സി.പി.എം നേതാവ് ഇ.പി ജയരാജന്റെ ആത്മകഥ ‘കട്ടന്‍ ചായയും പരിപ്പുവടയും’ പ്രസിദ്ധീകരിക്കുന്നതിനുമുമ്പേ പിഡിഎഫ് പ്രചരിപ്പിച്ച സംഭവത്തില്‍ ഡിസി ബുക്‌സിനെതിരെ പോലീസ് കേസെടുത്തു. ഡിസി ബുക്‌സിന്റെ മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ.വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കോട്ടയം ഈസ്റ്റ് പോലീസ് കേസ് ഫയല്‍ ചെയ്തത്.
സംഭവത്തില്‍ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപി കോട്ടയം ജില്ലാ പോലീസ് മേധാവി എ.ഷാഹുല്‍ ഹമീദിന് കഴിഞ്ഞ ദിവസം നിര്‍ദേശം ലഭിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിശ്വാസ വഞ്ചനാ കുറ്റവും ഡിജിറ്റല്‍ കോപ്പി പുറത്തുവിട്ടതുമായി ബന്ധപ്പെട്ട് ഐ.ടി ആക്ടും ചുമത്തുമെന്നാണ് ലഭിച്ച വിവരം.
വിവാദത്തെ തുടര്‍ന്ന് എ.വി ശ്രീകുമാറിനെ ഡി.സി ബുക്സ് നേരത്തേ സസ്പെന്റ് ചെയ്തിരുന്നു.
ആത്മകഥാ വിവാദത്തില്‍ വെള്ളിയാഴ്ച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോട്ടയം എസ്പി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ആത്മകഥ ചോര്‍ന്നത് ഡി.സി ബുക്സില്‍നിന്ന് തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആത്മകഥ പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍വരുന്നതിനാല്‍ പോലീസിന് നേരിട്ട് കേസെടുക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. രചയിതാവ് കോടതിയില്‍ പോകുകയും കോടതി നിര്‍ദേശിക്കുകയും ചെയ്താലേ പോലീസിന് തുടര്‍നടപടി സ്വീകരിക്കാനാകൂവെന്നുമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. എന്നാല്‍ കേസ് എടുക്കാന്‍ പ്രത്യേക പരാതി ആവശ്യമില്ലെന്ന നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇ.പി.ജയരാജനും, ഇ.പി.യുമായി ഇതുസംബന്ധിച്ച് ഒപ്പിട്ട കരാറില്ലെന്ന് രവി ഡി.സി.യും പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രസാധനത്തിന് ധാരണയുള്ളതായും വ്യക്തമാക്കിയിരുന്നു.
ഡി.സി.യുടെ പബ്ലിക്കേഷന്‍ വിഭാഗം മേധാവിയില്‍നിന്നാണ് പുസ്തകം ചോര്‍ന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച് സമര്‍പ്പിച്ച ആദ്യറിപ്പോര്‍ട്ട് കൂടുതല്‍ അന്വേഷണത്തിനായി സംസ്ഥാന പോലീസ് മേധാവി മടക്കിനല്‍കുകയായിരുന്നു. തുടര്‍ന്നാണ്, വിഷയം പകര്‍പ്പവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നുകാട്ടി ജില്ലാ പോലീസ് മേധാവി വീണ്ടും റിപ്പോര്‍ട്ട് നല്‍കിയത്. ആത്മകഥ ചോര്‍ത്തിയതിനു പിന്നിലെ ഗൂഢാലോചനയെപ്പറ്റി വ്യക്തമായ വിശദീകരണം റിപ്പോര്‍ട്ടിലില്ലെന്നാണ് സൂചന.
നെടുമങ്ങാട് കരകുളത്തെ പി.എ അസീസ് എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. കോളജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിലെ ഹാളില്‍ ഇന്ന് രാവിലെയാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടേതാണ് മൃതദേഹമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അദേഹത്തിന്റെ കാറും മൊബൈല്‍ ഫോണുമെല്ലാം സമീപത്തുണ്ട്.
മുഹമ്മദ് അബ്ദുള്‍ അസീസിന് കടബാധ്യതയുണ്ടായിരുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇദേഹം പണം നല്‍കാനുള്ളവര്‍ കഴിഞ്ഞ ദിവസം വന്ന് ബഹളമുണ്ടാക്കിയതായി നാട്ടുകാര്‍ പറഞ്ഞു. അബ്ദുള്‍ അസീസ് ഇന്നലെ കോളജിനടുത്തുണ്ടായിരുന്നതായും നാട്ടുകാര്‍ വ്യക്തമാക്കി.
കൊല്ലം ഇരവിപുരം സ്വദേശിയാണ്. നിലവില്‍ പേയാട് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. രാവിലെ ഹാളില്‍ തീ കത്തുന്നത് കണ്ടിട്ടാണ് കോളജ് സ്റ്റാഫ് മൃതദേഹം കിടന്ന സ്ഥലത്തേയ്‌ക്കെത്തുന്നത്. ഉടന്‍ തന്നെ ഇവര്‍ നെടുമങ്ങാട് പോലീസിനെ വിവരം അറിയിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ബാബു മങ്കുഴിയിൽ
പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശം പകർന്നു കൊണ്ട് ലോകമെമ്പാടും ഉള്ള ക്രൈസ്തവർക്കൊപ്പം ഇപ്സ്വിച്ചിലെ സെന്റ് മേരീസ് എക്യുമെനിക്കൽ ചർച്ചിൽ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബർ 29 ഞായറാഴ്ച ആഘോഷിച്ചു.
ഫാദർ ജോമോൻ പുന്നൂസിന്റെ കർമികത്വത്തിൽ കഴിഞ്ഞ 19 വർഷമായി ഇപ്സ്വിച്ചിൽ വിശുദ്ധകുർബാന അനുഷ്ഠിച്ചു വരികയാണ്. പതിവുപോലെ ഭക്തി സാന്ദ്രമായ വിശുദ്ധ കുർബാനക്കുശേഷം പള്ളി ഹാളിൽ വച്ച് ക്രിസ്മസ് ന്യൂ ഇയർ ആഘോഷിച്ചു. വിശുദ്ധ കുർബാനയിലും പുതുവത്സരാഘോഷത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു.

പ്രത്യാശയുടെ വെളിച്ചത്തിലൂടെ സഞ്ചരിക്കാനും തെറ്റുകൾ തിരുത്തി ഈശ്വര വിശ്വാസത്തിൽ അധിഷ്ഠിതമായ കുടുംബ ജീവിതം നയിക്കുവാനും, പുതുവർഷം ശാന്തിയുടെയും സമാധാനത്തിന്റേതുമാവട്ടെ എന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുത്ത ഏവരോടും ഫാ.ജോമോൻ പുന്നൂസ് ക്രിസ്മസ് ന്യൂ ഇയർ സന്ദേശം നൽകി. പരസ്പരം ഉള്ള സ്നേഹവും പങ്കു വയ്ക്കലും കൂടി ചേരുമ്പോൾ ആണ് ക്രിസ്തുമസ് ഒരു വലിയ അനുഭവമായി തീരുന്നതെന്ന് കാര്‍മ്മികന്‍ ക്രിസ്തുമസ് സന്ദേശത്തില്‍ എടുത്ത് പറഞ്ഞു.

പൂത്തിരിയുടെയും താള മേളങ്ങളുടെ യും അകമ്പടിയോടെ ക്രിസ്മസ് പാപ്പയെ ഹാളിലേക്ക് വരവേറ്റു.
തുടർന്നു കേക്ക് കോമ്പറ്റിഷൻ നടത്തപ്പെട്ടു. വിശ്വസികൾ ഉണ്ടാക്കിയ വിവിധങ്ങളായ കേക്ക് മത്സരത്തിൽ സൗമ്യ ഷെറൂൺ ഒന്നാം സ്‌ഥാനവും, ജിഷ ജെയിൻ രണ്ടാം സ്ഥാനവും, ജയ ജോർജി, അനു ജിബി യഥാക്രമം മൂന്നും നാലും സ്‌ഥാനങ്ങൾ കരസ്ഥമാക്കി. ജോസ് ഗീവർഗീസിന്റെ നേതൃത്വത്തിലുള്ള ഗായകസംഘത്തിന്റെ ഗാനങ്ങളും ക്രിസ്മസ് കരോൾ ഗാനങ്ങളും തിരുകര്‍മ്മങ്ങളെ ഭക്തിയുടെ ഉന്നതിയില്‍ എത്തിച്ചു.

സൺഡേ സ്‌കൂൾ കുട്ടികൾ അവതരിപ്പിച്ച അതിമനോഹരമായ നേറ്റിവിറ്റി സ്‌കിറ്റിലൂടെ ബത്‌ലഹേമിന്റെ മലച്ചെരുവുകളില്‍ ദൈവപുത്രന്റെ വരവറിയിച്ചുകൊണ്ട് രണ്ടായിരം വര്‍ഷം മുന്‍പ് മാലാഖമാര്‍ ആട്ടിടയന്‍മാര്‍ക്ക് സമാധാനത്തിന്റെ പുതിയ സന്ദേശം നല്‍കിയ ആ പുണ്യദിനത്തിന്റെ മാറ്റൊലികള്‍ വീണ്ടും വിശ്വാസികളുടെ മനസ്സില്‍ തെളിഞ്ഞു വന്നു. സൺഡേ സ്കൂൾ കുട്ടികളുടയും മുതിർന്നവരുടെയും വിവിധങ്ങളായ കലാപരിപാടികൾ ഏവരും ആസ്വദിച്ചു.
സ്വാദിഷ്ടമായ ഭക്ഷണം ക്രമീകരിക്കുന്നതിൽ മികവ് തെളിയിച്ച ദി ഹട്ടിന്റെ വിഭവ സമൃദ്ധമായ 3 കോഴ്സ് ക്രിസ്മസ് ഫീസ്റ്റോടെ പരിപാടികൾക്ക് പരിസമാപ്തി കുറിച്ചു. പള്ളി ട്രസ്റ്റി മനോജ് ഇടശ്ശേരിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങളോടും, ആഘോഷ പരിപാടിയുടെ ഭാഗമായ ഏവരോടും സെക്രട്ടറി ഷെറൂൺ തോമസ് നന്ദി പ്രകാശിപ്പിച്ചു.



ഫൈസൽ നാലകത്ത്
മെയ്ൻ സ്ട്രീം സിനിമയുടെ വിജയരഹസ്യം എക്കാലവും അജ്ഞാതമാണ്. ഒരു ലാൻഡ്‌മാർക്ക് വിജയം സൃഷ്ടിക്കുമ്പോൾ ഒരു സൂപ്പർ ഹിറ്റ് സിനിമ കൾട്ട് സ്റ്റാറ്റസിലേക്കു ഉയരാറുണ്ട് . ആ സിനിമയുടെ സകല വശങ്ങളും ഒരു ടെക്സ്റ്റ്ബുക്ക് മെറ്റീരിയൽ എന്ന പോലെ പുനഃപരിശോധിക്കപെടുകയും ചെയ്യും
ക്യൂബ് സിനിമാസിൻ്റെ ബാനറിൽ ഷെരിഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി സംവിധാനവും രചനയും നിർവഹിച്ച് ഉണ്ണി മുകുന്ദൻ ടൈറ്റിൽ കഥാപാത്രം അവിസ്‌മരണീയമാക്കിയ ‘മാർക്കോ’ ഒരു യൂനാനിമസ് ബോക്‌സ് ഓഫീസ് മാൻഡേറ്റോടെ വൻ വിജയം ആഘോഷിക്കുന്നത് ഒരു യാദൃശ്ചികത അല്ല . ഇത് ഒരു മാറ്റത്തിൻ്റെ മാറ്റൊലി .

ഓരോ ഡിപ്പാർട്‌മെൻ്റിലും കണിശമായ തലമുറ മാറ്റം പ്രതിഫലിപ്പിക്കാൻ അതിൻ്റെ മേക്കേഴ്സ് ശ്രദ്ധിച്ചിട്ടുണ്ട് എന്ന് സുവ്യക്തമാണ് . ടെക്നിക്കൽ പെർഫെക്ഷൻ എന്ന വാക്ക് ഒരു ക്ലിഷേ പോലെ ഓരോ യൂട്യൂബറും എടുത്തു പറയുന്ന ഈ ഡിജിറ്റൽ യുഗത്തിൽ, ഒരു പിടി കഴിവുറ്റ സാങ്കേതിക പ്രവർത്തകരെയും പുതുമുഖ അഭിനേതാക്കളെയും, അവരുടെ എബിലിറ്റി ലിമിറ്റിൻ്റെ മാക്‌സിമം ഉപയോഗപ്പെടുത്തി വെള്ളിത്തിരയിൽ ചരിത്രം എഴുതുക എന്നുള്ളത് ഒരു ചില്ലറ അഭ്യാസമല്ല.

ഉണ്ണി മുകുന്ദൻ്റെ ‘മാർക്കോ’ കണ്ണീരിലും വിയർപ്പിലും ചോരയിലും കുതിർന്ന രക്തത്തിൻ്റെ മണമുള്ള ഫ്രെയിമുകൾ കൊണ്ട് സമ്പന്നമാണ്. സൃഷ്ടാക്കൾ സബ്‌ജെക്റ്റ് ഫോക്കസിലും ജോണേർ ഫോക്കസ്സിലും ഉറച്ചു നിൽക്കുന്നു .
DOP ചന്ദ്രവും, കലൈമാസ്റ്ററും, രവി ബസ്‌റൂറും, പരിചയസമ്പന്നരെ പുതുമുഖങ്ങളുടെ പ്രകടനങ്ങളും ഈ ചലച്ചിത്ര വിജയത്തിൻ്റെ മാറ്റ് വർധിപ്പിക്കുന്നു .
മാർക്കോയുടെ നരറേറ്റീവിലെ ട്രിഗർ ഇൻസിഡൻ്റ് വസീമിൻ്റെ മർഡർ വിറ്റ്നസ് ആയ വിക്ടറിന്റെ ബലിയാണ് . വിക്ടറിൻ്റെ കാഴ്‌ചയില്ലാത്ത കണ്ണുകളിലെ ഇരുട്ടിൽ നിന്നുകൊണ്ട് കൊലപാതകിയെ തിരിച്ചറിയുന്നത്, ആ കഥാപാത്രത്തിന് സിദ്ധിച്ചിട്ടുള്ള സ്പെഷ്യൽ എബിലിറ്റി കൊണ്ടാണ്. കൺവിൻസ് ചെയ്യാൻ ഏറെ ദുഷ്‌കരമായിട്ടുള്ള ഈ സവിശേഷത തിരശ്ശീലയിൽ വിശ്വസനീയമായി അവതരിപ്പിക്കുമ്പോൾ. അത് ചെയ്‌ത നവാഗതനായ കലാകാരൻ്റെ ഉജ്ജ്വലമായ അരങ്ങേറ്റ വേഷമാണെന്ന വസ്‌തുത അത്ഭുതകരമാണ്.

ഇഷാൻ ഷൗക്കത്തിൻ്റെ പ്രകടനം മാസ്‌മരികമാണ് . ഇതുവരെ കണ്ട അന്ധ കഥാപാത്രങ്ങളുടെ ടെംപ്ലേറ്റ് ബ്രേക്ക് ചെയ്‌തുകൊണ്ടാണ് ഇഷാൻ അത് ഇൻ്റെർപ്രെറ്റ് ചെയ്യുന്നത്.
തിരക്കഥയുടെ സൂക്ഷ്‌മമായ ബിൽഡപ്പുകളിൽ ഏറെ തിക്കും തിരക്കുമുള്ള ഫൈറ്റ് ക്ലബ്ബിലും. വരാന്തയിൽ ജേഷ്‌ഠ സ്ഥാനത്തുള്ള മാർക്കോയുടെ കൂടെ സിഗാർ ഷെയർ ചെയ്യുമ്പോഴും, മരണാനന്തര ചടങ്ങുകളിൽ അഭിമന്യുവിൻ്റെ സാന്നിധ്യം തിരിച്ചറിയുമ്പോഴും വിക്ടറിൻ്റെ റിയാക്ഷൻസ് മൈക്രോ ലെവലിൽ രജിസ്റ്റർ ചെയ്യാൻ ഇഷാനാകുന്നത് ശ്രദ്ധാപൂർവ്വമായ ഒബ്സെർവഷൻ കൊണ്ടും നല്ല ഗൃഹപാഠം കൊണ്ടുമാവണം.

കാൻ ചലച്ചിത്ര മേളയിൽ ഷോർട്ട് ഫിലിമിൽ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ഈ പ്രതിഭ ഷൂട്ട് തുടങ്ങുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപാണ് സംവിധായകന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇഷാൻ്റെ ഡെഡിക്കേഷനുള്ള അംഗീകാരമായി വേണം ഇതിനെ കരുതാൻ.
ഫ്ളാഷ്‌ബാക്ക് ഫാമിലി സീനിൽ സ്വത്ത് ഭാഗം വയ്ക്കുന്നതിന് മേൽനോട്ടം വഹിക്കാൻ തലതൊട്ടപ്പനോട് സധൈര്യം കോർക്കുമ്പോഴും ഇഷാൻ്റെ കാരക്ടർ വേർഷൻ ഷാർപ്പാണ്
പോലീസ് വേഷത്തിൽ ശ്രദ്ധേയമായ പ്രകടനം കാഴ്‌ച വച്ച ദിനേശ് പ്രഭാകർ വിക്ടറിൻ്റെ കാരക്ടറിന്റെ ബ്രില്ലിയൻസിനെ കുറിച്ച് പറയുമ്പോൾ – അത് ഓഡിയെൻസിനും കൂടി സോളിഡായി എസ്റ്റാബ്ലിഷ് ചെയ്യാൻ ഇഷാനായി.

‘മാർക്കോ’, ഇഷാന് ഒരു ഗംഭീര തുടക്കമാകുമ്പോൾ ഒരു പിടി ഫോളോ അപ്പ്’ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ് .
മഹേഷ് നാരായണൻ്റെ മമ്മൂട്ടി – മോഹൻലാൽ ചിത്രം ‘മാഗ്‌നം ഓപ്പസ്’ ഫ്രൈഡേ ഫിലിം ഹൗസിന്റെ ‘പടക്കളം’, മലയാള സിനിമയിലെ പ്രമുഖ താരം മുഖ്യ വേഷം ചെയ്യുന്ന പ്രൊഡക്ഷനിൽ നായകതുല്യ വേഷം. അങ്ങനെ പുതിയ മലയാള സിനിമയിൽ തന്റെ യാത്ര വ്യത്യസ്‌തവും പ്രസക്തവുമാക്കുകയാണ് ഇഷാൻ ഷൗക്കത്ത് .
പ്രശസ്‌ത ഛായാഗ്രാഹകനും പ്രവാസി സംരംഭകനും മലയാള സിനിമയുടെ ഒരു ഭാവപ്പകർച്ചയുടെ തുടക്കം കുറിച്ച, എൺപതുകൾ മുതൽ സജീവമായ സിനിമ സഹചാരിയുമായ ഷൗക്കത്ത് ലെൻസ്‌മാന്റെ പുത്രനാണ് ഇഷാൻ ഷൗക്കത്ത്.
ദുബായിലെ സ്കൂൾ വിദ്യഭ്യാസത്തിനു ശേഷം അമേരിക്കയിലെ ഇന്ത്യനാ യൂണിവേഴ്സിറ്റിയിൽ നിന്നും അഭിനയ പഠനവും പൂർത്തിയാക്കിയ ഇഷാൻ ഷൗക്കത്ത് പുതിയ കാലത്തിന്റെ നായക സ്ഥാനത്തേക്കുയരുന്ന, യാത്ര തുടങ്ങുന്നത് ‘മാർക്കോ’ എന്നെ നാഴികക്കല്ലായ് മാറുന്ന സിനിമയിലൂടെ ആണെന്നുള്ളത് ജൻ സീയുടെ സ്വീകാര്യത ആ കലാകാരനുണ്ട് എന്നുള്ളതിന്റെ തെളിവാണ്
നല്ല കഥാപാത്രങ്ങളുമായി ആ ചെറുപ്പക്കാരൻ തിരശ്ശീലയിൽ നിന്നും മലയാളി മനസ്സുകളിലേക്ക് എത്തുന്ന കാലം വിദൂരമല്ലെന്നു വരാനിരിക്കുന്ന ബോഡി ഓഫ് വർക്ക് വ്യക്തമാക്കുമ്പോൾ, നല്ല മാറ്റങ്ങൾക്കൊപ്പം എന്നും നിൽക്കുന്ന മലയാളി പ്രേക്ഷകർക്ക് സ്വന്തമെന്നു വിളിക്കാൻ ഒരു പേര് കൂടി എഴുതിച്ചേർക്കാം – ഇഷാൻ ഷൗക്കത്ത്.
വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ. ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചു. അതിതീവ്ര വിഭാഗത്തിൽ ഉൾപ്പെടുത്തിയത് സംബന്ധിച്ചുള്ള കേന്ദ്ര സർക്കാരിന്റെ അറിയിപ്പ് കേരളത്തിന് ലഭിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കത്തിൽ പരാമർശമില്ല. ദുരന്തത്തെ നേരിടാനാവശ്യമായ ഫണ്ട് ഇതിനോടകം എസ്ഡിആർഎഫ് മുഖേന കൈമാറിയിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.
നാടിനെ നടുക്കിയ ചൂരൽമല – മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിന് പുറമേ കൂടുതല്‍ ഫണ്ട് ലഭിക്കണമെങ്കില്‍ തീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഇക്കാര്യം സംസ്ഥാന നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂർണമായി ഉൾക്കൊണ്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നേരത്തെ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.
വയനാട് പുനരധിവാസം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് അതി തീവ്ര ദുരന്തമായി കേന്ദ്രത്തിന്റെ പ്രഖ്യാപനം. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതി തീവ്ര ദുരന്തമാണെന്ന് കണ്ടെത്തി. 2024 ജുലൈ 30ന് പുലർച്ചെയാണ് മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളെ ഉരുളെടുത്തത്.
സ്റ്റേജില്‍ നിന്ന് വീണ് ഉമ തോമസ് എംഎല്‍എക്ക് പരിക്കേറ്റ സംഭവത്തില്‍ ‘മൃദംഗനാഥം’ പരിപാടിയുടെ ഇവന്റ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓസ്‌കാര്‍ ഇവന്റ്സിന്റെ മാനേജര്‍ കൃഷ്ണ കുമാറിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
അപകടമായ രീതിയിലാണ് ഓസ്‌കാര്‍ ഇവന്റ്സ് നൃത്ത പരിപാടിയ്ക്കുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞു. കൃഷ്ണ കുമാര്‍ തന്നെയാണ് ഉമാ തോമസ് എംഎല്‍എയെ പരിപാടിയിലേയ്ക്ക് ക്ഷണിച്ച് കൊണ്ടുവന്നതും.
ഒരു സുരക്ഷാ വേലിയുമില്ലാതെയും കസേരിയിട്ടിരിക്കുന്ന മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിന് കാരണമായത്. അതില്‍ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്വം സംഘാടകര്‍ക്ക് തന്നെയാണ് എന്നാണ് വിലയിരുത്തല്‍.
കൃഷ്ണ കുമാറുമായി പോലീസ് കലൂര്‍ സ്റ്റേഡിയത്തില്‍ തെളിവെടുപ്പ് നടത്തി. പിഡബ്ലൂഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയ വശങ്ങളും മനസിലാക്കിയാണ് പോലീസിന്റെ അന്വേഷണം.
മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ യെമന്‍ പ്രസിഡന്റ് റഷാദ് അല്‍ അലീമിയുടെ അനുമതി. നിലവില്‍ യെമന്റെ തലസ്ഥാനമായ സനയിലെ ജയിലിലുള്ള നിമിഷപ്രിയയുടെ വധശിക്ഷ ഒരു മാസത്തിനകം നടപ്പാക്കിയേക്കും. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബമായും അദ്ദേഹമുള്‍പ്പെടുന്ന ഗോത്രത്തിന്റെ തലവന്‍മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചര്‍ച്ചകള്‍ ഫലം കാണാതെ വന്നതോടെയാണ് ശിക്ഷ നടപ്പാക്കുന്നത്. ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കിയേക്കും. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓഗസ്റ്റില്‍ നിമിഷ പ്രിയയെ പോലീസ് അറസ്റ്റും ചെയ്തു.
വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരി യെമനില്‍ പോയിരുന്നു. ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് പ്രേമകുമാരി യെമനിലെത്തി മകളെ കണ്ടത്.
വധശിക്ഷയ്‌ക്കെതിരാ നിമിഷ പ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്ന് യമന്‍ പ്രസിഡന്റിന് ദയാഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ അതും തള്ളുകയായിരുന്നു. ദിയാധനം നല്‍കിയുള്ള ഒത്തുതീര്‍പ്പിന് നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല.
നിമിഷയ്‌ക്കൊപ്പം ക്ലിനിക്ക് നടത്തിയിരുന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൂട്ടുകാരി ഹനാനൊപ്പം ചേര്‍ന്ന് മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ പിന്നിട്ടതോടെ വാട്ടര്‍ ടാങ്കില്‍നിന്ന് ദുര്‍ഗന്ധം വന്നു. ഇതോടെ പ്രദേശവാസികള്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകം പുറത്തറിഞ്ഞത്.
യെമനില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന നിമിഷയുടെ ഭര്‍ത്താവ് ടോമി തോമസ് മകളേയും കൂട്ടി 2014-ല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിനുശേഷം നിമിഷ തലാലിനെ പരിചയപ്പെടുകുയം ക്ലിനിക്ക് തുടങ്ങാന്‍ ലൈസന്‍സിന് ഇയാളുടെ സഹായം തേടുകയുമായിരുന്നു. ക്ലിനിക്കില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ പകുതി വേണമെന്ന് തലാല്‍ ആവശ്യപ്പെട്ടതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്.
2018-ല്‍ യെമനിലെ വിചാരണക്കോടതിയാണ് നിമിഷ പ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. തനിക്ക് നിയമസഹായം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അവര്‍ കോടതിയില്‍ അപ്പീല്‍ നല്‍കി. തലാല്‍ തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും സ്വയംരക്ഷയുടെ ഭാഗമായാണ് കൊലപ്പെടുത്തിയതെന്നും കോടതിയെ അറിയിച്ചു. എന്നാല്‍ ഹര്‍ജി കോടതി തള്ളി.
എസ് എം എയുടെ എക്സിക്യൂട്ടീവ് മെമ്പറൂം സ്പോർട്സ് കോഓർഡിനേറ്ററുമായ സജിമോന്റേയും, മുൻ ജോയിന്റ് സെക്രട്ടറിയും സജീവ പ്രവർത്തകനുമായ ജിജോമോന്റെയും, സജീവ പ്രവർത്തകനായ ജെയ്മോന്റെ ഭാര്യ ജിജിമോളുടെയും പിതാവായ തൊടുപുഴ ഏഴല്ലൂർ മുളക്കൽ എം സി വർഗീസ് (78) നിര്യാതനായി. മൃതസംസ്കാരം പിന്നീട് സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ വച്ച് നടക്കുന്നതായിരിക്കും.
എം സി വർഗീസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
വിമാനയാത്രയ്ക്ക് തയ്യാറെടുത്ത് നില്‍ക്കുന്നവരാണോ നിങ്ങള്‍, എങ്കില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുംമുമ്പ് നിര്‍ബന്ധമായും ഇക്കാര്യം അറിഞ്ഞിരിക്കണം. വിമാന യാത്രക്കാര്‍ക്കുള്ള ഹാന്‍ഡ് ബാഗേജ് സംബന്ധിച്ച് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരിക്കുകയാണ് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്).
വിമാനയാത്രികര്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം.
പുതിയ നിയമം അനുസരിച്ച് ഒരു യാത്രികന് വിമാനത്തിനുള്ളിലേക്ക് ഒരു ബാഗുമായി മാത്രമേ കയറാന്‍ കഴിയൂ. അതിന്റെ തൂക്കം പരമാവധി ഏഴ് കിലോ മാത്രമേ അനുവദിക്കൂ. ഹാന്‍ഡ് ബാഗിന്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്. അധികമായി ബാഗേജ് കൈയിലുണ്ടെങ്കില്‍ അത് ചെക് ഇന്‍ ചെയ്യേണ്ടി വരും.
2024 മെയ് രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇളവുകള്‍ ലഭിക്കും. എന്നാല്‍ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും ലഭിക്കില്ല. യാത്രക്കാരുടെ ഹാന്‍ഡ് ബാഗേജ് ഭാരം അല്ലെങ്കില്‍ വലുപ്പ പരിധികള്‍ കവിഞ്ഞാല്‍ അധിക ബാഗേജ് ചാര്‍ജുകള്‍ ഈടാക്കും.
ഹാന്‍ഡ് ബാഗിന്റെ അളവ് 55 സെന്റീമീറ്റര്‍ (21.6 ഇഞ്ച്) ഉയരത്തിലും 40 സെന്റീമീറ്റര്‍ (15.7 ഇഞ്ച്) നീളത്തിലും 20 സെന്റീമീറ്റര്‍ (7.8 ഇഞ്ച്) വീതിയിലും കവിയാന്‍ പാടില്ല.
അപ്പച്ചൻ കണ്ണഞ്ചിറ
റയിൻഹാം: ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ, ലണ്ടനിൽ പ്രതിമാസ ‘ആദ്യ ശനിയാഴ്ച’ കൺവെൻഷനുകൾ ആരംഭിക്കുന്നു. പ്രഥമ ശുശ്രുഷ ലണ്ടനിൽ റൈൻഹാം ഔർ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച് ജനുവരി നാലിന് നടക്കുന്നതാണ്.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി യൂത്ത് ആൻഡ് മൈഗ്രൻറ് കമ്മീഷൻ ഡയറക്ടറും, ലണ്ടൻ റീജണൽ ഇവാഞ്ചലിസേഷൻ ഡയറക്ടറും, പ്രശസ്ത ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിക്കുകയും, കൺവെൻഷൻ നയിക്കുകയും ചെയ്യും.
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർ പേഴ്സണും, കൗൺസിലറും, പ്രശസ്ത തിരുവചന പ്രഘോഷകയുമായ സിസ്റ്റര്‍ ആന്‍ മരിയ എസ്.എച്ച് വിശുദ്ധഗ്രന്ഥ സന്ദേശങ്ങള്‍ പങ്കുവെക്കുകയും, സ്പിരിച്ച്വൽ ഷെയറിങ്ങിനു നേതൃത്വം നൽകുകയും ചെയ്യുന്നതാണ്.
പ്രശസ്ത ധ്യാന ഗുരുവും, ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി മിഷനുകളിൽ അജപാലന ശുശ്രുഷ നയിക്കുകയും ചെയ്യുന്ന ഫാ. ഷിനോജ് കളരിക്കൽ വിശുദ്ധ കുർബ്ബാനക്ക് സഹകാർമ്മികത്വം വഹിക്കുകയും, ശുശ്രൂഷകളിൽ പങ്കുചേരുന്നതുമാണ്.
2025 ജനുവരി 4 ന് ശനിയാഴ്ച രാവിലെ 9:00 മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിക്കുന്ന കൺവെൻഷനിൽ തുടർന്ന് വിശുദ്ധബലിയും തിരുവചന ശുശ്രുഷകൾക്കു ശേഷം ആരാധനക്കുള്ള സമയവുമാണ്.
സൗഖ്യ ശാന്തിക്കും, വിടുതലിനും, നവീകരണത്തിനും അനുഭവദായകമായ ശുശ്രുഷകളാവും കൺവെൻഷനിൽ നയിക്കപ്പെടുക. കുമ്പസാരത്തിനും, സ്പിരിച്വൽ ഷെയറിങ്ങിനും അവസരം ഒരുക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കായി പ്രത്യേക ശുശ്രുഷകൾ ഒരുക്കുന്നുണ്ട്.
കൺവെൻഷനിൽ പങ്കുചേരുന്നവരുടെ സൗകര്യാർത്ഥം ഇംഗ്ലീഷ് ഭാഷയിലും ശുശ്രുഷകൾ ഉണ്ടായിരിക്കുന്നതാണ്.
കൃപകളുടെ വാതായനം തുറക്കുന്ന ‘ആദ്യ ശനിയാഴ്ച’ കൺവെൻഷനിലെ തിരുക്കർമ്മങ്ങളിലേക്കും ശുശ്രുഷകളിലേക്കും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
മനോജ് തയ്യിൽ-07848 808550
മാത്തച്ചൻ വിളങ്ങാടൻ-07915 602258
January 4th Saturday 9:00 – 16:00 PM.
Our lady Of La Salette R C Church,
1 Rainham Road, Rainham, Essex,
RM13 8SP, UK.
(അണ്ടർഗ്രൗണ്ട് ഡിസ്ട്രിക്റ്റ് ലൈനിൽ വരുന്നവർ ഡഗനം സ്റ്റേഷനിൽ ഇറങ്ങി എതിർവശത്ത് നിന്നുള്ള 103 നമ്പർ ബസ്സിൽ കയറി ദേവാലയത്തിനടുത്തുള്ള ഡോവേഴ്‌സ് കോർണറിൽ ഇറങ്ങുക. C2C വിൽ വരുന്നവർ ബാർക്കിങ്ങിലോ അല്ലെങ്കിൽ റെയിൻഹാമിലോ ഇറങ്ങിയാൽ നടക്കാവുന്ന ദൂരത്തിലാണ് ദേവാലയം).
