Latest News

കാലീത്തീറ്റ കുഭംകോണക്കേസില്‍ മുന്‍ ബീഹാര്‍ മുന്‍മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന് വീണ്ടും ഏഴ് വര്‍ഷം കഠിന തടവ്. നാലാമത്തെ കേസിലാണ് റാഞ്ചി പ്രത്യേക സിബിഐ വിധി പ്രസ്താവിച്ചിരിക്കുന്നത്. ശിക്ഷ കൂടാതെ 30 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. 1995-96 കാലഘട്ടത്തില്‍ ഡുംക ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ നല്‍കി 3.13 കോടി രൂപ തട്ടിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്.

ആറ് കാലിത്തീറ്റ കുംഭകോണ കേസുകളാണ് ലാലു പ്രസാദ് യാദവിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 2013ല്‍ വിധി വന്ന ആദ്യ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷം തടവും പിഴയും കൂടാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ വിലക്കും കോടതി ഏര്‍പ്പെടുത്തിയിരുന്നു. രണ്ടാം കേസില്‍ മൂന്നരവര്‍ഷവും, മൂന്നാം കേസില്‍ അഞ്ചുവര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചിരുന്നത്. ആദ്യ കേസില്‍ 2 മാസത്തെ ജയില്‍ വാസത്തിന് ശേഷം ലാലുവിന് ജാമ്യം ലഭിച്ചിരുന്നു.

രണ്ടാമത്തെ കേസില്‍ വിധി വന്നതോടെ ജയിലില്‍ കഴിയുകയാണ് ലാലു പ്രസാദ്. തുടര്‍ച്ചയായുള്ള പ്രതികൂല വിധികള്‍ ആര്‍ജെഡിക്ക് രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സിബിഐ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ലാലുവിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചനകള്‍.

ഡല്‍ഹി: 50 ലക്ഷത്തോളം വിമുക്തഭടന്മാരുടെ വ്യക്തിവിവരങ്ങള്‍ സ്വകാര്യ സ്ഥാപനം ചോര്‍ത്തിയതായി സമ്മതിച്ച് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു സ്വകാര്യ സ്ഥാപനമാണ് വിമുക്ത ഭടന്മാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയത്. വിവരാവകാശ നിയമ പ്രകാരം റിട്ട. കമഡോര്‍ ലോകേഷ് ബത്ര നല്‍കിയ അപേക്ഷയിലാണ് നിര്‍മലാ സീതാരാമന്റെ വെളിപ്പെടുത്തല്‍.

വിവരങ്ങള്‍ ചോര്‍ത്തിയ സ്ഥാപനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആര്‍.ടി.ഐ ആക്ടിവിസ്റ്റും ഒരു വിമുക്തഭടനും കൂടിയായ ലോകേഷ് ബത്ര മുന്‍പ് സമാന ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ആര്‍ടിഐ അപേക്ഷകള്‍ കേന്ദ്രം അവഗണിച്ചിരുന്നു. എന്നാല്‍ പിന്‍മാറാന്‍ തയ്യാറാകാതിരുന്ന ബത്ര മൂന്ന് മാസം തുടര്‍ച്ചയായി ഒരേ ആവശ്യം ഉന്നയിച്ച് അപേക്ഷ നല്‍കി. ഇത് വാര്‍ത്തയാകുമെന്ന് മനസ്സിലാക്കിയ കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കാന്‍ തയ്യാറാവുകയായിരുന്നു.

സര്‍ക്കാരുമായി നിലവില്‍ ഇടപാടുകളൊന്നുമില്ലാത്ത ഒരു സ്വകാര്യ സ്ഥാപനം 50 ലക്ഷം വിമുക്തഭടന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തുക എന്ന ‘അസാധാരണ സാഹചര്യമാണ്’ നിലനില്‍ക്കുന്നതെന്നും നിയമം അനുശാസിക്കുന്ന കടുത്ത നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ഉപയോഗപ്രദമാക്കുന്നതിനായി ഫേസ്ബുക്കില്‍ നിന്ന് ആളുകളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്.

കാസര്‍കോഡ്: ഐസിസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത കേസില്‍ ആദ്യ ശിക്ഷ പ്രഖ്യാപിച്ചു. ബിഹാര്‍ സ്വദേശിനി യാസ്മിന്‍ മുഹമ്മദിന് ഏഴ് വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയെന്നാണ് കേസ്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഐസിസ് കേസുകളില്‍ ശിക്ഷ പ്രഖ്യാപിക്കുന്ന ആദ്യ കേസാണിത്.

കാസര്‍ഗോഡ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു. എന്‍.ഐ.എ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസില്‍ യാസ്മിന്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. വിചാരണക്കാലയളവില്‍ ജയിലില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യാനും കോടതി നിര്‍ദേശിച്ചു.

കാസര്‍കോട് ഉടുമ്പുന്തല അല്‍ നൂറില്‍ റാഷി എന്ന അബ്ദുല്‍ റാഷിദ് അബ്ദുള്ളയാണ് കേസിലെ ഒന്നാം പ്രതി. 2006ലാണ് ഇയാള്‍ ഉള്‍പ്പെടെ 14 പേരെ കാസര്‍കോഡ് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. അതേ വര്‍ഷം ജൂലൈ 31ന് കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് യാസ്മിനെ കേരള പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ന്യൂഡല്‍ഹി: അഴിമതിക്കെതിരായി ശക്തമായി പ്രക്ഷോഭവുമായി ഏഴു വര്‍ഷങ്ങള്‍ക്കു ശേഷം അണ്ണാ ഹസാരെ വീണ്ടും സമരമുഖത്തെത്തുന്നു. രാംലീല മൈതാനത്താണ് സമരം ആരംഭിച്ചിരിക്കുന്നത്. ബി.ജെ.പി സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായിട്ടാണ് പുതിയ പോരാട്ടം അണ്ണാ ഹസാരെ ആരംഭിച്ചിരിക്കുന്നത്. അദ്ദേഹത്തെ അനുഗമിച്ച് നിരവധിയാളുകളും രംലീല മൈതാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ശക്തമായ ലോക്പാല്‍ സ്ഥാപിക്കണമെന്നും കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില നല്‍കണമെന്നുമാവശ്യപ്പെട്ടാണ് ഹസാരെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, തലസ്ഥാനത്തു താന്‍ നടത്തുന്ന സത്യഗ്രഹം തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മഹാത്മാഗാന്ധിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന രാജ്ഘട്ടില്‍ സന്ദര്‍ശനം നടത്തിയതിന് ശേഷമാണ് അണ്ണാ ഹസാരെ സമരപ്പന്തലിലെത്തിയത്. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തുമാന്നാണ് കരുതുന്നത്. ‘പ്രതിഷേധക്കാരുമായി ഡല്‍ഹിയിലേക്കു വരുന്ന ട്രെയിനുകള്‍ നിങ്ങള്‍ റദ്ദാക്കി. അവരെ അക്രമത്തിനു നിര്‍ബന്ധിക്കുകയാണ് നിങ്ങള്‍. എനിക്കുവേണ്ടിയും പൊലീസിനെ അയച്ചു. പൊലീസ് സംരക്ഷണം വേണ്ടെന്ന് പലയാവര്‍ത്തി കത്തെഴുതി അറിയിച്ചിട്ടുണ്ട്. നിങ്ങളുടെ സംരക്ഷണം എന്നെ സഹായിക്കില്ല. കേന്ദ്രസര്‍ക്കാരിന്റെ ഈ കൗശലം ഇനി നടപ്പില്ല’ ഹസാരെ വ്യക്തമാക്കി.

രാജ്യം സാക്ഷ്യം വഹിച്ച വലിയ അഴിമതി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം വഹിച്ച വ്യക്തിയാണ് അണ്ണാ ഹസാരെ. യുപിഎ സര്‍ക്കാരിന്റെ നട്ടെല്ലൊടിച്ച സമരത്തിന് രാജ്യത്തിന്റെ നാനാഭാഗങ്ങളിലുള്ള ജനവിഭാഗങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. കേന്ദ്രത്തില്‍ ലോക്പാലും സംസ്ഥാനങ്ങളില്‍ ലോകായുക്തയും സ്ഥാപിക്കണമെന്നാണ് ഹസാരെയുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. കാര്‍ഷിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം നിര്‍ദേശിക്കുന്ന സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ദുബായിലേക്ക് ജോലിക്കെന്നും പറഞ്ഞ് കൊണ്ട് പോയി മസ്‌കറ്റിലേക്ക് കടത്തിയ അമ്മയെ നാട്ടിലെത്തിക്കണം എന്ന അഭ്യര്‍ത്ഥനയുമായി മകള്‍ സിന്ധുവിന്റെ അപേക്ഷ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനോടും ഇന്ത്യന്‍ എംബസ്സിയുടേയും തെലുങ്കാന സര്‍ക്കാരിന്റെയും ഇടപെടല്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് മകള്‍. ദുബായില്‍ സെയില്‍ഗേളെന്നും പറഞ്ഞായിരുന്നു ഹൈദരാബാദുകാരിയായ യുവതിയെ കൊണ്ടു പോയത്. എന്നാല്‍ അവിടെയെത്തിയ ശേഷം തൊഴില്‍ ദാതാക്കള്‍ യുവതിയെ മസ്‌കറ്റിലേക്ക് കടത്തുകയായിരുന്നു. പിന്നീട് അവിടെ നിന്ന് രക്ഷപ്പെട്ട യുവതി രക്ഷപ്പെട്ട് ഒരു പള്ളിയില്‍ അഭയം തേടുകയും പിന്നീട് അവരെ ആളുകള്‍ ഇന്ത്യന്‍ എംബസിയില്‍ എത്തിക്കുകയായിരുന്നു.  മസ്‌കറ്റില്‍ എത്തിയ യുവതിയെ ബാര്‍ നര്‍ത്തകിയാകാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതിനായി 15,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തു. എന്നാല്‍ ഇത് വിസമ്മതിച്ചതിനെ തുടര്‍ന്ന് അവരെ ക്രൂര മര്‍ദനത്തിന് ഇരയാക്കുകയായിരുന്നു. ജനുവരി നാലാം തീയതിയാണ് ഇവര്‍ അവിടെ നിന്നും രക്ഷപ്പെട്ടത്.  എന്നാല്‍ സ്‌പോണ്‍സറുടെ അടുത്ത് പാസ്‌പോര്‍ട്ട് ഉള്ളതിനാല്‍ ഇവര്‍ക്ക് തിരിച്ച് വരാന്‍ സാധിക്കുന്നില്ല. ഇതിന് പരിഹാരം കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് സിന്ധു മന്ത്രിയുടെയും ഇന്ത്യന്‍ എംബസിയുടേയും തെലുങ്കാന സര്‍ക്കാരിന്റെയും ഇടപെടല്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ പ്രണയിച്ചതും രജിസ്റ്റര്‍ വിവാഹം ചെയ്തതും അംഗീകരിക്കാനാവാതെ മകളെ ക്രൂരമായി കൊലപ്പെടുത്തിയപ്പോൾ ഞെട്ടിയത് കേരളംമുഴുവനും. വിവാഹാഘോഷങ്ങളുടെ കളിചിരികള്‍ ഉയരേണ്ട വീട്ടില്‍ മകളെ ഇല്ലാതാക്കിയാണ് ആ അച്ഛന്‍ പക വീട്ടിയത്. വ്യാഴാഴ്ച വൈകുന്നേരം കളിചിരികളുയരേണ്ട വീട്ടില്‍ പകരം രാജന്റെ അട്ടഹാസമുയര്‍ന്നു. കല്യാണനാളില്‍ ആതിരയ്ക്ക് ധരിക്കാനായി വാങ്ങിയ പുതുവസ്ത്രങ്ങള്‍ രാജന്‍ കൂട്ടിയിട്ട് തീയിട്ടു. കലിയടങ്ങാതെ കത്തി തിരയുന്നത് കണ്ടപ്പോള്‍ അപകടം മണത്ത രാജന്റെ സഹോദരിയാണ് ആതിരയെ കൈപിടിച്ച്‌ തൊട്ടടുത്ത വീട്ടിലേക്കോടി മുറിയില്‍ ഒളിപ്പിച്ചത്. അവിടെ ഒളിച്ചിരുന്ന ആതിരയെ കണ്ടെത്തി രാജന്‍ നെഞ്ചില്‍ കത്തിയിറക്കി.

19-ാം വയസ്സില്‍ പ്രേമിച്ച്‌ വിവാഹം ചെയ്ത രാജന് പ്രേമവിവാഹത്തോടായിരുന്നില്ല എതിര്‍പ്പ്. പട്ടിക ജാതിക്കാരനെ മരുമകനായി സ്വീകരിക്കേണ്ടി വരുന്നതായിരുന്നു പ്രശ്‌നം. മകള്‍ പട്ടികജാതിക്കാരനെ വിവാഹം ചെയ്താല്‍ സുഹൃത്തുക്കളുടെ മുഖത്ത് എങ്ങനെ നോക്കും, അവരുടെ കളിയാക്കലിനെ എങ്ങനെ നേരിടും തുടങ്ങിയ ചിന്തകള്‍ തന്നെ അലട്ടിയിരുന്നതായും രാജന്‍ മൊഴി നല്‍കി. ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ ആര്‍മിയില്‍ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ (എംഇജി) ജോലി ചെയ്യുന്ന കൊയിലാണ്ടി സ്വദേശിയായ ബ്രിജേഷുമായായിരുന്നു ആതിര പ്രണയത്തിലായതും വിവാഹം നടത്താൻ തീരുമാനിച്ചതും.

ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിന് ശേഷം പ്രൊഫൈല്‍ സെക്യൂരിറ്റി ചെക്ക് ചെയ്യാന്‍ ബെസ്റ്റ് ഫ്രണ്ട് ഫോറെവര്‍ BFF എന്ന് ടെപ്പ് ചെയ്താല്‍ മതിയെന്ന് വാര്‍ത്ത വ്യാജമെന്ന് സ്ഥിരീകരണം. അത്തരമൊരു സംവിധാനം ഫെയ്‌സ്ബുക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. ലോകത്തെമ്പാടുമുള്ള ഫെയിസ്ബുക്ക് ഉപഭോക്താക്കളെ പരിഭ്രാന്തിയിലാഴ്ത്തിയാണ് ഡാറ്റ ബ്രീച്ചുണ്ടായ വാര്‍ത്തകള്‍ പുറത്ത് വന്നത്. തങ്ങലുടെ പ്രൊഫൈല്‍ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോയെന്ന് എങ്ങനെ മനസ്സിലാക്കാമെന്നതായിരുന്നു ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ സംഭവത്തിന് ശേഷം ഫെയിസ്ബുക്ക് അധികൃതരോട് ചോദിച്ച് സംശയങ്ങളിലൊന്ന്. ഡാറ്റ ബ്രീച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷവും പലവിധങ്ങളായ വ്യാജ വാര്‍ത്തകള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത്തരത്തില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയാണ് ‘BFF’ എന്നു ടൈപ്പ് ചെയ്ത് പ്രൈഫല്‍ സെക്യൂരിറ്റി ചെക്ക് ചെയ്യാമെന്നത്.

ബ്രിട്ടിഷ് കമ്പനിയായ കേംബ്രിഡ്ജ് അനലറ്റിക്ക ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തിയതുമായി സംഭവത്തെ തുടര്‍ന്ന് നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് വേരിഫൈ ചെയ്യാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഏര്‍പ്പെടുത്തിയ സംവിധാനമാണ് BFF എന്നായിരുന്നു പ്രചരണം. ഫേസ്ബുക്ക് കമന്റായി BFF എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ പച്ചനിറം കൈവരുകയാണെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് സുരക്ഷിതമാണെന്നും മറിച്ചാണെങ്കില്‍ ഹാക്ക് ചെയ്യപ്പെട്ടതായി കണക്കാക്കി ഉടന്‍ പാസ്‌വേര്‍ഡ് മാറ്റണമെന്നും വാര്‍ത്ത പ്രചരിച്ചു. ഇതോടെ ലക്ഷക്കണക്കിന് ആളുകളാണ് BFF എന്ന് ടൈപ്പ് ചെയ്ത് സെക്യൂരിറ്റി ചെക്ക് നടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ഇത്തരം അക്ഷരങ്ങളുടെ കളര്‍ വ്യത്യാസം ഫേസ്ബുക്കിന്റെ ഒരൂ ഫീച്ചറാണ്. ടെക്സ്റ്റ് ഡിലൈറ്റ് അനിമേഷന്‍സ് എന്നാണ് ഇവയെ വിളിക്കുന്നത്. ചില പ്രത്യേക ടെക്‌സ്റ്റുകള്‍ ടൈപ്പ് ചെയ്യുമ്പോള്‍ കളര്‍ വ്യത്യാസം ഉണ്ടാകുകയും അനിമേഷന്‍ ടെക്സ്റ്റായി മാറുകയും ചെയ്യുന്നതാണ് ഇതിന്റെ രീതി.

ഫേസ്ബുക്കിന്റെ ഏറ്റവും അപ്‌ഡേറ്റഡ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമെ ടെക്സ്റ്റ് ഡിലൈറ്റ് അനിമേഷന്‍ സംവിധാനം ലഭ്യമാകുകയുള്ളു. പഴയ ആപ്ലിക്കേഷനുകളിലും ബ്രൗസറുകളിലും ഈ സൗകര്യം ലഭ്യമല്ല. മലയാളത്തില്‍ അഭിനന്ദനങ്ങള്‍ എന്ന് ടൈപ്പ് ചെയ്താല്‍ ടെക്സ്റ്റിലെ കളറില്‍ വ്യത്യാസമുണ്ടാകുന്നത് സമാന അനിമേഷന്‍ സിസ്റ്റത്തിന്റെ ഭാഗമായിട്ടാണ്. വ്യാജ വാര്‍ത്ത നിരവധി ഉപഭോക്താക്കളെയാണ് കബളിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും ഫേസ്ബുക്ക് അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ മാറ്റുന്നത് കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തും. അതേസമയം കേംബ്രിജ് അനലിറ്റിക്കയെന്ന ബ്രിട്ടിഷ് കമ്പനി ഫെയിസ്ബുക്ക് ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഫെയ്സ്ബുക്ക് രംഗത്ത് വന്നിട്ടുണ്ട്. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വിഷയത്തില്‍ ഉപഭോക്താക്കളോട് മാപ്പ് അപേക്ഷിക്കുകയും ഭാവിയില്‍ ഇത്തരം സെക്യൂരിറ്റി ബ്രീച്ചുണ്ടാകുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്താമാക്കിയിട്ടുണ്ട്.

മെയ് 19ന് നടക്കാനിരിക്കുന്ന ഹാരി രാജകുമാരന്റെയും മെഗാന്‍ മാര്‍ക്കലിന്റെയും വിവാഹത്തേക്കുറിച്ച് ബ്രിട്ടീഷ് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറയാന്‍ തുടങ്ങി. വിവാഹ നിശ്ചയം മുതലേ ഇവര്‍ വാര്‍ത്താതാരങ്ങളാണെങ്കിലും വിവാഹത്തിന്റെ തിയതി അടുത്തതോടെ തയ്യാറെടുപ്പുകളാണ് ഇപ്പോള്‍ വാര്‍ത്തകളാകുന്നത്. ഹാരി രാജകുമാരന്‍ തന്റെ മൂന്ന് മുന്‍ കാമുകിമാരെ വിവാഹത്തിന് ക്ഷണിച്ചുവെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പുറത്തു നിന്ന് 2640 പേരെയാണ് ക്ഷണിച്ചിരിക്കുന്നത്.

അവരില്‍ എല്ലി ഗോള്‍ഡിംഗ്, ചെല്‍സി ഡേവി, ക്രെസിഡ ബോണാസ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളാണത്രേ. ചാപ്പലിനുള്ളില്‍ വിവാഹച്ചടങ്ങുകളില്‍ ഇവര്‍ക്ക് പങ്കെടുക്കാനാകും. മൂന്ന് പൂര്‍വ കാമുകിമാരെയും കഴിഞ്ഞ മാസം തന്നെ ഹാരി ക്ഷണിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ക്ഷണത്തിന് മെഗാന്‍ മാര്‍ക്കല്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ശ്രുതിയുണ്ട്. ഇവരില്‍ എല്ലി ഗോള്‍ഡിംഗായിരുന്നു ഹാരിയുടെ ഏറ്റവുമൊടുവിലെ കാമുകി. ഹാരിയില്‍ നിന്ന് ഗര്‍ഭിണിയായിട്ടില്ലെന്ന് ലൈവ് ടിവി ഷോയില്‍ പ്രഖ്യാപിക്കേണ്ട ഗതികേടുപോലും ഇവര്‍ക്ക് ഉണ്ടായിട്ടുണ്ട്. മൂന്ന് പേര്‍ക്കും ക്ഷണക്കത്ത് തപാലില്‍ അയച്ചിട്ടുണ്ടെന്നാണ് വാര്‍ത്ത.

2011 ഏപ്രിലില്‍ വില്യം രാജകുമാരന്റെ വിവാഹത്തിന് ഗായകസംഘത്തില്‍ അംഗമായിരുന്നു എല്ലി. അതുകൊണ്ട് രാജവിവാഹത്തിന്റെ ചിട്ടകളേക്കുറിച്ച് എല്ലിക്ക് ധാരണയുണ്ടെന്നും മാധ്യമങ്ങള്‍ പറയുന്നു. എല്ലിയുടെ കാമുകന്‍ കാസ്പര്‍ ജോപ്ലിംഗിനും ഹാരിയുടെ വിവാഹക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. ഹാരിയും വില്യമും പഠിച്ച എറ്റോണ്‍ കോളേജിലാണ് ഇയാളും പഠിച്ചത്.

ബജറ്റ് സൂപ്പര്‍മാര്‍ക്കറ്റായ ലിഡില്‍ ഈസ്റ്റര്‍ അവധി ദിവസങ്ങള്‍ക്ക് വേണ്ടി പ്രത്യേക വൈന്‍ പാക്കേജ് അവതരിപ്പിച്ചു. സ്പ്രിംഗ് വൈന്‍ ടൂര്‍ എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന പാക്കേജില്‍ 10 പൗണ്ടിലും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന വൈനുകളടക്കം 26 പ്രീമിയം വൈനുകളാണ് കുറഞ്ഞ വിലയില്‍ ലഭ്യമാകുന്നത്. ഇവയില്‍ 15ഓളം ബ്രാന്‍ഡുകള്‍ക്ക് 6 പൗണ്ടില്‍ താഴെയാണ് വില. മാര്‍ച്ച് 26 മുതല്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷെല്‍ഫുകളില്‍ ഇവ ലഭ്യമാകും.

ആഘോഷാവസരങ്ങള്‍ക്ക് അനുയോജ്യമായ ഉന്നത ഗുണനിലവാരമുള്ള വൈനുകളാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ലിഡില്‍ യുകെ വൈന്‍ ബയര്‍ പ്രതിനിധി അന്ന ക്രെറ്റ്മാന്‍ പറഞ്ഞു. ലോകമെമ്പാടും നിന്നുള്ള മികച്ച വൈന്‍ ശേഖരമാണ് കുറഞ്ഞ വിലയില്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. രുചിയിലും ഗുണനിലവാരത്തിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറായിട്ടില്ലെന്നും ലിഡില്‍ അറിയിക്കുന്നു. ഈസ്റ്റര്‍ വീക്കെന്‍ഡിനായി 16 പൗണ്ട് വരെ മാത്രം വിലയുള്ള ഷാംപെയിനുകളും വിപണിയിലെത്തിച്ചിട്ടുണ്ട്.

പ്രീമിയര്‍ ക്രൂ ബ്രൂട്ട് ഷാംപെയിന് 15.99 പൗണ്ട് മാത്രമാണ് വില. ബ്ലിസിംഗര്‍ ഷാംപെയിന്‍ ബ്രൂട്ട് റോസിന് 14.99 പൗണ്ടും വില വരും. ഓക്‌സിറ്റാന്‍ കോഹ്ബിയേരെ വെറും 4.99 പൗണ്ടിന് ലഭിക്കും. ബാര്‍ബിക്യൂവിനൊപ്പം കഴിക്കാന്‍ മികച്ചത് എന്നാണ് ഇതിനെക്കുറിച്ചുള്ള വിശേഷണം. ലെല്ലെയ് ഇര്‍സായ് ഒലിവറിന് 5.99 പൗണ്ടാണ് ഈടാക്കുന്നത്.

ന്യൂസ് ഡെസ്ക് 

ലണ്ടനിലുണ്ടായ കാറപകടത്തിൽ മലയാളി മരണമടഞ്ഞു. ഹൺസ്ളോ സെൻറ് ജോൺസ് മാർ തോമ്മാ ചർച്ച് മെമ്പർ ആയ രാജീവ് മാത്യു (37) ആണ് അപകടത്തിൽ പെട്ടത്. ബാൻബറിയിലാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ഗുജറാത്തിലെ ബറൂച്ചിൽ ഉള്ള രാജീവിന്റെ കുടുംബത്തെ പോലീസ്  ലണ്ടനിൽ നിന്നും വിവരം അറിയിക്കുകയായിരുന്നു.

ഇന്നലെ രാവിലെ 9.41 നാണ് അപകടം നടന്നത്. പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടു പോകുന്നതിനായുള്ള നടപടികൾ പോലീസുമായി ബന്ധപ്പെട്ട് മാർ തോമ്മാ ചർച്ച്  സ്വീകരിച്ചു വരികയാണെന്ന് വികാരി റവ. ഷിബു കുര്യൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. രാജീവിന്റെ പത്നി ശിൽപാ തങ്കം ജോയിയും മകൾ അനുഷ്ക സൂസൻ രാജീവും ഗുജറാത്തിലെ ബറൂച്ചിലാണ് താമസിക്കുന്നത്.

രാജീവ് മാത്യൂവിന്റെ അകാല വിയോഗത്തിൽ മലയാളം യു കെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

RECENT POSTS
Copyright © . All rights reserved