സൈന്യത്തില്‍ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എയിംസ് പെരുമാനത്താഴം ഭാഗത്തെ ഫ്‌ലാറ്റിലെ താമസക്കാരനായ സന്തോഷ് കുമാര്‍. എസ്(49) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തലയാഴം സ്വദേശിയായ യുവാവിന് ആര്‍മിയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2021 മുതല്‍ പലതവണകളായി എട്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതിരുന്നതിനെയും തുടര്‍ന്ന് യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയെ തുടര്‍ന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ ബെംഗളൂരുവില്‍നിന്ന് പിടികൂടുകയായിരുന്നു.
വൈക്കം പോലീസ് സ്റ്റേഷന്‍ എസ്.ഐ. ജോര്‍ജ് കെ. മാത്യു, സി.പി.ഒമാരായ അജീഷ്, പ്രവീണോ, ലിജു തോമസ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക് അമ്പലപ്പുഴ സ്റ്റേഷനില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
ഉണ്ണികൃഷ്ണൻ ബാലൻ
നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി, സെക്രട്ടേറിയറ്റ് അംഗം അഡ്വ. ദിലീപ് കുമാർ എന്നിവരാണ് സമീക്ഷയെ പ്രതിനിധീകരിച്ച് ലോകകേരള സഭയില്‍ പങ്കെടുത്തത്. മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ പങ്കെടുത്ത പ്രതിനിധികള്‍ യൂറോപ്പിലേക്ക് കുടിയേറുന്ന മലയാളി വിദ്യാർത്ഥികളും തൊഴിലന്വേഷകരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു. യുകെയിലേക്ക് വരുന്നവരെ ബോധവത്കരിക്കുന്നതിനും കൃത്യമായ വിവരങ്ങള്‍ ധരിപ്പിക്കുന്നതിനും നോർക്ക മുൻകൈ എടുക്കണമെന്ന് പൊതുചർച്ചയില്‍ അഡ്വ. ദിലീപ് കുമാർ അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് പ്രതിവർഷം യുകെയിലേക്ക് മാത്രം 5,000 കോടി രൂപയുടെ റിക്രൂട്ട്മെന്‍റ്, വിവിധ ഏജൻസികള്‍ നടത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്‍റെ വികസനത്തിന് പ്രയോജനപ്പെടുത്താവുന്ന തുക വ്യാജ ഏജസികള്‍ തട്ടിയെടുക്കുകയാണെന്നും അഡ്വ. ദിലീപ് കുമാർ പറഞ്ഞു. റിക്രൂട്ട്മെന്‍റ് ഏജൻസികളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പ്രസംഗത്തില്‍ ഉറപ്പ് നല്‍കി.
കുടിയേറ്റത്തിലെ ദുർബല കണ്ണികളും സുരക്ഷയും’ എന്ന വിഷയത്തെ അധികരിച്ച് നടന്ന സെഷനില്‍, മറുനാട്ടിലെ മലയാളികള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവന്നു. യുകെയിലെത്തി ചതിക്കപ്പെടുന്നതില്‍ ഏറെയും വിദ്യാർത്ഥികളും കെയർ വിസയില്‍ വരുന്നവരുമാണെന്ന് സമീക്ഷ പ്രതിനിധികള്‍ പറഞ്ഞു. 15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ മുടക്കിയാണ് പലരും നാടുവിടുന്നത്. ഏജന്‍റുമാർ ഇവരെ കൂടുതല്‍ കമ്മീഷൻ കിട്ടുന്ന, നിലവാരമില്ലാത്ത യൂണിവേഴ്സിറ്റികളിലേക്ക് പറഞ്ഞയക്കുന്നു. ഒടുവില്‍ ഫീസ് അടയ്ക്കാനും പാർട്ട്ടൈം ജോലി തരപ്പെടുത്താനുമാവാതെ വഴിമുട്ടി നില്‍ക്കുന്ന നിരവധി പേരുണ്ട്. ഇവരില്‍ പലരുടെയും മാനസികനില തെറ്റിയതായും ചിലർ ആത്മഹത്യ ചെയ്തതായും സമീക്ഷ ഭാരവാഹികള്‍ അനുഭവങ്ങള്‍ നിരത്തി വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് സെഷനില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മന്ത്രി കെ ബി ഗണേഷ് കുമാർ ആരാഞ്ഞു. സെക്കന്‍ററി, ഹയർസെക്കന്‍ററി തലത്തില്‍ ഒരു വിദേശ ഭാഷ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിന്‍റെ അനിവാര്യത പ്രതിനിധികള്‍ ബോധ്യപ്പെടുത്തി. നേഴ്സിംഗ് പഠനത്തോടൊപ്പവും വിദേശ ഭാഷ പഠനം സാധ്യമാക്കണമെന്നും അവർ നിർദേശിച്ചു. എസ്എസ്എല്‍സി കഴിയുന്നതോടെ അഭിരുചിക്ക് അനുസരിച്ച പ്രൊഫഷണല്‍ കോഴ്സുകള്‍ തിരഞ്ഞെടുക്കാൻ പറ്റുന്ന തരത്തിലേക്ക് കരിക്കുലം പുതുക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയർന്നു. മലയാളം മിഷൻ സംഘടിപ്പിച്ച സെമിനാറിലും സമീക്ഷ ഭാരവാഹികള്‍ പങ്കെടുത്തു.
103 രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളാണ് ലോകകേരള സഭയുടെ നാലാം എഡിഷനില്‍ പങ്കെടുത്തത്. കേരള വികസനത്തിനുള്ള ക്രിയാത്മകമായ നിർദേശങ്ങള്‍ ചർച്ചകളില്‍ പങ്കെടുത്തവർ മുന്നോട്ടുവച്ചു. ആഗോള മലയാളി പ്രവാസികളുടെ സമ്മേളനമായ ലോകകേരള സഭയില്‍ രണ്ടാം തവണയാണ് സമീക്ഷയുടെ പ്രതിനിധിയായി അഡ്വ. ദിലീപ് കുമാർ പങ്കെടുക്കുന്നത്. ദിനേഷ് വെള്ളാപ്പള്ളി ആദ്യമായാണ് സഭയുടെ ഭാഗമായത്.
പോർച്ചുഗലിലെ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച് പ്രശസ്ത ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളിയും മോഡലുമായ ജോർജിന റോഡ്രിഗസ്. താര ദമ്പതികളുടെ മക്കളായ ക്രിസ്റ്റ്യാനോ ജൂനിയർ, മറ്റിയോ, ഈവാ മരിയ, അലന മാർട്ടിന, ബെല്ല എസ്മെറാൾഡ തുടങ്ങിയവരും തീർത്ഥാടനത്തിൽ പങ്കാളികളായി. ജപമാല കയ്യിലേന്തിയാണ് താര കുടുംബം ഫാത്തിമ മാതാവിന്റെ സന്നിധിയിലെത്തിയത്.
ദൈവ മാതാവിന്റെ പ്രത്യക്ഷീകരണം നടന്ന പോർച്ചുഗലിലെ ഫാത്തിമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ സന്ദര്‍ശനം നടത്തിയ കാര്യം ജോർജിന തന്നെയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഫോളോവേഴ്സിനെ അറിയിച്ചത്. കുട്ടികൾക്കൊപ്പം മെഴുകുതിരികൾ കത്തിക്കുന്നതിന്റെയും പ്രാര്‍ത്ഥിക്കുന്നതിന്റെയും വൈദികനില്‍ നിന്ന് ആശീര്‍വാദം സ്വീകരിക്കുന്നതിന്റെയിം വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടിട്ടുണ്ട്. ഒരു വലിയ കൂട്ടം തീർത്ഥാടകരോടൊപ്പം പ്രത്യക്ഷീകരണ ചാപ്പലിൽ പ്രാർത്ഥിക്കുക്കയും ചെയ്തു. യൂറോ 2024 മത്സരം നടക്കുന്നതിനാൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ ടീമിനൊപ്പം ജർമനിയിലാണ്.
ജോർജിന ഫാത്തിമയില്‍ തീര്‍ത്ഥാടനം നടത്തുന്നത് ഇതാദ്യമായിട്ടില്ല. 2022 ല്‍ ഇവരുടെ ഇരട്ട മക്കളില്‍ ഒരാള്‍ മരിച്ചപ്പോള്‍ ജോർജിന പ്രാര്‍ത്ഥനയുമായി തീര്‍ത്ഥാടനം നടത്തിയിരിന്നു.
മാനന്തവാടി എം.എല്‍.എ. ഒ.ആര്‍. കേളു മന്ത്രിയാകും. മുന്‍ മന്ത്രി കെ. രാധാകൃഷ്ണന്‍ പാര്‍ലമെന്റിലേക്ക് വിജയിച്ചതിനെത്തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് അദ്ദേഹം എത്തുന്നത്. വയനാട് ജില്ലയിൽ നിന്നുള്ള സി.പി.എമ്മിന്റെ ആദ്യ മന്ത്രിയാണ്. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പാകും അദ്ദേഹത്തിന് ലഭിക്കുക.
സി.പി.എം. സംസ്ഥാന സമിതിയാണ് ഒ.ആർ. കേളുവിനെ മന്ത്രിയായി തീരുമാനിച്ചത്. വിവിധ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റം വരുത്താനും സി.പി.എം. സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്.
വയനാട് ജില്ലയില്‍നിന്ന് സി.പി.എം. സംസ്ഥാന സമിതിയിലെത്തുന്ന ആദ്യ പട്ടികവര്‍ഗ നേതാവാണ് ഒ.ആര്‍. കേളു. പാര്‍ട്ടിയുടെ ആദിവാസി വിഭാഗം പോഷക സംഘടനയായ ആദിവാസി ക്ഷേമ സമിതിയുടെ സംസ്ഥാന പ്രസിഡന്റായ ഒ.ആര്‍. കേളു, സംവരണ മണ്ഡലമായ മാനന്തവാടിയില്‍നിന്നുള്ള നിയമസഭാംഗമാണ്.
ജില്ലയിലും സംസ്ഥാനത്തും പട്ടികവര്‍ഗക്കാരെ പാര്‍ട്ടിയോടടുപ്പിച്ചുനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ് ഈ 52-കാരന്റെ മന്ത്രിസഭാ പ്രവേശനം. ഇക്കഴിഞ്ഞ സി.പി.എം. വയനാട് ജില്ലാ സമ്മേളനത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി കുറിച്യ സമുദായക്കാരനായ കേളു തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയുടെ ചെയര്‍മാനും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിയുടെ ബോര്‍ഡ് ഓഫ് മാനേജ്മെന്റ് അംഗവുമാണ്.
രണ്ടു പതിറ്റാണ്ടിലേറെയായി ജനപ്രതിനിധിയെന്ന നിലയില്‍ കേളു സജീവ സാന്നിധ്യമാണ്. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂര്‍ക്കുന്ന് വാര്‍ഡില്‍നിന്ന് 2000-ത്തില്‍ ഗ്രാമപഞ്ചായത്ത് അംഗമായാണ് തുടക്കം. പിന്നീട് 2005-ലും 2010-ലുമായി തുടര്‍ച്ചയായി 10 വര്‍ഷം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. 2015-ല്‍ തിരുനെല്ലി ഡിവിഷനില്‍നിന്നുള്ള മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമാണ്.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, മന്ത്രിയായിരുന്ന പി.കെ. ജയലക്ഷ്മിയെ തോല്‍പ്പിച്ച് മാനന്തവാടി നിയോജക മണ്ഡലം എം.എല്‍.എയായി. സി.പി.എം വയനാട് ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍നിന്ന് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.
ശാന്തയാണ് ഭാര്യ. മക്കള്‍ മിഥുന, ഭാവന.
ജോസ് ജെ. വെടികാട്ട്
ഓ ! ജൂൺ ! നീ പിറക്കുന്നത് അന്ധകാരം വരുമ്പോളൊരു ചെറുതിരി തെളിക്കാൻ !
ഭാവിയിൽ നടക്കാനിരിക്കുന്ന പാതകളിലേക്ക്, പഥികർ ദീർഘനിശ്വാസമുതിർക്കേണ്ട പാതകളാകാം അവ, നയിക്കേണ്ട ഭൂമികളിലേക്ക് നീ മെല്ലേ വാതിൽ തുറക്കുന്നു !
മരീചികകൾ മനസ്സിൽ താലോലിക്കും പൈതങ്ങളേ സരസ്വതിക്ഷേത്രങ്ങളാം വിദ്യാലയങ്ങളിലേക്ക് ആനയിക്കുന്നു,
പൈതങ്ങൾക്ക് പുസ്തകക്കെട്ടും ചോറുപൊതിയും ഒരുക്കി നൽകി അയക്കുമ്പോളീ അമ്മമാരുടെ ജീവിതമരുഭൂമിയിൽ നീ മരുപ്പച്ചയായ് ഭവിക്കുന്നു !
സരസ്വതിയാമ ധന്യതയിൽ സ്വർണ്ണരാജിത പുലർവേളകളിൽ ആകാശപ്പറവകൾ കൂട്ടമായ് ചിറകടിച്ചെങ്ങോ പറന്നു പോകുന്നു തെല്ലും ഭയമില്ലാതെ !
കൂട്ടമായ് പറക്കുന്നതു കാരണം അവക്ക് കൈവരുന്നു ഭയമുക്തി!
സ്നേഹോഷ്മളതയാൽ സമ്മാനിതരായ പോൽ കുടകൾ ചൂടി പൈതങ്ങൾ മഴയേ എതിരേൽക്കുന്നു !
പൈതങ്ങൾ തൻ മനസ്സിലെ പിൻവിളി പോൽ, ഹൃദ്സ്പന്ദങ്ങൾ പോൽ, മാരിക്കാറാം ഇരുൾ പുടവ നീർത്തുന്നു ,വൈകാതെ മാനം തെളിയുന്നു , പൊന്നിളം വെയിൽ തെളിയുന്നു പൈതങ്ങൾ തൻ മനസ്സിൽ പ്രജ്ഞയുദിക്കും പോൽ!
മാറി മാറി എത്ര മനോമുകുരഭാവങ്ങൾ നിനക്ക് ജൂൺ !
ചതുർ അശ്വങ്ങളെ പൂട്ടിയ മാരിവിൽ തേരിൽ സ്വപ്നരാജകുമാരനണയുമ്പോൽ , സന്ധ്യാസുമേരു സങ്കല്പങ്ങൾക്ക് നിറമേകുമ്പോൾ , മനസ്സിലെങ്കിലും തോൽവി പൃകാത്ത രജപുത്രൻ ഉണ്ണിക്ക് മാതൃകയാകുമ്പോൾ, രജപുത്രകഥ വിദ്യയായ് ഒപ്പിയെടുക്കും ഉണ്ണി കാംക്ഷിക്കുന്നതെന്ത്? ‘അശോകചക്രമോ രജപുത്രവീര്യമോ?”
ഓ ! ജൂൺ! നീ വാതിൽ തുറക്കുന്നത് ഇരുളിന്റെ പൊരുൾ തേടി വെളിച്ചത്തിലേക്ക് നയിക്കപ്പെടാനോ?
ഇരുളിന്റെ പൊരുൾ തേടി വെളിച്ചത്തിനു പകരം ഇരുളിലേക്ക് തന്നെ നയിക്കപ്പെടാനോ?!
ഇരുളിന്റെ പൊരുൾ ഇരുളിനെ സാധൂകരിക്കുമെന്നോ? !
ഓ ജൂൺ ! ഓളപരപ്പിന്നാഴത്തിൽ ഒരു ചെറുമൺതരി പതിക്കും പോൽ , ഒരു ചെറുപുഷ്പം വാടിക്കൊഴിയുമ്പോൽ , മിഴിനീർ തൂകും പോൽ സാന്ദ്രം ലോലം നിൻ മനം ജൂൺ !
ഈ ഭൂവിലേറ്റം മനസമന്വയിയും നീ തന്നെ ജൂൺ !
ജോസ് ജെ വെടികാട്ട് : എസ് .ബി. കോളേജ് ചങ്ങനാശേരിയിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദം നേടി. ചെന്നൈ ലയോളാ കോളേജിൽ നിന്ന് ധനതത്വശാസ്ത്രത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തരബിരുദം നേടി. യുജീസി നെറ്റ് പരീക്ഷ പാസ്സായിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരിയിൽ 2 വർഷം അധ്യാപകനായി ജോലി നോക്കി. ജേർണലിസത്തിൽ പി.ജി.ഡിപ്ലോമ. അനൗപചാരിക ഗവേഷണം ഉൾപ്രേരണയാൽ ചെയ്തു വരൂന്നു. ഇപ്പോൾ മദർ തെരേസ ഹോം , നെടുംകുന്നത്ത് താമസിക്കുന്നു .
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചർച്ചകള്‍ക്ക് ഇന്ത്യൻ എംബസി വഴി പണം കൈമാറാൻ കേന്ദ്രസർക്കാർ അനുമതി.
നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് പണം കൈമാറാൻ അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിരുന്നത്.
മോചനത്തിന് വേണ്ടിയുള്ള പ്രാരംഭ ചർച്ചകള്‍ക്കായുള്ള പണം കൈമാറ്റത്തിനാണ് ഇപ്പോള്‍ കേന്ദ്രസർക്കാർ അനുമതി നല്‍കിയിരിക്കുന്നത്.
നാല്‍പ്പതിനായിരം യു.എസ്. ഡോളർ എംബസി വഴി കൈമാറാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. പ്രാരംഭ ചർച്ചകള്‍ക്ക് പണം കൈമാറേണ്ടതുണ്ടെന്നും അത് എംബസി വഴി കൈമാറാൻ അനുമതി നല്‍കണമെന്നുമായിരുന്നു പ്രേമകുമാരി ആവശ്യപ്പെട്ടിരുന്നത്.
എംബസിയുടെ അക്കൗണ്ടില്‍ പണം ലഭിച്ചു കഴിഞ്ഞാല്‍, അത് യെമൻ തലസ്ഥാനമായ സനയില്‍, അവർ നിർദേശിക്കുന്നവർക്ക് പണം കൈമാറാനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കാമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
ദേശീയ പരീക്ഷ ഏജൻസി ( എൻ.ടി.എ.) ജൂണ്‍ 18-ന് നടത്തിയ യു.ജി.സി. നെറ്റ് പരീക്ഷ (ജൂണ്‍ 2024) റദ്ദാക്കി. ഒ.എം.ആർ. പരീക്ഷയില്‍ സൈബർ ക്രമക്കേടുകള്‍ നടന്നെന്ന കണ്ടെത്തലിനെത്തുടർന്നാണ് റദ്ദാക്കല്‍. വിവാദത്തിലായ നീറ്റ് പരീക്ഷ നടത്തിയതും എൻ.ടി.എ. തന്നെയാണ്. വിഷയത്തില്‍ സർക്കാർ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് മറ്റൊരു ദേശീയ പരീക്ഷയും സംശയത്തിന്റെ നിഴലിലായത്. ഇത് ഉന്നത പരീക്ഷകളുടെ നടത്തിപ്പിലെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്.
ബുധനാഴ്ച ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ (നാഷണല്‍ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റാണ് ഇത് സംബന്ധിച്ച വിവരം യു.ജി.സി.ക്ക് നല്‍കിയത്. പ്രഥമദൃഷ്ട്യാ പരീക്ഷയുടെ സമഗ്രതയെ ബാധിച്ചെന്ന റിപ്പോർട്ടാണ് അനലിറ്റിക്സ് യൂണിറ്റ് നല്‍കിയത്. ഇതേത്തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.
ബുധനാഴ്ച രാത്രിയോടെയാണ് പരീക്ഷ റദ്ദാക്കിയ വിവരം സർക്കാർ പുറത്തുവിട്ടത്. പുതിയ പരീക്ഷ പിന്നീട് നടത്തും. തീയതി പ്രഖ്യാപിച്ചിട്ടില്ല. വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ആത്മഹത്യയിൽ പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ്. പീഡനം നടന്നത് പ്രായപൂർത്തിയാകും മുമ്പാണെന്നും വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനമെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്ഥലങ്ങളിൽ ബിനോയിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി.
ബിനോയിയുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു. ബിനോയ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് സൂചന. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ തെളിവെടുപ്പ് ഉണ്ടാകും. യുവാവിന് ആത്മഹത്യയിൽ പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.
സൈബർ ആക്രമണം നടന്നതായി സ്ഥിരീകരിക്കാവുന്ന കമന്റുകൾ കണ്ടെത്തിയിട്ടുണ്ട്. സൈബർ ടീം ഈ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെയും ബിനോയുടെയും ഫോണുകൾ വിശദമായി പരിശോധിക്കും.
പ്രായപൂർത്തിയാകുന്നതിന് മുൻപ് പെൺകുട്ടി പീഡനത്തിനിരയായി എന്ന കണ്ടെത്തലിനെ തുടർന്നാണ് പോക്സോ വകുപ്പുകൾ ചുമത്തി ബിനോയിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന്ന ടത്തിയ അന്വേഷണത്തിൽ പോക്സോ കേസെടുക്കുകയും പെൺകുട്ടിയുടെ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയില്‍ വ്യാജമദ്യം കഴിച്ച് ഒൻപത് പേർ മരിച്ചു. 20 പേരെ കള്ളക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്തുപേരെ വിദഗ്ധ ചികിത്സയ്ക്കായി പുതുച്ചേരി ജിപ്മറിലേക്ക് മാറ്റി.
ചൊവ്വാഴ്ച രാത്രി ഒരുകൂട്ടം കൂലിപ്പണിക്കാര്‍ വ്യാജ മദ്യവില്‍പ്പനക്കാരില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ചെന്നും ഇവര്‍ വീട്ടിലെത്തിയതുമുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന, മനംപിരട്ടല്‍, കണ്ണിന് അസ്വസ്ഥത എന്നിവ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, മരണകാരണം പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് ജില്ലാ കളക്ടര്‍ ശ്രാവണ്‍ കുമാര്‍ അറിയിച്ചു. മൂന്നുപേര്‍ വീട്ടില്‍വെച്ചാണ് മരിച്ചത്. ഒരാള്‍ വയറുവേദനയെത്തുടര്‍ന്നാണ് മരിച്ചത്. ഒരാള്‍ക്ക് അപസ്മാരമുണ്ടായി. ഒരാള്‍ പ്രായാധിക്യത്തെത്തുടര്‍ന്നുമാണ് മരിച്ചത്. രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ചാലെ മരണകാരണം വ്യക്തമാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈ രംഗത്തെത്തി. സംഭവം ഞെട്ടിക്കുന്നതാണെന്നും എക്‌സൈസ് മന്ത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
യു കെയിലെ സ്കോട്ട് ലൻഡ് പ്രദേശത്തുള്ള അംഗങ്ങളുടെ ആവശ്യപ്രകാരം സ്കോട്ട് ലൻഡിലെ വിവിധപ്രദേശങ്ങളിൽ താമസിക്കുന്ന ഗുരു വിശ്വാസികളെ ചേർത്തു നിർത്തിക്കൊണ്ട് സ്കോട്ട് ലൻഡിൽ പുതിയ യൂണിറ്റിന് രൂപം നൽകി.
ജൂൺ 15ന് ഗ്ലാസ്കോയിൽ സേവനം യു കെ യുടെ വനിതാ വിഭാഗം കൺവീനർ ശ്രീമതി കല ജയന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സേവനം യു കെയുടെ കുടുംബ യൂണിറ്റ് കൺവീനർ ശ്രീ ഗണേഷ് ശിവൻ ഉത്ഘാടനം ചെയ്തു . പ്രസ്തുത യോഗത്തിൽ വച്ചു പുതിയ സേവനം സ്കോട്ട് ലൻഡ് യൂണിറ്റ് പ്രസിഡന്റ് ആയി ജീമോൻ കൃഷ്ണൻകുട്ടി സെക്രട്ടറിയായി രഞ്ജിത് ഭാസ്‌ക്കർ, വനിത പ്രധിനിധിയായി ശ്രീമതി സുരേഖ ജീമോൻ, ട്രഷറർ ആയി ശരത് ശിവദാസ്. സ്ട്രിലിംഗ് ഏരിയ കോർഡിനേറ്ററായി രാജേഷ് കെ രാജും ഡുണ്ടീ ഏരിയ കോർഡിനേറ്റർ ആയി സജു കെ മോഹനനെയും ഐകകണ്ഠേന തെരഞ്ഞെടുത്തു. യോഗത്തിൽ ഉദീപ് ഗോപിനാഥ് സ്വാഗതവും സുരേഖ ജീമോൻ നന്ദിയും രേഖപ്പെടുത്തി.