തിരുവനന്തപുരം: കേരളത്തിലെ നഴ്‌സിങ് സമൂഹം നീതിതേടിയുള്ള പണിമുടക്ക് സമരത്തിലേക്ക് നീങ്ങുമ്പോൾ അവർക്കൊപ്പം ഉണ്ടെന്ന് പ്രഖ്യാപിച്ച് തൃത്താല എംഎൽഎ വി ടി ബൽറാം. ന്യായമായ ആവശ്യത്തിനാണ് നഴ്‌സുമാർ പണിമുടക്കുന്നതെന്ന് പ്രഖ്യാപിച്ച് നടത്തുന്ന ലോംഗ് മാർച്ചിനൊപ്പം നടക്കാൻ താനുമുണ്ടെന്ന് പ്രഖ്യാപിച്ചാണ് ബൽറാം രംഗത്തുവന്നത്. ഫേസ്‌ബുക്ക് ലൈവിലൂടെയാണ് തൃത്താല എംഎൽഎ ഈ പ്രഖ്യാപനം നടത്തുന്നത്. നാളെ മുതൽ ചേർത്തലയിൽ നിന്ന് സെക്രട്ടേറിയറ്റിലേക്ക് ‘വാക്ക് ഫോർ ജസ്റ്റീസ്’ എന്ന് പേരിട്ടാണ് യുഎൻഎയുടെ നേതൃത്വത്തിൽ നഴ്‌സുമാർ മാർച്ച് തുടങ്ങുന്നത്. സമരത്തിനൊപ്പം ഉണ്ടെന്ന് പ്രഖ്യാപിച്ചാണ് ബൽറാം എംഎൽഎ ലൈവ് നൽകിയത്. ഇന്നലെ നഴ്‌സുമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പോസ്റ്റ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർക്കൊപ്പം അണിനിരക്കുമെന്ന് എംഎൽഎ പ്രഖ്യാപിച്ചിട്ടുള്ളത്. കോണ്‍ഗ്രസിലെ യുവതലമുറയുടെ ആവേശമായ എംഎൽഎയും ലോംഗ് മാർച്ചിൽ അണിചേരുമെന്ന പ്രഖ്യാപനം വലിയ ആവേശമാണ് ന്‌ഴ്‌സുമാരിൽ ഉയർത്തിയിട്ടുള്ളത്.
സമരത്തെ തകർക്കാൻ ആശുപത്രി മുതലാളിമാരും ഭരണപക്ഷവും ശ്രമിക്കുന്ന സൂചനകൾ പുറത്തുവരുന്നതിനിടെ അതിന്റെ ഇരട്ടി ആവേശത്തിൽ ആയിരങ്ങൾ വാക്ക് ഫോർ ജസ്റ്റിസ് എന്ന പേരിട്ട ലോംഗ് മാർച്ചിനെ അനുകൂലിച്ച് രംഗത്തെത്തുന്നു. ഇത് ആവേശമാകുകയാണ് പതിനായിരക്കണക്കിന് നഴ്‌സുമാർക്കും അവരുടെ അനിഷേധ്യ സംഘടനയായ യുഎൻഎയ്ക്കും. നഴ്‌സുമാരുടെ സമരത്തെ അനുകൂലിച്ച് പല ഹാഷ് ടാഗുകളിലായി ആയിരങ്ങളാണ് സോഷ്യൽ മീഡിയയിൽ പിന്തുണ പ്രഖ്യാപിക്കുന്നതും. സംസ്ഥാനം കണ്ടതിൽവച്ച് ഏറ്റവും വലിയ സമരമായി ഇത് മാറുമെന്ന നിലയിലാണ് പലരും സമരത്തെ അനുകൂലിച്ച് രംഗത്തെത്തുന്നത്.
ഫേസ്‌ബുക്ക് ലൈവിൽ ബൽറാം പറഞ്ഞത്:
താൻ ലൈവിൽ വന്നിട്ടുള്ളത് നാളെമുതൽ നഴ്‌സുമാർ നടത്തുന്ന സമരത്തെ പിൻതുണയ്ക്കാൻ വേണ്ടിയാണെന്ന് വ്യക്തമാക്കിയാണ് ബൽറാം ലൈവ് നൽകുന്നത്. ലൈവ് കാണുന്നവരെല്ലാം ഈ സമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്തുവരണമെന്നും ബൽറാം ആഹ്വാനം ചെയ്യുന്നു. ഈ സമരം വളരെ ന്യായമായ സമരമാണ്. അത്തരം ആവശ്യങ്ങളാണ് നഴ്‌സുമാർ ഉന്നയിക്കുന്നത്.
നമ്മുടെ വികസനമാതൃകയുടെ അഭിമാനമായി നമ്മൾ ഉയർത്തിക്കാട്ടുന്നത് നമ്മുടെ ആരോഗ്യ രംഗത്തിന്റെ മേന്മകളേയാണ്. ആ ആരോഗ്യരംഗത്തെ നിലനിർത്തുകയും അതിന് നന്മകളിലേക്ക് ഉയരാൻ സാഹചര്യം ഒരുക്കുകയും ചെയ്യുന്നതിൽ നഴ്‌സുമാരുടെ പങ്ക് നമുക്ക് ഒരിക്കലും കുറച്ചുകാണാനാവില്ല.
എന്നാൽ വളരെ നാമമാത്രമായുള്ള സേവന വേതന വ്യവസ്ഥകളാണ് അവർക്ക് ഇതുവരെ ലഭ്യമായിട്ടുള്ളത്. ഈ വിഷയത്തിൽ രാഷ്ട്രീയമായ തർക്കത്തിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. – ബൽറാം പറയുന്നു.
ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണം. മറ്റേത് മേഖലയേക്കാളും സേവന തൽപരതയോടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് നഴ്‌സുമാർ ഉണ്ട്. അവരുടെ ദൈനംദിന ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാൻ അവർ ബുദ്ധിമുട്ടുന്നു. അവർക്ക് എല്ലാ പിന്തുണയും നൽകണം. അവർക്ക് മാന്യമായ ശമ്പളം ലഭിക്കാനുള്ള സമരത്തെ സഹായിക്കാൻ എല്ലാവരും മുന്നോട്ടുവരണം.
അത് ഉറപ്പുവരുത്തുകയെന്നത് സമൂഹത്തിന്റെ മുഴുവൻ ബാധ്യതയാണ്. അവർക്ക് അനുകൂലമായ തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാൻ സാമൂഹ്യ സമ്മർദ്ദം ഉയർന്നുവരണം. മുമ്പ് നഴ്‌സുമാർ ശക്തമായി സമരം നടത്തിയപ്പോൾ ആവശ്യങ്ങൾ മുന്നോട്ടുവച്ചു. ന്യായമായ ആവശ്യങ്ങൾ നടപ്പാക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും അത് നടന്നില്ല. അങ്ങനെയാണ് അന്തിമസമരത്തിലേക്ക് അവർ നീങ്ങുന്നത്. ആ ലോംഗ് മാർച്ചാണ് ചേർത്തലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് നീങ്ങുന്നത്.
ഈ സമരത്തോടൊപ്പമാണ് കേരളത്തിലെ പൊതു മനസ്സാക്ഷി. അതിന്റെ ഭാഗമാകാൻ എല്ലാവരും കടന്നുവരണം. സമരത്തിന്റെ ലക്ഷ്യങ്ങളെ പ്രോത്സാഹിപ്പിക്കണം. യുക്തിസഹമായ തീരുമാനത്തിലേക്കെത്താൻ എല്ലാവരും സമരവുമായി സഹകരിക്കണം. മുഖ്യമന്ത്രിയും സർക്കാരും സമരത്തിന് ആസ്പദമായ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു. നഴ്‌സുമാരുടെ ആവശ്യങ്ങൾ ഇന്നുതന്നെ അംഗീകരിച്ച് സമരം ഒഴിവാക്കണമെന്നും ബൽറാം അഭ്യർത്ഥിച്ചു.
സമരത്തെ അനുകൂലിച്ച് ബൽറാം കഴിഞ്ഞദിവസം നൽകിയ പോസ്റ്റ്:
#Walk_For_Justice
കേരളത്തിലെ നേഴ്‌സിങ് സമൂഹം നീതി തേടിയുള്ള അന്തിമ സമരത്തിലേക്ക് പ്രവേശിക്കുകയാണ്. ചേർത്തലയിൽ നിന്ന് യുഎൻഎയുടെ നേതൃത്ത്വത്തിൽ ഏപ്രിൽ 24ന് തുടങ്ങുന്ന നഴ്‌സുമാരുടെ ലോംഗ് മാർച്ച് ഭരണസിരാകേന്ദ്രമായ തിരുവനന്തപുരത്തേക്കാണ് നടന്നു നീങ്ങുന്നത്.
ഏറ്റവും കൂടുതൽ തൊഴിൽ ചൂഷണങ്ങൾ നിലനിൽക്കുന്ന, ന്യായമായ സേവന വേതനവ്യവസ്ഥകൾ ഇന്നും ഒരു സ്വപ്നമായി അവശേഷിക്കുന്ന ഈ മേഖലയിലെ പ്രശ്‌നങ്ങൾ ശാശ്വതമായി പരിഹരിച്ചേ പറ്റൂ. വാഗ്ദാനങ്ങൾ വാരിക്കോരി നൽകുകയും പിന്നീടത് നടപ്പാക്കാൻ യാതൊരു താത്പര്യവും കാണിക്കാതിരിക്കുകയും ചെയ്യുന്ന സംസ്ഥാന സർക്കാരിന് ഇനിയെങ്കിലും കണ്ണു തുറക്കാനും ഉചിതമായ രീതിയിൽ ഇടപെടാനും സാധിക്കേണ്ടതുണ്ട്. നമ്മുടേത് ഒരു ജനാധിപത്യമാകയാൽ ഇത്തരം ക്രിയാത്മക നടപടികളിലേക്ക് സർക്കാരിനെ പ്രേരിപ്പിക്കുന്ന തരത്തിൽ ഈ ലോംഗ് മാർച്ചിന് പിന്തുണയർപ്പിച്ച് കടന്നുവരാൻ കേരളീയ പൊതുസമൂഹത്തിനും ബാധ്യതയുണ്ടെന്ന കാര്യത്തിൽ സംശയമില്ല.
ഈ സമരത്തിന് എന്റെ പിന്തുണ അറിയിക്കുന്നു.
കിച്ചണ്‍ കപ്‌ബോര്‍ഡുകള്‍ മനുഷ്യന് ഭീഷണിയാകുമോ? ചോദ്യം കേട്ടാല്‍ വിചിത്രമെന്ന് തോന്നാമെങ്കിലും സംഗതി വാസ്തവമാണെന്ന് പുതിയ പഠനം പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് അയോവയിലെ ഗവേഷകരാണ് ഞെട്ടിക്കുന്ന ഒരു പഠനഫലം പുറത്തു വിട്ടിരിക്കുന്നത്. ചില ആധുനിക കിച്ചണ്‍ ക്യാബിനറ്റുകള്‍ പോളി ക്ലോറിനേറ്റഡ് ബൈഫിനൈല്‍ കോമ്പൗണ്ടുകള്‍ പുറത്തു വിടുന്നുണ്ടെന്നാണ് പഠനം പറയുന്നത്. പിസിബി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ രാസപദാര്‍ത്ഥങ്ങള്‍ കാന്‍സറിന് കാരണമാകുന്നതാണെന്ന് നേരത്തേ തിരിച്ചറിഞ്ഞിട്ടുണ്ട്.

ക്യാബിനറ്റുകളില്‍ ഉപയോഗിക്കുന്ന സീലന്റുകളില്‍ നിന്നാണ് ഈ അപകടകരമായ രാസവസ്തു പുറത്തു വരുന്നത്. കാന്‍സറിന് കാരണമാകുമെന്നതിനാല്‍ പിസിബിയുടെ നിര്‍മാണം 1979 മുതല്‍ അമേരിക്ക നിരോധിച്ചിട്ടുണ്ട്. എങ്കിലും ഇവയടങ്ങിയ ഒട്ടേറെ പദാര്‍ത്ഥങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. ഓഫീസുകളിലും അടുക്കളകളിലും വീടുകളിലും സ്‌കൂളുകളിലുമൊക്കെ ഇവയുടെ സാന്നിധ്യമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ആറാഴ്ച സമയത്ത് 16 വീടുകള്‍ക്കുള്ളിലെ പിസിബി സാന്നിധ്യം പരിശോധിച്ചാണ് പഠനം നടത്തിയത്. മൂന്ന് വിധത്തിലുള്ള പിസിബികളുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.

പിസിബി 47, പിസിബി 51, പിസിബി 68 എന്നിവയുടെ സാന്നിധ്യം അപകടകരമാം വിധം ഉയര്‍ന്നതാണെന്ന് പഠനത്തില്‍ വ്യക്തമായി. പഴക്കമേറിയ വീടുകളില്‍ കാണുന്നതിനേക്കാള്‍ താരതമ്യേന പുതിയ വീടുകളില്‍ ഇവയുടെ സാന്നിധ്യം വര്‍ദ്ധിച്ചു വരുന്നുവെന്നതാണ് അതിശയകരമായ ഒരു കാര്യം. ഈ രാസവസ്തു പുറത്തുവരുന്നത് എവിടെനിന്നാണെന്ന അന്വേഷണം ഗവേഷകരെ അടുക്കള ക്യാബിനറ്റുകളിലാണ് കൊണ്ടെത്തിച്ചത്. പുതിയ അടുക്കള ക്യാബിനറ്റുകളുടെ സീലന്റിലെ ഘടകമായ ഡൈക്ലോറോബെന്‍സോയില്‍ പെറോക്‌സൈഡ് വിഘടിച്ചാണ് ഇത് പുറത്തു വരുന്നതെന്നും വ്യക്തമായി.
തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലിഗയുടെ മരണം അസ്വാഭാവികമാണെന്ന് സഹോദരി. ലാത്വിയന്‍ വിനോദസഞ്ചാരിയായ ലിഗയെ കാണാതായി ഒരു മാസത്തനു ശേഷമാണ് ലിഗയുടേതെന്ന് കരുതുന്ന മൃതദേഹം കോവളം ബീച്ചിന് 6 കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്. ലിഗയുടെ സഹോദരി ഇല്‍സിയും ഭര്‍ത്താവ് ആന്‍ഡ്രൂസും വാര്‍ത്താസമ്മേളനത്തിലാണ് മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആവര്‍ത്തിച്ചത്. പോലീസില്‍ നിന്ന് നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും ഇവര്‍ പറഞ്ഞു.
ലിഗയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം മറ്റൊരാള്‍ക്കും ഇനി ഉണ്ടാകരുതെന്ന ഉറച്ചവാശിയില്‍ പോരാട്ടത്തിനിറങ്ങുകയാണെന്നും സഹോദരി പറഞ്ഞു. മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡിജിപിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ലിഗയെ കാണാതായ സമയത്ത് പോലീസില്‍ നിന്നുണ്ടായ സമീപനം ഈ അന്വേഷണത്തില്‍ ആവര്‍ത്തിക്കരുത്. ആത്മഹത്യയാണെന്നാണ് വിധിയെഴുതുന്നതെങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ആവശ്യപ്പെടും. മൃതദേഹം ലാത്വിയയിലെത്തിച്ച് വിശദ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റയ്ക്ക് എത്തിപ്പെടാനാകില്ല. മറ്റാരെങ്കിലും അങ്ങോട്ടേക്ക് എത്തിച്ചതാകും. കോവളം ബീച്ചിനെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത ഇന്ത്യയില്‍ ആദ്യമായി എത്തിയ അവള്‍ അവിടെ നിന്ന് ആറ് കിലോമീറ്റര്‍ അപ്പുറം എങ്ങനെ എത്തിചേര്‍ന്നു. ഈ പ്രദേശത്ത് മുമ്പും ദുരൂഹ മരണങ്ങള്‍ നടന്നതായി പ്രദേശവാസികളില്‍ നിന്നറിഞ്ഞു. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ജാക്കറ്റും അവളുടേതല്ലെന്ന് ആവര്‍ത്തിക്കുന്നു.
മുഖ്യമന്ത്രിയെ കാണാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ലെന്ന് ഇല്‍സി പറഞ്ഞു. കാണാതായ സമയത്ത് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ അവളെ കണ്ടെത്താനാകുമായിരുന്നു. മരണവുമായി ബന്ധപ്പെട്ട് സംശയം ദൂരീകരിക്കുന്നത് വരെ പോരാടും. വിഷയത്തില്‍ എംബസിയുടേയും ലാത്വിയന്‍ സര്‍ക്കാരിന്റേയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യത്തിന് പണം കൈയിലില്ലാത്ത അവള്‍ പുതിയ ജാക്കറ്റ് വാങ്ങിയെന്ന വാദം തള്ളിക്കളയുകയാണെന്നും അവര്‍ പറഞ്ഞു.
പുത്തൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയായ അമ്മ പിടിയിൽ. പുത്തൂര്‍ സ്വദേശിനിയായ അമ്പിളിയെയാണ് സ്വന്തം കുഞ്ഞിനെ കൊന്നതിന് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞ് ജനിച്ചയുടനെ കൊലപ്പെടുത്തിയ അമ്പിളി തുടര്‍ന്ന് സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു .കുട്ടി ഉടനെ വേണ്ട എന്നായിരുന്നു ഇവരുടെ തീരുമാനം.
ഗർഭഛിദ്രത്തിനുള്ള ശ്രമം പരാജയപ്പെട്ടതോടെ കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിച്ചത്. പ്രസവം കഴിഞ്ഞയുടനെ അമ്മ ഉഷയുടെ സഹായത്തോടെയാണ് അന്പിളി കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തുന്നു. അവശനിലയില്‍ കഴിയുന്ന യുവതിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. കാരിക്കല്‍ സ്വദേശിനിയായ യുവതി വീടിന്റെ 50 മീറ്റര്‍ അകലെ കുട്ടിയുടെ ശരീരം ഉപേക്ഷികുകയായിരുന്നു. തെരുവുപട്ടികള്‍ കടിച്ചുകീറിയ നിലയില്‍ പിന്നീട് ആശാ വര്‍ക്കര്‍മാരാണ് കണ്ടെത്തിയത്. മൃതശരീരത്തിന് മുന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.
മുംബൈ ഇന്ത്യന്‍സിനെ മൂന്നു വിക്കറ്റിന് തകര്‍ത്താണ് രാജസ്ഥാന്‍ റോയല്‍സ് മിന്നും ജയം സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്ത് ബാക്കി നില്‍ക്കേ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. 39 പന്തില്‍ 52 റണ്‍സ് എടുത്താണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയ ഉണര്‍വ് നല്‍കി കളിയുടെ ഗതി ഒരു ഘട്ടംകൊണ്ട് മാറ്റിമറിച്ചത്.
മത്സരത്തോടെ സഞ്ജുവിന്റെ ഓറഞ്ച് ക്യാപ്പ് തിരിച്ചുപിടിക്കാന്‍ സഞ്ജുവിനായി. ജോഫ്രോ ആര്‍ച്ചറിന്റെ മൂന്ന് വിക്കറ്റ് പ്രകടനവും ഗൗതമിന്റെ വെടിക്കെട്ടും(11 പന്തില്‍ 33) രാജസ്ഥാന്‍ വിജയത്തില്‍ നിര്‍ണായകമായി. മുംബൈയുടെ സ്‌കോര്‍ പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് തുടക്കത്തിലെ പിഴച്ചു. സ്‌കോര്‍ 33 ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍മാരായ ത്രിപാദിയേയും രഹാനെയും നഷ്ടമായി. പിന്നാലെ മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന സഞ്ജു-സ്‌റ്റോക്‌സ് സഖ്യം രാജസ്ഥാന് വിജയത്തിലേക്കുള്ള തിരിച്ചുവരവ് സമ്മാനിക്കുകയായിരുന്നു. പതിനാലാം ഓവറിലെ ആദ്യ പന്തില്‍ 27 പന്തില്‍ 40 റണ്‍സെടുത്ത സ്‌റ്റോക്‌സിനെ പുറത്താക്കി മുംബൈ മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ കരുതലോടെ കളിച്ച സഞ്ജു ഇതിനിടെ അര്‍ദ്ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയതോടെ ഒരിക്കല്‍ കൂടി മലയാളി താരം രാജസ്ഥാനെ വിജയിപ്പിക്കുമെന്ന് തോന്നിച്ചു.
എന്നാല്‍ സഞ്ജുവിനെയും(39 പന്തില്‍ 52), ആറ് റണ്‍സെടുത്ത ബട്ട്ലറെയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി ബൂംമ്ര രാജസ്ഥാന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. മുസ്താഫിസര്‍ എറിഞ്ഞ 18-ാം ഓവറിലെ ആദ്യ പന്തില്‍ ഗോള്‍ഡണ്‍ ഡക്കായി ക്ലാസനും പുറത്തായി. ഇതോടെ രാജസ്ഥാന്‍ ആറ് വിക്കറ്റിന് 125. ഡെത്ത് ഓവര്‍ സ്പെഷലിസ്റ്റായ ബൂംമ്ര എറിഞ്ഞ 19-ാം ഓവറില്‍ ഗൗതവും ആര്‍ച്ചറും ചേര്‍ന്ന് അടിച്ചുകൂട്ടിയത് 17 റണ്‍സ്. അവസാന ഓവറില്‍ രാജസ്ഥാന് മുന്നില്‍ 10 റണ്‍സ് വിജയലക്ഷ്യം. ഹര്‍ദിക് പാണ്ഡ്യയെറിഞ്ഞ ഓവറില്‍ ആദ്യ പന്തില്‍ ആര്‍ച്ചര്‍ പുറത്തായെങ്കിലും സിക്സും ബൗണ്ടറിയുടമായി ഗൗതം രാജസ്ഥാനെ വിജയിപ്പിച്ചു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് സ്വപ്നതുല്യമായ തുടക്കം ലഭിച്ചിട്ടും വമ്പന്‍ സ്‌കോര്‍ നേടാനായില്ല. ആദ്യ പന്തില്‍ തന്നെ എല്‍വിന്‍ ലൂയിസിനെ(0) നഷ്ടമായെങ്കിലും സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ചേര്‍ന്ന് മുംബൈയ്ക്കായി വന്‍ സ്‌കോറിനുള്ള അടിത്തറയിട്ടു. രണ്ടാം വിക്കറ്റില്‍ 129 റണ്‍സാണ് ഇരുവരും ചേര്‍ന്ന് 14 ഓവറില്‍ അടിച്ചെടുത്തത്. 47 പന്തില്‍ 72 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. ഇഷാന്‍ കിഷന്‍ 42 പന്തില്‍ 58 റണ്‍സെടുത്തു. 20 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്ന പൊള്ളാര്‍ഡാണ് മുംബൈ നിരയില്‍ രണ്ടക്കം കടന്ന മൂന്നാമത്തെ ബാറ്റ്‌സ്മാന്‍. രാജസ്ഥാനായി അരങ്ങേറിയ ജെഫ്രേ ആര്‍ച്ചര്‍ നാലോവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. പത്തൊമ്പതാം ഓവറിലായിരുന്നു ആര്‍ച്ചറുടെ മൂന്ന് വിക്കറ്റുകളും. രാജസ്ഥാനായി ധവാല്‍ കുല്‍ക്കര്‍ണിയും രണ്ട് വിക്കറ്റെടുത്തു.
തൃപ്പൂണിത്തുറ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിനി അനാമിക വര്‍മയാണ് (17) ശനിയാഴ്ച മരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം അവധിക്കാല യാത്രയ്ക്കിടെ എറണാകുളത്ത് ഹോട്ടലില്‍നിന്ന് അനാമിക ചെമ്മീന്‍ ബിരിയാണി കഴിച്ചിരുന്നു. ചെമ്മീന്‍ അലര്‍ജിയായിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ചിലര്‍ക്ക് ചില ഭക്ഷണപദാര്‍ഥങ്ങള്‍ അലര്‍ജി ഉണ്ടാക്കാറുണ്ടെന്ന് അനാമികയുടെ മൃതദേഹം പോസ്റ്റമോര്‍ട്ടംചെയ്ത എറണാകുളം ജനറലാശുപത്രിയിലെ പോലീസ് സര്‍ജന്‍ ഡോ. ബിജുജനെസ് പറഞ്ഞു. ചുരുക്കം ആളുകള്‍ക്കാണ് ഇത് സംഭവിക്കാറുള്ളത്.
തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് സകൂളിന് പിറകില്‍ഭൂമികയില്‍ ഡോ. അനില്‍ വര്‍മയുടെയും ഉഷാദേവിയുടെയും ഏകമകളാണ് അനാമിക. സദാശിവന്റെ കൈയൊപ്പ എന്ന മലയാളസിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച സമയത്താണ് അപകടം. മൂന്ന് തമിഴ് സിനിമയിലേക്ക് ഓഡിഷനും വിളിച്ചിരുന്നു. അഭിനയ സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ് ഭരതനാട്യം നര്‍ത്തകികൂടിയായ അനാമിക യാത്രയായത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തൃപ്പൂണിത്തുറയിലെ വസതിയിലെത്തിച്ചു.
ഒന്‍പതുമാസത്തിനുശേഷമാണ് പിതാവ് അനില്‍ വര്‍മ ചെന്നൈയില്‍ നിന്ന് വീട്ടിലെത്തിയത്. കുടുംബമൊന്നാകെ ദിവസങ്ങളായി അവധിക്കാല യാത്രയിലായിരുന്നു. ഇതിന്റെ ഭാഗമായി എറണാകുളത്ത് ഹോട്ടലിലായിരുന്നു താമസം.
മെൽബൺ : മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് കടകളിലും ഹോട്ടലുകളിലും ഉപയോഗിച്ച് ആൾമാറാട്ടം നടത്തി ദുരുപയോഗം ചെയ്തതിന് പ്രവാസി കേരളാ കോൺഗ്രസ് നേതാവും ഓസ്ട്രേലിയ ഗ്ലോബൽ മലയാളി കൗൺസിൽ പ്രസിഡന്റുമായ റെജി മാത്യു പാറയ്ക്കനെ നാലായിരം ഡോളര്‍ പിഴ അടക്കാനും ഒരു വർഷത്തെ നല്ല നടപ്പിനും റിംഗ് വുഡ് കോടതി ശിക്ഷിച്ചു. ഒരു ഓസ്ട്രേലിയാക്കാരൻ കടയില്‍ മറന്നു വച്ച ക്രെഡിറ്റ് കാർഡ് പേപാസ്സ് എന്ന ആനുകൂല്യം പറ്റി നൂറുഡോളറിന് താഴെ പല കടകളിലും ഹംഗറിജാക്സ്, മാക്കേഴ്സ്, മറ്റ് ഹോട്ടലുകൾ എന്നിവിടങ്ങളിലും ഉപയോഗിച്ചതിനാണ് കോടതി ശിക്ഷിച്ചത്..
പരാതിക്കാരൻ റോവിൽ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി പ്രകാരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് റെജി പാറയ്ക്കന്‍ കുടുങ്ങിയത്. ക്രെഡിറ്റ് കാർഡ് പല സ്ഥലങ്ങളിലും ഉപയോഗിക്കുന്ന കൃത്യമായ തെളിവ് സഹിതമാണ് പ്രതിയെ കുടുക്കിയത്. തുടർന്ന് റോവിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റം തെളിയുകയും റിംഗ് വുഡ് മജിസ്ട്രേറ്റ് കോടതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയുമാണ് ഉണ്ടായത്.

കോടതി പ്രതിയ്ക്കെതിരെ മോഷണത്തിനും വിശ്വാസവഞ്ചനയ്ക്കുമുള്ള വകുപ്പുകളാണ് ചുമത്തിയത്. വിധി പകർപ്പിൽ ബെർവിക്കിലും ഡാൻഡിനോംഗിലും പല സ്ഥലങ്ങളിൽ ഈ മോഷ്ടിച്ച കാർഡുപയോഗിച്ചതായി പറയുന്നുണ്ട്. ധാരാളം മലയാളികളുള്ള ഓസ്ട്രേലിയായിൽ മലയാളികൾക്കാകെ അപമാനം വരുത്തിവച്ച ഈ നടപടി മലയാളികൾക്ക് നാണക്കേടായി മാറി.
ഇന്ത്യയില്‍ കാണാതായ ക്രിപ്റ്റോ കറന്‍സി ബിറ്റ്കോയിന്‍ തിരിച്ചു പിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് കോടി പ്രതിഫലം. കാണാതായ 438.318 ബിറ്റ്‌കോയിനുകള്‍ കണ്ടെത്തുന്നതിനായാണ് ക്രിപ്റ്റോ കറന്‍സി ഇന്ത്യയില്‍ കൈകാര്യം ചെയ്യുന്ന കോയിന്‍ സെക്യുര്‍ വന്‍ തുക പ്രതിഫലം പ്രഖ്യാപിച്ചത്. ബിറ്റ്‌കോയിനുകള്‍ മോഷ്ടിക്കപ്പെട്ടതായാണ് വിലയിരുത്തല്‍.
ന്യൂഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൈമാറ്റ കേന്ദത്തില്‍ നിന്നും ഏപ്രില്‍ 8 നാണ് 20 കോടിക്കു മുകളില്‍ വിലമതിക്കുന്ന 438 ബിറ്റ് കോയിനുകള്‍ നഷ്ടമായത്. ഏക്‌സ്‌ചേഞ്ചിന്റെ വാലറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
നഷ്ടപ്പെട്ട തുക തിരികെ കണ്ടെത്തുന്നതിന് ഇതിന്റെ 10 ശതമാനം പ്രതിഫലമായി നല്‍കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി വെള്ളിയാഴ്ചയാണ് കോയിന്‍ സെക്യുര്‍ പ്രസ്ഥാവന ഇറക്കിയത്.
ഹാക്ക് ചെയ്യപ്പെട്ടു എന്നു വ്യക്തമാക്കി ഏകദേശം 11000 ത്തോളം ഉപഭോക്താക്കള്‍ രംഗത്തെത്തിയിരുന്നു. ക്രിപ്റ്റോ കറന്‍സി രംഗത്തെ രാജ്യത്തെ ഏറ്റവും വലിയ മോഷണമായി കണക്കാക്കപ്പെട്ട സംഭവത്തില്‍ പണം നഷ്ടപ്പെട്ടവര്‍ക്ക് 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കുമെന്ന് നേരത്തെ ബിറ്റ് കോയിന്റെ ഇന്ത്യയിലെ എക്സേഞ്ചായ കോയിന്‍ സെക്യുര്‍ മേധാവി മോഹിത് കല്‍റ വ്യക്തമാക്കിയിരുന്നു.
ഡല്‍ഹി ആസ്ഥാനത്തു നിന്നും ബിറ്റ്‌കോയിന്‍ മോഷണം പോയെന്ന് വ്യക്തമാക്കി കഴിഞ്ഞ 10ന് കമ്പനി ഡല്‍ഹി സൈബര്‍ ക്രൈം ഡിപാര്‍ട്ട്‌മെന്‍റിന് പരാതി നല്‍കുകയും ചെയ്തിരുന്നു. പരാതി പോലിസ് അന്വേഷിച്ചു വരികയാണ്.
ന്യൂഡൽഹി: ഡ്രൈവർ മുസ്ലിമായതിനാൽ ഒല ടാക്സി വിളിച്ചതു റദ്ദാക്കിയെന്ന വർഗീയ ട്വിറ്റർ പരാമർശവുമായി യുവാവ്. വിശ്വഹിന്ദു പരിഷതുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നത് കേന്ദ്ര പ്രതിരോധമന്ത്രിയും പെട്രോളിയം മന്ത്രിയും സാംസ്കാരികമന്ത്രിയും അടക്കമുള്ള പ്രമുഖർ.
ഈ മാസം ഇരുപതിനാണ് അഭിഷേക് മിശ്രയെന്നയാൾ ട്വിറ്ററിൽ ഡ്രൈവർ മുസ്ലിമായതിനാൽ ഒല ടാക്സി വിളിച്ചതു റദ്ദാക്കിയെന്ന പരാമർശം നടത്തിയത്. ന്”ജിഹാദി’കൾക്കു പണം നൽകാൻ ഇഷ്ടപ്പെടുന്നില്ല എന്നതായിരുന്നു ഇയാൾ ടാക്സി റദ്ദാക്കിയതിനു നൽകിയ കാരണം. ഇതിന്റെ സ്ക്രീൻഷോട്ടും അഭിഷേക് ട്വിറ്ററിൽ പങ്കുവച്ചു. മസൂദ് ആലം എന്നാണ് ടാക്സി ഡ്രൈവറുടെ പേരെന്ന് ചിത്രത്തിൽ കാണാൻ കഴിയും.
14,000 പേരാണ് ഇയാളെ ട്വിറ്ററിൽ പിന്തുടരുന്നത്. പ്രതിരോധമന്ത്രി നിർമല സീതാരാമൻ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ, സാംസ്കാരികമന്ത്രി മഹേഷ് ശർമ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. അയോധ്യ സ്വദേശിയായ അഭിഷേക് ലക്നോവിൽ ഐടി ജീവനക്കാരനാണെന്നാണ് ഇയാളുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ പറയുന്നത്.
വർഗീയ പരാമർശം ട്വിറ്ററിൽ വിവാദം സൃഷ്ടിച്ചതോടെ പ്രതികരണവുമായി ഒല രംഗത്തെത്തി. മതേതര രാഷ്ട്രമായ ഇന്ത്യയെപോലെ, തങ്ങളുടെ സർവീസും മതേതരമാണെന്നും ഉപഭോക്താക്കളെ മതത്തിന്റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ പേരിൽ വേർതിരിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്നും ഒല വ്യക്തമാക്കി.
തിരുവനന്തപുരം∙ വാട്സാപ് ഗ്രൂപ്പുകളിൽ വരുന്ന കുറ്റകരമായ സന്ദേശങ്ങളുടെ പേരിൽ ഗ്രൂപ്പ് അഡ്മിൻമാരെ ശിക്ഷിക്കാനാകില്ലെന്ന് ഐടി വിദഗ്ധൻ. ഗ്രൂപ്പിലെ ഒരംഗം ചെയ്യുന്ന പോസ്റ്റിലെ കുറ്റകൃത്യത്തിന് അഡ്മിനും തുല്യപങ്കാളികളായിരിക്കുമെന്നു വാർത്തകൾ പ്രചരിച്ചതിനെ തുടർന്നാണ് എതിരഭിപ്രായങ്ങളുമായി കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) വൈസ് ചെയർമാൻ അൻവർ സാദത്ത് രംഗത്തെത്തിയത്.
കേവലം ഒരു ‘വേദി’ ഒരുക്കുന്ന അഡ്മിന് ആ ഗ്രൂപ്പിൽ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ബാധ്യത വരില്ല. എന്നാൽ ആ വിനിമയം പ്രോത്സാഹിപ്പിക്കാൻ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയിൽപ്പെട്ടാലോ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ അറിയിച്ചാലോ അവ മാറ്റാതിരിക്കുക തുടങ്ങിയവ ശിക്ഷാർഹമാണ്– അൻവർ സാദത്ത് സമൂഹമാധ്യമത്തിലെ കുറിപ്പിൽ വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണ രൂപം:
‘വാട്സാപ് ഗ്രൂപ്പിലെ ഒരംഗം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതുവഴി നടത്തിയ കുറ്റകൃത്യത്തിന് അഡ്മിനും തുല്യ പങ്കാളിയാണെന്നാണ് ഐടി നിയമത്തിൽ പറയുന്നത്’ എന്ന തരത്തിലുള്ള വാർത്ത ഇപ്പോഴാണു കണ്ടത്. ഇതു ശരിയല്ല എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഐടി ആക്റ്റിൽ വാട്സാപ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ അഡ്മിന്മാർ ‘intermediaries’ (മധ്യവർത്തികൾ / ഇടനിലക്കാർ) എന്ന ഗണത്തിലാണു പെടുക. ഗൂഗിളും ഫെയ്സ്ബുക്കും മുതൽ സാധാരണ സൈബർ കഫേകൾ വരെ ഈ വിഭാഗത്തിലാണ്.
ഐടി ആക്ടിന്റെ 79–ാം വകുപ്പു പ്രകാരം മറ്റാരാലെങ്കിലും ഉൽപാദിപ്പിക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ (third party information) ഉത്തരവാദിത്വം വേദിയൊരുക്കുന്നതുകൊണ്ടു മാത്രം മധ്യവർത്തികൾക്ക് ഇല്ല. അതായത് അഡ്മിന്‍മാർക്കു താഴെപ്പറയുന്ന മൂന്നു കാര്യങ്ങൾ വഴി നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഉത്തരവാദിത്വം ഇല്ല
∙ ആ വിവരം തയ്യാറാക്കുന്നത് (source) അവരല്ലെങ്കിൽ
∙ അത് ആർക്കയക്കണം എന്ന് തീരുമാനിക്കുന്നത് അവരല്ലെങ്കിൽ
∙ അതിലെ ഉള്ളടക്കം തിരഞ്ഞെടുക്കാനോ, അതിൽ മാറ്റം വരുത്താനോ അവർക്ക് അധികാരമില്ലെങ്കിൽ
അതായത് കേവലം ഒരു വേദി ഒരുക്കുന്ന അഡ്മിന് ആ ഗ്രൂപ്പിൽ ആരെങ്കിലും നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ബാധ്യത വരില്ല . എന്നാൽ ആ വിനിമയം പ്രോത്സാഹിപ്പിക്കാൻ ഗൂഢാലോചന നടത്തുക, വസ്തുത ശ്രദ്ധയിൽപ്പെട്ടാലോ അല്ലെങ്കിൽ സർക്കാർ ഏജൻസികൾ അറിയിച്ചാലോ അവ മാറ്റാതിരിക്കലും ശിക്ഷാർഹമാണ്.
ഇത്തരം വിവരങ്ങൾ ‘like’ ചെയ്യുന്നത് ശിക്ഷാർഹമാണ് എന്നു പറയാൻ കഴിയുമെന്നു തോന്നുന്നില്ല. എന്നാൽ അവ ‘Foreward / Share’ ചെയ്യുമ്പോൾ അത് transmission (പ്രസരണം) ആണ്. ഉറവിടം പോലെത്തന്നെ നാമും അതിന്റെ ഭാഗമാകുകയാണ് . ഇക്കാര്യത്തിലാണ് കൂടുതൽ ജാഗ്രത വേണ്ടത്.
പിൻകുറിപ്പ് :
79–ാം വകുപ്പിനു വലിയൊരു ചരിത്ര പശ്ചാത്തലം കൂടിയുണ്ട്. 2000 ഒക്ടോബർ 17ന് ആണ് ഇന്ത്യയിൽ ‘ഐടി ആക്ട് 2000’ എന്ന പേരിൽ സൈബർ നിയമം നിലവിൽ വന്നത്. 2004 ഡിസംബറിൽ ഡൽഹി പബ്ലിക് സ്‌കൂളിലെ കുട്ടികളുടെ അശ്ലീല വീഡിയോ bazee.com എന്ന പോർട്ടലിൽ വിൽപനക്കായി പ്രദർശിപ്പിച്ചതിൽ ഐടി ആക്ടിലെ 85, 67 വകുപ്പുകൾ പ്രകാരം പോർട്ടലിന്റെ സിഇഒ ആയ അവിനാശ് ബജാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇത് ഇന്ത്യൻ ഐടി വ്യവസായ മണ്ഡലത്തിൽ കോളിളക്കം സൃഷ്ടിച്ചു.
നെറ്റ്‌വർക്ക് സേവന ദാതാക്കളുടെ അറിവോടെയല്ലാതെ അവരുടെ നെറ്റ്‌വർക്ക് വഴി നടത്തുന്ന നിയമ ലംഘനങ്ങൾക്ക് അവർ ഉത്തരവാദികൾ അല്ല എന്ന് ആക്ടിലെ 79–ാം വകുപ്പിൽ അന്നും പറഞ്ഞിരുന്നുവെങ്കിലും ഇപ്രകാരം തങ്ങൾ ഉത്തരവാദികളല്ല എന്നു ‘തെളിയിക്കേണ്ട ബാധ്യതയും’ അന്നത്തെ നിയമ പ്രകാരം അവർക്കായിരുന്നു. അതായത് തങ്ങളുടെ ടെലിഫോൺ നെറ്റ്‌വർക്കിലൂടെ നടത്തുന്ന നിയമ വിരുദ്ധ ഫോൺ വിളികളുടെ ഉത്തരവാദിത്വം ടെലികോം കമ്പനികൾ ഏറ്റെടുക്കണം എന്നു പറയുന്നതു പോലെ വിചിത്രമാണ് ഈ വകുപ്പ് എന്നായിരുന്നു അന്നത്തെ വിമർശനം.
ഇതേത്തുടർന്ന് 2005 ജനുവരിയിൽ സൈബർ നിയമം ഭേദഗതി ചെയ്യാൻ സർക്കാർ സമിതിയെ നിശ്ചയിച്ചു. നാലു വർഷവും കഴിഞ്ഞു 2009 ഫെബ്രുവരിയിലാണ് സൈബർനിയമത്തിൽ ഭേദഗതികൾ ഉൾപ്പടെയുള്ള ഗസറ്റ് വിജ്ഞാപനം വന്നതും, ആദ്യം സൂചിപ്പിച്ച ഭാഗം (Exemption from liability of intermediariy in certain cases) നിയമത്തിൽ ഉൾപ്പെടുത്തുന്നതും.