ജോര്‍ജ്ജ് ജോസഫ്
ഗ്ലോസ്റ്റര്‍ : യുകെയില്‍ സംഘടനാമികവുകൊണ്ടും പ്രവര്‍ത്തനശൈലികൊണ്ടും വ്യത്യസ്തമായി നിന്ന് , ഓരോ വര്‍ഷവും ഉയര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന അസോസിയേഷനുകളില്‍ ഒന്നായ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ 16-ാം വര്‍ഷ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ നവസാരഥികളെ തെരഞ്ഞെടുത്തു . 200ല്‍ പരം കുടുംബങ്ങള്‍ അംഗമായിട്ടുള്ള ജിഎംഎ 16-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സമര്‍ത്ഥരായ പുതിയ സാരഥികള്‍ നേതൃത്വം ഏറ്റെടുത്തു.
2002ല്‍ തുടക്കം കുറിച്ച ജി.എം.എക്ക് എക്കാലവും നെടുംതൂണായ ഡോ. തിയോഡോര്‍ ഗബ്രിയേല്‍ തന്നെയാണ് ഇത്തവണയും പേട്രണ്‍. ഡോ. ഗബ്രിയേലിന്റെ അനുഗ്രഹാശ്ശിസുകളോടു കൂടി പുതിയ സാരഥികള്‍ 3-ാം തീയതി മാര്‍ച്ച് 2018 ല്‍ സ്ഥാനം ഏറ്റെടുത്തു. യുകെയില്‍ വന്ന കാലം മുതല്‍ക്കേ ജിഎംഎയുടെ കൂടെ എക്കാലവും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതും , ഇതിനുമുമ്പ് രണ്ടുതവണ പ്രസിഡന്റ് ആയിരുന്ന വിനോദ് മാണി തന്നെയാണ് ഇത്തവണത്തെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തിരിക്കുന്നത്. എന്‍.എച്ച്.എസില്‍ ജോലി ചെയ്യുന്ന വിനോദ് മാണി, ചെല്‍റ്റന്‍ഹാമിലെ പ്രസ്ബറിയില്‍ ആണ് താമസിക്കുന്നത്. ഭാര്യ സ്മിതയും മൂന്ന് മക്കളുമാണ് വിനോദിന്റെ കുടുംബം.
പ്രസിഡന്റിനു സമാനമായ ഉത്തരവാദിത്തമുള്ള ഒരു സ്ഥാനമാണ് ജനറല്‍ സെക്രട്ടറിക്കുള്ളത്. അതിനു പ്രാപ്തനാണെന്നുള്ള പൂര്‍ണ ബോധ്യത്തോടെയാണ് ജനറല്‍ ബോഡി, ജില്‍സ് ടി. പോളിനെ ജിഎംഎയുടെ 16-ാമത്തെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ സജീവമായിരുന്ന ജില്‍സ്, ഭാര്യ ബീനയും രണ്ടു മക്കളോടൊപ്പം ലോങ്‌ഫോര്‍ഡില്‍ താമസിക്കുന്നു. ഗ്ലോസ്റ്റര്‍ഷയറിലെ സ്‌റ്റോണ്‍ഹൗസില്‍ എഞ്ചിനീയര്‍ ആയി സേവനമനുഷ്ഠിക്കുന്നു.
മറ്റു അസോസിയേഷനുകളെ പോലെ തന്നെ വളരെ മുഖ്യമായ ഒരു സ്ഥാനമാണ് ട്രഷററിനുള്ളത്. എക്കാലവും വ്യക്തമായ കണക്കുകള്‍ അവതരിപ്പിക്കുന്ന ജിഎംഎയുടെ കൂടെ മുമ്പ് രണ്ടു പ്രാവശ്യം ട്രഷറര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുള്ള വിന്‍സെന്റ് സ്‌കറിയ തന്നെയാണ് ഇത്തവണയും സ്ഥാനമേറ്റെടുത്തിരിക്കുന്നത്. ഭാര്യ സാലിയും രണ്ടു മക്കളോടൊപ്പം ഗ്ലോസ്റ്ററിലെ സ്വാളോ പാര്‍ക്കില്‍ താമസിക്കുന്ന വിന്‍സെന്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നു.
ജിഎംഎ എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ഈ മൂന്ന് സാരഥികളെ സഹായിക്കാന്‍ ജനറല്‍ ബോഡി, ചെല്‍റ്റന്‍ഹാമിലെ ബാബു ജോസഫിനെ വൈസ് പ്രസിഡന്റ് ആയും ഗ്ലോസ്റ്ററിലെ സ്വാളോപാര്‍ക്കില്‍ നിന്നുള്ള രശ്മി മനോജിനെ ജോയിന്റ് സെക്രട്ടറിയായും , സ്വാളോ പാര്‍ക്കില്‍ തന്നെയുള്ള ബിനുമോന്‍ കുര്യാക്കോസിനെ ജോയിന്റ് ട്രഷററയായും തെരഞ്ഞെടുത്തിരിക്കുന്നു. എല്ലാ പ്രവര്‍ത്തനങ്ങളും മെമ്പേഴ്‌സിനും അതോടൊപ്പം പുറംലോകത്തിനും അറിയിക്കുന്നതിനായി ഗ്ലോസ്റ്ററിലെ അബീമേടില്‍ താമസിക്കുന്ന ജോര്‍ജ് ജോസഫിനെ പി.ആര്‍.ഒ ആയി തിരഞ്ഞെടുത്തിരിക്കുന്നു.കലാപരമായി ഒരു പടി മുന്നില്‍ നില്‍ക്കുന്ന ജിഎംഎയുടെ കലാസാംസ്‌കാരിക മൂല്യം നിലനിര്‍ത്തിക്കൊണ്ട് പോകാന്‍ ആര്‍ട്‌സ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി തെരഞ്ഞെടുത്തിരിക്കുന്നത് ലൗവ്‌ലി മാത്യു , ബിന്ദു സോമന്‍ , മനോജ് വേണുഗോപാലന്‍ , സണ്ണി ലൂക്കോസ് , ഫ്‌ളോറെന്‍സ് ഫെലിക്‌സ് , ടോം ശങ്കൂരിക്കല്‍ എന്നിവരെയാണ്.
എക്കാലവും യുക്മയുടെ കൂടെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട അസോസിയേഷനുകളില്‍ ഒന്നായ ജിഎംഎ തുടര്‍ച്ചയായി അഞ്ചു തവണ റീജിയണല്‍ കലാമേള ചാമ്പ്യന്‍സും രണ്ടുതവണ നാഷണല്‍ കലാമേള ചാമ്പ്യന്‍സും ആയിരുന്നു. 2017ല്‍ റീജിയണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ ചാമ്പ്യന്മാര്‍ ആകുകയും ചെയ്തു. ജിഎംയുടെ യുക്മ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് തോമസ് ചാക്കോ, റോബി മേക്കര കൂടാതെ ഡോ. ബിജു പെരിങ്ങത്തറ എന്നിവരാണ്. ഡോ. ബിജു യുക്മ നാഷണല്‍ കമ്മിറ്റി അംഗം കൂടിയാണ്.
കലാസാംസ്‌കാരിക മേഖല എന്നത് പോലെ തന്നെ കായിക മേഖലകളിലും ശ്രദ്ധചെലുത്തുന്ന ജിഎംഎ ഈ വര്‍ഷം സ്‌പോര്‍ട്‌സ് കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയി തെരഞ്ഞടുത്തിരിക്കുന്നത് ജിസോ എബ്രഹാം, ബിസ്‌പോള്‍ മണവാളന്‍, സ്റ്റീഫന്‍ ഇലവുങ്കല്‍, ആന്റണി മാത്യു എന്നിവരെയാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എക്കാലവും മുന്നിട്ടു നില്‍ക്കുന്ന അസോസിയേഷന്‍ ആണ് ജിഎംഎ. എല്ലാ വര്‍ഷവും നറുക്കെടുപ്പിലൂടെ കേരളത്തിലെ ഒരു ജില്ലാ ആശുപത്രിയില്‍ വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുകയാണ് ചെയ്യുന്നത്. നമ്മുടെ സംസ്ഥാനത്തില്‍ ഏറ്റവും പാവപ്പെട്ട ജനങ്ങള്‍ക്ക് ജാതി മത ഭേദമന്യേ സഹായ ഹസ്തങ്ങള്‍ നല്‍കുക എന്നതാണ് ഇതില്‍ നിന്നും പ്രധാനമായും നേടുന്നത്. ചുക്കാന്‍ പിടിക്കാന്‍ ചുമതല ഏറ്റിരിക്കുന്നത് ജോളി ആല്‍വിന്‍, ലോറന്‍സ് പെല്ലിശ്ശേരി കൂടാതെ സന്തോഷ് ലൂക്കോസ് എന്നിവരാണ്.
ജിഎംഎയുടെ വനിതകളുടെ ഉന്നമനത്തിനു വേണ്ടിയും അവരെ കൂടുതല്‍ മുന്‍പന്തിയിലേക്ക് കൊണ്ടുവരാന്‍ വേണ്ടി രൂപീകരിച്ചിട്ടുള്ള വിമന്‍സ് ഫോറം പ്രതിനിധികളായി തെരഞ്ഞെടുത്തിരിക്കുന്നത് ബീന രാജീവ് , നീനു ജഡ്‌സണ്‍ , റോഷിനി മനു , എലിസബത്ത് , സരിത എബി , ബിന്‍സി ബിജു , ലൗലി സെബാസ്റ്റിയന്‍ എന്നിവരാണ്.ചാരിറ്റി ഡേ , ബാര്‍ബിക്യൂ ഡേ , ആര്‍ട്സ് ഡേ , ഓണം 2018 , ബട്മിന്റ്റണ്‍ മത്സരം , ഫുട്ബോള്‍ മത്സരം , ഇഫ്താര്‍ പാര്‍ട്ടി , ഫാമിലി ടൂര്‍ , യുക്മ റീജണല്‍ – നാഷ്ണല്‍ മത്സരങ്ങള്‍ , ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങള്‍ തുടങ്ങിയവയ്ക് പുറമെ പുതുതലമുറകളെ കേന്ദ്രീകരിച്ചിട്ടുള്ള ട്രെയിനിങ് ആന്റ് എഡ്യൂക്കേഷന്‍ പരിപാടികള്‍ കൂടി ജിഎംഎ 2018ല്‍ സംഘടിപ്പിക്കുന്നുണ്ട്. എലിസബത്ത് മേരി എബ്രഹാം , നീനു ജഡ്‌സണ്‍ , റോഷിനി മനു , ബോബന്‍ ജോസ് , ആന്റണി തെക്കുംമുറിയില്‍ എന്നിവരാണ് ജിഎംഎയുടെ പുതിയ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ .
ഭാവി പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നിറവേറ്റുന്നതിനായി സമര്‍ത്ഥമായ ഒരു എക്‌സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട് . അനില്‍ തോമസ് ,അശോക് ഭായ് , സജി വര്‍ഗീസ് , ബൈജു നാണപ്പന്‍ , റോയ് സ്‌കറിയ , സതീഷ് വെളുത്തേരില്‍ , ആന്റണി തെക്കുമുറിയില്‍ , ജൂബി കുരുവിള , തോമസ് കോടന്‍കണ്ടത്ത് , ഏലിയാസ് മാത്യു , ജോണ്‍സണ്‍ ജോസഫ് , ജോണി സേവ്യര്‍ , ടോബി ജോണ്‍ , റോയ് പാനികുളം , സുനില്‍ കാസിം , സിബി ജോസഫ് , മാത്യു ഇടിക്കുള , മാത്യു അമ്മായികുന്നേല്‍ , മാര്‍ട്ടിന്‍ ജോസ് , മനു ജോസഫ് , ജോസ് അലക്‌സ് , ജഡ്‌സണ്‍ ആലപ്പാട്ട് , ജോ വില്‍ട്ടന്‍ , ശ്രീകുമാര്‍ , അജി ഡേവിഡ് , അബ്ദുല്‍ ഖാദര്‍ , രാജന്‍ കുര്യന്‍ എന്നിവരാണ് പുതിയ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍ .
Siby Joseph Benny Augustine Manu Joseph
2018 ലെ ഗ്ലോസ്റ്റര്‍ഷയര്‍ മലയാളി അസോസിയേഷന്റെ ഈ കമ്മറ്റിക്ക് ജി എം എ യുടെ എല്ലാ അംഗങ്ങളുടെയും പേരില്‍ ആശംസകളും , ഭാവുകങ്ങളും നേരുന്നു.
പി ആര്‍ ഒ.
ജോര്‍ജ്ജ് ജോസഫ്
ഗണ്യമായ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വായു മലിനീകരണം യുകെയിലെ ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി എംപിമാര്‍. വര്‍ധിച്ചു വരുന്ന വായു മലിനീകരണം ഏതാണ്ട് 40,000ത്തോളം അകാല മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കൂടാതെ മലനീകരണം രാജ്യത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും എംപിമാര്‍ പറയുന്നു. ഏകദേശം 20 മില്ല്യണ്‍ പൗണ്ടാണ് രാജ്യത്തിന് മലിനീകരണത്തിലൂടെ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുന്നതെന്നും അവര്‍ പറയുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലം കാണുന്നില്ലെന്നും മന്ത്രിമാര്‍ യഥാര്‍ഥ നേതൃത്വ ഗുണം കാണിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും നാല് പാര്‍ലമെന്ററി കമ്മറ്റി ഉള്‍പ്പെട്ട ജോയിന്റ് റിപ്പോര്‍ട്ട് ആരോപിക്കുന്നു. മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് വായു മലിനീകരണം ഉണ്ടാക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് 40 എംപിമാര്‍ ഉള്‍പ്പെടുന്ന സംഘം വ്യക്തമാക്കുന്നു.
പതിനായിരങ്ങള്‍ക്ക് അകാല മരണം സമ്മാനിക്കുകയും സര്‍ക്കാര്‍ ഖജനാവിന് ബില്ല്യണ്‍ കണക്കിന് നഷ്ടങ്ങളുണ്ടാക്കുകയും ചെയ്യുന്ന മലനീകരണം അതീവ ഗൗരവത്തില്‍ പരിഹരിക്കേണ്ട വിഷയമാണ്. വായു മലിനീകരണം രാജ്യത്ത് ആരോഗ്യ അടിയന്താരവസ്ഥ സൃഷ്ടിച്ചിരിക്കുകയാമെന്നും എംപിമാര്‍ പറയുന്നു. വിഷ മുക്തമായ അന്തരീക്ഷത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുവാന്‍ തുടര്‍ന്നു വരുന്ന സര്‍ക്കാരുകള്‍ക്ക് കഴിയുന്നില്ലെന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഈ ഗുരുതര പ്രശ്‌നത്തെ നേരിടുന്ന സര്‍ക്കാര്‍ പോളിസികള്‍ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും എംപിമാര്‍ പറയുന്നു. ഇത് സംബന്ധിച്ച ജോയിന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത് തെരെഞ്ഞടുക്കപ്പെട്ട നാല് പാര്‍ലമെന്ററി കമ്മറ്റിയുടെ ഗ്രൂപ്പാണ്. എന്‍വിറോണ്‍മെന്റ് ഫുഡ് ആന്റ് റൂറല്‍ അഫേഴ്‌സ്, എന്‍വിറോണ്‍മെന്റ് ഓഡിറ്റ്, ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ കൂടാതെ ട്രാന്‍സ്‌പോര്‍ട്ട് എന്നീ കമ്മറ്റികളാണ് പുതിയ ജോയിന്റ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
പ്രശ്‌നങ്ങള്‍ എത്രയും പെട്ടന്ന് പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മറ്റി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ട് വാഹന നിര്‍മ്മാതാക്കള്‍ക്കും കൈമാറിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കാനും പെട്രോള്‍ ഡീസല്‍ കാറുകളില്‍ അത്തരം സംവിധാനങ്ങള്‍ കൊണ്ടുവരാനും കമ്മറ്റി നിര്‍ദേശിക്കുന്നു. 2030ഓടെ പെട്രോള്‍ ഡീസല്‍ കാറുകള്‍ നിരോധിക്കാനുള്ള ശ്രമത്തിലാണ് പാരീസ്. 2024ഓടെ ഡീസല്‍ കാറുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് നിര്‍ത്തലാക്കാന്‍ റോം തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. യുകെയില്‍ 5.6 ശതമാനം കാറുകള്‍ മാത്രമാണ് നിലവില്‍ അന്തരീക്ഷ മലനീകരണം കുറയ്ക്കാന്‍ പാകത്തിനുള്ള ഇന്ധനം ഉപയോഗിക്കുന്നവയുള്ളു. വിവാദമായ പെട്രോള്‍ ഡീസല്‍ കാറുകളുടെയും വാനുകളുടെയും വില്‍പ്പന 2040തിന് മുന്‍പ് യുകെയില്‍ നിരോധിക്കുമെന്നും മറ്റേതു യൂറോപ്യന്‍ രാജ്യങ്ങളെക്കാളും ഒരുപടി മുന്നിലാണ് മലനീകരണ നിയന്ത്രണത്തില്‍ യുകെയെന്ന് സര്‍ക്കാര്‍ വക്താവ് വിശദീകരിച്ചു.
സ്‌കൂള്‍ അധികൃതരുടെ അനുവാദമില്ലാതെ കുട്ടികളെ അവധിയെടുപ്പിക്കുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ ഗണ്യമായി വര്‍ധനവ്. അകാരണ അവധിക്ക് സ്‌കൂള്‍ അധികൃതര്‍ ഈടാക്കുന്ന പിഴ കൊടുക്കാന്‍ കുട്ടികളുടെ സ്‌കൂള്‍ ബജറ്റില്‍ തുക കണ്ടെത്തുകയാണ് മാതാപിതാക്കള്‍ ചെയ്യുന്നത്. വീട്ടുകാരുടെ അറിവോടെ ഇത്തരം അവധികളെടുക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ സമീപ കാലത്ത് വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇഗ്ലണ്ടിലെയും വെയില്‍സിലെയും പ്രദേശിക സ്‌കുള്‍ അതോറിറ്റികള്‍ ഏതാണ്ട് 400,000 പേര്‍ക്കാണ് അകാരണ അവധിക്ക് പിഴ വിധിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ ഹോളിഡേ ആഘോഷിക്കുന്നതിനായി കുട്ടികളെ കൊണ്ടുപോകുന്നതാണ് അവധിയെടുക്കലിന്റെ പ്രധാന കാരണം. വീട്ടുകാരുടെ അറിവോടെ കാരണമായി അവധിയെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
സ്‌കൂള്‍ കൗണ്‍സിലുകളുടെ വ്യത്യാസം അനുസരിച്ച് ശരാശരി പിഴ നല്‍കുന്ന കാര്യത്തില്‍ വ്യതിയാനങ്ങളുണ്ടെന്ന് ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷന്‍ ലോയുടെ സഹായത്താല്‍ ബിബിസിക്ക് ലഭിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. അക്കാദമിക്ക് സമയത്ത് യാത്രകള്‍ പ്ലാന്‍ ചെയ്യുന്ന വീട്ടുകാര്‍ തങ്ങളുടെ കുട്ടിക്ക് സ്‌കൂളില്‍ ഒടുക്കേണ്ടി വരുന്ന പിഴയും ഉള്‍പ്പെടുത്തിയാണ് ബജറ്റ് നിര്‍ണയിക്കുന്നതെന്ന് കാംമ്പയിനേര്‍സ് പറയുന്നു. 60 പൗണ്ടാണ് ശരാശരി സ്‌കൂളുകള്‍ ഈടാക്കുന്ന പിഴ. ശരാശരി ശതമാനത്തിലും 5 മടങ്ങ് കൂടുതല്‍ തവണ പിഴ ഈടാക്കിയ കൗണ്‍സില്‍ ഐല്‍ ഓഫ് വൈറ്റിലേതാണ്. ഈ തീരുമാനം ജോണ്‍ പ്ലാറ്റ് എന്ന ബിസിനസുകാരനുമായിള്ള വലിയൊരു നിയമ യുദ്ധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചിരുന്നു. സ്‌കൂളിന്റെ അനുവാദമില്ലാതെ ജോണ്‍ പ്ലാറ്റ് തന്റെ മകളെ ഫ്‌ളോറിഡയിലെ ഡിസ്‌നിലാന്റിലേക്ക് യാത്രയ്ക്ക് കൊണ്ടു പോയി. ഇതോടെയാണ് സ്‌കൂള്‍ അധികൃതര്‍ ജോണ്‍ പ്ലാറ്റിന്റെ മകള്‍ക്ക് പിഴ ശിക്ഷ വിധിച്ചത്.
മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതി വരെയും എത്തിയ സ്‌കൂളും പ്ലാറ്റുമായുള്ള നിയമ യുദ്ധം ഏറെ ജനശ്രദ്ധയാകര്‍ശിച്ച നിയമ പോരാട്ടങ്ങളിലൊന്നായിരുന്നു. അര ദിവസത്തെ അനുമതിയില്ലാത്ത അവധി പോലും നിയമ വിരുദ്ധമാണെന്ന് കേസ് പരിഗണിച്ച കോടതി പ്രസ്താവിച്ചു. ഐല്‍ ഓഫ് വൈറ്റിലെ മജിസ്‌ട്രേറ്റ് കോടതി കേസില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്ന് പരമോന്നത നീതി പീഠം വിധിയെഴുതി. വെറും 60 പൗണ്ട് പിഴ അടച്ചാല്‍ തീരാവുന്ന പ്രശ്‌നത്തിന്‍ മേല്‍ പ്ലാറ്റിന് അവസാനം 2,000 പൗണ്ട് പിഴ നല്‍കേണ്ടി വന്നു. സുപ്രീം കോടതി കോടതിയുടെ വിധി നിലനിന്നിട്ടും സ്‌കൂളില്‍ ക്ലാസുകള്‍ നടക്കുന്ന സമയത്ത് അകാരണമായി അവധിയില്‍ പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നുവെന്ന് ഡിപാര്‍ട്ട്‌മെന്റ് ഓഫ് എജ്യൂക്കേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ചുരുങ്ങിയത് ഒരു ദിവസമെങ്കിലും അനുവാദമില്ലാതെ അവധിയെടുക്കുന്ന 2 മില്ല്യണ്‍ കുട്ടികളുണ്ടെന്നാണ് കണക്ക്.
കൊല്ലം: ചാത്തന്നൂരില്‍ ദമ്പതികളും മകനും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത് ഇന്ന് രാവിലെ. ഇന്ന് രാവിലെ ഗള്‍ഫില്‍ നിന്നെത്തി സഹോദരിയേയും കുടുംബത്തേയും കാണാനുള്ള യാത്രയ്ക്കിടെയാണ് ഷിബുവിനേയും കുടുംബത്തേയും മരണം കവര്‍ന്നത്. ഇന്ന് പ്രാദേശിക സമയം 2:30 നോട് അടുത്താണ് അപകടം ഉണ്ടായത്. അമിതവേഗത്തില്‍ എത്തിയ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ചതിനെ തുടര്‍ന്നാണ് സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഷിബു (40) ഭാര്യ സിജി (34) മകന്‍ ആദിത്യന്‍ (11) എന്നിവര്‍ മരിച്ചത്. ഇളയ കുട്ടി ആദിഷ് ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. ഇന്ന് പുലര്‍ച്ചെയാണ് ഷിബു റാസല്‍ഖൈമയില്‍ നിന്ന് നാട്ടിലെത്തിയത്.
ആദിച്ചനെല്ലൂരില്‍ താമസിക്കുന്ന സഹോദരിയെ കാണാന്‍ പോകുന്ന വഴിക്ക് ആണ് അപകടമുണ്ടായത്. ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജങ്ഷനില്‍ വച്ച് ഷിബുവും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ഇടിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് കാത്തുനില്‍ക്കുകയായിരുന്ന മൂത്ത മകനേയും യാത്രയില്‍ ഒപ്പം കൂട്ടിയിരുന്നു. കൊട്ടിയത്തെ കിംസ് ആശുപത്രിയില്‍ വച്ചാണ് സിജിയും ആദിത്യനും മരിച്ചത്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വച്ചാണ് ഷിബു മരിച്ചത്.
അപകടത്തിൽ മരിച്ച ഷിബു Ras Al Khaimah Al Jazeera Port ലെ ജീവനക്കാരനാണ്. മൂത്ത മകന്റെ പരീക്ഷ കഴിഞ്ഞതോടെ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ഷിബു. ഭാര്യാപിതാവും അജ്‌മാനിലാണ് ജോലിചെയ്യുന്നത്. ദുബായിലുള്ള പ്രശസ്‌തമായ ഒരു എയർലൈൻസിലാണ് ഷിബുവിന്റെ സഹോദരൻ ജോലി ചെയ്യുന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം ശനിയാഴ്ച ഉച്ചക്ക് ഒരുമണിയോട് കൂടി ശവസംസ്‌കാരം നടക്കുമെന്നാണ് അടുത്ത ബന്ധുക്കളിൽ നിന്ന് അറിയുവാൻ കഴിയുന്നത്.
കോട്ടയം: ‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണമാവോ?’ പി.സി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഭാര്യ പാര്‍വതിയുടേതാണ് ഈ ചോദ്യം. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ. മാണി എംപിയുടെ ഭാര്യ നിഷാ ജോസ് തന്റെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തില്‍ വിവരിച്ചതിനു പിന്നാലെയാണ് പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
‘എന്റെ ഒരു പുസ്തകം പ്രകാശനം ചെയ്യണമെങ്കില്‍ ആരു പീഡിപ്പിച്ചു എന്നു പറയണാവോ? ഷാരൂഖാന്‍ തോണ്ടി എന്നു പറഞ്ഞാലോ…അല്ലേല്‍ വേണ്ട, ടോം ക്രൂയിസ് കയറി പിടിച്ചു എന്നു പറയാം. എന്നാലേ മാര്‍ക്കറ്റിങ് പൊലിക്കുള്ളൂ…’- വെള്ളിയാഴ്ച വൈകിട്ട് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പാര്‍വതി വിവരിക്കുന്നു. ഒട്ടേറെ പേര്‍ ഇതിനു താഴെ കമന്റുകളുമായെത്തുന്നുണ്ട്.
നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് പീഡനത്തെപ്പറ്റി പരാമര്‍ശിക്കുന്നത്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തനിക്കു നേരെ പീഡനമുണ്ടായെന്നാണു നിഷ വിവരിച്ചത്. എന്നാല്‍ വ്യക്തിയുടെ പേരു പറയുന്നില്ല. ചില സൂചനകള്‍ മാത്രം തരുന്നു.
തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു. ടിടിആര്‍ നിസ്സഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴും’- ഇങ്ങനെ പറഞ്ഞ് ടിടിആര്‍ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അടുത്തുനിന്നു പോകാന്‍ അയാളോട് കര്‍ശനമായി പറഞ്ഞെന്നും വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.
ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പി.സി ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഒരു അടിസ്ഥനവുമില്ലാത്ത കെട്ടിച്ചമച്ച ആരോപണമാണിതെന്നും തനിക്കും തന്റെ മകനുനെതിരെ കെ.എം.മാണിയും ജോസ് കെ.മാണിയും നടത്തുന്ന നാണംകെട്ട കളിയുടെ ഭാഗമാണിതെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പില്‍ ഷോണ്‍ പാലായില്‍ മല്‍സരിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത അവിടെയൊക്കെ പരക്കുന്നുണ്ട്. ഇതറിഞ്ഞു മാണിയും മകനും കൂടി ഉണ്ടാക്കിയ തരംതാണ എര്‍പ്പാടാണിത്. കേരളത്തിലെ ജനങ്ങള്‍ക്ക് ഇത് മനസ്സിലാകും. ഇതിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ തന്നെയാണുള്ളത്. ഷോണിന്റെ രാഷ്ട്രീയഭാവി തകര്‍ക്കാന്‍ ഇവര്‍ മൂവരും കൂടി കളിച്ച നാറിയ കളിയാണ് ഈ പുസ്തകവും വിവാദവും. ഏതുവിധേനയും എന്തു വൃത്തിക്കെട്ട രീതിയിലും തന്നെയും മകനെയും ഇല്ലാതാക്കാനുള്ള അപ്പന്റെയും മോന്റെയും കളിക്കു നിഷ കൂട്ടുനില്‍ക്കുകയാണെന്നും പി.സി.ജോര്‍ജ് ആരോപിച്ചിരുന്നു.
കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ സംഭവം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ കുട്ടികള്‍ മൊബൈലില്‍ ചിത്രീകരിച്ചിരിക്കുന്ന ആ വീഡിയോ വ്യാജമാണെന്ന് വെളിപ്പെടുത്തലുമായി സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ രംഗത്തു വന്നിരിക്കുകയാണ്.
സെല്‍ഫിയെടുക്കുന്ന സമയത്ത് അപകടം സംഭവിക്കുന്ന വീഡിയോ തന്റെ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ച ദൃശ്യങ്ങളാണെന്ന് സംവിധായകന്‍ വിവിയന്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബില്‍ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ പ്രമേയം വാര്‍ത്തകള്‍ മാറിമറിയുന്നതിനെക്കുറിച്ചാണെന്നും വിഷയത്തിന് പ്രസക്തി ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെതെന്നും അദ്ദേഹം പറയുന്നു. ആലപ്പുഴ സ്വദേശിയായ വൃദ്ധ കിണറ്റില്‍ വീണു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ ആകാംശയിലാണ്. ചാമ്പ്യന്‍ പട്ടം ഉറപ്പിച്ച ക്ലബ്ബ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടുമോ എന്നതാണ് ആരാധകരെ ആവേശം കൊള്ളിക്കുന്നത്. പോയിന്റ് നിലയില്‍ സെഞ്ചുറി അടിക്കാന്‍ സിറ്റിക്ക് കഴിയും എന്നാണ് അവരുടെ പ്രതീക്ഷ.
പെപ് ഗാഡിയോളയുടെ സംഘം ഈ സീസണില്‍ ഉജ്വല്ല ഫോമില്‍ ആണ്. 30 മത്സരം ലീഗില്‍ കഴിഞ്ഞപ്പോള്‍ 81 പോയിന്റാണ് സിറ്റിക്ക്. 26 വിജയവും, 3 സമനിലയും ഒരു തോല്‍വിയും ആണ് പ്രീമിയര്‍ ലീഗില്‍ സിറ്റിയുടെ പട്ടികയില്‍ ഉള്ളത്. ഇനി 8 കളികള്‍ ബാക്കി നില്‍ക്കെ 24 പോയിന്റ് വരെ നേടാന്‍ സിറ്റിക്ക് കഴിയും. അങ്ങിനെ ചരിത്രത്തില്‍ ആദ്യമായി ഒരു ക്ലബ്ബ് പോയിന്റ് പട്ടികയില്‍ 100 അടിക്കും എന്ന പ്രതീക്ഷയില്‍ ആണ് സിറ്റിസണ്‍സ്. ഇപിഎഫ് ചരിത്രത്തില്‍ 2004-05 സീസണില്‍ 95 പോയിന്റ് നേടിയ ചെല്‍സിക്കാണ് നിലവില്‍ ഏറ്റവുമധികം പോയിന്റ് നേടിയ റെക്കോഡ്. ഇപ്പോഴത്തെ ഫോമില്‍ ആ റെക്കോര്‍ഡ് സിറ്റി മറികടക്കാന്‍ ആണ് സാധ്യത. അന്ന് ചെല്‍സി 72 ഗോളുകള്‍ ആണ് ആകെ സ്‌കോര്‍ ചെയ്തത്. എന്നാല്‍ സിറ്റി ഇപ്പോള്‍ തന്നെ 85 ഗോളുകള്‍ അടിച്ചുകൂട്ടികഴിഞ്ഞു.
അതേ സമയം ഒരു സീസണിലെ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റെക്കോര്‍ഡ് ചെല്‍സിക്കാണ്. 2009-10 സീസണില്‍ 103 ഗോളുകള്‍ ചെല്‍സി നേടി. ഇതും സിറ്റിക്ക് മറികടക്കാന്‍ കഴിയുന്നതാണ്. ഒരു സീസണില്‍ 30 വിജയം എന്ന ചെല്‍സി റെക്കോഡും സിറ്റി മറികടന്നേക്കും. ഏപ്രില്‍ 7ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായും 15ന് ടോട്ടന്‍ഹാമുമായും സിറ്റിക്ക് കളികള്‍ ഉണ്ട്. ബാക്കി മത്സരങ്ങള്‍ ലീഗിലെ ദുര്‍ബലരുമായിട്ടാണ്. അതിനാല്‍ തന്നെ 100 പോയിന്റ് എന്നത് സാധ്യമാണെന്ന് പെപ്പും സംഘവും കരുതുന്നു. പ്രിമിയര്‍ ലീഗില്‍ ലിവര്‍പൂളിനോടാണ് സിറ്റി ഇത്തവണ തോറ്റത്. ബര്‍ണലി, ക്രിസ്റ്റല്‍ പാലസ് എന്നിവരുമായി സമനിലയിലും പിരിഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയിട്ടുണ്ട്
അഭിമുഖത്തിനിടെ പൊട്ടിക്കരഞ്ഞ് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഭാര്യയുടെ ആരോപണങ്ങളില്‍ നടപടി വാരാനിരിക്കെയാണ് താരത്തിന്റെ വികാര പ്രകടനം. ഭാര്യ ഹസിന്‍ ജഹാന്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തു വന്ന സാഹചര്യത്തില്‍ ഷമിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അതേ സമയം തന്റെ മകള്‍ ഐറാ ഷാമിയെ കണ്ടിട്ട് പത്ത് ദിവസമായെന്നും തന്റെ കുടുംബത്തില്‍ തനിക്കുള്ള ആത്മാഭിമാനം തകര്‍ന്നുവെന്നും ചാനലിന് അഭിമുഖത്തില്‍ കണ്ണീരോടെ ഷമി പറഞ്ഞു.
ഹസിന്‍ ജഹാന് മുന്‍ ഭര്‍ത്താവും രണ്ടും കുട്ടികളും ഉണ്ടായിരുന്ന കാര്യം തന്നില്‍ മറച്ചുവെച്ചാണ് വിവാഹം നടന്നതെന്ന് ഷമി നേരത്തെ ആരോപിച്ചിരുന്നു. ഷമിയുമായുള്ള വിവാഹത്തിന് മുന്‍പ് ഷെയ്ക് സെയ്ഫുദീനെന്നയാളുമായി ഹസിന്റെ വിവാഹം നടന്നിരുന്നു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ സ്വന്തം കുട്ടികളെ സഹോദരിയുടെ മക്കള്‍ എന്ന നിലയിലാണ് തന്നെ പരിചയപ്പെടുത്തിയതെന്ന് ഷമി ആരോപിക്കുന്നു. ഷമി ഒത്തു കളിച്ചുവെന്ന ഹസിന്റെ ആരോപണത്തെ തുടര്‍ന്ന് ബിസിസിഐയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ ഷമിയുമായുള്ള കരാര്‍ ബിസിസിഐ റദ്ദാക്കിയിരിക്കുകയാണ്. അന്വേഷണത്തില്‍ നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ കരാര്‍ പുനസ്ഥാപിക്കുമെന്നും ബിസിസിഐ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വരുന്ന ഐപിഎല്‍ സീസണില്‍ ഷമിക്ക് പങ്കെടുക്കാന്‍ നിലവിലെ സാഹചര്യം മൂലം കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഷമിക്കു പുറമെ കുടുംബത്തിലെ നാല് പേര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മലയാളം യു.കെ ന്യൂസ് സ്‌പെഷ്യല്‍
പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കവെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ മാറ്റിയെഴുതാനുള്ള തിരക്കിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങങളായി ഇതിനുള്ള കരുക്കങ്ങള്‍ സജീവമാണെങ്കിലും അടുത്ത ദിവസങ്ങളില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുവന്ന പ്രതികൂലമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഈ നീക്കത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രതിപക്ഷത്തെ പല പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരും കഴിഞ്ഞ കാലഘട്ടങ്ങളില്‍ അഴിമതിയാരോപണ വിധേയരാണ്. ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോള്‍ അഴിമതിയാരോപണങ്ങള്‍ ശക്തമായി ഉന്നയിക്കുകയും പൊതുജന മധ്യത്തിലെത്തിക്കാന്‍ ഉത്സാഹിക്കുകയും ചെയ്തിരുന്നെങ്കിലും ഭരണത്തിലെത്തിയപ്പോള്‍ അഴിമതി നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കേണ്ടതിനു പകരം അഴിമതിയാരോപണ വിധേയരെ ബ്ലാക്‌മെയില്‍ ചെയ്യാനും അങ്ങനെ നിശബ്ദരാക്കാനുമാണ് ശ്രമിച്ചത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിന് ഇനിയും വളരെ കുറച്ചുകാലം മാത്രം അവശേഷിക്കുന്നതിനാല്‍ പഴയ അഴിമതിയാരോപണങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്ത് സജീവമാക്കാനും അഴിമതി ആരോപണവിധേയരായ പല പ്രമുഖ പ്രതിപക്ഷ നേതാക്കളെയും ജയിലിലാക്കാനുള്ള തന്ത്രങ്ങളാണ് ആവിഷ്‌കരിക്കുന്നത്. ഇതുവഴി കോണ്‍ഗ്രസ് സഖ്യകക്ഷികളും കഴിഞ്ഞ കാലഘട്ടങ്ങളില്‍ നടത്തിയ അഴിമതികള്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവരികയും പ്രതിപക്ഷത്തെ ശിഥിലമാക്കുമെന്നും ബിജെപി കേന്ദ്രങ്ങള്‍ കണക്കുക്കൂട്ടുന്നു. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടുതല്‍ വിനയായത് ഭരണ പരാജയങ്ങളെക്കാള്‍ ഉപരിയായി അഴിമതിയാരോപണങ്ങളായിരുന്നു.
പഴയ അഴിമതിയാരോപണങ്ങള്‍ വീണ്ടും പൊടിതട്ടിയെടുത്താല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ഉപകാരപ്പെടുമെന്നും അതുവഴി ഭരണ തുടര്‍ച്ച സാധ്യമാകുമെന്നുമാണ് ബിജെപിയുടെ പ്രതീക്ഷ. പ്രതിപക്ഷത്തെ പ്രമുഖ നേതാവ് ലാലു പ്രസാദ് യാദവ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ മകനും കോണ്‍ഗ്രസിന്റെ യുവ നേതാവുമായ കാര്‍ത്തി ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത് ഈ തന്ത്രത്തിന്റെ ഭാഗമായാണ്. ഐഎന്‍എക്‌സ് മീഡിയാ കേസിലാണ് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തത്. പോലീസ് കസ്റ്റഡിയില്‍ ആയിരുന്ന കാര്‍ത്തി ചിദംബരത്തെ മാര്‍ച്ച് 24 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. പ്രസ്തുത കേസില്‍ ആരോപണ വിധേയയായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴികള്‍ പി. ചിദംബരത്തെ കുടുക്കാന്‍ പര്യാപ്തമാണെന്നാണ് റിപ്പോട്ടുകള്‍. അധികം താമസിയാതെ പി. ചിദംബരത്തിന്റെ അറസ്റ്റിനു സാധ്യതയുണ്ട്.
കഴിഞ്ഞ കുറേകാലമായി മോദിയും അമിത്ഷായും ചേര്‍ന്ന് രചിക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് ഇന്ത്യന്‍ രാഷ്ട്രീയം ചലിക്കുന്നത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ അഴിയെണ്ണിക്കുകയാണെങ്കില്‍ അഴിമതി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിക്കാനും തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനും സാധിക്കും. കളങ്കിതമായ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്തരത്തിലൊരു ഭീതി വിതയ്ക്കാന്‍ സാധിക്കുകയാണെങ്കില്‍ പല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബിജെപിയോടുള്ള എതിര്‍പ്പ് കുറയും. കടുത്ത ദ്രാവിഡ രാഷ്ട്രീയം പയറ്റുന്ന തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ പോലും ഇത്തരത്തില്‍ ബിജെപി അനുകൂല മനോഭാവത്തിലെത്തിക്കാന്‍ മോദിക്ക് സാധിച്ചു. തമിഴ് രാഷ്ട്രീയത്തില്‍ യാതൊരു സാധ്യതയുമില്ലാത്ത ഹൈന്ദവ രാഷ്ട്രീയത്തോട് മമത കാട്ടാന്‍ പനീര്‍ ശെല്‍വം-പളനി സ്വാമി പക്ഷത്തെ പ്രേരിപ്പിച്ചത് അഴിമതി കഥകളുടെ ഭീഷണിയാണ്. വിഘടിച്ചുനിന്ന ശശികല – ദിനകരന്‍ പക്ഷത്തിന് കേന്ദ്ര ഏജന്‍സികളുടെ റെയിഡുകള്‍ ഒഴിഞ്ഞ സമയമില്ല. അഴിമതിക്കെതിരെയുള്ള യുദ്ധം ഇത്തരത്തില്‍ രാഷ്ട്രീയപ്രേരിതവും ഏകപക്ഷീയവും ആകാതിരുന്നെങ്കില്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിന് ഗുണപ്രദമായേനെ.
കൊച്ചി: സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് ആശ്വാസം നല്‍കുന്ന വിധിയുമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഭൂമി അഴിമതി കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസ് എടുക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഇപ്പോള്‍ സ്റ്റേ ചെയ്തിരിക്കുന്നത്. ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ വൈകിയ പോലീസ് നടപടിയെ നേരത്തെ സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ജസ്റ്റിസ് കെമാല്‍ പാഷയുടെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് മരവിപ്പിച്ചിരിക്കുന്നത്. ഇതോടെ മാര്‍ ആലഞ്ചേരിക്കെതിരായ കേസെടുക്കാനുള്ള തീരുമാനത്തില്‍ നിന്നും പോലീസ് പിന്‍മാറും. കേസെടുക്കാന്‍ താമസിച്ചതിന് ഡിജിപി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. പുതിയ സ്റ്റേ നിലവില്‍ വരുന്നതോടെ വിശദീകരണം നല്‍കുന്ന നടപടിയില്‍ നിന്നും ഡിജിപി മോചിതനായേക്കും. ആലഞ്ചേരിക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കുറ്റകരമായ ഗൂഢാലോചനക്ക് സെക്ഷന്‍ 120 ബി പ്രകാരവും വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് ആലഞ്ചേരിക്കെതിരെ കേസെടുത്തിരിന്നത്. സഭ 27.15 കോടി രൂപ വിലയിട്ടിരുന്ന ഭൂമി 13.51 ആലഞ്ചേരിയുടെ നേതൃത്വത്തില്‍ വിറ്റുവെന്നാണ് പരാതി. കുറഞ്ഞ വിലയ്ക്ക് സ്ഥലം വിറ്റത് സഭയ്ക്ക് വലിയ നഷ്ടം വരുത്തിയെന്നും പരാതിയില്‍ പറയുന്നു. ഷൈന്‍ വര്‍ഗീസ് എന്നയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരുന്നത്.