Latest News

അറ്റ് ലാന്റിക് സമുദ്രത്തിന് മുകളില്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 40 ഓളം യാത്രക്കാര്‍ക്ക് പരിക്ക്. സ്പെയിനിലെ മാഡ്രിഡില്‍ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയര്‍ യൂറോപ്പ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയായിരുന്നു. വിമാനം ബ്രസീലില്‍ അടിയന്തരമായി ഇറക്കിയതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. എയര്‍ യൂറോപ്പ ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് സ്പാനിഷ് എയര്‍ലൈന്‍ അറിയിച്ചു.

അറ്റ്ലാന്റിക്കിന് മുകളിലൂടെ പറന്ന വിമാനം പെട്ടെന്ന് ആകാശച്ചുഴിയില്‍പ്പെടുകയായിരുന്നു. 325 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

പരിക്കേറ്റ യാത്രക്കാരും വിമാനത്തിനുള്ളില്‍ സംഭവിച്ച കേടുപാടുകള്‍ ദൃശ്യങ്ങളില്‍ കാണാം. അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. വിമാനം ആകാശച്ചുഴിയില്‍ പെട്ടപ്പോള്‍ ഇരിപ്പിടത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ പറന്ന് ലഗേജ് ബോക്‌സില്‍ എത്തിയതും ഇയാളെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് താഴെ ഇറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വിമാനത്തിനകത്തുനിന്നുള്ള ദൃശ്യങ്ങളാണ് ഇവയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റിയെന്ന് ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡോ നോര്‍ട്ടെ സ്റ്റേറ്റ് ഹെല്‍ത്ത് സെക്രട്ടേറിയറ്റ് എഎഫ്പിയോട് പറഞ്ഞു. പലര്‍ക്കും നിസാരമായ പരിക്കുകളാണുള്ളത്. എന്നാല്‍ 11 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു.

ആകാശച്ചുഴിയില്‍പ്പെട്ടതോടെ യാത്രക്കാരോട് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ജീവനക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനാല്‍ വന്‍ അപകടം ഒഴിവായെന്നും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കാണ് പരിക്കേറ്റതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ മെയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിച്ചിരുന്നു. അപകടത്തെത്തുടര്‍ന്ന് ലണ്ടനില്‍ നിന്നുള്ള വിമാനം ബാങ്കോക്കില്‍ അടിയന്തരമായി ഇറക്കുകയും ചെയ്തു. അപകടത്തില്‍ മറ്റ് നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും തലയോട്ടി, തലച്ചോറ്, നട്ടെല്ല് എന്നിവയ്ക്ക് പരിക്കേറ്റിരുന്നു.

റഡാറിന് പലപ്പോഴും അദൃശ്യമായ ആകാശച്ചുഴി, കാലാവസ്ഥാ വ്യതിയാനം മൂലം കൂടുതല്‍ അപകടകാരിയായി മാറുകയാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അന്തരീക്ഷത്തില്‍ വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ ഉദ്വമനമാണ് ഇതിനു പിന്നിലെ കാരണം. ഇത് വായു പ്രവാഹത്തെ തടസപ്പെടുത്തുന്നു.

എന്താണ് ആകാശച്ചുഴി?

ഏവിയേഷന്‍ രംഗത്ത് സാധാരണമായി ഉപയോഗിക്കുന്ന പദമാണ് ടര്‍ബുലന്‍സ്. കാറ്റിന്റെ സമ്മര്‍ദത്തിലും ചലനവേഗത്തിലും പെട്ടെന്നുണ്ടാകുന്ന മാറ്റം വിമാനത്തെ തള്ളുകയും വലിക്കുകയും ചെയ്യും ഇതിനെ വിശേഷിപ്പിക്കുന്ന പദമാണ് ടര്‍ബുലന്‍സ് അഥവാ ആകാശച്ചുഴി. ചെറിയതോതില്‍ വിമാനം കുലുങ്ങുന്നതു കൂടാതെ, ശക്തിയേറിയ രീതിയില്‍ എടുത്തിട്ട് അടിക്കുന്നതു പോലെയും അനുഭവപ്പെടാം. അന്തരീക്ഷ വായുവിന്റെ പ്രവാഹത്തിലുണ്ടാകുന്ന ശക്തമായ വ്യതിയാനമാണ് ഇതിന് കാരണം. എയര്‍പോക്കറ്റ് അല്ലെങ്കില്‍ എയര്‍ഗട്ടര്‍ അഥവാ ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സ് എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്.

നാലു വർഷത്തിനുശേഷം ആദ്യമായി നാട്ടിലേക്കു മടങ്ങാൻ വിമാനത്തിൽ കയറിയ ഇന്ത്യൻ വംശജയായ യുവതി ഓസ്ട്രേലിയയിൽനിന്നുള്ള വിമാനത്തിൽ മരിച്ചു. ജൂൺ 20ന് ന്യൂഡൽഹി വഴി പഞ്ചാബിലേക്കുള്ള ക്വാന്റസ് വിമാനത്തിൽ മെൽബണിലെ ടുല്ലാമറൈൻ വിമാനത്താവളത്തിൽനിന്നു കയറിയ മൻപ്രീത് കൗർ (24) ആണു സീറ്റിലിരുന്ന് ബെൽറ്റ് ഇടുന്നതിനിടെ മരിച്ചതെന്ന് ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപുതന്നെ മൻപ്രീതിന് അസ്വസ്ഥതയുണ്ടായിരുന്നതായി സുഹൃത്തുക്കളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സീറ്റ് ബെൽറ്റിടാൻ ശ്രമിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മരിച്ചു. ടിബി ബാധിതയായിരുന്ന അവർ രോഗം മൂർച്ഛിച്ചാണ് മരിച്ചതെന്നാണു വിവരം. ഷെഫ് ആകാൻ പഠിക്കുകയായിരുന്ന മൻപ്രീത് ഓസ്ട്രേലിയ പോസ്റ്റിനുവേണ്ടി ജോലി ചെയ്യുകയായിരുന്നു. 2020 മാർ‍ച്ചിലാണ് ഓസ്ട്രേലിയയിലേക്ക് എത്തിയത്.

വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് ഉൾപ്പെടെയുള്ള പതിനഞ്ച് പേരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന് അംഗീകാരം നൽകി ഫ്രാൻസിസ് മാർപാപ്പായുടെ അധ്യക്ഷതയിൽ നടന്ന കർദിനാൾമാരുടെ സാധാരണ കൺസിസ്റ്ററി. വിശുദ്ധരുടെ നാമകരണങ്ങൾക്കായുള്ള ഡികസ്റ്ററിയുടെ പ്രീഫെക്ട് പതിനഞ്ച് വാഴ്ത്തപ്പെട്ടവരുടെയും ജീവിതത്തെക്കുറിച്ചുള്ള ഹ്രസ്വ റിപ്പോർട്ട് കൺസിസ്റ്ററിയിൽ അവതരിപ്പിച്ചു.

തുടർന്ന് അവരുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള അംഗീകാരം കൺസിസ്റ്ററി അംഗങ്ങൾ നൽകി. പുതിയ വിശുദ്ധരിൽ വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസ് ഒഴികെയുള്ളവരുടെ പേരുകൾ 2024 ഒക്ടോബർ 20 ഞായറാഴ്ച വിശുദ്ധരുടെ പട്ടികയിൽ ആലേഖനം ചെയ്യും. വാഴ്ത്തപ്പെട്ട കാർലോ അക്യുട്ടിസിന്റെ വിശുദ്ധ പദവി 2025 ജൂബിലി വർഷത്തിലായിരിക്കും നടക്കുക.

കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിന് കംപ്യൂട്ടർ പരിജ്ഞാനം ഉപയോഗിച്ച വ്യക്തിയാണ് കാർലോ അക്യൂട്ടിസ്. ലാപ്ടോപ്പും സമൂഹ മാധ്യമങ്ങളും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തിൽ പുതിയ പാത തുറന്നശേഷം 15–ാം വയസിൽ അന്തരിച്ച ഈ കംപ്യൂട്ടർ പ്രതിഭയെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിന് ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതി നേരത്തെ തീരുമാനിച്ചിരുന്നു.

ബ്രസീലിൽ ഒരു ബാലൻ രോഗസൗഖ്യം നേടിയത് കാർലോയുടെ മധ്യസ്ഥതയിലാണെന്ന് സാക്ഷ്യപ്പെടുത്തിയതിനെ തുടർന്ന് 2020 ഒക്ടോബർ 10 നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. കോസ്റ്ററിക്കയിൽ നിന്നുള്ള കൗമാരക്കാരി വലേറിയയ്ക്ക് അപകടത്തെ തുടർന്നുണ്ടായ ഗുരുതരാവസ്ഥയിൽ നിന്ന് സൗഖ്യം ലഭിച്ചതാണ് രണ്ടാമത്തെ അദ്ഭുതം. ഈ നൂറ്റാണ്ടിൽ കത്തോലിക്കാ സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയവരിൽ പ്രായം കുറഞ്ഞയാളും ആദ്യ കംപ്യൂട്ടർ പ്രതിഭയുമാണ്.

ലണ്ടനിൽ ജനിച്ച് മിലാനിൽ വളർന്ന കാർലോ 11–ാം വയസിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭ അംഗീകരിച്ച അത്ഭുതങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയനായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 136 വിശ്വാസ അത്ഭുതങ്ങൾ ഡിജിറ്റലായി രേഖപ്പെടുത്തി വെർച്വൽ മ്യൂസിയം സൃഷ്ടിച്ചു.

പന്തുകളിയും വിഡിയോ ഗെയിമുകളുമായിരുന്നു ഇഷ്ടം. വെബ്സൈറ്റുകൾ ഉണ്ടാക്കാൻ കംപ്യൂട്ടറിന് മുൻപിലെന്ന പോലെ മണിക്കൂറുകൾ പ്രാർഥനയ്ക്കും ചെലവിട്ടു. രക്താർബുദം ബാധിച്ച് 2006 ൽ ഒക്ടോബർ 12 ന് മരിക്കും വരെ സജീവ സാക്ഷ്യം തുടർന്നു. കഴിഞ്ഞ വർഷം പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന ലോക യുവജനദിനത്തിന്റെ മധ്യസ്ഥൻ കാർലോ ആയിരുന്നു.

വള്ളിക്കുന്നില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത് വിവാഹ സൽക്കാരത്തിൽ നിന്ന്. വിവാഹത്തില്‍ വിതരണം ചെയ്ത വെല്‍ക്കം ഡ്രിങ്കില്‍ നിന്നാണ് രോഗം പടര്‍ന്നത് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ വ്യക്തമാക്കിയത്. വള്ളിക്കുന്ന 238 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ആറായിരം കടന്നു.

മെയ് 13ന് മൂന്നിയൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ഇവിടെ നിന്ന് വെല്‍കം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവില്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ പറയുന്നത്.

ജില്ലയിലെ വള്ളിക്കുന്ന്, അത്താണിക്കല്‍, മൂന്നിയൂര്‍, തേഞ്ഞിപ്പലം, ചേലേമ്പ്ര തുടങ്ങിയ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലില്‍ മാത്രം 284 രോഗികള്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. വള്ളിക്കുന്ന് മണ്ഡലത്തില്‍ 459 പേര്‍ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതര്‍ അറിയിച്ചു.

ചേലേമ്പ്രയില്‍ 15 വയസുകാരി ഇന്നലെ രോഗം ബാധിച്ച് മരിച്ചിരുന്നു. ചേലൂപ്പാടം തറവാട് ബസ് സ്റ്റോപ്പിന് പിന്‍വശം സെന്‍ട്രിങ് കരാറുകാരന്‍ പുളിക്കല്‍ അബ്ദുല്‍ സലീം – ഖൈറുന്നീസ ദമ്പതിമാരുടെ മകള്‍ ദില്‍ഷ ഷെറിന്‍ (15) ആണ് മരിച്ചത്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് സ്‌കൂളുകള്‍ക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. വീടുകള്‍ കയറിയിറങ്ങിയുള്ള ബോധവല്‍ക്കരണവും ആരോഗ്യവകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ ഒഴിവുകള്‍. 34 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യ യോഗ്യത. ബിരുദം പാടില്ല. 1988 2നു 2006 ജനുവരി ഒന്നിനും മധ്യേ ജനിച്ചവരാകണം. എസ്‌സി, എസ്ടി, ഒബിസി, വിമുക്ത ഭടന്മാര്‍, ഭിന്ന ശേഷിക്കാര്‍ എന്നിവര്‍ക്ക് നിയമാനുസൃത വയസിളവ് അനുവദിച്ചിട്ടുണ്ട്.

500 രൂപയാണ് അപേക്ഷ ഫീസ്.എസ്‌സി, എസ്ടി,തൊഴില്‍രഹിത ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസില്ല.

ശമ്പളം: 23000- 50,200 രൂപ വരെ

വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://hckrecruitment.keralacourts.in/hckrecruitment/

വെണ്‍പാലവട്ടത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് താഴെ വീണ അമ്മ മരിച്ചു. സാരമായി പരിക്കേറ്റ കുഞ്ഞും സഹോദരിയും ചികിത്സിയിലാണ്. കോവളം സ്വദേശിയായ സിമിയാണ് മരിച്ചത്. 35 വയസായിരുന്നു. സിമിയെ കൂടാതെ സിനി (32) ശിവന്യ (3) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ സിമിയുടെ നില അതീവഗുരുതരാണ്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഉച്ചക്ക് ഒരുമണിയോടെയാണ് അപകടം ഉണ്ടായത്. മേല്‍പ്പാലത്തില്‍ നിന്നും ഇരുചക്രവാഹത്തിന്റെ നിയന്ത്രണം വിട്ടതോടെ മൂന്നും പേരും താഴോട്ട് വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിമി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

പേട്ട പൊലീസ് സ്ഥലത്തെത്തി. സര്‍വീസ് റോഡിലേക്ക് വീഴുകയായിരുന്നു. നേരത്തെ മഴ പെയ്തതിനാല്‍ ചക്രം തെന്നിമാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന.

ബെന്നി അഗസ്റ്റിൻ

കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ് ചാരിറ്റി ഇവൻ്റിലേക്ക് ക്രിക്കറ്റ് പ്രേമികളെ ആകർഷിച്ചുകൊണ്ട് ജൂൺ 23 ഞായറാഴ്ച കാർഡിഫിനടുത്തുള്ള ദിനാസ് പോവിസ് ക്രിക്കറ്റ് ഗ്രൗണ്ട് ആവേശത്താൽ മുഴങ്ങി. 2013ൽ വെയിൽസിൽ ആദ്യമായി തുടങ്ങിയതാണ് കാർഡിഫ് കാമിയോസ് ക്രിക്കറ്റ് ക്ലബ്.

സ്പോൺസർമാരായ ബെല്ലവിസ്റ്റ ഗ്രൂപ്പ് ഓഫ് നഴ്സിംഗ് ഹോംസ്, ലിറ്റിൽ കൊച്ചി റെസ്റ്റോറൻ്റ് കാർഡിഫ്, ഇൻഫിനിറ്റി മോർട്ട്ഗേജ് ആൻഡ് ഇൻഷുറൻസ് എന്നിവയുടെ പിന്തുണയോടെയാണ് കാർഡിഫ് കാമിയോസ് ടൂർണമെൻ്റ് സംഘടിപ്പിച്ചത്.

എഫ്‌സിസി ന്യൂപോർട്ട്, കാർഡിഫ് മലയാളി അസോസിയേഷൻ, ന്യൂപോർട്ട് ടൈറൻ്റ് സിസി, സ്വാൻസീ സ്‌പാർട്ടൻസ് എന്നീ നാല് ടീമുകൾ ആവേശകരമായ മത്സരത്തിൽ തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിച്ചു.
ആവേശകരമായ കളികൾക്കൊടുവിൽ ന്യൂപോർട്ട് ടൈറൻ്റ് സിസിയും കാർഡിഫ് മലയാളി അസോസിയേഷനും ഫൈനലിലെത്തി. ഒടുവിൽ, ന്യൂപോർട്ട് ടൈറൻ്റ് സിസി വിജയികളായി പ്രഖ്യാപിച്ചു.

അവാർഡ് ദാന ചടങ്ങിൽ ബെല്ലവിസ്റ്റ ഗ്രൂപ്പ് ഓഫ് നഴ്‌സിംഗ് ഹോംസ് ചെയർമാൻ ശ്രീ. ജേക്കബ് വിജയികളായ ന്യൂപോർട്ട് ടൈറൻ്റ് സിസിക്ക് ട്രോഫി കൈമാറി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാർഡിഫ് മലയാളി അസ്സോസിയേഷനും മൂന്നാം സ്ഥാനം കിട്ടിയ സ്വാൻസീ സ്പാർട്ടസിനും ശ്രീ ജേക്കബ് ട്രോഫികൾ കൈ മാറി.

കൂടാതെ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അനുബന്ധമായി ഒരു റാഫിൾ സംഘടിപ്പിച്ചു. അതിൽ
സത്യ, എമിലി, റെൻസ് ജോർജ് എന്നിവർ വിജയികളായി. നറുക്കെടുപ്പിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് കാർഡിഫ് കാമിയോസ് ചെയർമാൻ സനീഷ് ചന്ദ്രൻ സമ്മാനങ്ങൾ പ്രഖ്യാപിക്കുകയും വിതരണം ചെയ്യുകയും ചെയ്തു.

നിഫ്റ്റി ചാരിറ്റി ക്രിക്കറ്റ് ടൂർണമെൻ്റ് റാഫിളിലൂടെ 1,001 പൗണ്ട് വിജയകരമായി സമാഹരിച്ചു. ചാരിറ്റിയിൽ ലഭിച്ച തുക പെനാർത്തിലെ മേരി ക്യൂറി ഹോസ്പിസിലേക്ക് സംഭാവന ചെയ്തു. കാർഡിഫ് കാമിയോസിൻ്റെ പ്രതിനിധി അസ്വിൻ അൻബു, നെവിൻ സാനി, ശ്രീ സനീഷ് ചന്ദ്രൻ എന്നിവർ ചേർന്ന് സമാഹരിച്ച ഫണ്ട് ഹോസ്പിസിലേക്ക് സമർപ്പിച്ചു.

സ്‌പോൺസർമാർക്കും പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അവരുടെ പങ്കാളിത്തത്തിനും അതിൻ്റെ വിജയത്തിന് സംഭാവനകൾ നൽകിയതിനും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

ഇഞ്ചുറി ടൈമില്‍ ജൂഡ് ബെല്ലിങ്ങാമും അധികസമയത്ത് ഹാരി കെയ്നും ഇംഗ്ലീഷ് പടയുടെ രക്ഷക്കെത്തി. തോല്‍വിയുടെ വക്കില്‍ നിന്ന് അവിശ്വസനീയമാം വിധം ഇംഗ്ലണ്ട് ജയിച്ചുകയറി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സ്ലൊവാക്യയെ കീഴടക്കി ഇംഗ്ലണ്ട് യൂറോകപ്പ് ക്വാര്‍ട്ടറിലെത്തി. ഒരു ഗോളിന് പിന്നിട്ടുനിന്ന സൗത്ത് ഗേറ്റും സംഘവും കളിയവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് തിരിച്ചടിച്ചടിച്ചത്. ജൂഡ് ബെല്ലിങ്ങാമാണ് ഇംഗ്ലണ്ടിന്റെ രക്ഷകനായി അവതരിച്ചത്. 95-ാം മിനിറ്റിലെ ഉഗ്രന്‍ ബൈസിക്കിള്‍ കിക്ക് ഗോളിലൂടെയാണ് സ്ലൊവാക്യയോട് സമനിലപിടിച്ചത്. അതോടെ മത്സരം 1-1 എന്ന നിലയിലായി. അധികസമയത്ത് ഹാരി കെയ്‌നും ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് ജയത്തോടെ മടങ്ങി. നേരത്തേ 25-ാം മിനിറ്റില്‍ ഇവാന്‍ ഷ്രാന്‍സാണ് സ്ലൊവാക്യയ്ക്കായി ലക്ഷ്യം കണ്ടത്. മത്സരത്തിനുടനീളം ഇരുടീമുകളും നിരവധി ഗോളവസരങ്ങള്‍ സൃഷ്ടിച്ചു. ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

ഇരു ടീമുകളും തുടക്കത്തില്‍ തന്നെ ആക്രമിച്ചാണ് കളിച്ചത്. ആദ്യ പതിനഞ്ച് മിനിറ്റിനുള്ളില്‍ തന്നെ നിരവധി മുന്നേറ്റങ്ങളാണ് ഇംഗ്ലീഷ് പടയും സ്ലൊവാക്യയും നടത്തിയത്. പന്ത് കൈവശം വെച്ച് കളിച്ചത് ഇംഗ്ലണ്ടായിരുന്നു. എന്നാല്‍ കിട്ടിയ അവസരങ്ങളില്‍ സ്ലൊവാക്യ കിടിലന്‍ കൗണ്ടര്‍ അറ്റാക്കുകള്‍ നടത്തി. അത് തടയാന്‍ ഇംഗ്ലീഷ് പ്രതിരോധം നന്നായി ബുദ്ധിമുട്ടി. തുടക്കത്തില്‍ തന്നെ മൂന്ന് മഞ്ഞ കാര്‍ഡുകളാണ് ഇംഗ്ലണ്ട് ടീമിന് ലഭിച്ചത്. ഇംഗ്ലണ്ട് സ്ലൊവാക്യന്‍ ബോക്‌സിലേക്ക് ഇരച്ചെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല.

പിന്നാലെ 25-ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് സ്ലൊവാക്യ മുന്നിലെത്തി. ഇവാന്‍ ഷ്രാന്‍സാണ് ടീമിനായി ലക്ഷ്യം കണ്ടത്. പ്രതിരോധതാരം ഡെന്നിസ് വാവ്‌റോ ഇംഗ്ലണ്ട് ബോക്‌സിലേക്ക് പന്ത് ഉയര്‍ത്തിയടിച്ചതാണ് ഗോളിലേക്ക് വഴി തുറന്നത്. പിന്നാലെ സ്ലൊവാക്യന്‍ താരത്തിന്റെ ഹെഡര്‍ വഴി പന്ത് സ്‌ട്രൈക്കര്‍ ഡേവിഡ് സ്‌ട്രെലക്കിന്റെ കാലിലെത്തി. ഇംഗ്ലണ്ടിന്റെ പെനാല്‍റ്റി ബോക്‌സിലേക്ക് ആ സമയം ഓടിയെത്തിയ ഷ്രാന്‍സിന് സുന്ദരമായി സ്‌ട്രെലക് അസിസ്റ്റ് നല്‍കി. അത് വലയിലേക്ക് തട്ടിയിടേണ്ട ജോലിയേ താരത്തിനുണ്ടായുള്ളൂ.

ഗോള്‍ വീണതിന് ശേഷം സൗത്ത്‌ഗേറ്റും സംഘവും തിരിച്ചടിക്കാനായി മുന്നേറ്റം ശക്തമാക്കി. വിങ്ങുകളിലൂടെയാണ് കൂടുതലായും അവസരങ്ങള്‍ സൃഷ്ടിച്ചത്. എന്നാല്‍ സ്ലൊവാക്യന്‍ പ്രതിരോധം ഭേദിക്കാനയില്ല. അതോടെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇംഗ്ലണ്ടിനായി ഫോഡന്‍ വലകുലുക്കിയെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതോടെ ഗോള്‍ നിഷേധിച്ചു. പിന്നാലെ ഇംഗ്ലീഷ് പട മുന്നേറ്റങ്ങള്‍ ശക്തമാക്കി. പരിക്കേറ്റ കീരന്‍ ട്രിപ്പിയറിനെ പിന്‍വലിച്ച് സൗത്ത്‌ഗേറ്റ് സ്‌ട്രൈക്കര്‍ കോള്‍ പാമറിനെ കളത്തിലിറക്കി. ബെല്ലിങ്ങാമും സാക്കയും സ്ലൊവാക്യന്‍ ബോക്‌സിലേക്ക് പലതവണ പന്തെത്തിച്ചെങ്കിലും ഫലമുണ്ടായില്ല.

77-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് മികച്ച അവസരം ലഭിച്ചു. ഇടതുവിങ്ങില്‍ നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ഹാരി കെയ്ന്‍ തലവെച്ചെങ്കിലും പന്ത് ഗോള്‍ പോസ്റ്റിന് പുറത്തുപോയി. സാക്ക ഇടതുവിങ്ങിലേക്ക് മാറി കളിമെനഞ്ഞു. 80-ാം മിനിറ്റില്‍ ഡെക്ലന്‍ റൈസിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ടില്‍ കെയ്ന്‍ ഷോട്ടുതിര്‍ത്തെങ്കിലും ബാറിന് മുകളിലൂടെ പോയി. അവസാനമിനിറ്റുകളില്‍ ആക്രമണങ്ങളുടെ കെട്ടഴിച്ചുവിട്ടെങ്കിലും സ്ലൊവാക്യന്‍ പ്രതിരോധം മികച്ചുനിന്നു. എന്നാല്‍ ഇഞ്ചുറിടൈമില്‍ ഇംഗ്ലീഷ്പടയ്്ക്ക് ജീവന്‍ നല്‍കി ജൂഡ് ബെല്ലിങ്ങാമിന്റെ ഗോളെത്തി. 95-ാം മിനിറ്റില്‍ ത്രോയില്‍ നിന്നാണ് ഗോള്‍ പിറന്നത്. സ്ലൊവാക്യന്‍ ബോക്‌സിനുള്ളില്‍ നിന്ന് ഉഗ്രന്‍ ബൈസിക്കിള്‍ കിക്കിലൂടെ വലകുലുക്കിയ താരം മത്സരത്തിലേക്ക് ടീമിനെ തിരിച്ചെത്തിച്ചു. സ്‌കോര്‍ 1-1 എന്ന നിലയിലായി. കളി അധികസമയത്തേക്ക് നീണ്ടു.

അധികസമയത്തിന്റെ ആദ്യ മിനിറ്റില്‍ വീണ്ടും ഇംഗ്ലീഷ് പടയുടെ ഗോളെത്തി. 91-ാം മിനിറ്റില്‍ ഹാരി കെയ്നാണ് ലക്ഷ്യം കണ്ടത്. പോസ്റ്റിലേക്ക് ഇംഗ്ലീഷ് താരം എസെ ഉതിര്‍ത്ത ഷോട്ടില്‍ നിന്നാണ് തുടക്കം. ഉയര്‍ന്ന പന്ത് ഹെഡറിലൂടെ ഇവാന്‍ ടോണി ഹാരി കെയ്ന് നല്‍കി. മറ്റൊരു ഹെഡറിലൂടെ കെയ്ന്‍ വലകുലുക്കി. ഇതോടെ ഇംഗ്ലണ്ട് മുന്നിലെത്തി. അധികസമയത്തിന്റെ ആദ്യ പകുതിയില്‍ ഇംഗ്ലണ്ട് മുന്നിട്ടുനിന്നു. പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരാന്‍ സ്ലൊവാക്യയ്ക്കായില്ല. അതോടെ ത്രില്ലറിനൊടുക്കം ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക് മുന്നേറി.

ഭരണവിരുദ്ധ വികാരത്തിന്റെ കാരണങ്ങൾ പഠിക്കാനൊരുങ്ങി സിപിഎം കേന്ദ്ര കമ്മിറ്റി. തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായ വിഷയങ്ങൾ കേന്ദ്ര കമ്മിറ്റിയിൽ വിലയിരുത്തും. കോൺഗ്രസുമായി പല സംസ്ഥാനങ്ങളിലുമുള്ള സഖ്യം തുടരാനും കേന്ദ്ര കമ്മിറ്റിയോഗം പാർട്ടി നേതൃത്വത്തിന് അനുമതി നൽകി.

കേരളത്തിൽ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിക്ക് ഭരണവിരുദ്ധ വികാരം ഇടയാക്കിയില്ല എന്ന നിലപാടാണ് സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. എന്നാൽ തിരിച്ചടിക്ക് ഇത് ഇടയാക്കി എന്ന വികാരമാണ് കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നത്.

ഭരണവിരുദ്ധ വികാരം കാരണമായെങ്കിൽ അതും വിലയിരുത്തണം എന്നാണ് നിർദ്ദേശം. കേന്ദ്ര സർക്കാർ സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മാത്രമാണ് ഇതിന് ഇടയാക്കിയത് എന്ന വാദത്തോട് പല കേന്ദ്ര നേതാക്കൾക്കും യോജിപ്പില്ല.

സമുദായ സംഘടനകളുടെ നിലപാടിന് പ്രാധാന്യം നൽകി കേരളം തയ്യാറാക്കിയ അവലോകനവും കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. തിരുത്തലിനായി സംസ്ഥാനത്ത് ചേരുന്ന നേതൃയോഗങ്ങളിൽ കേന്ദ്ര നേതാക്കളും പങ്കെടുക്കും.

തിരുത്തലിന് വേണ്ട മാർഗ്ഗനിർദ്ദേശം കേന്ദ്രനേതൃത്വം തയ്യാറാക്കി നൽകും എന്നാണ് സൂചന. ഭരണവിരുദ്ധ വികാരം പ്രകടമായി എന്ന വാദം തള്ളാത്ത നിലപാടാണ് കെകെ ശൈലജ കേന്ദ്ര കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചത്.

ദേശീയതലത്തിൽ കോൺഗ്രസുമായി ചേർന്ന് നിന്നത് കേരളത്തിൽ പാർട്ടിയെ ബാധിച്ചു എന്ന വാദം സംസ്ഥാന ഘടകം ഉയർത്തിയെങ്കിലും ഇതിന് അംഗീകാരം കിട്ടിയില്ല. എന്നാൽ, കേന്ദ്രനയത്തിന് സംസ്ഥാന ഘടകം എതിരു നിൽക്കുന്ന എന്ന മാധ്യമ വ്യാഖ്യാനം ശരിയല്ലെന്നായിരുന്നു കെ രാധാകൃഷ്ണന്റെ വിശദീകരണം.

കൂട്ടുകെട്ടിനെ ബംഗാൾ ഘടകം ചർച്ചയിൽ ശക്തമായി ന്യായീകരിച്ചു. എന്തായാലും പഴയതു പോലെ സംസ്ഥാന ഘടകം പറയുന്നത് അതേപടി അംഗീകരിച്ച് പോകില്ല എന്ന സന്ദേശമാണ് കേന്ദ്ര തലത്തിൽ നടന്ന ചർച്ചകൾ നൽകുന്നത്.

റോമി കുര്യാക്കോസ്

ബോൾട്ടൻ: യു കെയിൽ അടുത്ത അഞ്ചു വർഷത്തെ അധികാര ഭാവി നിശ്ചയിക്കുന്ന പൊതു തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ഇവിടുത്തെ ചെറുപട്ടണമായ ബോൾട്ടൻ. ജൂലൈ 4 – ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എം പിയായി ജനവിധി തേടുന്നവരിലെ മലയാളി സാന്നിധ്യം ശ്രീ. ഫിലിപ്പ് കൊച്ചിട്ടി ആണ് ഇപ്പോൾ വാർത്തകളിലെ താരം. മൂന്ന് മണ്ഡലങ്ങൾ ഉൾപ്പെടുന്ന ബോൾട്ടനിലെ ‘ബോൾട്ടൻ സൗത്ത് & വാക്ഡൻ’ മണ്ഡലത്തിൽ നിന്നും ‘ഗ്രീൻ പാർട്ടി’യുടെ സ്ഥാനാർഥിയായാണ് ശ്രീ. ഫിലിപ്പ് കൊച്ചിട്ടി മത്സരിക്കുന്നത്. അറുപതിനായിരത്തോളം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇതാദ്യമെങ്കിലും, യു കെയിലെ പൊതു രംഗത്തും ചാരിറ്റി – പാരസ്ഥിതിക പ്രവർത്തന രംഗത്തും സജീവ സാന്നിധ്യമാണ് ശ്രീ. ഫിലിപ്പ്. പ്രവർത്തന രംഗങ്ങളിൽ എല്ലാം തന്നെ, തന്റേതായ വ്യത്യസ്ത ശൈലി കൊണ്ടുവരാൻ പ്രയത്നിക്കുന്ന ഫിലിപ്പ് കൊച്ചിട്ടിയുടെ ബഹുമുഖ പ്രതിഭയ്ക്ക് അർഹിക്കുന്ന അംഗീകാരം കൂടിയാണ് ‘ബോൾട്ടൻ സൗത്ത് & വാക്ഡൻ’ മണ്ഡലത്തിൽ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന സ്ഥാനാർത്ഥിത്വം.

തിരുവല്ലയിലെ തിരുമൂലപുരം ഐരൂപ്പറമ്പിൽ കുടുംബാംഗമായ ഫിലിപ്പ് കൊച്ചിട്ടി 25 വർഷം മുംബൈയിലുള്ള ഫ്രഞ്ച് എംബസിയിലെ സേവനത്തിനു ശേഷം, 2003 – ലാണ് യു കെയിലേക്ക് കുടിയേറിയത്. തുടർന്നു യു കെയിൽ അധ്യാപക പരിശീലനം നേടുകയും അധ്യാപന രംഗത്തേക്ക് കടക്കുകയുമായിരുന്നു. അധ്യാപികയായി വിരമിച്ച ശ്രീമതി. അനില ഫിലിപ്പ് കൊച്ചിട്ടി ആണ് ഭാര്യ. ടീന, രോഹൻ എന്നിവരാണ് മക്കൾ.

ശുദ്ധ വായു, പരിസ്ഥിതി സംരക്ഷണം ഉൾപ്പെടെയുള്ള കർമമേഖലയിൽ പ്രവർത്തിച്ചുകൊണ്ടു പൊതു രംഗത്തേക്ക് കടന്നു വന്ന ശ്രീ. ഫിലിപ്പ് കൊച്ചിട്ടിയുടെ നേതൃത്വത്തിൽ ബോൾട്ടൻ കേന്ദ്രീകരിച്ചു നടക്കുന്ന ചാരിറ്റി സേവനങ്ങളിലൂടെ നിരവധി ആളുകളുടെ കണ്ണീരൊപ്പാൻ സഹായകമായിട്ടുണ്ട്. കക്ഷി – രാഷ്ട്രീയ – ജാതി ഭേദമന്യേ ഇദ്ദേഹം ഏവരുടെയും പ്രീയങ്കരനാകുന്നതും ഇതൊക്കെ കൊണ്ടാണ്.

ബോൾട്ടൻ മലയാളി അസോസിയേഷന്റെ ആദ്യകാല പ്രസിഡന്റ് കൂടിയായ ശ്രീ. ഫിലിപ്പ് കൊച്ചിട്ടിക്ക് വലിയ പിന്തുണ നൽകികൊണ്ടും പ്രചാരണങ്ങളിൽ കരുത്തുമായി ബോൾട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം കൂടെയുണ്ട്.

ഇരു പാർട്ടി ഭരണ സംവിധാനത്തോട് യു കെയിലെ ജനങ്ങളിൽ ദൃശ്യമാകുന്ന മടുപ്പും, രാജ്യത്തെ സമസ്ത വിഭാഗം ജനങ്ങളുടെ ക്ഷേമ പ്രവർത്തനം ഉൾക്കൊള്ളിച്ചു കൊണ്ടു ഗ്രീൻ പാർട്ടി തയ്യാറാക്കിയിരിക്കുന്ന പ്രകടന പത്രികയിലെ ഓരോ വാഗ്ദാനങ്ങളും ജന മനസുകളിൽ ചെലുത്തിയ വലിയ സ്വീകാര്യതയും, ജനകീയനായ സ്ഥാനാർഥി എന്ന ലേബലും, ബോൾട്ടനിലെ എല്ലാ വിഭാഗം ജനങ്ങളും ഒരുപോലെ നൽകി വരുന്ന പിന്തുണയും ചേരുമ്പോൾ, ഫിലിപ്പ് കൊച്ചിട്ടിക്ക് ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ സാധിക്കും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved