Latest News

തിരഞ്ഞെടുപ്പിലെ തോൽവിയുടെ ചൂട് സർക്കാരിലേക്കും മുഖ്യമന്ത്രിയിലേക്കും എത്താതിരിക്കാനുള്ള കരുതലിനിടെ സി.പി.എമ്മിനുള്ളിൽ അതൃപ്തി കനംവെക്കുന്നു. തിരുത്തുമെന്ന് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും വ്യക്തമാക്കിയതിനു പിന്നാലെ, തിരുത്തേണ്ടത് ജനങ്ങളെ കേട്ടുകൊണ്ടാകണമെന്ന മുന്നറിയിപ്പ് കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് പരസ്യമായി പ്രകടിപ്പിച്ചു.

തോൽവിയുടെ കാരണംതേടി പാർട്ടി നേതൃയോഗങ്ങൾ ചേരുന്നതിനിടെയാണ് ഐസക്കിന്റെ പ്രതികരണം പുറത്തുവരുന്നത് എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയെ നോക്കി മറുവാക്ക് പറയാൻ കഴിയാത്ത ആൾക്കൂട്ടമായി പാർട്ടി നേതൃഘടകം മാറുന്നുവെന്ന വിമർശനം ശക്തമാകുന്നതിനിടെയാണ് ഐസക്കിന്റെ നിലപാട് എന്നതും പ്രധാനമാണ്.

ഇടതുവോട്ടുകൾ കൂട്ടത്തോടെ ചോർന്നതിന്റെ അസ്വാരസ്യങ്ങൾ ആലപ്പുഴയിൽ പുകയുന്നുണ്ട്. ഭരണവിരുദ്ധവികാരമില്ലെന്ന നിലപാട് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയിൽ ഉയർത്തിയ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പനെതിരേ അവിടെ കടുത്ത വിമർശനമാണുണ്ടായത്.

എന്തുകൊണ്ട് തോറ്റുവെന്നതിന്, കേന്ദ്രഭരണമാറ്റത്തിനുള്ള ജനങ്ങളുടെ ആഗ്രഹം കോൺഗ്രസിന് അനുകൂലമായി മാറിയെന്ന മുഖ്യമന്ത്രിയുടെ തിയറി ഭൂരിപക്ഷം നേതാക്കൾക്കും അത്രയ്ക്ക് ദഹിക്കുന്നില്ല. മുഖ്യമന്ത്രിയുടെ സമീപനവും സർക്കാരിന്റെ പ്രവർത്തനവും ഇടതുവിരുദ്ധ വോട്ടായി മാറിയിട്ടുണ്ടെന്നകാര്യം പലരും സമ്മതിക്കുന്നുണ്ട്. പക്ഷേ, അത് പാർട്ടിയോഗത്തിൽ ഉയരാനിടയില്ലെന്ന കാര്യം അവർതന്നെ സൂചിപ്പിക്കുമ്പോഴാണ് ഐസക്കിന്റെ പ്രതികരണം. ഇനി സംസ്ഥാന കമ്മിറ്റി ഇതിനെ എങ്ങനെ പരിശോധിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. .

ഇടതുവോട്ടുകൾ ചോർന്നുപോയതിന്, പ്രവർത്തകരുടെ പെരുമാറ്റശൈലി തൃപ്തികരമല്ലാത്തതാണോ, അഴിമതി സംബന്ധിച്ചുള്ള പല ആക്ഷേപങ്ങളും വന്നതിലുള്ള ദേഷ്യമാണോ, സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടമാണോ, കിട്ടേണ്ട ആനുകൂല്യങ്ങൾ കിട്ടാതെവന്നപ്പോഴുള്ള ദേഷ്യമാണോ എന്നെല്ലാം പരിശോധിക്കണമെന്നാണ് ഐസക് പറഞ്ഞത്. ഇതിലേറെയും മുഖ്യമന്ത്രിക്ക് കൊള്ളുന്നതുമാണ്.

തിരഞ്ഞെടുപ്പിനുമുമ്പ് ഉയർന്ന അഴിമതി ആരോപണത്തിൽ പ്രധാനം മാസപ്പടിയാണ്. ഇത് മുഖ്യമന്ത്രിക്കും മകൾക്കുമെതിരേയുള്ളതാണ്. പെരുമാറ്റശൈലിയിലും വിമർശനം നേരിടുന്നതും പ്രധാനമായും മുഖ്യമന്ത്രിയാണ്.

ഐസക് ചൂണ്ടിക്കാട്ടിയ, സർക്കാരിന്റെ പ്രവർത്തനങ്ങളോടുള്ള അനിഷ്ടവും പാർട്ടിയെ ബാധിക്കുന്ന കാരണമല്ല. അതിനാൽ, തിരുത്തേണ്ടത് മുഖ്യമന്ത്രിയും സർക്കാരുമാണെന്ന ചർച്ചയിലേക്ക് പാർട്ടിയെ നയിക്കാനുള്ള മുന്നൊരുക്കമാകുമോ ഐസക്കിന്റെ വിമർശനം എന്നതും ഇനി അറിയാനിരിക്കുന്നതേയുള്ളൂ.

സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് തിരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ പരാജയത്തിന് കാരണമെന്ന് യോഗത്തിൽ വിമർശനമുയർന്നു. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി, കുടുംബവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ എന്നിവ തിരിച്ചടിയായെന്നും കൗൺസിലിൽ വിലയിരുത്തി.

സംസ്ഥാനത്തെ മന്ത്രിമാർക്കെതിരെയും യോഗത്തിൽ വിമർശനമുയർന്നു. ഭരണവിരുദ്ധ വികാരം ജനങ്ങളിൽ ഉടലെടുത്തത് തിരിച്ചടിയായി. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾ മതയോഗങ്ങളായി മാറി, മതമേധാവികൾക്ക് അമിത പ്രാധാന്യം കൊടുത്തു. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ നടത്തിയ നവകേരള സദസ് ധൂർത്തായി മാറി. ഈഴവ പിന്നാക്ക വിഭാഗങ്ങൾ ഇടതുപക്ഷത്തെ കൈവിടുകയായിരുന്നുവെന്നും വിമർശനം ഉയർന്നു.

തിരഞ്ഞെടുപ്പ് തോൽവിയിൽ സർക്കാരിനെതിരെ സിപിഐയുടെ പല ജില്ലാ യോഗങ്ങളിലും വിമർശനമുയർന്നിരുന്നു. വോട്ടിങിൽ പ്രതിഫലിച്ചത് സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണെന്ന അഭിപ്രായം എല്ലാവർക്കുമുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഈ അഭിപ്രായത്തെ അംഗീകരിക്കുന്നുണ്ട്.

ഇടുക്കി പൈനാവിൽ ഭാര്യാമാതാവിന്റെയും ഭാര്യ സഹോദരന്റെയും വീടിന് യുവാവ് തീയിട്ട സംഭവത്തിൽ ഭാര്യമാതാവിനെ കൊലപ്പെടുത്തുകയായിരുന്നു ഉദ്ദേശമെന്ന് പൊലീസ്. പ്രതി സന്തോഷിന്റെ സമ്മതമില്ലാതെയാണ് ഭാര്യ പ്രിൻസിയെ വിദേശത്തേക്ക് അയച്ച്. വിദേശത്ത് എത്തിയ ശേഷം പ്രിൻസി വിവാഹമോചനം ആവശ്യപ്പെട്ടു. ഇതാണ് പ്രകോപനത്തിന് കാരണമായത്. ഭാര്യാമാതാവ് അന്നക്കുട്ടി വീട്ടിൽ ഉണ്ടാകുമെന്ന് കരുതിയാണ് സന്തോഷ് വീടിന് തീയിട്ടതെന്നും ഇടുക്കി എസ്‌പി ടികെ വിഷ്ണു പ്രദീപ് പറഞ്ഞു.

കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവരുടെ വീടുകൾക്കാണ് പുലർച്ചയോടെ തീയിട്ടത്. സംഭവം നടക്കവേ രണ്ടു വീട്ടിലും ആളില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചു. വഴിയിലൂടെ പോയ നാട്ടുകാരാണ് വീട് കത്തുന്നത് കണ്ടത്. തുടർന്ന് പൊലീസിനെ അറിയിക്കുകയായിരുന്നു. അന്നക്കുട്ടിയുടെയും കൊച്ചുമകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ്‌ പെട്രോളൊഴിച്ച് തീ കൊളുത്തിയിരുന്നു.

പ്രിൻസി ഇറ്റലിയിൽ നഴ്സാണ്. ജൂൺ അഞ്ചിന് ഭാര്യവീട്ടിലെത്തിയ സന്തോഷ് പ്രിൻസിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചിരുന്നു. തർക്കത്തിനൊടുവിൽ ഭാര്യാമാതാവിനെയും സഹോദരന്റെ മകളെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. അന്നക്കുട്ടിക്ക് 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലുണ്ട്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വുമണ്‍സ് ഫോറത്തിന്റെ ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ ആനുവല്‍ ഗാതറിങിന് ഗംഭീര പരിസമാപ്തി. ഇന്നലെ ഗ്ലോസ്റ്ററിലെ സെന്റ് അഗസ്റ്റിയന് ചര്‍ച്ചില്‍ നടന്ന ആനുവല്‍ ഗാതറിങ് വനിതകളുടെ പങ്കാളിത്തം കൊണ്ടും പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായി.

മൂന്ന് വൈദികരുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടി ആരംഭിച്ചത്. ശേഷം ആനുവല്‍ ഗാതറിങ്ങിന്റെ ഔദ്യോഗിക ഉത്ഘാടനം നടന്നു. ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ ജോയ്ന്റ് സെക്രട്ടറി ഷീബ അളിയത്ത് ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു. വുമണ്‍സ് ഫോറം റിജ്യണല്‍ ഡയറക്ടര്‍ റവ ഫാ മാത്യു സെബാസ്റ്റ്യന്‍ പാലരകരോട്ട് പരിപാടിയുടെ ഉത്ഘാടനം നിര്‍വഹിച്ചു. വലിയ സ്വപ്നം കാണുക, വലിയ മനസുള്ളവരാകുക.. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതു പോലെ നമ്മള്‍ സ്വപ്നത്തിന്റെ തീര്‍ത്ഥാടകരാണ്. അതിനാല്‍ വലിയ സ്വപ്നങ്ങള്‍ കണ്ട് വലിയ നേട്ടങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കാന്‍ ഫാദര്‍ മാത്യു സെബാസ്റ്റ്യന്‍ ആഹ്വാനം ചെയ്തു.

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജ്യണ്‍ കോര്‍ഡിനേറ്ററായ റവ ഫാ ജിബിന്‍ വാമറ്റത്തില്‍ വുമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ത്രീകള്‍ ഹൃദയമാണ്. ശക്തമായ ധമനികളുണ്ടായാല്‍ മാത്രമേ ഹൃദയം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കൂ.. അതിനാല്‍ നിങ്ങള്‍ കൂടുതല്‍ കരുത്തരാകണമെന്ന് ഫാ ജിബിന്‍ ഏവരോടും ആവശ്യപ്പെട്ടു.

സെന്റ് തോമസ് മിഷന്‍ കാര്‍ഡിഫ് ഡയറക്ടര്‍ റവ ഫാ പ്രജില്‍ പണ്ടാരപറമ്പില്‍ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം അറിയിച്ചു. സ്ത്രീകള്‍ ഡോട്ടേഴ്‌സ് ഓഫ് കിങ്ങ് എന്നാണ് വിശേഷിപ്പിച്ചത്. കൃത്യനിര്‍വഹണത്തിന്റെ കാര്യത്തിലും മനോഭാവത്തിന്റെ കാര്യത്തിലും മികച്ച മുന്നേറ്റം കൊണ്ടുവരാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ഫാദറിന്റെ വാക്കുകള്‍.

സ്ത്രീകള്‍ക്ക് പൈശാചിക ശക്തികളെ തകര്‍ക്കാന്‍ കരുത്തുള്ളവരാണ്. ബാഹ്യ സൗന്ദര്യമല്ല കരുത്ത്. പ്രാര്‍ത്ഥനയോടെ മക്കളെ ചേര്‍ത്തുപിടിക്കുക. സ്ത്രീയുടെ സൃഷ്ടി മഹനീയമാണെന്നും സിസ്റ്റര്‍ ജീന്‍ പറഞ്ഞു.
വുമണ്‍സ് ഫോറം ഡയറക്ടര്‍ ഓഫ് എപാര്‍കി ജീന്‍ മാത്യുവും ബ്രദര്‍ ഷിബു ജോണും വനിതാ ഫോറത്തിന്റെ ആവശ്യകതകളെ പറ്റി സംസാരിച്ചു.ഷാലോം ടിവിയില്‍ നിന്ന് പ്രശനസ്തനായ ബ്രദര്‍ ഷിബു ജോണിന്റെ മോട്ടിവേഷണല്‍ വാക്കുകള്‍ ഏവര്‍ക്കും ആവേശം നിറഞ്ഞ അനുഭവമാണ് സമ്മാനിച്ചത്. പ്രാര്‍ത്ഥനയെ കേന്ദ്രീകരിച്ചായിരുന്നു സംസാരം. നേടിയെടുക്കാനല്ല ശക്തി സ്വീകരിക്കാനാണ് പ്രാര്‍ത്ഥിക്കേണ്ടത്. സ്വര്‍ഗ്ഗസ്തനായ പിതാവേ പ്രാര്‍ത്ഥനയുടെ അര്‍ത്ഥവും ബ്രദര്‍ വിശദീകരിച്ചു. പഴയ കാലത്തെ അമ്മമാരെ പോലെ നേടിയെടുക്കാനല്ല ശക്തിസ്വരൂപിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ ഫാദര്‍ ആഹ്വാനം ചെയ്തു.

രുചികരമായ ഭക്ഷണമാണ് ഒരുക്കിയിരുന്നത്. പിന്നീട് യൂണിറ്റുകളുടെ ആക്ടിവിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജ്യണ്‍ പ്രസിഡന്റ് സോണിയ ആന്റണി ഏവരോടും സംസാരിച്ചു. ജൂബി എല്‍സാ ജോണ്‍ പരിപാടിയുടെ ആങ്കറിങ്ങ് മനോഹരമായി നിര്‍വഹിച്ചു. ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെയും ന്യൂ പോര്‍ട്ടിന്റെയും വനിതകളുടെ നൃത്ത പരിപാടികള്‍ ഏവരുടേയും മനം കവര്‍ന്നു. മനോഹരമായ ഒരു ദിവസമാണ് വനിതാ ഫോറത്തിന് ആനുവല്‍ ഗാതറിങ്ങ് സമ്മാനിച്ചത്. അടുത്ത തവണ വീണ്ടും കാണാമെന്ന് പറഞ്ഞ് ഏവരും പിരിഞ്ഞത്. വനിതകളുടെ ഈ കൂട്ടായ്മയ്ക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാന്‍ പ്രചോദനമായിരുന്നു ഈ ഗെറ്റ് ടുഗെതര്‍.

അനുജ സജീവ്

ട്രെയിൻ ചീറിപ്പായുകയാണ് രാത്രിയിലെ യാത്രയാണ്. സൈഡ് ലോവർ സീറ്റാണ് എന്റേത്. ഉറക്കം കിട്ടുന്നേയില്ല. ഇടയ്ക്ക് എതിർപാളത്തിലൂടെ പായുന്ന ട്രെയിനുകളുടെ ശബ്ദം. ആരൊക്കെയോ ടിക്കറ്റ് ഇല്ലാതെ ബോഗിയിൽ കയറിയിട്ടുണ്ട് ടി ടി ഇ ഇടയ്ക്കിടെ എത്തുന്നു. ഉറക്കം തെളിയുമ്പോൾ എന്റെ എതിർവശത്തുളള സീറ്റിൽ ഒരാൾ ഉണർന്നിരിപ്പുണ്ട് മൊബൈലിൽ നോക്കിയിരിക്കുന്നു. ടി. ടി. ഇ വരുമ്പോൾ വേഗന്ന് സീറ്റിലേയ്ക്ക് കയറി കിടക്കും. ഗാഢനിദ്ര ………. പോയിക്കഴിയുമ്പോൾ എഴുന്നേറ്റിരിക്കും എന്റെ മനസ്സിൽ ചെറിയ ഒരു ഭീതികടന്നുകൂടി. പിന്നീട് ഉറങ്ങാനേ കഴിഞ്ഞില്ല. ചെറിയ ഒരു മയക്കത്തിലേയ്ക്കു വീണപ്പോൾ ആരോ എന്റെ കാൽപാദത്തിൽ സ്പർശിക്കുന്നപോലെ,, ഞെട്ടിയുണർന്നു നോക്കിയപ്പോൾ മുൻപിൽ ഒരു പെൺകുട്ടിയാണ് ഇരിക്കുന്നത്.

‘’ ഞാൻ മാറിയിരിക്കണോ ? ”

മര്യാദയുടെ കുഞ്ഞുശബ്ദം. “” വേണ്ട മോളെ….. ”

ഒരു കൂട്ടുകിട്ടിയ ആശ്വാസമായിരുന്നു എനിക്ക് . ജനാലയിലൂടെ പുറത്തേയ്ക്കു നോക്കിയിരിക്കുന്ന പെൺകുട്ടി വളരെ ആവേശത്തിലാണ്. അവളുടെ ആദ്യത്തെ ട്രെയിൻ യാത്രയാണ്. ദൂരെയുളള ഏതോ ബന്ധുവീട്ടിൽ പോകുന്നു.

” മലയുടെ മുകളിൽ ഒരു നക്ഷത്രം കണ്ടോ ? ”

അതോ വിളക്കുകത്തിച്ചതാരിക്കുമോ ?……

പുറത്ത് കാണുന്ന വീടുകൾക്കൊന്നും മേൽക്കൂരയില്ലല്ലോ .. ഇരുട്ടത്ത് അവൾ മേൽക്കൂര കാണാത്തതാണ്. ഞാൻ കൗതുകത്തോടെ അവളെ നോക്കിയിരുന്നതല്ലാതെ അവളുടെ കണ്ടുപിടുത്തങ്ങൾ ഒന്നും തിരുത്താൻ പോയില്ല. കുറച്ചു നേരം കൂടി അവളവിടെയിരുന്നു..

അപ്പോഴാണ് ബോഗിയുടെ മറ്റൊരു വശത്തുനിന്നും ഒരു കറുത്ത ഫ്രെയിമുളള കണ്ണട എന്നെ ലക്ഷ്യമാക്കി നീങ്ങുന്നു. കയ്യിലെ രണ്ടു ബാഗും എന്റെ അടുത്തു കൊണ്ടു വന്നു വച്ചു ഇൗ കറുത്ത ഫ്രെയിമുളള കണ്ണടയ്ക്ക് എന്നെ കുറെ നാളുകളായി പരിചയമുണ്ട് മറ്റൊരു ഭൂഖണ്ഡത്തിൽ നിന്നും എന്നെ കാണാനായി എത്തിയതാണ്.
നേരിട്ടുളള ആദ്യ കൂടികാഴ്ച …… തിരക്കുപിടിച്ച നഗരത്തിലെ ഒരു മാളിൽ വച്ച് ഒരു കൂടികാഴ്ച നേരത്തെതന്നെ ഉറപ്പിച്ചുവച്ചതാണ്.

ഗ്രാമത്തിലെ ഒരു ചെറിയ റെയിൽവേ സ്റ്റേഷനിൽ നിന്നും നഗരത്തിലേയ്ക്കു ട്രെയിൻ കയറി സീറ്റ് കണ്ടെത്താനുളള തിരക്കിൽ വേഗത്തിൽ നടക്കുകയാണ്. അപ്പോളാണ് എന്നെ വിളിക്കുന്ന ഒരു ശബ്ദം കേൾക്കുന്നത്. അമ്പരപ്പോടെ നോക്കിയപ്പോൾ കറുത്ത ഫ്രെയിമുളള കണ്ണട. കണ്ണടയ്ക്കു ളളിൽ സ്നേഹാർദ്രമായ രണ്ടുകണ്ണുകൾ, വിശ്വസിക്കാനേ പറ്റുന്നില്ല. ട്രെയിനിൽ കയറിയ വേഗതയൊന്നും പിന്നീടുണ്ടായില്ല. ഞാൻ പതിയെ എന്റെ സീറ്റിൽ വന്നിരുന്നു. തിരിഞ്ഞുനോക്കിയപ്പോൾ കറുത്ത ഫ്രെയിമുളള കണ്ണട എന്നേ നോക്കി നിൽക്കുന്നു ………. ജീവിതത്തിലെ അത്യപൂർവ്വമായ നിമിഷങ്ങൾ …..

ഞാൻ കയറിയ ബോഗിയിൽ നേരത്തെ ബുക്ക് ചെയ്ത് എന്നെ അറിയിക്കാതെ അപ്രതീക്ഷിതമായ ഒരു കണ്ടുമുട്ടൽ ഒരുക്കിയതാണ് എന്ന് പിന്നീടറിഞ്ഞു. ദുഃഖസാന്ദ്രമായ എന്റെ ജീവിതത്തിലേയ്ക്ക് ആശ്വാസത്തിന്റെ കണികയുമായി അകലത്തുനിന്നും വന്നെത്തിയ കണ്ണട. എന്റെ മുഖം ഞാൻ ആ കണ്ണടയുടെ തോളിൽ മെല്ലെ ചായ്ച്ചു. ട്രെയിനിന്റെ വേഗത കൂടിയിരിക്കുന്നു. ഒപ്പം മനസ്സുകളുടെയും………

വര : അനുജ സജീവ്

അനുജ സജീവ് : ലക്ചറര്‍, സ്‌കൂള്‍ ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സസ്, പത്തനംതിട്ട. 2016, 2018 വര്‍ഷങ്ങളില്‍ കേരള ലളിത കലാ അക്കാദമി, ദര്‍ബാര്‍ ഹാള്‍ കൊച്ചിയില്‍ നടത്തിയ ‘ആര്‍ട്ട് മാസ്‌ട്രോ കോമ്പറ്റീഷന്‍ ആന്റ് എക്‌സിബിഷനില്‍   ‘സണ്‍ഫ്‌ളവര്‍’, ‘വയനാട്ടുകുലവന്‍’ എന്നീ പെയിന്റിംഗുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അനുജയുടെ കഥകൾ മലയാളം യുകെയിൽ പ്രസിദ്ധികരിച്ചിട്ടുണ്ട് .

ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ നമീബിയയെ നിലംപരിശാക്കി ഇംഗ്ലണ്ട് സൂപ്പർ എട്ടിലേക്കുള്ള വഴി കൂടുതല്‍ ദൃഢമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ ഇംഗ്ലണ്ട് തങ്ങളുടെ അവസാന മത്സരത്തില്‍ 41 റണ്‍സിന് നമീബിയയെ പരാജയപ്പെടുത്തി. ഓസ്ട്രേലിയ സ്കോട്ട്ലൻഡ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും ഇനി ഇംഗ്ലണ്ടിന്റെ ഭാവി..

ഹാരി ബ്രൂക്കിന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിന് നമീബിയയ്ക്കെതിരെ തകർപ്പൻ ജയം സമ്മാനിച്ചത്. മഴ ദീർഘനേരം മത്സരത്തെ തടസ്സപ്പെടുത്തിയതോടെ പുറത്താകല്‍ ഭീഷണിയിലായിരുന്നു ഇംഗ്ലണ്ട്. ഒടുവില്‍ 11 ഓവറാക്കി വെട്ടിചുരുക്കിയ മത്സരം വീണ്ടും മഴയെത്തിയതോടെ 10 ഓവറാക്കി മാറ്റി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പത്തോവറില്‍ 122 റണ്‍സെടുത്തു. രണ്ടാമത് ബാറ്റ് ചെയ്യാനെത്തിയ നമീബിയയ്ക്ക് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 126 റണ്‍സായിരുന്നു വിജയലക്ഷ്യം. പത്ത് ഓവറില്‍ 84 റണ്‍സെടുക്കാനെ നമീബിയയ്ക്ക് ആയുള്ളൂ.

നേരത്തെ ടോസ് നേടിയ നമീബിയ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തുടക്കത്തില്‍ പതറിയ ഇംഗ്ലണ്ടിനെ ജോണി ബെയർസ്റ്റോയും ഹാരി ബ്രൂക്കുമാണ് കരകയറ്റിയത്. ഹാരി ബ്രൂക്ക് 20 പന്തില്‍നിന്ന് 47 റണ്‍സടിച്ചപ്പോള്‍ ബെയർസ്റ്റോ 18 പന്തില്‍ നിന്ന് 31 എടുത്തു.

രണ്ടാം ഓവറില്‍ തന്നെ ഇംഗ്ലീഷ് സ്കോർ രണ്ടില്‍നില്‍ക്കെ ബട്ട്ലറെ (0)നഷ്ടപ്പെട്ടു. മൂന്നാം ഓവറില്‍ ഫില്‍ സാല്‍ട്ടും (11) മടങ്ങി. പിന്നീടാണ് ബെയർസ്റ്റോയും ഹാരി ബ്രൂക്കും താണ്ഡവമാടിയത്. ബെയർസ്റ്റോ മടങ്ങിയതിന് പിന്നാലെ എത്തിയ മൊയീൻ അലിയും ലിയാം ലിവിങ്സ്റ്റോണും മോശമാക്കിയില്ല.

മൊയീൻ അലി ആറ് പന്തില്‍ നിന്ന് 16 അടിച്ചു. നാല് പന്തില്‍ നിന്ന് 13 റണ്‍സായിരുന്നു ലിയാമിന്റെ സംഭാവന. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് 122 അടിച്ചത്.

ഖത്തറിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. തൃശൂർ വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് ഹംസ (21), വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് ഹബീൽ (22) എന്നിവരാണ് മരിച്ചത്.

മാൾ ഓഫ് ഖത്തറിന് സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ട് പേരും തൽക്ഷണം മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ പരിക്ക് ഗുരുതരമില്ലന്നാണ് പ്രാഥമിക വിവരം. മൃതദേഹങ്ങൾ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുവൈറ്റിലുണ്ടായ തീപിടിത്തം ദൗര്‍ഭാഗ്യകരമെന്ന് എന്‍ബിടിസി എം.ഡി കെ.ജി എബ്രഹാം. ജീവനക്കാരെ കാണുന്നത് കുടുംബാംഗങ്ങളെ പോലെയാണെന്നും മരണമടഞ്ഞവരുടെ കുടംബങ്ങള്‍ക്ക് എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും അദേഹം കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിനിടെ കെ.ജി എബ്രഹാം വിതുമ്പിക്കരഞ്ഞു.

തീപിടിത്തത്തില്‍ മരിച്ചവരുടെ നാല് വര്‍ഷത്തെ ശമ്പളവും ആനുകൂല്യങ്ങളും അവരുടെ കുടുംബത്തിന് നല്‍കും. നഷ്ട പരിഹാരമായി പ്രഖ്യാപിച്ച എട്ട് ലക്ഷം രൂപയ്ക്കും ഇന്‍ഷുറന്‍സ് തുകയ്ക്കും പുറമെയാണിതെന്നും അദേഹം വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബാംഗങ്ങളെ കമ്പനി അധികൃതര്‍ നേരിട്ടുപോയി കാണും. ഞങ്ങളുടെ പിഴവ് കൊണ്ടല്ല അപകടമുണ്ടായത്. എങ്കിലും ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കുന്നു. കമ്പനി വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായതെന്നും നിയമങ്ങള്‍ക്ക് വിധേയമായാണ് ആളുകളെ താമസിപ്പിച്ചതെന്നും അദേഹം പറഞ്ഞു.

എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷൂറന്‍സ് പരിരക്ഷയുണ്ട്. സാമ്പത്തിക സഹായം മാത്രല്ല, ജോലി വേണ്ടവര്‍ക്ക് അതുറപ്പാക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നല്ല രീതിയിലുളള ഇടപെടലാണ് ഉണ്ടായത്. മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു. ക്യാമ്പുകളുടെ പരിശോധന എല്ലാ സമയത്തും നടത്താറുണ്ടെന്നും കെ.ജി എബ്രഹാം പറഞ്ഞു.

ജീവനക്കാര്‍ മുറിക്കുള്ളില്‍ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തില്‍ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകട കാരണം.

അപകടം നടന്ന സമയത്ത് 80 പേരില്‍ കൂടുതല്‍ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനില്‍ നിന്നാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാര്‍ട്ട്‌മെന്റില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിരുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകട വിവരം അറിയുന്നത്. വിഷയം അറിഞ്ഞതോടെ യാത്ര ഒഴിവാക്കി തിരുവല്ലയിലെ വീട്ടിലേക്ക് പോയി. പ്രഷറും ഷുഗറും വര്‍ധിച്ച് അസ്വസ്ഥത അനുഭവപ്പെട്ടു. പെട്ടെന്നു തന്നെ ആശുപത്രിയിലേക്ക് മാറിയെന്നും കെ.ജി എബ്രഹാം പറഞ്ഞു.

ആത്മഹത്യക്ക് ശ്രമിച്ച കാമുകനെ ആശുപത്രിയിൽ പോയി കണ്ട് മടങ്ങും വഴി, വിഷമം താങ്ങാനാവാതെ കാമുകി വിഷം കഴിച്ചു. പിന്നാലെ തല കറങ്ങിയതോടെ ഓടി തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. തുടർന്ന് ബോധരഹിതയായ യുവതിയെ ആശുപത്രിയിൽ എത്തിച്ച് പൊലീസ്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വെള്ളറട സ്വദേശിനിയായ യുവതി കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിഷം കഴിച്ച ശേഷം ഓടിക്കയറിയത്. ആത്മഹത്യക്ക് ശ്രമിച്ച്‌ ആശുപത്രിയില്‍ കഴിയുന്ന വിവാഹിതനായ ആണ്‍സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെയാണ് യുവതിയും വിഷം കഴിച്ചത്.

യുവതി അഞ്ചല്‍ സ്വദേശിയായ ആണ്‍ സുഹൃത്തിനെ ഹോസ്പിറ്റലില്‍ കണ്ട് മടങ്ങുമ്ബോഴാണ് സംഭവം. ഇരുചക്ര വാഹനത്തിലായിരുന്ന യുവതി സഞ്ചരിച്ചിരുന്നത്, വഴിയില്‍ എവിടെയോ വച്ച്‌ വിഷം കഴിക്കുകയായിരുന്നു. കിളിമാനൂർ പൊലീസ് സ്റ്റേഷന് സമീപം എത്തിയപ്പോള്‍ തല കറക്കം ഉണ്ടായി. ഓടി സബ് ഇൻസ്പെക്ടറുടെ റൂമിലെത്തി വിഷം കഴിച്ചകാര്യം പറയുന്നതിനിടെ ബോധം കെട്ട് വീഴുകയായിരുന്നു.

ആണ്‍ സുഹൃത്ത് ആത്മഹത്യാശ്രമം നടത്തിയാണ് ആശുപത്രിയിലായതെന്ന് പറയുന്നു. ഇയാള്‍ വിവാഹിതനാണത്രെ. പൊലീസുകാർ ഉടൻ യുവതിയെ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

യുവതിയുടെ ബാഗില്‍ നിന്ന് ശീതളപാനിയത്തില്‍ കലർത്തിയ അര ലിറ്ററോളം വിഷം കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

ജി7 വേദിയില്‍ ഫ്രാന്‍സിസ് പാപ്പയെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോഡിക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിര്‍മിത ബുദ്ധിയുടെ ധാര്‍മികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചര്‍ച്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്നത്. പാപ്പയെ ആശ്ലേഷിച്ച പ്രധാനമന്ത്രി കൈപിടിച്ച് കുശലാന്വേഷണം നടത്തുകയും ചെയ്തു.

ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ അകമ്പടിയോടെ വീല്‍ചെയറിലാണ് മാര്‍പാപ്പ ജി7 വേദിയില്‍ എത്തിയത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും യൂറോപ്യന്‍ പാര്‍ലമെന്റ് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്‌നും ഉള്‍പ്പെടെ നിരവധി നേതാക്കള്‍ അദ്ദേഹത്തെ സ്വീകരിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്കുമായുള്ള കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി മോഡി മാര്‍പാപ്പയെ കണ്ടത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

ജി7 ചര്‍ച്ചയില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ പങ്കെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്. സാധാരണ ഇത്തരം വേദികളില്‍ മാര്‍പാപ്പ എത്താറില്ല. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. ഇറ്റലിയിലെ ബോര്‍ഗോ എഗ്‌സാനിയയിലാണ് രണ്ട് ദിവസത്തെ ഉച്ചകോടി നടക്കുന്നത്.

RECENT POSTS
Copyright © . All rights reserved