മുക്കൂട്ടുതറയില് നിന്നും കാണാതായ ബിരുദ വിദ്യാര്ഥിനി ജെസ്ന മരിയ ജെയിംസിന്റെ കുടുംബത്തെ ആക്ഷേപിക്കുന്ന തരത്തില് പ്രസ്ഥാവന നടത്തിയ പിസി ജോര്ജിനെതിരെ ജെസ്നയുടെ കുടുംബം. അഭിപ്രായം പറയുന്നവര് സത്യാവസ്ഥ എന്തെന്ന് അറിഞ്ഞിട്ട് സംസാരിക്കണമെന്നും, സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും ജെസ്നയുടെ സഹോദരി ജെഫി ഫെയ്സ്ബുക്കില് പങ്കുവെച്ച വീഡിയോയില് പറയുന്നു. ജെസ്നയുടെ തിരോധാനത്തില് പിതാവിന്റെ വഴിവിട്ട ജീവിതവുമായി ബന്ധമുണ്ടെന്ന് പിസി ജോര്ജ് കഴിഞ്ഞ ദിവസം അരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതികരണവുമായി ജെഫി രംഗത്തു വന്നത്.
‘ജെസ്നയുടെ തിരോധാനത്തെ രാഷ്ട്രീയമായി മുതലെടുക്കാനാണ് ചിലര് ശ്രമിക്കുന്നത്. തങ്ങളെ സഹായിക്കേണ്ടവര് തന്നെ ഇത്തരത്തിലുള്ള ആരോപണങ്ങള് ഉന്നയിക്കുന്നത് ദുഃഖകരമാണ്. പിതാവിനെതിരെ ആരോപണമുന്നയിക്കുന്നതിന് മുമ്പ് സത്യാവസ്ഥ എന്തെന്ന് ഇങ്ങനെയുള്ളവര് മനസിലാക്കണം. ഞങ്ങള്ക്ക് ഞങ്ങളുടെ പിതാവിന്മേല് ഒരു സംശയവുമില്ല. നൂറു ശതമാനം വിശ്വാസമാണ്. അമ്മയുടെ മരണ ശേഷം ഞങ്ങള് മക്കളെ അത്തരയേറെ കാര്യമായിട്ടാണ് പപ്പ നോക്കുന്നത്. സഹായിച്ചില്ലെങ്കിലും ആരും ഉപദ്രവിക്കരുത്’ ജെഫി വീഡിയോയില് പറയുന്നു.
ഇത്തരമൊരു സാഹചര്യത്തില് ഊഹാപോഹങ്ങള് ഉണ്ടാകുന്നത് സ്വാഭാവികമാണ്. തങ്ങളെക്കുറിച്ച് എന്തെങ്കിലും പരാതിയുള്ളവര് പൊലീസിന് വിവരം കൈമാറുകയാണ് ചെയ്യേണ്ടത്. ജെസ്നയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവരും തങ്ങളെ സഹായിക്കാന് തയാറാകണമെന്നും ജെഫി വീഡിയോയില് പറയുന്നു.
മുംബൈയിലെ ഫോര്ട്ട് മേഖലയിലെ പട്ടേല് ചേംബറില് വന് തീപിടത്തം. ശനിയാഴ്ച രാവിലെയാണ് കെട്ടിടത്തിന്റെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടായത്. സംഭവത്തില് ആളപായമുണ്ടായതായി റിപ്പോര്ട്ടുകളില്ല. തീയണക്കുന്നതിനിടെ രണ്ട് അഗ്നിശമനസേന ഉദ്യോഗസ്ഥര്ക്ക് പരിക്കേറ്റു.
കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്.പിന്നീട് നാലാം നിലയിലേക്കും പടര്ന്നതിനെത്തുടര്ന്ന് 18ഫയര് എന്ജിനുകള് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിത്. തീപിടിത്തത്തില് കെട്ടിടത്തിന്റെ ഒരു ഭാഗം തകര്ന്നതിനെത്തുടര്ന്നാണ് അഗ്നിശമനസേന ഉദ്യോഗസ്ഥര്ക്ക് പരിക്കേറ്റത്.
#WATCH: A Level-4 fire broke out inside Patel Chambers in Mumbai’s Fort area.18 Fire tenders present at the spot. pic.twitter.com/5cv3WDeCUj
— ANI (@ANI) June 9, 2018
നാല് മണിയോടെയുണ്ടായ തീപിടത്തം ആറരയോടെ അഗനിശമനസേന നിയന്ത്രണവിധേയമാക്കി. തീപിടിത്തം ഉണ്ടായ കെട്ടിടം നാല് വര്ഷമായി ഉപയോഗശൂന്യമാണ്. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യകതമായിട്ടില്ല. 16 ഫയര് എന്ജിനുകളും 11 ടാങ്കറുകളും 150 ഫയര് ഓഫീസര്മാരെയും സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു. നിലവില് എല്ലാം നിയന്ത്രണ വിധേയമായെന്ന് അഗ്നിരക്ഷാസേനയ്ക്ക നേതൃത്വം കൊടുത്ത ചീഫ് ഫയര് ഓഫീസര് അറിയിച്ചു.
ഇതേ മേഖലയില് 10 ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് തീപിടത്തമുണ്ടാവുന്നത്. സൗത്ത് മുംബൈയിലെ ആദായനികുതി ഓഫീസില് കഴിഞ്ഞ വെള്ളിയാഴച വന് തീപിടിത്തമുണ്ടായിരുന്നു.
തിരുവനന്തപുരം/ബംഗുളുരു: കേരളത്തില് ഇന്ന് മുതല് കാലവര്ഷം ശക്തിപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടലില് പോകുന്ന മത്സ്യ തൊഴിലാലികള് അതീവ ജാഗ്രത പുലര്ത്തണമെന്ന് നിര്ദേശം നല്കിയിട്ടുണ്ട്. ഇന്ന് മുതല് ജൂണ് 11 വരെ കനത്ത മഴയായിരിക്കും സംസ്ഥാനത്ത് ലഭിക്കുക. കാലാവര്ഷം ശക്തിപ്പെടുന്നത് തീരദേശങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
കടലില് മണിക്കൂറില് 45 കിലോമീറ്റര് വരെ വേഗത്തില് കാറ്റിനും അനന്തരഫലമായി സമുദ്രനിരപ്പില്നിന്ന് 10 അടി മുതല് 15 അടി വരെ തിരമാലകള് ഉയരാനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികള് ജാഗ്രത പാലിക്കണമെന്നും തീരദേശത്ത് താമസിക്കുന്നവര് രാത്രി കാലങ്ങളില് സൂക്ഷിക്കണമെന്നും മുന്നറിയിപ്പില് വ്യക്തമാക്കുന്നു.
അതേസമയം കനത്ത മഴ തുടരുന്ന കര്ണാടകത്തില് വ്യാപക നാശനഷ്ടം. കര്ണാടകയുടെ തീരപ്രദേശങ്ങളിലാണ് മഴക്കെടുതി രൂക്ഷം. സംസ്ഥാനത്തെ ഗതാഗത സംവിധാനത്തെയും മഴയും കാറ്റും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പല വിമാന സര്വീസുകളും ട്രെയിന് സര്വീസുകളും വൈകിയാണ് ഓടുന്നത്.
ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളുടെ പലഭാഗങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങള് കടപുഴകി വീണ് വൈദ്യൂത ലൈനുകള് തകര്ന്നിരിക്കുകയാണ്. മരം വീണ് മംഗളൂരുവില് നാല് പേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് സര്ക്കാര് നിര്ദേശിച്ചിരിക്കുകയാണ്.
കേരളാ കോണ്ഗ്രസിന് രാജ്യസഭ സീറ്റ് നന്കിയതില് സംസ്ഥാനത്താകമാനം പ്രതിഷേധം കത്തിപ്പടരുകയാണ്. കോണ്ഗ്രസിന്റെ ഈ നടപടിക്കെതിരെ എറണാകുളം ഡിസിസി ഓഫീസിനു മുന്നില് നടന്ന പ്രതിഷേധം കോണ്ഗ്രസിനെ നാണംകെടുത്തുന്നതാണ്. എ.ഐ.സി.സി ജനറല് സെക്രട്ടറിയും മുന് മുഖ്യമന്ത്രി കൂടിയായ ഉമ്മന്ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വെച്ചായിരുന്നു ഡിസിസി ഓഫീസിനു മുന്നിലെ പ്രതിഷേധം.
വെള്ളിയാഴ്ച രാത്രിയാണ് പ്രതിഷേധ പ്രകടനം ഉയര്ന്നത്. കെ.എം മാണി രാജ്യസഭ സ്ഥാനാര്ത്ഥിയെ പ്രഖ്യാപിച്ച ഉടന് തന്നെ കോണ്ഗ്രസ് നേതാക്കളുടെ ചിത്രങ്ങള് വെച്ച് ശവപ്പെട്ടികള് സ്ഥാപിക്കുകയായിരുന്നു. ഇതിനുപുറമെ ഡിസിസി ഓഫീസ് മുഴുവന് ഉമ്മന് ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ പോസ്റ്ററുകളും ബോര്ഡുകളും പ്രതിഷേധക്കാര് സ്ഥാപിച്ചു.
ഉമ്മന് ചാണ്ടിയും , ചെന്നിത്തലയും കോണ്ഗ്രസിലെ യൂദാസുമാര്. ഞങ്ങള് പ്രവര്ത്തകരുടെ മനസില് നിങ്ങള് മരിച്ചു, പ്രസ്ഥാനത്തെ വിറ്റിട്ട് നിങ്ങള്ക്ക് എന്ത് കിട്ടി, തുടങ്ങിയ പോസ്റ്ററുകളും സ്ഥാപിച്ചിട്ടുണ്ട്. കോണ്ഗ്രസ് പാര്ട്ടിയുടെ അഭിമാനത്തേക്കാള് നിങ്ങള് വില നല്കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്ത്തകര് രക്തസാക്ഷികള് തുടങ്ങിയ പോസ്റ്ററുകളുമുണ്ട്. എന്നാല് പേസ്റ്ററുകള് ആര് സ്ഥാപിച്ചു എന്ന് വ്യക്തമല്ല.
കോണ്ഗ്രസ് നേതാക്കള്ക്കെതിരെ യൂത്ത് കോണ്ഗ്രസും കെ.എസ്.യുവും രംഗത്തു വന്നിരുന്നു. വെള്ളിയാഴ്ച രാത്രി പാലായില് നേതാക്കള്ക്കെതിരെ കടുത്ത മുദ്രാവാക്യങ്ങളുമായി യൂത്ത് കോണ്ഗ്രസ് പന്തംകൊളുത്തി പ്രതിഷേധിച്ചിരുന്നു.
അതേസമയം, കോണ്ഗ്രസ് കേരളാ കോണ്ഗ്രസിന് നല്കിയ രാജ്യസഭാ സീറ്റില് ജോസ് കെ. മാണി എംപി മല്സരിക്കും. പാലായില് ചേര്ന്ന പാര്ട്ടി നേതൃയോഗത്തിലാണ് അന്തിമ തീരുമാനം എടുത്തത്. കോണ്ഗ്രസില് നിന്നും ലഭിച്ച രാജ്യസഭാ സീറ്റില് പാര്ട്ടി ചെയര്മാന് കെ.എം മാണി തന്നെ മത്സരിക്കണമെന്ന് കേരള കോണ്ഗ്രസ് എം.എല്.എമാര് ആദ്യം ആവശ്യപ്പെട്ടത്. മാണിയുടെ അസൗകര്യത്തെ തുടര്ന്നാണ് ജോസ് കെ മാണിയെ പരിഗണിച്ചത്.
മാധ്യമപ്രവര്ത്തകയായ ഗൗരി ലങ്കേഷിനും എഴുത്തുകാരനായ എംഎം കല്ബുര്ഗിക്കും വെടിയേറ്റത് ഒരു തോക്കില് നിന്നാണെന്ന് ഫോറന്സിക് റിപ്പോര്ട്ട്. ഇതോടെ ഇരുവരുടേയും കൊലപാതകത്തിന് പിന്നില് ഒരേ സംഘമാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് വ്യക്തതയായി. രണ്ട് കൊലപാതകങ്ങള്ക്കും സമാനതകളുണ്ടെന്ന ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്.
എം.എം കണ്ട്രി ഗണ്ണില് നിന്നുമാണ് ഇരുവര്ക്കും വെടിയേറ്റത്. ഫോറന്സിക് റിപ്പോര്ട്ട് അന്വേഷണ സംഘം ബംഗളുരു കോടതിയില് സമര്പ്പിച്ചു.
2015 ഓഗസ്റ്റ് 30നാണ് എംഎം കല്ബുര്ഗി കൊല്ലപ്പെട്ടത്. 2017 സെപ്റ്റംബര് 5നായിരുന്നു ഗൗരി ലങ്കേഷിന്റെ കൊലപാതകം.2015ല് സി.പി.ഐ നേതാവ് ഗോവിന്ദ് പന്സാരെ വെടിയേറ്റ് മരിച്ചതിലും 2013ല് മഹാരാഷ്ട്രയില് നരേന്ദ്ര ധാബോല്ക്കര് കൊല്ലപ്പെട്ട സംഭവത്തിലും സാമ്യതയുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ന്യൂസ് ഡെസ്ക്
വീറും വാശിയുമേറിയ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ബിർമ്മിങ്ങാം ഒരുങ്ങി. കൈക്കരുത്തിന്റെയും ടീം വർക്കിന്റെയും പിൻബലത്തിൽ നിമിഷങ്ങൾക്കൊണ്ട് എതിരാളികളെ നിഷ്പ്രഭരാക്കുന്ന തന്ത്രങ്ങൾ മെനഞ്ഞ് ടീമുകൾ അങ്കം കുറിക്കും. കാണികളുടെ ആവേശത്തിമർപ്പിൽ ഒരു കൊച്ചു കേരളം ബിർമ്മിങ്ങാമിൽ സൃഷ്ടിക്കപ്പെടുമ്പോൾ കരുത്തിന്റെ രാജാക്കന്മാർ ട്രോഫിയിൽ മുത്തമിടും. ബിർമ്മിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ വടംവലി മത്സരം ഇന്ന് നടക്കും.
അകാലത്തിൽ വേർപിരിഞ്ഞ ബിസിഎംസി യിലെ അംഗമായിരുന്ന ഷൈനിയുടെ സ്മരണാർത്ഥമാണ് ആൾ യുകെ ടഗ് ഓഫ് വാർ ടൂർണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത്. ബ്രോംഹിൽ റോഡിലുള്ള ഹോഡ്ജ് ഹിൽ കോളജിലാണ് മത്സരം നടക്കുന്നത്. വിജയികൾക്ക് 1001 പൗണ്ട് ക്യാഷ് അവാർഡും രണ്ടാംസ്ഥാനക്കാർക്ക് 751 പൗണ്ടും മൂന്നാം സ്ഥാനത്തിന് 501 പൗണ്ടും നാലാമതെത്തുന്നവർക്ക് 301 പൗണ്ടും ലഭിക്കും. പ്രോത്സാഹന സമ്മാനമായി £201, £151, £101, £101 എന്നിവയും ടീമുകൾക്കു നല്കും. ബെസ്റ്റ് എമേർജിംഗ് ടീമിന് 101 പൗണ്ടിന്റെ പ്രത്യേക സമ്മാനവും ഉണ്ട്.
അനുഭവസമ്പത്തും കഠിനാദ്ധ്വാനം കൈമുതലാക്കിയ ബിസിഎംസി കലാകായിക രംഗങ്ങളിൽ വൻ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. യുക്മ കലാമേളയിൽ തുടർച്ചയായി വിജയക്കൊടി പാറിച്ച ബിസിഎംസി മറ്റു അസോസിയേഷനുകൾക്ക് മാതൃകയായി ജനകീയ പ്രവർത്തനങ്ങൾക്ക് എന്നും നേതൃത്വം നല്കുന്നു. 2018 ലെ കമ്മിറ്റിയ്ക്ക് അഭിലാഷ് , ബോബൻ, ജോയ്, സ്മിത, സിജി എന്നിവരാണ് നേതൃത്വം വഹിക്കുന്നത്.
ബിസിഎംസിയിലെ എല്ലാ കുടുംബങ്ങളുടെയും സഹകരണത്തോടെ സംഘടിപ്പിച്ചിരിക്കുന്ന മത്സരത്തിന് രക്ഷാധികാരികളായ പ്രവർത്തിക്കുന്നത് ജിമ്മി മൂലംകുന്നം, സിബി ജോസഫ്, ജോയ് അന്തോണി എന്നിവരാണ്. സിറോഷ് ഫ്രാൻസിസ്, സാജൻ കരുണാകരൻ എന്നിവർ നടത്തിപ്പിന് എല്ലാ ഒരുക്കങ്ങളുമായി രംഗത്തുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന ബിസിഎംസി ടീമിന്റെ മാനേജർ സനൽ പണിക്കർ. എല്ലാം വടംവലി പ്രേമികളെയും ബിസിഎംസി ബിർമ്മിങ്ങാമിലേയ്ക്ക് സ്വാഗതം ചെയ്തിട്ടുണ്ട്.
പതിനേഴുകാരനൊപ്പം ഒളിച്ചോടിയ ഇരുപത്തിനാലുകാരിയായ വീട്ടമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ചിറ്റിലഞ്ചേരി കാരക്കാംപറമ്പ് വി.കെ. നഗറില് സജിത (24)യാണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ നെല്ലിയാമ്പതി കേശവന് പാറയ്ക്കു സമീപം ഇരുവരേയും സംശയാസ്പദമായി കണ്ടതിനെത്തുടര്ന്ന് തേയിലത്തോട്ടത്തിലെ തൊഴിലാളികള് ഇവരെ തടഞ്ഞുവച്ച് പാടഗിരി പോലീസില് അറിയിക്കുകയായിരുന്നു. പോലീസെത്തി ഇവരെ ആലത്തൂര് പോലീസിന് കൈമാറി.
ഈ മാസം നാലിന് ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭര്ത്താവിന്റെ വീട്ടില്നിന്നു മൂന്നുവയസുള്ള മകനുമായി സ്വന്തം വീട്ടിലെത്തിയ യുവതി അഞ്ചിന് ഭര്ത്താവിന്റെ വീട്ടിലേക്ക് തിരിച്ച് പോവുന്നതിനായി ഇറങ്ങിയതായിരുന്നു. എന്നാല് ഭര്ത്താവിന്റെ വീട്ടില് തിരിച്ചെത്താത്തതിനെത്തുടര്ന്ന് യുവതിയുടെ വീട്ടുകാര് ഇവരെ കാണാനില്ലെന്ന് കാണിച്ച് ആലത്തൂര് പോലീസില് പരാതി നല്കി.
മൂന്നുവയസുള്ള മകനുമായി ചൊവ്വാഴ്ച കോയമ്പത്തൂരില് എത്തിയ യുവതിയും പതിനേഴുകാരനും മൊബൈല് ഫോണും താലിമാലയും വിറ്റുകിട്ടിയ 58,000 രൂപയും ആണ്കുട്ടി വീട്ടില് നിന്നെടുത്ത 20,000 രൂപയുമായി വിമാനത്തില് ബംഗളൂരുവിലെത്തി. അവിടെ ഹോട്ടലില് ഒരു രാത്രിയും പകലും തങ്ങിയശേഷം ബംഗളൂരില്നിന്ന് യൂബര് ടാക്സിയില് കേരളത്തില് തിരിച്ചെത്തി.
വ്യാഴാഴ്ച പുലര്ച്ചെ അഞ്ചിന് യുവതിയുടെ അച്ഛന് ജോലി ചെയ്യുന്ന ചിറ്റിലഞ്ചേരി ജങ്ഷനിലുള്ള ചായക്കടയിലെത്തി കുട്ടിയെ കട ഉടമയെ ഏല്പ്പിച്ച് വീണ്ടും നാടുവിട്ടു. തുടര്ന്നാണ് ഇവര് നെല്ലിയാമ്പതിയിലെത്തിയത്. യുവതി ഉപേക്ഷിച്ച കുട്ടിയെ ശിശുക്ഷേമ സമിതിയില് ഹാജരാക്കിയ ശേഷം അവര് ഭര്ത്താവിനെ ഏല്പ്പിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതിന് ജുവനൈല് ജസ്റ്റിസ് ആക്ട് പ്രകാരവും പ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ പീഡിപ്പിച്ച കേസിലുമാണ് യുവതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
യുഡി എഫ് യോഗത്തിൽ നിന്ന് വി.എം സുധീരൻ ഇറങ്ങിപ്പോയി. രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിഷേധ സൂചകമായി കെ.എം. മാണി കൂടി ഉൾപ്പെട്ട യോഗത്തിൽ നിന്നാണ് സുധീരൻ ഇറങ്ങിപ്പോയത്. മാണി വരുന്നത് യു.ഡി.എഫിനെ ശക്തിപ്പെടുത്തുന്ന തീരുമാനമല്ലെന്ന് സുധീരൻ. മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയത് സുതാര്യമായ തീരുമാനമല്ല. ബന്ധപ്പെട്ടവരുമായി ചർച്ച നടത്താതെയാണ് തീരുമാനമെടുത്തത്. ഇൗ തീരുമാനത്തിലൂടെ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ചതിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെ ഗുണഭോക്താവ് ബി.ജെ.പി മാത്രമാണ്.
ഇതിന് പാർട്ടി കനത്ത വില നൽകേണ്ടി വരും എന്നും സുധീരൻ പറഞ്ഞു. കേരള കോൺഗ്രസിന് സീറ്റ് നൽകിയ തീരുമാനം പുനപരിശോധിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് അധ്യക്ഷനോടും ഇക്കാര്യം പറഞ്ഞിരുന്നു. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ പാർട്ടിക്ക് ഗുണകരമല്ല. തന്റെ വിയോജിപ്പ് യു.ഡി.എഫ് യോഗത്തിൽ അറിയിച്ച ശേഷം വിട്ടു നിൽക്കുകയായിരുന്നെന്നും സുധീരൻ പറഞ്ഞു.
തട്ടിപ്പു കേസിൽ അറസ്റ്റിലായ മറിയാമ്മ ചാണ്ടി നാട്ടിലെ സൂസൻ ആന്റി. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി നിരവധി തട്ടിപ്പുകേസിൽ പ്രതിയായി പോലീസ് അറസ്റ്റ് ചെയ്ത സൂസനെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് കണ്ടെത്തി.
മുന്പും കോട്ടയത്ത് തട്ടിപ്പ് നടത്തിയിട്ടുണ്ട്. യുവാക്കളോടൊപ്പം ചുറ്റിത്തിരിഞ്ഞ് നടന്ന് സാമ്പത്തികം ആവശ്യമുള്ളവരെ കണ്ടെത്തി ഇവരെ വലയിൽ വീഴ്ത്തി തട്ടിപ്പ് നടത്തുകയാണു പതിവ്.
കോട്ടയത്ത് റിയൽ എസ്റ്റേറ്റ് വ്യവസായിയായ ഡോക്ടറുമായുള്ള അടുപ്പം മുതലെടുത്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് സൂസനും സംഘവും അറസ്റ്റിലായത്. തിരുവല്ല, ചെങ്ങന്നൂർ, പുളിക്കീഴ് സ്റ്റേഷനുകളിൽ സമാനമായ തട്ടിപ്പ് നടത്തിയതിനു ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്.
തിരുവല്ല പുളിക്കീഴ് സ്വദേശി സൂസനും (മറിയാമ്മ ചാണ്ടി, 44) ഇവരുടെ സഹായികളായ കോഴഞ്ചേരി സ്വദേശികളായ തോട്ടുപറന്പിൽ രാജേഷ്കുമാർ (40), വെണ്ണപ്പാറ മലയിൽ സുജിത്ത് (35), പിച്ചവിളയിൽ ബിജുരാജ് (42), ഐരൂർ മേതേൽമണ്ണിൽ സന്തോഷ് കുമാർ (40) എന്നിവരെ ബുധനാഴ്ച വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.
അഞ്ചു മാസം മുന്പാണു സൂസൻ വ്യവസായിയായ കോട്ടയം നഗരത്തിലെ ഒരു ഡോക്ടറുമായി പരിചയപ്പെടുന്നത്. തുടർന്ന് ഇവർ ഒരുമിച്ച് കാറിൽ യാത്ര ചെയ്തപ്പോൾ പകർത്തിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും കുടുംബാംഗങ്ങളെ കാണിക്കുമെന്നും ഭീഷണിപ്പെടുത്തിയാണു പണം തട്ടിയെടുത്തത്.
രണ്ടു തവണയായി ഡോക്ടറിൽനിന്ന് എട്ടു ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തതെന്ന് പോലീസിൽ നൽകിയ പരാതിയിൽ ഡോക്ടർ പറയുന്നു. കഴിഞ്ഞ ദിവസം വീണ്ടും ഇവർ കോട്ടയത്ത് എത്തി ഡോക്ടറോട് അഞ്ചു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെ ഡോക്ടർ കോട്ടയം ജില്ലാ പോലീസ് ചീഫ് ആർ. ഹരിശങ്കറിനു പരാതി നല്കി.
തുടർന്ന് പോലീസ് പറഞ്ഞതനുസരിച്ച് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് നല്കാമെന്നു പറഞ്ഞു സംഘത്തെ വീണ്ടും നഗരത്തിൽ എത്തിച്ചാണു പിടികൂടിയത്. ഡോക്ടർ ഇവർക്കു നല്കിയ അഞ്ചു ലക്ഷം രൂപയുടെ ചെക്കും ഇവരുടെ പക്കൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെ സൂസനെ പോലീസ് കൂടുതൽ ചോദ്യം ചെയ്തതോടെയാണു മറ്റു തട്ടിപ്പുകളെക്കുറിച്ചു വിവരം ലഭിച്ചത്. പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ 2001 മുതൽ 2018 വരെ കാലയളവിൽ എട്ടുകേസുകൾ സൂസനെതിരെയുണ്ട്. പണം ആവശ്യമുണ്ടെങ്കിൽ ചെറിയ പലിശയ്ക്കു തരാമെന്നു പറഞ്ഞു പരിചയക്കാരെ കബളിപ്പിച്ചതടക്കമുള്ള കേസുകളാണ് സൂസനെതിരെ പുളിക്കീഴ് സ്റ്റേഷനിലുള്ളത്.
ഒരുശതമാനം പലിശയ്ക്കു ഒരുകോടി രൂപ നൽകുന്നതിനു മുൻകൂറായി ഡോക്യുമെന്റേഷൻ ഫീസ് ഇനത്തിൽ മൂന്നുലക്ഷം രൂപ വാങ്ങി മുങ്ങുകയാണ് രീതി. മുക്കുപണ്ടം പണയംവച്ചു പണം തട്ടിയ കേസും ഇവർക്കെതിരെയുണ്ട്.
ഏറ്റുമാനൂർ സ്വദേശിയെ ചെങ്ങന്നൂരിൽ എത്തിച്ചു ഒരുകോടി രൂപ തരാമെന്നു പറഞ്ഞു ഡോക്യുമെന്റേഷൻ ഫീസിനത്തിൽ മൂന്നുലക്ഷം രൂപ തട്ടിയെടുത്ത കേസാണ് ചെങ്ങന്നൂർ സ്റ്റേഷനിലുള്ളത്. സൂസനൊപ്പം അറസ്റ്റിലായ ബിജുരാജിന്റെ പേരിലും അടിപിടിയുൾപ്പെടെയുള്ള കേസുകൾ ആറൻമുള പോലീസിലുണ്ട്.
പത്തനംതിട്ട, കോഴഞ്ചേരി ഭാഗങ്ങളിൽ സൂസൻ ഉൾപ്പെടെയുള്ളവരെ എത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. കോട്ടയം ഡിവൈഎസ്പി ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണു പ്രതികളെ പിടികൂടിയത്.
ഡോ. ജോണ്സണ് വി. ഇടിക്കുള
എടത്വാ: ഇടവക വികാരി തപാല് വകുപ്പിന് ധനകാര്യ സ്ഥാപനം. വിശ്വാസി ഇടവക വികാരിക്ക് എടത്വാ പോസ്റ്റ് ഓഫീസില് നിന്നും അയച്ച രജിസ്റ്റേര്ഡ് കത്തിന് നല്കിയ തനിപ്പകര്പ്പ് രസീതില് ആണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സി.എസ്.ഐ സഭയുടെ സ്ത്രീജന സഖ്യ പ്രവര്ത്തകയായി 50 വര്ഷത്തോളം വിവിധ ജില്ലകളില് സേവനം അനുഷ്ഠിച്ച് വിരമിച്ചതിനു ശേഷം സ്വന്തമായി വീടോ സ്വത്തുക്കളോ ഇല്ലാത്തതിനാല് സഹോദര പുത്രന് ഡോ. ജോണ്സണ് വി. ഇടിക്കുളയുടെ ഭവനത്തില് വിശ്രമജീവിതം നയിക്കുന്ന തലവടി വാലയില് ബെറാഖാ ഭവനില് സിസ്റ്റര് വി.ടി.ഏലിക്കുട്ടി (82) അവിവാഹിതയാണ്.
ഇവര്ക്ക് ഇടവകയുടെ പ്രസിദ്ധീകരണങ്ങള് ഉള്പ്പെടെയുള്ളവ ലഭിക്കാത്തതിനെ തുടര്ന്നാണ് തലവടി സെന്റ് തോമസ് സി.എസ്.ഐ ഇടവക വികാരിക്ക് രജിസ്റ്റേര്ഡ് തപാലില് കത്ത് അയച്ചത്. എന്നാല് മഹായിടവകയുടെ ഓഫീസില് നിന്നും ഉള്ള പ്രസിദ്ധീകരണമായ ‘ജ്ഞാന നിക്ഷേപം’ മാസിക കൃത്യമായി തപാലില് ലഭിക്കുന്നുണ്ടെന്നും സിസ്റ്റര് പറഞ്ഞു. വാര്ദ്ധക്യ സഹജമായ അനാരോഗ്യം മൂലം ക്ഷീണാവസ്ഥയിലായ സിസ്റ്റര് കത്തിലൂടെ മഹായിടവകയ്ക്കും തിരുമേനിമാര്ക്കും ഇടവകകളോടും നന്ദി അറിയിച്ചിട്ടുള്ളതിനാലും ഇടവകയുടെ പ്രാര്ത്ഥന ആവശ്യപ്പെട്ടും മരണശേഷം തന്റെ മൃതദേഹം അടക്കം ചെയ്യുമ്പോള് സ്വീകരിക്കേണ്ട നിര്ദ്ദേശങ്ങള് ഉള്പെടെയുള്ള വിവരങ്ങള് ഉള്പെടുത്തിയതിനാലും ആണ് കത്ത് രജിസ്റ്റേര്ഡ് തപാലില് അയച്ചത്.
തപാല് വകുപ്പിന്റെ പിശക് ശ്രദ്ധയില് പെട്ടപ്പോള് തിരുത്തുവാന് ആവശ്യപ്പെട്ട് തപാല് ആഫീസില് ചെന്നെങ്കിലും മേല്വിലാസം കൃത്യമായതിനാല് രസീതിലെ പിശകില് കാര്യമില്ല എന്നുള്ള സമീപനം ആണ് സ്വീകരിച്ചത്. എന്നാല് രസീതില് മേല്വിലാസക്കാരന്റെയും അയച്ച വ്യക്തിയുടെയും പേരുകള് തെറ്റായി ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരുത്തരവാദപരമായ ഇത്തരം പ്രവര്ത്തനം പോസ്റ്റ് മാസ്റ്റര് ജനറലിന്റെ ശ്രദ്ധയില് പെടുത്തുവാന് ഇവര് തീരുമാനിച്ചു.