സംസ്ഥാനത്ത് മഞ്ഞപ്പിത്തവും വയറിളക്കവും പടരുന്നു. സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെ അമ്പതിനായിരത്തിലേറെ പേരാണ് രോഗബാധിതരായത്. രണ്ടാഴ്ചയ്ക്കിടെ മഞ്ഞപ്പിത്തം ബാധിച്ചത് 245 പേര്‍ക്കാണ്. മൂന്നുപേര്‍ മരിച്ചു.
ആറു മാസത്തിനിടെ രണ്ടേകാല്‍ ലക്ഷം പേരാണ് രോഗബാധിതരായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ചികിത്സ തേടിയത്. ഡെങ്കിപ്പനിയും സംസ്ഥാനത്ത് വ്യാപകമായി പടരുന്നുണ്ട്. കോഴിക്കോട് കുറ്റ്യാടി അടക്കമുള്ള മലയോരമേഖലകളില്‍ നിരവധി ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൊച്ചി കളമശ്ശേരി മേഖലയിലും നിരവധി പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശിച്ചു. തിളപ്പിച്ച വെള്ളത്തില്‍ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് നല്‍കുക, ചട്നിയിലും മോരിലുമൊക്കെ ശുദ്ധമല്ലാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുക എന്നിവയിലൂടെ ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. കൊതുകുവഴിയാണ് ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നത്. അതിനാൽ കൊതുകു നശീകരണം ഊർജ്ജിതമാക്കാൻ മന്ത്രി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയിക്കെതിരെ (22) പോക്‌സോ വകുപ്പ് ചുമത്തി പൂജപ്പുര പൊലീസ് കേസെടുത്തു.പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ യുവാവിനെതിരെ കേസെടുത്തത്. മുന്‍പ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും അച്ഛന്‍ പറഞ്ഞു.
തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിയായ പെണ്‍കുട്ടി ഇന്നലെയാണ് മരിച്ചത്. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു മരണം.
അടുത്തിടെ ബിനോയിയുമായുള്ള സൗഹൃദം പെണ്‍കുട്ടി ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ പോസ്റ്റുകള്‍ക്കും റീലുകള്‍ക്കും താഴെ അധിക്ഷേപ കമന്റുകള്‍ നിറഞ്ഞിരുന്നു. എന്നാല്‍ മകളുടെ മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും നെടുമങ്ങാട്ടെ ഇന്‍ഫ്‌ളുവന്‍സറെ സംശയിക്കുന്നതായും പെണ്‍കുട്ടിയുടെ അച്ഛന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ബിനോയിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ചോദ്യം ചെയ്യുന്നതിനിടെ ബിനോയ് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതായാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുമായുള്ള ബന്ധവുമായി ബന്ധപ്പെട്ട ബിനോയിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും പൊലീസ് വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.
രാജ്യസഭ തെരഞ്ഞെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഇടതുമുന്നണിയില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണിയും സിപിഐ നേതാവ് പിപി സുനീറും യുഡിഎഫിന് ലഭിച്ച ഒരു സീറ്റില്‍ നിന്ന് മുസ്ലീം ലീഗ് സ്ഥാനാര്‍ഥി ഹാരിസ് ബീരാനുമാണ് രാജ്യസഭാ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടത്.
പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്നു പേര്‍ മാത്രം അവശേഷിച്ച സാഹചര്യത്തിലാണ് ഇവരെ വിജയികളായി പ്രഖ്യാപിച്ചത്. 25നാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നത്. രാജ്യസഭയില്‍ കേരളത്തില്‍നിന്ന് ആകെ ഒന്‍പത് എംപിമാരാണുള്ളത്.
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായ ജോസ് കെ മാണി കേരളാ യൂത്ത് ഫ്രണ്ടിലൂടെയാണു മുഖ്യാധാര രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍മാന്‍ പദവികളും വഹിച്ചിട്ടുണ്ട്. കോട്ടയം ലോക്‌സഭാംഗം, രാജ്യസഭാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പൊന്നാനി സ്വദേശിയായ സുനീര്‍ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയാണ്. നിലവില്‍ ഹൗസിങ് ബോര്‍ഡ് വൈസ് ചെയര്‍മാനാണ്. പൊന്നാനി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ച സുനീര്‍ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ നിന്നും മത്സരിച്ചു.
സുപ്രീം കോടതി അഭിഭാഷകനും ഡല്‍ഹി കെഎംസിസി പ്രസിഡന്റുമായ ഹാരിസ് ബീരാനാണ് പൗരത്വനിയമ ഭേദഗതി ഉള്‍പ്പെടെ മുസ്ലീംലീഗ് നടത്തിയ നിയമപോരാട്ടങ്ങള്‍ ഏകോപിപ്പിക്കുന്നത്. എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാന്‍ സുപ്രീം കോടതി അഭിഭാഷകനാണ്. 2011 മുതല്‍ ഡല്‍ഹി കെഎംസിസിയുടെ പ്രസിഡന്റാണ്. ലോയേഴ്സ് ഫോറം ദേശീയ കണ്‍വീനറും ലീഗ് ഭരണഘടനാ സമിതി അംഗവുമാണ്.
വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു . കെയ്റോയിൽ നിന്ന് തായിഫിലേക്കുള്ള സർവീസിനിടെയാണ് ഈജിപ്ഷ്യൻ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചത്.
പൈലറ്റിന്റെ അപ്രതീക്ഷിത മരണവാർത്ത യാത്രക്കാരെ അറിയിച്ച കോ – പൈലറ്റ് വിമാനം എമർജൻസി ലാൻഡിങ്ങിനായി ജിദ്ദയിലേക്ക് തിരിച്ചു വിടുന്നതായി അറിയിക്കുകയായിരുന്നു.
ഈജിപ്ഷ്യൻ വിമാന കമ്പനിയായ സ്കൈ വിഷന്റെ എയർബസ് 320 – എ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ ഹസൻ യൂസഫ് അദസ് ആണ് മരിച്ചത് ‘
തുടർന്നാണ് വിമാനം ജിദ്ദയിൽ അടിയന്തിര ലാൻഡിങ് നടത്തിയത്. കെയ്റോയിൽ നിന്ന് തായിഫിലേക്കുള്ള നെസ്മ എയർലൈൻസിന്റെ എൻ . ഇ 130 -ാം നമ്പർ ഫ്ലൈറ്റിൽ താൽക്കാലിക പൈലറ്റായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് മരണം.
വിവാഹ നിശ്ചയം കഴിഞ്ഞ വീട്ടില്‍ അയല്‍വാസികളായ ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കില്‍ തടസം പിടിക്കാനെത്തിയ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു.പള്ളിപ്പാട് വടക്കേക്കര കിഴക്ക് ശ്യാം നിവാസില്‍ മോഹനൻ (60) ആണ് മരിച്ചത്. ഇദ്ദേഹം ആൻജിയോ പ്ലാസ്റ്റി കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മരിച്ച മോഹനന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങ് ഇന്നലെ രാവിലെ നടന്നിരുന്നു. അയല്‍ വീട്ടിലെ കുപ്പത്തറയില്‍ ചന്ദ്രൻ എന്നയാളുടെ ഭാര്യ ലളിതയും കൂട്ടരുമായിരുന്നു പാചകം. വൈകുന്നേരം ചന്ദ്രൻ ഇവിടെയെത്തി ലളിതയുമായി വാക്കുതർക്കമുണ്ടായി. കസേര എടുത്തു ലളിതയെ അടിക്കുന്നത് കണ്ട് തടസം പിടിക്കാൻ എത്തിയപ്പോഴാണ് മോഹനൻ കുഴഞ്ഞു വീണത്. ഉടൻ തന്നെ ഹരിപ്പാട് ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. ശരീരത്തില്‍ അക്രമം ഏറ്റതിന്റെ പാടുകള്‍ ഒന്നും ഇല്ലെന്നും പോസ്റ്റുമോർട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ കഴിയു എന്നും പൊലീസ് പറഞ്ഞു. ചന്ദ്രനെ ഹരിപ്പാട് പൊലിസ് കസ്റ്റഡിയിലെടുത്തു. ഷീലയാണ് മോഹനന്റെ ഭാര്യ. മക്കള്‍: ശ്യാം, ശ്യാമിലി.
ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോട്ടൺ ഹിൽ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ ചെയ്‌തത്. സൈബർ ആക്രമണത്തെ തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് അറിയിച്ചു.
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ യുവാവുമായി പ്രണയത്തിലായിരുന്നു ആദിത്യ. എന്നാൽ കുറച്ചുനാളുകൾക്കു മുൻപ് പ്രണയബന്ധം അവസാനിപ്പിച്ചിരുന്നു. ഇത് അവസാനിച്ചതോടെ പെൺകുട്ടിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായെന്നാണ് വീട്ടുകാരും കൂട്ടുകാരും പറയുന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ആദിത്യ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്നലെയായിരുന്നു മരിച്ചത്. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവെഴ്‌സും ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് എം.പി. സ്ഥാനം രാജിവെച്ച് റായ്ബറേലിയില്‍ തുടരും. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മത്സരിക്കും. തിങ്കളാഴ്ച വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗമാണ് തീരുമാനമെടുത്തത്.
വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. ഇതിനിടെ രാഹുല്‍ ഗാന്ധി മണ്ഡലം ഒഴിയുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ അവിടെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. കെ.മുരളീധരനടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.ഇതിനിടെയാണ് പ്രഖ്യാപനമുണ്ടായത്.
മഴവിൽ സംഗീതം എന്ന കലാ മാമാങ്കം ബേൺമോത്തിൽ ആവേശോജ്വലമായി കൊടിയിറങ്ങി. പഞ്ചേന്ദ്രിയങ്ങൾക്കും ആനന്ദദായകമായ ഒരു വൈകുന്നേരത്തിനാണ് യുകെ മലയാളികൾ ശനിയാഴ്ച സാക്ഷികളായത്.
നയനാനന്ദകരമായ ചടുലനൃത്തങ്ങൾ, ശ്രവണോത്സുകമായ ഗാനമാലകൾ, ഘ്രാണ-രസനേന്ദ്രിയങ്ങളെ ഉണർത്തുന്ന രുചിയൂറും വിഭവങ്ങൾ, ത്വഗിന്ദ്രിയമുണർത്തുന്ന ആഘോഷങ്ങളുടെ രോമാഞ്ചങ്ങൾ.
സംഘാടകരും, വിവിധ കലാപരിപാടികളിൽ ഭാഗഭാക്കായവരും ഗംഭീരമായ ഒരു സംഗീത നൃത്ത്യ സന്ധ്യ കാണികൾക്കായി കാഴ്ച വച്ചു. എഴുപതിൽ പരം കലാകാരന്മാരുടെ പ്രകടനമാണ് അന്നേ ദിവസം നടന്നത്.
പ്രഗത്ഭരായ സൗണ്ട് ലൈറ്റ് എഞ്ചിനീയർമാർ ഒരുക്കിയ വർണ്ണാഭമായ കാഴ്ചകളും ആവേശോജ്വലമായ ശബ്ദവിസ്മയങ്ങളും മോടി കൂട്ടി.
കളർ മീഡിയ ( വെൽസ് ചാക്കോ) ബീറ്റ്സ് യുകെ ഡിജിറ്റൽ വേൾഡ് ( ബിനു നോർത്താംപ്ടൺ ) എന്നിവരാണ് നൂതന സാങ്കേതിക പിന്തുണയോടെ പരിപാടികൾ ഗംഭീരമാക്കിയ ടെക്‌നിക്കൽ ടീം.
എ ആർ ഫോട്ടോഗ്രഫി, ടൈം ലെസ്സ് സ്റ്റുഡിയോ, എന്നിവരടങ്ങുന്ന പരിചയ സമ്പന്നരും കാര്യക്ഷമവുമായ ഫോട്ടോഗ്രഫി ടീം. വീഡിയോഗ്രാഫിയിൽ നിപുണരായ റോസ് ഡിജിറ്റൽ വിഷനാണ് ദൃശ്യങ്ങൾ പകർത്തി പ്രേക്ഷകരിലേക്ക് എത്തിച്ചത്.
ഡിസൈനേജ് അഡ്വർടൈസിങ്, ഫ്ളിക്സ് ബ്രാൻഡിംഗ്, എ ആർ എന്റർടൈൻമെന്റ്, ആർ കെ ഡിസൈനേഴ്സ് എന്നിവരാണ് ഈ വർഷത്തെ വ്യത്യസ്തമായും രസകരമായും പോസ്റ്ററുകൾ തയ്യാറാക്കിയവർ.
യൂ കെ യിൽ നിരവധി വേദികളിൽ പരിചയ സമ്പന്നരായ അവതാരകാരായ ആർ ജെ ബ്രൈറ്റ്, പപ്പൻ, ജോൺ, ജിഷ്മ എന്നിവർ അണിനിരക്കുന്ന അവതാരകനിര കാണികളെ ഉന്മേഷത്തിൽ നിറച്ചു. അനീഷ് ജോര്‍ജ്ജ്, ടെസ്‌മോള്‍ ജോര്‍ജ്, ഷിനു സിറിയ്ക്ക്, ഡാന്റോ പോള്‍, സുനില്‍ രവീന്ദ്രന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റിയാണ് എല്ലാ വർഷവും ഈ അവിസ്മരണീയമായ സംഗീത സായാഹ്നം നമുക്കായി ഒരുക്കിയത്.
അന്നേ ദിവസം കേബ്രിഡ്ജ് മേയർ ബഹുമാന്യനായ ശ്രീ ബൈജു തിട്ടാല വിശിഷ്ട അഥിതിയായി സാന്നിധ്യം കൊണ്ട് നമ്മോടൊപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തെ ആദരിച്ചതോടൊപ്പം ജീവകാരുണ്യ പ്രവർത്തങ്ങളിൽ സ്തുത്യർഹമായ സേവനം ചെയ്യുന്ന ടോണി ചെറിയാൻ, നഴ്സിംഗ് പഠന റിക്രൂട്ട്മെന്റ് മേഖലയിലെ മികവിന് ആർഷ സെബാസ്റ്റ്യൻ എന്നിവരെയും പ്രേത്യേകാൽ ആദരിക്കുക ഉണ്ടായി. കവൻട്രി ആസ്ഥാനമായ ലൈഫ് ലൈൻ പ്രോട്ടക്ട് ലിമിറ്റഡ് ആണ് മുഖ്യ സ്പോൺസർ. അവരുടെ വിവിധ സേവങ്ങൾക്കുള്ള വിശദമായ വിവരങ്ങളും നൽകാൻ അന്നേ ദിവസം അതിന്റെ അധികൃതർ സന്നിഹിതരായിരുന്നു.
യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന വോക്സ് ഏഞ്ചല മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ്ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും എല്‍ഇഡി സ്‌ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകര്‍ ഗാനങ്ങള്‍ ആലപിച്ചു കത്തികയറി.
അതോടൊപ്പം തന്നെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും വിവിധ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേർന്നപ്പോൾ യുകെ മലയാളികളുടെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുന്ന കലാസായാഹ്നമാണ് മഴവില്‍ സംഗീതം തയ്യാറാക്കിയത്. പരിപാടിയുടെ കഴിഞ്ഞ പത്തു വർഷത്തെ ഉജ്വല വിജയം ഈ വർഷവും പ്രൗഡഗംഭീരമായി ആവർത്തിച്ചു.
ജൂൺ മാസം 15 ന് ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ), ലിവർപൂൾ ലിമ ഒരുക്കിയ അറിവിന്റെ മണിചെപ്പ് തുറന്ന “ചോദിക്കൂ.. പറയാം” എന്ന അവെർനെസ്സ് പ്രോഗാം മേഴ്‌സിസൈഡിലെ മലയാളി സമൂഹത്തിൽ ജനശ്രദ്ധ പിടിച്ചു പറ്റി. മേഴ്‌സിസൈഡിൽ പുതിയതായി എത്തിയവരും, വർഷങ്ങളായി താമസിക്കുന്നവർക്കും പുതിയ അറിവൂകൾ ലഭിക്കുന്നതിന് ഉതകുന്ന വിഷയങ്ങൾ ആയിരുന്നു ക്ലാസ്സുകൾ എടുക്കാൻ വന്നിരുന്നവർ തിരഞ്ഞെടുതിരുന്നത്.
യുകെയിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട യുകെയിലെ വിവിധ നിയമങ്ങൾ, പോലിസ്.
ക്രൈം, പണിഷ്‌മെൻറ്& കോടതി, ഹേറ്റ് ക്രൈം, യുകെയിലെ വിദ്യഭ്യാസം, സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി അഡ്മിഷൻ, യുകെ യിലെ ഡ്രൈവിങ്, റോഡ് നിയമങ്ങൾ,ഡിബിഎസ്.,യുകെയിലെ വിവിധങ്ങളായ ടാക്സുകൾ & ടാക്സ് റിട്ടെൺ,മോർഗേജ്,വിവിധ ലോൺ. കൂടാതെ തൊഴിലാളി യൂണിയൻ എന്നിവയെ കുറിച്ഛ് ഈ രംഗത്തെ വിദ്ധഗ്തർ ക്ലാസുകൾ എടുത്തു. കൂടാതെ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അപ്പോൾ തന്നെ മറുപടിയും ക്ലാസുകൾ എടുത്തവർ നൽകി.
പുതിയതായി മേഴ്‌സിസൈഡിലേക്ക് കുടിയേറിയവർക്ക് പരസ്പരം പരിചയപ്പെടാനും, അവരുടെ നിരവധി സംശയങ്ങൾ ദൂരികരിക്കുവാനും, അവരെ ലിമ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതിനും വേണ്ടിയായിരുന്നു ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ ഒരുക്കുന്ന “ചോദിക്കു.. പറയാം “എന്ന പ്രോഗ്രം ഒരുക്കിയത്. കുടിയേറ്റത്തിന്റെ ആദ്യഘട്ടം എന്നത് വളരെ കഷ്ടപ്പാട് നിറഞ്ഞതാണ് ഈ സമയത്തു കുടിയേറി വരുന്നവർക്ക് ഒരു കൈത്താങ്ങാകുന്നതിനു വേണ്ടിയും ആണ് സേവനത്തിന്റെ 24 വർഷങ്ങൾ പിന്നിടുന്ന ലിമ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത് .
മുൻ വർഷങ്ങളിൽ പുതിയതായി ലിവർപൂളിൽ എത്തുന്നവർക്കായി ലിമ സംഘടിപ്പിച്ച മീറ്റ് ആൻറ് ട്രീറ്റ് പരിപാടിയുടെ തുടർച്ച ആയിരുന്നു ഈ പ്രോഗാം. ലിവർ പൂളിലെ വിസ്റ്റൺ ടൗൺ ഹാളിൽ ജൂൺ 15 നായിരുന്നു ഈ പ്രോഗ്രാം നടത്തപ്പെട്ടത്. ഈ പ്രോഗ്രാമിന് പ്രവേശനം തികച്ചും സൗജന്യം ആയിരുന്നു. അറിവിന്റെ മണിചെപ്പ് തുറക്കുന്ന ഈ ഇൻഫർമേറ്റീവ് ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നവർക്ക് ഒരു നഷ്ടം തന്നെ ആയിരുന്നു എന്നാണ് പങ്കെടുത്തവർ എല്ലാം അഭിപ്രായപ്പെട്ടത്. പ്രോഗ്രാമിൽ പങ്കെടുത്ത ഏവർക്കും ലിമ കുടുബത്തിന്റെ നന്ദി .
യുകെയിൽ സ്കൂൾ അവധി കാലം ആരംഭിച്ചതോടെ ഒട്ടേറെ മലയാളികൾ ആണ് നാട്ടിലേയ്ക്ക് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്. എന്നാൽ ഈ വട്ടം നാട്ടിലെത്തി തങ്ങളുടെ ഇഷ്ടഭക്ഷണങ്ങൾ രുചിക്കാൻ ഒരു പക്ഷെ ഈ അവധി കാലത്ത് സാധിച്ചേക്കില്ല. ഏറ്റവും വലിയ ദുരന്തം രുചിയുള്ള കടൽ മത്സ്യങ്ങൾ കിട്ടാനില്ല എന്നതാണ്. ട്രോളിംഗ് നിരോധനവും മത്സ്യ ലഭ്യതയിലെ കുറവുമാണ് പ്രധാനകാരണം. ട്രോളിംഗ് നിരോധന സമയത്ത് കേരളത്തിൽ വിറ്റഴിക്കാൻ സൂക്ഷിച്ചു വയ്ക്കുന്ന പഴകിയ മത്സ്യങ്ങളുടെ ഭീഷണിയും ഒരു വശത്തുണ്ട്.
പലസ്ഥലങ്ങളിലും പക്ഷിപ്പനി രൂക്ഷമായതോടെ കോഴിയിറച്ചിയും താറാവും കിട്ടാനില്ല. മാർക്കറ്റിലെ മീൻ ചന്തകളിൽ സുലഭമായുള്ളത് വളർത്തുമത്സ്യങ്ങൾ മാത്രമാണ്. നെയ്യ് മുറ്റിയ വളർത്തുവാള ഉൾപ്പെടെയുള്ള മീനുകളിൽ മലയാളികൾക്ക് താത്പര്യം കുറവാണ്. മീനുകളെ കുറിച്ച് കാര്യമായ വിവരമില്ലാത്തവരെ വളർത്തുവാള കാണിച്ച് ആറ്റു വാളയാണെന്ന് പറഞ്ഞ് വിൽക്കുന്ന സംഭവങ്ങളും ഉണ്ട്. കറിവെച്ച് കഴിയുമ്പോഴായിരിക്കും അബദ്ധം മനസ്സിലാകുന്നത്.
കടൽ മീൻ ലഭ്യത കുറഞ്ഞതോടെ വളർത്തുമത്സ്യങ്ങളുടെ വിലയും കൂടി. വീടുകളിൽ വാഹനങ്ങളിൽ മത്സ്യം എത്തിച്ചിരുന്നവരും റോഡരികിൽ തട്ട് സ്ഥാപിച്ച് കച്ചവടം നടത്തുന്നവരും ഇതിൽ നിന്ന് പിന്തിരിഞ്ഞു. പച്ചമീനുകളുടെ ലഭ്യത കുറവിനെ തുടർന്ന് വളർത്തുമത്സ്യങ്ങൾക്കും, ഉണക്കമീനുകൾക്കും ആവശ്യക്കാരുമേറി.
പച്ചക്കറികൾ വാങ്ങാമെന്ന് കരുതിയാലും തീവിലയാണ്. രണ്ടാഴ്ച മുൻപ് വില കുറഞ്ഞുനിന്നിരുന്ന പച്ചക്കറികളുടെ വില കുത്തനെയാണ് ഉയർന്നത്. തമിഴ്‌നാട്ടിൽ നിന്നുമാണ് കൂടുതൽ പച്ചക്കറികൾ സംസ്ഥാനത്തേയ്ക്കെത്തുന്നത്.
മുളക്, ബീൻസ്, മുരിങ്ങയ്ക്ക, വെളുത്തുള്ളി എന്നിവയുടെ വില 100 രൂപയ്ക്ക് മുകളിലാണ്. മുളക് 160, കാരറ്റ് 80, തക്കാളി 90, ബീൻസ് 160,പാവയ്ക്ക 80, വഴുതനങ്ങ 80, കിഴങ്ങ് 60, കോവയ്ക്ക 80, ചേന 90, കൂർക്ക 90, പയർ 90, വെള്ളരി 60 പടവലം 60 എന്നിങ്ങനെയാണ് മറ്റിനങ്ങളുടെ വില.
കുമരകം കരിമീൻ എന്ന പേരിൽ ആന്ധ്രയിൽ നിന്നെത്തിക്കുന്ന കരിമീൻ ആലപ്പുഴ, കോട്ടയം ജില്ലകളിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. കണ്ടാൽ എളുപ്പത്തിൽ വ്യത്യാസം മനസിലാകില്ലെങ്കിലും രുചിയുടെ കാര്യത്തിൽ നാടൻ കരിമീനിന്റെ ഏഴയലത്തുപോലും എത്താൻ ആന്ധ്ര മീനിന് കഴിയില്ലെന്ന് ഭക്ഷണപ്രേമികൾ പറയുന്നു. വേമ്പനാട്ട് കായലിലാണ് ഏറ്റവും വലിയ കരിമീൻ സമ്പത്ത്. കുട്ടനാടൻ കരിമീൻ എന്ന പേരിൽ മിക്ക ഹോട്ടലുകളിലും ലഭിക്കുന്നത് ആന്ധ്ര മീനാണ്. യഥാർത്ഥ കരിമീനിന്റെ വില കൊടുക്കുകയും വേണം.