Latest News

തിരുവനന്തപുരം വഴയിലയിൽ യുവ വൈദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേറ്റികോണം വിമലഹൃദയ മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ ആൽബിൻ വർഗീസ് തേവലപ്പുറത്താണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

പള്ളിയോട് ചേർന്നുള്ള താമസ സ്ഥലത്ത് ഇന്നലെ രാത്രി ഏഴു മണിയോടെയാണ് ഫാ ആല്‍ബിന്‍ വര്‍ഗീസിന്റെ മൃതദേഹം കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശിയായ ഫാ ആൽബിൻ ഒരു വർഷമായി ഇവിടെ സേവനം ചെയ്യുകയായിരുന്നു. മലമുകൾ മണലയം പള്ളി വികാരി കൂടിയായിരുന്നു മുപ്പത്തിമൂന്നുകാരനായ ഫാ. ആൽബിൻ . ഇന്ന് പള്ളിയില്‍ നടക്കേണ്ട ചടങ്ങുകള്‍ക്ക് ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിരുന്ന ഫാ ആല്‍ബിന്‍ ആത്മഹത്യ ചെയ്യില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. മരണം ദൂരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

അപകടത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികില്‍സയിലായിരുന്നു ആല്‍ബിന്‍ ഇന്നലെ ഉച്ചക്കാണ് തിരികെ താമസസ്ഥലത്ത് എത്തിയത്. അതിന് ശേഷം ഫോണില്‍ ലഭ്യമായിരുന്നില്ല. മരുന്ന് കഴിച്ച് വിശ്രമിക്കുന്നതിനാല്‍ ആരും മുറിയിലേക്ക് പോയതുമില്ല. രാത്രിയും വിവരമില്ലാത്തിനെ തുടര്‍ന്ന് തിരക്കിയപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്. രാവിലെ ഇൻക്വസ്റ്റ് നടപടികൾകൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മെഡിക്കൽ കോളജിലേയ്ക്ക് മാറ്റും

ചെന്നൈ: മലയാളി വീട്ടമ്മയെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. ഭര്‍ത്താവാണ് ഈ ക്രൂര കൃത്യം ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയില്‍ അമിഞ്ചിക്കര തിരുവീതിയമ്മന്‍ കോവില്‍ സ്ട്രീറ്റിലാണ് സംഭവം.

ഡേവിഡ് എന്ന യുവാവാണ് ഭാര്യ ലേഖ(37) കാരിയെ കൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ക്രൂരകൃത്യം നടന്നത്. ദാമ്പത്യ കലഹത്തെ തുടര്‍ന്ന് രണ്ടുപേരും ഒരു വര്‍ഷത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ഇതാകാം കൊലയിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മൃതദേഹം കില്‍പ്പോക്ക് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍: പ്രിയദര്‍ശിനി, ദീപദര്‍ശിനി. ഇരുവരും മദിരാശി കേരള വിദ്യാലയം വിദ്യാര്‍ഥിനികളാണ്.

 

തിരുവനന്തപുരം: ബിജെപി നേതാവ് സി.കെ.പദ്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സെക്രട്ടറിയേറ്റിനു മുന്നിലെ സമരപ്പന്തലില്‍ ആത്മഹത്യാശ്രമം. മുട്ടട സ്വദേശി വേണുഗോപാല്‍ എന്നയാള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം സമരപ്പന്തലിന് സമീപത്തേക്ക് ഓടിയെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്.

സമരപ്പന്തലില്‍ സി.കെ പത്മനാഭനോടൊപ്പം 70 ഓളം പ്രവര്‍ത്തകരും ഉണ്ടായിരുന്നു. സമരപ്പന്തലിന് എതിര്‍വശത്തുള്ള ക്യാപ്പിറ്റല്‍ ടവറിന് മുന്നില്‍ നിന്ന് തീകൊളുത്തിയ വേണുഗോപാല്‍ സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വേണുഗോപാല്‍ ദേഹത്ത് പെട്രോള്‍ ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പോലീസിനെ വിളിക്കുന്നതിനിടെ തീ കൊളുത്തി ഇയാള്‍ സമരപ്പന്തലിലേക്ക് ഓടുകയായിരുന്നു. പാലീസും പന്തലിലുണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഇയാള്‍ക്ക് 70 ശതമാനത്തോളം പൊള്ളലേറ്റതായി മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

‘എന്റെ മോളെ ഇന്നലെ മുതൽ നാട്ടിൽ കാണാനില്ല. പൊലീസിലൊക്കെ പരാതിപ്പെട്ടിട്ടുണ്ട്. ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. ഞാൻ ഇവിടെ ഒമാനിലെ കസബിലെ പുറംകടലിൽ നങ്കൂരമിട്ട കപ്പലിലാണുള്ളത്. എന്തു ചെയ്യണമെന്ന് എനിക്കറിയില്ല. എന്റെ മോളെ എത്രയും വേഗം കണ്ടെത്തിത്തരണമെന്ന് എല്ലാവരോടും ഞാനപേക്ഷിക്കുകയാണ്– ഒരു പിതാവിന്റെ കരളലിയിക്കുന്ന ഇൗ അഭ്യർഥന കരയിൽ നിന്നല്ല, കടലിൽ നിന്നാണ്. മൂവാറ്റുപുഴ ചെറുവട്ടൂരിലുള്ള സലീമിന്‍റേതാണ് സങ്കടക്കടലിൽ നിന്നുള്ള ഇൗ വാക്കുകൾ. ഇദ്ദേഹത്തിന്റെ മകളെ തിങ്കളാഴ്ച മുതൽ നാട്ടിൽ കാണാതാവുകയായിരുന്നു.

തൊടുപുഴ അൽ അസ്ഹർ കോളജിൽ എൻജിനീയറിങിന് പഠിക്കുന്ന പെൺകുട്ടിയേയാണ് കാണാതായത്. കോളജിലേക്കു പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചുവരാത്തതിനെ തുടർന്ന് മാതാവും സഹോദരനും കോതമംഗലം പൊലീസിൽ പരാതി നൽകി. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണവും ആരംഭിച്ചു. എന്നാൽ ഇതുവരെ പെൺകുട്ടിയെക്കുറിച്ചുള്ള സൂചന പോലും ലഭിച്ചിട്ടില്ല.

സലീം നേരത്തെ ദുബായിൽ ചെയ്തിരുന്നു. പിന്നീട് കപ്പൽ ജീവനക്കാരനാവുകയായിരുന്നു. രണ്ടു മാസം കഴിഞ്ഞല്ലാതെ കപ്പൽ തീരത്തടുക്കില്ലെന്നാണ് സലീം പറയുന്നത്. എന്തു ചെയ്യണമെന്നറിയാതെ ആകെ പ്രയാസത്തിലാണ് ഇൗ പിതാവ്.

നേരത്തെ പെൺകുട്ടിക്ക് ഒരു യുവാവുമായി പ്രണയമുണ്ടായിരുന്നു. ഇതിനെ സലീം ശക്തമായി എതിർക്കുകയും മകൾ ആ ബന്ധത്തിൽ നിന്ന് പിന്തിരിയുകയുമുണ്ടായി. മറ്റു വിവാഹാലോചനകൾ നടന്നുവരികയായിരുന്നു. സൗദിയിൽ ജോലി ചെയ്യുന്ന ഒരു യുവാവുമായുള്ള വിവാഹം മകൾക്ക് ഇഷ്ടമായിരുന്നുവെന്നും ഇതുറപ്പിക്കാനായി ഇയാൾ ഇന്ന്(ബുധൻ) നാട്ടിലെത്താനിരിക്കെയാണ് കാണാതായതെന്നും സലീം പറയുന്നു.

എന്നാൽ, മകളുടെ തിരോധാനത്തെക്കുറിച്ച് വീട്ടുകാർ കൃത്യമായി ഒന്നും പറയുന്നില്ലെന്ന് ഇദ്ദേഹം പറഞ്ഞു. മകളെ കൂടാതെ, ഒരു മകൻ കൂടിയാണ് സലീമിനുള്ളത്. മകൾ വല്ല അപകടത്തിലും പെട്ടുപോകുമോ എന്നാണ് ഇൗ പിതാവിന്റെ ഏറ്റവും വലിയ ആശങ്ക.

മോള്‍ക്ക് ഇഷ്ടമുള്ളയാൾക്ക് അവളെ വിവാഹം ചെയ്തുകൊടുക്കാൻ നൂറുവട്ടം സമ്മതമാണ്. അവളെവിടെയാണെങ്കിലും സുരക്ഷിതമായി ഉണ്ടെന്ന് അറിഞ്ഞാൽ മതി. പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ തിരച്ചിൽ ആവശ്യമാണ്. ഇതിനായി ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ശ്രമിക്കണമെന്നാണ് വിനീതമായ അപേക്ഷ. ബന്ധപ്പെടേണ്ട നമ്പർ: 0091 9947112144.

ബാത്ത് ടബ്ബില്‍ കുളിക്കുന്നതിനിടെ ഐഫോണ്‍ ഉപയോഗിച്ച പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. റഷ്യന്‍ സ്വദേശിനിയായ ഇരിന റബ്ബിക്കോവ ഐഫോണ്‍ ചാര്‍ജിലിട്ടാണ് ഉപയോഗിച്ചിരുന്നത്. സുഹൃത്തുക്കള്‍ക്ക് മെസേജ് അയക്കുന്നതിനിടെ ഫോണ്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. കയ്യില്‍ നിന്ന് ഫോണ്‍ വെള്ളത്തില്‍ വീണതോടെ ഷോക്കേറ്റു. ചാര്‍ജിലിട്ട ഫോണില്‍ നിന്ന് വെള്ളത്തിലൂടെ ഷോക്കേറ്റ ഇരിനയെ വീട്ടുകാര്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഐഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടിഷ് യുവാവും മരിച്ചിരുന്നു. ബാത്ത് റൂമില്‍ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് മുപ്പത്തിരണ്ടുകാരനായ റിച്ചാര്‍ഡ് ബുള്ളിന് അപകടം സംഭവിച്ചത്. ഫോണ്‍ ചാര്‍ജിങ്ങിനിടെ വെള്ളത്തില്‍ വീഴുകയായിരുന്നു.

മരണം സംഭവിക്കാന്‍ കാരണം യുവാവിന്റെ അശ്രദ്ധയാണെങ്കിലും ഭാവിയില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ തടയാന്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ ആപ്പിളിനോട് ആവശ്യപ്പെടുമെന്ന് അന്ന് ബ്രിട്ടീഷ് ടെക് വിദഗ്ധര്‍ പറഞ്ഞിരുന്നു.

ലോകത്ത് സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഏഴു ശതമാനം പേര്‍ കുളിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നവരാണെന്ന് നേരത്തെ സര്‍വെ റിപ്പോര്‍ട്ട് വന്നിരുന്നു. കുളിക്കുമ്പോള്‍ ചാര്‍ജിലിട്ട് ഫോണ്‍ ഉപയോഗിക്കുന്നത് വന്‍ അപകടം തന്നെയാണ്. മിക്ക ഫോണുകളുടെ ചാര്‍ജറുകളും വെളളത്തില്‍ വീണാല്‍ ഷോക്കേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്

ആലുവ കൂട്ടക്കൊലക്കേസിലെ പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു . ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ആന്റണി നല്‍കിയ പുനഃപരിശോധാനാ ഹര്‍ജിയില്‍ നേരത്തെ കോടതി വധശിക്ഷ സ്റ്റേ ചെയ്തിരുന്നു.ദയാഹര്‍ജി രാഷ്ട്രപതിയും തളളിയതോടെയാണ് ആന്‍റണി സുപ്രീംകോടതിയെ വീണ്ടും സമീപിച്ചത്.

2001 ജനുവരിയില്‍ ആലുവയിലെ ഒരു കുടുംബത്തിലെ ആറുപേരെ ആന്‍റണി ഒറ്റയ്ക്ക് കൊലപ്പെടുത്തിയെന്നാണ് കേസ്. കുടുംബനാഥനായ അഗസ്്റ്റിന്‍റെ കുടുംബസുഹൃത്തായിരുന്നു ആന്‍റണി. കൂട്ടക്കൊലപാതകത്തിന് കൃത്യമായ തെളിവില്ലെന്നും, സാഹചര്യതെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് തൂക്കുകയര്‍ വിധിച്ചതെന്നും സുപ്രീംകോടതിയില്‍ ആന്‍റണി വാദിച്ചു.ആലുവ നഗരമധ്യത്തിൽ സെന്റ് മേരീസ് ഹൈസ്‌കൂളിനു സമീപം മാഞ്ഞൂരാൻ വീട്ടിൽ അഗസ്‌റ്റിൻ (48), ഭാര്യ മേരി (42), മക്കളായ ദിവ്യ (14), ജെസ്‌മോൻ (12), അഗസ്‌റ്റിന്റെ മാതാവ് ക്ലാര (78), സഹോദരി കൊച്ചുറാണി (38) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണു സിബിഐ കേസ്.

2001 ജനുവരി ആറിന് അർധരാത്രിയായിരുന്നു സംഭവം. പ്രതിയായ ആന്റണിക്കു സിബിഐ പ്രത്യേക കോടതി 2005 ഫെബ്രുവരി രണ്ടിനാണു വധശിക്ഷ വിധിച്ചത്. 2006 സെപ്‌റ്റംബർ 18ന് ഈ ഉത്തരവു ഹൈക്കോടതി ശരിവച്ചു. ഇതിനെതിരെ ആന്റണി നൽകിയ ഹർജിയിൽ 2006 നവംബർ 13നു ഹൈക്കോടതി ഉത്തരവു സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരുന്നു. 2009ൽ വധശിക്ഷ സുപ്രീം കോടതി ശരിവച്ചു.റെയിൽവേ സ്‌റ്റേഷൻ റോഡിൽ പ്രവർത്തിച്ചിരുന്ന മാഞ്ഞൂരാൻ ഹാർഡ്‌വെയേഴ്‌സ് ഉടമയായിരുന്നു മരിച്ച അഗസ്‌റ്റിൻ. അഗസ്‌റ്റിന്റെ അകന്ന ബന്ധുവും കുടുംബസുഹൃത്തുമായിരുന്നു ആന്റണി. വിദേശത്തു ജോലിക്കു പോകാൻ പണം നൽകാതിരുന്നതിലുള്ള വിരോധം മൂലം രാത്രി സെക്കൻഡ് ഷോ കഴിഞ്ഞെത്തിയ കുടുംബാംഗങ്ങളെ ആന്റണി വീട്ടിൽ പതിയിരുന്ന് ഒറ്റയ്‌ക്കു വകവരുത്തിയെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.ഒട്ടേറെ ഊഹാപോഹങ്ങൾക്കും കെട്ടുകഥകൾക്കും വഴിയൊരുക്കിയ കേസ് ആദ്യം ലോക്കൽ പൊലീസും പിന്നീടു ക്രൈംബ്രാഞ്ചും അന്വേഷിച്ചു.

ഒടുവിൽ ഹൈക്കോടതി നിർദേശപ്രകാരം സിബിഐയും അന്വേഷണം നടത്തി. എല്ലാ അന്വേഷണങ്ങളും അവസാനിച്ചത് ആന്റണിയെന്ന ഒരേയൊരു പ്രതിയിലാണ്. കൂട്ടക്കൊല നടന്ന വീട് കേസ് തീർന്നശേഷം പൊലീസ് പൊളിച്ചുനീക്കി. ഇവിടെ സാമൂഹിക വിരുദ്ധർ തമ്പടിച്ചപ്പോൾ സമീപവാസികളുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് ഇടപെടൽ.

 

ബംഗാള്‍ ഉള്‍ക്കടലിലാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ ഡിസംബര്‍ 16 വരെ ആരും കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ തെക്കന്‍ ബംഗാളില്‍ന്‌റെ ഉള്‍ക്കടലിന്റെ മധ്യഭാഗത്തും ഭൂമധ്യരേഖയോട് ചേര്‍ന്ന ഇന്ത്യന്‍ മഹാസമുദ്രത്തിലും 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിച്ചേക്കും. ഈ ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകുകയോ കൂടുതല്‍ പ്രക്ഷുബ്ധമാകുകയോ ചെയ്യാം.

അതുകൊണ്ട് കടലില്‍ പോയിരിക്കുന്നവര്‍ ബുധനാഴ്ച വൈകിട്ടോടെ തിരിച്ചെത്തണം.
ചില അവസരങ്ങളില്‍ കാറ്റിന്റെ വേഗം 75 കിലോമീറ്റര്‍ വരെ ഉയര്‍ന്നേക്കാം. ശനിയാഴ്ച തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മധ്യപടിഞ്ഞാറ് ഭാഗത്തും കാറ്റിന്റെ വേഗം 50-60 കിലോമീറ്റര്‍ വരെയും പരമാവധി 65 കിലോമീറ്റര്‍ വരെയും ആയേക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഏറ്റവും വേദനിപ്പിച്ചത് നടന്‍ ശ്രീനിവാസനെന്ന് ആന്റണി പെരുമ്പാവൂര്‍. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. പരിഹാസമാണെന്നറിഞ്ഞു കൊണ്ടു തന്നെയാണ് ഉദയനാണ് താരത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചതെന്നും അത് വിജയിച്ചപ്പോള്‍ മോശമായി തിരക്കഥയെഴുതി മറ്റൊരു ചിത്രം ഒരുക്കിയെന്നും, അതെ പാട്ടി അന്വേഷിച്ചപ്പോൾ താൻ ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞു നടന്നുവെന്നും ആന്റണി പറയുന്നു.

ലാല്‍ സാറിനെ കളിയാക്കി കൊണ്ടു ശ്രീനിവാസന്‍ എഴുതിയ സിനിമയില്‍ ലാല്‍ സാര്‍ അഭിനയിച്ചു. ഒരെതിര്‍പ്പും പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാന്‍ പറ്റില്ലെന്നോ പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസന്‍ തന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിങ്ങിനിടയില്‍ ഇതേക്കുറിച്ചു കേട്ടപ്പോള്‍ ഞാന്‍ ക്യാമറാമാന്‍ എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു. കുമാറുമായി എനിക്കും ലാല്‍ സാറിനും എത്രയോ കാലത്തെ അടുത്ത ബന്ധമുണ്ട്.

അന്നു വൈകീട്ടു ശ്രീനിവാസന്‍ ചാനലുകളിലെത്തി ആന്റണി പെരുമ്പാവൂര്‍ ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞു കൊണ്ടിരുന്നു. എന്റെ പേരു പോലും ഉച്ചരിക്കാനാകില്ല എന്നൊക്കെയാണു പറഞ്ഞത്. ഫാന്‍സ് അസോസിയേഷന്‍ മാഫിയ എന്നെല്ലാം അധിക്ഷേപിച്ചു. 30 കൊല്ലത്തോളമായുള്ള അടുപ്പമാണ്. ആരെങ്കിലും എന്തെങ്കിലും പറയുന്നതു കേട്ടാല്‍ ആന്റണീ, ഈ കേട്ടതു ശരിയാണോ എന്നു ചോദിക്കുന്നതിനു പകരം ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞതു എന്തിനാണെന്നു മനസ്സിലാകുന്നില്ല. ഞാന്‍ ശ്രീനിവാസനെ വിളിക്കാറില്ല, വിളിച്ചിട്ടുമില്ല. ഇതുപോലെ ഒരാളും എന്നെ വേദനിപ്പിച്ചിട്ടില്ല. കഴിഞ്ഞുപോയതു പറഞ്ഞിട്ടു കാര്യമില്ല. ആ സിനിമ വിജയിച്ചിരുന്നുവെങ്കില്‍ അതെങ്കിലുമുണ്ടായേനെ. അതുമുണ്ടായില്ല.

അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രി, സഖ്യകക്ഷി ചർച്ചകൾ സജീവം. മധ്യപ്രദേശിൽ കേവലഭൂരിപക്ഷം നേടാത്ത കോൺഗ്രസ്, ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെ അധികാരത്തിലെത്തുന്നതിനുള്ള ശ്രമത്തിലാണ്. ഗവർണർ ആനന്ദിബെൻ പട്ടേലിനെ കാണാൻ അവർ ഇന്നലെ തന്നെ അനുമതി തേടിയിരുന്നു.

എന്നാൽ മുഴുവൻ ഫലങ്ങളും പുറത്തുവന്നതിനുശേഷം അതാകാമെന്നായിരുന്നു ഗവർണറുടെ നിലപാട്. 230 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷമായ 116ലെത്താന്‍ കോണ്‍ഗ്രസിന് രണ്ടു സീറ്റിന്‍റെ കുറവുണ്ട്. രണ്ടു സീറ്റ് നേടിയ ബിഎസ്പിയുടെയും ഒരു സീറ്റുനേടിയ എസ്.പിയുടെയും പിന്തുണ കോണ്‍ഗ്രസ് ഉറപ്പിച്ചുകഴിഞ്ഞു. ജയിച്ച നാലു സ്വതന്ത്രരില്‍ രണ്ടുപേര്‍ കോണ്‍ഗ്രസ് വിമതരാണ്. ഇവരെയും ഒപ്പം നിര്‍ത്താനുള്ള ശ്രമം തുടങ്ങി.

അതോടൊപ്പം മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ബി.എസ്.പിയുടെ പിന്തുണ. ബിജെപി ഭരണത്തില്‍ ജനം പൊറുതിമുട്ടിയെന്നും ബിജെപിയെ ഭരണത്തില്‍നിന്ന് അകറ്റുകയാണ് ലക്ഷ്യമെന്നും ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. അവശ്യമെങ്കില്‍ രാജസ്ഥാനിലും ബിഎസ്പി കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്നും അവര്‍ പറഞ്ഞു.

ഇന്ന് ഭോപ്പാലിലെത്തുന്ന എ.കെ ആന്റണി കോൺഗ്രസ് നിയമസഭകക്ഷി യോഗത്തില്‍ പങ്കെടുക്കും. വിമതരും സ്വതന്ത്രരും ഒപ്പം നില്‍ക്കുമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് വക്താവ് ശോഭ ഓജ. നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും ഓജ പറഞ്ഞു.

ബിജെപിയും ഇവിടെ സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചിട്ടുണ്ട്. 109 സീറ്റുള്ള ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിച്ച് ഗവര്‍ണറെ കാണും. ശിവ്‌രാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിെജപി നേതാക്കള്‍ യോഗം ചേർ‍ന്നു.

രാജസ്ഥാനിൽ രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയോടെ കോൺഗ്രസ് അധികാരത്തിലെത്തും. എന്നാൽ മുഖ്യമന്ത്രി ആരാകണമെന്ന ചർച്ചകൾ ഇനിയും നടക്കാനിരിക്കുന്നേയുള്ളു. സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും വിജയിച്ചതിനാൽ മുഖ്യമന്ത്രി ചർച്ചകൾക്ക് ചൂടുപിടിക്കും.

ഛത്തീസ്ഗഡിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനാൽ മുഖ്യമന്ത്രിയെ കണ്ടെത്തുക മാത്രമാണു കോൺഗ്രസിനുള്ള വെല്ലുവിളി.

അതേസമയം, മിസോറമിൽ സർക്കാർ രൂപീകരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോ നാഷനൽ ഫ്രണ്ട് അംഗങ്ങൾ ഗവർണർ കുമ്മനം രാജശേഖരനെ കണ്ടു. എംഎൻഎഫ് പ്രസി‍ഡന്റ്, നിയമസഭാകക്ഷി നേതാവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവർണറെ സന്ദർശിച്ചത്.

തെലങ്കാനയിൽ കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ നാളെ അധികാരത്തിലെത്തുമെന്നാണു സൂചന. സത്യപ്രതിജ്‍ഞ നാളെത്തന്നെയുണ്ടാകുമെന്ന് രാഷ്ട്രീയ വൃത്തങ്ങൾ സൂചിപ്പിച്ചു.

തെലങ്കാന തൂത്തുവാരിക്കൊണ്ടാണ് ചന്ദ്രശേഖര റാവുവിന്റെ അധികാര തുടർച്ച. സംസ്ഥാനത്തു തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്നും തുടങ്ങിവച്ച ജലസേചന പദ്ധതികളടക്കം ഉടൻ പൂർത്തിയാക്കുമെന്നും തെരഞ്ഞെടുപ്പു വിജയശേഷം കെസിആർ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് – ബിജെപി ഇതര മൂന്നാം മുന്നണിക്കായി പ്രയത്നം തുടരും. തെലങ്കാനയിലെ വികസന – സാമ്പത്തിക-കാർഷിക നയങ്ങൾ രാജ്യം മാതൃകയാക്കണമെന്നും കെ.സി.ആർ പറഞ്ഞു.

അതേ സമയം തോൽവി ചർച്ച ചെയ്യാൻ മഹാകൂട്ടമി നേതാക്കൾ ഇന്ന് യോഗം ചേർന്നേക്കും. വിവി പാറ്റ് രസീതുകൾ എണ്ണണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതാൻ മഹാകൂട്ടമി നേതൃത്വം സ്ഥാനാർഥികളായിരുന്നവരോട് ആവശ്യപെട്ടിട്ടുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലേറ്റ തിരിച്ചടിക്ക് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഒടുവില്‍ മൗനം വെടിഞ്ഞു. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിജയം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിക്കുന്നു. വിജയവും പരാജയവും ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയ ചത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ജനങ്ങള്‍ക്ക് ഞാന്‍ നന്ദി അറിയിക്കുന്നു. ഈ സംസ്ഥാനങ്ങളിലെല്ലാം വിശ്രമമില്ലാതെ ബിജെപി ജനങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാവിയില്‍ ഞങ്ങള്‍ക്ക് തിരുത്താനും ഇതിലും ശക്തമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി പരിശ്രമിക്കാനുമുള്ള ഊര്‍ജമാണ് ഇന്നത്തെ ഫലമെന്നും നരേന്ദ്രമോദി ട്വിറ്ററില്‍ അറിയിച്ചു. മൂന്ന് ട്വീറ്റുകളിലായാണ് മോദിയുടെ പ്രതികരണം.

എന്നാൽ തങ്ങളുടെ വിജയം കര്‍ഷകരുടെയും യുവാക്കളുടെയും വിജയമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങളോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും രാഹുല്‍ഗാന്ധി നന്ദി പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയെ പരാജയപ്പെടുത്തിയെന്ന് രാഹുല്‍ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് വിവിധ ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടായി.

RECENT POSTS
Copyright © . All rights reserved