Latest News

കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്സഭാംഗമായ നടൻ സുരേഷ് ഗോപി ഇനി കേന്ദ്രമന്ത്രി. എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. സുരേഷ് ഗോപി മന്ത്രിയാവാൻ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് നേരത്തെ റിപ്പോർട്ടുകള്‍ വന്നിരുന്നു. എന്നാല്‍, പാർട്ടി നേതൃത്വം നിർദേശിച്ചതോടെ സുരേഷ് ഗോപി എതിർപ്പില്ലാതെ അംഗീകരിക്കുകയായിരുന്നു.

കേരളത്തില്‍ ശ്രദ്ധേയമായ വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസഭയില്‍ ഉണ്ടാവണമെന്ന് കേന്ദ്ര നേതൃത്വം നിർബന്ധം ചെലുത്തുകയായിരുന്നു. ഞായറാഴ്ച നരേന്ദ്ര മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും.

നേരത്തെ, കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു ഡല്‍ഹിയിലെത്തിയ സുരേഷ് ഗോപി പ്രതികരിച്ചത്. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ എംപി എന്ന ഭാരം തലയില്‍ എടുത്തു വയ്ക്കുന്നില്ല. താൻ എംപിമാരില്‍ ഒരാളാണെന്നും സുരേഷ് ഗോപി പറഞ്ഞു. വീറും വാശിയോടെയും മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്തത് ചെയ്യണം. താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു.

ഞായറാഴ്ച തന്നെയായിരിക്കും മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞയെന്ന് മുതിർന്ന നേതാവ് പ്രഹ്ലാദ് ജോഷി പാർലമെന്ററി പാർട്ടി യോഗത്തില്‍ അറിയിച്ചു. എൻഡിഎയുടെ, നിയുക്ത എംപിമാരെ കൂടാതെ മുഖ്യമന്ത്രിമാരും മറ്റ് പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

ഉണ്ണികൃഷ്ണൻ ബാലൻ

മലയാളി മനസ് കീഴടക്കി സമീക്ഷയുടെ കുതിപ്പ്. ചുരുങ്ങിയ കാലം കൊണ്ട് യുകെയുടെ മണ്ണില്‍ നിലയുറപ്പിച്ച സമീക്ഷ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുന്നു. സമീക്ഷയുടെ മുപ്പത്തിമൂന്നാമത് യൂണിറ്റ് ഷ്രോപ്ഷയറിൽ‍ പ്രവർത്തനം ആരംഭിച്ചു. പുതിയ യൂണിറ്റിന്‍റെ ഉദ്ഘാടനം നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി നിർവഹിച്ചു. ഇനി ഷ്രോപ്ഷയർ മേഖലയിലെ കലാ സാംസ്കാരിക പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാൻ സമീക്ഷയുണ്ടാകും. സമീക്ഷയുമായി യോജിച്ച് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

പുതിയ യൂണിറ്റിന്‍റെ പ്രസിഡന്‍റായി അഖില്‍ ശശിയേയും സെക്രട്ടറിയായി ജോബി ജോസിനേയും തെരഞ്ഞെടുത്തു. അലക്സ് റോയ് വൈസ് പ്രസിഡന്‍റും സജികുമാർ ഗോപിനാഥൻ ജോയിന്‍റ് സെക്രട്ടറിയുമാണ്. ജെറിൻ തോമസാണ് ട്രഷറർ. സിറാജ് മെയ്തീൻ, അനിത രാജേഷ്, ജുബിൻ ജോസഫ്, ശ്വേത, സജി ജോർജ് എന്നിവർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളാണ്. പുതിയ ഭാരവാഹികളെല്ലാം നാട്ടിൽ സിപിഐഎം/ഡിവൈഎഫ്ഐ സജീവ പ്രവർത്തകരായിരുന്നു. കോട്ടയം കുറുമള്ളൂർ സ്വദേശിയായ ജോബി ജോസ് സിപിഐഎം കാണാക്കാരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു.

ബാലസംഘം ജില്ലാ രക്ഷാധികാരിയായും ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. അഖിൽ ശശി ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി അംഗമായിരുന്നു. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് സജികുമാർ ഗോപിനാഥൻ. സിപിഐഎം വക്കം ലോക്കൽ കമ്മിറ്റി അംഗമായും ഡി വൈ എഫ് ഐ മേഖലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. എസ് എഫ് ഐയുടെ സജീവ പ്രവർത്തകനായിരുന്നു അലക്സ് റോയ്. എറണാകുളം കോലഞ്ചേരി സ്വദേശിയായ സിറാജ് മൈതീൻ സിപിഐഎം കുമ്മനോട് ബ്രാഞ്ച് മെമ്പറാണ്. ജൂബിൻ ജോസഫ് ഇടുക്കി നെടുങ്കടം ലോക്കൽ കമ്മിറ്റി അംഗമാണ്. എറണാകുളത്ത് നിന്നുള്ള സജി ജോർജ് സജീവ സി.ഐ.ടി.യു പ്രവർത്തകനായിരുന്നു.

യൂണിറ്റ് രൂപീകരണ യോഗത്തില്‍ നാഷണല്‍ സെക്രട്ടറിയേറ്റ് അംഗം ഉണ്ണികൃഷ്ണൻ ബാലൻ അധ്യക്ഷത വഹിച്ചു. നാഷണല്‍ വൈസ് പ്രസിഡന്‍റ് ഭാസ്കരൻ പുരയിലാണ് പാനല്‍ അവതരിപ്പിച്ചത്. നാഷണല്‍ പ്രസിഡന്‍റ് ശ്രീകുമാർ ഉള്ളാപ്പള്ളില്‍, ട്രഷറർ രാജി ഷാജി, സെക്രട്ടറിയേറ്റ് അംഗം അഡ്വ. ദിലീപ് കുമാർ, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ പ്രവീൺ രാമചന്ദ്രൻ, ഗ്ലീറ്റർ, അരവിന്ദ് സതീശ്, ബൈജു പി കെ എന്നിവർ ആശംസ അറിയിച്ചു.

ഏഴ് വർഷം മുൻപാണ് യുകെയില്‍ സമീക്ഷ പ്രവർത്തനം തുടങ്ങിയത്. ഇടത് രാഷ്ട്രീയത്തോട് താല്‍പര്യമുള്ള മലയാളികളുടെ കൂട്ടായ്മയായിരുന്നു ലക്ഷ്യം. കുറഞ്ഞ കാലം കൊണ്ട് നിരവധി പേരാണ് സമീക്ഷക്കൊപ്പം ചേർന്നത്. ഇന്ന് യുകെയിലെ പ്രധാന നഗരങ്ങളിലെല്ലാം സമീക്ഷയുടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.

കാർഡിഫ് : വെയിൽസിലെ സെന്‍റ് അന്തോണീസ് ക്‌നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ജൂൺ 16 ഞായറാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കുന്നു. ‌‌‌

തിരുന്നാളിന് ഒരുക്കമായി ജപമാലയും നൊവേനയും നടന്നു വരികയാണ്. തിരുനാൾ ദിവസം കാർഡിഫ് സെൻ്റ് ഇല്ലിഡ്സ് സ്കൂൾ ചാപ്പലിൽ വച്ച് ഉച്ചതിരിഞ്ഞ് 2.30 ന് തിരുനാൾ കൊടിയേറ്റവും ശേഷം പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും നടത്തപ്പെടുന്നു. തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനയും സ്‌നേഹവിരുന്നും നടത്തപ്പെടും.

തിരുനാൾ കുർബാനയിൽ റവ.ഫാ. ജോബി വെള്ളപ്ലാക്കേൽ സി.എസ്.ടി മുഖ്യ കാർമ്മികത്വം വഹിക്കും. തിരുനാൾ കുർബാനയ്ക്ക് ശേഷം ഭക്തിപൂർവ്വകമായ പ്രദക്ഷിണവും ഉണ്ടായിരിക്കുന്നതാണ്. വാദ്യമേളങ്ങളും, വര്‍ണ്ണ മുത്തുക്കുടകളും വർണാലംകൃതമായ മെഴുകുതിരികളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാർത്ഥനാഗാനങ്ങൾ ആലപിച്ച് വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം വെയിൽസിലെ ക്നാനായ സമൂഹത്തിന്റെ വിശ്വാസപ്രഘോഷണം ആയിരിക്കും. റവ. ഫാ. മാത്യു പാലറകരോട്ട് സി ആർ എം, ഫാ. ജോസ്‌ കുറ്റിക്കാട്ട് ഐ സി എന്നിവർ നേതൃത്വം നൽകും.

ഈ തിരുനാളിൽ പങ്കെടുത്ത് വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥം വഴിയായി കർത്താവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി തിരുനാൾ കമ്മിറ്റിക്കു വേണ്ടി മിഷൻ ഡയറക്ടർ റവ. ഫാ. അജൂബ് തോട്ടനാനിയിൽ, ജനറൽ കൺവീനർ തോമസ്കുട്ടി കുഴിമറ്റത്തിൽ, ട്രസ്റ്റിമാരായ ബെന്നി ഫിലിപ്പ്, തങ്കച്ചൻ കനകാലയം , ജെയിംസ് ജോസഫ് എന്നിവർ അറിയിച്ചു.

തിരുനാൾ ദിവസം നേർച്ച കാഴ്ചകൾ അർപ്പിക്കുവാനും, കുട്ടികളെ അടിമവെക്കുവാനും, കഴുന്നെടുക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

തിരുനാൾ തിരുകർമ്മങ്ങൾ നടക്കുന്ന ദേവാലയത്തിന്‍റെ വിലാസം:-
St Illtyd’s Catholic High School Chapel,
Newport Rd, Rumney
CF3 1XQ

അനിൽ ഹരി

കഴിഞ്ഞ രണ്ട് വർഷമായി വിജയകരമായി നടത്തുന്ന എൽ എസ് കെ പ്രീമിയർ കപ്പിന്റെ തേർഡ് എഡിഷൻ (L S K PREMIER CUP 2024 3rd Edition )ഈ വരുന്ന ജൂൺ 9 , 16, 30 തീയതികളിൽ നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവം അറിയിക്കുന്നു.

ആസൂത്രണ മികവുകൊണ്ടും, മികച്ച പങ്കാളിത്തം കൊണ്ടും എൽ എസ് കെ പ്രീമിയർ കപ്പ് മികച്ചനിൽക്കുന്നതിനാൽ യുകെയിലെ വിവിധഭാഗങ്ങളിൽ നിന്നായി പതിനാറു ടീമുകൾ മാറ്റുരയ്ക്കുന്ന ക്രിക്കറ്റ് പൂരമാണ് അന്ന് അരങ്ങേറുന്നത്. ബോളിന്റെ സ്പീഡിനെക്കാൾ വാശിയേറിയ മത്സരങ്ങൾ ഗ്രൂപ്പ്സ്റ്റേജിൽ തുടങ്ങുന്നു. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും സൂപ്പർ 8 സ്റ്റേജിൽ എത്തുമ്പോൾ നോകൗട്ട് മത്സരങ്ങൾ ആരംഭിക്കുന്നു. ഓരോ ബോളിലും, വീറും വാശിയും നിറഞ്ഞു നില്ക്കുന്ന ക്രിക്കറ്റ് കാർണിവൽ.

കഴിഞ്ഞ രണ്ടു തവണയും കലാശപ്പോരാട്ടത്തിൽ കപ്പുയർത്തിയ എൽ എസ് കെ സൂപ്പർകിങ്‌സ്‌ മൂന്നാം അങ്കത്തിനിറങ്ങുമ്പോൾ കപ്പ് തന്നെയാണ് ലക്ഷ്യം, എന്നാൽ മറ്റു ടീമുകൾക്കും ലക്ഷ്യം കപ്പ്‌ തന്നെ ആയതിനാൽ പൂരം പൊടിപൂരം ആയിരിക്കും. കലാശപോരാട്ടത്തിലെ വിജയികൾക്ക് 1000 പൗണ്ടും ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 500 പൗണ്ടും ട്രോഫിയും, കൂടാതെ ബെസ്റ്റ് ബാറ്റ്സ്സമാൻ, ബെസ്റ്റ് ബൗളർ എന്നിവർക്കും ട്രോഫികൾ നൽകുന്നു.

കളിക്കളത്തിലെ പുൽനാമ്പുകളെ പോലും കോരിത്തരിപ്പിക്കുന്ന കളികളുമായി എൽ എസ് കെ പ്രീമിയർ കപ്പ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. രാവിലെ 9മണി മുതൽ തുടങ്ങുന്ന മത്സരങ്ങൾ വൈകിട്ട് വരെ നീണ്ടുനിൽക്കുന്നു. തീപാറുന്ന മത്സരങ്ങളുടെ ഇടയിൽ നിങ്ങൾക്കായി രുചികരമായ ഭക്ഷണങ്ങളുമായി രാവിലെ മുതൽ ഇന്ത്യൻ ദാബായുടെ സ്റ്റാൾ പ്രവർത്തിക്കുന്നു.

എൽ എസ് കെ പ്രീമിയർ കപ്പ് 2024 ന്റെ കൂടുതൽ വിവരങ്ങൾ അറിയുവാൻ കൺവീനർ ശ്രീ സ്വരൂപ് വർഗീസുമായി ബന്ധപ്പെടേണ്ട നമ്പർ 07535 116479. എൽ എസ് കെ പ്രീമിയർ കപ്പ് 2024 ന്റെ കോഓർഡിനേറ്റർസ് ശ്രീ ബിബിൻ യോഹന്നാൻ (07476698789), ശ്രീ സജി ജോൺ ( 07771616407), ശ്രീ ജയ്മോൻ ജെയ്സൺ (07768497472).

ആവേശവും സൗഹൃദവും അവിസ്മരണീയ നിമിഷങ്ങളും നിറഞ്ഞ ഈ ടൂർണമെന്റ് പൂരത്തിനായി ജൂൺ 9 മുതൽ ലിവർപൂളിൽ വരുക കാണുക ആസ്വദിക്കുക.

പത്തനംതിട്ടയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണിയുടെ പരാജയത്തില്‍ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി. നേതാവ് പി.സി. ജോര്‍ജ്. നാടുമായി ഒരു ബന്ധവുമില്ലാത്തയാളാണ് അനിലെന്നും ബി.ജെ.പിയുടെ വോട്ട് പോലും അദ്ദേഹത്തിന് കിട്ടിയില്ലെന്നും ജോര്‍ജ് പറഞ്ഞു.

അയാള്‍ക്ക് ഉണ്ടാക്കാവുന്നതില്‍ ഏറ്റവും വലിയ ഓളമാണ് ഇപ്പൊ ഉണ്ടാക്കിയത്. ഇതില്‍ കൂടുതല്‍ പറ്റില്ല. കാരണം നാടുമായി ഒരുബന്ധവുമില്ല. പാര്‍ട്ടി നേതൃത്വം പ്രഖ്യാപിച്ചിട്ട് വന്നതാണെന്നേ ഉള്ളൂ. ബി.ജെ.പിയുടെ വോട്ട് പോലും വീണില്ല.

തൃശൂരെങ്ങനെയാ സുരേഷ് ഗോപി വോട്ട് നേടിയത്? അയാളവിടെ പോയങ്ങ് കിടക്കുകയാ. നാടുമായിട്ടുള്ള ബന്ധം. എല്ലാ പ്രശ്‌നങ്ങളിലും ഇടപെട്ട്, എല്ലാവരുമായും ബന്ധം സ്ഥാപിച്ചു.’ -ജോര്‍ജ് പറഞ്ഞു.

അനില്‍ ആന്റണിയെ ഞാന്‍ ആദ്യമായി അറിയുന്നത് ഇവിടെ വന്നിട്ടാണ്. അതിന് മുമ്പ് അറിയില്ല. സ്ഥാനാര്‍ഥി നിര്‍ണയം പാളിപ്പോയി. കെ. സുരേന്ദ്രനോ രമേശോ കുമ്മനം രാജശേഖരനോ ശ്രീധരന്‍പിള്ളയോ നിന്നിരുന്നെങ്കില്‍ ഇവിടെ ബി.ജെ.പി. വിജയിച്ചേനെ. ഇയാളെ ആളുകള്‍ക്ക് അറിയില്ല. മലയാളത്തില്‍ പ്രസംഗിക്കാനും അറിയില്ല.’

കേന്ദ്രത്തില്‍ മോദിസര്‍ക്കാരിന്റെ പ്രഭാവം കുറഞ്ഞിട്ടുണ്ട്. അത് നന്നായി എന്നാണ് എന്റെ അഭിപ്രായം. കാരണം, ജനം ഇങ്ങനെയും ചെയ്യുമെന്ന് നമ്മുടെ പല നേതാക്കളും മനസിലാക്കട്ടെ. അതിന്റെ ഗുണം എന്താന്നുവെച്ചാല്‍ വരുന്നകാലത്ത് കുറവുകള്‍ എന്താണെന്ന് പരിശോധിച്ച് തിരുത്തി ശക്തമായി പോകാന്‍ കഴിയും.

അങ്ങനെ പോയാല്‍ ഇന്ത്യ മഹാരാജ്യം ബി.ജെ.പിയുടെ കയ്യില്‍ 15 കൊല്ലത്തേക്ക് കൂടി സുരക്ഷിതമായിരിക്കുമെന്നതില്‍ സംശയം വേണ്ട.’ -ജോര്‍ജ് പറഞ്ഞു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരിടത്തും കണ്ടില്ലെന്നും അതുകൊണ്ടാണ് അവിടെ ബി.ജെ.പിയ്ക്ക് തിരിച്ചടി നേരിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചാഴിക്കാടന്‍ ശുദ്ധനാ, അതിന്റെ നേതാവാ കുഴപ്പക്കാരന്‍. ജോസ് കെ. മാണി ഉള്ളിടത്ത് രക്ഷപ്പെടുകയില്ല. ചാഴിക്കാടന്‍ മാറി ജോസഫിന്റെ കൂട്ടത്തിലെങ്ങാന്‍ കൂടിയാല്‍ നല്ലതാണെന്നാണ് എന്റെ അഭിപ്രായം. അവനൊരു നല്ല ചെറുക്കനാ. മാണി ഗ്രൂപ്പ് പിരിച്ചുവിടുന്നതാണ് നല്ലത്. ജോസ് കെ. മാണിക്ക് ശ്രീലങ്കയിലൊക്കെ ബിസിനസുണ്ടല്ലോ. നമ്മുടെ പിണറായിയുടെയൊക്കെ ഷെയറായിട്ടാണെന്നാണ് പറയുന്നത്. അതൊക്കെ നോക്കിനടത്തട്ടെ.’ -പി.സി. ജോര്‍ജ് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന്, സര്‍ക്കാര്‍ രൂപവത്കരണത്തിന് മുമ്പുതന്നെ ബി.ജെ.പിയേയും നരേന്ദ്രമോദിയേയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ധനമന്ത്രി നിര്‍മലാ സീതാരാമനും തിരഞ്ഞെടുപ്പ് കാലത്ത് ഓഹരി വിപണിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് രാഹുലിന്റെ ആരോപണം. തിരഞ്ഞെടുപ്പ് കാലത്തെ പ്രസ്താവനകളിലൂടെ ഓഹരി വിപണിയില്‍ ബി.ജെ.പി. നേതാക്കള്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ചുവെന്ന് രാഹുല്‍ പറഞ്ഞു. ഇത് ഓഹരി കുംഭകോണമാണെന്നാണ് രാഹുലിന്റെ ആരോപണം.

‘ചരിത്രത്തില്‍ ആദ്യമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും തിരഞ്ഞെടുപ്പിനിടെ ഓഹരി വിപണിയെക്കുറിച്ച് പ്രസ്താവന നടത്തി. ഓഹരി വിപണി വലിയ വേഗത്തില്‍ കുതിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജൂണ്‍ നാലിന് ഓഹരി വിപണി കുതിക്കുമെന്നും ഇപ്പോള്‍ നിക്ഷേപിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സമാനപ്രസ്താവനയായിരുന്നു ധനമന്ത്രിയുടേതും. ജൂണ്‍ നാലിന് മുമ്പ് ഷെയറുകള്‍ വാങ്ങാന്‍ അമിത് ഷാ നിര്‍ദേശിച്ചു. ജൂണ്‍ നാലിന് ഓഹരി വിപണി റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് മേയ് 19-ന് മോദി പറഞ്ഞു’, രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

ഓഹരിവിപണയില്‍ നിക്ഷേപം നടത്തുന്ന അഞ്ചുകോടി കുടുംബങ്ങള്‍ക്ക് എന്തിനാണ് പ്രധാനമന്ത്രിയും അമിത് ഷായും വ്യക്തമായ നിക്ഷേപ ഉപദേശം നല്‍കിയതെന്ന് രാഹുല്‍ ചോദിച്ചു. നിക്ഷേപ നിര്‍ദേശം നല്‍കുന്നത് അവരുടെ ജോലിയാണോ? സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ കൃത്രിമം കാണിച്ചതിന് സെബി അന്വേഷണം നേരിടുന്ന ബിസിനസ് ഗ്രൂപ്പിന് കീഴിലെ മാധ്യമസ്ഥാപനത്തിന് തന്നെ എന്തിനാണ് ഈ രണ്ട് അഭിമുഖങ്ങളും നല്‍കിയത്? എക്‌സിറ്റ് പോളിന് തൊട്ടുമുമ്പ് നിക്ഷേപം നടത്തി, അഞ്ചുകോടി കുടുംബങ്ങളുടെ ചെലവില്‍ വലിയ ലാഭം കൊയ്ത സംശയാസ്പദമായ വിദേശനിക്ഷേപകരും ബി.ജെ.പിയും വ്യാജ എക്‌സിറ്റ് പോള്‍ ഏജന്‍സികളും തമ്മിലുള്ള ബന്ധമെന്താണ്? ഇക്കാര്യത്തില്‍ ജെ.പി.സി. അന്വേഷണം ആവശ്യപ്പെടുകയാണ്. ഇത് ഒരു കുംഭകോണമാണെന്നാണ് മനസിലാക്കുന്നത്‌. ഇന്ത്യയിലെ ചെറുകിട നിക്ഷേപകരുടെ ചെലവില്‍ ആരൊക്കെയോ ആയിരക്കണക്കിന് കോടി രൂപ സമ്പാദിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഓഹരി വാങ്ങാനുള്ള സൂചന നല്‍കിയെന്നും രാഹുല്‍ ആരോപിച്ചു.

‘വ്യാജ’ ഏക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് ശേഷം ഓഹരി വിപണി ഉയര്‍ന്നു. ജൂണ്‍ നാലിന് ഫലം വന്നതിന് പിന്നാലെ വിപണി ഇടിഞ്ഞു. എക്‌സിറ്റ് പോളുകള്‍ വ്യാജമാണെന്ന് ബി.ജെ.പി. നേതാക്കള്‍ക്ക് അറിയാമായിരുന്നു. ചെറുകിട നിക്ഷേപകര്‍ക്ക് 30 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്നും രാഹുല്‍ പറഞ്ഞു.

അദാനി വിഷയത്തെക്കാള്‍ വലിയ പ്രശ്‌നമാണിത്. അദാനി വിവാദവുമായും ഇതിന് ബന്ധമുണ്ട്. എന്നാല്‍, അതിനേക്കാള്‍ വ്യാപ്തിയേറിയ പ്രശ്‌നമാണ്. യഥാര്‍ഥ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് സ്വന്തം ഡാറ്റയും ഇന്റലിജന്‍സ്‌ വിവരവുമുള്ള പ്രധാനമന്ത്രിയും ആഭ്യമന്തരമന്ത്രിയും ചില്ലറ നിക്ഷേപകരെ ഓഹരി വാങ്ങാന്‍ ഉപദേശിച്ചു. മുമ്പൊരിക്കലും ഉണ്ടാവാത്ത സംഭവമാണിത്. ഒരു പ്രധാനമന്ത്രിയും മുമ്പ് ഓഹരി വിപണിയെക്കുറിച്ച് പ്രസ്താവന നടത്തിയിട്ടില്ല. ഒന്നിലേറെ തവണ പ്രധാനമന്ത്രി ഒന്നിനുപിറകേ ഒന്നായി ഓഹരി വിപണി ഉയരുമെന്ന് പരാമര്‍ശിക്കുന്നത് ആദ്യമായാണ്. അതേസമയം, അദ്ദേഹത്തിന് എക്‌സിറ്റ് പോളുകള്‍ തെറ്റാണെന്നും വിവരമുണ്ടായിരുന്നു. സ്വന്തം പാര്‍ട്ടിയുടേയും ഇന്റലിജന്‍സിന്റേയും വിവരങ്ങള്‍ കൈവശമുള്ള അദ്ദേഹത്തിന്, തിരഞ്ഞെടുപ്പില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന ബോധ്യമുണ്ടായിരുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പ്രിയമുള്ള ജനാധിപത്യ വിശ്വാസികളെ, 2024 ഇന്തൃൻ ലോകസഭ ഇലക്ഷനിൽ ഇന്ത്യ മുന്നണിയുടെ മികച്ച പ്രകടനത്തിനും,കേരളത്തിലെ യുഡിഎഫിന്റെ വൻവിജയത്തിനും ആഹ്ളാദം രേഖപ്പെടുത്തുന്നതിനായി ഒഐസിസി വാറ്റ്ഫോർഡ് ശാഖയുടെ ആഭിമുഖൃത്തിൽ ഹോളിവെൽ കമ്മൃുണിറ്റി സെന്റെറിൽ വച്ചു നടക്കുന്ന ചടങ്ങിലേക്ക് (07.06.2024. 8pm) എല്ലാ മതേതര ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു.

പ്രസിഡണ്ട് സണ്ണിമോൻ മത്തായി അധ്യഷത വഹിക്കുന്ന യോഗത്തിൽ ഒഐസിസി നേതാവ് സൂജൂ കെ ഡാനിയേൽ ഉത്ഘാടനം ചെയ്യുന്നതും കോൺഗ്രസ് നേതാക്കളായ സൂരജ് കൃഷ്ണൻ,സിബി ജോൺ എന്നിവർ ഇലക്ഷൻ ഫലം വിശകലനം ചെയ്യുന്നതുമാണ്. വാറ്റ്ഫോർഡ് നേതാക്കളായ സിജൻ ജേക്കബ്,ലിബിൻ കൈതമറ്റം,ഫെമിൻ സിഎഫ് ,വിഷ്ണു രാജൻ,ബിജൂ മാതൃു,ജോൺ പീറ്റർ,കൊച്ചുമോൻ പീറ്റർ,നൈജൂ എന്നിവർ പ്രസംഗിക്കുന്നതാണ്. ദയവായി പങ്കെടുക്കുക വീജയിപ്പിക്കുക.

വേദിയുടെ വിലാസം

Holywell Community Centre. Watford WD18 9QD

സ്റ്റീവനേജ്: ഇന്ത്യൻ പാർലിമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനങ്ങൾ ഒത്തുകൂടിയിരുന്ന് ടീവിയിൽ കണ്ടുകൊണ്ടും, ചർച്ച ചെയ്തും, ഓരോ മുന്നേറ്റങ്ങളുടെയും ആഹ്‌ളാദം പങ്കിട്ടും സ്റ്റീവനേജിലെ കോൺഗ്രസ്സുകാർ ‘ജനവിധി’ ആഘോഷമാക്കി. ഇന്ത്യയുടെ ഭാവി അറിയുന്ന നിർണ്ണായക ദിനത്തിൽ അവധിയെടുത്തും മധുരം പങ്കിട്ടും കോൺഗ്രസ്സിന്റെ കൊടികളും രാഹുൽ ഗാന്ധിയുടെ ഫോട്ടോയും ചേർത്തു പിടിച്ചാണ് ഓരോ നിമിഷങ്ങളും ആവേശപൂർവ്വം കോൺഗ്രസ്സ് വികാരം കൊണ്ടാടിയത്.

ഇന്ത്യയുടെ ജനാധിപത്യ- മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം എന്ന ജനവിധിയെ ആഘോഷമാക്കുകയും, രാഹുൽഗാന്ധി ഉയർത്തിയ ചിന്തകൾക്കും, നേതൃത്വത്തിനും അംഗീകാരവും പിന്തുണയും നൽകിയ ഇന്ത്യൻ ജനതയ്ക്കുള്ള നന്ദിയും കടപ്പാടും അർപ്പിച്ചാണ് ആഹ്ളാദ ആഘോഷം പിരിഞ്ഞത്.

ഐഒസി കേരളാ ചാപ്റ്റർ നാഷണൽ പ്രസിഡണ്ട് സുജു കെ ഡാനിയേൽ, ഐഒസി സൗത്തിന്ത്യൻ വക്താവും കോർഡിനേറ്ററുമായ അജിത് മുതലയിൽ, ഐഒസി മഹാരാഷ്‌ട്രാ ചാപ്റ്റർ ലീഡർ അവിനേഷ്‌ ഷിൻഡെ അപ്പച്ചൻ കണ്ണഞ്ചിറ, സാംസൺ ജോസഫ്, അജിമോൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. ജിമ്മി ജോർജ്ജ്, സിജോ ജോസ്, ഷൈൻ, ജിനേഷ് ജോർജ്ജ്, ജേക്കബ്, ജോണി കല്ലടാന്തിയിൽ, സോജി കുരിക്കാട്ടുകുന്നേൽ, ആദർശ്, മെൽവിൻ, തോംസൺ, സോയിമോൻ, ടിജു തുടങ്ങിയവർ നേതൃത്വം നൽകി.

ഐഒസി യുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ പുലർച്ചെ തന്നെ വന്ന പ്രതീക്ഷാനിർഭരമായ വിജയവാർത്തകളുടെ ആവേശത്തോടൊപ്പം ഒത്തുകൂടി വീക്ഷിക്കുന്നതിനെത്തിയ കോൺഗ്രസ്സുകാർ ആഘോഷ സമാപനം ചെണ്ടമേളത്തോടെയാണ് നടത്തിയത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനും,സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഗാർഗെക്കും, സുധാകരനും അടക്കം നേതാക്കൾക്ക് ജയ് വിളിച്ചും നൃത്തച്ചുവടുകളുമായി കൊടികളുമേന്തിയും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സന്തോഷം പങ്കിട്ടു.

 

രാജ്യത്തിന്റെ സുസ്ഥിരതക്കും, ജനഹിതത്തിനനുകൂലവും അവരുടെ പ്രതീക്ഷകൾ പൂവണിയിക്കുവാനും ഇതര മുന്നണിയിൽ നിന്നും ജനാധിപത്യ സംഘടനകൾ ‘ഇൻഡ്യ’ മുന്നണിയോടൊപ്പം അണിചേരുമെന്ന പ്രതീക്ഷ പങ്കുവെച്ചും, ‘ഇൻഡ്യ’ മുന്നണിക്ക് ആശംസകളും നേർന്നാണ് യോഗം പിരിഞ്ഞത്. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.

മാൻസ്ഫീൽഡ്: യു കെ മലയാളി ടൈറ്റസ് ജോയിയുടെയും, സീറോമലബാർ സഭയിലെ നാലു വൈദികരുടെയും മാതാവായ മോളി ജോയി പന്തിരുവേലിൽ (65) നിര്യാതയായി. പരേത ചിറക്കടവ്, മണ്ണംപ്ലാക്കൽ കുടുംബാംഗമാണ്. ഭർത്താവ് ജോയി സ്കറിയ പന്തിരുവേലിൽ (കാഞ്ഞിരപ്പള്ളി).

ടൈറ്റസ് ജോയി( മാൻസ്ഫീൽഡ്, യു കെ) ഫാ. മാർട്ടിൻ (പാലാരൂപത, വരിയാനിക്കാട് ഇടവക വികാരി), ഫാ. ടിയോ അൽഫോൻസ് (ഭഗൽപൂർ രൂപത), ഫാ. നിർമൽ മാത്യു( പാലാ രൂപത), ഡീക്കൻ വിമൽ ജോസഫ് (ഭഗൽപൂർ രൂപത) എന്നിവർ മക്കളാണ്. ഇളയ മകനായ ഡീക്കൻ വിമലിന്റെ അടുത്തുതന്നെ നടക്കാനിരിക്കുന്ന വൈദികപട്ട സ്വീകരണത്തിനായി ആകാംക്ഷയോടെയും പ്രാർത്ഥനയോടെയും കാത്തിരിക്കുന്ന വേളയിലാണ് ആകസ്മികമായി മോളിയുടെ മരണം സംഭവിക്കുന്നത്. പൂഞ്ഞാർ, പെരിങ്ങുളം വള്ളിയാംതടത്തിൽ കുടുംബാംഗമായ ലിറ്റി ടൈറ്റസ് (മാൻസ്ഫീൽഡ്) ഏക മരുമകളാണ്.

ജൂൺ 7 ന് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ രണ്ടരക്ക് സ്വവസതിയിൽ അന്ത്യോപചാര ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് പൈക സെൻറ് ജോസഫ് ദേവാലയ കുടുംബ കല്ലറയിൽ സംസ്ക്കരിക്കുന്നതാണ്.

ടൈറ്റസ് ജോയിയുടെ മാതാവിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

നീന്തൽ പഠിക്കുന്നതിനിടെ കുളത്തിൽ മുങ്ങി ഗുരുതരാവസ്ഥയിലായ നാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം കോട്ടക്കൽ സ്വദേശി ധ്യാൻ നാരായണ നാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വീടിനടുത്തുള്ള കുളത്തിൽ വെച്ചാണ് അപകടമുണ്ടായത്.

രക്ഷിതാക്കൾ നീന്തൽ പഠിപ്പിക്കുന്നതിനിടെ കുട്ടി മുങ്ങി പോവുകയായിരുന്നു. ബോധരഹിതനായ കുട്ടിയെ ഉടൻ പുറത്തെടുത്ത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.

RECENT POSTS
Copyright © . All rights reserved