ലോക്സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നേതാക്കള്‍ക്ക് എതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സി.പി.എം കേന്ദ്രകമ്മിറ്റി. നേതാക്കള്‍ക്ക് ധാര്‍ഷ്ട്യമാണെന്നും ഇത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പെരുമാറ്റം മോശമാണെന്നും അവലോകന റിപ്പോര്‍ട്ടില്‍ സിസി ചൂണ്ടിക്കാട്ടി.
ബി.ജെ.പിയും കോണ്‍ഗ്രസും സോഷ്യല്‍ മീഡിയയെ നന്നായി ഉപയോഗിച്ചപ്പോള്‍ സി.പി.എം നിലവാരം പുലര്‍ത്തിയില്ല. സോഷ്യല്‍ മീഡിയ ഇടപെടല്‍ രീതി പുനപരിശോധിക്കണമെന്നും സി.സി ആവശ്യപ്പെട്ടു. സഹകരണ ബാങ്കുകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും അഴിമതി തിരിച്ചടിച്ചെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി.
ജനമനസ് മനസിലാക്കുന്നതില്‍ സി.പി.എമ്മിന് വീഴ്ച പറ്റിയെന്നും വോട്ടര്‍മാരുടെ മനോഭാവത്തിലെ മാറ്റങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്ന് മുന്‍മന്ത്രിയും പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ.ടി.എം. തോമസ് ഐസകും കുറ്റപ്പെടുത്തിയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
കോവളം വണ്ടിത്തടത്ത് ഗൃഹനാഥനെയും ഭാര്യാമാതാവിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകത്തിന് പിന്നാലെയുള്ള ആത്മഹത്യയെന്ന് നിഗമനം. 76-കാരിയായ ഭാര്യാമാതാവിനെ കൊലപ്പെടുത്തിയശേഷം ഗൃഹനാഥനായ സാബുലാല്‍ ജീവനൊടുക്കിയെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. സാബുലാലിന്റെ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
വണ്ടിത്തടം മൃഗാശുപത്രിക്ക് സമീപം ഇരുനില കെട്ടിടത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന സാബുലാല്‍(50) ഭാര്യാമാതാവ് സി.ശ്യാമള(76) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്യാമളയെ പ്ലാസ്റ്റിക് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയശേഷം സാബുലാല്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു.
അര്‍ബുദബാധിതയായി ചികിത്സയിലായിരുന്ന സാബുലാലിന്റെ ഭാര്യ റീന ജൂണ്‍ മൂന്നാം തീയതിയാണ് അന്തരിച്ചത്. ബുധനാഴ്ച ഭാര്യയുടെ വേര്‍പാടിന് ഒരുമാസം പൂര്‍ത്തിയാവുന്നദിവസമായിരുന്നു.
ഭാര്യയുടെ മരണം സാബുലാലിനെ മാനസികമായി തളര്‍ത്തിയിരുന്നതായും ഇദ്ദേഹം ഏറെ അസ്വസ്ഥനായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. സംഭവത്തിന് മുന്‍പ് പുലര്‍ച്ചെ നാലുമണിയോടെ സാബുലാല്‍ ഭാര്യയുടെ ബന്ധുവായ വഞ്ചിയൂര്‍ സ്വദേശി ബിന്ദുവിന് എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് വാട്‌സാപ്പില്‍ അയച്ചിരുന്നു. ഭാര്യയുടെ വേര്‍പാട് തന്നെ തളര്‍ത്തി. ഇനി പിടിച്ച് നില്‍ക്കാനാവില്ല, അതിനാല്‍ അമ്മയെയും കൂടെ കൂട്ടുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. അടുത്ത സുഹ്യത്തായ ശ്രീകാന്തിനും ഇത് അയച്ചുകൊടുക്കണമെന്നും കുറിപ്പിലുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ബിന്ദു സാബുലാലിന്റെ വാട്‌സാപ്പ് സന്ദേശം കണ്ടത്. ഉടന്‍തന്നെ മൊബൈല്‍ഫോണില്‍ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. പിന്നാലെ വീട്ടുജോലിക്കാരിയായ ബീനയെ വിളിച്ച് പെട്ടെന്ന് വീട്ടില്‍പോയി അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ബീന സാബുലാലിന്റെ വീട്ടിലെത്തിയപ്പോള്‍ വാതിലുകള്‍ കുറ്റിയിടാതെ ചാരിവെച്ചനിലയിലായിരുന്നു. അകത്ത് കയറിയപ്പോഴാണ് താഴെത്ത കിടപ്പുമുറിയില്‍ ശ്യാമളയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ കയര്‍ മുറുക്കിയനിലയിലായിരുന്നു മൃതദേഹം. മുകള്‍നിലയിലെ കിടപ്പുമുറിയില്‍ സാബുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഉടന്‍തന്നെ ഇവര്‍ വീടിന് പുറത്തിറങ്ങി നാട്ടുകാരെ വിളിച്ചുകൂട്ടി. തുടര്‍ന്ന് കോവളം പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.
കോവളം എസ്.എച്ച്. ഒ. സജീവ് ചെറിയാന്‍, എസ്.ഐ.മാരായ സുരഷ്‌കുമാര്‍ എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹങ്ങള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കോവളം പോലീസ് കേസെടുത്തിട്ടുണ്ട്.
സാബുലാല്‍-റീന ദമ്പതിമാര്‍ക്ക് കുട്ടികളില്ലായിരുന്നു. ഇന്റീരിയര്‍ ഡിസൈനറായിരുന്ന സാബുലാല്‍ ചിത്രകലാരംഗത്തും നാടകസംഘത്തിലും പ്രവര്‍ത്തിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
എസ്.എഫ്.ഐക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അർഥവും അവരുടെ രാഷ്ട്രീയ ആശയത്തിന്റെ ആഴവുമറിയില്ലെന്നും ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ശൈലിയല്ല എസ്.എഫ്.ഐയുടേതെന്നും അദ്ദേഹം വിമർശിച്ചു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാകൃതമായ സംസ്കാരം എസ്.എഫ്.ഐയ്ക്ക് നിരക്കുന്നതല്ല. എസ്.എഫ്.ഐ. ശൈലി തിരുത്തിയേ തീരൂ. സംഘടനയിലുള്ളവർ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ചരിത്രം വായിക്കണം. അവരെ ചരിത്രം പഠിപ്പിക്കണം. പഠിപ്പിച്ചില്ലെങ്കിൽ എസ്.എഫ്.ഐ. ഇടതുപക്ഷത്തിനു ബാധ്യതയായിമാറും. നേരായവഴിക്ക് നയിച്ച് ഇടതുപക്ഷത്തിന്റെ ശക്തിയാക്കി മാറ്റണം. അവരുടെ വഴി ഇതല്ലെന്ന് ബോധ്യമാകണമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കൊയിലാണ്ടി ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനെയും എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവം വലിയ വിവാദമാകുകയും സംഘടനയുടെ പ്രവർത്തനരീതിക്കെതിരേ വലിയ വിമർശനം ഉയരുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബിനോയ് വിശ്വത്തിന്‍റെ വിമർശനം.
ബിരുദപ്രവേശനത്തിന്റെ ഭാഗമായി എസ്.എഫ്.ഐ. ഹെല്‍പ്ഡെസ്‌ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. തര്‍ക്കത്തിനിടെ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കയ്യേറ്റംചെയ്തെന്നും മര്‍ദിച്ചെന്നുമാണ് പരാതി. അതേസമയം, പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐ. ഏരിയ പ്രസിഡന്റായ അഭിനവിനെ മര്‍ദിച്ചെന്നാണ് എസ്.എഫ്.ഐക്കാരുടെ ആരോപണം.
വീട്ടമ്മയ്ക്ക് വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് ഇവരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത വാഴൂർ സ്വദേശിയായ ജോൺസൺ എം.ചാക്കോ (30) കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം മുട്ടമ്പലം സ്വദേശിയായ യുവാവിൽ നിന്നും യുവാവിന്റെ ഭാര്യക്ക് ന്യൂസിലൻഡിൽ നഴ്സിംഗ് ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി ഇയാളുടെ കയ്യിൽ നിന്നും ഏഴു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ന്യൂസിലൻഡിൽ എത്തിയ യുവതിക്ക് പറഞ്ഞ ജോലി കൊടുക്കാതെ പേപ്പർ കമ്പനിയിൽ ജോലി നൽകുകയായിരുന്നു. ഇവർ നൽകിയ വിസ പ്രകാരം യുവതിക്ക് മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നതിനും സാധ്യമല്ലായിരുന്നു.
തുടർന്ന് യുവതി തിരികെ നാട്ടിൽ എത്തുകയും യുവതിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തുകയും തുടർന്ന് ഇയാളെ പിടികൂടുകയുമായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ നെൽസൺ സി.എസ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജേഷ്, അരുൺ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
നീറ്റ്-യു.ജി ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ സി.ബി.ഐ പിടിയില്‍. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്നാണ് അമന്‍ സിങ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ ഏഴാമത്തെ അറസ്റ്റാണിത്.
ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയില്‍ നിന്ന് ഒരു സ്വകാര്യ സ്‌കൂള്‍ ഉടമയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയില്‍ കൃത്രിമം നടത്താന്‍ 27 വിദ്യാര്‍ഥികളില്‍ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് ഇയാള്‍ക്കെതിരായ കണ്ടെത്തല്‍.
നേരത്തെ അറസ്റ്റിലായവരില്‍ ജയ് ജലറാം സ്‌കൂള്‍ പ്രിസന്‍സിപ്പലും ഫിസിക്സ് അധ്യാപകനും ഉള്‍പ്പെട്ടിരുന്നു. ഹിന്ദി മാധ്യമ സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരന്‍, മറ്റൊരു സ്വകാര്യ സ്‌കൂള്‍ പ്രസിന്‍സിപ്പല്‍, വൈസ് പ്രസിന്‍സിപ്പല്‍ എന്നിവരും ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായിരുന്നു.
നീറ്റ് പരീക്ഷാ ക്രമക്കേടില്‍ ജൂണ്‍ 23 ന് കേസെടുത്ത സി.ബി.ഐ 27 നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാണ, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും അന്വേഷണം നടത്തുന്നത്.
നീറ്റ് യു.ജി ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്ത് അന്വേഷണം നടത്തുന്നത്. വഞ്ചന (ഐ.പി.സി. 420), ക്രിമിനല്‍ ഗൂഢാലോചന (ഐ.പി.സി. 120-ബി) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അജ്ഞാതരുടെ പേരില്‍ കേസെടുത്തത്. പരീക്ഷാ നടത്തിപ്പും ഗൂഢാലോചനയുമായി ബന്ധപ്പെട്ട പൊതുപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ചന്വേഷിക്കാനും സി.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മെയ് അഞ്ചിന് നടത്തിയ പരീക്ഷയില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണത്തിന് നിര്‍ബന്ധിതമായത്. ഇതിന്റെ തുടര്‍ച്ചയായി നീറ്റ് പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ എന്‍.ടി.എ നടത്തുന്ന മറ്റ് പരീക്ഷകളും മാറ്റിവെക്കേണ്ടിവന്നിരുന്നു.
സെപ്റ്റംബർ 8 ന് പോർട്ട്‌സ്മൗത്ത് ഔർ ലേഡി ഓഫ് നേറ്റിവിറ്റി ആൻഡ് സെന്‍റ് പോൾ സിറോ മലബാർ ദേവാലയ കൂദാശ കർമ്മവും ഇടവക പ്രഖ്യാപനവും പരി. അമ്മയുടെ പിറവിത്തിരുനാളും നടത്തപ്പെടും. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പോർട്ട്‌സ് മൗത്ത് രൂപതാധ്യക്ഷൻ റൈറ്റ് റവ. ഫിലിപ്പ് ഈഗൻ എന്നിവരുടെ സാന്നിധ്യത്തിൽ നടത്തുന്ന ചടങ്ങിൽ എല്ലാവരെയും ക്ഷണിക്കുന്നതായി ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് മിഷൻ ഡയറക്ടർ, ബൈജു മാണി, മോനിച്ചൻ തോമസ്, ജിതിൻ ജോൺ കൈക്കാരന്മാർ എന്നിവർ അറിയിച്ചു.
സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് സെപ്റ്റംബർ 13ന് ദൈവാലയത്തിൽ സ്വീകരണം നൽകും.
2024 സെപ്റ്റംബർ 8, ഞായറാഴ്ച
9.00am -ജപമാല
9.30am – വിശുദ്ധ കുർബ്ബാനയ്ക്കായുള്ള പ്രദക്ഷിണം (സ്കൂളിൽ നിന്ന്)
10.00am – ആഘോഷമായ വിശുദ്ധ കുർബ്ബാന
12.00 Noon – പ്രദക്ഷിണം
1.00pm – സ്നേഹവിരുന്ന്.
മാത്യൂ ചെമ്പുകണ്ടത്തിൽ
ഭാരതത്തില്‍ ക്രൈസ്തവസഭയുടെ പ്രവര്‍ത്തനങ്ങള്‍ അപ്പൊസ്തൊലിക കാലഘട്ടത്തില്‍തന്നെ ആരംഭിച്ചതാണെന്നത് ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്. ഈശോമശിഹായുടെ ശിഷ്യഗണത്തില്‍ നിന്നും “ദിദിമോസ് എന്നും പേരുള്ള തോമ” എന്ന ശിഷ്യന്‍ ഭാരതത്തില്‍ വന്നു സുവിശേഷം പ്രസംഗിച്ചുവെന്നും വിവിധയിടങ്ങളില്‍ സഭകള്‍ സ്ഥാപിച്ചുവെന്നുമാണ് ചരിത്രവും പാരമ്പര്യവും വ്യക്തമാക്കുന്നത്. മാര്‍തോമായുടെ ആഗമനത്തിനും പ്രവത്തനങ്ങള്‍ക്കും ചരിത്രത്തില്‍ ശക്തമായ തെളിവുകള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയിലെ തോമാസാന്നിധ്യത്തെ പലരും ചോദ്യംചെയ്യുകയും സംശയിക്കുകയും ചെയ്യുന്നു എന്നതും വിസ്മരിക്കുന്നില്ല. “യേശുക്രിസ്തു ജീവിച്ചിരുന്നില്ല” എന്നുപോലും വാദിക്കുന്നവരുടെ ലോകത്തില്‍ ക്രിസ്തുവിന്‍റെ ശിഷ്യനായ തോമായുടെ ചരിത്രപരതയെ അക്കൂട്ടർ സംശയിക്കുന്നതില്‍ തെറ്റുപറയാൻ കഴിയില്ല. ഈ അടുത്ത കാലത്തു ക്രിസ്തുവിശ്വാസം സ്വീകരിച്ച കുറേപ്പേരും ഇക്കൂട്ടത്തിലുണ്ട്. തോമാസ്ളീഹായുടെ ചരിത്രപരത നിഷേധിച്ചാൽ തങ്ങൾക്ക് എന്തോ വലിയ ശ്രേഷ്ഠതയുണ്ടാകും എന്നാണ് ഇക്കൂട്ടർ ധരിച്ചിരിക്കുന്നത്.
തോമാസ്ലീഹായുടെ ഭാരതസാന്നിധ്യത്തിന് ചരിത്രത്തിലെ തെളിവുകള്‍ക്കൊപ്പം പുതിയനിയമ ഗ്രന്ഥങ്ങളില്‍നിന്ന് മറ്റെന്തെങ്കിലും തെളിവുകള്‍ കണ്ടെത്താന്‍ കഴിയുമെങ്കില്‍ സ്ലീഹായുടെ ഭാരതസാന്നിധ്യത്തെ കൂടുതല്‍ തെളിമയോടെ മനസ്സിലാക്കാന്‍ സാധിക്കും. സഭകളുടെ രൂപവല്‍ക്കരണത്തില്‍ അപ്പൊസ്തൊലന്മാരിലൂടെ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള ചില പൊതുഘടകങ്ങളുണ്ട്. അത്തരം ചില പൊതുഘടകങ്ങള്‍ ഭാരതസഭയിലും കണ്ടെത്താന്‍ കഴിയും. അതിനാൽ മാര്‍തോമാ സ്ളീഹാ ഭാരതത്തില്‍ ഈശോ മശിഹായുടെ പരിശുദ്ധശരീരമായ സഭ സ്ഥാപിച്ചതിന് ദൈവവചനം നല്‍കുന്ന ചില സൂചനകളാണ് ഈ ലേഖനത്തിലെ പ്രതിപാദ്യവിഷയം.
പ്ലാസിഡ് പൊടിപ്പാറയച്ചന്‍റെ എഴുത്തുകളിലെ ചില തെളിവുകള്‍
മാര്‍തോമായുടെ ഭാരതസാന്നിധ്യത്തെ ചരിത്രപരമായി ഉറപ്പിച്ചുകൊണ്ട് ”മാര്‍ തോമായും പാലയൂര്‍ പള്ളിയും” എന്നൊരു ഗ്രന്ഥം 1951 -ല്‍ മല്‍പ്പാന്‍ ബഹുമാനപ്പെട്ട പ്ലാസിഡ് പൊടിപ്പാറയച്ചന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാര്‍ത്തോമായുടെ ചരിത്രപരതയും വിശുദ്ധതിരുവെഴുത്തും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങള്‍ ഇപ്രകാരമാണ്:
“ചെമ്പുപട്ടയങ്ങളേയും ശിലാരേഖകളേയും അതിശയിക്കുന്നതും മാംസളമായ മനുഷ്യഹൃദയത്തില്‍ ആലേഖനം ചെയ്തിട്ടുള്ളതുമായ നമ്മുടെ പാരമ്പര്യത്തെ സജീവമായി സംവഹിക്കുന്ന മനുഷ്യരാശികളുടെ ഒരു മഹല്‍സഞ്ചയമാണ് സുറിയാനി ക്രിസ്ത്യാനികള്‍ എന്നുകൂടിയും അറിയപ്പെടുന്ന കേരളത്തിലെ മാര്‍ത്തോമാ നസ്രാണികള്‍. ആഭ്യന്തരകലഹം നിമിത്തം ഞാന്‍ അപ്പോളൊയുടെയാണ്, ഞാന്‍ പൗലോസിന്‍റെയാണ്, ഞാന്‍ കേപ്പായുടെയാണ്, ഞാന്‍ മ്ശിഹായുടെയാണ് എന്നിങ്ങനെ കൊറിന്ത്യര്‍ പറയുവാന്‍ ഇടവന്നിട്ടുണ്ടെങ്കിലും (1 കൊരി 1:11-13) ഒരു ശ്ലീഹായുടെ നാമത്തില്‍ നാളിതുവരെ അറിയപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ക്രിസ്തീയജനത കേരളത്തിലല്ലാതെ വേറൊരിടത്തുമില്ലെന്നുള്ള വസ്തുത മാര്‍ത്തോമാ നസ്രാണികള്‍ക്കു വാസ്തവത്തില്‍ അഭിമാനകരംതന്നെ. സംശയമില്ല, അനിഷേധ്യങ്ങളും ചരിത്രപരങ്ങളുമായ സ്മാരകങ്ങള്‍, ആചാരവിശേഷങ്ങള്‍, പ്രബലമായ പാരമ്പര്യം ആദിയായവയാണ് ഈ നാമധേയത്തിന്‍റെ അടിസ്ഥാനം…” (പേജ് 26).
“ആകയാല്‍ മാര്‍ത്തോമാ നസ്രാണികളായ നമ്മളോ നമ്മുടെ പൂര്‍വ്വികരോ വഞ്ചിക്കപ്പെട്ടിട്ടില്ല. മാര്‍ത്തോമാ സ്ലീഹാതന്നെയാണ് സുവിശേഷംകൊണ്ട് മ്ശിഹായില്‍ നമ്മെ ജനിപ്പിച്ചത്. ആ വിശുദ്ധന്‍റെ ശ്ലീഹാസ്ഥാനത്തിന്‍റെ മുദ്രയാണ് മാര്‍ത്തോമാ നസ്രാണികളായ നമ്മള്‍…. കേരള സഭയുടെ ഒന്നാമത്തെ മെത്രാന്‍ മാര്‍ത്തോമാ സ്ലീഹാ ആയിരുന്നു എന്നതില്‍ സംശയമില്ല” (പേജ് 27).
പ്രസ്തുത ഗ്രന്ഥത്തിന്‍റെ ആമുഖത്തില്‍ ബഹുമാനപ്പെട്ട പ്ലാസിഡച്ചന്‍ ഇപ്രകാരം എഴുതി: “നിങ്ങള്‍ക്ക് പതിനായിരം ഉപദേഷ്ടാക്കളുണ്ടായാലും പിതാക്കന്മാര്‍ വളരെയില്ല. സുവിശേഷംകൊണ്ട് മ്ശിഹായില്‍ നിങ്ങളെ ജനിപ്പിച്ചത് ഞാനാകുന്നു (1 കൊരി 4:17) നിങ്ങളാകുന്നു എന്‍റെ ശ്ലീഹാസ്ഥാനത്തിന്‍റെ മുദ്ര (1 കൊരി 9:2). വിശുദ്ധ പൗലോസ് തന്‍റെ ആധ്യാത്മിക സന്താനങ്ങളായ കൊറിന്തിയരോട് അരുളിച്ചെയ്ത ഈ വാക്യങ്ങള്‍ കേരളത്തിലെ മാര്‍ത്തോമാ നസ്രാണികളെ നോക്കിക്കൊണ്ട് മാര്‍ത്തോമാ സ്ലീഹാ ഉദ്ധരിക്കുന്നതായി സങ്കല്‍പ്പിച്ചാല്‍ യാതൊരു അബദ്ധവും ഉണ്ടാകില്ല” (പേജ് 1)
ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ തന്നെ തോമാസ്ലീഹായുടെ മകുടമാണ് ഭാരതസുറിയാനി സഭ എന്നത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാല്‍ ഭാരതസഭയുടെ ആത്മീയപിതൃത്വം തോമാസ്ലീഹായ്ക്ക് നല്‍കുന്നതിന് തിരുവചനത്തില്‍നിന്നുള്ള മറ്റുചില തെളിവുകളാണ് ഈ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.
ക്രിസ്തുമാര്‍ഗ്ഗവും ആദിമസഭാ ദര്‍ശനങ്ങളും
അന്ത്യത്താഴത്തിനു ശേഷം ശിഷ്യന്മാരോടൊത്തുള്ള സംഭാഷണമധ്യേയാണ് “വഴിയും സത്യവും ജീവനും ഞാനാണ്” എന്ന് ഈശോമശിഹാ വെളിപ്പെടുത്തുന്നത്. ശിഷ്യനായ തോമായുടെ ഒരു ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു ഈശോമശിഹാ ഈ പരമയാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയത്. നിങ്ങള്‍ക്കു സ്ഥലമൊരുക്കുവാന്‍ ഞാന്‍ പിതാവിന്‍റെ അടുക്കലേക്കു മടങ്ങുകയാണെന്ന് ഈശോ പറഞ്ഞപ്പോള്‍ തോമാ ചോദിക്കുന്നു “കര്‍ത്താവേ, നീ എവിടേക്കു പോകുന്നുവെന്നു ഞങ്ങള്‍ക്കറിഞ്ഞുകൂടാ. പിന്നെ വഴി ഞങ്ങള്‍ എങ്ങനെ അറിയും?” ഈ സന്ദര്‍ഭത്തിലാണ് “വഴി ഞാന്‍ തന്നെയാണ്” എന്ന് ഈശോമശിഹാ വെളിപ്പെടുത്തുന്നത്. (യോഹ 14:1-6).
പന്തക്കുസ്താദിവസം പരിശുദ്ധസഭ സ്ഥാപിതമായതിനുശേഷം അപ്പൊസ്തൊലന്മാരെയും ആദിമസഭയെയും ഒരുപോലെ നയിച്ചത് തങ്ങള്‍ “ക്രിസ്തുമാര്‍ഗ്ഗി”കളാണ് എന്നൊരു നവീനചിന്തയായിരുന്നു. മതജീവിതത്തിന്‍റെ ബന്ധനത്തിൽനിന്നും ക്രിസ്തുമാര്‍ഗ്ഗത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്കു വിളിക്കപ്പെട്ടവരാണ് തങ്ങളെന്ന അവബോധം ആദിമസഭയുടെ മുഖമുദ്രയായിരുന്നു. ക്രിസ്തുവിശ്വാസികള്‍ തങ്ങളെ “ക്രിസ്തുമാര്‍ഗ്ഗികള്‍” എന്ന് വിശേഷിപ്പിച്ചിരുന്നതായി അപ്പസ്തൊലപ്രവൃത്തികളില്‍ വായിക്കുന്നു. “ക്രിസ്തുമാര്‍ഗ്ഗം” സ്വീകരിച്ചവരെ ബന്ധനസ്ഥരാക്കി ജെറുസലേമില്‍ കൊണ്ടുവരാനാണ് സാവൂള്‍ ശ്രമിച്ചതെന്ന് അപ്പ പ്രവൃ 9:2ല്‍ രേഖപ്പെടുത്തിയിരിക്കുന്നു. “ക്രിസ്തുമാര്‍ഗ്ഗത്തെ” സംബന്ധിച്ച് എഫേസോസില്‍ വലിയൊരു ലഹളയുണ്ടായതായി അപ്പസ്തോല പ്രവൃത്തി 19:23ല്‍ കാണാം. കൂടാതെ, ഫെലിക്സ് എന്ന ദേശാധിപതിക്ക് “ക്രിസ്തുമാര്‍ഗ്ഗ”ത്തെ സംബന്ധിച്ചു നല്ല അറിവുണ്ടായിരുന്നു എന്ന് അപ്പസ്തൊല പ്രവൃത്തി 24:22ലും വ്യക്തമാക്കിയിരിക്കുന്നു.
തങ്ങള്‍ ക്രിസ്തുമാര്‍ഗ്ഗികളാണെന്നും ഈശോമശിഹാ എന്ന വഴിയിലൂടെ ദൈവപിതാവിൻ്റെ സന്നിധിയിലേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുന്ന തീര്‍ത്ഥാടകരാണെന്നുമുള്ള അവബോധം സഭയുടെ ആരംഭംമുതലേ ക്രൈസ്തവസമൂഹത്തില്‍ നിലനിന്നിരുന്നു. ഇതിനുള്ള തെളിവുകളാണ് ”അപ്പസ്തൊല പ്രവൃത്തികൾ” എന്ന പുതിയനിയമ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്.
ക്രിസ്തുമാർഗ്ഗത്തിലെ സഞ്ചാരിയായി പൗലോസ് സ്ലീഹാ
യഹൂദമതത്തില്‍ ഏറെ മതാനുസാരിയായി ജീവിച്ച പൗലോസ് അപ്പൊസ്തൊലന്‍ ക്രിസ്തുവിശ്വാസം സ്വീകരിച്ചതിനുശേഷം യഹൂദമതത്തിന്‍റെ കുറ്റങ്ങളും കുറവുകളും തീര്‍ത്ത് മറ്റൊരു നവീനമതം കെട്ടിപ്പടുക്കാനല്ല ശ്രമിച്ചത്. താന്‍ ക്രിസ്തുമാര്‍ഗ്ഗിയാണെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് ”ക്രിസ്തുമാര്‍ഗ്ഗം” എന്ന പുതിയനിയമ ദര്‍ശനമാണ് പ്രചരിപ്പിച്ചത്. അദ്ദേഹത്തിന്‍റെ സുവിശേഷ പ്രസംഗങ്ങളുടെയെല്ലാം അടിസ്ഥാനം ക്രിസ്തുമാര്‍ഗ്ഗ ദര്‍ശനത്തില്‍ അധിഷ്ഠിതമായിരുന്നു. കൊറിന്തോസ് സഭയ്ക്കുള്ള ലേഖനത്തില്‍ പൗലോസ് സ്ലീഹാ ഇക്കാര്യം എടുത്തുപറയുന്നുണ്ട്. കര്‍ത്താവില്‍ എൻ്റെ പ്രിയപുത്രനും വിശ്വസ്തനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കു ഞാനയച്ചത്, എല്ലായിടത്തുമുള്ള എല്ലാ സഭളിലും ഞാന്‍ അവരെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെ, ക്രിസ്തുവിലുള്ള എൻ്റെ മാര്‍ഗങ്ങള്‍ (My Ways in Christ)നിങ്ങളെയും അനുസ്മരിപ്പിക്കുവാനാണ്. (1 കൊരി 4:17). തന്‍റെ ഉപദേശങ്ങളുടെയും പ്രസംഗങ്ങളുടെയും അടിസ്ഥാനം ”ക്രിസ്തുവിലുള്ള തൻ്റെ യാത്രകൾ” ആണെന്ന യാഥാർത്ഥ്യമാണ് പൗലോസ് സ്ളീഹാ ഇവിടെ വ്യക്തമാക്കുന്നത്. കൂടാതെ പൗലോസ് അപ്പൊസ്തൊലന്‍റേതായി അറിയപ്പെടുന്ന ഹെബ്രായലേഖനത്തില്‍ തന്‍റെ ശരീരമാകുന്ന വിരിയിലൂടെ അവന്‍ നമുക്കായി നവീനവും സജീവവുമായ ഒരു പാത തുറന്നു തന്നിരിക്കുന്നുവെന്നും (ഹെബ്രായര്‍ 10:20) രേഖപ്പെടുത്തിയിരിക്കുന്നു.
പൗലോസ് സ്ലീഹായുടെ ജീവിതവും സന്ദേശവും ”ക്രിസ്തുവിലുള്ള തന്‍റെ വഴികളെ” സംബന്ധിച്ചായിരുന്നു. ക്രിസ്തുമാര്‍ഗ്ഗമെന്നത് കേവല മതജീവിതത്തില്‍നിന്നും വ്യത്യസ്തമായ ജീവിതദര്‍ശനമാണെന്ന സന്ദേശമായിരുന്നു എല്ലാ അപ്പൊസ്തൊലന്മാരും പങ്കുവച്ചത്. വിവിധ മതങ്ങളില്‍നിന്നും പ്രാകൃതസമൂഹങ്ങളില്‍നിന്നും ക്രിസ്തുവിനാല്‍ വീണ്ടെടുക്കപ്പെട്ടു പുതിയ സൃഷ്ടികളാക്കപ്പെട്ടവർ ക്രിസ്തുമാര്‍ഗ്ഗത്തിലുള്ള ജീവിതം പരിശീലിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു അപ്പൊസ്തൊലന്മാര്‍ ലേഖനങ്ങള്‍ എഴുതിയത്. ആഴമേറിയ ദൈവശാസ്ത്ര ദര്‍ശനങ്ങള്‍ക്കൊപ്പം അനുദിനജീവിതത്തില്‍ അനുഷ്ഠിക്കേണ്ട ധാര്‍മ്മികനിയമങ്ങളും നീതിബോധവും ഓരോ ക്രിസ്തുശിഷ്യനിലും വളര്‍ത്തിയെടുക്കാനും അവര്‍ തങ്ങളുടെ എഴുത്തുകളില്‍ ശ്രദ്ധിച്ചിരുന്നു. ഉദാഹരണത്തിന് കൊളോസ്യ ലേഖനം 3,4 അധ്യായങ്ങള്‍, എഫേസോസ് ലേഖനം 4,5,6 എന്നീ അധ്യായങ്ങള്‍ നോക്കുക. കൊളോസോസിലെയും എഫേസോസിലെയും പാഗന്‍ സമൂഹങ്ങളില്‍നിന്ന് ക്രിസ്തുമാര്‍ഗ്ഗത്തലേക്കു കടന്നുവന്നവര്‍ക്കു നല്‍കുന്ന ഉപദേശങ്ങളിൽ കാലാതീതമായ ഒരു ക്രൈസ്തവജീവിത സംസ്കാരം രൂപപ്പെടുത്തുന്നതിനുള്ള സ്ലീഹായുടെ ഇടപെടല്‍ വ്യക്തമായി കാണാം. യാക്കോബ്, പത്രോസ്, യൂദ, യോഹന്നാന്‍ എന്നിവരുടെ ലേഖനങ്ങളിലുമെല്ലാം ക്രിസ്തുമാര്‍ഗ്ഗത്തില്‍ അധിഷ്ഠ്തിമായ ജീവിതരീതിയെക്കുറിച്ചുള്ള നിര്‍ദ്ദേങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
ദൈവവചനത്തിന്‍റെ ആഴമേറിയ മര്‍മ്മങ്ങള്‍ വെളിപ്പെടുത്തുന്നതോടൊപ്പം ക്രിസ്തുമാര്‍ഗ്ഗമെന്ന ജീവിതക്രമത്തിനും അപ്പൊസ്തൊലന്മാര്‍ ഒരുപോലെ പ്രാധാന്യം നല്‍കിയിരുന്നു. ക്രിസ്തുവെന്ന മാര്‍ഗ്ഗത്തില്‍ എല്ലാവര്‍ക്കും മുമ്പേ താന്‍ സഞ്ചരിക്കുന്നതിനാല്‍ തന്നെ അനുകരിച്ചു തന്‍റെ പിന്നാലെ വരുവാനാണ് പൗലോസ് കൊരിന്ത് സഭയെ ആഹ്വാനം ചെയ്തത്. “ഞാന്‍ ക്രിസ്തുവിനെ അനുകരിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുകരിക്കുവിന്‍” (1 കൊരി 11:1).
ഭാരതസഭയും തോമാമാര്‍ഗ്ഗ ദര്‍ശനങ്ങളും
അപ്പൊസ്തൊലിക ഉപദേശത്തിൻ്റെ കാതലായിരുന്ന ക്രിസ്തുമാര്‍ഗ്ഗത്തിലേക്കുള്ള ആഹ്വാനമാണ് തോമാസ്ലീഹാ ഭാരതത്തിലും പ്രചരിപ്പിച്ചത്. “ഞാന്‍ വഴിയാണ്” എന്ന് ഈശോമശിഹായില്‍നിന്നു നേരിട്ടു കേട്ട ശിഷ്യനായിരുന്നുവല്ലോ തോമാസ്ലീഹാ. അതിനാല്‍ തന്‍റെ സുവിശേഷപ്രവര്‍ത്തന ഭൂമികയായ ഭാരതത്തില്‍ ക്രൈസ്തവികതയെ മാര്‍ഗ്ഗമായി അവതരിപ്പിക്കുന്നതിനാണ് തോമാസ്ലീഹായും യത്നിച്ചത്. തോമാസ്ലീഹായില്‍നിന്നു പകര്‍ന്നുകിട്ടിയ ഈ മാര്‍ഗ്ഗദര്‍ശനത്തെ ഭാരതത്തിലെ മാര്‍തോമാ ക്രിസ്ത്യാനികളും ഏറ്റെടുത്തു. തങ്ങള്‍ “തോമാമാര്‍ഗ്ഗ”ത്തിലൂടെ ക്രിസ്തുവിനെ പിന്‍പറ്റുന്നവരാണ് എന്നൊരു സ്വയാവബോധം മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ മുഖമുദ്രയായിരുന്നു.
The Liturgical Heritage of the Syro Malabar Church എന്ന ഗ്രന്ഥത്തിൽ ഫാ. പോൾ പള്ളത്ത് എഴുതുന്നു ”For the St Thomas Christians, Christianity was predominantly a way of life (margam) to obtain salvation and to reach God the Father, which was wrought by Christ through his paschal mysteries, introduced in India by Apostle Thomas “Thoma Margom” and assiduously practised by their ancestors ” (The Liturgical Heritage of the Syro Malabar Church: Shadows and Realities, Paul Pallath, HIRS Publication, Changanassery).
മാര്‍ത്തോമാസ്ലീഹാ കേരളത്തില്‍ അവതരിപ്പിച്ചത് ഒരു വിശ്വാസപ്രമാണം മാത്രമായിരുന്നില്ല, ക്രിസ്തുവിശ്വാസത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതരീതിയുമായിരുന്നു തോമായുടെയും സുവിശേഷം. ഈ ജീവിതരീതി തോമാമാര്‍ഗ്ഗമാണ് എന്ന് ഭാരത ക്രിസ്ത്യാനികൾ മനസ്സിലാക്കി. ക്രിസ്തുവില്‍ സംലഭ്യമായ എല്ലാ ആത്മീയാനുഗ്രഹങ്ങളെയും സ്വായത്തമാക്കുവാന്‍ കഴിയുന്ന ജീവിതക്രമമായിരുന്നു തോമാമാര്‍ഗ്ഗം. വ്യക്തിയിലും കുടുംബത്തിലും സഭയിലും സമൂഹത്തിലും ക്രിസ്തുമാര്‍ഗ്ഗികള്‍ എന്ന അവബോധത്തോടെ തോമായുടെ പിന്നാലെ സഞ്ചരിച്ച് പിതാവിന്‍റെ സന്നിധിയെന്ന മഹത്തായ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഒരു സമൂഹത്തെയാണ് തോമാസ്ലീഹാ ഒരുക്കിയത്. ക്രിസ്ത്വാനുകരണമെന്നത് വിശ്വാസവും ജീവിതരീതിയും കൂടിച്ചേർന്നതാണ് എന്ന അപ്പൊസ്തൊലിക ഉപദേശത്തെ ഭാരതസാംസ്കാരിക പശ്ചാത്തലത്തില്‍ ഉള്‍ക്കൊണ്ടായിരുന്നു തോമാമാര്‍ഗ്ഗം ഇവിടെ നിലനിന്നത്. പ്രാര്‍ത്ഥനയും ഉപവാസവും ആത്മനിയന്ത്രണത്തിനായി നോയമ്പും ശക്തമായ കൂട്ടായ്മാ ബോധവുമെല്ലാം തോമാമാര്‍ഗ്ഗത്തിന്‍റെ സവിശേഷതകളായിരുന്നു.
ക്രിസ്തുവിനെ മാര്‍ഗ്ഗമായും അതോടൊപ്പം വിശ്വാസപ്രമാണമായും അവതരിപ്പിക്കുന്നതിന് ഒരു അപ്പൊസ്തൊലന്‍ കൂടിയേ തീരൂ. അപ്പൊസ്തൊലന്‍റെ സാന്നിധ്യമില്ലെങ്കില്‍ അവിടെ ക്രിസ്തുമാര്‍ഗ്ഗം രൂപപ്പെടില്ല. “തോമാമാര്‍ഗ്ഗികള്‍” എന്ന സുറിയാനി സഭയുടെ അടിസ്ഥാനബോധ്യം ക്രിസ്തുമാര്‍ഗ്ഗമെന്ന അപ്പൊസ്തൊലിക ഉപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭാരതഭൂവിൽ രൂപപ്പെട്ടത്. ഈ അടിസ്ഥാനം രൂപപ്പെടുത്തുവാന്‍ കടന്നുവന്ന ക്രിസ്തുശിഷ്യനായിരുന്നു തോമാസ്ലീഹാ. തോമാസ്ളീഹായുടെ ചരിത്രപരതയ്ക്കൊപ്പം അദ്ദേഹത്തിൻ്റെ സാന്നിധ്യത്തിൻ്റെ തിരുവചനത്തിലെ തെളിവാണ് ഭാരത സഭയുടെ ആരംഭം മുതൽ മാർത്തോമാ ക്രിസ്ത്യാനികളിൽ നിറഞ്ഞു നിൽക്കുന്ന തോമമാർഗ്ഗ ദർശനങ്ങൾ.
വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലില്‍ കഴിയുന്ന മലയാളി അബ്ദുള്‍ റഹീമിന് മാപ്പ് നല്‍കി സൗദി കുടുംബം. തങ്ങള്‍ ആവശ്യപ്പെട്ട 34 കോടി രൂപ ദയാധനം സ്വീകരിച്ച് മാപ്പ് നല്‍കാമെന്ന് കൊല്ലപ്പെട്ട സൗദി പൗരന്റെ കുടുംബം സമ്മതിച്ചതോടെ കോടതി വധ ശിക്ഷ റദ്ദാക്കി. മാപ്പ് നല്‍കുന്നുവെന്ന് കുടുംബം ഔദ്യോഗികമായി അറിയിച്ചതോടെ അബ്ദുള്‍ റഹീമിന്റെ ജാമ്യം ഉടനെ സാധ്യമാകും.
കൊല്ലപ്പെട്ട അനസ് അല്‍ ശഹ്റിയുടെ കുടുംബം ദയാധനമായി ആവശ്യപ്പെട്ട പതിനഞ്ച് മില്യന്‍ റിയാല്‍ (34 കോടി രൂപ) നേരത്തെ തന്നെ റിയാദ് ക്രിമിനില്‍ കോടതിക്ക് ചെക്ക് വഴി കൈമാറിയിരുന്നു. റഹീമിന് മാപ്പു നല്‍കാമെന്ന് ഇന്ന് ഉച്ചയോടെയാണ് കുടുംബം റിയാദ് കോടതിയില്‍ എത്തി ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളില്‍ കേസ് കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും സൗദി യുവാവിന്റെ കുടുംബം എത്തിയിരുന്നില്ല. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റി വെച്ചത്.
അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ശേഖരിച്ച പണം കഴിഞ്ഞ മാസം തന്നെ കൈമാറിയിരുന്നു. ജയില്‍ മോചിതനായ ഉടനെ തന്നെ അബ്ദുള്‍ റഹീമിനെ കോഴിക്കോടേക്ക് അയക്കും. ലോകത്താകെയുള്ള മലയാളികള്‍ ഒന്നിച്ചാണ് ദയാധനത്തിനായുള്ള 34 കോടി രൂപ സമാഹരിച്ചത്.
ബ്ലഡ് മണി നല്‍കുന്നതിനായി നിശ്ചയിച്ചിരുന്നതിന് മൂന്ന് ദിവസം മുമ്പേയാണ് റഹിം നിയമസഹായ സമിതിയുടെ ധനസമാഹരണ യജ്ഞം പൂര്‍ത്തിയായത്. 2006 ല്‍ 15 വയസുള്ള സൗദി പൗരന്‍ അനസ് അല്‍ ശഹ്‌റി മരിച്ച കേസിലാണ് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന് സൗദി കോടതി വധ ശിക്ഷ വിധിച്ചിരുന്നത്.
ഉത്തർപ്രദേശിലെ ഹാഥ്‌റസ് ജില്ലയിൽ മതപരമായ ചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് 116 പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. ഫുലരി ഗ്രാമത്തിൽ ചൊവ്വാഴ്ച ഭോലെ ബാബ എന്ന മതപ്രഭാഷകൻ നടത്തിയ സത്സംഗത്തിനിടെയാണ് അപകടം.
പരിപാടിക്കുശേഷം ഭോലെ ബാബയെ കാണാൻ ആളുകൾ തിരക്കുകൂട്ടിയതും ബാബയുടെ കാൽപ്പാദത്തിനരികിൽനിന്ന് മണ്ണ് ശേഖരിക്കാൻ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാവാൻ കാരണമായതെന്ന് പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആശുപത്രിയിൽനിന്നുള്ള വിവരം. മരിച്ചവരെയും അബോധാവസ്ഥയിലായവരെയും ട്രക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലാണ് ആശുപത്രിയിലെത്തിച്ചത്.
‘സകാർ വിശ്വ ഹരി ഭോലെ ബാബ’ എന്ന ബാനറിൽ നടത്തിയ സത്സംഗത്തിൽ പങ്കെടുക്കാൻ 15,000-ത്തോളം പേരെത്തിയിരുന്നു. സത്സംഗം നടത്താൻ താത്കാലികാനുമതി നൽകിയിരുന്നതായി അലിഗഢ് ഐ.ജി. ശലഭ് മതുർ പറഞ്ഞു. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടുക്കം രേഖപ്പെടുത്തി.
ദുരന്തകാരണം അന്വേഷിക്കാൻ ആഗ്രാ മേഖലാ അഡീഷണൽ ഡയറക്ടർ ജനറൽ, പോലീസ് കമ്മിഷണർ എന്നിവരുൾപ്പെടുന്ന സംഘത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ചു. സംഘാടകർക്കെതിരേ കേസ്സെടുക്കുമെന്ന് സർക്കാർ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രധാനമന്ത്രിയും സംസ്ഥാനസർക്കാരും സഹായധനം പ്രഖ്യാപിച്ചു.
ന്യൂഡൽഹി: യു.പി.യിലെ ഹാഥ്‌റസിൽ ചൊവ്വാഴ്ച തിക്കിലും തിരക്കിലുംപെട്ട് 97 പേർ മരിക്കാനിടയായ സത്സംഗം നടത്തിയത് സ്വയംപ്രഖ്യാപിത ആൾദൈവം. ഭോലെ ബാബ എന്ന നാരായൺ സാകറിന്റെ പ്രഭാഷണം കേൾക്കാനാണ് പതിനായിരങ്ങൾ ഫുലരി ഗ്രാമത്തിലേക്കെത്തിയത്.
ഇയാൾ ഇന്റലിജൻസ് ബ്യൂറോയിൽ ഉദ്യോഗസ്ഥനായിരുന്നെന്നാണ് അവകാശപ്പെടുന്നത്. 1990-ൽ ജോലിയുപേക്ഷിച്ച് ആത്മീയവഴി തിരഞ്ഞെടുക്കുകയായിരുന്നെന്നാണ് ഇദ്ദേഹം തന്റെ അനുയായികളോട് പറഞ്ഞിരുന്നത്. പടിഞ്ഞാറൻ യു.പി., ഉത്തരാഖണ്ഡ്, ഹരിയാണ, രാജസ്ഥാൻ, ഡൽഹി എന്നിവിടങ്ങളിൽ ഇയാൾക്ക് അനുയായികളുണ്ടെന്ന് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോവിഡ് കാലത്തിനു ശേഷമാണ് ഭോലെ ബാബ കൂടുതൽ പ്രസിദ്ധനായത്.
മാന്നാറിൽ 15 വർഷം മുൻപ് കാണാതായ സ്ത്രീയെ കൊന്ന് കുഴിച്ചിട്ടതാണെന്ന സംശയത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ എന്ന് സംശയിക്കുന്ന ചില വസ്തുക്കൾ കണ്ടെത്തി. മാന്നാറിലെ അനിലിന്റെ വീട്ടുവളപ്പിലാണ് പോലീസ് സംഘം സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന തുടരുന്നത്. അനിലിന്റെ ഭാര്യ കലയെയാണ് വീട്ടുവളപ്പിലെ ശൗചാലയത്തോട് ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതായി പോലീസിന് വിവരം ലഭിച്ചത്.
സെപ്റ്റിക് ടാങ്കിൽനിന്ന് മാലിന്യങ്ങൾ പുറത്തെടുത്ത് നടത്തിയ പരിശോധനയിൽ ലഭിച്ച ചില അവശിഷ്ടങ്ങൾ പ്രത്യേകം കുപ്പികളിലാക്കി മാറ്റിവെച്ചിട്ടുണ്ട്. ഇത് മൃതദേഹാവശിഷ്ടങ്ങൾ ആണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പോലീസിന്റെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. ആദ്യം പരിശോധിച്ച സെപ്റ്റിക് ടാങ്കിനോട് ചേർന്നുള്ള മറ്റൊരു സെപ്റ്റിക് ടാങ്കിലും ഇപ്പോൾ തിരച്ചിൽ നടക്കുന്നുണ്ട്. ഈ ടാങ്കിനുള്ളിൽനിന്ന് തലമുടിക്ക് സമാനമായ വസ്തു കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച എല്ലാ വസ്തുക്കളും ഫോറൻസിക് സംഘം പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കുകയാണ്.
15 വർഷം മുൻപാണ് കലയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവർ അനിലിന്റെ സുഹൃത്തുക്കളാണെന്നാണ് സൂചന. ഭാര്യയെ കാണാനില്ലെന്ന് അന്ന് അനിൽ പരാതി നൽകിയിരുന്നു. എന്നാൽ, അന്വേഷണത്തിൽ വിവരങ്ങളൊന്നും ലഭിച്ചില്ല. കലയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചതാണ്. ഭിന്നശേഷിക്കാരനായ ഒരാളടക്കം രണ്ടുസഹോദരന്മാരാണുള്ളത്. സാധാരണക്കാരായ ഇവരാരും പിന്നീട് പരാതിയുമായി പോയില്ല. ഇതിനിടെ അനിൽ വീണ്ടും വിവാഹിതനായി. കലയുമായുള്ള ബന്ധത്തിൽ അനിലിന് ഒരു മകനുണ്ട്. രണ്ടാമത്തെ വിവാഹത്തിൽ രണ്ടു മക്കളും. നാട്ടിൽ കെട്ടിട നിർമാണ കരാറുകാരനായിരുന്ന ഇയാൾ രണ്ടുമാസം മുമ്പാണ് ഇസ്രയേലിലേക്ക് ജോലിക്കായി പോയതെന്നാണ് വിവരം.
അടുത്തിടെ അമ്പലപ്പുഴ പോലീസിന് ലഭിച്ച ഒരു ഊമക്കത്തും അതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവുമാണ് കലയുടെ തിരോധാനത്തിൽ വഴിത്തിരിവായതെന്നാണ് സൂചന. കൃത്യത്തിൽ ഉൾപ്പെട്ട ഒരാൾ ഇയാളുടെ ഭാര്യയുമായി തർക്കമുണ്ടായപ്പോൾ കലയെ കൊലപ്പെടുത്തിയെന്നതിന്റെ സൂചന നൽകിയിരുന്നതായാണ് വിവരം.
‘അവളെപ്പോലെ നിന്നെയും കൊല്ലും’ എന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ. തുടർന്നാണ് ഇക്കാര്യങ്ങൾ സംബന്ധിച്ച് പോലീസിന് ഊമക്കത്ത് ലഭിച്ചതെന്ന് കരുതുന്നു. പിന്നാലെ പോലീസ് അന്വേഷണം നടത്തുകയും നാലുപേരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇതിനുശേഷമാണ് മൃതദേഹം കുഴിച്ചുമൂടിയെന്ന് സംശയിക്കുന്ന സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന തുടങ്ങിയത്.