കാസർഗോഡ്: കർണാടകയിൽനിന്നും പശുവിനെ വാങ്ങി കേരളത്തിലേക്ക് എത്തിയ മലയാളി യുവാവിന് വെടിയേറ്റു. കാസർഗോഡ് പാണത്തൂർ സ്വദേശി നിശാന്തിനാണ് വെടിയേറ്റത്. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ് നിശാന്തിനെ വെടിവച്ചത്. കേരള-കർണാടക അതിർത്തി പ്രദേശമായ സുള്ള്യയിൽവച്ചായിരുന്നു സംഭവം.
നിശാന്തിനെ വെടിവച്ചശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് നാട്ടുകാരാണ് നിശാന്തിനെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നിശാന്തിനെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തൃശ്ശൂര്‍: മലപ്പുറത്തെ കോട്ടയ്ക്കലില്‍ നിന്നും കാണാതായ ആതിര എന്ന പെണ്‍കുട്ടിയെ കണ്ടെത്തി. തൃശ്ശൂരിലെ റെയില്‍വേ സ്റ്റേഷനില്‍ നിന്നുമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണത്തിനും മൊഴി രേഖപ്പെടുത്തുന്നതിനുമായി കുട്ടിയെ കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കും.
ജൂണ്‍ 27 മുതലാണ് 18കാരിയായ ആതിരയെ കാണാതാകുന്നത്. കംപ്യൂട്ടര്‍ കോഴ്സ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കോട്ടക്കലിലെ കംപ്യൂട്ടര്‍ സെന്ററിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ആതിര വീട് വിട്ടിറങ്ങുന്നത്. മാത്രമല്ല രണ്ട് മണിയോടെ മടങ്ങി എത്തുമെന്നും തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ ഡിഗ്രി പ്രവേശനത്തിന് പോകണമെന്നും അച്ഛനോട് ആതിര പറഞ്ഞിരുന്നു. സ്ഥിരമായി മൊബൈല്‍ ഉപയോഗിച്ചിരുന്ന പെണ്‍കുട്ടി അന്ന് ഫോണ്‍ കൊണ്ട് പോയതുമില്ല. ആധാര്‍ കാര്‍ഡും മറ്റ് സര്‍ട്ടിഫിക്കറ്റുകളും കൊണ്ട് പോവുകയും ചെയ്തു.
ആതിരയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അറബി ഭാഷയിലുള്ള കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെ തിരോധാനത്തില്‍ മതംമാറ്റ സംഘമുണ്ടോയെന്ന സംശയം ജനിപ്പിച്ചിരുന്നു. മകളെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആതിരയുടെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.
വയനാട് വെണ്ണിയോട് പുഴയില്‍ നാലംഗ കുടുംബത്തെ കാണാതായതായി സംശയം. ചുണ്ടേല്‍ ആനപ്പാറ സ്വദേശികളായ നാരായണൻ കുട്ടി, ശ്രീജ മക്കളായ സായൂജ്, സൂര്യ എന്നിവരെയാണ് കാണാതായത്. സായൂജും സൂര്യയും വിദ്യാർഥികളാണ്. പുഴയുടെ സമീപത്ത് നിന്ന് ആത്മഹത്യക്കുറിപ്പും ചെരുപ്പുകളും ബാഗും തിരിച്ചറിയൽ കാർഡും കണ്ടെത്തി. തങ്ങൾക്കു എന്തെങ്കിലും സംഭവിച്ചാൽ ബന്ധുക്കളെ വിവരമറിയിക്കാനായി ചില ഫോൺ നമ്പരുകളും കുറിപ്പിൽ എഴുതിയിട്ടുണ്ട്. ഇവർക്കു സാമ്പത്തിക ബാധ്യതയുള്ളതായി കത്തിൽ നിന്നും മനസിലാക്കുന്നു. ഇന്നു രാവിലെ മുതൽ ഇവരെ കാണാനില്ലായിരുന്നു. പൊലീസും ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ ഊർജിതമാക്കി.
ഭുവനേശ്വർ: ഒഡീഷയിൽ ഹെഡ്മാസ്റ്റർ പീഡിപ്പിച്ച പത്താം ക്ലാസുകാരി സ്കൂളിനുള്ളിൽ ജീവനൊടുക്കി. ശിഖപള്ളിയിലെ സർക്കാർ സ്കൂളിൽ വ്യാഴാഴ്ച രാത്രിയാണ് പെൺകുട്ടി ജീവനൊടുക്കിയത്. സംഭവത്തിൽ ഹെഡ്മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു.
ജീവനൊടുക്കിയ പെൺകുട്ടിയുടെ നോട്ട് ബുക്കിൽനിന്ന് ഹെഡ്മാസ്റ്ററെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ കുട്ടികളോട് പോലീസ് വിവരം തിരക്കിയപ്പോൾ മറ്റൊരു കുട്ടികൂടി പീഡനവിവരം വെളിപ്പെടുത്തി.
ഴാഴ്ച രാത്രി സ്കൂളിലെ കമ്പ്യൂട്ടർ റൂമിൽനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. പീഡിപ്പിച്ച ശേഷം ഹെഡ്മാസ്റ്റർ കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശ്രീനഗർ: റൈസിംഗ് കാഷ്മീർ എഡിറ്റർ ഷുജാത് ബുഖാരി വധക്കേസിൽ പോലീസ് അന്വേഷിക്കുന്ന പാക്കിസ്ഥാൻ ഭീകരൻ നവീദ് ജാട്ട് കഴിഞ്ഞ ദിവസം ഷോപ്പിയാനിൽ കൊല്ലപ്പെട്ട ഭീകരന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തു മടങ്ങി. ഷോപ്പിയാനിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അഞ്ചു ഭീകരരിൽ ഒരാളായ വഖാർ അഹമ്മദ് ഷെയ്കിന്റെ സംസ്കാര ചടങ്ങിലാണ് നവീദ് പങ്കെടുത്തത്.
വഖാറിന് ഇരുപതുകാരൻ നവീദ് തോക്കുകൊണ്ട് അഭിവാദ്യമർപ്പിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എകെ 47 തോക്ക് കൈയിലേന്തിയ നിലയിലാണ് പ്രചരിക്കുന്ന ചിത്രങ്ങളെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
കൊല്ലപ്പെട്ട ഭീകരരുടെ സംസ്കാരചടങ്ങുകളിൽ പ്രദേശവാസികളുമായി സംഘട്ടനം ഒഴിവാക്കുന്നതിനായി സുരക്ഷാ ഉദ്യോഗസ്ഥർ പങ്കെടുക്കാറില്ല. ഇത് മുതലെടുത്താണ് കൊടുംഭീകരർ സംസ്കാര ചടങ്ങുകളിലെത്തി മടങ്ങുന്നത്. നവീദ് ജാട്ടിന്റെ സാന്നിധ്യമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥർ എത്തിയെങ്കിലും നവീദിനെ കണ്ടെത്താനായില്ല.
പാക്കിസ്ഥാനിലെ മുൾട്ടാൻ സ്വദേശിയായ നവീദ് 2014 ജൂണിൽ കുൽഗാമിൽ അറസ്റ്റിലായിരുന്നു. സംസ്ഥാനത്തുനടന്ന നിരവധി കൊലപാതകങ്ങളിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. 2016-ൽ നവീദ് ശ്രീനഗർ സെൻട്രൽ ജയിലിൽനിന്നു രക്ഷപ്പെട്ടു. ലഷ്കർ തലവൻ സക്കിഉർ റഹ്മാൻ ലഖ്വിയുടെ അടുപ്പക്കാരനാണ് നവീദ്.
ഇക്കഴിഞ്ഞ ജൂണ്‍ പതിനാലിനാണ് റൈസിംഗ് കാഷ്മീർ എഡിറ്ററായ ഷുജാത് ബുഖാരി വെടിയേറ്റു കൊല്ലപ്പെടുന്നത്. ബൈക്കിലെത്തിയ മൂന്നുപേർ ബുഖാരിക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ബുഖാരിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബുഖാരിയുടെ ശരീരത്തിൽ 17 വെടിയുണ്ടകളാണ് തറഞ്ഞുകയറിയത്. ലഷ്കർ നേതൃത്വത്തിന്റെ നിർദേശപ്രകാരം ബുഖാരിക്കു നേരെ വെടിയുതിർത്തത് നവീദാണെന്നാണ് അന്വേഷണ ഏജൻസികൾ കരുതുന്നത്.
ആലപ്പുഴ: ഇന്ന് ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് കുട്ടനാട് സന്ദര്‍ശിക്കാന്‍ സാധ്യതയില്ലെന്ന് സൂചന. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോക യോഗത്തില്‍ പങ്കെടുത്ത ശേഷം പിണറായി തിരിച്ചു പോകുമെന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പ്രളയം ബാധിച്ച മേഖലകളില്‍ സന്ദര്‍ശനം നടത്തുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ ജില്ലാ ഭരണകൂടത്തിനോ നിര്‍ദേശം നല്‍കിയിട്ടില്ല.
അതേസമയം ആലപ്പുഴയില്‍ എത്തിയിട്ടും കുട്ടനാട് സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവലോകന യോഗം ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടനാട് സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നേരത്തെ പ്രതിപക്ഷം ഉയര്‍ത്തിയത്. ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരും സ്ഥലം എം.എല്‍.എയും കുട്ടനാട്ടിലെ ദുരിത മേഖലകള്‍ സന്ദര്‍ശിക്കാതിരുന്നത് വിവാദമായിരുന്നു.
കേരളം സന്ദര്‍ശിക്കാനെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാനാണ് മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് തിരക്കിട്ട് മടങ്ങുന്നതെന്നാണ് വിശദീകരണം. നേരത്തെ മന്ത്രി ജി. സുധാകരന് കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ഇടുക്കി വണ്ണപ്പുറം കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ ദുരൂഹത വര്‍ധിപ്പിച്ച് കസ്റ്റഡിയിലായ ഷിബുവിന്റെ ഫോണ്‍ ശബ്ദരേഖ. സുഹൃത്തിനോട് അന്‍പതിനായിരം രൂപകടം ചോദിക്കുന്ന ഷിബു ദിവസങ്ങള്‍ക്കുളളില്‍ തന്റെ കയ്യില്‍ കോടികള്‍ വരുമെന്നും പറയുന്നു. ഇതിനായി ക്രിട്ടിക്കൽ പണിയെടുക്കണം. ബിസിനസിനായി 50000 പണം തരണം. ബിസിനസ് ചീഫിന് നല്‍കാനാണിത്. ചീഫ് തിരുവനന്തപുരത്തുണ്ട്. പണം നല്കിയാല് പ്രശസ്തനാകാമെന്നും സുഹൃത്തിനോട് ഷിബു പറയുന്നു.
മുസ്്ലീം ലീഗ് പ്രാദേശിക നേതാവായ ഷിബുവും റിട്ട.പൊലീസുകാരനും അടക്കം കസ്റ്റഡിയിലുളള അഞ്ചുപേരെയും അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ നിര്‍ണായകവിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് സൂചന.
തിരുവനന്തപുരം പാങ്ങോട് സ്വദേശി ഷിബു,തച്ചോണം സ്വദേശി ഇര്‍ഷാദ്, പേരൂര്‍ക്കട എസ്.എ.പി പൊലീസ് ക്യാമ്പില്‍ നിന്ന് വിരമിച്ച രാജശേഖരന്, നെടുങ്കണ്ടം സ്വദേശിയായ കൃഷ്ണന്റെ സഹായി ഉള്‍പ്പെടെ 5 പേരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇതില്‍ ഇന്നലെ മുതല്‍ കസ്റ്റഡിയിലുള്ള നെടുങ്കണ്ടം സ്വദേശിയാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ നല്‍കിയത്.
സംഭവസ്ഥലത്തുനിന്ന് ലഭിച്ച 6 വിരലടയാളങ്ങളും, ഫോണ്‍ കോള്‍ വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കസ്റ്റഡിയിലുള്ള 5 പേരിലേയ്ക്ക് പൊലീസിനെ എത്തിച്ചത്. പൈനാവ് പൊലീസ് ക്യാമ്പിലും രഹസ്യകേന്ദ്രങ്ങളിലുമായാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കൊലയാളി സംഘം സഞ്ചരിച്ചെന്നു കരുതുന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. സംഘത്തിൽപ്പെട്ട ചിലർ തമിഴ്നാട്ടിലേക്കു കടന്നതായും സൂചനയുണ്ടെങ്കിലും. തല്ക്കാലം തമിഴ്നാട്ടിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.
സംഭവം നടന്ന വീട്ടിലെ ഓരോ മുറികളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. കൃഷ്ണൻ ആക്രമണം ഭയന്നിരുന്നതായി ഇതിൽ നിന്നു വ്യക്തമാകുന്നുണ്ടെന്നും പൊലീസ് പറയുന്നു. സെപ്ക്ട്ര യന്ത്രമുപയോഗിച്ച് ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടങ്ങി.
സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ രണ്ടു കൊല്ലം സ്വദേശികൾ മരിച്ചു. കൊല്ലം പള്ളിമുക്ക് സ്വദേശി സഹീർ, ഉമയനല്ലൂർ സ്വദേശി ഹാഷിം എന്നിവരാണ് മരിച്ചത്. രണ്ടുപേർക്കു പരുക്കേറ്റു. റിയാദിൽ നിന്നു അൽഹസ്സയിലേക്കുള്ള യാത്രക്കിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിൽ തട്ടി മറിഞ്ഞായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ തൃശൂര്‍ സ്വദേശി പോള്‍സൺ, കായംകുളം സ്വദേശി നിഷാദ് എന്നിവരെ അൽഹസ്സ കിങ് ഫഹദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം: ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി സ്വകാര്യ സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ച നടന് മോഹന്‍ലാലിന് വക്കീല്‍ നോട്ടീസ്. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വക്കീല്‍ നോട്ടീസ്.
മോഹന്‍ലാലിന് വക്കീല്‍ നോട്ടിസ് അയച്ചതായി ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജ് പറഞ്ഞു. ചര്‍ക്കയുമായി ബന്ധമില്ലാത്ത സ്ഥാപനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചത് തെറ്റിദ്ധാരണയുണ്ടാക്കും. പരസ്യത്തില്‍നിന്നു പിന്മാറിയില്ലെങ്കില് നടപടി നേരിടേണ്ടിവരുമെന്ന് ഖാദി ബോര്‍ഡ് ഓണം-ബക്രീദ് മേളയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനത്തില്‍ പ്രസംഗിക്കുന്നതിനിടെ ശോഭനാ ജോര്‍ജ് പറഞ്ഞു.
നാൻജിങ്: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൂപ്പർ താരം പി.വി. സിന്ധു വനിതാ വിഭാഗം സിംഗിൾസ് ഫൈനലിൽ. 54 മിനിറ്റ് നീണ്ട സെമി പോരാട്ടത്തിൽ ജാപ്പനീസ് താരം അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തിയാണ് സിന്ധു കലാശപ്പോരിന് അർഹയായത്.
നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ ജയം. സ്കോർ: 21-16, 24-22. ഫൈനലിൽ സ്പാനിഷ് സൂപ്പർ താരം കരോളിന മാരിൻ ആണ് സിന്ധുവിന്റെ എതിരാളി.