റിലയന്‍സ് ജിയോ നെറ്റ് വര്‍ക്ക് പോണ്‍വെബ്‌സൈറ്റുകള്‍ തടഞ്ഞതിന് പിന്നാലെ, രാജ്യത്തെ മറ്റ് ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, ബിഎസ്എന്‍എല്‍ തുടങ്ങിയ കമ്പനികളും പോണ്‍ വെബ്‌സൈറ്റുകള്‍ തടയുന്നു. ടെലികോം മന്ത്രാലയം നല്‍കിയ പട്ടികയിലെ 827 വെബ്‌സൈറ്റുകളാണ് ബ്ലോക്ക് ചെയ്യുക.
കുട്ടികളുടെ മനസ്സിലേക്ക് മോശമായ ചിന്തകള്‍ കയറ്റിവിടുന്ന ഒരു പരിമിതികളുമില്ലാത്ത അശ്ലീല സൈറ്റുകള്‍ തടയുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ വേണമെന്ന ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പോണ്‍വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നതിനുള്ള ഉത്തരവ് ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചത്.ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ചെയ്ത കേസ് പരിഗണിക്കുന്നിതിനിടെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.അശ്ലീല വീഡിയോകള്‍ കണ്ടശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാര്‍ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു.
857 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. ഇതില്‍ 30 വെബ്‌സൈറ്റുകള്‍ അശ്ലീല ഉള്ളടക്കങ്ങള്‍ ഇല്ലാത്തവയാണെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം കണ്ടെത്തി. ബാക്കിയുള്ള 827 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം മന്ത്രാലയത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.മറ്റുകമ്പനികളും ഉത്തരവ് നടപ്പിലാക്കുന്നതോടെ രാജ്യത്ത് സമ്പൂര്‍ണ പോണ്‍നിരോധനം നിലവില്‍ വരും.
സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടിവായ നൂര്‍സാറ സൂക്കുമിയുടെ അപ്രതീക്ഷിത മരണം സോഷ്യല്‍മീഡിയയില്‍ അവരെ പിന്തുടരുന്നവരെയും നൂര്‍സാറയുടെ സുഹൃത്തുക്കളെയും ഞെട്ടിച്ചിരിക്കുകയാണ്.

മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സുഹൃത്തുക്കള്‍ക്കൊപ്പം നൂര്‍സാറ എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. തായ്‌ലന്‍ഡിലെ പ്രമുഖ റെസ്‌റ്റോറന്റില്‍ നിന്ന് കടല്‍ വിഭവങ്ങള്‍ക്കൊപ്പം ഇവര്‍ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുകയായിരുന്നു.

2005 ലെ മിസ് തായലന്‍ഡായിരുന്നു നൂര്‍സറ സുക്കുമി. കോടീശ്വരന്‍ വിച്ചയ് ശ്രീവദന്‍പ്രഭയ്‌ക്കൊപ്പമാണ് സുക്കുമി ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ലെസ്റ്റര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന് പുറത്ത് ഹെലികോപ്ടര്‍ തകര്‍ന്നു വീണ് അഞ്ചു പേരാണ് മരിച്ചത്.

കളി കഴിഞ്ഞ് മടങ്ങുകയായിരുന്ന ആരാധകര്‍ക്കും വീടുകള്‍ക്കും മുകളില്‍ വീഴാതെ സ്റ്റേഡിയത്തിന് പുറത്തെ ഒഴിഞ്ഞ സ്ഥലത്തേക്ക് ഹെലികോപ്ടര്‍ പറത്തിയ പൈലറ്റിന്റെ മനോബലം വന്‍ ദുരന്തം ഒഴിവാക്കി. ക്ലബിന്റെ മത്സരം കാണാനാണ് ശ്രീവര്‍ധന പ്രഭയും മറ്റുള്ളവരും ഹെലികോപ്റ്ററിലെത്തിയത്. മത്സര ശേഷം പറന്നുയര്‍ന്ന ഹെലികോപ്ടര്‍ പെട്ടെന്ന് കത്തിയമരുകയായിരുന്നു.
കൊളംബോ: ശ്രീലങ്കയില്‍ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രമന്ത്രിയായിരുന്ന അര്‍ജുന രണതുംഗെ അറസ്റ്റില്‍. രണതുംഗെയുടെ അംഗരക്ഷകര്‍ തൊഴിലാളികള്‍ക്ക് നേരെയുതിര്‍ത്ത വെടിവെപ്പില്‍ ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ അംഗരക്ഷകനെ സംരക്ഷിച്ചുകൊണ്ടുളള വിശദീകരണവുമായി റണതുംഗെ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ കൊളംബോ ക്രൈം വിഭാഗം ഔദ്യോഗിക വസതിയിലെത്തി രണതുംഗെയെ അറസ്റ്റ് ചെയ്തതെന്ന് വക്താവായ റുവാന്‍ ഗുണശേഖര വാര്‍ത്താ ഏജന്‍സിയായ ‘റോയിട്ടേഴ്‌സി’നോട് പറഞ്ഞു.
മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന രണതുംഗെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് കൊളംബോയിലെ ദെമതഗോഡയിലുള്ള സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ഓഫീസിന് മുന്നില്‍ വെടിവെപ്പ് നടന്നത്. പ്രസിഡന്റ് പിരിച്ചുവിട്ട വിക്രമസിംഗെ മന്ത്രിസഭയിലെ മന്ത്രിയായ രണതുംഗെ പെട്രോളിയം ഓഫീസിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചപ്പോള്‍ സ്ഥലത്ത് തൊഴിലാളികള്‍ വന്‍പ്രതിഷേധപ്രകടനം നടത്തിയതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷവും വെടിവെപ്പും ഉണ്ടായത്.
‘അവരെന്നെ കൊല്ലുമായിരുന്നു. ഞാനിന്ന് ജീവനോടെയുള്ളത് ദൈവകൃപ കൊണ്ടാണ്. രാജ്യത്തെ നിയമവ്യവസ്ഥ അട്ടിമറിയ്ക്കപ്പെട്ടിരിക്കുന്നു. ഇതിന് ജനങ്ങള്‍ മറുപടി പറയും.’ രണതുംഗെ പ്രതികരിച്ചു.
നാല് വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയുടെ മൃതദേഹം തലമൊട്ടയടിച്ച നിലയില്‍ കണ്ടെത്തിയത് ഗ്രാമവാസികളെ ആശങ്കയിലാക്കുന്നു. കുട്ടിയുടെ കൈകളും ഒരു കാലും വെട്ടിനീക്കിയ നിലയിലാണ്. ജാര്‍ഖണ്ഡിലെ ഖുണ്ഡി ജില്ലയിലാണ് സംഭവം. അഞ്ജലി കുമാരിയെന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കുറ്റിക്കാട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടത് അന്വേഷിച്ച് ചെന്നപ്പോഴാണ് മൃതദേഹം കാണുന്നത്.
ദുര്‍മന്ത്രവാദമാണ് ഈ സംഭവത്തിന് പിന്നിലെന്നാണ് ഗ്രാമവാസികള്‍ ഭയപ്പെടുന്നത്. ഇതോടെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോകാന്‍ പോലും ഇവര്‍ കൂടെ പോകുന്ന അവസ്ഥയിലാണ്. കളിസ്ഥലങ്ങളിലേക്ക് കുട്ടികളെ വിടുന്നുമില്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ആരോപണങ്ങള്‍ സ്ഥിരീകരിക്കാറിയില്ലെന്നുമാണ് പോലീസിന്റെ നിലപാട്. ദുര്‍മന്ത്രാവദവുമായി ബന്ധപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറയുന്നു.
കുഴല്‍ക്കിണറിന് സമീപം കുളിച്ച് കൊണ്ടിരിക്കവെയാണ് മകളെ കാണാതായതെന്ന് കുട്ടിയുടെ അമ്മ പറയുന്നു. ഇതേക്കുറിച്ച് ഉടന്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. തന്റെ മകള്‍ എന്ത് കുറ്റം ചെയ്തിട്ടാണ് ഈ ക്രൂരതയെന്നാണ് ഈ അമ്മയുടെ ചോദ്യം. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നേരത്തെ തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊലപാതകകികള്‍ മൃതദേഹം പിന്നീട് ഇവിടെ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.
സംഭവത്തെത്തുടര്‍ന്ന് ഗ്രാമവാസികള്‍ കുട്ടികളുടെ സുരക്ഷയില്‍ ആശങ്കാകുലരാണ്. കൊലപാതകത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാകുന്നത് വരെ കുട്ടികളെ സ്‌കൂളിലേക്കും മറ്റും അനുഗമിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം.
തൃശ്ശൂര്‍: ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യയും കാമുകനും അറസ്റ്റില്‍. തിരൂര്‍ സ്വദേശി സുജാതയും കാമുകന്‍ സുരേഷ് ബാബുവും നാലംഗ ക്വട്ടേഷന്‍ സംഘാംഗങ്ങളുമാണ് അറസ്റ്റിലായത്. തിരൂര്‍ സ്വദേശി കൃഷ്ണകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മൂന്ന് വര്‍ഷമായി അടുപ്പത്തിലായിരുന്ന സുജാതയും സ്വകാര്യ ബസ് ജീവനക്കാരനായ സുരേഷ് ബാബുവും ഒരുമിച്ച് ജീവിക്കാനായി ഭര്‍ത്താവ് കൃഷ്ണകുമാറിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. ഇതിനായി തൃശൂരിലെ ക്വട്ടേഷന്‍ സംഘാംഗങ്ങളെ നാല് ലക്ഷം രൂപയ്ക്ക് കരാര്‍ ഉറപ്പിച്ചു. പതിനായിരം രൂപയും ഒന്നരപ്പവന്‍ സ്വര്‍ണവും അഡ്വാന്‍സായി നല്‍കുകയും ചെയ്തു.
കൃഷ്ണകുമാറിനെ കാറിടിച്ച് കൊല്ലാനായിരുന്നു ശ്രമം. തിങ്കളാഴ്ച വീട്ടില്‍ ന്ിന്നിറങ്ങിയ കൃഷ്ണകുമാറിന്റെ ഓരോ നീക്കവും ഭാര്യ കാമുകനെ അറിയിച്ചു. കാമുകന്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറി. കൃഷ്ണകുമാറിനെ പിന്തുടര്‍ന്ന സംഘം കാറിടിച്ച് കൊല്ലാന്‍ ശ്രമം നടത്തിയെങ്കിലും പദ്ധതി പാളി. അപകടത്തില്‍ കാലിന് പരിക്കേറ്റ കൃഷ്ണകുമാര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് സംഭവത്തില്‍ സംശയം തോന്നിയ കൃഷ്ണകുമാര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സ്വന്തം ഭാര്യ തന്നെ നല്‍കിയ ക്വട്ടേഷനാണെന്ന് അറിഞ്ഞത്.
അപകടം ഉണ്ടാക്കിയ കാര്‍ കണ്ടെത്തിയതോടെ ക്വട്ടേഷന്‍ സംഘം പിടിയിലായി. ഇതോടെ ഭാര്യയും കാമുകനും ചേര്‍ന്ന് നല്‍കിയ ക്വട്ടേഷനാണെന്ന് തെളിയുകയും ചെയ്തു. ക്വട്ടേഷന്‍ തെളിഞ്ഞതോടെ ഭാര്യയും കാമുകനും പൊലീസ് പിടിയിലായി. വീട്ടില്‍ എത്തിയ പൊലീസിന് മുന്നില്‍വെച്ച് ഭാര്യ സുജാത ഭര്‍ത്താവിനോട് പറഞ്ഞു. ചേട്ടാ തെറ്റുപറ്റിപ്പോയി ക്ഷമിക്കണം. നിന്നെ ഇത്രയും സ്‌നേഹിച്ചിട്ടും എന്നെ വധിക്കാന്‍ നീ പറഞ്ഞില്ലേ,,, കണ്ട് നിന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പോലും കണ്ണ് നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്.
ഭര്‍ത്താവ് വയനാട്ടില്‍ പോകുമ്പോള്‍ മക്കളെ സ്‌കൂളില്‍ വിടാന്‍ സുജാത സ്വകാര്യ ബസിലാണ് പോകാറുളളത്. ആ ബസ്സിലെ ഡ്രൈവറാണ് സുരേഷ് ബാബു. ഭര്‍ത്താവിനെ വകവരുത്തിയാല്‍ തങ്ങളുടെ പ്രണയ ബന്ധം സഫലമാകുമെന്ന് കരുതിയാണ് സുജാത ഈ കൊടുംപാതകത്തിന് മുതിര്‍ന്നത്.
കൊല്ലം: കൊല്ലം പറവൂരിനടുത്ത് ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പരവൂര്‍ തെക്കുംഭാഗം ബീച്ച് പഴയ പള്ളിക്ക് സമീപത്താണ് മോര്‍ച്ചറികളില്‍ മൃതദേഹം സൂക്ഷിക്കുന്നതിന് സമാനമായ ബാഗില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഏകദേശം ആറുമാസത്തെ പഴക്കമെങ്കിലും മൃതദേഹത്തിനുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.
ബാഗില്‍ സൂക്ഷിച്ച നിലയില്‍ അജ്ഞാത വസ്തു ശ്രദ്ധയില്‍പ്പെട്ടതോടെ പരിസരവാസികളാണ് പോലീസിനെ വിളിക്കുന്നത്. പരിശോധനയില്‍ മൃതദേഹമാണെന്ന് വ്യക്തമാവുകയായിരുന്നു. ബാഗില്‍ നിന്ന് ചുവന്ന പട്ടും ടവറും മൃതദേഹം പുതപ്പിക്കുന്ന തുണിയും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ കാറിലെത്തി മൂന്നംഗ സംഘമാണ് ബാഗ് ഉപേക്ഷിച്ചതെന്ന് പ്രദേശവാസിയായ സ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമീപകാലത്ത് കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇവര്‍ ഉപയോഗിച്ച കാറിന്റെ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
ശബരിമല വിശ്വാസ സമരം ബിജെപിയുടെ രാഷ്ട്രീയ തുറുപ്പു ചീട്ടായി അമിത്ഷാ മാറ്റി. ഈ കളി ജയിക്കാന്‍ വേണ്ടിയാകണം. പരാജയപ്പെട്ടാല്‍ ബിജെപിക്ക് കേരള ഘടകം ഇനി വേണ്ട. നേതാക്കള്‍ക്കുള്ള താക്കീതും, അണികളെ ഉണര്‍ത്തി വിടുന്നു പ്രസംഗവുമായി അമിത്ഷാ കളം നിറയുമ്പോള്‍ ഇതു വെറും അമിട്ടാണെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും കോടിയേരിയും തിരിച്ചടിച്ചു. ഇന്നലത്തെ വാക് യുദ്ധം കഴിഞ്ഞപ്പോള്‍ അമിത്ഷായുടെ അറ്റകൈ പ്രയോഗം. മണ്ഡല കാലത്ത് ശബരിമലയിലെത്തും.
ഇവിടെ അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ പെട്ടുപോവുകയാണ്. അമിത് ഷാ ശബരിമലയിലെത്തുക എന്നു പറഞ്ഞാല്‍ ബിജെപിയുടെ ദേശീയ നേതൃത്വം ഒന്നാകെ ശബരിമലയിലേക്ക് ശ്രദ്ധയൂന്നുന്നു എന്നു വരും. ഇസഡ് കാറ്റഗറി സുരക്ഷയുള്ള അമിത്ഷാ എത്തുന്നതിനു മുമ്പ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും, കേന്ദ്ര പോലീസും കളം നിറയും. ഏതു നിമിഷം വേണമെങ്കിലും അര്‍ദ്ധ സൈനിക വിഭാഗത്തെ വിന്യസിക്കുന്നതില്‍ വരെ കാര്യങ്ങളെത്താം. നാലു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കും ശബരിമല പ്രധാന വിഷയമാണ്. ഈ സംസ്ഥാനങ്ങളിലെ ബിജെപിയും ഭരണ സംവിധാനങ്ങളും ശബരിമലയിലേക്ക് ശ്രദ്ധ തിരിയും.
ചുരുക്കത്തില്‍ ശബരിമല വിഷയം ദേശീയ ചര്‍ച്ചയാകുന്നതിനൊപ്പം കേരളത്തിലെ വിശ്വാസി സമരങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയൊരുക്കാനും അമിത്ഷാക്കു കഴിയും ഇത് സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാകും. ശബരിമല സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങളും, വിശ്വാസ സംരക്ഷണ നടപടികളും തുടരാന്‍ വിശ്വാസികള്‍ക്കു കവചമൊരുക്കുകയും സംസ്ഥാന ബിജെപിക്ക് ശക്തമായ സമരമൊരുക്കാനുള്ള അവസരങ്ങളുണ്ടാകുകയുമാണ് അമിത് ഷാ ലക്ഷ്യമിടുന്നത്.
കേരളത്തിലെ ബിജെപിക്കിത് ജീവന്‍മരണ കളിയാണ്. കാസര്‍കോട് മുധൂര്‍ ക്ഷേത്രത്തില്‍ നിന്നു തുടങ്ങുന്ന രഥയാത്ര അക്ഷരാര്‍ത്ഥത്തില്‍ കേരളത്തെ ഇളക്കി മറിക്കുമെന്ന് അവര്‍ കണക്കു കൂട്ടുന്നു. എന്‍എസ്എസിന്റെ ഹൈന്ദവ സംഘടനകളുടെയും ഉറച്ച പിന്തുണയില്‍ കേരളത്തിലാദ്യമായാണ് ഇത്തരമൊരു പ്രക്ഷോഭത്തിന് ബിജെപി ഇറങ്ങിത്തിരിക്കുന്നത്. കൂടെ പട നയിക്കാന്‍ സാക്ഷാല്‍ അമിത്ഷായും വിശ്വാസി സമരത്തിന്റെ ഭാഗമായി മൂവായിരത്തിലധികം ആളുകളെ അറസ്റ്റു ചെയ്ത് ശക്തമായ പ്രതിരോധമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.
പരസ്യ പോര്‍വിളിയുമായി കോടിയേരിയും കടകംപള്ളിയുമൊക്കെ പിണറായിയുടെ കരുത്തില്‍ കളം നിറയുന്നു. സുപ്രീംകോടതി വിധിക്ക് എതിരു നിന്നാല്‍ നിയമപരമായ ഒരു വിധ പരിരക്ഷയും ബിജെപിക്കും സംഘപരിവാര്‍ സംഘടകള്‍ക്കും ലഭിക്കില്ല എന്ന ധൈര്യമാണ് സര്‍ക്കാരിനുള്ളത്. ഇത്തരം നീക്കങ്ങളെ തടയിടാനുള്ള ബിജെപി തന്ത്രമാണ് അമിത് ഷായുടെ ശബരിമല യാത്ര.
സര്‍ക്കാരിനും ബിജെപിക്കും ഇതു തീക്കളിയാണ്. രണ്ടും കല്‍പ്പിച്ച് കേരളം പിടിക്കാനിറങ്ങിയ അമിത്ഷായെ അത്രയെളുപ്പം തുരത്താന്‍ സര്‍ക്കാരിനാകുമോ? ഇതു വെല്ലുവിളി തന്നെ, വാചക കസര്‍ത്തല്ല നീക്കങ്ങളാണ് പ്രധാനം കേന്ദ്രവുമായി നേരിട്ടൊരു ഏറ്റുമുട്ടല്‍ സംസ്ഥാനത്തെ വീര്‍പ്പു മുട്ടിക്കും. അമിത്ഷാ പറഞ്ഞത് വെറുതെയാവില്ലെന്ന് പറയുന്ന ബിജെപിയും രണ്ടും കല്‍പ്പിച്ചു തന്നെ.
മതേതരത്വത്തിന്റെ പ്രതീകമായ ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കണമെന്ന ആവശ്യത്തെ എതിര്‍ത്ത് ഹൈക്കോടതി. വിശ്വസികള്‍ക്ക് സുരക്ഷയുറപ്പക്കാനുള്ള പൊലീസ് നടപടികളെ പിന്തുണച്ച കോടതി നിലയ്ക്കല്‍ വാഹനങ്ങള്‍ തകര്‍ത്ത പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ശബരിമലയില്‍ പ്രശ്നമുണ്ടാക്കാന്‍ ക്രിമിനലുകള്‍ ശ്രമിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
ശബരമല വിഷയത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയിലിന്ന് തല്ലും തലോടലും കിട്ടി. സുരക്ഷ ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ നടപിടികള്‍ അംഗീകരിച്ച കോടതി, സ്ത്രീപുരുഷ ഭേദമന്യേ വിശ്വാസികള്‍ക്ക് സംരക്ഷണം ലഭിക്കുമെന്നും പറഞ്ഞു. സുപീംകോടതി വിധി നടപ്പാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സര്‍ക്കാരും അറിയിച്ചു.
ഈ സാഹചര്യത്തില്‍ സംരക്ഷണം ആവശ്യപ്പെട്ട് 2 അഭിഭാഷകരടക്കം നാലുവനിതകള്‍ നല്‍കിയ ഹര്‍ജി അപക്വമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ ക്രിമിനലുകള്‍ ശ്രിച്ചെന്ന് ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
എന്നാല്‍ മതേതരത്വത്തിന്റെ പ്രതീകമായ ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം പാടില്ലെന്ന ടിജി മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. മതേതരത്വം തകര്‍ക്കാനേ ഇത്തരം നിലപാടുകള്‍ ഉപകരിക്കൂ എന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയില്‍ പ്രവേശിക്കാം. പതിനെട്ടാം പടി ചവിട്ടുന്നവര്‍ക്ക് ഇരുമുടിക്കട്ടുണ്ടാകണമെന്നേ നിര്‍ബന്ധമുള്ളൂ എന്നും കോടതി പറഞ്ഞു.
അതേസമയം നിലയ്ക്കലില്‍ വാഹനങ്ങള്‍ തകര്‍ത്ത പൊലീസ് നടപടിയില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇത് പരിഷ്കൃത പൊലീസിന് ചേര്‍ന്നതല്ല. ദൃശ്യങ്ങളില്‍ നിന്ന് തന്നെ അതിക്രമം കാണിച്ച പൊലീസുകാര്‍ ആരെന്ന് വ്യക്തമാണ്. അവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച് തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.
ഇന്തോനീഷ്യയില്‍ 189 യാത്രക്കാരുമായി പോയ യാത്രാവിമാനം പറത്തിയത് ഇന്ത്യാക്കാരനായ പൈലറ്റ്. ജക്കാര്‍ത്തയില്‍ കടലില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ ബോയിംഗ് 737 മാക്‌സ് ജെടി 610 വിമാനം ഡൽഹി മയൂര്‍ വിഹാര്‍ സ്വദേശിയായ ഭവ്യ സുനെജയാണ് പറത്തിയിരുന്നത്. 189 യാത്രക്കാരുമായി ജക്കാര്‍ത്തയില്‍ നിന്നും പങ്കല്‍ പിനാഗിലേക്ക് പോകുമ്പോഴാണ് വിമാനം കടലിൽ തകർന്നുവീണത്. പറന്നുയര്‍ന്ന് വെറും 13 മിനിറ്റിനുള്ളിലായിരുന്നു ലോകത്തെ നടുക്കിയ അപകടം. ഹര്‍വിനോ എന്ന പൈലറ്റായിരുന്നു ആയിരുന്നു വിമാനത്തിലെ സഹപൈലറ്റ്. ജക്കാര്‍ത്ത തീരത്തു നിന്ന് 34 നോട്ടിക്കല്‍ മൈല്‍ അകലെ ജാവ കടലില്‍ വിമാനം പതിക്കുന്നത് കണ്ടതായി ഇന്തോനേഷ്യന്‍ തുറമുഖത്ത് നിന്ന് പോയ ടഗ് ബോട്ടുകളിലെ ജീവനക്കാര്‍ അറിയിച്ചു.
2005ല്‍ അഹ്‌കോണ്‍ പബ്ലിക് സ്‌കൂളില്‍ നിന്നും പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ഭവ്യ ബെല്‍ എയര്‍ ഇന്തര്‍നാഷണലില്‍ നിന്ന് 2009ല്‍ പൈലറ്റ് ലൈസന്‍സ് നേടി. തുടര്‍ന്ന് എമിറേറ്റസില്‍ ട്രെയിനി പൈലറ്റ് ആയി ചേര്‍ന്നു. നാലു മാസത്തിനുശേഷം 2011 മാര്‍ച്ചിലാണ് ഇന്തോനീഷ്യന്‍ ലോ കോസ്റ്റ് കാരിയര്‍ (എല്‍സിസി) ആയ ലയണ്‍ എയറില്‍ ചേരുന്നത്. ബോയിംഗ് 737 ഇനം വിമാനങ്ങളാണ് ഭവ്യ പറത്തിയിരുന്നത്. ഭവ്യയ്ക്ക് 6,000 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുണ്ട്. സഹപൈലറ്റിനു 5,000 മണിക്കൂറും പരിചയമുണ്ടായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപെട്ടതായി വിവരമില്ലെന്ന് ഇന്തൊനീഷ്യയുടെ രക്ഷാപ്രവര്‍ത്തക ഏജന്‍സി വക്താവ് യൂസഫ് ലത്തീഫ് പറഞ്ഞു. 181 യാത്രക്കാരും രണ്ട് പൈലറ്റുമാരടക്കം എട്ട് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. സീറ്റുകള്‍ അടക്കമുള്ള അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററുകളും, ബോട്ടുകളും ഉപയോഗിച്ച് വിപുലമായി തിരച്ചില്‍ തുടരുകയാണ്. വിമാനത്തിന് സാങ്കേതിക തകരാറുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് ലയണ്‍ എയര്‍ ഗ്രൂപ്പിന്റെ നിലപാട്. ഇത് മൂന്നാം തവണയാണ് ലയണ്‍ എയര്‍ വിമാനം അപകടത്തില്‍പ്പെടുന്നത്. 2004ല്‍ ജക്കാര്‍ത്തയിലുണ്ടായ അപകടത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2013ല്‍ മറ്റൊരു വിമാനം ബാലിക്ക് സമീപം കടലില്‍ ഇടിച്ചിറക്കിയെങ്കിലും അതിലെ 108 യാത്രക്കാരും രക്ഷപ്പെട്ടിരുന്നു.
ആന്റണി പെരുമ്പാവൂരും മോഹന്‍ലാലും തമ്മിലുള്ള ബന്ധം പറയേണ്ടതില്ല. ഒരു നിര്‍മ്മാതാവിനുപരി കടുത്ത ആരാധകന്‍ കൂടിയാണ് ആന്റണി പെരുമ്പാവൂര്‍. അത് തനിക്ക് മനസ്സിലായത് ദൃശ്യത്തിന്റെ ഷൂട്ടിങ് വേളയിലാണെന്ന് സംവിധായകന്‍ രഞ്ജിത്ത് പറയുന്നു.
ദൃശ്യത്തിന്റെ ചിത്രീകരണസമയത്ത് തനിക്ക് വന്ന ആന്റണി പെരുമ്പാവൂരിന്റെ ഒരു ഫോണ്‍കോളിനെക്കുറിച്ചാണ് രഞ്ജിത്ത് പറയുന്നത്. ദൃശ്യം എന്ന സിനിമയുടെ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്ന സമയം. ഞാന്‍ ആന്റണി പെരുമ്പാവൂരിനെ വിളിക്കുന്നു. ‘എന്താ ചേട്ടാ’ എന്ന് പറഞ്ഞുകൊണ്ട് ഫോണ്‍ എടുക്കുമ്പോഴേ അവന്റെ ശബ്ദത്തില്‍ വല്ലാത്തൊരു മാറ്റം എനിക്ക് ഫീല്‍ ചെയ്തു. ലൊക്കേഷനില്‍ നിന്ന് ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്.
‘എന്ത് പറ്റിയെടാ’ എന്ന് ഞാന്‍ ചോദിച്ചു. ‘ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ടുനില്‍ക്കാന്‍ കഴിയുന്നില്ല’ എന്നുപറഞ്ഞ് കരയുകയാണ് ആന്റണി. ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ് ആന്റണി എന്നോര്‍ക്കണം. പക്ഷേ അതിനേക്കാളുപരി അവന്‍ മോഹന്‍ലാലിന്റെ വലിയ ഫാനാണ്. ഈ ആരാധന ജീത്തു ജോസഫിന് തോന്നിക്കഴിഞ്ഞാല്‍ ദൃശ്യം എന്ന സിനിമ ഉണ്ടാകില്ലെന്ന് രഞ്ജിത്ത് പറയുന്നു.
കഥാപാത്രങ്ങള്‍ സൃഷ്ടിച്ച് നടന്മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍. അല്ലാതെ ആരാധകര്‍ ആവേണ്ടവരല്ല. മോഹന്‍ലാലിനോ മമ്മൂട്ടിക്കോ വെല്ലുവിളി ഉയര്‍ത്താന്‍ മലയാളസിനിമയ്ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും രഞ്ജിത്ത് പറയുന്നു. സംവിധായകരും എഴുത്തുകാരും ശ്രമിച്ചാല്‍ ഇതിലും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അവര്‍ക്ക് കഴിയും. അവര്‍ക്ക് മാത്രമല്ല, അവര്‍ക്ക് ശേഷം വന്ന നടന്മാര്‍ക്കും കഴിയുമെന്നും രഞ്ജിത്ത് പറഞ്ഞു.