കെന്റ് അയ്യപ്പ ടെംപിൾ കെന്റ് ഹിന്ദു സമാജത്തിന്റ മിഥുന മാസ ശ്രീ അയ്യപ്പ പൂജ, 2025 ജൂൺ 21-ാം തീയതി ശനിയാഴ്ച നടത്തപ്പെടുന്നു. അന്നേ ദിവസം വൈകുന്നേരം 6:30 മുതൽ ഗണപതി പൂജ, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അർച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്.
വിളക്ക് പൂജയിൽ പങ്കെടുക്കുന്ന ഭക്തർ രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.ജാതി മത ഭേദമന്യേ എല്ലാവർക്കും ഈ മഹത്തായ പൂജയിൽ പങ്കെടുക്കാമെന്നു അയ്യപ്പ സ്വാമിയുടെ നാമത്തിൽ അഭ്യർത്ഥിക്കുന്നു.
അമ്പലത്തിന്റെ വിലാസം
KENT AYYAPPA TEMPLE
1 Northgate, Rochester ME1 1LS
കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ വിളിക്കാവുന്നതാണ്
07838170203, 07985245890, 07507766652, 07906130390
ഹൈദരാബാദിൽ നിന്ന് മുംബൈയിലേക്ക് 92 യാത്രക്കാരുമായി പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് വെള്ളിയാഴ്ച റദ്ദാക്കി. മുംബൈയിലേക്കുള്ള AI 2534 വിമാനമാണ് റദ്ദാക്കിയത്. സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാരെ ഇറക്കി മറ്റൊരു എയർ ഇന്ത്യ വിമാനത്തിൽ കയറ്റിവിടുകയായിരുന്നു. സാങ്കേതികകാരണങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെത്തുടർന്ന് എട്ട് എയർ ഇന്ത്യ വിമാനങ്ങൾ വേറെയും റദ്ദാക്കിയിരുന്നു. ദുബായ്-ചെന്നൈ, ഡൽഹി-മെൽബൺ, മെൽബൺ-ഡൽഹി, ദുബായ്-ഹൈദരാബാദ്, പുണെ-ഡൽഹി, അഹമ്മദാബാദ്-ഡൽഹി, ചെന്നൈ-മുംബൈ, ഡൽഹി-പുണെ വിമാനങ്ങളാണ് റദ്ദാക്കിയത്.
അഹമ്മദാബാദിൽ വിമാനാപകടം ഉണ്ടായതിനുപിന്നാലെ എയർ ഇന്ത്യ വിമാന ടിക്കറ്റ് ബുക്കിങ്ങിൽ 20 ശതമാനത്തോളം കുറവ് ഉണ്ടായതായാണ് റിപ്പോർട്ട്. ടിക്കറ്റ് നിരക്ക് എട്ടുമുതൽ 15 വരെ ശതമാനം കുറഞ്ഞതായും ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് രവി ഗോസയ്ൻ പറഞ്ഞു.
ടാറ്റയുടെ കീഴിലുള്ള എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനം ജൂൺ 12-ന് അഹമ്മദാബാദിൽ തകർന്നുവീണ് യാത്രക്കാരായ 241 പേരും സ്ഥലത്തുണ്ടായിരുന്ന 29 പേരും മരിച്ചിരുന്നു. അതിനുശേഷം വിദേശ ടിക്കറ്റ് ബുക്കിങ്ങിൽ 18 മുതൽ 22 വരെ ശതമാനവും ആഭ്യന്തരയാത്രകളിൽ പത്തുമുതൽ 12 വരെ ശതമാനവും ഇടിവുണ്ടായി. അന്താരാഷ്ട്ര യാത്രാടിക്കറ്റുകളുടെ നിരക്കിൽ പത്തുമുതൽ 15 വരെ ശതമാനം കുറവുണ്ടായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10,000 മുതല്‍ 15,000 വരെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്ന് യുഡിഎഫ്. വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ഏറ്റവും അധികം ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം വഴിക്കടവില്‍ നിന്നും ലഭിക്കും.
മൂവായിരം വോട്ടിന്റെ ലീഡ് മൂത്തേടം പഞ്ചായത്തില്‍ നിന്നും ലഭിക്കും. മുന്‍ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡാണ് മുന്നണി പ്രതീക്ഷിക്കുന്നത്.
എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും 1000 വോട്ടിന്റെ ലീഡും തിരഞ്ഞെടുപ്പിന് മുന്‍പ് അട്ടിമറി നടന്ന ചുങ്കത്തറ പഞ്ചായത്തില്‍ 1000 മുതല്‍ 1500 വോട്ട് വരെ ലീഡും ഷൗക്കത്തിന് ലഭിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍.
എന്നാല്‍ നിലമ്പൂരില്‍ എം. സ്വരാജിന് രണ്ടായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണക്കുകൂട്ടല്‍. പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് ലഭിക്കും.
പോത്തുകല്‍ പഞ്ചായത്തില്‍ സ്വരാജ് 1042 വോട്ടിന്റെ ലീഡ് നേടും. കരുളായി പഞ്ചായത്തില്‍ 1367 വോട്ടും, അമരമ്പലത്ത് 1244 വോട്ടും നിലമ്പൂര്‍ നഗരസഭയില്‍ 1007 വോട്ടും സ്വരാജിന് മേല്‍ക്കൈ ഉണ്ടാകുമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്.
എം. സ്വരാജ് 80233 വോട്ടുകള്‍ നോടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 78,595, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് 8335, പി.വി അന്‍വര്‍ 5120 വോട്ടുകള്‍ വീതം നേടുമെന്നാണ് ഇടതു മുന്നണിയുടെ കണക്കുകള്‍.
പശ്ചിമേഷ്യയെ മുള്‍മുനയിലാക്കി ഒരാഴ്ചത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ ഇന്ന് നിര്‍ണായക തീരുമാനം ഉണ്ടായേക്കും. പ്രതിസന്ധി ലഘൂകരിക്കുന്നതിനായി യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ഇന്ന് ജനീവയില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പിന്തുണയോടെയാണ് പശ്ചാത്യ- യൂറോപ്യന്‍ രാജ്യങ്ങള്‍ ഇറാനുമായി ചര്‍ച്ച നടത്തുന്നത്. ഒരാഴ്ച മുമ്പ് ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതിനുശേഷം പാശ്ചാത്യ സര്‍ക്കാരുകളും ഇറാനും തമ്മിലുള്ള ആദ്യത്തെ നേരിട്ടുള്ള ചര്‍ച്ചയായിരിക്കും ഇത്.
ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ നടന്ന ഇറാന്റെ പ്രത്യാക്രമണവും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും മേഖലയെ ഒട്ടാകെ കലുഷിതമാക്കിയിട്ടുണ്ട്. പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ജനീവയില്‍ ഇന്ന് നടക്കുന്ന ചര്‍ച്ച പ്രധാന ഇടപെടലാണ്. സംഘര്‍ഷത്തില്‍ യുഎസ് പങ്കുചേരുന്നത് സംബന്ധിച്ചുള്ള തീരുമാനത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രണ്ടാഴ്ചത്തെ സമയപരിധി നിശ്ചയിച്ചതും ചര്‍ച്ചയുടെ പ്രധാന്യം ഉയര്‍ത്തുന്നുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ജനീവയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി, യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ ഇറാനിയന്‍ വിദേശകാര്യ മന്ത്രിയോട് യുഎസ് നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിക്കുമെന്ന് നയതന്ത്രജ്ഞര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാരും യൂറോപ്യന്‍ യൂണിയന്റെ വിദേശകാര്യ നയ മേധാവിയും ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി സംസാരിക്കും. തുടര്‍ന്ന് ഇവര്‍ അമേരിക്കന്‍ പ്രതിനിധിയും ഇറാനും തമ്മിലുള്ള ചര്‍ച്ച ഏകോപിപ്പിക്കും. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇതിനോടകം യൂറോപ്യന്‍ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.
യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാംമി, അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡര്‍ ലോര്‍ഡ് പീറ്റര്‍ മന്‍ഡല്‍സണ്‍ എന്നിവർ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായും വൈറ്റ് ഹൗസ് പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫുമായും ഏകദേശം മുക്കാല്‍ മണിക്കൂറോളം കഴിഞ്ഞ രാത്രിയില്‍ വാഷിങ്ടണില്‍ വെച്ച് സംസാരിച്ചതായി ബിബിസി റിപ്പോര്‍ട്ടചെയ്യുന്നു.
അതേ സമയം അമേരിക്കയുമായി ഇറാന്‍ നേരിട്ട് ചര്‍ച്ച നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇസ്രയേലിന്റെ ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാണെന്നും അതുകൊണ്ട് അവരുമായി നയതന്ത്ര ചര്‍ച്ചയ്ക്കില്ലെന്നുമാണ് യൂറോപ്പിലേക്ക് തിരിക്കും മുമ്പ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞത്.
‘ഈ കുറ്റകൃത്യത്തിലെ ഒരു പങ്കാളിയെന്ന നിലയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സുമായി ഞങ്ങള്‍ക്ക് ഒന്നും സംസാരിക്കാനില്ല’ ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പദ്ധതികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തയ്യാറല്ലെന്ന് അദ്ദേഹം അറിയിച്ചു. ഇറാന്റെ മിസൈല്‍ ശേഷികളെക്കുറിച്ച് ആരുമായും ചര്‍ച്ച ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. ചര്‍ച്ചകള്‍ ആണവ, പ്രാദേശിക വിഷയങ്ങളെക്കുറിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആവണ സമ്പുഷ്ടീകരണ പദ്ധതി പരിമിതപ്പെടുത്താന്‍ ഇറാന്‍ തയ്യാറാകുമെങ്കിലും പൂര്‍ണ്ണമായും അതില്‍നിന്ന് പിന്മാറില്ലെന്നും ഇറാന്‍ നയതന്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ ആക്രമണം ചൂണ്ടിക്കാട്ടി മിസൈല്‍ പദ്ധതികളില്‍നിന്ന് പിന്മാറണമെന്ന സമ്മര്‍ദ്ദത്തേയും ഇറാന്‍ ചെറുക്കും.
കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹി സ്വദേശിയായ ടാന്യ ത്യാഗിയാണ് മരിച്ചത്. വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റാണ് വിവരം പുറത്ത് വിട്ടത്. മരണ കാരണം വ്യക്തമല്ല. യൂണിവേഴ്‌സിറ്റി ഓഫ് കാല്‍ഗറിയിലെ വിദ്യാര്‍ഥിനിയായിരുന്നു ടാന്യ ത്യാഗി.
മരണ കാരണം അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ടാന്യ മരിച്ചതെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണെമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ വിദേശത്ത് ദുരൂഹ സാഹചര്യത്തിലും അല്ലാതെയും മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് നാട്ടിലുള്ള കുടുംബാംഗങ്ങള്‍.
ഏപ്രില്‍ 19 ന് ഇന്ത്യന്‍ വിദ്യാര്‍ഥിനി ഹര്‍സിമ്രത് രണ്‍ധാവ കൊല്ലപ്പെട്ടിരുന്നു. ബസ് കാത്തുനില്‍ക്കുന്നതിനിടെ കാറിലെത്തിയ അജ്ഞാത സംഘത്തിന്റെ വെടിയേല്‍ക്കുകയായിരുന്നു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള വെടിവയ്പില്‍ ഒരു ബുള്ളറ്റ് ഹര്‍സിമ്രതിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
ഏപ്രില്‍ 11ന് കാനഡയില്‍ മലയാളി യുവാവിനെ കാറിനുളളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി ഫിന്റോ ആന്റണിയാണ് (39) മരിച്ചത്. ജിപിഎസ് സംവിധാനമുള്ള വാഹനം ഉള്‍പ്പെടെയാണ് കാണാതായത്.
ഫിന്റോ ആന്റണി കാനഡയില്‍ 12 വര്‍ഷമായി ജോലി ചെയ്ത് വരികയായിരുന്നു. ഇദേഹത്തെ കാണാനില്ലെന്ന് കാനഡ പൊലീസാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഷൈമോൻ തോട്ടുങ്കൽ
ബർമിംഗ്ഹാം .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബ കൂട്ടായ്മ വാർഷിക പ്രതിനിധി സമ്മേളനം ഈ ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും. 12 റീജിയണുകളിലെ 101ൽപരം ഇടവക /മിഷൻ /പ്രൊപ്പോസ്ഡ് മിഷനിൽപ്പെട്ട 350തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിനായി ബിർമിങ്ഹാം മേരിവെയിലെ രൂപതാ പാസ്റ്ററൽ സെന്ററും അതിന്റെ സമീപത്തുള്ള ഔർ ലേഡി ഓഫ് അസ്സപ്ഷൻ ദേവാലയവും ആണ് വേദിയാവുന്നത് .
രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 6 വർഷത്തോളമായി പ്രവർത്തിച്ചു വന്ന രൂപതാ കുടുംബക്കൂട്ടായ്മ കമ്മീഷന്റെ അവസാന കൂട്ടായ്മയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട 2025-27 കാലയളവിലെ രൂപതാ കുടുംബക്കൂട്ടായ്‌മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക ഉത്ഘാടനത്തിനും ഈ വേദി സാക്ഷ്യം വഹിക്കും.രാവിലെ ഒൻപതരയ്ക്ക് പ്രെയിസ് ആൻഡ് വർഷിപ്പോടെയാണ് സമ്മേളനം ആരംഭിക്കുന്നത് . തുടർന്ന് ഖുത്താ പ്രാർഥനയും തുടർന്ന് പത്ത് മണിക്ക് അഭിവന്ദ്യ പിതാവിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പണവും നടക്കും. പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് , ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , കുടുംബ കൂട്ടായ്മ കമ്മീഷൻ ചെയർമാൻ റെവ ഫാ ജിബിൻ വാമറ്റത്തിൽ , മറ്റു വൈദികർ എന്നിവർ സഹ കാർമ്മികരാവും , വിശുദ്ധ കുർബാനക്ക് ശേഷം ഫാ ജിബിൻ വമാറ്റത്തിൽ നയിക്കുന്ന ക്ലാസ് , ചർച്ച ,എന്നിവയും നടക്കും , കുടുംബ കൂട്ടായ്മ കമ്മീഷൻ കോഡിനേറ്റർ ഷാജി തോമസ് , സെക്രെട്ടറി റെനി ഷിജു എന്നിവരുടെ നേതൃത്വത്തിൽ ഉള്ള കമ്മീഷൻ അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി .
ഇസ്രയേല്‍ ഇറാന്‍ യുദ്ധം പുരോഗമിക്കവെ ഇസ്രയേലിന്റെ യുദ്ധതന്ത്രവും ശ്രദ്ധേയമാകുന്നു. ഇറാന്‍ പതിറ്റാണ്ടുകള്‍ കൊണ്ട് പശ്ചിമേഷ്യയില്‍ പടുത്തുയര്‍ത്തിയ സായുധ സഖ്യകക്ഷികളെയെല്ലാം ഇസ്രയേല്‍ യു.എസിന്റെ സഹായത്തോടെ തകര്‍ത്തിരിക്കുകയാണ്. ഇപ്പോള്‍ ഇസ്രയേല്‍ നേരിട്ട് ഇറാനെതിരെ ആയുധം പ്രയോഗിച്ച് തുടങ്ങിയപ്പോള്‍ സഖ്യകക്ഷികളില്ലാതെ മേഖലയില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ് ഇറാന്‍.
ലെബനനിലെ ഹിസ്ബുള്ള, ഗാസയിലെ ഹമാസ്, യെമനിലെ ഹൂതികള്‍, ഇറാഖിലെ ഷിയ മിലിഷ്യകള്‍ എന്നിവരെയാണ് സുന്നി മേധാവിത്വമുള്ള പശ്ചിമേഷ്യയിലെമ്പാടുമായി ഇറാന്‍ പടുത്തുയര്‍ത്തിയ ശക്തികള്‍. പശ്ചിമേഷ്യയില്‍ ഇറാന് ശക്തമായി ഇടപെടാന്‍ കഴിയുന്ന തരത്തില്‍ സിറിയയില്‍ അസദ് ഭരണകൂടവുമുണ്ടായിരുന്നു. എന്നാലിന്ന് പശ്ചിമേഷ്യയില്‍ ഇറാന്‍ ഒറ്റയ്ക്കാണ്.
ഗാസയിലും പലസ്തീന്‍ മേഖലകളിലും സ്വാധീനമുണ്ടായിരുന്ന ഹമാസിനെ 2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന് ശേഷം ഇസ്രയേല്‍ രണ്ടുവര്‍ഷം കൊണ്ട് ഏതാണ്ട് നിശ്ചലമാക്കി. അതിന്റെ തലവന്മാരെയും നേതാക്കളെയും സാമ്പത്തിക ശേഷിയേയും നിര്‍മാര്‍ജനം ചെയ്തു. ഇതേ സമയത്ത് തന്നെ ഇസ്രയേലിനെതിരെ ആക്രമണം നടത്തിക്കൊണ്ടിരുന്ന ഹിസ്ബുള്ളയെയും ഇസ്രയേല്‍ നേതാക്കളെ തിരഞ്ഞുപിടിച്ച് വധിച്ച് തളര്‍ത്തി. യു.എസിന്റെ സഹായത്തോടെ യെമനിലെ ഹൂതി വിമതരെ വ്യോമാക്രമണങ്ങളിലൂടെ സാമ്പത്തികമായി തളര്‍ത്തി. ഇറാഖിലെ ഷിയ സായുധ സംഘങ്ങളെ ആഭ്യന്തര കുഴപ്പങ്ങളുണ്ടാക്കി ചിതറിച്ചു. ഇക്കൂട്ടത്തില്‍ പിടിച്ചുനില്‍ക്കുന്നത് യെമനിലെ ഹൂതികള്‍ മാത്രമാണ്.
ഈ അവസരത്തിലാണ് ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രയേല്‍ നേരിട്ട് ആക്രമണം തുടങ്ങിയത്. ഇറാനിലെ ആയത്തുള്ള അലി ഖമീനിയുടെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിപ്പബ്ലികിനെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇസ്രയേലിന്റെ ആത്യന്തിക ലക്ഷ്യം.
ലെബനനിലെ സായുധ ഷിയാ സംഘമാണ് ഹിസ്ബുള്ള. ഇറാന്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയ ഏറ്റവും ശക്തരായ സായുധ സംഘടനകളിലൊന്ന്. എന്നാല്‍ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ ഇറാന്‍ ആകാശത്ത് നിര്‍ബാധം കയറിയിറങ്ങി ആക്രമിക്കുമ്പോഴും ഹിസ്ബുള്ള ഒരു വെടിയുണ്ടപോലും ഉതിര്‍ത്തിട്ടില്ല എന്നതാണ് ശ്രദ്ധേയം. 2023ന് മുമ്പാണ് ഇസ്രയേല്‍ ഇങ്ങനെയൊരു സാഹസം കാട്ടിയിരുന്നതെങ്കില്‍ വിധി മറ്റൊന്നാകുമായിരുന്നു. എന്നാല്‍ ഇന്ന് ഹിസ്ബുള്ളയുടെ നേതൃനിര പൂര്‍ണമായും തകര്‍ന്നു. സംഘടനയെ മുന്നോട്ടുചലിപ്പിക്കാന്‍ സാധിക്കുന്ന പുതിയ നിര വളര്‍ന്നുവരുന്നതേയുള്ളു. സംഘടനയുടെ ദീര്‍ഘകാല നേതൃത്വമായിരുന്ന ഹസ്സന്‍ നസറള്ളയെ ഇസ്രയേല്‍ വധിച്ചതോടെയാണ് അവരുടെ പതനം തുടങ്ങിയത്. നിലവിലെ മേധാവിയായ നസീം ഖസീം ഇറാന്‍ ഭരണകൂടത്തിന്റെ നിഴലായി മാറുന്നതിന് പകരം ലെബനനില്‍ സ്വന്തമായി ഒരു അടിത്തറയുണ്ടാക്കണമെന്ന പക്ഷക്കാരനാണ്. ഇറാനുമായുള്ള ബന്ധത്തിന്റെ യാതൊരു സൂചനകളും പുറമേക്ക് കാണാനുമില്ല. സിറിയയിലെ ബാഷര്‍ അസദ് ഭരണകൂടം 2024ല്‍ താഴെവീണതിന് പിന്നാലെ ഹിസ്ബുള്ളയുമായുള്ള നേരിട്ടുള്ള ബന്ധം ഇറാന് നഷ്ടപ്പെട്ടു. സിറിയ വീണതോടെ ഹിസ്ബുള്ള സാമ്പത്തികമായി തകരുകയും ചെയ്തു.
ഇസ്രയേല്‍- പലസ്തീന്‍ വിഷയത്തില്‍ എപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്ന പേരിലൊന്നാണ് ഹമാസ്. പലസ്തീനികളുടെ ചെറുത്തുനില്‍പ്പിന്റെ ഭാഗമാണ് ഹമാസെന്ന് ഇസ്രയേലിന്റെ അടുപ്പക്കാര്‍ പോലും കരുതിയിരുന്ന കാലമുണ്ടായിരുന്നു. എല്ലാം തകിടം മറിഞ്ഞത് 2023 ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തോടെയാണ്. അതുവരെ നിരന്തരം ഇസ്രയേലിലേക്ക് റോക്കറ്റുകളും മോര്‍ട്ടാര്‍ ഷെല്ലുകളുമടക്കം ഉപയോഗിച്ച് ആക്രമിച്ചുകൊണ്ടിരുന്ന ഹമാസ് ഇസ്രയേലിനുള്ളില്‍ കടന്ന് നിരവധി ആളുകളെ കൊല്ലുകയും ബന്ധികളാക്കുകയും ചെയ്തതോടെ പല രാജ്യങ്ങളില്‍ നിന്നുള്ള മാനസിക പിന്തുണ ഹമാസിന് നഷ്ടപ്പെട്ടു.
ഈ അവസരം പ്രയോജനപ്പെടുത്തി ഇസ്രയേല്‍ അനിശ്ചിതകാല യുദ്ധമാണ് ഹമാസുമായി തുടരുന്നത്. ഹമാസിനോടുള്ള യുദ്ധത്തില്‍ ഗാസ നരകത്തേക്കാള്‍ മോശമായി. ജനങ്ങളും കുട്ടികളും നിരാലംബരായി. എന്നാല്‍ ബന്ധികളെ മുഴുവന്‍ വിട്ടയയ്ക്കാതെ യുദ്ധം അവസാനിക്കില്ലെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഹമാസിന്റെ നേതൃനിരയിലുള്ളവരെ മുഴുവന്‍ ഇസ്രയേല്‍ വധിച്ചു. നിലവില്‍ ഇസ്രയേലിന്റെ സൈനിക നീക്കത്തെ ഗാസയ്ക്കുള്ളില്‍ പ്രതിരോധിക്കുന്നതില്‍ മാത്രമാണ് ഹമാസിന്റെ ശ്രദ്ധമുഴുവന്‍.
യെമനിലെ ഹൂതികളാണ് നിലവില്‍ അല്‍പം കരുത്തുകാണിക്കുന്ന ഇറാന്റെ സഖ്യകക്ഷി. അടുത്തിടെ ഇസ്രയേലിലേക്ക് അവര്‍ മിസൈലുകള്‍ വര്‍ഷിച്ചിരുന്നു. എന്നാല്‍ ഇസ്രയേലിന് അതിലും കവിഞ്ഞ് ആക്രമിക്കാനുള്ള സാമ്പത്തിക ശേഷിയിലല്ല ഹൂതികള്‍. ഇസ്രയേലും യു.എസും പലപ്പോഴായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ നടത്തിയ വ്യോമാക്രമണങ്ങള്‍ അവരുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളെയും അടിസ്ഥാന സൌകര്യങ്ങളെയുമാണ് തകര്‍ത്തത്.
കഴിഞ്ഞ മാര്‍ച്ചിലും ഏപ്രിലിലുമായി നിരവധി വ്യോമാക്രമണങ്ങളാണ് ഹൂതികള്‍ക്ക് നേരിടേണ്ടി വന്നത് ഇതേതുടര്‍ന്ന് നിരവധി മിസൈല്‍ ലോഞ്ചറുകള്‍ നശിപ്പിക്കപ്പെട്ടു. ഇറാനുമായി ബന്ധം പുലര്‍ത്തുന്നുണ്ടെങ്കിലും മറ്റ് സംഘടനകളേപ്പോലെ നേരിട്ടുള്ള നിയന്ത്രണം ഇറാന് ഇവരുടെ മേലില്ല എന്നാണ് വിലയിരുത്തല്‍.
ഇറാഖിലെ യു.എസ് ഇടപെടലിന് ശേഷമാണ് ഇറാന്‍ പ്രോക്‌സിവാര്‍ അവിടെ ശക്തമാക്കിയത്. ഇറാഖിലെ ഇറാന്‍ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇറാഖിലെ നിലവിലെ ഭരണകൂടത്തിന് മേല്‍ ചെറുതല്ലാത്ത സ്വാധീനമുണ്ടെങ്കിലും ഇസ്രയേല്‍- ഇറാന്‍ യുദ്ധത്തില്‍ അപലപിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ ഒതുങ്ങി ഇവരുടെ പ്രവര്‍ത്തനം. നിലവിലെ യുദ്ധത്തില്‍ ഇടപെടാതിരിക്കുകയാണ് നല്ലതെന്ന് ഇറാഖ് പ്രധാനമന്ത്രി സംഘടനയെ ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്.
പശ്ചിമേഷ്യയിലെ നേരിട്ടുള്ള സൈനിക ശക്തികളൊക്കെ നിര്‍വീര്യമായതോടെ ഇറാന് സഹായം ലഭിക്കേണ്ടത് റഷ്യയില്‍ നിന്നായിരുന്നു. പക്ഷെ യുക്രൈനുമായി വര്‍ഷങ്ങളായി തുടരുന്ന യുദ്ധം മറ്റൊരു സൈനിക ഇടപെടലില്‍ നിന്ന് അവരെ തടയുന്നുണ്ട്. മാത്രമല്ല ഇസ്രയേലുമായി റഷ്യ ഊഷ്മളമായ ബന്ധമാണ് പുലര്‍ത്തുന്നത്. അതിനാല്‍ റഷ്യയുടെ നേരിട്ടുള്ള ഇടപെടല്‍ പ്രതീക്ഷിക്കേണ്ടതില്ല.
പിന്നെയുള്ളത് ചൈനയും ഉത്തരകൊറിയയുമാണ്. യുദ്ധത്തില്‍ ആയുധ സഹായം രഹസ്യമായി നല്‍കാന്‍ ചൈന തയ്യാറായേക്കും. എന്നാല്‍ നേരിട്ടുള്ള ഇടപെടല്‍ യു.എസിനെ മേഖലയില്‍ കൂടുതല്‍ ഇടപെടിക്കുന്നതിലേക്ക് നയിക്കുമെന്നതിനാല്‍ ചൈന അതിന് തയ്യാറായേക്കില്ല. ഉത്തരകൊറിയ വിദൂര കക്ഷിയാണ്. നേരിട്ടുള്ള സഹായത്തിന് അവര്‍ പ്രാപ്തരുമല്ല. മുമ്പ് ഇറാന്‍ മിസൈല്‍ പദ്ധതികള്‍ക്ക് ഉത്തരകൊറിയ സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്.
മേഖലയിലെ പ്രധാനപ്പെട്ട രാജ്യമായ ഇന്ത്യ ഇക്കാര്യത്തില്‍ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കാരണം ഇറാനും ഇസ്രയേലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായക രാജ്യങ്ങളാണ്. രാജ്യസുരക്ഷയുമായും ആഗോള താത്പര്യവുമായും ബന്ധപ്പെട്ടിരിക്കുന്ന ഈ രണ്ടുരാജ്യങ്ങളെയും യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പാക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ നടത്തിയിട്ടുള്ളു. ഇറാനില്‍ ഇന്ത്യയ്ക്ക് സാമ്പത്തിക താത്പര്യങ്ങളുണ്ട്. ഇറാനിലെ ഛബഹാര്‍ തുറമുഖം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഇസ്രയേലാകട്ടെ ഇന്ത്യയുടെ പ്രതിരോധ പങ്കാളിയും. നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ ഇക്കാര്യത്തില്‍ സ്വയം പോരാടേണ്ടി വരും.
ഇതേസമയം തൊട്ടയല്‍പ്പക്കത്തെ ആണവ ശക്തിയായ പാകിസ്താനെ യു.എസ് വരുതിയിലാക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുമുണ്ട്. പാകിസ്താനിലെ സേനാ താവളങ്ങളില്‍ യു.എസിന് നേരിട്ട് പ്രവേശനമുറപ്പാക്കാനുള്ള തന്ത്രങ്ങളാണ് യു.എസ് നടത്തുന്നത്. ഇറാനെ നാലുചുറ്റും വളയുകയാണ് ഇസ്രയേലും യു.എസും.
ജൂൺ 21-നും ജൂലായ് 15-നും ഇടയിൽ ആഴ്ചയിൽ 38 അന്താരാഷ്ട്ര വിമാനസർവീസുകൾ വെട്ടിക്കുറയ്ക്കുമെന്നും മൂന്ന് വിദേശസർവീസുകൾ റദ്ദാക്കുമെന്നും എയർ ഇന്ത്യ. വൈഡ് ബോഡി (കൂടുതൽ യാത്രക്കാരെയും കാർഗോയും ഉൾക്കൊള്ളുന്ന) അന്താരാഷ്ട്ര വിമാനസർവീസുകൾ 15 ശതമാനം കുറയ്ക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഡൽഹി-നെയ്‌റോബി റൂട്ടിലെ നാലു സർവീസുകൾ, അമൃത്സർ-ലണ്ടൻ, ഗോവ-ലണ്ടൻ റൂട്ടിലെ മൂന്നുവീതം സർവീസുകളുമാണ് റദ്ദാക്കിയത്.
നിയന്ത്രണങ്ങൾ മൂലം ബുദ്ധിമുട്ടിലായ യാത്രക്കാരോട് ക്ഷമ ചോദിച്ച എയർ ഇന്ത്യ, ഇവർക്ക് ബദൽ വിമാനങ്ങളിൽ സൗകര്യമൊരുക്കുകയോ അല്ലെങ്കിൽ മുൻഗണന അനുസരിച്ച് മുഴുവൻ പണവും റീഫണ്ട് ചെയ്യാമെന്നോ അറിയിച്ചിട്ടുണ്ട്. അഹമ്മദാബാദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ, സുരക്ഷാപരിശോധന കർശനമാക്കാൻ എയർ ഇന്ത്യ ഉടമകളായ ടാറ്റഗ്രൂപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സർവീസുകൾ കുറയ്ക്കുന്നത്.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടണമെന്ന തങ്ങളുടെ ആവശ്യത്തിന് വഴങ്ങാത്ത ഇറാനെതിരെ സൈനിക നടപടികള്‍ക്ക് അമേരിക്ക ഒരുങ്ങുന്നതായി വരുന്ന വാര്‍ത്തകള്‍ക്കിടെ ലൂസിയാനയിലെ ബാര്‍ക്സ് ഡെയ്ല്‍ വ്യോമ സേനാ താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് യു.എസ് സൈനിക വിമാനമായ ‘ഡൂംസ്‌ഡേ പ്ലെയിന്‍’.
ആണവ ആക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന ‘E-4B നൈറ്റ് വാച്ച്’ എന്നറിയപ്പെടുന്ന ഈ സൈനിക വിമാനം നാല് മണിക്കൂറിലധികം ആകാശ നിരീക്ഷണം നടത്തിയ ശേഷം മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ ലാന്‍ഡ് ചെയ്തു.
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലുള്ള പുതിയ നീക്കം വലിയ തോതിലുള്ള ഒരു ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്ന വിലയിരുത്തല്‍ ശക്തമാക്കി. ഇതോടെ പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.
‘ഫ്‌ളയിങ് പെന്റഗണ്‍’ എന്നും അറിയപ്പെടുന്ന E-4B നൈറ്റ് വാച്ച് ആണവ ആക്രമണ സമയത്ത് പ്രതിരോധത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത അമേരിക്കയുടെ നിര്‍ണായക വിമാനമാണ്. ‘ORDER6’ എന്ന പതിവ് കോള്‍സൈന് പകരം ‘ORDER01’ എന്ന പുതിയ കോള്‍സൈന്‍ ഉപയോഗിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നു.
ഒരു ആണവ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യത്തിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററായി പ്രവര്‍ത്തിക്കാന്‍ E-4B നൈറ്റ് വാച്ച് വിമാനത്തിന് സാധിക്കും. ബ്രീഫിങ് റൂം, കോണ്‍ഫറന്‍സ് റൂം, ആശയവിനിമയ മേഖല, വിശ്രമത്തിനായി 18 ബങ്കുകള്‍ എന്നിവയുള്‍പ്പെടെ മൂന്ന് ഡെക്കുകളാണ് വിമാനത്തിലുള്ളത്.
പറന്നുകൊണ്ടിരിക്കുമ്പോള്‍ ഇന്ധനം നിറയ്ക്കാനുള്ള ശേഷിയുള്ളതിനാല്‍ 35 മണിക്കൂറിലധികം സമയം ലാന്‍ഡിങ് നടത്താതെ ഈ വിമാനത്തിന് വായുവില്‍ തുടരാന്‍ സാധിക്കും എന്ന സവിശേഷതയുമുണ്ട്.
ഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതും ഇതിന്റെ സൂചനയാണ്. എന്നാല്‍, ഇറാന് നേരേ ആക്രമണം നടത്തണോ എന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യുഎസ് മാധ്യമമായ സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ട്രംപിന്റെ ആവശ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി തള്ളിക്കളഞ്ഞു.
ഇറാനിയന്‍ ജനത കീഴടങ്ങില്ലെന്നും അമേരിക്ക ഏതെങ്കിലും രീതിയില്‍ സൈനിക ഇടപെടല്‍ നടത്തിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ‘ഗുഡ് ലക്ക്’ എന്നായിരുന്നു ഖൊമേനിക്കുള്ള ട്രംപിന്റെ മറുപടി.
രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്യാനാഗ്രഹിച്ചവര്‍ക്ക് മുന്നില്‍ മഴ തടസ്സമായി നിന്നു. അതവഗണിച്ച് നിരവധിപേര്‍ പോളിങ് ബൂത്തിലേക്ക് വെച്ചുനടന്നു. ചിലര്‍ മടിച്ചുനിന്നു. മഴ മാറിയതോടെ അവരും എത്തി. തുടക്കത്തില്‍ വേഗതകുറഞ്ഞ പോളിങ് ശതമാനം ഉച്ചയോടെ കുതിച്ചുയര്‍ന്നു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആവേശം നിലമ്പൂര്‍ ജനത വിധിയെഴുത്തിലും പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ചു മണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആറു മണിവരെയായിരുന്നു വോട്ടെടുപ്പ്. അതുകൊണ്ട് തന്നെ പോളിങ് ശതമാനം ഇനിയും ഉയരും. 2021ല്‍ 75.23 ശതമാനമായിരുന്നു പോളിങ്.
1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയില്‍ നടന്ന വോട്ടെടുപ്പില്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം 23-ന് ഫല പ്രഖ്യാപനം. അതുവരെ പെട്ടിയിലായ വോട്ടുകള്‍ മുന്നണികള്‍ കൂട്ടിക്കിഴിക്കും. ഇനിയുള്ള ദിവസങ്ങള്‍ അവകാശവാദങ്ങളുടേതാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തുകളില്‍ നേര്‍ക്കുനേരെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആലിംഗനം ചെയ്യാനെത്തിയപ്പോള്‍ തിരിഞ്ഞു നടന്നതും തിരഞ്ഞെടുപ്പിനിടെ ശ്രദ്ധ നേടി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ ഭാര്യയും മക്കളും വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി വീട്ടില്‍ വരാത്തതില്‍ പരാതിയില്ലെന്നും മരണംവരെ പാര്‍ട്ടിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി.
രാഷ്ട്രീയകേരളം ഒന്നിച്ചൊന്നായ് തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിനായിരുന്നു നിലമ്പൂര്‍ കഴിഞ്ഞ നാലാഴ്ചയോളം സാക്ഷ്യംവഹിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനല്‍ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നണികള്‍ കണ്ടിരുന്നത്. 21 നാള്‍ നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനുവേദിയായി. മുഴുവന്‍ സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടാണ് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തിയത്.