Latest News

റോമി കുര്യാക്കോസ്

സ്കോട്ട് ലാൻഡ്: ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ സ്കോട്ട് ലാൻഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ ഓണഘോഷം സംഘടന മികവ് കൊണ്ടും വൈവിദ്ധ്യം കൊണ്ടും പ്രൗഢഗംഭീരമായി. ഐ ഒ സി (യു കെ) സ്കോട്ട് ലാൻഡ് യൂണിറ്റ് രൂപീകരിച്ചതിന് ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയായിരുന്നു അരങ്ങേറിയത്.

സംഘടനയുടെ കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ്, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രോഗ്രാം കോർഡിനേറ്റർ ഷോബിൻ സാം, യൂണിറ്റ് പ്രസിഡന്റ്‌ മിഥുൻ എന്നിവർ പരിപാടികൾക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.

ചെണ്ടമേളവും ആർപ്പുവിളികളുടേയും അകമ്പടിയിൽ ഒരുക്കിയ മാവേലി എഴുന്നുള്ളത്തും കേരളീയത നിറഞ്ഞു തുളുമ്പുന്ന ശൈലിയിൽ അണിഞൊരുങ്ങിയ സദസ്സും പകർന്ന ദൃശ്യ വിസ്മയാനുഭവം ഗൃഹാതുരത്വം നിറഞ്ഞതായി. സമൃദ്ധമായി ഒരുക്കിയ വേദിയിലേക്ക് സർവ്വവിഭൂഷനായി മാവേലി തമ്പുരാൻ ആനയിക്കപ്പെട്ടതോടെ പ്രൗഡഗംഭീരമായ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

സംഘടനാ കൂട്ടായ്മകളിൽ ഓണം പോലുള്ള ആഘോഷ പരിപാടികൾ പ്രധാനം ചെയ്യുന്ന പരസ്പര സ്നേഹം, ഐക്യം എന്നിവയുടെ പ്രസക്തി വിളിച്ചോതുന്ന രീതിയിലായിരുന്നു ആഘോഷങ്ങൾ. വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു ഇത്തരത്തിൽ വിപുലമായ ക്രമീകരണങ്ങളോടെ ഓണാഘോഷം ഏറ്റെടുത്തു നടത്താൻ തയ്യാറായ സ്കോട്ട് ലാൻഡ് യൂണിറ്റിന് കേരള ചാപ്റ്റർ കമ്മിറ്റിയുടെ അനുമോദനവും നന്ദിയും വേദിയിൽ അറിയിച്ചു.

ഐ ഒ സി (യു കെ) സ്കോട്ട് ലാൻഡ് യൂണിറ്റ് പ്രവർത്തകർ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ഒരുമിച്ചിരുന്നു അസ്വദിച്ചത് പരിപാടിയിൽ പങ്കെടുത്തവർക്ക് പുത്തൻ അനുഭവം പകർന്നു. യൂണിറ്റ് അംഗങ്ങളും കുട്ടികളും ചേർന്നു അവതരിപ്പിച്ച കലാവിരുന്നുകൾ ഓണാഘോഷത്തിന്റെ മാറ്റ് വർധിപ്പിച്ചു.

മാവേലിയുടെ വേഷഭൂഷകളോടെ വേദിയിലെത്തിയ ഇഷാൻ സാബിർ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഗാന രചനയിലെ മികവിന് എഡിൻബ്രോ കൗൺസിലിന്റെ അവാർഡ് കരസ്തമാക്കിയ കൊച്ചുമിടുക്കി അനലിൻ ഗീവർഗീസിനെ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് വേദിയിൽ ആദരിച്ചു.

ബിജു വർഗീസ്, ഡോ. ഡാനി, ഡയാന, അമ്പിളി, ഗീവർഗീസ്, അഞ്ചു, ലിജിൻ, ജയിംസ്, ഷിജി, ചെൽസ്, സുധീൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം വഹിച്ചു.

പരിപാടിയുടെ വലിയ വിജയത്തിൽ ചെറുതല്ലാത്ത പങ്കുവഹിച്ച സ്പോൺസർ ആഷിർ അൻസാറിനും (ക്ലമെന്റിയ കെയർ ഏജൻസി), പരിപാടിയിൽ പങ്കാളികളായവർക്കുമുള്ള നന്ദി യൂണിറ്റ് ഭാരവാഹികൾ രേഖപ്പെടുത്തി.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രം എന്ന സാക്ഷാത്കാരത്തിമായി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയും മോഹൻജി ഫൗണ്ടേഷനും ചേർന്ന് ഓണം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. 2025 സെപ്റ്റംബർ 27 ആം തീയതി ശനിയാഴ്ച വൈകുന്നേരം 5:30 മുതൽ ലണ്ടനിലെ തൊണ്ടോൻ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോൻ കമ്മ്യൂണിറ്റി സെൻഡറിൽ വച്ചാണ് ഓണം ആഘോഷങ്ങൾ നടത്തുന്നത്.ബഹുമാന്യ ക്രോയ്ഡൺ മേയർ ജയ്സൺ പെറി വിശിഷ്ട അതിഥി ആയിരിക്കും. അന്നേ ദിവസം

മാവേലി എഴുന്നളത്ത്

ദീപം തെളിയിക്കൽ

ഓണപ്പാട്ട് (LHA ടീം)

ഓണപ്പാട്ട് (നിവേദിത)

നൃത്തം [LHA കുട്ടികൾ]

കൈകൊട്ടിക്കളി (LHA പെൺകുട്ടികൾ)

ഓണപ്പാട്ട് (റാഗി സ്വിന്റൺ)

നൃത്തം (സംഗീത ഓക്സ്ഫോർഡ്)

തിരുവാതിര (LHA ടീം)

നൃത്തശിൽപ്പം (ആശാ ഉണ്ണിതൻ)

കഥകളി (വിനീത് പിള്ള)

ഇലഞ്ചിതറ മേളം (വിനോദ് നവധാര)

ദീപാരാധന

പ്രസാദം ഉട്ട് [ഓണസദ്യ] എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും താഴെ കൊടുത്തിരിക്കുന്ന ലിങ്കിലോ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.

സുരേഷ് ബാബു – 07828137478
ഗണേഷ് ശിവൻ – 07405513236
സുബാഷ് ശാർക്കര – 07519135993
ജയകുമാർ ഉണ്ണിത്താൻ – 07515918523

https://forms.gle/WBTreALvjcYeerDd8

ഡിജോ ജോൺ

ഏർഡിങ്ടൺ മലയാളി അസോസിയേഷൻ 2025 ലെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 6 ന് സെൻറ് ചാർഡ്‌സ് ചർച്ച് ഹാൾ, സട്ടൺ കോൾഡ്ഫീഡിൽ വെച്ച് അതിവിപുലമായും ആകർഷകമായും സംഘടിപ്പിച്ചു. നാട്ടിൻപുറത്തെ ഓണത്തിൻ്റെ ആത്മാവും വിദേശത്തുള്ള മലയാളികളുടെ ഐക്യവും ഒരുമിച്ചുചേർന്ന ഈ ആഘോഷം വൻജനപങ്കാളിത്തത്തോടെയായിരുന്നു.

പരിപാടികൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശ്രീ ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ ബോഡി മീറ്റിംഗിൽ ശ്രീ അജേഷ് തോമസ് സ്വാഗതവും ശ്രീ ജോർജ് ഉണ്ണുണ്ണി നന്ദിയും അറിയിച്ചു. സെക്രട്ടറി ഡിജോ ജോൺ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ശ്രീ റോണി ഈസി സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഓണക്കളികളുടെ ആവേശം മുതിർന്നവരെയും കുട്ടികളെയും ഒരുപോലെ ആകർഷിച്ചു. വടംവലി പോലെയുള്ള മത്സരങ്ങൾ ആഘോഷത്തിന് സവിശേഷ മിഴിവേകി. അതോടൊപ്പം, ഏരിയാ തിരിച്ചുള്ള ഓണപ്പാട്ട് മത്സരത്തിൽ കിങ്സ്ബറി ഏരിയ ഒന്നാം സ്ഥാനവും സെൻട്രൽ ഏരിയ രണ്ടാം സ്ഥാനവും പങ്കിട്ടു. ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമായ വിഭവസമൃദ്ധമായ ഓണസദ്യ എല്ലാവർക്കും നാട്ടിൻപുറത്തെ ഓണത്തിന്റെ ഓർമ്മ പുതുക്കി. കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികൾക്ക് കൾച്ചറൽ കോർഡിനേറ്റർ ഷൈനി ജോർജ് നേതൃത്വം നൽകി. ഗാനനൃത്തങ്ങളാലും സാംസ്കാരിക അവതരണങ്ങളാലും നിറഞ്ഞ ഈ പരിപാടികൾ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. കൂടാതെ, മഹാബലിയുടെ സാന്നിധ്യം പരിപാടിയെ കൂടുതൽ ആഘോഷാത്മകമാക്കി.

അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി, GCSE, A ലെവൽ പരീക്ഷയിൽ വിജയിച്ച കുട്ടികൾക്ക് സമ്മാനദാനം നടത്തി. അധ്യക്ഷ പ്രസംഗത്തിൽ, പ്രസിഡന്റ് അടുത്ത ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ജനുവരി 17ന് നടക്കുമെന്ന് അറിയിച്ചു. നാട്ടിൽ നിന്നുള്ള ഒരു സ്റ്റേജ് പ്രോഗ്രാം കൊണ്ടുവരാനുള്ള പദ്ധതിയും അദ്ദേഹം അറിയിച്ചു. പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് ആനി കുര്യൻ, തോമസ് എബ്രഹാം, ജിനേഷ് സി മനയിൽ എന്നിവർ അടക്കം കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.

സമയബന്ധിതമായി ആരംഭിച്ച് ക്രമബദ്ധമായി സമാപിച്ച ഈ ആഘോഷം, പങ്കെടുത്തവരുടെ മനസ്സിൽ ഏറെ സന്തോഷവും അഭിമാനവും നിറച്ചുകൊണ്ട് വിജയകരമായി സമാപിച്ചു.

 

ബർമിംഗ്ഹാമിലെ സെന്റ് . ബെനഡിക്ട് മിഷനിൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കായി പ്രത്യേക ഓണാഘോഷം സംഘടിപ്പിച്ചു. നാട്ടിൽ നിന്നും യുകെയിൽ പഠിക്കാനും ജോലിക്കുമായി എത്തിയ വിദ്യാർത്ഥികളെ ഒന്നിച്ചു കൊണ്ടുവന്ന പരിപാടിക്ക് ഇടവക വികാരി ഫാ. ഫാൻസ്വ പത്തിൽ അച്ചന്റെ പ്രാർത്ഥനയോടെയാണ് തുടക്കം കുറിച്ചത്.

ജിമ്മി മൂലംകുന്നം, ബിജോ ടോം, ജെമി ബിജു എന്നിവർ ചേർന്ന അന്താരാഷ്ട്ര സ്റ്റുഡന്റസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ കുട്ടികൾക്കും യുവജനങ്ങൾക്കും വിപുലമായ കലാ-കായിക മത്സരങ്ങൾ ഒരുക്കി. വടംവലി, പാട്ട്, അത്തപൂവിടൽ തുടങ്ങി നിരവധി മത്സരങ്ങൾ കുട്ടികളുടെ ആവേശം നിറഞ്ഞ പങ്കാളിത്തത്തോടെ നടന്നു. ഷിൻസി, ശ്രേയസ്, അനീഷ, കാരെൻ എന്നിവർ ചേർന്ന കോർ കമ്മിറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. ഓണാഘോഷത്തിന് ശേഷം വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കിയിരുന്നു .

 

അമേരിക്കയിലെ ഡാലസിൽ ഇന്ത്യക്കാരനായ ഹോട്ടൽ മാനേജരുടെ തലവെട്ടി കൊലപ്പെടുത്തിയ സംഭവം പ്രദേശവാസികളെയും കുടുംബത്തെയും നടുക്കി. അൻപത് വയസ്സുള്ള ചന്ദ്ര നാഗമല്ലയ്യയെയാണ് സഹപ്രവർത്തകനായ 37കാരൻ യോർദാനിസ് കോബോസ് മാർട്ടിനെസ് ആക്രമിച്ചത്. ഭാര്യയുടെയും മകൻറെയും മുന്നിൽ വെച്ച് നടന്ന കൊലപാതകത്തിൽ കുടുംബം ഭീതിയിലും ദുരിതത്തിലും മുങ്ങുകയാണ്.

ഡൗൺ ടൗൺ സ്യൂട്ട്സ് മോട്ടലിലാണ് സംഭവം. മുറി വൃത്തിയാക്കുന്നതിനിടെ ജീവനക്കാരിയോട് വാഷിങ് മെഷീൻ കേടായതായി അറിയിക്കാൻ നാഗമല്ലയ്യ നിർദേശിച്ചതിനെതിരെ പ്രകോപിതനായ മാർട്ടിനെസ് വെട്ടുകത്തി എടുത്ത് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച നാഗമല്ലയ്യയെ പിന്തുടർന്ന് പല തവണ കുത്തിയ ശേഷം തലവെട്ടി. ഭാര്യയുടെയും മകന്റെയും ശ്രമങ്ങളെ തള്ളി മാറ്റിയാണ് പ്രതി കൊല നടത്തിയത്. അറുത്തെടുത്ത തല മോട്ടലിലെ മാലിന്യക്കൂമ്പാരത്തിലേക്ക് എറിഞ്ഞ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ രക്ഷാപ്രവർത്തകർ പിടികൂടി പൊലീസിന് കൈമാറി.

കൊലപാതക കുറ്റം ചുമത്തിയ പ്രതിയെ ഡാലസ് കൗണ്ടി ജയിലിൽ അടച്ചു. ഇയാൾക്കെതിരെ ഫ്ലോറിഡയിലും ഹൂസ്റ്റണിലും നേരത്തെ ക്രിമിനൽ കേസുകൾ ഉണ്ടെന്നു രേഖകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അധികൃതർ അറിയിച്ചു.

കണ്ണൂർ ആലക്കോട് പ്രദേശത്ത് വിവാഹിതയായ യുവതിയുടെ സ്വകാര്യരംഗം മൊബൈലിൽ ഒളിച്ചുപകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേർ പൊലീസ് പിടിയിലായി. നാട്ടുകാരായ ശമലും ലത്തീഫും ആണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലായതിനാൽ ഇപ്പോൾ ജയിലിലാണ്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. യുവതിയുടെ വീട്ടിൽ എത്തിയ പുരുഷ സുഹൃത്തിനെ ലക്ഷ്യം വെച്ചാണ് ശ്യാമും ശമലും ഒളിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള സ്വകാര്യരംഗങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം, അത് പ്രചരിപ്പിക്കുമെന്ന ഭീഷണിയിലൂടെ യുവതിയിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. ആദ്യം ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞുവെന്ന് വിശ്വസിപ്പിച്ചെങ്കിലും, പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടു.

തുടർന്ന് ദൃശ്യങ്ങൾ ലത്തീഫിനും കൈമാറി. ലത്തീഫ് യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും, അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ യുവതി കുടിയാൻമല പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കിയ പൊലീസ്, ഇരുവരെയും റിമാൻഡ് ചെയ്തു.

വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈറേഞ്ച് ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ചായിരുന്നു അപകടം.

കാർ പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തൊടുപുഴയിൽ നിന്നും വന്ന കാർ ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെയാണ് തീ പിടിച്ചത്.

തീ പടർന്നതോടെ പെട്രോൾ പമ്പിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഉള്ളവരെ സ്ഥലത്ത് നിന്നും മാറ്റി. തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.

കൊട്ടാരക്കരയിലെ ബത്തൽ ചരുവിള സ്വദേശി ഐസക് ജോർജ് (33) അപകടത്തിൽപ്പെട്ടു മസ്തിഷ്ക മരണം സംഭവിച്ചതിന് ശേഷം തന്റെ അവയവങ്ങൾ ആറു പേർക്ക് പുതുജീവിതം സമ്മാനിച്ചു. അദ്ദേഹത്തിന്‍റെ ഹൃദയം, വൃക്കകൾ, കരൾ, കണ്ണുകൾ ഉൾപ്പെടെ പ്രധാന അവയവങ്ങൾ വിവിധ ആശുപത്രികളിലെ രോഗികൾക്ക് മാറ്റിവച്ചു .

ഐസകിന്റെ ഹൃദയം കൊച്ചിയിലെ 28 കാരനായ ആജിൻ ഏലിയാസിന് വിജയകരമായി മാറ്റിവെച്ചു. ഒരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്ക് ലഭിച്ചു. രണ്ട് കണ്ണുകൾ തിരുവനന്തപുരം ഗവ. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിൽ മാറ്റിവെച്ചു. മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്ക് ജീവൻ നൽകി.

സെപ്റ്റംബർ 8ന് രാത്രി 8 മണിയോടെ കൊട്ടാരക്കരയിലെ പാല്ലിമുക്ക് ഈസ്റ്റ് സ്ട്രീറ്റിലെ സ്വന്തം റസ്റ്റോറന്റിന് മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു ബൈക്ക് ഇടിച്ചുവീണാണ് ഐസക്കിന് അപകടം സംഭവിച്ചത്. ഉടൻ കൊട്ടാരക്കര ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും സെപ്റ്റംബർ 10ന് *ബ്രെയിൻ ഡെഡ് ആയി സ്ഥിരീകരിച്ചു.

ഈ ഘട്ടത്തിലാണ് കുടുംബം അവയവദാനത്തിന് അനുമതി നൽകിയത്. ഭാര്യ നാൻസി മേരിയം സാം , രണ്ട് വയസ്സുള്ള മകൾ അമീലിയ നാൻസി ഐസക്, അമ്മ മറിയമ്മ ജോർജ് എന്നിവർ അദ്ദേഹത്തിന്റെ അവസാന ആഗ്രഹം മാനിച്ചാണ് തീരുമാനമെടുത്തത്.

ആരോഗ്യ മന്ത്രി വീണാ ജോർജ് , ഐസകിന്റെ കുടുംബത്തെ അഭിനന്ദിക്കുകയും അവയവങ്ങളുടെ സുരക്ഷിത ഗതാഗതത്തിനായി പ്രവർത്തിച്ച KSOTTO, പോലീസ്, ജില്ലാ ഭരണകൂടം, ഡോക്ടർമാർ, ആംബുലൻസ് സ്റ്റാഫ്, പൊതുജനങ്ങൾ എന്നിവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഹൃദയം എറണാകുളത്തേക്ക് എത്തിക്കാൻ ഹോം ഡിപ്പാർട്മെന്റ് ഹെലികോപ്റ്റർ ഉപയോഗിക്കുകയും, പോലീസ് ഗ്രീൻ കോറിഡോർ ഒരുക്കുകയും ചെയ്തു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ, ആരോഗ്യപ്രവർത്തകർ നിരയായി നിന്ന് ലാസ്റ്റ് പോസ്റ്റ് നൽകി ഐസകിനെ സല്യൂട്ട് ചെയ്ത യാത്രയപ്പ് കണ്ണീരോടെയാണ് എല്ലാവരും കണ്ടത്. ഐസകിന്റെ അവയവദാന തീരുമാനം സമൂഹത്തിനുമുന്നിൽ വലിയൊരു സന്ദേശമായി മാറിയതിനാലാണ് സാധാരണ രോഗിക്ക് ഒരിക്കലും ലഭിക്കാത്ത ഇത്തരം യാത്രയപ്പ് ആരോഗ്യപ്രവർത്തകർ ഒരുക്കിയത്..

ഐസകിന്റെ ശവസംസ്കാരം സെപ്റ്റംബർ 13-ന്, ശനിയാഴ്ച, ബത്തൽ ചരുവിളയിലെ വീട്ടിൽ നടക്കും.

കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു. കലൂരിലെ കടയിൽ എത്തിയാണ് മകൻ ഗ്രേസിയെ കുത്തിയത്. ശരീരത്തിൽ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന് ശേഷം മകൻ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.

ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കലൂരിൽ ​ഗ്രേസി ജോസഫ് ഒരു കട നടത്തി വരുന്നുണ്ട്. അവിടെയെത്തിയ മകൻ ​ഗ്രേസിയുമായി വാക്കുതർക്കമുണ്ടാവുകയും തർക്കത്തിനൊടുവിൽ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം മകൻ ഓടിരക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ ​ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗ്രേസിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ​ഗ്രേസി പരാതി നൽകിയിട്ടില്ലെങ്കിലും നോർത്ത് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. ​ഗ്രേസിയുടെ മകൻ ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു.

ഇടുക്കിയിലെ വണ്ടിപ്പെരിയാറിന് സമീപം വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസി യുവതി പ്രസവിച്ചു. വള്ളക്കടവ് റെയിഞ്ചിൽ താമസിക്കുന്ന ബിന്ദു (24) വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. സംഭവം അറിഞ്ഞ ആരോഗ്യ വകുപ്പ് സംഘം സ്ഥലത്തെത്തി കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ബിന്ദു ആശുപത്രിയിൽ പോകാൻ തയ്യാറായില്ല.

ആംബുലൻസിൽ കുഞ്ഞിനെ മാത്രം വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ പ്രവർത്തകർ കുഞ്ഞിന് ആവശ്യമായ ചികിത്സ ഉറപ്പാക്കി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പായതോടെ വീണ്ടും മാതാവിനൊപ്പം തിരിച്ചെത്തിച്ചു. കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്.

കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, ഹെൽത്ത് ഇൻസ്പെക്ടർ ബി. മാടസ്വാമി, മറ്റ് ആരോഗ്യ പ്രവർത്തകർ, വനം വകുപ്പ് ജീവനക്കാർ, അങ്കണവാടി അധ്യാപിക എന്നിവർ ചേർന്നാണ് കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചത്. തുടർപരിചരണത്തിനായി കുടുംബശ്രീ പ്രവർത്തകരെയും പട്ടികവർഗ വകുപ്പ് ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട് .

RECENT POSTS
Copyright © . All rights reserved