Latest News

വേൾഡ് മലയാളി കൗൺസിലിന്റെ ഇന്റർനാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ ഫോറം 19/01/25 തീയതി (ഞായറാഴ്ച), ഹെൽത്ത് ടൂറിസം ഓൺലൈൻ സെമിനാർ നടത്തുന്നു.

സമയം: 7 പി.എം.(ഇന്ത്യ), 1.30 പി.എം.(യുകെ), 5.30 പി.എം.(യുഎഇ), 8.30 എ.എം.(ന്യൂയോർക്ക്).

സൂം മീറ്റിംഗ് ഐഡി: 852 2396 7104, പാസ്‌കോഡ്: 239951.

വിഷയങ്ങളും പ്രഭാഷകരും; 1. കേരള ഹെൽത്ത് ടൂറിസം: ട്രെൻഡുകളും ഭാവിയും – ഡോ. കെ. എ. സജു, നിംസ് മെഡിസിറ്റി ജനറൽ മാനേജർ, 2. എസ്.കെ. ഹോസ്പിറ്റലിന്റെ ആരോഗ്യ ടൂറിസത്തിലേക്കുള്ള കാഴ്ചപ്പാട് – ഡോ. സന്ധ്യ കെ. എസ്., ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, എസ്.കെ. ആശുപത്രി, തിരുവനന്തപുരം, 3. ഹെൽത്ത് ടൂറിസം: വികസനം, മാർക്കറ്റിംഗ്, പരിശീലനം – എഞ്ചിനീയർ നജീബ് കാസിം, ചെയർമാനും എംഡിയും, എച്ച്ക്യു എഞ്ചിനീയറിംഗ് ആൻഡ് ഇൻവെസ്റ്റ്മെന്റ് ഇന്റർനാഷണൽ, 4. കേരള ഹെൽത്ത് ടൂറിസം നിക്ഷേപ അവസരങ്ങൾ – ശ്രീ രവി രാജ് എൻ. എ., ഭാവ ഐഡിയേഷൻസ് ബിസിനസ് ഡയറക്ടർ, ജി.എം., ഇൻഡൽ മണി, 5. ആരോഗ്യ ടൂറിസത്തിൽ ഹോം ഹെൽത്ത്കെയറിന്റെ പങ്ക് – ശ്രീ ആലുവിള പ്രസാദ് കുമാർ, ജനറൽ മാനേജർ, മെഡിഹോം ഫാമിലി ക്ലിനിക് പ്രൈവറ്റ് ലിമിറ്റഡ്, കൊല്ലം, 6. ആധുനിക ആരോഗ്യ ടൂറിസത്തിന്റെ വ്യാപ്തി – ശ്രീ സൈഫുല്ല കെ. ഹസ്സൻ, ഡയറക്ടർ, കാലിൻ വെഞ്ചേഴ്‌സ് & നെസ്ലെ. ഡബ്ല്യു. എം. സിയുടെ ആരോഗ്യ ടൂറിസം സൈറ്റ് സന്ദർശിക്കുക: www.wmchealthtourism.org.

വിവരങ്ങൾക്ക് ബന്ധപ്പെടുക; ഫോറത്തിന്റെ പ്രസിഡന്റ് ഡോ. ജിമ്മി ലോനപ്പൻ മൊയലൻ (യുകെ): വാട്ട്‌സ്ആപ്പ് 00447470605755.

പത്തനംതിട്ടയിൽ കായികതാരത്തെ പീഡിപ്പിച്ച കേസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് കണ്ടെത്തൽ. കേസിൽ മൂന്ന് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. ഇതോടെ കേസുകളുടെ എണ്ണം അഞ്ചായി. ഇതുവരെ 15 പേരെയാണ് കേസിൽ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കാനാണ് സാധ്യത.

പ്രതികളുടെ വിവരങ്ങൾ പെൺകുട്ടി ഡയറിയിൽ എഴുതി വെച്ചിരുന്നു. 40ഓളം പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടി 62 പേരുടെ പേര് വിവരങ്ങളാണ് പറഞ്ഞതെന്ന് സിഡബ്ല്യുസി ചെയർമാൻ അഡ്വക്കേറ്റ് രാജീവ് പറഞ്ഞു. വീടുമായി അടുപ്പമുള്ള ആളുകളാണ് ആദ്യം പീഡിപ്പിച്ചത്. 42 പേരുടെ ഫോൺ നമ്പറുകൾ പെൺകുട്ടി അച്ഛന്റെ ഫോണിൽ സേവ് ചെയ്തിരുന്നുവെന്നും രാജീവ് പറഞ്ഞു.

പരിശീലകരും അയൽവാസികളും സഹപാഠികളുമുൾപ്പെടെ 60 ഓളം പേർ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി. പരാതിയിൽ പരിശീലകർ ഉൾപ്പെടെ പ്രതികളാകുമെന്നാണ് സൂചന. 40ലധികം ആളുകൾ ഇപ്പോൾ അന്വേഷണ പരിധിയിൽ ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രക്കാനം സ്വദേശികളായ സുബിന്‍, എസ്. സന്ദീപ്, വി.കെ. വിനീത്, കെ. അനന്ദു, അച്ചു ആനന്ദ് എന്നിവരാണ് കേസിൽ ആദ്യം അറസ്റ്റിലായത്.

സ്കൂളിലെ കൗൺസിലിങ്ങിനിടെ ടീച്ചറോടാണ് കുട്ടി വിവരം തുറന്നു പറയുന്നത്. ഈ മൊഴിയാണ് സിഡബ്ല്യുസിയുടേയും തുടർന്ന് പൊലീസിൻ്റെയും കൈയ്യിൽ എത്തുന്നത്. കായിക പരിശീലനത്തിന് എത്തിയപ്പോൾ അധ്യാപകരും, പിന്നീട് സഹപാഠികളും തന്നെ ലൈംഗികമായി ഉപയോഗിച്ചുവെന്ന് കുട്ടി മൊഴി നൽകി. കുട്ടിയുടെ നഗ്നചിത്രം പ്രചരിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ തേടിയെത്തിയത്. ഇവർ പെൺകുട്ടിയെ നിരന്തരം സമീപിക്കുകയും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് പീഡിപ്പിച്ചുവെന്നും മൊഴിയിൽ പറയുന്നു.

കുട്ടിയുടെ അച്ഛൻ്റെ ഫോണിലായിരുന്നു ആളുകൾ വിളിച്ചിരുന്നതെന്നും പെൺകുട്ടി പറയുന്നു. കുട്ടിക്ക് ഇപ്പോൾ 18 വയസുണ്ട്. മൂന്നര കൊല്ലമായുള്ള പീഡന വിവരങ്ങളാണ് സിഡബ്ല്യുസി വഴി പൊലീസിന് മുന്നിലെത്തിയത്. സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ ആറുമുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ഡീലേഴ്‌സ്. എലത്തൂര്‍ എച്ച്.പി.സി.എല്‍. ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ചൊവ്വാഴ്ച ഇരുമ്പനം എച്ച്.പി.സി.എല്‍. ടെര്‍മിനല്‍ ഉപരോധിക്കാനും സംഘടന തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ പമ്പുകള്‍ ശനിയാഴ്ച വൈകീട്ട് നാലുമുതല്‍ ആറുവരെ രണ്ടുമണിക്കൂര്‍ അടച്ചിടാനും ആഹ്വാനം ചെയ്തു.

പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം തുടര്‍ന്നു വരികയായിരുന്നു. ‘ചായ പൈസ’ എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. പെട്രോള്‍ പമ്പില്‍ ഇന്ധനമെത്തിക്കുന്ന ടാങ്കര്‍ ഡ്രൈവര്‍മാര്‍ക്ക് ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ നല്‍കിവരുന്നുണ്ട്. ഈ തുക വര്‍ധിപ്പിക്കണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം ഡീലര്‍മാര്‍ നിഷേധിച്ചു.

ഇക്കാര്യത്തിലാണ് എലത്തൂരിലെ ഡിപ്പോയില്‍വെച്ച് ചര്‍ച്ച നടന്നത്. യോഗത്തിനിടെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളെ കൈയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. കൈയ്യേറ്റത്തില്‍ പോലീസില്‍ പരാതി നല്‍കാനും തീരുമാനമായി. അടിയന്തര ഓണ്‍ലൈന്‍ മീറ്റിങ്ങിലാണ് തീരുമാനം.

ഡിജോ ജോൺ

ഏർഡിങ്ടൺ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ക്രിസ്മസ്-ന്യൂ ഇയർ ആഘോഷം ജനുവരി 4 ശനിയാഴ്ച സട്ടൻ കോർഡ്ഫീൽഡ് സെന്റ് ചാഡ്സ് ഹാളിൽ വച്ച് വൻ ജനസാഗരത്തെ സാക്ഷിയാക്കി നടത്തപ്പെട്ടു. ഏർഡിങ്ടൺ ബാൻഡിന്റെ മനോഹരമായ സംഗീതം, കുട്ടികളുടെ അതിമനോഹരമായ കലാപരിപാടികൾ, വിഭവസമൃദ്ധമായ വിരുന്ന് എന്നിവ ചേർന്ന് ആഘോഷത്തിന് മാറ്റ് കൂട്ടി.

ഇഎംഎ പ്രസിഡന്റ് ജോർജ് മാത്യുവിന്റെ അധ്യക്ഷതയിൽ നടന്ന ഇഎംഎ മെമ്പേഴ്സിന്റെ യോഗം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു, ഈ സമ്മേളനത്തിൽ സെക്രട്ടറി ഡിജോ ജോൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജിനേഷ് സി മനയിൽ നന്ദിയും പ്രകാശിപ്പിച്ചു. പ്രസിഡന്റ് തന്റെ പ്രസംഗത്തിൽ ക്രിസ്മസ് ന്യൂ ഇയറിന്റെ സന്ദേശവും അറിയിച്ചു. ആഘോഷത്തിന്റെ ഭാഗമായുള്ള മൂന്ന് ഏരിയ തിരിച്ചു കരോൾ കോമ്പറ്റീഷൻ കാണികൾക്ക് ആവേശം പകർന്നു. അതനുസരിച്ച് യഥാക്രമം കിങ്സ്ബറി ഏരിയ ഒന്നാം സ്ഥാനവും സെൻട്രൽ ഏരിയ രണ്ടാം സ്ഥാനവും പെറി കോമൺ ഏരിയ മൂന്നാം സ്ഥാനവും പങ്കിട്ടു.
ആഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ നന്ദി അറിയിച്ചു.

അന്തരിച്ച ഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന്. വൈകുന്നേരം 3:30 ന് ഔദ്യോഗിക ബഹുമതികളോടെ പറവൂര്‍ ചേന്ദമംഗലത്തെ പാലിയത്ത് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. സിനിമാ രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവരും ആയിരക്കണക്കിന് സംഗീതപ്രേമികള്‍ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ മൃതദേഹം അമല മെഡിക്കല്‍ കോളജില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടില്‍ എത്തിച്ചു. ഇന്ന് രാവിലെ 10ന് മൃതദേഹം പാലിയത്ത് തറവാട്ടില്‍ എത്തിക്കും. നാലുകെട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമാണ് സംസ്‌കാര ചടങ്ങുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രിമാരായ കെ. രാജന്‍, ആര്‍. ബിന്ദു എന്നിവര്‍ പുഷ്പചക്രം സമര്‍പ്പിച്ചു. മമ്മൂട്ടി അടക്കമുള്ള താരങ്ങളും പൂങ്കുന്നത്തെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.

പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്നാണ് പി. ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പിന്നീട് മരണം സംഭവിച്ചതും. അര്‍ബുദ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒന്‍പത് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ ദിവസം തന്നെയാണ് മരണം സംഭവിച്ചതും.

അഞ്ചുവര്‍ഷത്തിനിടെ അറുപതിലേറെപ്പേര്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ കാമുകനുള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. കായികതാരം കൂടിയായ ദളിത് പെണ്‍കുട്ടിയുടെ മൊഴിയിലാണ് ഇലവുംതിട്ട പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്. പട്ടികജാതി-പട്ടികവര്‍ഗ പീഡനനിരോധനവകുപ്പും ചുമത്തും. ആറ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട 64 പേര്‍ പ്രതികളാവുമെന്നാണ് പ്രാഥമികനിഗമനം. ഇതില്‍ 34 ആളുകളുടെ പേരുകള്‍ പെണ്‍കുട്ടി എഴുതിവെച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ 18 വയസ്സുള്ള വിദ്യാര്‍ഥിനിക്ക് 13 വയസ്സുമുതല്‍ പീഡനം നേരിട്ടെന്നാണ് മൊഴി.

പ്രക്കാനം വലിയവട്ടം പുതുവല്‍തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി (ശ്രീനി-24) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ റിമാന്‍ഡുചെയ്തു. ഇതില്‍ സുധി പോക്‌സോകേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ്. അച്ചു ആനന്ദ് എന്നയാള്‍ക്കായി തിരച്ചില്‍നടത്തുന്നതായും പോലീസ് പറഞ്ഞു. മറ്റുള്ളവരുടെ പേരുവിവരങ്ങളും കുട്ടിയില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. എല്ലാവരുടെയുംപേരില്‍ പോക്‌സോചുമത്തി.

ബാക്കിയുള്ള 30 ആളുകളുടെ ഫോണ്‍നമ്പറുകളാണുള്ളത്. ഇതില്‍ കുറേനമ്പറുകളും കുട്ടി എഴുതിസൂക്ഷിച്ചിരുന്നു. ശേഷിക്കുന്നവ ഫോണില്‍നിന്നാണ് പോലീസ് മനസ്സിലാക്കിയത്. പ്രതികളില്‍ മിക്കവരും 20-നും 30-നും ഇടയ്ക്കുള്ളവരാണ്. പ്രായപൂര്‍ത്തിയാകാത്തവരും ഉണ്ടെന്ന് സൂചനയുണ്ട്. 2019 മുതലാണ് പീഡനംതുടങ്ങിയത്. വിവാഹവാഗ്ദാനം നല്‍കിയാണ് പെണ്‍കുട്ടിയെ കാമുകന്‍ ആദ്യം പീഡിപ്പിച്ചത്. പലയിടത്തും കൊണ്ടുപോയി ഉപദ്രവിച്ചെന്നാണ് മൊഴി.

പെണ്‍കുട്ടിയുടെ നഗ്‌നചിത്രവും വീഡിയോയുമെടുത്ത പ്രതി അത് സുഹൃത്തുക്കളെ കാണിച്ചു. തുടര്‍ന്ന് അവരും പീഡിപ്പിച്ചെന്നാണ് പ്രാഥമികവിവരം. പന്തളത്ത് കുടുംബശ്രീയുടെ കീഴിലുള്ള സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌കിലാണ് പീഡനവിവരം കുട്ടി ആദ്യം പറയുന്നത്. അവര്‍ ജില്ലാ ശിശുക്ഷേമസമിതിയെ അറിയിച്ചു. അവര്‍ വനിത-ശിശുക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോന്നിയിലെ നിര്‍ഭയയില്‍ എത്തിച്ചശേഷം സൈക്കോളജിസ്റ്റുവഴി വിശദാംശങ്ങള്‍ മനസ്സിലാക്കുകയായിരുന്നു. തുടര്‍ന്ന് വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി.

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സസ് നിമിഷ പ്രിയയുടെ മോചനത്തിൽ നേരിയ പ്രതീക്ഷ. ഇറാൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട യെമൻ പൗരൻ തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്താൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. കുടുംബത്തിന് ബ്ലെഡ് മണി വാഗ്ദാനം ചെയ്ത് മാപ്പ് ചോദിച്ചാൽ നിമിഷ പ്രിയയുടെ വധശിക്ഷയിൽ ഇളവ് ലഭിക്കാൻ സാദ്ധ്യതയുണ്ട്.

നിമിഷ പ്രിയ പ്രതിയായ കുറ്റകൃത്യം നടന്നത് ഹൂതി നിയന്ത്രണത്തിലുളള വടക്കൻ യെമനിലാണ്. ഇറാനിലെ ഉദ്യോഗസ്ഥർ ഹൂതികളുടെ സഹായത്തോടെ കൊല്ലപ്പെട്ട തലാൽ അബ്ദുമെഹ്ദിയുടെ കുടുംബവുമായി ചർച്ച നടത്തുന്നുണ്ട്. നിമിഷ പ്രിയയുടെ മോചനത്തിനായി പ്രവർത്തിക്കാൻ ഇറാനിലെ മുതിർന്ന ഉദ്യോഗസ്ഥർ കഴിഞ്ഞ ആഴ്ച സന്നദ്ധത അറിയിച്ചിരുന്നു. പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ പുതിയ നീക്കം.

നിമിഷ പ്രിയയെ രക്ഷിക്കാനുളള ഏക മാർഗം കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിൻ്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. തലാലിൻ്റെ കുടുംബവുമായും ഗോത്രത്തിൻ്റെ തലവന്മാരുമായും ചർച്ചകൾ നടത്തി. എന്നാൽ ഈ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു.

ബോബി ചെമ്മണൂരിന്റെ ജാമ്യ ഹര്‍ജി പ്രത്യേകമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. അടിയന്തരപ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണൂര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ എല്ലാ പ്രതികള്‍ക്കും ഒരേ പരിഗണന എന്ന സമീപനമാണ് കോടതിക്കുള്ളതെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ബോബിക്കായി കോടതിയില്‍ ഹാജരായിരുന്നു. അദ്ദേഹത്തോട്, ഈ സമയത്ത് എന്താണ് ഇവിടെ എന്ന് ചോദിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കേസിനെക്കുറിച്ച് സംസാരിച്ചത്. സാധാരണഗതിയില്‍ നാലുദിവങ്ങള്‍ക്ക് ശേഷം മാത്രമേ ജാമ്യഹര്‍ജി പരിഗണിക്കൂ, ഈ കേസിലും അങ്ങനെയേ ചെയ്യുള്ളൂ. ബോബി ചെമ്മണൂരിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണനയില്ല, കോടതി അറിയിച്ചു.

മരണമൊഴി ഒഴികെ മറ്റൊരു മൊഴിയും ഈ കേസ് പരിഗണിക്കുന്ന അതേ മജിസ്‌ട്രേറ്റ് തന്നെ രേഖപ്പെടുത്തുന്നത് ശരിയല്ല എന്താണ് നിലവിലുള്ള ചട്ടം എന്ന പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേകോടതി തന്നെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു, ജാമ്യഹര്‍ജി കേട്ട് അതില്‍ തീരുമാനം എടുക്കുന്നു, ബോബി ചെമ്മണൂരിനെ ജയിലിലേക്ക് വിടുന്നു, ഇതൊന്നും ശരിയായ രീതിയല്ലെന്ന് പ്രതിഭാഗം വാദിച്ചു.

അതേസമയം, വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ തന്നെ പൊതുമധ്യത്തില്‍ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല, അത് വളരെ മോശമായ രീതിയാണെന്ന് കോടതി പ്രതിയെ ബോധ്യപ്പെടുത്തി. അതിന് മറുപടിയായി, ബോബി ചെമ്മണൂര്‍ ഇനി മേലാല്‍ ഇത്തരത്തിലുള്ള ദ്വയാര്‍ഥപ്രയോഗങ്ങള്‍ ആവര്‍ത്തിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിക്ക് ഉറപ്പുകൊടുത്തിരിക്കുന്നത്.

ഇക്കാര്യം ബോബി ചെമ്മണൂരിനോട് പറയുകയും ഇനി ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുള്ളതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. നിലവില്‍ ബോബി ചെമ്മണൂര്‍ ജയിലിലേക്ക് തന്നെ മടങ്ങേണ്ടിവരും.

ബോബി ചെമ്മണ്ണൂരിനെ കൊണ്ടുപോയ പൊലീസ് വാഹനം തടഞ്ഞ സംഭവത്തിൽ പൊലീസ് കേസ് എടുക്കും. കൃത്യനിർവഹണം തടസപ്പെടുത്താനുള്ള ശ്രമമെന്ന് വിലയിരുത്തിയാണ് പൊലീസ് നടപടിക്ക് ഒരുങ്ങുന്നത്. എറണാകുളം ജില്ലാ ആശുപത്രി പരിസരത്ത് വെച്ചാണ് ബോബി ചെമ്മണ്ണൂർ അനുകൂലികൾ വാഹനം തടഞ്ഞത്.

കോടതിയിൽ വെച്ച് ദേഹാസ്യാസ്ഥ്യമുണ്ടായതോടെ ബോബി ചെമ്മണ്ണൂരിനെ വൈദ്യ പരിശോധനക്ക് വേണ്ടി എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനകൾക്ക് ശേഷം കാക്കനാട്ടെ ജയിലിലേക്ക് കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് ബോബി ചെമ്മണ്ണൂർ അനുകൂലികൾ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്. പ്രതിയുമായി പോകുന്ന പൊലീസ് വാഹനം തടഞ്ഞതോടെ ആശുപത്രിക്ക് മുന്നിൽ നാടകീയ രംഗങ്ങളും സംഘര്‍ഷാവസ്ഥയുമുണ്ടായി.

മലയാളിക്ക് പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സന്താപത്തിലും കൂട്ടായിനിന്ന ആ മനോഹര ഗാനം നിലച്ചു. ഭാവഗായകൻ പി. ജയചന്ദ്രൻ (81) യാത്രയായി. ഒരുവർഷമായി അർബുദരോഗത്തിന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 7.54-ന് സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്.

മലയാളിക്ക് മനസ്സിനോടേറ്റവുമടുത്ത മൃദുഗാനങ്ങൾ കൈമാറിയാണ് അദ്ദേഹം മടങ്ങിയത്. അരനൂറ്റാണ്ടിന്റെ ഗാനസപര്യ, ആയിരത്തിലേറെ ഗാനങ്ങൾ, ഏറക്കുറെ എല്ലാ ഗാനങ്ങളും ഹിറ്റ്. എന്നും ഹൃദയത്തിന്റെ സ്വരം, പ്രണയത്തിന്റെ ലയം. അന്വർഥമായ പേര് മലയാളി തിരികെനൽകി; ഭാവഗായകൻ.

1944 മാർച്ച് മൂന്നിന് എറണാകുളം രവിപുരത്ത് ഭദ്രാലയത്തിൽ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും അഞ്ചുമക്കളിൽ മൂന്നാമനായിട്ടാണ് പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന ജയചന്ദ്രന്റെ ജനനം. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ മൃദംഗം, ലളിതഗാനം എന്നിവയിൽ സമ്മാനം നേടി.

1965-ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്…’ എന്ന ഗാനം ആലപിച്ചാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്കുള്ള വരവ്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴനിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന പാട്ടാണ് ശ്രദ്ധേയനാക്കിയത്. പിന്നീട് അരനൂറ്റാണ്ട് മതിവരാതെ മലയാളി അദ്ദേഹത്തെ കേട്ടു. ‘രാജീവ നയനേ നീയുറങ്ങൂ’, ‘കേവലം മർത്യഭാഷ കേൾക്കാത്ത’ പോലുള്ള അനശ്വരഗാനങ്ങളാൽ പഴയകാലത്തെ ത്രസിപ്പിച്ചപോലെ ‘പൂേവ പൂേവ പാലപ്പൂവേ, ‘പൊടിമീശ മുളയ്ക്കണ പ്രായം,’ ‘ശാരദാംബരം…’ തുടങ്ങിയ പാട്ടുകളിലൂടെ പുതിയകാലത്തിനും അദ്ദേഹം പ്രിയങ്കരനായി.

മലയാള സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള 2021-ലെ ജെ.സി. ഡാനിയേൽ അവാർഡ്, മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം, അഞ്ചുതവണ സംസ്ഥാന പുരസ്കാരം. നാലുതവണ തമിഴ്‌നാട് സംസ്ഥാന പുരസ്കാരം, തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം, ‘സ്വരലയ കൈരളി യേശുദാസ് പുരസ്കാരം എന്നിവയിലൂടെ പലതവണ അദ്ദേഹം ആദരിക്കപ്പെട്ടു.

രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് കഴിഞ്ഞയാഴ്ചയാണ് തൃശ്ശൂരിലെ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആശുപത്രി വിട്ടിരുന്നെങ്കിലും വ്യാഴാഴ്ച സന്ധ്യയോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved