വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പൽ വ്യാഴാഴ്ച എത്തിയപ്പോൾ അഭിമാനമായി വാണിയംകുളം സ്വദേശിയും. 10 വർഷമായി മർച്ചന്റ് നേവിയിലാണ് പ്രജീഷ് ജോലി ചെയ്യുന്നത്. വിഴിഞ്ഞത്തെത്തിയ സാൻഫെർണാഡോവിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് വാണിയംകുളം അജീഷ് നിവാസിൽ പ്രജീഷ് ഗോവിന്ദരാജ് ജോലിക്ക് കയറിയത്.
ഇലക്ട്രോ ടെക്‌നിക്കൽ ഓഫീസർ (ഇ.ടി.ഒ) ആയാണ് ജോലി ചെയ്യുന്നത്. കേരളത്തിനും ഇന്ത്യക്കും അഭിമാനമായ നേട്ടത്തിൽ ഒരു ജീവനക്കാരനായി പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് പ്രജീഷ് പറഞ്ഞു. കപ്പലിൽ അഞ്ച് ഇന്ത്യക്കാരാണുള്ളത്. ശരണ്യയാണ് ഭാര്യ. രണ്ടുവയസ്സുകാരൻ വിഹാനാണ് മകൻ. അച്ഛൻ: ഗോവിന്ദ രാജ്, അമ്മ: ശശി പ്രഭ.
പത്താം ക്ലാസ് വരെ ടി.ആർ.കെ. ഹൈസ്കൂളിലും, പ്ലസ്‌ടു ചളവറ ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു. കുളപ്പുള്ളി ഐ.പി.ടിയിൽ നിന്ന് ഡിപ്ലോമയും പെരിന്തൽമണ്ണ എം.ഇ.എ.യിൽ നിന്ന് എൻജിനിയറിങ്ങും പൂർത്തിയാക്കി. മുംബൈയിൽ നിന്ന് മറൈൻ എൻജിനീയറിങ്ങും പൂർത്തിയാക്കി.
ഇടുക്കി പെരുവന്താനത്ത് പോലീസ് സ്റ്റേഷനിൽ പാറാവു ഡ്യൂട്ടിക്കിടെ അബദ്ധത്തിൽ വെടിപൊട്ടി. സംഭവവുമായി ബന്ധപ്പെട്ട് സി.പി.ഒ. മൊളൈസ് മൈക്കിളിനെ സസ്പെൻഡ് ചെയ്തു. പിസ്റ്റൾ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പാറാവുഡ്യൂട്ടിക്കുണ്ടായിരുന്ന മൊറൈസ് മൈക്കിളിന്റെ കൈവശം ഉണ്ടായിരുന്ന പിസ്റ്റളിൽ നിന്നാണ് വെടിപൊട്ടിയത്. പോലീസ് സ്റ്റേഷന്റെ ഭിത്തിയിലാണ് വെടിയുണ്ട തറച്ചത്.
ആയുധം അശ്രദ്ധമായി കൈകാര്യം ചെയ്തതിന്റെ പേരിലാണ് മൊളൈസിനെ ജില്ലാ പോലീസ് മേധാവി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
കർണാടകയിലെ കുട്ടയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേർ പിടിയിലായി. വയനാട് തോല്‍പ്പെട്ടി സ്വദേശികളായ രാഹുല്‍(21), മനു(25), സന്ദീപ്(27), കർണാടക നത്തംഗള സ്വദേശികളായ നവീന്ദ്ര(24), അക്ഷയ്(27) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു കേസിനാസ്പദമായ സംഭവം.
പ്രായപൂർത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെയാണ് പ്രതികള്‍ കാറില്‍ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഒരുപെണ്‍കുട്ടിയെ അഞ്ചുപേരും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ പെണ്‍കുട്ടികളെ കാറില്‍ കയറ്റിയത്. പിന്നാലെ ഇവരുമായി നത്തംഗളയിലെ കാപ്പിത്തോട്ടത്തിലേക്ക് പോയി. ഇവിടെവെച്ച് ഒരു പെണ്‍കുട്ടിയെ പ്രതികള്‍ ബലാത്സംഗത്തിനിരയാക്കി. പിന്നാലെ രണ്ടാമത്തെ പെണ്‍കുട്ടിയെയും പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ഇവരില്‍നിന്ന് ഓടിരക്ഷപ്പെട്ടു. തുടർന്ന് പെണ്‍കുട്ടി നാട്ടുകാരെ വിവരമറിയിച്ചു.
നാട്ടുകാർ വിവരമറിഞ്ഞ് ഓടിയെത്തിയതോടെ പ്രതികള്‍ രക്ഷപ്പെടാൻ ശ്രമിച്ചു. ഇവരുടെ കാർ നാട്ടുകാർ തടഞ്ഞിട്ടതോടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ചുപേരെയും പിടികൂടിയത്.
കോച്ച് ഗാരെത് സൗത്ത്‌ഗേറ്റിന്റെ കൃത്യസമയത്തെ മാറ്റം ഫലം കണ്ടു. 90-ാം മിനിറ്റില്‍ പകരക്കാരന്‍ ഒലി വാറ്റ്കിന്‍സ് നേടിയ ഗോളില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇംഗ്ലീഷ് സംഘത്തിന്റെ ജയം. ഇംഗ്ലീഷ് ടീമിന്റെ തുടര്‍ച്ചയായ രണ്ടാം യൂറോ കപ്പ് ഫൈനലാണിത്. വിദേശ മണ്ണില്‍ ഇതാദ്യമായാണ് ഇംഗ്ലണ്ട് ഒരു ടൂര്‍ണമെന്റ് ഫൈനലിലെത്തുന്നത്. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ സ്‌പെയിനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.
ഇതോടെ യൂറോ കപ്പില്‍ സെമിയിലെത്തിയ ആറാം തവണയും നെതര്‍ലന്‍ഡ്‌സിന് ഫൈനല്‍ കാണാതെ മടങ്ങാനായിരുന്നു വിധി. ഏഴാം മിനിറ്റില്‍ സാവി സിമോണ്‍സിന്റെ റോക്കറ്റ് ഷോട്ടിലൂടെ മുന്നിലെത്തിയ ഡച്ച് ടീമിനെതിരേ 18-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. പിന്നാലെ മത്സരം അധികസമയത്തേക്ക് പോകുമെന്ന ഘട്ടത്തില്‍ നിശ്ചിത സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ നേടിയ ഗോളില്‍ ഒലി വാറ്റ്കിന്‍സ് ഇംഗ്ലണ്ടിന് ഫൈനല്‍ ടിക്കറ്റ് സമ്മാനിക്കുകയായിരുന്നു.
തുര്‍ക്കിക്കെതിരായ ക്വാര്‍ട്ടറില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് റൊണാള്‍ഡ് കോമാന്‍ നെതര്‍ലന്‍ഡ്‌സിനെ കളത്തിലിറക്കിയത്. സ്റ്റീവന്‍ ബെര്‍ഗ്വിന് പകരം ഡോണ്‍യെല്‍ മാലെന്‍ ആദ്യ ഇലവനിലെത്തി. ഇംഗ്ലണ്ട് ടീമില്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് മാര്‍ക് ഗുഹി തിരിച്ചെത്തിയപ്പോള്‍ എസ്രി കോന്‍സയ്ക്ക് സ്ഥാനം നഷ്ടമായി.
നെതര്‍ലന്‍ഡ്‌സ് ടീമിന്റെ തുടര്‍സമ്മര്‍ദങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ഡോണ്‍യെല്‍ മാലെനും സാവി സിമോണ്‍സും കോഡി ഗാക്‌പോയും ചേര്‍ന്നുള്ള മുന്നേറ്റങ്ങള്‍ തുടക്കത്തില്‍ ഇംഗ്ലണ്ട് പ്രതിരോധത്തെ സമ്മര്‍ദത്തിലാക്കി. എന്നാല്‍ പെട്ടെന്ന് കളിയില്‍ താളം കണ്ടെത്തിയ ഇംഗ്ലണ്ട് തിരിച്ചും ആക്രമണമാരംഭിച്ചു. ബുകായോ സാക്കയും ഫില്‍ ഫോഡനും ജൂഡ് ബെല്ലിങ്ങാമുമായിരുന്നു ഇംഗ്ലണ്ട് മുന്നേറ്റത്തിന് നേതൃത്വം കൊടുത്തത്.
എന്നാല്‍ ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സാവി സിമോണ്‍സിന്റെ റോക്കറ്റ് ഷോട്ടിലൂടെ ഡച്ച് ടീം മുന്നിലെത്തി. ഡെക്ലാന്‍ റൈസില്‍ നിന്ന് പന്ത് റാഞ്ചി മുന്നേറിയ സിമോണ്‍സിന്റെ കിടിലന്‍ ലോങ് റേഞ്ചര്‍ തടയാന്‍ ഇംഗ്ലീഷ് ഗോളി ജോര്‍ദന്‍ പിക്‌ഫോര്‍ഡിനായില്ല. ഗോളിയുടെ വിരലിലുരുമ്മി പന്ത് വലതുളച്ചു.
ഗോള്‍ വീണതോടെ ഇംഗ്ലണ്ട് ഉണര്‍ന്നുകളിച്ചു. 13-ാം മിനിറ്റില്‍ കെയ്‌നിന്റെ ഷോട്ട് ഡച്ച് ഗോളി വെര്‍ബ്രുഗ്ഗന്‍ രക്ഷപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ സാക്കയുടെ മുന്നേറ്റം ഡച്ച് ബോക്‌സ് വിറപ്പിച്ചു. സാക്കയുടെ ഈ മുന്നേറ്റത്തിനിടെ ലഭിച്ച പന്തില്‍ നിന്ന് ഒരു വോളിക്കുള്ള ശ്രമത്തിനിടെ ഹാരി കെയ്‌നിനെതിരായ ഡെന്‍സെല്‍ ഡംഫ്രീസിന്റെ ഫൗളിന് റഫറി പെനാല്‍റ്റി വിധിച്ചു. ഏറെ നേരത്തേ വാര്‍ പരിശോധനയ്ക്കു ശേഷമായിരുന്നു റഫറിയുടെ തീരുമാനം. പിന്നാലെ കിക്കെടുത്ത കെയ്ന്‍ 18-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു.
ഗോള്‍ നേടിയതിനു പിന്നാലെ ഇംഗ്ലണ്ടിനായിരുന്നു മത്സരത്തില്‍ ആധിപത്യം. ഫില്‍ ഫോഡനും ഫോമിലേക്കെത്തിയതോടെ ഇംഗ്ലണ്ട് ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂടി. 23-ാം മിനിറ്റില്‍ ഇത്തരമൊരു അതിവേഗ മുന്നേറ്റത്തിനു ശേഷമുള്ള ഫോഡന്റെ ഷോട്ട് ഡംഫ്രീസ് ഗോള്‍ലൈനില്‍വെച്ച് അദ്ഭുതകരമായി രക്ഷപ്പെടുത്തി.
തുടര്‍ന്ന് ഒരു കോര്‍ണറില്‍ നിന്നുള്ള ഡംഫ്രീസിന്റെ ഹെഡര്‍ ക്രോസ്ബാറിലിടിച്ച് മടങ്ങി. രണ്ടു മിനിറ്റിനു ശേഷം ഒരു തകര്‍പ്പന്‍ മുന്നേറ്റം നടത്തിയ ഫോഡന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തു.
തുടര്‍ന്ന് ആദ്യ പകുതിയില്‍ തന്നെ മെംഫിസ് ഡീപേ പരിക്കേറ്റ് മടങ്ങിയത് ഡച്ച് ടീമിന് തിരിച്ചടിയായി. ജോയ് വീര്‍മന്‍ പകരമിറങ്ങി.
നെതര്‍ലന്‍ഡ്‌സ് മാലെനു പകരം വുട്ട് വെഗ്രോസ്റ്റിനെയും ഇംഗ്ലണ്ട് ട്രിപ്പിയറിനു പകരം ലൂക്ക് ഷോയേയും കളത്തിലിറക്കിയാണ് രണ്ടാം പകുതിക്കിറങ്ങിയത്.
പന്ത് കൈവശംവെച്ച് കളിക്കാനാണ് ഇംഗ്ലണ്ട് രണ്ടാം പകുതിയില്‍ ശ്രമിച്ചത്. ഡച്ച് ടീമാകട്ടെ പ്രതിരോധം ശക്തമാക്കി. 65-ാം മിനിറ്റില്‍ വാന്‍ഡൈക്കിന്റെ ഗോളെന്നുറച്ച ഷോട്ട് രക്ഷപ്പെടുത്തി പിക്ക്‌ഫോര്‍ഡ് ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിനെ കാത്തു. 75 മിനിറ്റിന് ശേഷമാണ് രണ്ടാം പകുതിയില്‍ ഡച്ച് ആക്രമണങ്ങള്‍ കടുപ്പിച്ചത്.
പിന്നാലെ 79-ാം മിനിറ്റില്‍ ഫോഡനും കൈല്‍ വാക്കറും ചേര്‍ന്നുള്ള മുന്നേറ്റത്തിനൊടുവില്‍ സാക്ക പന്ത് വലയിലാക്കിയെങ്കിലും വാല്‍ക്കര്‍ ഓഫ്‌സൈഡായിരുന്നതിനാല്‍ ഗോള്‍ നിഷേധിച്ചു. 80 മിനിറ്റിനു ശേഷം കോച്ച് ഗാരെത് സൗത്ത് ഗേറ്റിന്റെ ധീരമായ രണ്ട് മാറ്റങ്ങളാണ് മത്സരത്തിന്റൈ ഫലം നിര്‍ണയിച്ചത്. ഗോള്‍ ലക്ഷ്യമിട്ട് ഫോഡനെയും കെയ്‌നിനെയും പിന്‍വലിച്ച് കോള്‍ പാല്‍മറെയും ഒലി വാറ്റ്കിന്‍സിനെയും കളത്തിലിറക്കി.
കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പാല്‍മറുടെ പാസ് ബോക്‌സിനുള്ളില്‍ സ്വീകരിച്ച് വെട്ടിത്തിരിഞ്ഞുള്ള വാറ്റ്കിന്‍സിന്റെ ഷോട്ട് വലയില്‍. ഒപ്പം ഇംഗ്ലണ്ടിന് ഫൈനല്‍ ബര്‍ത്തും.
എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ്(ഇ.എസ്.ഐ.) പദ്ധതിയിൽ അംഗമാകാനുള്ള പരമാവധി ശമ്പളപരിധി 21,000 രൂപയിൽനിന്ന് 30,000 രൂപയാക്കി ഉയർത്തിയേക്കും. ഇതോടെ, രാജ്യത്ത് പുതുതായി ഒരുകോടി തൊഴിലാളികൾക്കുകൂടി പദ്ധതിയിൽ അംഗമാകാൻ അവസരമുണ്ടാകും. കേരളത്തിൽ അഞ്ചുലക്ഷത്തോളം പേർക്കുകൂടി ആനുകൂല്യം ലഭിക്കും. നിലവിൽ സംസ്ഥാനത്ത് ഏതാണ്ട് പത്തുലക്ഷം അംഗങ്ങളാണുള്ളത്.
ഇപ്പോഴത്തെ ശമ്പളപരിധി നിലവിൽവന്നത് 2017-ലാണ്. അതിനുശേഷം ശമ്പളം കൂടിയതുവഴി രാജ്യത്ത് 80 ലക്ഷത്തോളം പേർ പദ്ധതിയിൽനിന്ന് പുറത്തായി. ഏഴുവർഷത്തിനിടെ ശമ്പളത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടും ഇ.എസ്.ഐ. പരിധി ഉയർത്തിയില്ല. കഴിഞ്ഞമാസംനടന്ന ഇ.എസ്.ഐ.യുടെ സ്ഥിരംസമിതിയോഗത്തിൽ 30,000 രൂപ ശുപാർശചെയ്യാൻ തീരുമാനിച്ചതായാണ് അറിയുന്നത്. ബോർഡ് യോഗം ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കും.
ശമ്പളപരിധി 25,000 രൂപയാക്കാൻ 2014-ൽ നിർദേശിക്കുകയും അന്നത്തെ തൊഴിൽമന്ത്രി ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും പിന്നീട് 2017-ൽ വിജ്ഞാപനമിറക്കിയപ്പോൾ 21,000 ആക്കി നിശ്ചയിക്കുകയായിരുന്നു. ശമ്പളപരിധി ഉയർത്തുക എന്നതിലുപരി, പി.എഫിന്റെ മാതൃകയിൽ, ഒരിക്കൽ അംഗമായവർക്ക് ജോലിയിലുള്ളിടത്തോളം ഇ.എസ്.ഐ.യിൽ തുടരാൻ അനുവദിക്കണമെന്നാണ് മറ്റൊരാവശ്യമെന്ന് ബോർഡ് അംഗം എസ്. ദുരൈരാജ് പറഞ്ഞു.
ഇ.എസ്.ഐ.യുടെയും ഇ.പി.എഫിന്റെയും ശമ്പളപരിധി ഉയർത്തുന്നതുൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ബി.എം.എസ്. പ്രതിനിധികൾ കഴിഞ്ഞദിവസം തൊഴിൽമന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യയുമായി ചർച്ചനടത്തിയിരുന്നു. ഇ.എസ്.ഐ. ശമ്പളപരിധി ഉയർത്തുന്നതുൾപ്പെടെയുള്ള വിഷയത്തിൽ അനുകൂലനിലപാടാണ് മന്ത്രി സ്വീകരിച്ചത്. ആജീവനാന്ത അംഗത്വത്തിന്റെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടായേക്കില്ല.
ശമ്പളപരിധി ഉയർത്തുന്നതുസംബന്ധിച്ച് പരിശോധിക്കാൻ ഇ.എസ്.ഐ. കോർപ്പറേഷൻ കഴിഞ്ഞവർഷം ആറംഗ ഉപസമിതിയെ നിയോഗിച്ചിരുന്നു. അതിൽ അംഗമായിരുന്ന ബി.എം.എസ്. നേതാവ് വി. രാധാകൃഷ്ണൻ, ശമ്പളപരിധി 45,000 രൂപയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ, 2017-നുശേഷം ഓരോ സംസ്ഥാനങ്ങളിലുമുണ്ടായ ശമ്പളവർധനയുടെ കണക്കെടുക്കണമെന്നാണ് തൊഴിലുടമകൾ ആവശ്യപ്പെട്ടത്.
ഇ.എസ്.ഐ. ആനുകൂല്യങ്ങൾ
ഇ.എസ്.ഐ. അംഗങ്ങൾക്കും ഗുണഭോക്താക്കൾക്കും പ്രതിവർഷം പത്തുലക്ഷംരൂപയുടെ ചികിത്സയാണ് നിലവിലുള്ളത്. പ്രത്യേക സാഹചര്യങ്ങളിൽ കൂടുതൽ തുക അനുവദിക്കും. അംഗങ്ങളുടെ ആകെ ശമ്പളത്തിന്റെ നാലുശതമാനമാണ് പദ്ധതിയിലേക്ക് വകമാറ്റുന്നത്. ഇതിൽ 0.75 ശതമാനം തൊഴിലാളിയും ബാക്കി 3.25 ശതമാനം തൊഴിലുടമയുമാണ് നൽകേണ്ടത്. രാജ്യത്ത് 159 ഇ.എസ്.ഐ. ആശുപത്രികളുണ്ട്. അതിൽ 102 എണ്ണം സംസ്ഥാനങ്ങളും ബാക്കി കോർപ്പറേഷൻ നേരിട്ടുമാണ് നടത്തുന്നത്.
ബിഹാറില്‍ പാലം തകരുന്നത് തുടര്‍ സംഭവമാകുന്നു. ഇന്ന് ഒരു പാലം കൂടി തകര്‍ന്നു. സഹാര്‍സ ജില്ലയിലെ മഹിഷി ഗ്രാമത്തിലാണ് പാലം തകര്‍ന്നത്.
മൂന്നാഴ്ചക്കുള്ളില്‍ തകരുന്ന പതിമൂന്നാമത്തെ പാലമാണിത്. പാലം തകര്‍ന്നെങ്കിലും ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. പാലം നിലം പൊത്തുന്നത് ബിഹാറില്‍ പതിവാകുന്നത് സംസ്ഥാന സര്‍ക്കാരിന് വലിയ തലവേദനയായി മാറി. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.
പാലം തകര്‍ന്നു വീഴല്‍ നിത്യ സംഭവമായതോടെ 11 എന്‍ജിനിയര്‍മാരെ സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. പഴയ പാലങ്ങളെ പറ്റി സര്‍വെ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. അതിനിടയിലാണ് മറ്റൊരു പാലം കൂടി തകര്‍ന്ന് വീണത്.
തനിക്കെതിരെ കേസ് നടത്താന്‍ വിസിമാര്‍ ചെലവിട്ട 1.13 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ചാന്‍സലറായ ഗവര്‍ണര്‍ വിസിമാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കുന്നത്.
വിസി നിയമനം റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ കേസിന് പോയത്. സര്‍ക്കാരിന്റെ ചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും സ്വന്തം ചെലവിലാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസിമാര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത്. സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം സര്‍വകലാശാലയുടെ ഫണ്ട് ആണ്.
അത് ഉപയോഗിച്ച് പൊതുചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും വ്യക്തികള്‍ തന്നെയാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇങ്ങനെ കേസ് നടത്തുന്നത് ചട്ടമനുസരിച്ച് ശരിയല്ലെന്നും അതിനാല്‍ കേസിന് ചെലവഴിച്ച തുക തിരിച്ചടയ്ക്കാനുമാണ് ഗവര്‍ണറുടെ നിര്‍ദേശം.
കേസിനായി വിവിധ വിസിമാര്‍ 1.13 കോടി രൂപയാണ് ചെലവിട്ടതെന്നാണ് രാജ്ഭവന്റെ കണ്ടെത്തല്‍. ഇതിന്റെ കണക്കുകള്‍ നിയമസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കേസിനായി ചെലവഴിച്ച വിസിമാരില്‍ നിന്ന് തുക തിരിച്ചു പിടിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്.
ഇതുമായി ബന്ധപ്പെട്ട് എന്ത് നടപടി സ്വീകരിച്ചുവെന്നും ആ പണം എപ്പോള്‍ ലഭിക്കുമെന്നും എത്ര തുക ലഭിച്ചു എന്നുള്ളതടക്കം രേഖാമൂലം ഇപ്പോഴത്തെ വിസിമാര്‍ രാജ്ഭവനെ അറിയിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കേസിനായി ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് കണ്ണൂര്‍ വിസിയായിരുന്ന ഡോ. ഗോപിനാഥ് രവീന്ദ്രനാണ്. കേസ് നടത്താനായി അദേഹം 67 ലക്ഷത്തോളം രൂപ ചെലവഴിച്ചിട്ടുണ്ട്. കുഫോസ് വിസിയായിരുന്ന ഡോ. റിജി ജോണ്‍ 36 ലക്ഷം ചെലവഴിച്ചു.
സാങ്കേതിക സര്‍വകലാശാലയുടെ വിസി ഡോ. എം.എസ് രാജശ്രി ഒന്നരലക്ഷം രൂപ, കാലിക്കറ്റ് വിസി ഡോ. എം.കെ ജയരാജ് 4,25,000 രൂപ, കുസാറ്റ് വിസി ഡോ. മദുസൂധനന്‍ 77,500 രൂപ, മലയാളം സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഡോ. വി. അനില്‍കുമാര്‍ ഒരു ലക്ഷം രൂപ, ശ്രീനാരായണ ഗുരു ഓപ്പണ്‍ യുണിവേഴ്സിറ്റി വിസി മുബാറക് പാഷ 53,000 രൂപ എന്നിങ്ങനെ സര്‍വകലാശാല ഫണ്ടില്‍ നിന്ന് ചെലവഴിച്ചുവെന്നാണ് രാജ്ഭവന്റെ കണ്ടത്തല്‍.
മാഞ്ചസ്റ്ററിലെ കെയർഹോമില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിനെ വ്യാജ പരാതി ചമച്ച് പുറത്താക്കിയ നടപടിയാണ് സമീക്ഷയുടെ ഇടപെടലിനെ തുടർന്ന് റദ്ദാക്കിയത്. സമീക്ഷയ്ക്കൊപ്പം യുവാവ് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് മനസിലാക്കിയ മാനേജ്മെന്‍റ് ജോലിയില്‍ തിരിച്ചെടുക്കുകയായിരുന്നു.
കഴിഞ്ഞ മാസം ആദ്യവാരമാണ് സംഭവങ്ങളുടെ തുടക്കം. വംശീയ വിദ്വേഷം വച്ചുപുലർത്തിയ സഹപ്രവർത്തകൻ യുവാവിനെതിരെ മാനേജ്മെന്‍റിന് വ്യാജപരാതി നല്‍കി. കെയർ ഹോമിലെ അന്തേവാസിയായ ബ്രിട്ടീഷ് വനിതയോട് മോശമായി പെരുമാറി എന്നായിരുന്നു പരാതിയുടെ ഉള്ളടക്കം. വിഷയം ഉടൻ ഒത്തുതീർപ്പാർക്കാമെന്നും പുറത്തുപറയരുതെന്നും മാനേജ്മെന്‍റ് നിർദേശിച്ചതിനാല്‍ യുവാവ് ഇക്കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിച്ചു. എന്നാല്‍
ഇതിനോടകം കെയർ ഹോം അധികൃതർ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് അറസ്റ്റ് ചെയ്ത് കൈയ്യാമം വെച്ചാണ് യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. തുടർന്ന് ചോദ്യംചെയ്ത് ഒരു ദിവസം ലോക്കപ്പിലിട്ട് ജാമ്യത്തില്‍ വിട്ടു. ഇതിനിടെ യുവാവിനെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കാണിച്ച് സ്ഥാപനം കത്ത് നല്‍കി. ഈ സാഹചര്യത്തിലാണ് മാനസികമായി തകർന്ന യുവാവ് സമീക്ഷ ലണ്ടൻ ഏരിയ സെക്രട്ടറി മിഥുനുമായി ഫോണില്‍ സംസാരിച്ചത്. നിരപരാധിത്വം ബോധ്യപ്പെട്ട സമീക്ഷ നേതൃത്വം യുവാവിനൊപ്പം നില്‍ക്കാൻ തീരുമാനിച്ചു. നാഷണല്‍ സെക്രട്ടേറിയറ്റ് മെമ്പർ ജിജു സൈമണും മാഞ്ചസ്റ്റർ യൂണിറ്റ് പ്രസിഡൻ്റ് ഷാജിമോൻ കെ.ഡിയും സഹായ സഹകരണങ്ങൾ ഉറപ്പാക്കി.
യുവാവിനും കുടുംബത്തിനും മാനസിക പിന്തുണ നല്‍കി. നാഷണല്‍ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ദിനേശ് വെള്ളാപ്പള്ളി വിഷയത്തില്‍ സജീവമായി ഇടപെട്ടു. മുഴുവൻ വിവരങ്ങളും സമീക്ഷ ലീഗല്‍ ഹെല്‍പ് ഡെസ്കിന് കൈമാറി. സെക്രട്ടേറിയറ്റ് മെമ്പറും ലോക കേരള സഭാംഗവുമായ അഡ്വ. ദിലീപ് കുമാർ നിയമസാധ്യതകളെ കുറിച്ച്
പഠിച്ചു. ടെർമിനേഷൻ ലെറ്ററിനൊപ്പം സ്ഥാപനം അപ്പീല്‍ റെെറ്റ് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തി. എംപ്ലേയ്മെന്‍റ് ട്രൈബ്യൂണലിനെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കണമെങ്കില്‍ അപ്പീല്‍ റെെറ്റ് നിർബന്ധമാണ്. ഇക്കാര്യം
കാണിച്ച് കെയർഹോം മാനേജ്മെന്‍റിന് രേഖാമൂലം കത്തയച്ചു. കാര്യങ്ങളുടെ പോക്ക് നിയമവഴിയിലാണെന്ന് തിരിച്ചറിഞ്ഞ മാനേജ്മെന്‍റ് ഒത്തുതീർപ്പിന് തയ്യാറായി. ഉടൻ ജോലിക്ക് ഹാജരാകാൻ അറിയിപ്പ് നല്‍കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച യുവാവ് തിരികെ ജോലിയില്‍ പ്രവേശിച്ചു. അന്യനാട്ടില്‍ എല്ലാം കൈവിട്ട ഘട്ടത്തില്‍ ഒരു ചെറുപ്പക്കാരന് തുണയായതിന്‍റെ ചാരിതാർത്ഥ്യത്തിലാണ് സമീക്ഷ യുകെ. നിരവധി പേരാണ് ഇതുപോലെ സമീക്ഷ ഹെല്‍പ് ഡെസ്കിന്‍റെ സഹായത്താല്‍ ജീവിതം തിരിച്ചുപിടിച്ചത്. യുകെയിൽ എത്തി ഇത്തരം ചതിയിൽപ്പെടുന്നവർക്ക് നിയമസഹായത്തിനും മറ്റും സമീക്ഷയുമായി ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാനത്ത് നാലുദിവസം വ്യാപകമായി ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും വടക്കന്‍ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്.
വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരള തീരം മുതല്‍ മഹാരാഷ്ട്ര തീരംവരെ ന്യുന മര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളിലും മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.
അതിനിടെ, കേരള തീരത്തും തമിഴ്നാട് തീരത്തും വ്യാഴാഴ്ച രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുംതീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.
നെയ്യാറ്റിന്‍കരയിലെ കോളറ ബാധയുടെ പശ്ചാത്തലത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത വയറിളക്കം പിടിപ്പെട്ടാല്‍ അടിയന്തരമായി വൈദ്യപരിശോധന നടത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. രോഗാണുക്കളാല്‍ മലിനമാക്കപ്പെട്ട ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് വയറിളക്ക രോഗങ്ങള്‍ പകരുന്നത്. വയറിളക്ക രോഗങ്ങളില്‍ ഗരുതരമാകാവുന്ന ഒന്നാണ് കോളറയെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കോളറ മുതിര്‍ന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കഞ്ഞി വെള്ളത്തിന്റെ രൂപത്തില്‍ വയറിളകി പോകുന്നതാണ് പ്രധാന ലക്ഷണം. കൂടുതല്‍ തവണ വയറിളകി പോകുന്നതിനാല്‍ വളരെ പെട്ടെന്ന് നിര്‍ജലീകരണം സംഭവിച്ച് ഗരുതരാവസ്ഥയില്‍ ആകുവാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. ഇത്തരം കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മലം പരിശോധനയ്ക്ക് അയക്കേണ്ടതും നിര്‍ജലീകരണം ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്. ആന്റിബയോട്ടിക് ചികിത്സ എത്രയും വേഗം ആരംഭിക്കേണ്ടതാണ്. ഡോക്‌സിസൈക്ലിന്‍, അസിത്രോമൈസിന്‍ എന്നിവ ഫലപ്രദമാണ്.
വയറിളക്കം പിടിപെട്ടാല്‍ ആരംഭത്തില്‍ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാവുന്നതാണ്.
വയറിളക്ക രോഗമുള്ളപ്പോള്‍ ഒആര്‍എസിനൊപ്പം സിങ്ക് (Zinc) ഗളിക നല്‍കേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒആര്‍എസ്, സിങ്ക് ഗളിക എന്നിവ സൗജന്യമായി ലഭ്യമാണ്.
രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ഏറ്റവും അടുത്തുള്ള കിടത്തി ചികിത്സ സൗകര്യമുള്ള ആശുപത്രിയില്‍ എത്തേണ്ടതാണ്.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങള്‍ തടയാന്‍ കഴിയും.
നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവു.
മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ വൃത്തിയായി കഴുകി നന്നായി പാകം ചെയ്ത് മാത്രമേ ഭക്ഷിക്കാവൂ.
ഐസ്‌ക്രീമും മറ്റു പാനീയങ്ങളും പാകം ചെയ്യാത്ത മത്സ്യത്തോടൊപ്പം ഒരുമിച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല.
പച്ചവെള്ളവും, തിളപ്പിച്ച വെള്ളവും കുട്ടിച്ചേര്‍ത്ത് ഉപയോഗിക്കരുത്.
ആഹാരം കഴിക്കുന്നതിനു മുന്‍പും, ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം.
ആഹാരസാധനങ്ങള്‍ ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം.
ഹോട്ടലുകളും, ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തേണ്ടതാണ്.
വയറിളക്ക രോഗങ്ങള്‍ പകരാതിരിക്കാന്‍ കുഞ്ഞുങ്ങളെ മലവിസര്‍ജ്ജനത്തിന് ശേഷം ശുചിമുറിയില്‍ മാത്രം കഴുകിക്കുക. മുറ്റത്തോ മറ്റ് ടാപ്പുകളുടെ ചുവട്ടിലോ കഴുകിക്കരുത്. കഴുകിച്ച ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
വയറിളക്ക രോഗമുള്ള കുട്ടികള്‍ ഉപയോഗിച്ച ഡയപ്പറുകള്‍ കഴുകി, ബ്ലീച്ച് ലായനിയില്‍ 10 മിനിറ്റ് മുക്കി വെച്ചതിനുശേഷം മാത്രം ആഴത്തില്‍ കുഴിച്ചിടുക.