Latest News

 ന്യൂസ് ഡെസ്ക് 

സാലിസ്ബറി:  മെയ് ആറാം തിയതി ഞായറാഴ്ച സാലിസ്ബറി മലയാളികൾ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാൾ ഭക്‌തിപൂർവ്വം ആഘോഷിച്ചു.സാലിസ്ബറി ബിഷപ്ഡൗണിലുള്ള ഹോളി റെഡീമെർ പള്ളിയിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ നടന്നത്.

വൈകുന്നേരം നാല് മണിക്ക്‌ ജപമാലയോടെ തിരുക്കർമ്മങ്ങൾ ആരംഭിച്ചു.തുടർന്ന് ബഹുമാനപ്പെട്ട ഫാദർ സണ്ണി പോൾ തിരുനാൾ കുർബാന അർപ്പിച്ചു.ഹെവൻലി ബീറ്റ്സിലെ രാജേഷ് ടോമിന്റെ ഗാനങ്ങൾ തിരുനാൾ കുർബാനയെ കൂടുതൽ ഭക്‌തി സാന്ദ്രമാക്കി.
തിരുനാൾ കുർബാനക്ക് ശേഷം ലദീഞ്ഞും ഭക്തിപൂർവ്വമായ പ്രദിക്ഷണവും ഉണ്ടായിരുന്നു.സ്നേഹത്തിലും സാഹോദര്യത്തിലും എല്ലാവരും വളർന്നു വരാൻ കഴിയട്ടെയെന്ന് തിരുനാൾ സന്ദേശം നൽകിയ ഫാദർ സണ്ണി പോൾ പറഞ്ഞു.എല്ലാ വർഷങ്ങളിലും നടത്താറുള്ള കുട്ടികളെ എഴുത്തിനിരുത്തുന്ന ചടങ്ങ് തിരുനാൾ പ്രദിക്ഷണത്തിനു ശേഷം നടന്നു.
കുരിയാച്ചൻ സെബാസ്റ്റിയൻ,ബിബീഷ് ചാക്കോ,ഷാജു തോമസ്,ജിനോ ജോസ്,ജോബിൻ ജോൺ,സണ്ണി മാത്യു എന്നിവരുടെ കുടുംബങ്ങളാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തിയത്.അടുത്ത വർഷത്തെ തിരുനാൾ നടത്തുന്നത് രാജേഷ് ടോം,ജോർജ് ബോസ്,ജിൻസ് ജോർജ്,ബിനു,ബിജു മൂന്നാനപ്പള്ളിൽ എന്നിവരുടെ കുടുംബങ്ങളാണ്.
തിരുനാളിൽ പങ്കെടുത്ത എല്ലാവർക്കും പള്ളി കമ്മറ്റിക്ക് വേണ്ടി ജോർജ് ബോസ് നന്ദി പറഞ്ഞു.ഭവന സന്ദർശനത്തിന് നേതൃത്വം കൊടുക്കുകയും തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്ത ബോസിനെ ബഹുമാനപ്പെട്ട ഫാദർ സണ്ണിയും ഇടവക അംഗങ്ങളും പ്രശംസിച്ചു.എട്ടു മണിക്ക് സ്‌നേഹവിരുന്നോടെ തുരുനാൾ സമാപിച്ചു.

ലണ്ടന്‍ : യുകെയിലെ സംഗീത പ്രേമികൾ ആകാംഷാപൂർവം കാത്തിരുന്ന ” The Maestros” ന്  അരങ്ങൊരുങ്ങുന്നു . ആദ്യ പരിപാടിക്ക് ഇനി ഒരു നാൾ കൂടി മാത്രം. പരിപാടിക്ക് ഒരുക്കമായി പ്രശസ്ത സംഗീത സംവിധായകൻ ശ്രീ. ഔസേപ്പച്ചൻ , ശ്രീ. വിൽസ്വരാജ് എന്നിവർ ഇന്നലെ ഉച്ചക്ക് ലണ്ടനിൽ എത്തിക്കഴിഞ്ഞു . ഹീത്രൂ വിമാനത്തവാളത്തിൽ എത്തിയ ഇവരെ V4 Entertainments UK യുടെ പേരിൽ ശ്രീ.വിനോദ് നവധാര , സോജൻ എരുമേലി , തോമസ് കാക്കശ്ശേരി എന്നിവർ ചേർന്ന് സ്വീകരിച്ചു.

മെയ് 11, 12, 13 തീയതികളിൽ ലണ്ടനിലെ വിവിധ ഭാഗങ്ങളിൽ ആയിരിക്കും The Maestros അരങ്ങേറുക . പ്രശസ്ത സംഗീതജ്ഞനും ദേശീയ പുരസ്‌കാര ജേതാവും ആയ ശ്രീ ഔസേപ്പച്ചൻ മാഷ് നേതൃത്വം നൽകുന്ന ഈ സംഗീത സന്ധ്യയിൽ പ്രസിദ്ധ പിന്നണി ഗായകൻ ശ്രീ വിൽസ്വരാജ് , ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഡോക്ടർ വാണി ജയറാം , ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് കോൺടെസ്റ് ജേതാവ് രാജേഷ് രാമൻ എന്നിവർ പങ്കെടുക്കുന്നു . ഔസേപ്പച്ചൻ -രവീന്ദ്രൻ – ജോൺസൺ ത്രയത്തിന്റെ നിത്യഹരിത ഗാനങ്ങളിലൂടെ ഉള്ള ഒരു അവിസ്മരണീയയാത്ര ആയിരിക്കും ശ്രോതാക്കൾക്ക് ഈ പരിപാടി സമ്മാനിക്കുക.

ശ്രീ വിനോദ് നവധാരയുടെ നേതൃത്വത്തിൽ ഉള്ള പ്രശസ്ത ലൈവ് ഓർക്കസ്ട്ര ആയ നിസരി ആയിരിക്കും ഈ പരിപാടിയുടെ പിന്നണിയിൽ പ്രവർത്തിക്കുക . പല പ്രമുഖ സംഗീതജ്ഞരോടും ഒപ്പം ഇതിനു മുൻപും നിരവധി തവണ യുകെയിൽ അങ്ങോളം ഇങ്ങോളം ലൈവ് പരിപാടികൾ അവതരിപ്പിച്ചു പരിചയം ഉള്ളവർ ആണ് നിസരിയിലെ കലാകാരന്മാർ . ശ്രീ ഔസേപ്പച്ചൻ മാഷിനൊപ്പം നിസരിയിലെ അംഗങ്ങൾ കൂടി ചേരുമ്പോൾ സംഗീത ആസ്വാദകർക്ക് അതൊരു മറക്കാനാവാത്ത അനുഭവം ആയിരിക്കുമെന്ന് തീർച്ച . മെയ് 11 നു വൈകുന്നേരം ഏഴു മണിക്ക് ഈസ്റ്റ് ലണ്ടനിലെ ബോളിയൻ തീയറ്ററിൽ നടക്കുന്ന പരിപാടിയോടു കൂടിയിരിക്കും “The Maestros” ന് തുടക്കം കുറിക്കുക.

പിറ്റേ ദിവസം മെയ് 12 വൈകുന്നേരം 6.30 ന് വെസ്റ്റ് ലണ്ടനിലെ സംഗീതാസ്വാദകർക്കു വേണ്ടി ഹെയ്‌സിലെ നവ്‌നാത് സെന്ററിൽ വച്ചായിരിക്കും രണ്ടാമത്തെ പരിപാടി അരങ്ങേറുന്നത് . മെയ് 13 നു വൈകുനേരം സൗത്ത് ലണ്ടനിലെ ലാൻഫ്രാങ്ക് അക്കാദമിയിൽ വച്ചു നടക്കുന്ന മൂന്നാമത്തെ പരിപാടിയോടു കൂടി “The Maestros” സമാപിക്കും . നിരവധി മെഗാ ഷോകൾക്ക് ശബ്ദവും വെളിച്ചവും നൽകി പരിചയം ഉള്ള ലണ്ടനിലെ ഒയാസിസ് ഡിജിറ്റൽസാണ് പരിപാടികളുടെ ശബ്ദവും വെളിച്ചവും നിയന്ത്രിക്കുന്നത്.

അനശ്വര കലാകാരന്മാരുടെ അപൂർവ സംഗമം ആയ ഈ സംഗീത നിശയിലേയ്ക്ക് ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു . For information Contact : വിനോദ് നവധാര : 07805 192891 , സോജൻ : 07878 8963384 (ഈസ്റ്റ് ഹാം) , രാജേഷ് രാമൻ : 07874 002934 (ക്രോയിഡോൺ ) , ഷിനോ : 07411143936 (ഹെയ്സ് – വെസ്റ്റ് ലണ്ടൻ)

പിണറായിയില്‍ മാതാപിതാക്കളെയും മകളേയും എലിവിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി സൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും. ഇവയെല്ലാം പിടിച്ചെടുത്ത പോലീസ് മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 27-ന് അറസ്റ്റിലായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലായ സൗമ്യയെ തിങ്കളാഴ്ചയാണ് നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

ഇതിനിടെ സൗമ്യ കാമുകനയച്ച സന്ദേശങ്ങളും പോലീസിന് ലഭിച്ചു. മൂന്നു കൊലപാതകങ്ങളും സൗമ്യ ഒറ്റക്ക് തന്നെയാണ് നടപ്പിലാക്കിയതെന്നും സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് ഇതുവരെ നടന്ന അന്വേഷണങ്ങള്‍ നല്‍കുന്ന സൂചന. മൊബൈല്‍ ഫോണില്‍ ഒന്ന് കാമുകന്‍മാരില്‍ ഒരാളുടെ ജ്യേഷ്ഠന്‍ വിദേശത്ത് നിന്ന് കൊടുത്തയച്ചതാണെന്നും സൗമ്യ പോലീസിനോട് പറഞ്ഞു.

മകള്‍ ഐശ്വര്യ കൊല്ലപ്പെടുന്നതിന് രണ്ടു ദിവസം മുന്‍പ് സൗമ്യ കാമുകന് അയച്ച എസ്.എം.എസാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ണ്ണായക തെളിവ്. എനിക്ക് അച്ഛനെയും മകളെയും നഷ്ടപ്പെടുമെന്ന പേടിയുണ്ട്. മനസിന് വല്ലാതെ വിഷമം തോന്നുന്നു. എങ്കിലും നിന്റെ കൂടെ ജീവിക്കെണമെന്ന ആഗ്രഹമുണ്ടെന്നായിരുന്നു ആ മൊബൈല്‍ സന്ദേശം.

എല്ലാവരേയും കൊന്നത് ഞാന്‍ തന്നെയാണ്, ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണെന്നും, ജാമ്യത്തിലിറങ്ങാന്‍ തയാറല്ലെന്നും പ്രതി ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. നിലവില്‍ സംശയിക്കുന്ന മൂന്നുപേരും നിരപരാധികളാണെന്നാണ് സൂചനയെങ്കിലും ഇത് സംബന്ധിച്ച അന്വേഷണം തുടരുമെന്ന് പോലീസ് വ്യക്തമാക്കി.

ഇതിനിടെ, സൗമ്യയ്ക്കു വേണ്ടി അഡ്വ.ആളൂര്‍ ഹാജരാകുമെന്ന് പ്രചരണം ഉണ്ടായിരുന്നു. മുംബൈയില്‍ നിന്ന് കണ്ണൂരിലെത്തിയ ആളൂര്‍ കേസിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും കോടതിയില്‍ ഹാജരായില്ല. പ്രതിക്ക് വേണ്ടി സര്‍ക്കാര്‍ അഭിഭാഷകയെ അനുവദിച്ച് കൊണ്ട് കോടതി ഉത്തരവായിട്ടുണ്ട്.

നഗരമദ്ധ്യത്തില്‍ ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയ കേസില്‍ ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത് ഇരുവരും വീണ്ടും ഒന്നിക്കാനിരിക്കുന്നതിനിടയില്‍. വിവാഹമോചന ശ്രമങ്ങള്‍ തുടരുന്നതിനിടെ പിണക്കം മാറി ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. ഇന്നലെ ലോഡ്ജില്‍ താമസിച്ച ശേഷം ഇന്ന് ഒരുമിച്ച് മടങ്ങാനും തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും വഴക്കടിക്കുകയും നഗരമദ്ധ്യത്തിലിട്ട് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. ആലപ്പുഴ പുന്നപ്ര സ്വദേശിനി സുമയ്യ(27) ആണു വയറില്‍ കുത്തേറ്റുമരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ആലപ്പുഴ പുന്നപ്ര വടക്കേ ചേന്നാട്ടുപറമ്പില്‍ സജീറി(32)നെ പാലാരിവട്ടം പോലീസ് അറസ്റ്റു ചെയ്തു. രക്ഷപെടാന്‍ ശ്രമിച്ച സജീറിനെ പാലാരിവട്ടം വി മാര്‍ട്ടിന് സമീപത്തുനിന്നാണ് പിടികൂടിയത്.

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ എറണാകുളം പാലാരിവട്ടം ചാത്തങ്ങാട് എസ്.എന്‍.ഡി.പി ഓഡിറ്റോറിയത്തിന് സമീപമായിരുന്നു നഗരത്തെ നടുക്കിയ സംഭവം. പാലാരിവട്ടത്ത് ഒരു ലേഡീസ് ഹോസ്റ്റലില്‍ വാര്‍ഡനാണ് സുമയ്യ. ഓട്ടോഡ്രൈവറാണ് സജീര്‍. ഇരുവരും വിവാഹമോചനത്തിന് കേസ് ഫയല്‍ ചെയ്തിരിക്കുകയായിരുന്നു. ഇവര്‍ക്ക് നാലും ഏഴും വയസുള്ള രണ്ട് കുട്ടികളുണ്ട്. കുട്ടികള്‍ സജീറിനൊപ്പമാണ് ഇന്നലെ ഇവരെ കാണാനെത്തിയ സജീര്‍ വാക്കുതര്‍ക്കത്തിനൊടുവില്‍  കൈയില്‍ കരുതിയ കത്തിയെടുത്തു കുത്തുകയായിരുന്നുവെന്നാണു പോലീസ് പറയുന്നത്. പ്രദേശവാസികള്‍ സുമയ്യയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സജീറും സുമയ്യയും സംഭവസ്ഥലത്ത് ഏറെ നേരം സംസാരിച്ചു നിന്നിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സുമയ്യ ഫോണില്‍ വിളിച്ചതനുസരിച്ചാണ് താന്‍ എറണാകുളത്തെത്തിയതെന്നു സജീര്‍ പോലീസിനോടു പറഞ്ഞു. ഇതിനിടെയുണ്ടായ വാക്കുതര്‍ക്കത്തിനിടെ സുമയ്യ അപമാനിച്ചെന്നും തുടര്‍ന്നു സമീപത്തുള്ള കടയില്‍നിന്നു കത്തി സംഘടിപ്പിച്ച് തിരിച്ചെത്തി കുത്തുകയായിരുന്നുവെന്നും സജീര്‍ പോലീസിനോട് പറഞ്ഞു. വയറില്‍ ആഴത്തിലേറ്റ മുറിവാണ് മരണത്തിന് കാരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. പോലീസ് സംഘം സംഭവസ്ഥലത്തെത്തി തെളിവെടുത്തു.

ബോളിവുഡ് ആഘോഷിച്ച് മറിഞ്ഞ രാവായിരുന്നു സോനം കപൂറിന്റെ വിവാഹ ദിനം. ഷാരൂഖ് ഖാനും, അനില്‍ കപൂറും,അര്‍ജുന്‍ കപൂറുമൊക്കെ സജീവ സാന്നിദ്ധ്യം അറിയിച്ച രാവില്‍ പക്ഷേ ഏറ്റവും ഊര്‍ജ്ജസ്വലന്‍ രണ്‍വീര്‍ സിംഗ് ആയിരുന്നു.  മദ്യം കഴിച്ച് ഉന്മത്തനായി മൊത്തത്തില്‍ പടോസ്‌കിയായ അവസ്ഥയിലായിരുന്നു രണ്‍വീര്‍. മിക്ക താരങ്ങളും രാത്രി രണ്ട് മണിയോടെ ഒരു മൂലയ്‌ക്കൊതുങ്ങിയപ്പോള്‍ രണ്‍വീര്‍ പക്ഷേ ഫുള്‍ ഫോമിലായിരുന്നു. അതിരാവിലെ മൂന്നു മണിക്ക് അര്‍ജുന്‍ കപൂറിന്റെ കൂടെ ഇന്‍സ്റ്റാഗ്രാമില്‍ ലൈവ് വരെ വന്നു പുള്ളി.

മദ്യലഹരിയിലുള്ള രണ്‍വീറിന്റെ ചിത്രം പലതവണ ഇന്‌സ്ടാഗ്രമില്‍ വന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തിലെ പരിപാടിയില്‍ രണ്‍വീര്‍ അപാരമായിരുന്നു. മൊത്തത്തില്‍ ബോധമില്ലാത്ത അവസ്ഥയിലായിരുന്ന രണ്‍വീര്‍ കാണിച്ചു കൂട്ടിയത് എന്തൊക്കെയാണെന്ന് താരത്തിനു പോലും ഓര്‍മ്മ ഉണ്ടാകാന്‍ സാധ്യതയില്ല. സത്യത്തില്‍ പറഞ്ഞാല്‍ മദ്യലഹരിയിലായിരുന്ന രണ്‍വീറായിരുന്നു ദിവസത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്

നോക്കുകൂലി നിരോധനത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വാനോളം പുകഴ്ത്തി കെഎം മാണി. കേരള കോണ്‍ഗ്രസ് എം മുഖപത്രമായ പ്രതിച്ഛായയില്‍ എഴുതിയ ലേഖനത്തിലാണ് മാണി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

പിണറായി സര്‍ക്കാരിന്റെ നോക്കുകൂലി നിരോധന ഉത്തരവ് സംസ്ഥാനത്ത് സ്വസ്ഥതയുടെയും സമാധാനത്തിന്റെയും വികസനത്തിന്റെയും സൂര്യോദയത്തിന് കാരണമാകുമെന്നാണ് കെ എം മാണി ലേഖനത്തില്‍ പറയുന്നത്. നോക്കുകൂലിക്കെതിരെ സമൂഹത്തില്‍ രൂപപ്പെട്ടുവരുന്ന കടുത്ത പ്രതിഷേധമാണ് മുഖ്യമന്ത്രിയെ നോക്കുകൂലി നിരോധനത്തിലേക്ക് എത്തിച്ചത്. പിണറായി പാര്‍ട്ടി സെക്രട്ടറി ആയിരിക്കുമ്പോഴും നോക്കുകൂലിക്കെതിരെ ശക്തമായ നിലപാട് എടുത്തിരുന്നതും കെ എം മാണി ലേഖനത്തില്‍ എടുത്തു പറയുന്നു.

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുഡിഎഫ് നേതാക്കള്‍ ഒന്നടങ്കം മാണിയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് പിണറായി വിജയനെയും സര്‍ക്കാരിനെയും പുകഴ്ത്തി അദ്ദേഹം ലേഖനം എഴുതിയത്. ഇതോടെ, ചെങ്ങന്നൂരില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണ ഇടതുപക്ഷത്തിന് തന്നെയായിരിക്കുമെന്ന് വ്യക്തമായി.

നാളെ ചേരുന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയില്‍ ഇടത് മുന്നണിക്ക് പിന്തുണ നല്‍കുന്ന കാര്യം പ്രഖ്യാപിക്കുമെന്നാണ് സൂചന. മാണിയുടെ ഇടതുപക്ഷ പ്രവേശനം സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും സിപിഐ ഈ നീക്കത്തെ എതിര്‍ക്കുന്നുണ്ട്. അഴിമതിയുടെ കറയുള്ള ഒരാളെ മുന്നണിയില്‍ അണിചേര്‍ക്കേണ്ടെന്ന നിലപാടാണ് ഇക്കാര്യത്തില്‍ സിപിഐക്കുള്ളത്.

ചെങ്ങന്നൂരില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ശേഷം മാണിയുടെ മുന്നണി വിഷയത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍.

ന്യൂഡല്‍ഹി: നിങ്ങളുദ്ദേശിക്കുന്ന തരത്തിലുള്ള സ്വാതന്ത്ര്യം ഒരിക്കലും ലഭിക്കാന്‍ പോകുന്നില്ലെന്ന് കശ്മീരിലെ പ്രക്ഷോഭകരോട് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇക്കാര്യത്തിന് വേണ്ടി സൈന്യത്തിനോട് ഏറ്റുമുട്ടേണ്ടതില്ലെന്നും സ്വാതന്ത്ര്യം ലഭിക്കാന്‍ പോകുന്നില്ലെന്ന് കശ്മിരിലെ യുവാക്കള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ്  അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീരിലെ യുവാക്കളെ ആയുധമെടുത്ത് സ്വാതന്ത്ര്യത്തിനായി പോരാടാന്‍ പ്രേരിപ്പിക്കുന്നവരേക്കുറിച്ച് കരസേനാ മേധാവി ആശങ്ക പ്രകടിപ്പിച്ചു. ആസാദി ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ല എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.  അനാവശ്യമായി അതിനുവേണ്ടി നടക്കേണ്ടതില്ല. നിങ്ങളെന്തിനാണ് ആയുധമെടുക്കുന്നത്. ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ആസാദി എന്ന ആവശ്യവുമായി പ്രവര്‍ത്തിക്കുന്നവരോടാണ് തങ്ങള്‍ ഏറ്റുമുട്ടുന്നതെന്നും കരസേനാ മേധാവി പറഞ്ഞു.

ഏറ്റുമുട്ടലില്‍ എത്ര തീവ്രവാദികള്‍ കൊല്ലപ്പെടുന്നുവെന്നത് പ്രധാനമല്ല. അത് തുടര്‍ന്നുകൊണ്ടേയിരിക്കും. കാരണം പുതിയ റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നു. ഇതെല്ലാം വെറുതെയാകുമെന്നാണ് എനിക്ക് അവരോട് പറയുനുള്ളത്. ഒരിക്കലും അവരേക്കൊണ്ട് സാധിക്കില്ല. സൈന്യവുമായി ഏറ്റുമുട്ടാനുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലുന്നതില്‍ ഞങ്ങള്‍ സന്തോഷം കാണാറില്ല. പക്ഷെ ഏറ്റുമുട്ടാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെങ്കില്‍ എല്ലാ ശക്തിയുമുപയോഗിച്ച് തിരിച്ചടിക്കും. രക്ഷാ സേന ക്രൂരന്‍മാരല്ലെന്ന് കശ്മീരികള്‍ മനസിലാക്കണം. സിറിയയിലേക്കും പാകിസ്താനിലേക്കും നോക്കൂ- അവര്‍ ടാങ്കുകളും യുദ്ധവിമാനങ്ങളുമുപയോഗിച്ചാണ് ഇത്തരം പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നത്. എത്രവലിയ പ്രകോപനമുണ്ടായാലും സാധാരണക്കാര്‍ക്ക് അപായമുണ്ടാകാതിരിക്കാന്‍ സൈന്യം പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ യുവാക്കള്‍ കോപാകുലരാണ് എന്ന് മനസിലാകുന്നു. പക്ഷെ അതിന് സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയുന്നതുപോലെയുള്ള ആക്രമണങ്ങളല്ല അതിനായുള്ള വഴിയെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.

കശ്മീരില്‍ സമാധാനം വരണമെങ്കില്‍ ആളുകള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. സൈനിക നടപടി നടക്കുമ്പോള്‍ അത് തടസപ്പെടുത്താന്‍ ആളുകള്‍ കൂട്ടമായി അവിടേക്കെത്തുന്നതെന്തിനെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാണ് ഇതിന് അവരെ പ്രേരിപ്പിക്കുന്നത്. സുരക്ഷാ സേനയോട് ഏറ്റുമുട്ടുന്നവര്‍ കൊല്ലപ്പെടരുത് എന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ആയുധം താഴെവെച്ച് തിരികെ വരാന്‍ അവരോട് പറയുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ ആരും കൊല്ലപ്പെടില്ല. അങ്ങനെ ആരെങ്കിലും ചെയ്യുകയാണെങ്കില്‍ സൈനിക നടപടി അപ്പോള്‍ തന്നെ തങ്ങള്‍ നിര്‍ത്തിവെക്കുമെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി. ഭീകരര്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടി സൈനിക നടപടി തടസ്സപ്പെടുത്തുന്നത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിയാന്‍ പ്രേരിപ്പിച്ച് അവര്‍ സേനയെ കൂടുതല്‍ അക്രമാസക്തമാക്കുകയാണ് ചെയ്യുന്നതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ സൈനിക പരിഹാരം സാധ്യമല്ലെന്നും രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരോ അവരുടെ പ്രതിനിധികളോ ഗ്രാമങ്ങളില്‍ ചെന്ന് അവരോട് സംസാരിക്കുകയാണ് വേണ്ടതെന്നും എന്നാല്‍ ആക്രമിക്കപ്പെടുമോ എന്ന് ഭയന്ന് അവര്‍ മാറിനില്‍ക്കുകയാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ഇവിടെ സമാധാനമായ അന്തരീക്ഷമുണ്ടാകണം. ഇപ്പോള്‍ നടത്തുന്നതൊക്കെ വ്യര്‍ഥമായ പരിശ്രമങ്ങളാണെന്ന് അവിടുത്തെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് വ്യത്യസ്തമായി ചിന്തിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങുന്നവര്‍ തങ്ങള്‍ കീഴടങ്ങിയവരാണെന്ന് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെടുന്നു. ഇതൊരു പുതിയ പ്രവണതയാണ്. കീഴടങ്ങിയവരായോ, അറസ്റ്റ് ചെയ്യപ്പെട്ടവരായോ അറിയപ്പെടാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. ഏറ്റുമുട്ടലിനിടെ പരിക്ക് പറ്റി സൈന്യത്തിന്റെ പിടിയിലായവരാണെന്ന് അറിയപ്പെടാന്‍ ഇവര്‍ ശ്രമിക്കുന്നു. അവരില്‍ ഒരു ഭയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ബുഡ്ഗാമില്‍ കഴിഞ്ഞ വര്‍ഷം യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തെ ബിപിന്‍ റാവത്ത് ന്യായീകരിച്ചു. ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തേയും കല്ലെറിയുന്നതിനേയും തടയാന്‍ അതല്ലാതെ മറ്റ് വഴിയില്ലായിരുന്നുവെന്നും അല്ലായിരുന്നുവെങ്കില്‍ ആള്‍കൂട്ടത്തിന് നേരെ നിറയൊഴിക്കേണ്ടിവരുമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 83.75 ശതമാനം വിജയം കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.

പരീക്ഷ എഴുതിയതില്‍ 3,09,065 വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത് കണ്ണൂരില്‍ നിന്നുമാണ്. 86.75 ശതമാനമാണ് ഇവിടുത്തെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനം വിജയം വന്നിരിക്കുന്നത്് പത്തനംതിട്ടിയിലാണ്. 77.16 ശതമാനമാണ് പത്തംതിട്ടിയിലെ വിജയശതമാനം.

വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 90.24 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചിരിക്കുന്നത്. 14,375 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചപ്പോള്‍ 180 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടി.

സേ പരീക്ഷ ജൂണ്‍ അഞ്ചുമുതല്‍ 12 വരെ നടത്തും. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷയ്ക്കും മേയ് 16 വരെ അപേക്ഷിക്കാം. പ്ലസ് വണ്‍ പരീക്ഷാഫലം മേയ് അവസാനത്തോടെ പ്രഖ്യാപിക്കും. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തുടങ്ങുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

കൊച്ചി : രണ്ടുലക്ഷം രൂപ വായ്‌പയെടുത്തതിനു രണ്ടരക്കോടി രൂപ വിലവരുന്ന വീട്ടില്‍നിന്നു കുടിയിറക്കപ്പെടുന്ന അവസ്‌ഥയിലെത്തിയ വീട്ടമ്മയ്‌ക്ക്‌ മുഖ്യമന്ത്രി നല്‍കിയ വാക്ക്‌ പാഴായി. വീടും സ്‌ഥലവും ജപ്‌തി ചെയ്യുന്നതിനെതിരേ ചിതയൊരുക്കി നിരാഹാരസമരം നടത്തിയ ഇടപ്പള്ളി മാനാത്തുപാടം പ്രീത ഷാജി ഇപ്പോള്‍ ജപ്‌തിഭീഷണിയിലാണ്‌.

നാളെ രാവിലെ 11 മണിക്കു മുമ്പ്‌ വീട്‌ ഒഴിഞ്ഞു നല്‍കിയില്ലെങ്കില്‍ പോലീസ്‌ സഹായത്തോടെ ജപ്‌തി നടത്തുമെന്നു കാണിച്ച്‌ അഡ്വ. കമ്മിഷണര്‍ ഇന്നലെ നോട്ടീസ്‌ നല്‍കി. വീടിനു മുന്നില്‍ ചിത ഒരുക്കി ആരംഭിച്ച സമരം 300 ദിവസം പൂര്‍ത്തിയാക്കിയ ദിവസമാണു ജപ്‌തി നോട്ടീസ്‌ ലഭിച്ചത്‌. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ്‌ പാലിക്കപ്പെട്ടില്ലെങ്കില്‍ കുടുംബസമേതം ജീവനൊടുക്കുമെന്നു പ്രീത ഷാജി മുന്നറിയിപ്പ്‌ നല്‍കുന്നു. 24 വര്‍ഷം മുമ്പ്‌ ലോര്‍ഡ്‌ കൃഷ്‌ണ ബാങ്കില്‍നിന്നു രണ്ടു ലക്ഷം രൂപ വായ്‌പയെടുക്കാന്‍ സുഹൃത്തിനു ജാമ്യം നിന്നതാണു പ്രീതയുടെ കുടുംബത്തെ കടക്കെണിയിലാക്കിയത്‌. വായ്‌പ എടുത്ത ആള്‍ പണം തിരിച്ചടക്കാതെവന്നതോടെ 1997 ല്‍ നാല്‌ സെന്റ്‌ സ്‌ഥലം വിറ്റ്‌ ബാങ്ക്‌ ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനിടയില്‍ ലോര്‍ഡ്‌ കൃഷ്‌ണാ ബാങ്ക്‌ എച്ച്‌.ഡി.എഫ്‌.സി. ഏറ്റെടുത്തു. അതോടെ രണ്ടുലക്ഷം രൂപയുടെവായ്‌പയ്‌ക്കു കുടിശിക അടക്കം 2 കോടി 70 ലക്ഷം രൂപ തിരിച്ചടയ്‌ക്കണമെന്നായിരുന്നു എച്ച്‌.ഡി.എഫ്‌.സി. ബാങ്കിന്റെ ആവശ്യം.

ഇത്‌ നിരാകരിച്ചതോടെ വായ്‌പ ഈടായി നല്‍കിയ വസ്‌തു ലേലത്തിനുവച്ചു. രണ്ടരക്കോടി രൂപയോളം വിപണി വിലവരുന്ന വീടും സ്‌ഥലവും 37 ലക്ഷം രൂപയ്‌ക്ക്‌ ലേലം ചെയ്‌തു.
കടത്തില്‍ വീണ ആളുടെ വസ്‌തു ചുളുവിലയ്‌ക്കു കച്ചവടം ചെയ്യാന്‍ കോഴ വാങ്ങിയതിനു സി.ബി.ഐ. അറസ്‌റ്റ്‌ ചെയ്‌ത രംഗനാഥനെയായിരുന്നു ബാങ്ക്‌ ഡി.ആര്‍.ടി. റിക്കവറി ഓഫീസറായി നിയമിച്ചത്‌. ഇയാളുടെ നേതൃത്വത്തിലായിരുന്നു ലേലം നടന്നത്‌. എന്നാല്‍ കുടുംബത്തെ കുടിയിറക്കാന്‍ വന്ന ബാങ്ക്‌ അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. പിന്നാലെ വീട്ടമ്മ ചിത ഒരുക്കി സമരം ആരംഭിച്ചു. അതുകൊണ്ടും പ്രയോജനമില്ലാതെവന്നതോടെ നിരാഹാരസമരം ആരംഭിച്ചു. വീട്ടമ്മയുടെ ആരോഗ്യസ്‌ഥിതി വഷളായതോടെ കഴിഞ്ഞ മാര്‍ച്ച്‌ ഏഴിന്‌ ജപ്‌തി നടപടിയുണ്ടാകില്ലെന്ന്‌ മുഖ്യമന്ത്രിയുടെ ഉറപ്പ്‌ കലക്‌ടര്‍ നേരിട്ടെത്തി അറിയിച്ചു. ഇതേത്തുടര്‍ന്നാണ്‌ വീട്ടമ്മ സമരം അവസാനിപ്പിച്ചത്‌.

ഇവരുടെ ദയനീയാവസ്‌ഥ എം.എല്‍.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്‌, പി.ടി. തോമസ്‌, എം. സ്വരാജ്‌ എന്നിവര്‍ നിയമസഭയിലും ഉന്നയിച്ചിരുന്നു. തുടര്‍ന്ന്‌ വഴിവിട്ട ലേല നടപടികളെക്കുറിച്ച്‌ അന്വേഷിക്കാന്‍ കലക്‌ടര്‍ക്കും പോലീസിനും സര്‍ക്കാര്‍ നിര്‍ദേശവും നല്‍കി. ആസൂത്രണ സാമ്പത്തിക വകുപ്പും അന്വേഷണത്തിന്‌ ഉത്തരവിട്ടിരുന്നു. പ്രീതയുടെ ഭര്‍ത്താവ്‌ ഷാജി സി.ബി.ഐക്കും പരാതി നല്‍കിയിരുന്നു. ഇത്തരം നടപടികള്‍ നടന്നുവരവേയാണു മുഖ്യമന്ത്രിയുടെ ഉറപ്പുപോലും കാറ്റില്‍ പറത്തി വീണ്ടും ജപ്‌തി നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌.

ക്വാലലംപൂര്‍: മലേഷ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മൊഹമ്മദിന്‍റെ തേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യമായ പകാതന്‍ ഹാരപ്പന് വിജയം. ഭരണ സഖ്യമായ ബാരിസണ്‍ നാഷനലിന്റെ 60 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് കൊണ്ടാണ് മഹാതിര്‍ സഖ്യത്തിന്റെ ജയം. 222 അംഗ പാര്‍ലമെന്റില്‍ 112 സീറ്റുകളും പ്രതിപക്ഷ സഖ്യം കരസ്ഥമാക്കി. ബാരിസണ്‍ നാഷനലിസ്റ്റിന് 76 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.

വ്യാഴാഴ്ച മഹാതിര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രിയാവും 92 കാരനായ മഹാതിര്‍. മലേഷ്യന്‍ ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നാണ് കണക്കാക്കപ്പെടുന്നത്.

സജീവ രാഷ്ട്രീയം വിട്ട മഹാതിര്‍ തന്റെ മുന്‍ അനുയായിയും പ്രധാനമന്ത്രിയുമായ നജീബ് റസാഖിന്റെ അഴിമതിക്കെതിരെ രംഗത്ത് വരികയായിരുന്നു. നജീബ് റസാഖിന്റെ അക്കൗണ്ടില്‍ 70 കോടി ഡോളര്‍ ഏതോ അജ്ഞാത കേന്ദ്രത്തില്‍ നിന്ന് നിക്ഷേപിച്ചതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തതാണ് അഴിമതി ആരോപണത്തിന് വഴി തെളിച്ചത്. പിന്നാലെ ഒട്ടേറെ ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മഹാതിറിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ഒന്നിച്ചത്.

വിജയത്തിന് പിന്നാലെ നജീബിനെതിരെ അഴിമതിക്കേസില്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് ‘ഞങ്ങള്‍ പ്രതികാരം ചെയ്യില്ല’ എന്നാണ് മഹാതിര്‍ പ്രതികരിച്ചത്. നിയമവാഴ്ച പുനസ്ഥാപിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1981 മുതല്‍ 2003 വരെ 22 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന മഹാതിര്‍ 78-ാം വയസില്‍ സ്വയം വിരമിക്കുകയായിരുന്നു.

Copyright © . All rights reserved