറിന്റേതാണ്. ജഗതിയുടെ മുഖത്ത് മിന്നിമറയുന്ന നവരസങ്ങള്‍ കണ്ട് അത്ഭുതപ്പെടാത്തവരായി ആരും തന്നെ ഇല്ല. അപകടത്തില്‍പെട്ട് വെള്ളിത്തിരയില്‍ നിന്ന് മാറിയ ശേഷം സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചു വരവിന് സൂചന നല്‍കുന്ന പല നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും അത്തരത്തില്‍ നവരസങ്ങളുമായി വന്നിരിക്കുകയാണ് മലയാളികളുടെ സ്വന്തം അമ്പിളിചേട്ടന്‍. അപകടത്തെ ശരീരത്തിനേ തളര്‍ത്താനാകൂ എന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.
നവ്യ നായര്‍ക്കൊപ്പം നവരസങ്ങള്‍ ചെയ്യുന്ന വീഡിയോ ആണ് നവ്യ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ജഗതിയുടെ വീട്ടിലെത്തിയ നവ്യ അദ്ദേഹത്തിനൊപ്പം സംസാരിക്കുന്നതും അദ്ദേഹം വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയ നവരസങ്ങള്‍ നവ്യയുടെ ആവശ്യപ്രകാരം ചെയ്യുന്നതുമാണ് വിഡീയോയിലുള്ളത്. നവരസങ്ങള്‍ക്ക് പുറമെ അദ്ദേഹം സ്വന്തമായി ആര്‍ജിച്ചെടുത്ത രണ്ട് രസങ്ങളും അദ്ദേഹം ആരാധകര്‍ക്കായി പങ്കുവെച്ചു.
View this post on Instagram
Come back soon …i respect the whole family fr giving him so much of care ..
ഇരു കുടുംബങ്ങളേയും നാട്ടുകാരെയും പാടെ ആശങ്കയിലാഴ്ത്തിയ തിരോധാനത്തിന് ഒടുവിൽ ശുഭകരമായ വാർത്തയെത്തി.രണ്ട് വിദ്യാർത്ഥിനികളെയും പോലീസ് കണ്ടെത്തി.കണ്ണൂർ പാനൂരിൽ നിന്നും അഞ്ചു ദിവസങ്ങൾക്ക് മുൻപ് കാണാതായ സൈന, ദൃശ്യ എന്നിവരെ തിരൂരിലെ ലോഡ്ജിൽ വെച്ചാണ് കണ്ടെത്തിയത്. ഈ മാസം 19നാണ് ഇരുവരെയും കാണാതായത്. പെൺകുട്ടികളെ ഉടൻ നാട്ടിലെത്തിക്കും.
ഒരുമിച്ചു വീടുവിട്ട ശേഷം തിരൂരിലെ ഒരു ലോഡ്‌ജിൽ താമസിച്ചു വരികയായിരുന്നു ഇവർ. ഇവിടെ വെച്ച് ജീവനക്കാർ ഇവരെ തിരിച്ചറിഞ്ഞതാണ് ഇരുവരെയും കണ്ടെത്താൻ സഹായകമായത്. നാടുവിട്ട അന്ന് നേരെ തിരൂരിൽ എത്തി മുറിയെടുത്തു താമസിക്കുകയായിരുന്നു ഇവർ. മാധ്യമങ്ങളിലെ വാർത്തകൾക്ക് പിന്നാലെ ആളുകൾ തിരിച്ചറിയുകയും, പോലീസ് തിരച്ചിൽ ശക്തമാക്കുകയും ചെയ്തതോടെ ഈ മുറി ഉപേക്ഷിച്ചു ഇന്ന് രാവിലെ ഒരു ഹോം സ്റ്റയിലേക്ക് മാറി.
ഇതിനോടകം ഇവിടെയെത്തിയ പാനൂർ പോലീസ് ഇരുവരെയും കണ്ടെത്തി. അനുനയിപ്പിച്ചു വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രമം തുടങ്ങി. പത്താം ക്ലാസ് മുതൽ ഒരുമിച്ചു പഠിക്കുന്ന ഇരുവരും നിലവിൽ പാനൂരിൽ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് പഠിക്കുകയാണ്. തമ്മിൽ പിരിഞ്ഞിരിക്കാനാവാത്ത വിധം ഉറ്റ സുഹൃത്തുക്കളായ ഇവർ കൂട്ടത്തിൽ ദൃശ്യയുടെ വിവാഹം തീരുമാനിച്ചതോടെനാടുവിടാൻ തീരുമാനിക്കുകയായിരുന്നു.നിലവിൽ വീട്ടിലേക്ക് തിരികെപ്പോകാൻ ഇരുവരും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിനു ശേഷമാകും തുടർ നടപടികൾ.