അബുദാബി: 200 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന എക്സ്പ്രസ് റോഡുകളുടെ നാടാണ് അബുദാബി. 90ശതമാനം വാഹനങ്ങളും 130 കിലോമീറ്റര്‍ വേഗതയ്ക്ക് മുകളിലാണ് ഈ റോഡുകളിലൂടെ സഞ്ചരിക്കുകയും ചെയ്യാറ്. അത്തരമൊരു യാത്രക്കിടെ ബ്രേക്ക് നഷ്ടമായ വാഹനത്തിലെ ഡ്രൈവറെ അതി സാഹസികമായി രക്ഷപ്പെടുത്തിയിരിക്കുകയാണ് അബുദാബി ട്രാഫിക്ക് പോലീസ്.
അബുദാബി അല്‍ ഐന്‍ റോഡിലൂടെ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നതിനിടെ കാറിന്റെ ബ്രേക്ക് നഷ്ടമായതോടെയാണ് ഡ്രൈവര്‍ പോലീസിനെ വിവരമറിയിക്കുന്നത്. ഗിയര്‍ കണ്ട്രോളിംഗ് സംവിധാനമില്ലാത്തതിനാല്‍ ന്യൂട്രലിലേക്ക് മാറ്റിയിട്ടും വാഹനത്തിന്റെ വേഗത കുറയ്ക്കാന്‍ കഴിഞ്ഞില്ല. വാഹനത്തിന്റെ ക്രൂയിസ് കണ്ട്രോള് സംവിധാനവും കേടായിരുന്നു. തുടര്‍ന്ന് പോലീസിനെ വിവരമറിയിച്ചു.

ഏതാണ്ട് പതിനഞ്ചോളം വാഹനങ്ങളാണ് ബ്രേക്കില്ലാതെ ഓടുന്ന കാറിന് അകമ്പടിയായി പാഞ്ഞെത്തിയത്. വഴിയിലുള്ള എല്ലാ വാഹനങ്ങളും മാറ്റിയ ശേഷം പോലീസ് വാന്‍ കാറിന് മുന്നിലേക്ക് എത്തിച്ചു. ഇരു വാഹനങ്ങളും തമ്മില്‍ കൂട്ടിമുട്ടിയതിന് ശേഷം പൊലീസ് വാഹനം സാവധാനത്തില്‍ വേഗത കുറച്ച് സുരക്ഷിതമായി നിര്‍ത്തുകയും ചെയ്തു.

വാഹനത്തിന്റെ ബ്രേക്ക് തകരാറിലായപ്പോള്‍ മരണം മുന്നില്‍ കണ്ടിരുന്നതായി ഡ്രൈവര്‍ പിന്നീട് പ്രതികരിച്ചു. പോലീസ് വാഹനങ്ങള്‍ സര്‍വ്വ സന്നാഹത്തോടെ എത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ബ്രേക്കില്ലാത്ത കാര്‍ എവിടെയെങ്കിലും ഇടിച്ചിരുന്നെങ്കില്‍ പിറകില്‍ വരുന്ന വാഹനങ്ങള്‍ ഒരോന്നായി കൂട്ടിയിടിച്ച് വലിയ അപകടമായി മാറിയേനെ. സാഹസികമായ രക്ഷാപ്രവർത്തനം വിജയിച്ചതോടെ നിരവധി പേരാണ് പോലീസിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നത്.
പിണറായി കൂട്ടക്കൊലയെ അനുസ്മരിപ്പിക്കും വിധത്തിലാണ് തമിഴ്നാട് കുണ്ട്രത്തൂരില് അഭിരാമി എന്ന വീട്ടമ്മ രണ്ട് മക്കളെ വിഷം നല്കി കൊലപ്പെടുത്തിയത്. ഭര്‍ത്താവിനെയും മക്കളെയും ഒഴിവാക്കി വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകന് സുന്ദരത്തോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു നൊന്തുപെറ്റ രണ്ട് മക്കളെയും അഭിരാമി കൊലപ്പെടുത്തിയത്.
ഭര്‍ത്താവ് വിജയ്കുമാറിന്റെ ജീവന് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട് മാത്രമാണ്.ഓഗസ്റ്റ് 30നായിരുന്നു വിജയ്കുമാറിന്റെ ജന്മദിനം. രാത്രിയിലെ ജന്മദിനാഘോഷങ്ങള് കഴിഞ്ഞതിന് പിന്നാലെയാണ് അഭിരാമി നേരത്തെ ആസൂത്രണം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കിതുടങ്ങിയത്. വ്യാഴാഴ്ച രാത്രി ഭര്‍ത്താവിനും മക്കള്‍ക്കും നല്കിയ പാലില്‍ ഉറക്കഗുളിക പൊടിച്ച് കലര്‍ത്തിയിരുന്നു. പക്ഷേ, നാലുവയസുകാരിയായ മകള്‍ക്ക് മാത്രമാണ് വിഷബാധയേറ്റത്.
പാലില്‍ കലര്‍ത്തിയ മരുന്നിന്റെ അളവ് തീരെ കുറഞ്ഞുപോയതിനാല്‍ ഭര്‍ത്താവ് വിജയ്കുമാറും ഏഴുവയസുകാരനായ മകനും അന്നേദിവസം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുമ്പ് ഭര്‍ത്താവ് മകളെ കാണാതിരിക്കാനും അഭിരാമി തന്ത്രപൂര്‍വ്വം ഇടപെടലുകള്‍ നടത്തി. മകള്‍ ഉറങ്ങുകയാണെന്നും ശല്യപ്പെടുത്തേണ്ടെന്നും പറഞ്ഞ്, ഭര്‍ത്താവിനെ ആലിംഗനം ചെയ്താണ് അഭിരാമി യാത്രയാക്കിയത്. പക്ഷേ, ഈ സമയം നാലുവയസുകാരിയായ മകള്‍ മരിച്ചിരുന്നു.
വെള്ളിയാഴ്ച രാത്രിയിലാണ് മകന് വീണ്ടും മയക്കുഗുളിക പാലില്‍ കലര്‍ത്തിനല്‍കിയത്. ഇത്തവണ മരണം ഉറപ്പുവരുത്താനായി ഉയര്‍ന്ന അളവില്‍ തന്നെ മയക്കുഗുളിക പാലില്‍ കലര്‍ത്തിയിരുന്നു. രാത്രിയില്‍ ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിന് വേണ്ടിയും സമാനരീതിയില്‍ മരണക്കെണി ഒരുക്കിവെച്ചു. എന്നാല്‍ ബാങ്ക് ജീവനക്കാരനായ വിജയ്കുമാര്‍ ജോലിത്തിരക്കുകാരണം തിരിച്ചെത്താന്‍ വൈകുമെന്നറിഞ്ഞതോടെ അഭിരാമി വീട് വിട്ടു. പിന്നീട് കാമുകന്റെ സഹായത്തോടെ കേരളത്തിലെത്താന്‍ ആയിരുന്നു പദ്ധതി. എന്നാല്‍ അതിനും മുൻപ് ആ രക്തരക്ഷസിനെ പൊലിസ് പിടിച്ചു.
കൊല്ലത്ത് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊലപ്പെടുത്തിയെന്ന് സംശയം. അയത്തില്‍ രഞ്ജിത്ത് ജോണ്‍സന്റേത് സംശയിക്കുന്ന മൃതദേഹം നാഗര്‍കോവിലില്‍ കണ്ടെത്തി. ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.
ഗുണ്ടാനേതാവ് പാമ്പ് മനോജിനെ തിരയുന്നു. മനോജിനൊപ്പം താമസിച്ച യുവതിയെ രഞ്ജിത്ത് ഒപ്പം കൂട്ടിയതാണ് പകയ്ക്ക് കാരണം. മനോജിന്റെ കൂട്ടാളി ഉണ്ണി കിളികൊല്ലൂര്‍ പൊലീസ് കസ്റ്റഡിയിലായി. ഓഗസ്റ്റ് 15 ന് മകനെ രണ്ടുപേര്‍ ചേര്‍ന്ന് വിളിച്ചുകൊണ്ടുപോകുകയായിരുന്നുവെന്ന് രഞ്ജിത്ത് ജോണ്സണ്റെ അമ്മ ട്രീസ പറഞ്ഞു. ഇതിന് ശേഷം മകനെക്കുറിച്ച് വിവരമൊന്നുമില്ലെന്നും ട്രീസ പറഞ്ഞു.
കാലപ്പഴക്കത്താല്‍ തകര്‍ന്ന പോലീസ് സ്റ്റേഷൻ ലേലത്തിന്, പങ്കെടുക്കാന്‍ താല്പര്യമുളളവര്ക്ക് പങ്കെടുക്കാം. താല്പര്യമുളളവര് ലേലത്തിനു മുൻപ് 10,000 രൂപ കെട്ടിവയ്ക്കണം. അതോടൊപ്പം സീല്‍ ചെയ്ത ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ 22ന് വൈകിട്ട് അഞ്ചിനകം ആലപ്പുഴ ഡപ്യൂട്ടി പോലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നല്‍കണം. ഇത്രയൊക്കെയാണ് പോലീസ് സേറ്റഷന് സ്വന്തമാക്കാന്‍ ചെയ്യേണ്ടത്. എന്തായാലും ഇങ്ങനെയൊരു പോലീസ് സ്റ്റേഷൻ ലേലം എന്താകുമെന്നറിയാൻ കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥർ.
ഇടവേളയ്ക്ക് ശേഷം ലാല്‍ ജോസ് തന്റെ പുതിയ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നിരിക്കുകയാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന തട്ടിന്‍പുറത്ത് അച്ചുതന് ഇ്ന്ന് ചിത്രീകരണം ആരംഭിക്കും. ചിത്രം ക്രിസ്തുമസ് റിലീസായി തിയേറ്ററില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന് ലാല്‍ ജോസിന്റെ നായകനായി എത്തുന്ന ചിത്രമാണിത്. ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. എല്‍സമ്മ എന്ന ആണ്‍കുട്ടിക്കും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയ എം സിന്ധുരാജാണ് പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്.
പുള്ളിപ്പുലികളുടെ നിര്‍മ്മാതാവായ ഷെബിന്‍ ബക്കര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം.
മുന്‍ചിത്രങ്ങളിലേ പോലെ ഹാസ്യത്തിന് മുന്‍തൂക്കം നല്‍കുന്നതായിരിക്കും പുതിയ ചിത്രവുമെന്നാണ് സൂചന. ഇതേസമയം കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ് ജോണി ജോണി യെസ് അപ്പായാണ്. പിന്നാലെ മാംഗല്ല്യം തന്തുനാനേയും പ്രദര്‍ശനത്തിനെത്തും.
കേംബ്രിഡ്ജ് അനലിറ്റിക്കയിലൂടെ പിടുത്തമിട്ട വിവാദ ചൂണ്ട ഫെയ്സ്ബുക്കിന്റെ പിന്നാലെ നടന്ന് കുടുക്ക് മുറുക്കുകയാണ്. പുതിയ സര്‍വെ ഫലങ്ങള്‍ വെളിവാക്കുന്നത് അതാണ്. മൂന്നിലൊരാള്‍ അമേരിക്കയില്‍ തങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നു എന്നാണ് സര്‍വ്വെ റിപ്പോര്‍ട്ട്. സമീപകാലത്തു പുറത്തു വന്ന വിവാദങ്ങളെല്ലാം ഫെയ്സ്ബുക്കിനെ കാര്യമായി ബാധിച്ചു എന്നാണ് പ്യൂ റിസേര്‍ച്ച് സെന്ററിന്റെ (Pew Research Center) റിപ്പോര്‍ട്ടില്‍ പറയുന്നത്.
സര്‍വെ പ്രകാരം അമേരിക്കയിലെ പ്രായപൂര്‍ത്തിയായ 74 ശതമാനം ഫെയ്സ്ബുക്ക് ഉപയോക്താക്കളും സ്വകാര്യത സെറ്റിങ്സില്‍ മാറ്റം വരുത്തിയോ താത്കാലികമായി ഫെയ്സ് ബുക്കില്‍ നിന്നു പിന്മാറുകയോ പൂര്‍ണമായും ഡിലീറ്റു ചെയ്യുകയോ ചെയ്തിട്ടുണ്ട്. 26 ശതമാനം ഉപയോക്താക്കളാണ് ഫെയ്സ്ബുക്ക് പാടെ ഡിലീറ്റ് ചെയ്തതെങ്കില്‍ 54 ശതമാനം പേരും പ്രൈവസി സെറ്റിങ്സില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 42 ശതമാനം പേര് ആപ് ഉപയോഗം താത്കാലികമായി നിറുത്തി. രാഷ്ട്രീയ മുതലെടുപ്പ്, വെബ്സൈറ്റിലൂടെ തങ്ങള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന ശല്യം ചെയ്യല്‍ തുടങ്ങി നിരവധി കാരണങ്ങളാണ് ഫെയ്സ്ബുക്ക് ഉപേക്ഷിക്കുന്നവര്‍ അതിന് കാരണമായി ചുണ്ടിക്കാണിക്കുന്നത്.
ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റായ അമേരിക്കയിലേറ്റ ഈ തിരിച്ചടി മറ്റ് മേഖലകളിലേക്കും വ്യാപിക്കുമോ എന്ന് ആശങ്കയിലാണ് കമ്പനി. അതോടൊപ്പം അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ധനയും ഫെയ്സ്ബുക്കിനെ പ്രതിസന്ധിയിലാക്കുന്നു. പുതിയ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞതും കമ്പനിക്ക് വെല്ലുവിളിയുയര്‍ത്തുന്നു. എന്തൊക്കെയായാലും നിലവില്‍ വലിയ പരീക്ഷഘട്ടത്തിലൂടെയാണ് ഫെയ്സ്ബുക്കിന്റെ പ്രയാസമെന്നതില്‍ സംശയമില്ല.
മലയാളികളുടെ അഭിമാന താരമായ മമ്മൂട്ടിയുടെ 67ാം ജന്മദിനാഘോഷത്തിലാണ് ആരാധകര്‍. മെഗാതാരത്തിന്റെ 67ാം ജന്മദിനത്തില് ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഒരു വീഡിയോ. ഒരു കൂട്ടം ആരാധകര്‍ പിറന്നാള്‍ ആശംസകളുമായി എത്തിയതിന്റെ ദൃശ്യങ്ങളാണ് നവമാധ്യമങ്ങളില്‍ പടര്‍ന്നു പിടിക്കുന്നത്.
കാറില്‍ നിന്നും വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് ഗേറ്റിന് പുറത്ത് വന്ന ആരാധകര്‍ ആശംസകള്‍ പാടി അറിയിച്ചത്. ഹാപ്പി ബെര്‍ത്ത് ഡേ മമ്മൂക്കാ എന്ന് അവര്‍ വിളിച്ചുപറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം വീടിന് പുറത്തേക്ക് എത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം കേക്ക് വേണോ എന്ന് ഉറക്കെ ചോദിക്കുകയും ചെയ്തു.
ആവേശങ്ങളുടെ അതിര് വിട്ട ആരാധകര്‍ കേക്ക് വേണമെന്ന് വിളിച്ചുപറയുകയും ചെയ്തു. മിനിട്ടുകള്‍ക്കുള്ളില്‍ ദുല്‍ഖര്‍ സല്‍മാനും എത്തി. പിന്നീട് കേക്ക് വിതരണം ദുല്‍ഖര്‍ ഏറ്റെടുക്കുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ ആഹ്ലാദത്തോടെയാണ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്.
കേരളത്തില്‍ ഇനിയുള്ള നാളുകള്‍ അത്ര സുഖകരമായിരിക്കില്ലെന്ന സൂചനകള്‍ തന്നെയാണ് ഭൗമശാസ്ത്ര വിദഗ്ധര്‍ നല്‍കുന്നത്. കൊടുംപ്രളയത്തിന്റെ ശേഷിപ്പുകള്‍ വിരല്‍ ചൂണ്ടുന്നത് കൊടുംവരള്‍ച്ചയാകും കേരളത്തില്‍ വരാനിരിക്കുന്നതെന്നാണ്.
മഹാപ്രളയത്തിനുശേഷം നദികളിലെ ജലനിരപ്പ് വലിയതോതില്‍ താഴ്ന്നു. പലയിടത്തും വേനല്‍ക്കാലത്ത് ഒഴുകിയിരുന്നതിനേക്കാള്‍ കുറവാണ് വെള്ളം. ഇടുക്കിയില്‍ മാത്രമല്ല പാലക്കാടും മലപ്പുറത്തും കോഴിക്കോട്ടുമെല്ലാം ഈ പ്രതിഭാസം ദൃശ്യമാണ്. ഇതിനെക്കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നെല്ലാം വിദഗ്ധര്‍ കേരളത്തിലേക്ക് വരുന്നുണ്ട്. ഇവരെല്ലാം ഒരേ നിഗമനത്തിലേക്കാണ് എത്തിച്ചേരുന്നത്. കൊടുംപ്രളയത്തിനുശേഷം കേരളം കൊടുംവരള്‍ച്ച നേരിടാന്‍ ഒരുങ്ങേണ്ടിയിരിക്കുന്നുവെന്ന്.
വാട്ടര്‍ ടേബിള്‍ എന്ന പ്രതിഭാസമാണ് ഇപ്പോള്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. ഈ പ്രതിഭാസം മുന്‍പ് രാജ്യത്ത് പലയിടത്തും ഉണ്ടായിട്ടുണ്ടെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഭൂതലത്തില്‍ വിള്ളലുകള്‍ വീണിട്ടുള്ള മേഖലകളിലും ചെളി അടിഞ്ഞുകൂടി ഉണങ്ങിയ ദുര്‍ബല പ്രദേശങ്ങളിലും പ്രളയാനന്തരം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് രാജ്യാന്തര ശാസ്ത്രഏജന്‍സികള്‍ പഠനം തുടങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ ഭൂപ്രതലത്തെ സംബന്ധിച്ച ഇരുന്നൂറിലേറെ ചോദ്യാവലികള്‍ മുഖേനയാണ് നാസ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ വിവരശേഖരണം നടത്തുന്നത്.
പ്രളയാനന്തര വരള്‍ച്ച ഭൂചലന സാധ്യതയിലേക്കും വഴിതുറക്കുന്നു. ജലജീവികളുടെ വംശനാശമാണ് മറ്റൊരു ഭീഷണി. ശക്തമായ കുത്തൊഴുക്ക് ജലഘടനയില്‍ ഉണ്ടാക്കിയ ആഘാതം സൂക്ഷ്മജീവികളുടെ ആവാസ വ്യവസ്ഥ തകര്‍ത്തിട്ടുണ്ട്. ജലത്തില്‍ ഉപ്പിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കായല്‍, നദി എന്നിവിടങ്ങളില്‍ വളരുന്ന മത്സ്യങ്ങളുടെ പ്രജനനത്തേയും ബാധിക്കും. പുതിയതരം രോഗാണുക്കളുടെ വളര്‍ച്ചയ്ക്കും ഭൗമഘടനയിലെ മാറ്റം കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രളയക്കെടുതി നേരിട്ട ആറ് ജില്ലകളിലെ ഒരു മുനിസിപ്പാലിറ്റിയുടേയും ഒരു പഞ്ചായത്തിലെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലെ 16,232 കിണറുകളില്‍ നിന്നുള്ള വെള്ളം ആദ്യഘട്ടമായി ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കും. ചെങ്ങന്നൂര്‍, തിരുവല്ല, വൈക്കം, നോര്‍ത്ത് പറവൂര്‍, ചാലക്കുടി, കല്‍പ്പറ്റ എന്നീ മുനിസിപ്പാലിറ്റികളും തലവടി, റാന്നി-അങ്ങാടി, തിരുവാര്‍പ്പ്, കാലടി, മാള, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളും ഇതിലുള്‍പ്പെടും.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ജലപരിശോധനയ്ക്കായുള്ള കിറ്റുകള്‍ നല്‍കുന്നത്. തദ്ദേശഭരണ വകുപ്പിന് കീഴിലെ പഞ്ചായത്ത്, മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മേല്‍നോട്ടത്തില്‍ ബന്ധപ്പെട്ട ജില്ലകളിലെ എന്‍എസ്എസ് യൂണിറ്റുകളില്‍ നിന്നുള്ള വോളന്റിയര്‍മാര്‍ പരിശോധനയ്ക്കെത്തും. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ വെബ്സൈറ്റിലും പരിശോധനാഫലം പ്രസിദ്ധീകരിക്കും. ഇതിനു പുറമേ അതത് പഞ്ചായത്ത് സെക്രട്ടറിമാരെയും കിണറുകളുടെ ഉടമസ്ഥരെയും ഫലം അറിയിക്കും.
സ്വന്തം മക്കളെ ഒരു ദാക്ഷണ്യവും കൂടാതെ കൊലപ്പെടുത്തിയ അഭിരാമിയുടെ ഡബ്സ്മാഷ് വീഡിയോകളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നൊന്തുപെറ്റ മക്കളെ അതിക്രൂരമായി കൊലപ്പെടുത്തിയ അഭിരാമി കാമുകനൊപ്പവും അല്ലാതെയും ചെയ്ത ഡബ്സ്മാഷ് വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കാമുകനൊപ്പം ജീവിക്കാനായി രണ്ടുമക്കളെയും കൊലപ്പെടുത്തിയ അഭിരാമിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പലരും സോഷ്യല്‍മീഡിയയില്‍ പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
കുണ്ട്രത്തൂരില് താമസിച്ചിരുന്ന അഭിരാമി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഏഴു വയസുകാരനായ മകനെയും അഞ്ച് വയസുകാരിയായ മകളെ വിഷംനല്‍കി കൊലപ്പെടുത്തിയത്. വീടിനടുത്തുള്ള ബിരിയാണികടയിലെ ജീവനക്കാരനായ കാമുകന് സുന്ദരത്തോടൊപ്പം ജീവിക്കാന്‍ വേണ്ടിയായിരുന്നു അഭിരാമി മക്കളെ ഇല്ലാതാക്കിയത്.
ഭര്‍ത്താവ് വിജയ്കുമാറിനെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും ജോലിത്തിരക്ക് കാരണം അദ്ദേഹം വീട്ടിലെത്താന്‍ വൈകിയതിനാല്‍ മരണത്തില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. മക്കളെ കൊന്നതിനുശേഷം കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച അഭിരാമിയെ പിന്നീട് നാഗര്‍കോവിലില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാമുകന് സുന്ദരത്തെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തിയതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വാട്സാപ് ഗ്രൂപ്പ് അഡ്മിൻ കൂടിയായ കോട്ടയ്ക്കൽ കുറ്റിപ്പാല സ്വദേശി അബ്ദുൽ നാസറിനെ (32) അറസ്റ്റ് ചെയ്തു. കേസിൽ ഒൻപതാം പ്രതിയാണ് നാസർ. കഴിഞ്ഞ 28ന് പുലർച്ചെയാണ് മോഷണം ആരോപിച്ച് കുറ്റിപ്പാല ക്ലാരി പണിക്കർപടിയിലെ പൂഴിത്തറ മുസ്തഫയുടെ മകൻ മുഹമ്മദ് സാജിദി(23)നെ കെട്ടിയിട്ടത്.
ഈ ചിത്രങ്ങൾ അബ്ദുൽ നാസർ അഡ്മിനായിട്ടുള്ള വാട്സാപ് ഗ്രൂപ്പിലൂടെയാണ് പ്രചരിപ്പിച്ചതെന്ന് കണ്ടെത്തിയെന്നും കേസിലെ ഒന്നാം പ്രതിയായ സഹീറാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. ഇവ സമൂഹമാധ്യമത്തിൽ പ്രചരിച്ചതിൽ മനംനൊന്ത് സാജിദ് ആത്മഹത്യ ചെയ്തെന്നാണ് കേസ്.
ഇന്നലെ കുറ്റിപ്പാലയിലെ വീട്ടിൽനിന്നാണ് അബ്ദുൽ നാസറിനെ പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയും രണ്ട്, മൂന്ന് പ്രതികളായ മൊയ്തീൻ, ഷഹീം എന്നിവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഒൻപത് പ്രതികളാണുള്ളത്. ഒന്നാം പ്രതിയായ സഹീറിന്റെ സഹോദരനാണ് അബ്ദുൽ നാസർ. തിരൂർ ഡിവൈഎസ്പി ടി.ബിജു ഭാസ്കർ, സിഐ അബ്ദുൽ ബഷീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.