Latest News

ബോസ്റ്റണിലെ മാസച്യുസെറ്റ്‌സ് അവന്യു റെയില്‍വേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിനും ട്രെയിനിന്റെ ബോഗിക്കുമിടയില്‍ കാല്‍ കുടുങ്ങിയ യുവതിയെ രക്ഷിച്ചത് യാത്രികര്‍. ട്രെയിനില്‍ നിന്നും പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങുന്നതിനിടെയാണ് നാല്‍പ്പത്തിയഞ്ചുകാരിയായ ഇവരുടെ കാല്‍ കുടുങ്ങിയത്.  സംഭവം കണ്ട് ഓടിയെത്തിയ യാത്രികര്‍ ഒത്തൊരുമിച്ച് ട്രെയിന്‍ തള്ളി ഉയര്‍ത്തുകയും യുവതിയെ രക്ഷിക്കുകയുമായിരുന്നു. കാലിനു നിസാരപരിക്കേറ്റ ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   എന്നാല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് രക്ഷാപ്രവര്‍ത്തനത്തിനിടെ ഈ യുവതി വിളിച്ചു പറഞ്ഞ ഒരു കാര്യമായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ ആംബുലന്‍സ് വിളിക്കരുതെന്നും കാരണം 2,06,835.00 അവര്‍ക്ക് ഫീസ് നല്‍കേണ്ടി വരുമെന്നും അത്രയും തുക തന്റെ കൈവശമില്ലെന്നുമായിരുന്നു ഇവര്‍ പറഞ്ഞത്.

കൊടുങ്ങൂര്‍ സ്വദേശിയായ ഷെമീര്‍ (38) ആണ് അറസ്റ്റിലായത്. മേസ്തിരി പണിക്കാരനായ ഷെമീറിനൊപ്പം ജോലി ചെയ്യുന്ന വീട്ടമ്മയെ ഇയാള്‍ കുമളിയില്‍ കൊണ്ടു പോയി പീഡിപ്പിച്ച ശേഷം നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തു എന്നാണ് പരാതി. ഒരു വര്‍ഷം മുന്‍പാണ് പീഡനം നടന്നത്. പിന്നീട് ഇയാള്‍ പലതവണ വീട്ടമ്മയെ വശീകരിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ അകന്നു. ഇതോടെയാണ് മേസ്തിരി വീട്ടമ്മയുടെ പഴയ നഗ്‌ന ഫോട്ടോയും വീഡിയോയും മകളുടെ മൊബൈല്‍ ഫോണിലേക്ക് അയച്ചു കൊടുത്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് മകളുടെ ഫോണിലേക്ക് അമ്മയുടെ നഗ്‌ന ഫോട്ടോയും മറ്റും എത്തിയത്. ഇതോടെ വീട്ടമ്മ പോലീസില്‍ പരാതി നല്കുകയായിരുന്നു.കറുകച്ചാല്‍ പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കും.

ഇരുണ്ട ഗുഹയില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവന്ന നിങ്ങള്‍ക്കുള്ളതാണ് ഈ വിജയമെന്ന് ഫ്രാന്‍സിന്റെ മധ്യനിരതാരം പോള്‍ പോഗ്ബ ട്വിറ്ററില്‍ കുറിച്ചു. ‘വെല്‍ഡണ്‍ ബോയ്സ്, യു ആര്‍ സോ സ്ട്രോങ്’ എന്നാണ് പോഗ്ബ കുറിച്ചത്. ഗുഹയിലകപ്പെട്ട ഫുട്ബോള്‍ കളിക്കാര്‍ കാണിച്ച അതേ മനോധൈര്യമാണ് ബെല്‍ജിയത്തിനെതിരെ ഫ്രാന്‍സ് കാണിച്ചത.്

സാങ്കേതികത്തികവിലും തന്ത്രത്തിലും ബെല്‍ജിയത്തെക്കാള്‍ മികച്ച് നിന്നത് ഫ്രാന്‍സ് തന്നെ. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ മികവ് കാട്ടി ബാലന്‍സ് ചെയ്ത ഫ്രെഞ്ച് പട ഉംറ്റിറ്റിയുടെ ഹെഡറിലൂടെ വിപ്ലവം തീര്‍ത്തു.
ലോകകപ്പിലെ ആദ്യസെമിയില്‍ ഫ്രാന്‍സിനെതിരെ ബെല്‍ജിയമാണ് പന്ത് കൈവശം വെക്കുന്നതില്‍ മുന്നില്‍ നിന്നത്. 64 ശതമാനമായിരുന്നു ബെല്‍ജിയത്തിന്റെ ബോള്‍ പൊസഷന്‍. 36 ശതമാനം മാത്രമായിരുന്നു ഫ്രാന്‍സിന്റെ ബോള്‍ പൊസഷന്‍.

ആദ്യപകുതിയില്‍ ആക്രമണത്തിന്റെ കെട്ടഴിയുന്നത് കണ്ടു. എംബാംപ്പെ ആദ്യ മിനിറ്റില്‍ തന്നെ പാഞ്ഞുകയറി. ഗ്രീസ്മാനും എംബാപ്പെയും ഇരച്ചുകയറിയപ്പോള്‍ ബെല്‍ജിയത്തിന്റെ പ്രതിരോധക്കോട്ട വിണ്ടുകീറി. പക്ഷെ ഗോള്‍ വീണില്ല. ബെല്‍ജിയത്തിന്റെ ഹസാര്‍ഡും ഡിബ്രുയനും ഫ്രഞ്ച് പ്രതിരോധം തുളക്കുന്ന ഷോട്ടുതിര്‍ത്തെങ്കിലും ഒന്നും വലഭേദിക്കുന്നതായിരുന്നില്ല. മധ്യനിരയില്‍ കാന്റെയും പോഗ്ബയും ആക്രമണത്തിന്റെ മുനയൊടിക്കാന്‍ നിന്നപ്പോള്‍ ലുക്കാക്കു നിറംമങ്ങി, ഉംറ്റിറ്റിയും വരാനെയും പവാര്‍ഡും പ്രതിരോധത്തില്‍ ഉരുക്കുപോലെ ഉറച്ചപ്പോള്‍ ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറക്ക് തലതാഴ്ത്തി മടങ്ങേണ്ടിവന്നു.

കൊണ്ടും കൊടുത്തും ഇരുടീമും ആദ്യപകുതിയില്‍ മുന്നേറി. രണ്ടാംപകുതിയില്‍ കളിയുടെ ഗതിമാറ്റിയത് ഫ്രാന്‍സ് തന്നെ. സെറ്റ് പീസുകളിലെ മാന്ത്രികള്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ തന്നെ പടയോട്ടത്തിന്റെ വിജയശില്‍പി. 51ാം മിനിറ്റില്‍‌ ഗ്രീസ്മാന്റെ കോര്‍ണറില്‍ നിന്ന് ഉംറ്റിറ്റി ബെല്‍‌ജിയന്‍ വലയിലേക്ക് തട്ടിയിട്ട പന്ത് സുവര്‍ണതലമുറയുടെ ചരിത്രക്കുതിപ്പിന് തടയിട്ടു.

പ്രതിരോധക്കോട്ട കെട്ടി വിജയിച്ച ഫ്രാന്‍സിന് അഭിമാനിക്കാന്‍ ഒന്നുമില്ലെന്നും ഇത് നാണംകെട്ട ജയമെന്നുമാണ് ബെല്‍ജിയത്തിന്റെ ഗോള്‍കീപ്പര്‍ തിബോട്ട് കുര്‍ട്ടിയോസ് വിശേഷിപ്പിച്ചത്. ക്വാര്‍ട്ടറില്‍ ബ്രസീലിനെതിരെ ബല്‍ജിയം ഇതുപോലെ പ്രതിരോധംകെട്ടി ജയം നേടിയപ്പോള്‍ തോന്നാത്ത നാണക്കേടാണ് ഇപ്പോള്‍ ബെല്‍ജിയത്തിന്റെ ഗോളിക്ക് തോന്നിയത് എന്നത് അത്ഭുതപ്പെടുത്തുന്നതായി.
ഗോള്‍ നേടിയശേഷം ഫ്രാന്‍സ് പ്രതിരോധം തീര്‍ത്തുവെന്നത് യാഥാര്‍ഥ്യം. പന്ത് കയ്യില്‍കിട്ടിയത് വളരെ കുറച്ചാണെങ്കിലും ഫ്രാന്‍സ് 19 തവണ നിറയൊഴിച്ചു. ബെല്‍ജിയം ആകട്ടെ ഒന്‍പത് ഷോട്ടുകളാണ് ഉതിര്‍ത്തത്. പ്രതിരോധവും ഉള്‍പ്പെടുന്നതാണ് കാല്‍പ്പന്താട്ടമെന്ന വസ്തുത കളിക്കാരും കാണികളും അംഗീകരിക്കണമെന്ന് ഈയൊരു മല്‍സരം വ്യക്തമാക്കുന്നു.

ഏറ്റവും വലിയ പ്രശ്നം സംഗീതമാണെന്ന പ്രസംഗിച്ച മതപ്രഭാഷകന് ചുട്ട മറുപടിയുമായി സൈറ സലീം. ഇസ്‌ലാം മത വിശ്വാസപ്രകാരം സംഗീതം ഹറാമാണെന്നും സംഗീതം മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണെന്നുമായിരുന്നു മതപ്രഭാഷകനായ മുജാഹിദ് ബാലുശ്ശേരി പറഞ്ഞത്. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ പ്രതിഷേധവും ട്രോളുകളും സജീവമായിരുന്നു. ഇതിനിടയിലാണ് വേറിട്ട മറുപടിയുമായി ഗായിക കൂടിയായ സൈറ സലീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

എന്തുകൊണ്ട് മുസ്​ലിം സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും വിലക്കിയെന്ന ആമുഖത്തോടെ തുടങ്ങുന്ന വിഡിയോയാണ് പ്രചരിച്ചത്.ലസംഗീതവും നൃത്തവും ഒരു ഉപകാരവുമില്ലാത്ത സംഗതിയാണെന്നും മാനവ ചരിത്രത്തില്‍ ഇത്രയും ദ്രോഹം ചെയ്ത മറ്റൊന്നില്ലെന്നുമായിരുന്നു മുജാഹിദ് ബാലുശ്ശേരിയുടെ വാദം. എന്നാല്‍ ഇതിന് ‘എല്ലാരും ചൊല്ലണ്’ എന്ന ഗാനം പാടിയാണ് സൈറയുടെ മറുപടി. പാട്ട് പോസ്റ്റ് ചെയ്യുന്നതിന് മുന്‍പ് അവര്‍ കുറിച്ച വരികളും ശ്രദ്ധേയം. ‘മുജാഹിദ് ബാലുശ്ശേരിയുടെ പുതിയ അന്തക്കേട് കേട്ട ‘ലെ ഞാൻ’, Mr. മുജാഹിദ് ബാലുശ്ശേരി, ഈ ഗാനം നിങ്ങൾക്കിരിക്കട്ടെ, വൈകിയതിൽ സദയം ക്ഷമിക്കുമല്ലോ. NB: ബാലുശ്ശേരിയുടെ അന്തക്കേട് കമൻറിലുണ്ട്… ഇനിയും കേൾക്കാത്തവർ ഉണ്ടെങ്കിൽ ഉപകാരപ്പെടും’. ഗായികയുടെ പാട്ടുകൊണ്ടുള്ള മറുപടി സോഷ്യല്‍ ലോകം ഏറ്റെടുത്തുകഴിഞ്ഞു.

കാത്തിരുന്ന ശുഭവാർത്ത ലോകം മുഴുവൻ ആഘോഷിക്കുന്നതിനിടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍. അടിയന്തര രക്ഷാപ്രവർത്തനത്തിടെയും ഗുഹയിൽ നിറഞ്ഞ വെള്ളം നിരന്തരമായി പുറത്തേക്ക് പമ്പ് ചെയ്തു കളയുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് പതിമൂന്ന് പേരെയും പുറത്തെത്തിച്ചതും. എന്നാൽ പതിമൂന്ന് പേരെയും പുറത്തെത്തിച്ച് മണിക്കൂറുകൾക്കുള്ളിൽ വാട്ടർ പമ്പുകൾ പ്രവർത്തന രഹിതമായി. ഇതേത്തുടർന്ന് ഗുഹയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നെന്ന് അകത്തുണ്ടായിരുന്ന ്രഡൈവർമാർ വെളിപ്പെടുത്തി. രക്ഷാപ്രവർത്തനസമയത്ത് യാതൊരു കുഴപ്പവുമില്ലായിരുന്ന പമ്പുകൾ പെട്ടെന്ന് പ്രവർത്തനരഹിതമാകാനുള്ള കാരണം വ്യക്തമല്ല.

കുട്ടികൾ അകത്തുണ്ടായിരുന്നപ്പോഴാണ് പമ്പുകൾ പണിമുടക്കിയിരുന്നതെങ്കിൽ രക്ഷാപ്രവർത്തനം തകിടം മറിഞ്ഞേനെ. പതിമൂന്ന് പേരുടെയും ജീവനും അപകടത്തിലായേനെയെന്ന് രക്ഷാപ്രവർത്തകസംഘം പറയുന്നു.

13 പേര്‍ക്കുവേണ്ടി ലോകം മുഴുവൻ ഒരുമനസ്സോടെ പ്രാർഥിച്ച ദിനങ്ങൾ ആണ് കടന്നുപോയത്. ദിവസങ്ങൾ നീണ്ടുനിന്ന ലോകോത്തര രക്ഷാദൗത്യത്തിനൊടുവിലാണ് താം ലുവാങ് ഗുഹയിൽ കുടുങ്ങിയ 12 കുട്ടികളെയും ഫുട്ബോൾ കോച്ചിനെയും രക്ഷപെടുത്തി പുറത്തെത്തിച്ചത്. രണ്ട് ദിവസമെടുത്താണ് ഇവരെ പുറത്തെത്തിച്ചത്.

ജൂൺ 23നാണ് പന്ത്രണ്ട് കുട്ടികളും ഫുട്ബോൾ പരിശീലകനും ഗുഹക്കുള്ളിൽ കുടുങ്ങിപ്പോയത്. പത്താം ദിവസമാണ് ഇവരെ കണ്ടെത്തിയത്. ആദ്യദിവസം നാല് പേരെയും രണ്ടാം ദിവസം ബാക്കി ഒൻപത് പേരെയും പുറത്തെത്തിച്ചു.

സംഭവ ബഹുലമായ ദൗത്യം ഇങ്ങനെ:

പ്രകൃതിയുടെ നിഗൂഢതകളെ അടുത്തറിഞ്ഞ ദിവസങ്ങള്‍. ലോകം നോക്കിയിരുന്നു ആ രക്ഷാദൗത്യം. മനുഷ്യസാധ്യമോ എന്ന് പോലും പകച്ച മണിക്കൂറുകള്‍. ഒടുവില്‍ പ്രതിസന്ധികള്‍ തീവ്രപരിശ്രമങ്ങള്‍ക്ക് മുന്നില്‍ വഴിമാറി. അപകടത്തില്‍പ്പെട്ട ഒരാള്‍ക്ക് പോലും ജീവഹാനിയോ ഒരുപോറല്‍ പോലും ഏല്‍ക്കാതെ രക്ഷാദൗത്യം സേന പുറത്തെത്തിച്ചു. കൃത്യമായ മുന്നൊരുക്കങ്ങളും വരുംവരായ്കകളും മുന്‍കൂട്ടി കണ്ടുള്ള നീക്കങ്ങളാണ് ഘട്ടംഘട്ടമായി വിജയത്തിലേക്കെത്തിച്ചത്. ഒരാള്‍ക്ക് കഷ്ടിച്ച് നിരങ്ങി നീങ്ങാന്‍ കഴിയുന്ന ഇടങ്ങള്‍ വരെ ഗുഹയ്ക്കുള്ളിലുണ്ടായിരുന്നു. അതിനെയെല്ലാം മറികടന്നാണ് കുട്ടികളെയും പരിശീലകനെയും പുറത്തെത്തിച്ചത്. കുട്ടികള്‍ കുടുങ്ങിയ നാലുകിലോമീറ്റര്‍ മറികടക്കുക എന്നത് നിസാരമായിരുന്നില്ല. കൂരിരുട്ടിൽ ഗുഹയിലെ വെള്ളക്കെട്ടിലൂടെ മുങ്ങാങ്കുഴിയിട്ടും നീന്തിയും ചിലയിടങ്ങളിൽ ഒരാൾക്കു കഷ്ടി നീങ്ങാൻ കഴിയുന്ന ഇടുക്കിലൂടെ നിരങ്ങിക്കയറിയും ഇടയ്ക്കു നടക്കുകയും വേണം. ഇങ്ങനെ പിന്നിടേണ്ടത് നാലു കിലോമീറ്റര്‍.

കഴിഞ്ഞ തിങ്കളാഴ്ച 12 കുട്ടികളെയും പരിശീലകനെയും കണ്ടെത്തിയശേഷം ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ദൗത്യ സംഘം തയാറാക്കിയ രക്ഷാപദ്ധതി ഇതാണ്. വെള്ളത്തിനടിയിലൂടെയുള്ള നീന്തലിനിടെ കുട്ടികൾ വല്ലാതെ ഭയന്നുപോകുമോ എന്നതായിരുന്നു പ്രധാന വെല്ലുവിളി. കുട്ടികളിൽ ആർക്കും നീന്തൽ പരിചയം ഇല്ലായിരുന്നു. മുഖം മറയ്ക്കുന്ന സ്കൂബ മാസ്ക്, ഹെൽമറ്റ്, ദേഹമാസകലം മൂടുന്ന നനവിറങ്ങാത്ത വസ്ത്രം, ബൂട്ട് എന്നിവ ധരിച്ചശേഷം രണ്ടു നീന്തൽ വിദഗ്ധരുടെ നടുവിലായിരുന്നു പുറത്തേക്കുള്ള യാത്ര. ഗുഹയ്ക്കുള്ളിലെ നീന്തലിനു പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഇവർ. ഗുഹാമുഖത്തുനിന്ന് കുട്ടികളെ കണ്ടെത്തിയ സ്ഥലം വരെ നാലു കിലോമീറ്റർ ദൂരത്തിൽ വലിച്ചുകെട്ടിയ 8 മി.മീ. കനമുള്ള ഇളകാത്ത കേബിൾ ആയിരുന്നു ദൗത്യസംഘാംഗങ്ങൾക്കുള്ള വഴികാട്ടി. മുന്നിലുള്ള ഡൈവറാണു കുട്ടിയുടെ ഓക്സിജൻ ടാങ്ക് ചുമന്നത്. മുന്നിലുള്ളയാളുമായി കുട്ടിയെ ബന്ധിപ്പിക്കുകയും ചെയ്തു.

ഇതായിരുന്നു ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 13 പേരെ രക്ഷാസംഘം പുറത്തെത്തിച്ചത്. സമീപകാലത്തു ലോകം കണ്ട അതീവ ദുഷ്കരദൗത്യങ്ങളിെലാന്നായി ഇതിനെ വിലയിരുത്താം. തീവ്രരക്ഷാദൗത്യത്തിനിടെ, തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥൻ സമൻ കുനോന്ത് (38) മരിച്ചതു നൊമ്പരമായി. ഗുഹയിൽ കുടുങ്ങിയ 13 പേർക്കായി ഓക്സിജൻ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ജീവവായു തീർന്നാണു നീന്തൽ വിദഗ്ധനായ സമൻ കുനോന്ത് മരിച്ചത്. ജൂൺ 23നാണ് ഉത്തര തായ്‍ലൻഡിൽ താം ലുവാങ് ഗുഹയിൽ 12 കുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനും കയറിയത്. ഇവർ കയറുന്ന സമയത്തു ഗുഹയ്ക്കുള്ളില്‍ വെള്ളമുണ്ടായിരുന്നില്ല. പിന്നീട് പെയ്ത പെരുമഴയില്‍ വെള്ളം ഇരച്ചുകയറി. ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിലും നിറഞ്ഞു. വെളിച്ചം മറഞ്ഞു. തുടർച്ചയായി മഴ പെയ്തതോടെ, 10 കിലോമീറ്റർ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റർ അകത്തെത്തിയിരുന്നു കുട്ടികൾ.

ബ്രിട്ടൻ, യുഎസ്, ചൈന, മ്യാൻമർ, ലാവോസ്, ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, ജർമനി, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുടെ ഏകോപനമാണു രക്ഷാപ്രവർത്തനം വിജയമാക്കിയത്.

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാേപക്ഷ ഹൈക്കോടി തള്ളി.
കസ്റ്റ‍ഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറി വിശദമായി പരിശോധിച്ചതായും ഹൈക്കോടതി വ്യക്തമാക്കി. മൂന്നു വൈദികരുടെ അപേക്ഷകളാണ് തള്ളിയത്. ഫാ.ജെയ്സ് കെ.ജോര്‍ജ്,ഫാ.ജോബ് മാത്യു,ഫാ.സോണിവര്‍ഗീസ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ വസ്തുതകള്‍ കേസ് ഡയറിയിലുണ്ടെന്നും സുപ്രീംകോടതി മാനദണ്ഡങ്ങളും പ്രതികളുടെ ആവശ്യങ്ങള്‍ക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു.

‌മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. വീട്ടമ്മയുടെ പരാതി ഗൂഢലക്ഷ്യങ്ങളോടെ ആണെന്നായിരുന്നു വൈദികരുടെ വാദം. വീട്ടമ്മയുടെ മൊഴി പ്രകാരം പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നും വൈദികര്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ച വൈദികര്‍, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. വീട്ടമ്മയുടെ മതവിശ്വാസത്തെ പ്രതികള്‍ ദുരുപയോഗം ചെയ്തെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുള്ളതായി അന്വേഷണസംഘം. ഇന്ത്യയില്‍ നിന്ന് കടക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു. വിമാനത്താവളങ്ങളില്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം.

ബിഷപ്പിന് വിദേശ രാജ്യങ്ങളില്‍ ബന്ധങ്ങളുള്ള ജലന്ധര്‍ ബിഷപ്പ് അറസ്റ്റ് ഉറപ്പായ സാഹചര്യത്തില്‍ രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണം സംഘം കരുതുന്നത്. ബിഷപ്പിനെതിരെ ശക്തമായ തെൡവുകള്‍ ലഭിച്ചതിനാല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തിന് രഹസ്യവിവരം ലഭിച്ചതായും സൂചനയുണ്ട്.

കേസിന്റെ ഇതുവരെയുള്ള പുരോഗതി കോട്ടയം എസ്പിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ജലന്ധറിലേക്ക് പോകാനാണ് പദ്ധതി. അറസ്റ്റിനായി പഞ്ചാബ് പോലീസിന്റെ സഹായവും തേടും.

വയനാട് വെള്ളണ്ട മക്കിയാട് യുവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ചുരുളഴിക്കാനുളള തീവ്രശ്രമത്തിലാണ് പൊലീസ്. മോഷണശ്രമത്തിനിടെ കൊലപാതകം എന്നായിരുന്നു പ്രാഥമിക നിഗമനം. ഏഴു പവൻ സ്വർണ്ണം മാത്രമാണ് യുവതിയുടെ പക്കൽ നിന്നും നഷ്ട്ടപ്പെട്ടിട്ടുള്ളത്. വളയും മാലയുമാണ് നഷ്ടപ്പെട്ടത്. കമ്മലും മോതിരവും മോഷണം പോയിട്ടില്ല. ഇതിനു വേണ്ടി രണ്ടു പേരെ ഹീനമായ രീതിയിൽ കൊല ചെയ്യുമോ എന്നാണ് പൊലീസിന് മുന്നിലുള്ള ചോദ്യം.

സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന വീടായതിനാൽ മോഷണ ശ്രമമെന്നതിനേക്കാൾ വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിനു പിന്നിലെന്ന സാധ്യതയും പൊലീസ് തളളുന്നില്ല. വെള്ളമുണ്ട കണ്ടത്തുവയലില്‍ പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍ ഭാര്യ ഫാത്തിമ എന്നിവരെയാണ് വീട്ടിനുള്ളില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൊലപാതകം നടന്ന വീട്ടിൽനിന്നു കണ്ടെത്തിയ ഹെൽമറ്റും ചീപ്പും രാസ, ഡിഎൻഎ പരിശോധനയ്ക്കയച്ചു. കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല. മൊബൈൽ ഫോൺ കൊലയാളി കൈക്കലാക്കിയെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഫാത്തിമയുടെ മൊബൈൽ മാത്രം എടുത്തതെന്തിനെന്ന കാര്യത്തിൽ വ്യക്തത വന്നാൽ കൊലയാളിയിലേക്കുള്ള ദൂരം കുറയും. പൈപ്പ് പോലെ കട്ടിയുള്ള ആയുധം കൊണ്ട് തലയ്ക്കടിച്ചാണെന്ന് കൃത്യം നടത്തിയതെന്ന് പൊലീസ് കണ്ടത്തിയിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കൊലപാതക രീതി തെളിഞ്ഞത്.

പൈപ്പ് പോലെ കട്ടിയുള്ള ആയുധം ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരുടെയും തലയോട്ടി സാരമായി തകര്‍ന്നു. ദേഹത്തും ചെറിയ മുറിവുകൾ ഉണ്ട്. ഇരട്ടക്കൊലപാതകത്തിൽ തുമ്പുതേടി ഐജിയും ഉന്നത ഉദ്യോഗസ്ഥരും മക്കിയാട് പൂരിഞ്ഞിയിലെത്തിയിരുന്നു.

കൊലപാതകം നടന്ന വീട്ടിൽനിന്നു കണ്ടെത്തിയ ഹെൽമറ്റും ചീപ്പും രാസ, ഡിഎൻഎ പരിശോധനയ്ക്കയച്ചു.മൊബൈൽ ഫോൺ കണ്ടെത്തുന്നതിനു സൈബർ സെൽ വിഭാഗം പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. കൊലയാളികളെ കണ്ടെത്താൻ ശാസ്ത്രീയപരിശോധന നടത്തുമെന്ന് ഐജി ബൽറാംകുമാർ ഉപാധ്യായ പറഞ്ഞു.

മാതാവ് ആയിഷയാണ് ഇളയമകൻ ഉമ്മറിന്റെയും ഭാര്യ ഫാത്തിമയുടെയും മൃതദേഹം ആദ്യം കണ്ടത്. മൂത്ത മകൻ മുനീർ വിദേശത്തായതിനാൽ രാത്രിയിൽ മുനീറിന്റെ ഭാര്യയ്ക്കു കൂട്ടുകിടക്കാൻ പോയതായിരുന്നു ആയിഷ. ആയിഷയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽക്കാരും ബന്ധുക്കളും ഓടിയെത്തി. മകന്റെയും മരുമകളുടെയും മൃതദേഹങ്ങൾ കണ്ട ആ മാതാവ് പിന്നീട് ബോധരഹിതയായി നിലത്തുവീണു.

കട്ടിലിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു ഉമ്മറിന്റെ മൃതദേഹം. തൊട്ടടുത്തു തന്നെ മലർന്നു കിടക്കുന്ന നിലയിൽ ഫാത്തിമയുടെ മൃതദേഹവും കണ്ടെത്തി. വീടിന്റെ വരാന്തയിലുള്ള പ്രധാന വാതിൽ അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുറന്നുകിടന്ന അടുക്കളവാതിലിലൂടെയാണ് ആയിഷ അകത്തുകയറിയത്. ബലമില്ലാത്ത അടുക്കളവാതിൽ തള്ളിത്തുറന്നാവാം കൊലയാളി അകത്തെത്തിയതെന്ന സംശയത്തിലാണു പൊലീസ്. ഉമ്മറിനു പരിചയമുള്ളയാളുകളാരെങ്കിലും രാത്രിയിൽ വീട്ടിലെത്തിയിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

അടുക്കളവാതിലിനു സമീപം കൊലപാതകി മുളകുപൊടി വിതറിയതു പൊലീസ് അന്വേഷണം വഴിതെറ്റിക്കാനാണെന്നു സൂചന. കണ്ണിൽ മുളകുപൊടി വിതറി മോഷണം നടത്തുന്നതു ചില കള്ളന്മാരുടെ പതിവു ശൈലിയാണെന്നതിനാൽ കൊലയ്ക്കു പിന്നിൽ മോഷണമാണെന്ന നിലപാടിലായിരുന്നു പൊലീസ്. എന്നാൽ, സാഹചര്യത്തെളിവുകൾ കൂടി പരിശോധിച്ചശേഷം കൊല നടത്തിയവരുടെ ലക്ഷ്യം മോഷണമാകില്ലെന്ന നിഗമനത്തിൽ എത്തിച്ചേർന്നു. പൊലീസ് നായയെ വഴിതിരിച്ചുവിടാനും മുളകുപൊടി ഉപയോഗിക്കാം. മണം പിടിച്ചെത്തിയ പൊലീസ് നായ മുളകുപൊടി വിതറിയ ഭാഗത്തേക്കു വന്നതുമില്ല. വീടിനു താഴെയുള്ള റോഡിൽനിന്നു സമീപത്തെ കവല വരെ ഓടിയ നായ തൊട്ടടുത്തുള്ള അങ്കണവാടിയുടെ മുൻപിലെ കലുങ്കിനടുത്തുനിന്നു തിരികെ വന്നു.

നാട്ടിൽ ആരോടും പ്രശ്നത്തിനു പോകാത്തവരാണ് ഉമ്മറും കുടുംബവുമെന്നു നാട്ടുകാർ പറയുന്നു. ആരോടും വ്യക്തിവൈരാഗ്യമുണ്ടാകാൻ വഴിയില്ല. മറ്റെന്താവും കൊലയ്ക്കു പ്രേരണ എന്ന് തല പുകയ്ക്കുകയാമ് നാട്ടുകാരും പൊലീസും.

തന്ത്രശാലികളായ പരിശീലകര്‍ ഏറ്റുമുട്ടുന്ന പോരാട്ടമായിരിക്കും ഫ്രാന്‍സ് – ബെല്‍ജിയം സെമിഫൈനല്‍. ബെല്‍ജിയത്തിന്റെ സഹപരിശീലകനായ മുന്‍ ഫ്രഞ്ച് താരം തിയറി ഒന്‍‍റി കളിമെനയേണ്ടത് സ്വന്തം രാജ്യത്തിനെതിരെ.

റോബര്‍ട്ടോ മാര്‍ട്ടീനസ്… ഒരു പതിറ്റാണ്ടോളം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിപഠിപ്പിച്ച തന്ത്രശാലി. ഇംഗ്ലണ്ടിലെ വമ്പന്‍ ക്ലബുകള്‍ ഭയക്കുന്ന നീക്കങ്ങള്‍ നടത്താന്‍ എവര്‍ട്ടനെ സജ്ജമാക്കി ഫുട്ബോളില്‍ വിട്ടുവീഴ്ച ഇഷ്ടപ്പെടാത്ത ഈ സ്പെയിന്‍കാരന്‍. ക്ലബ് ഫുട്ബോളിന്റെ അമരത്തുനിന്നെത്തിയത് ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയെ കളിപഠിപ്പിക്കാന്‍. എതിരാളികളുടെ നീക്കങ്ങള്‍ക്കനുസരിച്ച് കളിമെനയുന്ന മാര്‍ട്ടീനസിന്റെ തന്ത്രമാണ് ബെല്‍ജിയത്തിനെ സെമിയിലെത്തിച്ചത്. ഫ്രാന്‍സിനെതിരെ ഇറങ്ങുമ്പോള്‍ മാര്‍ട്ടീനസിന്റെ സഹപരിശീലകന്‍ തിയറി ഒന്‍റിക്ക് സ്വന്തം രാജ്യത്തിനെതിരെ ബെല്‍ജിയം മുന്നേറ്റനിരയെ ഒരുക്കണം. മാര്‍ട്ടീനസും ഒന്‍റിയും തന്ത്രങ്ങളൊരുക്കേണ്ടത് ദിദിയര്‍ ദെഷാംസിനെതിരെ. ദെഷാംസും ഒന്‍‍‍റിയും ഒരുമിച്ച് കളത്തിലറങ്ങിയപ്പോഴൊന്നും ഫ്രാന്‍സ് തോറ്റിട്ടില്ല എന്നത് ചരിത്രം. റഷ്യയില്‍ ബെല്‍ജിയത്തിനോ ഫ്രാന്‍സിനോ ഫൈനലിലെത്തണമെങ്കില്‍ ഒരു ഫ്രഞ്ചുകാരന്റെ തോല്‍വി അനിവാര്യം

ലോകകപ്പിന് ഇത്തവണ പുതിയ അവകാശികള്‍ ഉണ്ടാകുമെങ്കില്‍ അത് ബെല്‍ജിയമാണ്. ടൂര്‍ണമെന്റിന്റെ തുടക്കംമുതല്‍ ഏറ്റവും സാധ്യത കല്‍പിക്കപ്പെട്ട ടീം. കന്നികിരീടമാണ് റെഡ് ഡെവിള്‍സിന്റെ ലക്ഷ്യം.

ലോകത്തെ മൂന്നാം നമ്പര്‍ ടീമായിട്ടും കറുത്ത കുതിരകളെന്ന വിശേഷണമായിരുന്നു ബെല്‍ജിയത്തിനുമേല്‍ ചാര്‍ത്തപ്പെട്ടത്. ടൂര്‍ണമെന്റ് ഫേവറേറ്റുകളായി അംഗീകരിക്കാന്‍ കളി വിദഗ്ധര്‍ക്ക് പോലും എന്തോ ഒരുമടി. അതിന് പല കാരണങ്ങളുണ്ട്. 1930ലെ പ്രഥമ ലോകകപ്പ് മുതല്‍ കളിക്കളത്തിലെ സാന്നിധ്യമാണ്. അഞ്ചുതവണ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. 1986 ലോകകപ്പ് മാത്രമാണ് ബെല്‍ജിയം ഫുട്ബോളിന്റെ ചരിത്രത്തില്‍ ഇടംനേടിയത്. പക്ഷെ ആ ലോകകപ്പ് മറഡോണയുടെ പേരില്‍ എഴുതിചേര്‍ക്കപ്പെട്ടു. സെമിയില്‍ അതേ മറഡോണയാണ് റെഡ് ഡെവിള്‍സിന്റെ വഴിയടച്ചതും. ആ തോല്‍വി ബെല്‍ജിയം ഫുട്ബോളിലെ വിസ്മൃതിയിലാക്കി. പിന്നീട് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്. 2006ലും 2010ലും യോഗ്യത പോലും നേടിയില്ല. ആ വര്‍ഷങ്ങളില്‍ ഒരു സുവര്‍ണ തലമുറയെ വാര്‍ത്തെടുക്കുകയായിരുന്നു ബെല്‍ജിയം. 2014ല്‍ ബ്രസീലില്‍ അവതരിച്ചത് ആ ഗോള്‍ഡണ്‍ ജനറേഷനാണ്. പക്ഷെ 1986ല്‍ മറഡോണയുടെ അര്‍ജന്റീന സെമിയില്‍ വഴിതടഞ്ഞെങ്കില്‍ 2014ല്‍ മെസ്സിയും സംഘവും ക്വാര്‍ട്ടറില്‍ ചെകുത്താന്മാരുടെ കഥകഴിച്ചു. ഈ കണക്കുകളെല്ലാം മനസ്സിലിട്ടാണ് റഷ്യയിലെത്തിയത്. അര്‍ജന്റീനയെ വീഴ്ത്തിയ ഫ്രാന്‍സിന് മുന്നിലേയ്ക്കാണ് ഇനി. രണ്ട് മല്‍സരംകൂടി ജയിച്ചാല്‍ കന്നികിരീടമെന്ന സ്വപ്നം പൂവണിയും.

യുവത്വത്തിന്റെ കരുത്തില്‍ സെമിയിലെത്തിയ ഫ്രാന്‍സിന് രണ്ട് പതിറ്റാണ്ടിന് ശേഷം കിരീടം ഉയര്‍ത്തലാണ് ലക്ഷ്യം. 1998ല്‍ ജേതാക്കളായ ടീമിന്റെ ക്യാപ്റ്റനായ ദെഷാംസ് പരിശീലക കുപ്പായത്തിലെത്തുമ്പോള്‍ പ്രതീക്ഷയും വര്‍ധിക്കുന്നു. അവസാന നാലിലെ ടീമുകളില്‍ മികച്ച പ്രതിരോധമുള്ളതും ഫ്രാന്‍സിനാണ്

ലോകകപ്പിന് മുന്‍പ് കളിയെഴുത്തുകാര്‍ കിരീട സാധ്യത കല്‍പിച്ച ടീമുകളില്‍ അവശേഷിക്കുന്നത് ഫ്രാന്‍സ് മാത്രം. യുവത്വവും പ്രതിഭാ ധാരാളിത്തവും ഒത്തുചേര്‍ന്ന നിരയാണ് ഫ്രഞ്ച് പടയുടെ കരുത്ത്. കുഞ്ഞന്‍മാര്‍ക്കൊപ്പം ഗ്രൂപ്പ് സിയില്‍ പന്തുതട്ടിയ ഫ്രാന്‍സ് തട്ടുകേടില്ലാതെ ഗ്രൂപ്പ് ഘട്ടം മറികടക്കാനാണ് ഫ്രാന്‍സിന്റെ വിശ്വരൂപം പിന്നീട് ലോകം കണ്ടത് പ്രീക്വാര്‍ട്ടറില്‍. പ്രായം തളര്‍ത്തിയ അര്‍ജന്റീന്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് കൗണ്ടര്‍ അറ്റാക്കുകളിലൂടെ നെപ്പോളിയന്റെ നാട്ടുകാര്‍ മെസിപ്പടയെ നാട്ടിലേക്കയച്ചു. ഫ്രാന്‍സ് എഞ്ചിന്റെ കരുത്ത് ലോകം അന്നാണ് കണ്ടത്.

ക്വാര്‍ട്ടറില്‍ മറ്റൊരു ലാറ്റിനമേരിക്കന്‍ രാജ്യം ദെഷാംസിന്റെ തന്ത്രങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. ടൂര്‍ണമെന്റിലെ സന്തുലിത ടീമായ യുറഗ്വായ്‌യെ ലോറിസും കൂട്ടരും തോല്‍പിച്ചത് മധ്യനിരയുടെ കരുത്ത് കൊണ്ട്.

മികച്ച മധ്യനിരയും മുന്നേറ്റവുമുണ്ടെങ്കിലും ഫ്രഞ്ച് പാളയത്തിലെ കരുത്ത് പ്രതിരോധത്തിലാണ്. ഉംറ്റിറ്റിയും വരാനെയും പവാര്‍ഡുടമടങ്ങുന്ന ഡിഫന്‍സ് ഇതുവരെ 56 ഇന്റര്‍സെപ്ഷനും 134 ക്ലിയറന്‍സും നടത്തി. അതിനാല്‍ ലുക്കാകു ഡിബ്രൂയിനെ ഹസാര്‍ഡ് ത്രയം സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ നന്നേ വിയര്‍ക്കും. രണ്ട് യൂറോപ്യന്‍ കരുത്തര്‍ നേര്‍ക്ക്നേര്‍ വരുമ്പോള്‍ കുമ്മായവരയ്ക്ക് പുറത്തെ രണ്ട് ബുദ്ധിശാലികളുടെ കളിയാകും ഫ്രാന്‍സ് ബെല്‍ജിയം മല്‍സരം

98ല്‍ കിരീടം നേടിയ ദെഷാംസ് ഇത്തവയണ പരിശീലക കുപ്പായത്തിലെത്തുമ്പോള്‍ രണ്ട് പതിറ്റാണ്ടിന് ശേഷം കനകക്കിരീടം പാരീസിലെത്തുമെന്നാണ്

പ്രാത്ഥനകൾ വിഫലമായില്ല, ലോകം കണ്ണിമചിമ്മാതെ കാത്തുനിന്ന രാപ്പകലുകള്‍ക്കൊടുവില്‍ തായ്്ലന്‍ഡ് ഗുഹയിലെ രക്ഷാദൗത്യം വിജയിച്ചു. 12 കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും ദിവസങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് രക്ഷിച്ചത്. ജൂണ്‍ 23നാണ് കുട്ടികളും കോച്ചും ഗുഹയില്‍ അകപ്പെട്ടത്. നാലുദിവസം നീണ്ട രക്ഷാദൗത്യമാണ് ലോകം മുഴുവന്‍ നീണ്ട പ്രാര്‍ഥനകള്‍ക്ക് ഒടുവില്‍ പൂര്‍ത്തിയായത്. കുട്ടികളും കോച്ചും ആരോഗ്യത്തോടെ ഇരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ചരിത്രമെഴുതി ദൗത്യം പൂര്‍ത്തിയാകുമ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ച സന്നദ്ധ പ്രവര്‍ത്തകന്‍ സങ്കടപ്പൊട്ടായി ബാക്കിയാകുന്നു. ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ലെങ്കിലും തായ് സൈന്യത്തെ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് പ്രാദേശികസമയം രാവിലെ 10.08 നാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. 19 ഡൈവർമാരാണ് ഇന്ന് ഗുഹയ്ക്കകത്തേക്കു പ്രവേശിച്ചത്. കനത്തമഴയുടെ ആശങ്കയിൽ എത്രയും വേഗം രക്ഷാപ്രവർത്തനം പൂർത്തിയാക്കാനായിരുന്നു ശ്രമം. അതാണ് വിജയം കാണുന്നത്.

അതേസമയം, ലോകകപ്പ് ഫൈനലിന് എത്താനാകുംവിധം രക്ഷപ്രാപിക്കട്ടെയെന്നു കുട്ടികളെ ഫിഫ ആശംസിച്ചെങ്കിലും കുട്ടികൾക്കു ഫൈനലിന് എത്താനാകില്ലെന്നാണു വിവരം. ആരോഗ്യപരിശോധനകളുടെ ഭാഗമായി രക്ഷപ്പെട്ട കുട്ടികൾ ഒരാഴ്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടതായി വരും. വരുന്ന ഞായറാഴ്ച, ജൂലൈ 15നാണ് ലോകകപ്പ് ഫൈനൽ.

രക്തപരിശോധന, ശ്വാസകോശ എക്സ്റേ, ഹൃദയം, കണ്ണുകൾ എന്നിവയുടെ പ്രത്യേക പരിശോധന തുടങ്ങി മാനസികനില വിലയിരുത്തുന്നതുവരെ വിവിധ ആരോഗ്യപരിശോധനകൾക്കു കുട്ടികളെ വിധേയമാക്കുന്നതിനാലാണിതെന്നു തായ് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഡോ. ജെസാദ ചൊക്ദാംറോങ്സുക് അറിയിച്ചു.

ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുളള മരുന്നുകൾക്കൊപ്പം ഐവി ഡ്രിപ്പുകളും ആശുപത്രിയിലാക്കിയ കുട്ടികൾക്കു നൽകുന്നുണ്ട്. ആദ്യസംഘത്തിലുണ്ടായിരുന്ന കുട്ടികളുടെ ശരീരതാപനില ഏറെ താഴ്ന്ന നിലയിലായിരുന്നു. രണ്ടു കുട്ടികൾക്കു ശ്വാസകോശത്തിൽ പ്രശ്നങ്ങൾ കണ്ടു. അടിയന്തര ചികിൽസ ലഭ്യമാക്കിയതോടെ ഇവരുടെ നില മെച്ചപ്പെട്ടതായി ചൊക്ദാംറോങ്സുക് പറഞ്ഞു.

Copyright © . All rights reserved