Latest News

കാണാതായ പത്തനംതിട്ട സ്വദേശിനി ജെസ്നയ്ക്കായി ഇടുക്കി ജില്ലയിലെ വനമേഖലയിൽ തിരച്ചിൽ. മൂന്ന് ജില്ലകളിൽനിന്നുള്ള 100 പൊലീസുകാരെ പങ്കെടുപ്പിച്ചാണ് തിരച്ചിൽ. 10 പൊലീസുകാർ വീതമുള്ള 10 സംഘങ്ങളാണു തിരച്ചിൽ നടത്തുന്നത്. എരുമേലി, മുണ്ടക്കയം, പീരുമേട്, കുട്ടിക്കാനം വനമേഖലകളിൽ സ്ക്വാഡുകളായി തിരിഞ്ഞാണു തിരച്ചിൽ. ബന്ധുക്കളുടെ ആവശ്യപ്രകാരമാണിത്.

ഇടുക്കി ജില്ലയിൽ പരുന്തുംപാറ, മത്തായിക്കൊക്ക, പാഞ്ചാലിമേട് ഉൾപ്പെടെ ഏഴു സ്ഥലത്തും കോട്ടയം ജില്ലയിലെ പൊന്തൻപുഴ, 27ാം മൈൽ, മുണ്ടക്കയം എന്നിവിടങ്ങളിലുമാണു തിരച്ചിൽ. ഒരു എസ്ഐയുടെ നേതൃത്വത്തിൽ ഒൻപതു പൊലീസുകാരും ഗൈഡുമാണു സംഘത്തിലുള്ളത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽനിന്നുള്ള പൊലീസുകാരാണു സംഘത്തിൽ ഉള്ളത്. ഒരു ഡിവൈഎസ്പി, അഞ്ച് സിഐമാർ എന്നിവരും സംഘത്തിലുണ്ട്. എരുമേലിയിൽനിന്നു മുണ്ടക്കയത്തേക്കുള്ള ബസിലാണ് ജെസ്ന അവസാനമായി യാത്ര ചെയ്തത്. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണു തിരച്ചിൽ വനമേഖലയിലേക്കും വ്യാപിപ്പിച്ചത്. തിരച്ചിലിന് എൻസിസി, എൻഎസ്എസ് വളണ്ടിയേഴ്സുമുണ്ട്. പീരുമേട് മത്തായിക്കൊക്കയിൽ ഇവർ പരിശോധനയ്ക്കിറങ്ങി.

ബോൾ തിരക്കിയാണ് എട്ടുവയസ്സുകാരനായ ജുനൈദ് അയല്‍വാസിയായ മൊമീന്റെ വീടിന് മുകളിലെത്തിയത്. അവിടെ കണ്ട പെട്ടി തുറന്നുനോക്കിയ അവൻ പേടിച്ച് താഴേക്ക് ഓടി. പെട്ടിക്കുള്ളിൽ പേടിപ്പെടുത്തുന്ന പാവയുണ്ടെന്ന് എല്ലാവരോടും പറഞ്ഞു. എന്നാൽ അവന്റെ വാക്കുകളെ ആരും വിലയ്ക്കെടുത്തില്ല. നീ ആ പാവയുടെ ഫോട്ടോ എടുത്തുകൊണ്ടു വരൂ എന്നാണ് അവർ അവനോട് പറഞ്ഞത്. ജുനൈദ് എടുത്തുകൊണ്ടു വന്ന ഫോട്ടോ കണ്ട ആ മാതാപിതാക്കൾ ശരിക്കും ഞെട്ടി. വീടിന് മുകളിൽ എത്തിയ അവർ പെട്ടിക്കുള്ളിൽ കണ്ടത് ഒന്നര വർഷം മുന്‍പ് കാണാതായ മകന്‍ സെയ്ദിന്റെ ജീർണ്ണിച്ച ശവശരീരം. സ്കൂൾ യൂണിഫോം ധരിച്ച നിലയിലായിരുന്നു ശരീരം കണ്ടെത്തിയത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് കരളലയിക്കുന്ന സംഭവം നടന്നത്.

2016 ഡിസംബർ ഒന്നിന് കാണാതായ സെയ്ദ് എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു പിതാവ് നാസർ മുഹമ്മദും മാതാവും. കാണാതാകുമ്പോൾ നാലുവയസ്സായിരുന്നു സെയ്ദിന്. ‘ഈ പതിനെട്ട് മാസവും അവൻ ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിച്ചു. അവസാനം ഇന്നലെ അവനെ കണ്ടു. പക്ഷേ ജീവനോടെയല്ലെന്ന് മാത്രം. ഞങ്ങൾ പലപ്പോഴും വീടിന് മുകളിൽ പോയി ഇരിക്കാറുണ്ടായിരുന്നു. എന്നാൽ അവൻ അടുത്തുള്ള പെട്ടിയിൽ ഇങ്ങനെ ജീർണ്ണിച്ച് കിടക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു..’
ആ അച്ഛന്റെ വാക്കുകളാണിത്. അയല്‍വാസിയായ മുഹമ്മദ് മൊമീനിന്റേതാണ് പെട്ടി. രണ്ടടി നീളവും വീതിയുമുള്ള പെട്ടിക്കുള്ളില്‍ ചുരുണ്ട് കൂടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. മുഹമ്മദ് നാസറിന്റെ ആറു മക്കളിൽ അഞ്ചാമനാണ് സെയ്ദ്.

തന്റെ വീട്ടിൽ നിന്നും മുകളിലത്തെ നിലയിലേക്ക് കയറാൻ പടവുകളില്ല. ഏണി വച്ച് മാത്രമേ അങ്ങോട്ട് എത്താൻ സാധിക്കൂ. രണ്ടാം നിലയിൽ ആരും താമസിക്കുന്നില്ലെന്നും താനും കുടുംബവും താഴത്തെ നിലയിലാണ് കഴിയുന്നതെന്നുമാണ് മൊമീൻ പറയുന്നത്. സെയ്ദിനെ കാണാതായതിന് ശേഷം നിരവധി തവണ മോചനദ്രവ്യം ആവശ്യപ്പെട്ട് പിതാവ് നാസറിന് ഫോൺകോളുകൾ ലഭിച്ചിരുന്നു. ആവശ്യപ്പെടുന്ന തുക കൊടുത്താൽ മാത്രമേ കുട്ടിയെ വിട്ടുതരൂ എന്ന അവർ ഭീഷണിപ്പെടുത്തി. മകന് ഫോൺ കൊടുക്കാമെന്ന് പറഞ്ഞ് ഒരു കുട്ടിയെ കൊണ്ട് സംസാരിച്ചിച്ചിട്ടുണ്ടെന്നും എന്നാൽ അത് സെയ്ദാണെന്ന് തോന്നിയിരുന്നില്ലെന്നും നാസർ പൊലീസിനോട് പറഞ്ഞു.
മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഡിഎൻഎ ഫലവും ലഭിക്കണം. എന്നാൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത കിട്ടൂവെന്നാണ് പൊലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കിയത്. ഇർഫാൻ, അഫ്താബ് എന്നിവരെ പൊലീസ് സെയ്ദിനെ കാണാതായതിന് രണ്ട് ദിവസങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തിരുന്നു. അവർ ഇപ്പോൾ ജാമ്യത്തിൽ പുറത്തിറങ്ങിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സാമി രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ആരാധകര്‍ക്കിടയില്‍ വേറിട്ട ആഭിപ്രായമുണ്ടാക്കിയപ്പോള്‍ മറ്റൊരു ടീസറിറക്കി വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് വിക്രം. ഗൗതം വസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ധ്രുവനച്ചത്തിരത്തിന്‍റെ പുതിയ ടീസറാണ് പുറത്തിറക്കിയത്. സാമിയില്‍ അമാനുഷിക നായകനെയാണ് ആരാധകര്‍ കണ്ടതെങ്കില്‍ ഇവിടെ ഹോളിവുഡ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് ധ്രുവനച്ചത്തിരം കരുതിവച്ചിരിക്കുന്നത്. ഹരി സംവിധാനം ചെയ്ത സാമി രണ്ടാം ഭാഗത്തിന്റെ ട്രെയിലറിന് ചില വിമര്‍ശനങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ കണ്ടിട്ട് സൂര്യയുടെ സിങ്കം നാലാംഭാഗം പോലെ തോന്നുന്നല്ലോ എന്നാണ് തമിഴിലെയും മലയാളത്തിലെയുമൊക്കെ ട്രോള്‍ പേജുകള്‍ ഉയര്‍ത്തിയ വിമര്‍ശനം.

ധ്രുവനച്ചത്തിരത്തിന്‍റെ ടീസര്‍ ലീക്കായെന്ന് ഇന്ന് രാവിലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് അണിയറക്കാര്‍ തങ്ങളുടെ ട്വിറ്റര്‍ പേജുകളിലൂടെ ഒഫിഷ്യലായി പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം എന്തുകൊണ്ട് വൈകുന്നു എന്നതിനുള്ള ഉത്തരവും ടീസര്‍ പുറത്തുവിട്ടുകൊണ്ട് ഗൗതം മേനോന്‍ ട്വീറ്റ് ചെയ്തു. ഏതൊരു സിനിമയ്ക്കും അതിന്‍റേതായൊരു യാത്രയുണ്ട്. ഇതിനുമുണ്ട് അത്തരത്തിലൊന്ന്. കാഴ്ചപ്പാട് വലുതും വ്യത്യസ്തവുമാവുമ്പോള്‍ അതിന്‍റേതായ സമയമെടുക്കും. പെട്ടെന്ന് നടക്കില്ല. ഫൈനല്‍ ഷെഡ്യൂള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഗൗതം മേനോന്‍ ട്വിറ്ററില്‍ കുറിച്ചു. എതായാലും ടീസറിന് മികച്ച അഭിപ്രായമാണ് സമൂഹമാധ്യമങ്ങളില്‍.

മലപ്പുറം: എടപ്പാള്‍ തീയേറ്റര്‍ പീഡനക്കേസില്‍ പരാതി പൂഴ്ത്തിയ എസ്.ഐ കെ.ജി ബേബിയെ അറസ്റ്റു ചെയ്തു. കേസില്‍ എസ്.ഐയ്‌ക്കെതിരെ നേരത്തെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തിരുന്നു. പരാതി അറിഞ്ഞിട്ടും നടപടിയെടുക്കാന്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു. പിന്നീട് തുടര്‍ നടപടികളൊന്നും അന്വേഷണ സംഘത്തില്‍ നിന്നും ഉണ്ടായിരുന്നില്ല. എസ്.ഐയുടെ അറസ്റ്റ് വൈകുന്നതില്‍ വ്യാപകമായ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. മലപ്പുറത്തേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ്. ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് എസ്.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

പീഡനത്തിന്റെ തെളിവ് കൈമാറിയ തീയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്ത പോലീസ് നടപടി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കേസെടുത്തിട്ടും എസ്.ഐയെ അറസ്റ്റു ചെയ്യാത്ത അന്വേഷണ സംഘം തീയേറ്റര്‍ ഉടമയെ അറസ്റ്റു ചെയ്തത് ആഭ്യന്തര വകുപ്പിനു മേല്‍ വലിയ വിമര്‍ശനമാണ് വരുത്തിവച്ചത്.

ഏപ്രില്‍ 18നാണ് തീയേറ്ററില്‍ പീഡനം നടന്നത്. ഇത് സംബന്ധിച്ച് ഉടമ അറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ 26ന് ചങ്ങരംകുളം പോലീസിന് പരാതി നല്‍കി. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നും നടപടി വന്നില്ല. ഇതോടെ മാധ്യമങ്ങളുടെ ഭാഗത്തുനിന്നുള്ള ഇടപെടല്‍ ശക്തമാകുകയും 17ാം ദിവസം പ്രതി മൊയ്തീന്‍കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കുട്ടിയുടെ അമ്മയേയും പിന്നീട് അറസ്റ്റു ചെയ്തു. ഇവര്‍ റിമാന്‍ഡിലാണ്.

പനാജി: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ ഭരണഘടന അപകടത്തിലാണെന്ന് ഗോവന്‍ ആര്‍ച്ച് ബില്‍പ്പ് ഫിലിപെ നേരി ഫെറാവോ. 2018-19 വര്‍ഷത്തെ ഇടയലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടി കാണിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഏകമാനത്തിലുള്ള ഒരു സംസ്‌ക്കാരത്തിലേക്കാണ് രാജ്യം നീങ്ങുന്നത്. അതിനാല്‍ വിശ്വാസികളുടെ ക്രിയാത്മകമായ രാഷ്ട്രീയ ഇടപെടല്‍ അനിവാര്യമാണെന്നും അദ്ദേഹം പരാമര്‍ശിച്ചു.

ഡല്‍ഹി ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് ശേഷമുണ്ടായിരിക്കുന്ന ഫിലിപെ നേരിയുടെ പരാമര്‍ശം പരോക്ഷമായി ബിജെപി സര്‍ക്കാരിനെതിരെയാണെന്ന സൂചനയുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടുമ്പോള്‍ മനസാക്ഷിക്ക് അനിയോജ്യമായതിനെ സ്വീകരിക്കണമെന്നും പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകവാണമെന്നും നേരി പറയുന്നു.

അഴിമതി, അനീതി എന്നിവയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ട്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ട കടമ ഒരോ പൗരന്റേതുമാണെന്നും അദ്ദേഹം ഇടയലേഖനത്തില്‍ അദ്ദേഹം പറഞ്ഞു. ഭക്ഷണം, വേഷം, ജീവിതം, ആരാധന തുടങ്ങിയ കാര്യങ്ങളില്‍ ഏകരൂപം കൊണ്ടുവരാനുള്ള പ്രവണത രാജ്യത്ത് വര്‍ദ്ധിക്കുന്നുണ്ട്. ഇത് ഏകാമായ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വികസനത്തിന്റെ പേരില്‍ നിരവധി പേര്‍ കുടിയൊഴിപ്പിക്കപ്പെടുന്നതായും അദ്ദേഹം ചൂണ്ടി കാണിക്കുന്നു.

രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും ഭീഷണിയാണെന്ന് നേരത്തെ ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അഭിപ്രായപ്പെട്ടിരുന്നു. ഇത് പിന്നീട് വിവാദമാവുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെയുള്ള ഒളിയമ്പാണ് ബിഷപ്പിന്റെ പ്രസ്താവനയെന്നായിരുന്നു ബിജെപി നേതാക്കള്‍ ആരോപിച്ചത്. എന്നാല്‍ താന്‍ രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്നും അത് മോഡിയെക്കുറിച്ചല്ലെന്നും അദ്ദേഹം വിശദീകരണം നല്‍കുകയും ചെയ്തു.

 

ദുബായ്: ഭിക്ഷാടനം നിരോധിച്ച ദുബായിൽ റംസാൻ മാസം മുതലെടുത്ത് യാചക സംഘങ്ങൾ പെരുകുന്നുവെന്ന് റിപ്പോർട്ട്. ഇത്തരക്കാരെ സൂക്ഷിക്കണം എന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരോധനം ലംഘിച്ച് ഭിക്ഷാടനം നടത്തുകയായിരുന്ന മുന്നൂറോളം പേരെ ഇതുവരെ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഒരാൾ കാറിൽ കറങ്ങി പെട്രോൾ അടിക്കാൻ പണം യാചിക്കുന്നതിനിടെ പൊലീസ് പിടിയിലായിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാനെന്ന വ്യാജേന പണം പിരിച്ച ഇയാൾക്ക് മിക്ക സ്ഥലങ്ങളിൽ നിന്നും ധാരാളം പണം ലഭിച്ചതായി ദുബായ് പൊലീസ് ഡയറക്ടർ അലി സലീം പറഞ്ഞു.

സമാനമായ മറ്റൊരു കേസിൽ ആശുപത്രിക്ക് സമീപം ഭിക്ഷാടനത്തിലേർപ്പെട്ട കുടുംബത്തേയും പൊലീസ് അറസ്റ്റ് ചെയ്തു. അസുഖമുള്ള കുട്ടിക്ക് 800 ദിർഹം വേണം എന്നതായിരുന്നു ഇവരുടെ ആവശ്യം. മരുന്ന് വാങ്ങി നൽ കിയെങ്കിലും, മരുന്ന് ഫാർമസിയിൽ തിരിച്ച് നൽകി പണം വാങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു.

ഇത്തരക്കാർ കാരണം യഥാർത്ഥ്യത്തിൽ പണം ആവശ്യമുള്ളവർ ബുദ്ധിമുട്ടുകയാണ്‌. കഴിഞ്ഞ ദിവസം പേഴ്സ് കളഞ്ഞ് പോയ പാക്കിസ്ഥാനി സ്വദേശിയെ സഹായിച്ചതായി പൊലീസ് കേണൽ അറിയിച്ചു. സംഭവം സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ്‌ പൊലീസ് ഇയാളെ സഹായിച്ചത്.

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്തുണ തേടി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ യോഗാഗുരു ബാബാ രാംദേവുമായി കൂടിക്കാഴ്ച നടത്തി. ‘സമ്പര്‍ക്ക് ഫോര്‍ സമര്‍ഥന്‍’ പ്രചാരണത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.

‘രാംദേവിന്റെ പിന്തുണ തേടിയാണു വന്നത്. അദ്ദേഹത്തിലൂടെ കോടിക്കണക്കിനു ആരാധകരുടെ പിന്തുണയാണു ബിജെപിക്കു സ്വന്തമാകുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയുള്ള പ്രസിദ്ധീകരണങ്ങള്‍ അദ്ദേഹത്തിനു കൈമാറി. പറഞ്ഞതെല്ലാം അദ്ദേഹം ക്ഷമയോടെ കേട്ടു’ അമിത് ഷാ മാധ്യമങ്ങളോടു പറഞ്ഞു. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും അമിത് ഷാ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു.

2014ല്‍ പിന്തുണച്ചിരുന്ന 50 പ്രമുഖ വ്യക്തികളെയാണ് ബിജെപി നേരില്‍ കണ്ടു പിന്തുണ തേടുന്നതും നാലു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതും. മുന്‍ കരസേന മേധാവി ജനറല്‍ ദല്‍ബീര്‍ സുഹാഗ്, ഭരണഘടനാ വിദഗ്ധന്‍ സുഭാഷ് കശ്യപ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കപില്‍ദേവ് എന്നിവരുമായും ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

തിരുവനന്തപുരം: എടപ്പാളില്‍ പത്തുവയസുകാരിക്ക് നേരെ പീഡനമുണ്ടായ സംഭവത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. ഇതേതുടര്‍ന്ന് അറസ്റ്റ് നിയമപരമാണോയെന്നറിയാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടു നിയമോപദേശം തേടി.

മലപ്പുറം ചങ്ങരംകുളം തിയേറ്ററില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ശാരദ തിയറ്റര്‍ ഉടമ സതീശിനെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്നതായിരുന്നാരോപിച്ചായിരുന്നു അറസ്റ്റ്. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും പൊലീസ് ആരോപിച്ചു. തിയേറ്റര്‍ ഉടമയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

എന്നാല്‍ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു. വിമര്‍ശനവുമായി വനിതാകമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍, മുന്‍ ഡിജ.പി ടി.പി.സെന്‍കുമാര്‍ തുടങ്ങിയവര്‍ രംഗത്തെത്തി.

ദുബായില്‍ ജ്വല്ലറി ഉടമയായ തൃത്താല സ്വദേശി മൊയ്തീന്‍കുട്ടിയാണു തിയേറ്ററില്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചത്. തിയേറ്ററിലെ സിസിടിവി ദൃശ്യങ്ങളില്‍ സൂചന കിട്ടിയ ഉടനെ തിയേറ്റര്‍ ഉടമ ചൈല്‍ഡ്‌ലൈന്‍ മുഖേന പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും പ്രതി മൊയ്തീന്‍കുട്ടിക്കെതിരേ ആദ്യം കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് ദൃശ്യങ്ങള്‍ മാതൃഭൂമി ന്യൂസായിരുന്നു പുറത്ത് വിട്ടത്. ഇതോടെ മൊയ്തീന്‍ കുട്ടി അറസ്റ്റിലാവുകയും സംഭവത്തില്‍ വീഴ്ച വരുത്തിയ ചങ്ങരംകുളം എസ്.ഐ കെ.ജെ ബേബിയെ തൃശ്ശൂര്‍ റെയ്ഞ്ച് ഐ.ജി എം.കെ അജിത്കുമാര്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാര നടപടിയെന്നോണമാണ് തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തതെന്ന ആരോപണവുമുണ്ടായിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ആദ്യം മുതല്‍ പൊലീസ് തിയേറ്റര്‍ ഉടമയെ കുടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പത്ത് തവണ മൊഴിയെടുക്കാനെന്ന പേരില്‍ ഇയാളെ വിളിപ്പിക്കുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ചോദ്യം ചെയ്യാനെന്ന രീതിയില്‍ ചങ്ങരംകുളം പൊലീസ് സ്‌റ്റേഷനില്‍ വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. സംഭവത്തില്‍ ചൈല്‍ഡ് ലൈനിനെതിരെയും നടപടി ഉണ്ടാകുമെന്നാണു സൂചന.

പത്തനംതിട്ട: രാജ്യസഭാ സീറ്റ് വിവാദത്തില്‍ യുവ എം.എല്‍.എമാര്‍ക്കെതിരെ ആഞ്ഞടിച്ച് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. ബൂത്ത് തലം മുതല്‍ 20 വര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ശേഷമാണ് താന്‍ എം.പിയായതെന്നും ഇപ്പോഴത്തെ ചില എം.എല്‍.എമാരെപ്പോലെ അല്ല താനെന്നും പി.ജെ കുര്യന്‍ പറഞ്ഞു. അവരൊക്കെ 25-28 വയസില്‍ നേരിട്ട് എം.എല്‍.എമാരായവരണെന്നും പി.ജെ കുര്യന്‍ പറഞ്ഞു.

അത്ര പ്രഗല്‍ഭനൊന്നുമല്ലെങ്കിലും പാര്‍ട്ടി ഏല്‍പ്പിച്ച ജോലിയൊക്കെ സത്യസന്ധമായി നിര്‍വഹിച്ചിട്ടുണ്ട്. ഞാന്‍ മാറണമെന്ന് പറയുന്നവരോട് വിയോജിപ്പില്ല. അത് അവര്‍ പറയേണ്ടത് പാര്‍ട്ടി ഫോറത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ക്കൂടി എന്നെ ആക്ഷേപിക്കുകയല്ല വേണ്ടത്. പാര്‍ട്ടി ഏത് തീരുമാനം എടുത്താലും എനിക്ക് പൂര്‍ണ്ണ സമ്മതമാണ് പിന്നെ എന്തിനാണ് യുവ എം.എല്‍.എമാര്‍ എന്‍െ മേല്‍ കുതിര കയറുന്നത്-പി.ജെ കുര്യന്‍ ചോദിച്ചു.

പി.ജെ കുര്യന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഞാൻ ആരോടും രാജ്യസഭാ സീറ്റ് ചോദിച്ചിട്ടില്ല. പാർട്ടി എന്ത് തീരുമാനമെടുത്താലും എനിക്ക് പൂർണ സമ്മതമാണ്. പിന്നെ എന്തിനാണ് യുവ എം.എൽ.എ മാർ എന്റെ മേൽ കുതിര കയറുന്നത്? അവർക്കു പാർട്ടി നേതൃത്വത്തോട് പറഞ്ഞ് ഇഷ്ടമുള്ളവർക്ക് സീറ്റ് കൊടുപ്പിക്കാമല്ലോ? ഞാൻ എന്തോ വലിയ തെറ്റ് ചെയ്തു എന്ന മട്ടിൽ ഇവരൊക്കെ സംസാരിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല.

ഇപ്പോൾ അഭിപ്രായം പറയുന്ന യുവ എം.എൽ.എ മാരൊക്കെ 25 -28 വയസ്സിൽ എം.എൽ.എ മാർ ആയവരാണ്. ഞാൻ അങ്ങനെയല്ല. മണ്ഡലം ഭാരവാഹി, ബ്ലോക്ക് പ്രസിഡന്റ്, ഡിസിസി ട്രഷറർ, കെപിസിസി മെമ്പർ തുടങ്ങി പല തലങ്ങളിൽ 20 വർഷത്തോളം പാർട്ടി പ്രവർത്തനം നടത്തിയതിനുശേഷമാണ് 1980 -ൽ മാവേലിക്കരയിൽ മത്സരിക്കുന്നത്. അന്നും പാർട്ടിയോട് സീറ്റ് ചോദിച്ചില്ല, ശ്രീ വി.എം. സുധീരനെ മാവേലിക്കരയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഞാൻ കെപിസിസി പ്രസിഡന്റിനോട് ആവശ്യപ്പെട്ടത്. എങ്കിലും, പാർട്ടി എന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. ഞാൻ മത്സരിച്ച് ജയിച്ചു. ജയിച്ചതുകൊണ്ടു വീണ്ടും മാവേലിക്കരയിൽത്തന്നെ അഞ്ച് തവണ പാർട്ടി എനിക്ക് സീറ്റ് നൽകി, അഞ്ച് തവണയും ഞാൻ ജയിച്ചു. ഇടതുപക്ഷത്തിന്റെ കൈയിൽ ഇരുന്ന മാവേലിക്കരയെ ഐക്യജനാധിപത്യ മുന്നണിയുടെ ഒരു ഉറച്ച സീറ്റ് ആക്കി മാറ്റാൻ കഴിഞ്ഞു.

പാർട്ടിയിലെ ഒരു സ്ഥാനവും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. ഞാൻ അത്ര വലിയ “പ്രഗത്ഭനൊന്നും” അല്ലെങ്കിലും എന്നെ ഏൽപ്പിച്ച ജോലികളൊക്കെ സത്യസന്ധമായും ആത്മാർത്ഥമായും ചെയ്തിട്ടുണ്ട്. 1989 -ൽ ലോകസഭയിൽ പാർട്ടി പ്രതിപക്ഷത്ത് വന്നപ്പോൾ ശ്രീ രാജീവ് ഗാന്ധി എന്നെ ചീഫ് വിപ്പ് ആക്കി. 1999 -ൽ ശ്രീമതി സോണിയ ഗാന്ധി വീണ്ടും എന്നെത്തന്നെ ചീഫ് വിപ്പ് ആക്കി. അത് 1989 -91 ലെ ചീഫ് വിപ്പ് എന്ന നിലയിലുള്ള എന്റെ പ്രവർത്തനത്തിന് ഉള്ള അംഗീകാരമാണ് എന്ന് ഞാൻ കരുതുന്നു. ശ്രീ നരസിംഹ റാവു മന്ത്രിസഭയിൽ രണ്ട് പ്രാവശ്യം എന്നെ മന്ത്രിയാക്കിയതും ഞാൻ ആവശ്യപ്പെടാതെയാണ്.

അതിനുശേഷം, ശ്രീ നരസിംഹ റാവു പ്രധാനമന്ത്രി ആയിരുന്നപ്പോൾ ആസ്സാമിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (Pradesh Returning Officer) എനിക്ക് നൽകി. തുടർന്ന്, 1999-ലും 2002 -ലും മഹാരാഷ്ട്ര സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല (PRO) ശ്രീമതി സോണിയ ഗാന്ധി എനിക്ക് നൽകി. ആവർത്തിച്ച് ഈ ചുമതലകൾ പാർട്ടി നേതൃത്വം എനിക്ക് നൽകിയത് എന്റെ പ്രവർത്തനത്തിലുള്ള സംതൃപ്തി കൊണ്ടാണ് എന്ന് ഞാൻ കരുതുന്നു.
അതുപോലെതന്നെ, ശ്രീമതി സോണിയ ഗാന്ധി ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണ്ണയ കമ്മിറ്റികളിലും എന്നെ നിയോഗിച്ചു. ഒരു പരാതിക്കും ഇടം കൊടുക്കാതെ സ്ഥാനാർഥിനിർണ്ണയചുമതലകൾ ഞാൻ ഭംഗിയായി നിർവ്വഹിച്ചിട്ടുമുണ്ട്‌.

രണ്ടാം യുപിഎ യുടെ കാലഘട്ടത്തിൽ ബഹു: പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് എന്നോട് മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് (MoS) ആയി മന്ത്രിസഭയിൽ ചേരണമെന്ന് പറഞ്ഞു. 1991-ൽ മിനിസ്റ്റർ ഓഫ് സ്റ്റേറ്റ് ആയിരുന്ന എനിക്ക്, വീണ്ടും MoS ആവാൻ താത്പര്യമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. ഈ വിവരം ഞാൻ ആ സമയത്ത് തന്നെ ശ്രീ എ.കെ. ആന്റണിയെയും കെപിസിസി പ്രസിഡന്റായിരുന്ന ശ്രീ രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ട്. ഇന്നത്തെ എ ഐ സി സി ജനറൽ സെക്രട്ടറി, ശ്രീ കെ.സി. വേണുഗോപാലിനും ഇക്കാര്യം അറിയാം.

രാജ്യസഭാ ഉപാധ്യക്ഷന്റെ സ്ഥാനം ഏറ്റെടുക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ അത് ഞാൻ സ്വീകരിക്കണമെന്ന് ശ്രീ എ.കെ. ആന്റണി എന്നെ ഉപദേശിച്ചു. അത്ര വലിയ “പ്രഗത്ഭനല്ലെങ്കിലും” ആ ചുമതല സത്യസന്ധമായും നിയമാനുസൃതമായും ഞാൻ നിറവേറ്റിയിട്ടുണ്ട്.
ഞാൻ മാറണമെന്ന് പറയുന്നവരോട് എനിക്ക് ഒരു വിയോജിപ്പും ഇല്ല. പക്ഷേ, അത് അവർ പറയേണ്ടത് പാർട്ടി ഫോറത്തിലാണ്. സോഷ്യൽ മീഡിയയിൽക്കൂടി എന്നെ അധിക്ഷേപിക്കുകയല്ല വേണ്ടത്. പാർട്ടി ഏത് തീരുമാനമെടുത്താലും അത് സ്വീകരിക്കുവാൻ എനിക്ക് സന്തോഷമേയുള്ളൂ എന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ?

ഞാൻ വിദ്യാർത്ഥിയായിരുന്ന കാലങ്ങളിലും യുവാവായിരുന്ന കാലങ്ങളിലും ഞങ്ങളുടെ ജില്ലയിൽ മാത്രമല്ല, കേരളമൊട്ടാകെ കെ.എസ്‌.യു. വും യൂത്ത് കോൺഗ്രസ്സും ശക്തമായിരുന്നു. ഇപ്പോൾ രണ്ടിന്റെയും സ്ഥിതിയെന്താണ്? ഈ സ്ഥിതിക്ക് ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? രാജ്യസഭയിൽ “വൃദ്ധന്മാർ” പോയതുകൊണ്ടാണോ ഈ സ്ഥിതിയുണ്ടായത്?
എനിക്ക് ഒരു സംശയം. പ്രായമാകുന്നത് ഒരു കുറ്റമാണോ? പ്രായമായവരെ വൃദ്ധന്മാർ എന്ന് വിളിച്ച് ആക്ഷേപിക്കണമോ? ഈ യുവ എം.എൽ.എ മാരുടെ വീടുകളിലെ പ്രായമായവരോട് ഇങ്ങനെയാണോ ഇവർ പെരുമാറുന്നത്?

ഇത് വായിച്ച ശേഷവും എന്നെ അധിക്ഷേപിക്കുമെന്ന് എനിയ്ക്കറിയാം. പക്ഷേ, അധിക്ഷേപിക്കുന്നവർ ചില സത്യങ്ങൾ അറിയുന്നത് നല്ലതാണ്. പിന്നീട് എന്നെങ്കിലും അവർക്കു കുറ്റബോധം ഉണ്ടാകും.

ചെന്നൈ പനയൂരിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതിനിടെ പ്രമുഖ തമിഴ് നടി സംഗീത ബാലനെയും സഹായി സുരേഷിനേയും പൊലീസ് അറസ്റ്റ് ചെയ്തു. റിസോര്‍ട്ടില്‍ നിരവധി പെണ്‍കുട്ടികളെ കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളെ റിസോര്‍ട്ടില്‍ നിന്ന് പിടികൂടി. ഇവരെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. മെട്രോപ്പൊലിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ സംഗീതയെയും സുരേഷിനേയും പതിനഞ്ച് ദിവസത്തേക്ക് റിമാന്‍റ് ചെയ്തിരിക്കുകയാണ്.

സിനിമയിലും സീരിയലിലും അവസരങ്ങള്‍ വാഗ്ദാനം ചെയ്താണ് പെണ്‍കുട്ടികളെ വലയിലാക്കുന്നത്. സുരേഷാണ് പെണ്‍കുട്ടികളെ സംഗീതയുമായി ബന്ധപ്പെടുത്തുന്നത്. പിന്നെ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പലര്‍ക്കും കാഴ്ചവെക്കുന്നത് സംഗീതയാണെന്നുമാണ് പൊലീസ് പറയുന്നത്. പല സിനിമ പ്രവര്‍ത്തകര്‍ക്കും വ്യവസായികള്‍ക്കും സംഗീത പെണ്‍കുട്ടികളെ എത്തിച്ചുനല്‍കി എന്നാണ് വിവരം.

നിലവില്‍ തമിഴ് സീരിയല്‍ രംഗത്ത് അറിയപ്പെടുന്ന നടിയാണ് സംഗീത. ഏറെക്കാലമായി പെണ്‍വാണിഭ സംഘത്തിന് നേതൃത്വം കൊടുക്കുന്നുണ്ടെന്നാണ് പൊലീസ് നിഗമനം. സിനിമയില്‍ ചെറിയ വേഷങ്ങള്‍ നല്‍കിയാണ് പലരേയും കൂടെ നിര്‍ത്തുന്നത്. വരാനിരിക്കുന്ന തമിഴ് ചിത്രത്തില്‍ വേഷവും വലിയ തുകയും സംഗീത വാഗ്ദാനം ചെയ്തതിനാലാണ് അവരോടൊപ്പം ചേര്‍ന്നത് എന്നാണ് അറസ്റ്റിലായ ഒരു പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്. സിനിമ–സീരിയല്‍ രംഗത്തുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അറസ്റ്റിലായവരില്‍ പെടുന്നു.

1996ല്‍ പുറത്തിറങ്ങിയ ‘കറുപ്പു റോജ’യിലൂടെ സിനിമയിലെത്തിയ സംഗീത പിന്നീട് ടെലിവിഷന്‍ ഷോകളില്‍ തിളങ്ങുകയായിരുന്നു. രാധിക ശരത്കുമാറിനൊപ്പമുള്ള വാണി വാണി എന്ന ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. പെണ്‍വാണിഭ സംഘത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തന്നെയാണ് പൊലീസ് തീരുമാനം.

RECENT POSTS
Copyright © . All rights reserved