Latest News

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റേഷന്‍ കടകള്‍ അടിച്ചിട്ട് വ്യാപാരികൾ സമരം ചെയ്യും. ഭരണ – പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച സമരത്തില്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം രണ്ടു ദിവസം പൂര്‍ണമായും മുടങ്ങാനാണ് സാധ്യത.

സമരത്തിന്‍റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ റേഷന്‍ വ്യാപാരികള്‍ രാപ്പകല്‍ പ്രതിഷേധം സംഘടിപ്പിക്കും. നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണു തങ്ങളെന്നും, രണ്ട് ദിവസത്തെ രാപകല്‍ സമരം സൂചന മാത്രമാണെന്നും റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചു.

സംസ്ഥാന സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനിലുമായി റേഷന്‍ ഡീലര്‍മാരുടെ സംഘടനാ നേതാക്കള്‍ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതോടെയാണ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങിയത്. സംഘടനകള്‍ മുന്നോട്ടു വച്ച ആവശ്യങ്ങള്‍ പെട്ടെന്ന് അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.

റേഷന്‍ കടകള്‍ നടത്തുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നതിന് നിലവിലുള്ള നിബന്ധനകളില്‍ മാറ്റം വരുത്തുക, റേഷന്‍ കടകളിലെ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുക, ക്ഷേമനിധി ബോര്‍ഡ് പുനഃസംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരം നടത്തുന്നത്.

ഓസ്കാർ ജേതാവും ടൈറ്റാനിക്, അവതാർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവുമായ ജോൺ ലാൻഡൗ അന്തരിച്ചു. 63 വയസായിരുന്നു. ജാമി ലാൻഡൗ ആണ് മരണവിവരം പുറത്ത് വിട്ടത്. ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഒന്നര വർഷമായി കാൻസറിനോട് പോരാടുകയായിരുന്നു അദേഹം.

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജെയിംസ് കാമറൂണിന്റെ നിർമാണ പങ്കാളിയാണ് ജോൺ ലാൻഡൗ. ടൈറ്റാനിക് എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അദേഹം ഹോളിവുഡ് സിനിമാ മേഖലയിൽ ശ്രദ്ധേയനാകുന്നത്. സിനിമാ ലോകം ഏറെ ചർച്ച ചെയ്ത സിനിമയായിരുന്നു അവതാർ. ചിത്രത്തിന്റെ വിഷ്വൽ ഇഫക്‌ട് ഹൗസിന് പിന്നിൽ പ്രവർത്തിച്ച വെറ്റ എഫ്എക്‌സ് കമ്പനി ജോൺ ലാൻഡൗവിന്റെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

1980 മുതലാണ് സിനിമാ നിർമാണ മേഖലയിലെ ജോൺ ലാൻഡൗയുടെ യാത്ര ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളുടെ സഹനിർമാതാവായി ജോൺ ലാൻഡൗ പ്രവർത്തിച്ചു. 1997-ലാണ് ടൈറ്റാനിക് പുറത്തിറങ്ങിയത്. ആ​ഗോള ബോക്സോഫീസിൽ പത്ത് കോടി കടക്കുന്ന ആദ്യ സിനിമയായിരുന്നു ടൈറ്റാനിക്.

11 ഓസ്കാറുകളാണ് ജോൺ ലാൻഡൗക്ക് ലഭിച്ചത്. 2009 ൽ പുറത്തിറങ്ങിയ അവതാറും 2022 ൽ പുറത്തിറങ്ങിയ അവതാറിന്റെ രണ്ടാം ഭാ​ഗവും വലിയ ഹിറ്റായിരുന്നു. ആ​ഗോള ബോക്സോഫീസിലും ചിത്രം വമ്പൻ കളക്ഷനാണ് നേടിയത്. മരണവാർത്ത അറിഞ്ഞ് ഹോളിവുഡ് സിനിമാ മേഖലയിലെ നിരവധി പേർ അനുശോചനം രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അലൈഡ് മോർട്ട്ഗേജ് ഡയറക്ടർ ബിജോ ടോമിന്റെ മാതാവ് മേരിക്കുട്ടി തോമസ് ( 79) നിര്യാതയായി. ചൊവ്വേലിക്കുടിലിൽ സി. ജെ തോമസിന്റെ ഭാര്യയായ പരേത വെള്ളിയാമറ്റം ക്രൈസ്റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ടയേർഡ് അധ്യാപികയായിരുന്നു. പാലാ പ്രവിത്താനം പുരയിടത്തിൽ കുടുംബാംഗമാണ്.

മക്കൾ ബിജോ ടോം, ബിർമിംഗ്ഹാം ( ഡയറക്ടർ അലൈഡ് മോർട്ഗേജ് സർവീസ് ). അനീഷ് ടോം ( ബിർമിംഗ് ഹാം , യു കെ ), അനൂപ് ടോം ( ഓസ്‌ട്രേലിയ ), അരുൺ ടോം (കൊച്ചി ), മരുമക്കൾ യമുന ബിജോ മൈലാടൂർ, ബിന്ദു അനീഷ് പുളിമൂട്ടിൽ ,റോസ്മിൻ അനൂപ് നടുവിലേക്കൂറ്റ്, മരിയെറ്റ് അനൂപ് ആനക്കല്ലുങ്കൽ . സംസ്കാരം പിന്നീട് വെള്ളിയാ മറ്റം സെന്റ് ജോർജ് പള്ളിയിൽ.

ബിജോ ടോമിൻെറയും അനീഷ് ടോമിൻെറയും മാതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പീഡനക്കേസിന് ‌ പിന്നാലെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകൻ മനുവിനെതിരെ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൂടാതെ സംഭവത്തില്‍ വിശദീകരണം തേടി കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയച്ചിട്ടുണ്ട്.

ഇത്തരമൊരു സംഭവം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച്‌ വിശദീകരിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. മനു കഴിഞ്ഞ പത്ത് വർഷമായി കേരള ക്രിക്കറ്റ് അസോസിയേഷനിലെ കോച്ചാണ്. പെണ്‍കുട്ടികളെ തെങ്കാശിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഇയാള്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ പിതാവാണ് വെളിപ്പെടുത്തല്‍ നടത്തിയത്. മനു പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ പകർത്തിയെന്നും ശുചിമുറിയില്‍ വച്ച്‌ പീഡിപ്പിച്ചുവെന്നും പിതാവ് ആരോപിച്ചു.

മനു ഇപ്പോള്‍ റിമാൻഡിലാണ്. ക്രിക്കറ്റ് ടൂർണമെന്റിന് പോകുമ്ബോള്‍ മാത്രമല്ല പീഡനം നടന്നതെന്നും കെ സി എ ആസ്ഥാനത്തുവച്ചും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ജിംനേഷ്യത്തിലെ പരിശീലനത്തിന് ശേഷം ഒരു പെണ്‍കുട്ടി ശുചിമുറിയില്‍ പോയപ്പോഴും പ്രതി അതിക്രമം നടത്തിയിരുന്നു.

കുട്ടി നിലവിളിച്ചപ്പോള്‍ ബലമായി പിടിച്ചുനിർത്തി സ്വകാര്യഭാഗങ്ങളില്‍ ഉള്‍പ്പെടെ ഉപദ്രവിച്ചു. പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുന്നതും ഇയാളുടെ രീതിയായിരുന്നു എന്നും പിതാവ് പറഞ്ഞിരുന്നു. തെങ്കാശിയില്‍ കൊണ്ടുപോയാണ് ഇത്തരത്തില്‍ കുട്ടികളെ പീഡിപ്പിച്ചത്. ഒരു കുട്ടി രാവിലെ എഴുന്നേറ്റപ്പോഴാണ് മനുവിന്റെ മുറിയിലാണെന്ന് തിരിച്ചറിഞ്ഞത്. തലേദിവസം രാത്രി മയക്കുമരുന്ന് നല്‍കി കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

നിലവില്‍ ആറ് പെണ്‍കുട്ടികളാണ് മനുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. പോക്‌സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂർണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലില്‍ വച്ച്‌ പീഡിപ്പിച്ചതായും നഗ്നചിത്രങ്ങള്‍ പകർത്തിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഒന്നര വർഷം മുമ്ബ് ഇയാള്‍ക്കെതിരെ ഒരു പെണ്‍കുട്ടി പീഡന പരാതി നല്‍കിയിരുന്നു. തുടർന്ന് പ്രതി അറസ്റ്റിലാവുകയും കേസില്‍ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തിരുന്നു.പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങളും അർദ്ധ നഗ്നചിത്രങ്ങളും മനു സ്വന്തം ഫോണില്‍ പകർത്തുന്നത് പതിവായിരുന്നു. ബോഡി ഷെയ്‌പ്പ് അറിയാനായി ബിസിസിഐക്കും കെസിഎയ്‌ക്കും അയച്ചുകൊടുക്കാനാണ് എന്ന് പറഞ്ഞാണ് ഇയാള്‍ നഗ്നചിത്രങ്ങള്‍ എടുത്തിരുന്നത്. എന്നാല്‍, ബിസിസിഐയോ കെസിഎയോ ഇത്തരം ചിത്രങ്ങള്‍ ആവശ്യപ്പെടാറില്ല.

ഏകീകൃത കുര്‍ബാന അര്‍പ്പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംഘര്‍ഷം. ഏകീകൃത കുര്‍ബാന അനുകൂലികളും ജനാഭിമുഖ കുര്‍ബാന അനുകൂലികളും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

ഞായറാഴ്ച പള്ളിയിലെ സിയോന്‍ ഓഡിറ്റോറിയത്തില്‍ ജനാഭിമുഖ കുര്‍ബാന അനുകൂലികള്‍ ഫൊറോന വിശ്വാസ സംഗമം സംഘടിപ്പിച്ചിരുന്നു. സിയോന്‍ ഓഡിറ്റോറിയത്തില്‍ സഭയ്‌ക്കെതിരെയുള്ള സമ്മേളനം നടത്തുവാന്‍ പാടില്ലെന്നാവശ്യപ്പെട്ട് ഫൊറോനയിലെ ഏകീകൃത കുര്‍ബാന അനുകൂലികളുടെ സംഘടനയായ ദൈവജന മുന്നേറ്റം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പള്ളിവളപ്പില്‍ സഭയ്‌ക്കെതിരെയുള്ള യോഗം നടത്തിയാല്‍ പ്രതിരോധിക്കുമെന്ന് കാണിച്ച് ഫൊറോന വികാരിക്കും അതിരൂപതാ അധികാരികള്‍ക്കും പോലീസിനും ഏകീകൃത കുര്‍ബാന അനുകൂലികള്‍ കത്തും നല്‍കിയിരുന്നു. സമ്മേളനം പള്ളി വളപ്പില്‍ നിന്നും മാറ്റിവയ്ക്കണമെന്ന് പോലീസുള്‍പ്പെടെ ഫൊറോന വികാരിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സമ്മേളനവുമായി വിമതപക്ഷം മുന്നോട്ടു പോകുകയായിരുന്നു.

ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ഓടെ ഫൊറോനയിലെ ഏകീകൃത കുര്‍ബാന അനുകൂലികള്‍ പള്ളിമുറ്റത്ത് പ്രതിഷേധ സംഗമം നടത്തുന്നതിനിടെ സിയോന്‍ ഓഡിറ്റോറിയത്തിലെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പ്രകോപനവുമായെത്തി.

ഇതോടെയാണ് വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. ഏതാനും പേരെ വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയതോടെ വാക്കേറ്റം മൂര്‍ച്ഛിച്ചെങ്കിലും പിന്നീട് പ്രതിഷേധ യോഗം നടത്തി ഏകീകൃത കുര്‍ബാന അനുകൂലികള്‍ പിരിഞ്ഞു.

റ്റിജി തോമസ്

ശ്രീകുമാരൻ തമ്പിയുടെ ആത്മകഥയായ ജീവിതം ഒരു പെൻഡുലത്തിന്റെ ആദ്യ രണ്ട് അധ്യായങ്ങൾ വായിച്ചത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നിന്നാണ്. ആഴ്ചപതിപ്പിൽ തുടർ അധ്യായങ്ങൾ വായിക്കുന്നില്ലെന്ന് അന്നേ തീരുമാനിച്ചു. കാരണം ചില പുസ്തകങ്ങൾ ഓരോരോ ആഴ്ചയുടെ ഇടവേളകളിൽ വായിക്കാനുള്ളതല്ല. തുടർ വായനയിലൂടെ ആസ്വദിക്കാനുള്ളതാണ്. അത്രമാത്രമാണ് ആദ്യ രണ്ട് അധ്യായങ്ങളുടെ മനോഹാരിത. പിന്നീട് നാളുകൾക്ക് ശേഷമാണ് ആയിരത്തിലധികം പേജുകളുള്ള പുസ്തകം വായനയ്ക്കായി കൈയ്യിലെത്തി ചേർന്നത്.

പ്രശസ്ത കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ വായിക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്ന വ്യക്തികളുടെയും നാടിന്റെയും സമൂഹത്തിന്റെയും രേഖാ ചിത്രങ്ങൾ ഒട്ടേറെ നാൾ മനസ്സിൽ ഒളി മങ്ങാതെ നിൽക്കും . 2022ലെ വയലാർ അവാർഡ് ലഭിച്ച പുസ്തകമാണ് ജീവിതം ഒരു പെൻഡുലം. ആത്മകഥയാണ് ഈ പുസ്തകം എങ്കിലും അതിനപ്പുറം പറഞ്ഞറിയിക്കാൻ പറ്റാത്ത വായനാനുഭവം ഈ പുസ്തകം പ്രദാനം ചെയ്യുന്നത് എന്തുകൊണ്ടായിരിക്കും? ഒട്ടേറെ സിനിമകൾക്ക് തിരക്കഥയും സംഭാഷണവും രചിച്ച മലയാളികൾ എന്നും കേൾക്കാനാഗ്രഹിക്കുന്ന ഗാനങ്ങൾ എഴുതിയ ആദരണീയനായ എഴുത്തുകാരന്റെ രചനാ ശൈലി തന്നെയാണ് അതിന് പ്രധാന കാരണം.

മലയാളത്തിൽ എഴുതപ്പെട്ടതിൽ ഏറ്റവും വലിയ ആത്മകഥ ജീവിതം ഒരു പെൻഡുലം ആയിരിക്കും. ഒരുപക്ഷേ ഇത്രമാത്രം സംഭാഷണങ്ങൾ നിറഞ്ഞ ഒരു ആത്മകഥാ രചന ലോകത്തിലെ ഏതെങ്കിലും ഭാഷയിൽ ഉണ്ടോ എന്നതും സംശയം തന്നെ . ഓർമ്മകളുടെ നാൾ വഴികളിലൂടെ ഒരാൾക്ക് ഇത്രമാത്രം സൂക്ഷ്മതയോടെ തിരിഞ്ഞു നടക്കാനാകുമോ? പലപ്പോഴും സംഭവങ്ങളും സംഭാഷണങ്ങളും വായിക്കുമ്പോൾ ഓരോ താളിലും ശ്രീകുമാരൻ തമ്പി നമ്മെ അതിശയിപ്പിക്കുന്നത് ജീവിത മുഹൂർത്തങ്ങളുടെയും ഭാഷാ സൗന്ദര്യത്തിനും ഒപ്പം തൻറെ ഓർമ്മശക്തി കൂടെ കൊണ്ടായിരിക്കും. താൻ എഴുതിയ സിനിമാഗാനങ്ങളുടെയും കവിതകളുടെയും പിന്നിലെ ജീവിതമുഹൂര്തങ്ങളുടെ പ്രചോദനം അദ്ദേഹം ആത്മകഥയിൽ വരച്ചുകാട്ടുന്നുണ്ട്. ആയിരത്തോളം പേജുകൾ വായിക്കുമ്പോൾ അദ്ദേഹത്തിൻറെ ബന്ധുജനങ്ങളും പ്രിയപ്പെട്ടവരും നമ്മൾക്ക് വർഷങ്ങളോളം പരിചയമുള്ളവരായി മാറും.

റ്റിജി തോമസ് 

റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കേരള സർക്കാർ വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച യാത്രാവിവരണ മത്സരത്തിൽ സമ്മാനം നേടിയിട്ടുണ്ട്. കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഇംഗ്ലണ്ടിന്റെ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിനായി കിക്കെടുത്ത മാനുവല്‍ അകാന്‍ജിയ്ക്ക് പിഴച്ചു. നേരത്തേ മുഴുന്‍ സമയവും അധികസമയവും അവസാനിച്ചപ്പോള്‍ ടീമുകള്‍ ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോളുകള്‍ പിറന്നത്. 75-ാം മിനിറ്റില്‍ എംബോളോയിലൂടെ സ്വിറ്റ്‌സര്‍ലന്‍ഡ് മുന്നിലെത്തി. എന്നാല്‍ 80-ാം മിനിറ്റില്‍ ബുക്കായോ സാക്കയിലൂടെ ഇംഗ്ലീഷ് പട തിരിച്ചടിച്ചു. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി മൂന്ന് സെന്റര്‍ബാക്കുകളെ അണിനിരത്തിക്കൊണ്ടാണ് സൗത്ത്‌ഗേറ്റ് ഇംഗ്ലണ്ട് ടീമിനെ കളത്തിലിറക്കിയത്.

മത്സരത്തിന്റെ തുടക്കം മുതല്‍ ഇംഗ്ലണ്ടും സ്വിറ്റ്‌സര്‍ലന്‍ഡും ആക്രമിച്ചുകളിച്ചു. ഇംഗ്ലണ്ടിനായി വലതുവിങ്ങിലൂടെ സാക്ക മികച്ച മുന്നേറ്റങ്ങള്‍ നടത്തി. താരത്തിന്റെ ക്രോസുകള്‍ സ്വിസ് ബോക്‌സില്‍ അപകടം വിതയ്ക്കുകയും ചെയ്തു. 14-ാം മിനിറ്റില്‍ ഡെക്ലാന്‍ റൈസിന്റെ കിടിലന്‍ ഷോട്ട് സ്വിസ് പ്രതിരോധം ബ്ലോക്ക് ചെയ്തു. പിന്നാലെ സ്വിറ്റ്‌സര്‍ലന്‍ഡും മുന്നേറ്റങ്ങള്‍ ശക്തമാക്കി. ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ കോബി മയ്‌നു പ്രതിരോധത്തിലും മികവ് പുലര്‍ത്തി. 25-ാം മിനിറ്റില്‍ സ്വിസ് സ്‌ട്രൈക്കര്‍ എംബോളോയുടെ ഷോട്ട് ഇംഗ്ലണ്ട് പ്രതിരോധതാരം എസ്രി കൊന്‍സ ബ്ലോക്ക് ചെയ്തു.

വിങ്ങുകളിലൂടെയാണ് കൂടുതലായും ഇംഗ്ലണ്ട് മുന്നേറിയത്. ഫോഡനും സാക്കയുമാണ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എന്നാല്‍ ഗ്രാനിറ്റ് സാക്കയും സംഘവും കൃത്യമായി ഇംഗ്ലീഷ് പടയുടെ നീക്കങ്ങളെ പ്രതിരോധിച്ചു. പിന്നാലെ സാക്കയുടെ ക്രോസ് ബോക്‌സിനുള്ളില്‍ നിന്ന് ജൂഡ് ബെല്ലിങ്ങാമിന് കണക്ട് ചെയ്യാനായില്ല. പന്ത് കൂടുതലും കൈവശം വെച്ച് കളിച്ചത് ഇംഗ്ലണ്ടായിരുന്നു. വലതുവിങ്ങിലൂടെ സ്വിസ് ബോക്‌സില്‍ സാക്ക നടത്തിയ മുന്നേറ്റവും തടഞ്ഞതോടെ ആദ്യ പകുതി അവസാനിച്ചു.

51-ാം മിനിറ്റില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന് മികച്ച അവസരം കിട്ടി. എംബോളോയുടെ ഗോള്‍ശ്രമം ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ഡ് സേവിലൂടെ വിഫലമാക്കി. പിന്നാലെ പന്ത് കൈവശം വെച്ചാണ് ഇരുടീമുകളും കളിച്ചത്. കാര്യമായ നീക്കങ്ങള്‍ നടത്താന്‍ ഇരുടീമുകള്‍ക്കുമായില്ല. പെനാല്‍റ്റി ഏരിയകളില്‍ കൃത്യമായ മുന്നേറ്റം നടത്താന്‍ കഴിയാത്തതാണ് വിനയായത്. എന്നാല്‍ 75-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് സ്വിസ് പട മുന്നിലെത്തി.

വലതുവിങ്ങില്‍ പെനാല്‍റ്റി ബോക്‌സിനടുത്തുനിന്ന് ഡാന്‍ എന്‍ഡോയെ നല്‍കിയ ക്രോസില്‍ നിന്നാണ് ഗോള്‍ പിറന്നത്. ക്രോസ് ഇംഗ്ലീഷ് പ്രതിരോധനിരക്കാരന്‍ ജോണ്‍ സ്‌റ്റോണ്‍സിന് തടയാനായില്ല. താരത്തിന്റെ കാലില്‍ തട്ടി മുന്നോട്ടുപോയ പന്ത് എംബോളോ അനായാസം വലയിലാക്കി. ഗോള്‍ വഴങ്ങിയതിന് പിന്നാലെ ഇംഗ്ലണ്ട് ഉണര്‍ന്നുകളിച്ചു. ഒട്ടും വൈകാതെ മറുപടിഗോളുമെത്തി. 80-ാം മിനിറ്റില്‍ സാക്ക ലക്ഷ്യം കണ്ടു. വലതുവിങ്ങിലൂടെ മുന്നേറിയ താരം സ്വിസ് ബോക്‌സിന് പുറത്തുനിന്നുതിര്‍ത്ത ഷോട്ട് താരങ്ങള്‍ക്കിടയിലൂടെ വലയിലെത്തി. സ്വിസ് ഗോളി യാന്‍ സെമ്മറിന് കാഴ്ചക്കാരനായി നോക്കിനില്‍ക്കാനേ സാധിച്ചുള്ളൂ. അവസാനമിനിറ്റുകളില്‍ വിജയഗോളിനായി ടീമുകള്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. അധികസമയത്തും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ആര്‍ക്കും ഗോള്‍ നേടാനായില്ല. പിന്നാലെ മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് യൂറോ കപ്പിന്റെ സെമിയിലെത്തി. ഷൂട്ടൗട്ടില്‍ 5-3 നാണ് ഇംഗ്ലണ്ടിന്റെ ജയം. സ്വിറ്റ്‌സര്‍ലന്‍ഡിനായി കിക്കെടുത്ത മാനുവല്‍ അകാന്‍ജിയ്ക്ക് പിഴച്ചു.

പമ്പാനദിയില്‍ ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി.

കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകള്‍ ചിത്രാ കൃഷ്ണൻ (34)ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച്ച പരുമല പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം വീയപുരം തടി ഡിപ്പോയുടെ സമീപത്ത് നിന്നാണ് ഇന്നലെ വൈകിട്ടോടെ കണ്ടെടുത്തത്.

പരുമല സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു യുവതി.
കുടുംബ പ്രശ്നമാണ് യുവതിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന.

ചെരിപ്പും മൊബൈല്‍ഫോണും പാലത്തില്‍ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച്‌ മാന്നാർ പൊലീസും, പുളിക്കീഴ് പൊലീസും പത്തനംതിട്ടയില്‍ നിന്നുള്ള എൻ.ഡി.ആർ.എഫ് ടീമും, സ്കൂബ ടീമും രണ്ട് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

പമ്പാ നദിയിലെ ഉയർന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു. ശനിയാഴ്ച വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് : രഞ്ജിത്ത് ആർ.നായർ. മകള്‍ : ഋതിക രഞ്ജിത്ത്.

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ അരിസ്റ്റോ സുരേഷ് നായകനാകുന്ന മിസ്റ്റർ ബംഗാളി ദി റിയൽ ഹീറോ എന്ന സിനിമയുടെ സെക്കൻ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. പ്രിയ താരം സ്വരാജ് വെഞ്ഞാറമൂടിൻ്റെ പേജിലൂടെ ആണ് പോസ്റ്റർ റിലീസ് ചെയ്തത്. പോസ്റ്റുപൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായിരുന്നു. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ബംഗാളിയായിട്ടാണ് അരിസ്റ്റോ സുരേഷ് അഭിനയിക്കുന്നത്. അരിസ്റ്റോ സുരേഷ് ആദ്യമായി നായകൻ ആകുന്ന ചിത്രമാണിത്.
അരിസ്റ്റോ സുരേഷിനൊപ്പം പ്രമുഖ യൂട്യൂബറും നിർമ്മാതാവും സംവിധായക്കാനുമായ ജോബി വയലുങ്കലും സുപ്രധാനമായ ഒരു വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ കൊല്ലം തുളസി, ബോബൻ ആലുംമൂടൻ, വിഷ്ണുപ്രസാദ്, യവനിക ഗോപാലകൃഷ്ണൻ, സജി വെഞ്ഞാറമൂട്, ഒരു ചിരി ബമ്പര്‍ ചിരിയിലെ താരം ഷാജി മാവേലിക്കര, വിനോദ്, ഹരിശ്രീ മാർട്ടിൻ, സുമേഷ്, കൊല്ലം ഭാസി എന്നിവര്‍ക്കൊപ്പം മറ്റ് താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം ഉടൻ തന്നെ തിയേറ്ററിൽ എത്തും.

സംവിധായകൻ കൂടിയായ ജോബി വയലുങ്കലിൻ്റേതാണ് ചിത്രത്തിൻ്റെ കഥ. ചിത്രത്തിൻ്റെ തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയത് സംവിധായകനും ധരനും ചേർന്നാണ്.
ഛായാഗ്രഹണം: എ കെ ശ്രീകുമാർ, എഡിറ്റിംഗ്: ബിനോയ്‌ ടി വർഗീസ്, റെജിൻ കെ ആർ, കലാസംവിധാനം: ഗാഗുൽ ഗോപാൽ, മ്യൂസിക്: ജസീർ, അസി൦ സലിം, വി.ബി രാജേഷ്, ഗാന രചന: ജോബി വയലുങ്കൽ, സ്മിത സ്റ്റാൻലി, സ്റ്റണ്ട്: ജാക്കി ജോൺസൺ, മേക്കപ്പ്: അനീഷ്‌ പാലോട്, രതീഷ് നാറുവമൂട്, ബി.ജി.എം: വി ജി റുഡോൾഫ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് നെയ്യാറ്റിന്‍കര, അസോസിയേറ്റ് ഡയറക്ടർ: മധു പി നായർ, ജോഷി ജോൺസൺ, കോസ്റ്റ്യൂം: ബിന്ദു അഭിലാഷ്, സ്റ്റിൽസ്: റോഷൻ സർഗ്ഗം, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ബെന്നി അഗസ്റ്റിൻ

കാർഡിഫ് : മേയ് 3 ന് കാർഡിഫിന് അടുത്ത് വച്ച് നടന്ന കാർ അപകടത്തിൽ ഗുരുതരാവസ്ഥയിൽ കാർഡിഫ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പരിചരണത്തിലായിരുന്ന ഹെൽന മരിയ ജൂൺ 20ന് മരണത്തിന് കീഴടങ്ങിയിരുന്നു. ഏകദേശം 50 ദിവസം ഹെൽന വെൻ്റിലേറ്ററിൽ ജീവനുവേണ്ടി പോരാടിയിരുന്നു. എല്ലാ നിയമ നടപടികളും കഴിഞ്ഞ ജൂൺ 27ന് കാർഡിഫിലെ ലാൻഡോക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഹെൽനയുടെ മൃതദേഹം ലിവർപൂളിൽ ഉള്ള ഫ്യൂണറൽ ഡിറക്ടര്സിന് വിട്ടുകൊടുത്തിരുന്നു. ഇന്നലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

ഹെൽനയുടെ സംസ്‍കാരം ഇന്ന് ഞായർ, ജൂലൈ 7ന് മലപ്പുറം ജില്ലയിലെ വട്ടപ്പാടം സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ വച്ച് ഉച്ചതിരിഞ്ഞു 2 മണിക്ക് നടത്തപ്പെടുന്നു. മൃതദേഹം രാവിലെ 9 മണി മുതൽ വീട്ടിൽ വൈക്കുന്നതായിരിക്കും.

ശ്രീ. സിബിച്ചൻ പാറത്താനത്തിൻ്റെയും (റിട്ടയേർഡ് എസ്ഐ, കേരള പോലീസ്) സിന്ധുവിൻ്റെയും മൂത്ത മകളായിരുന്നു ഹെൽന. ഹെൽനക്ക് ഒരു അനിയത്തിയും അണിയനുമുണ്ട്. അവർ മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പാലാങ്കര പള്ളി ഇടവകയിൽ പെട്ടവരാണ്. ഹെൽനയുടെ വേർപാടിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലയാബറിന് വേണ്ടി കാർഡിഫ് മിഷൻ ഡയറക്ടർ ഫാദർ പ്രജിൽ പണ്ടാരപ്പറമ്പിൽ അനുശോചനം അറിയിച്ചിരുന്നു. ഹെൽന കാർഡിഫിൽ ഉണ്ടായിരുന്ന ഒരു മാസക്കാലം എല്ലാ ദിവസവും കുർബാന കാണാൻ പോയിരുന്ന റോസ്‌മേനിയൻ സഭക്കാരുടെ സെന്റ് പീറ്റർ’സ് പള്ളിയിൽ ജൂൺ 27ന്‌ പ്രത്യേകം ഓർമ കുർബാനയും പ്രാർത്ഥനയും ഉണ്ടായിരുന്നു. സെന്റ് പീറ്റർ’സ് പള്ളിക്ക് വേണ്ടി റോസ്‌മേനിയൻ അച്ചന്മാരായ ഫാദർ ബെന്നിയും ഫാദർ ജോസും അനുശോധനം രേഖപ്പെടുത്തി. ഹെൽനയുടെ ആത്മാവിന് ശാന്തി ലഭിക്കുവാൻ കാർഡിഫിലെ മലയാളികൾ പ്രാർത്ഥിക്കുന്നു.

Copyright © . All rights reserved