Latest News

പറന്നുയരാന്‍ തയ്യാറെടുത്ത എമിറേറ്റ്‌സ് വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെ തെന്നിവീണ ജീവനക്കാരി കൊല്ലപ്പെട്ടു. വിമാനം പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് അപകടം ഉണ്ടായിരിക്കുന്നത്. തുറന്നിട്ടിരുന്ന എമര്‍ജന്‍സി വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന ക്യാബിന്‍ ജീവനക്കാരിയാണ് അപകടത്തില്‍പ്പെട്ടത്. ഉഗാണ്ടയിലെ എന്റെബ്ബെ വിമാനത്താവളത്തില്‍ ബുധനാഴ്ചയാണ് സംഭവം. അപകടം നടന്നയുടന്‍ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വീഴ്ച്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രക്തത്തില്‍ കുളിച്ച് വിമാനത്തിന് കീഴെ വീണു കിടക്കുന്ന ജീവനക്കാരിയുടെ ചിത്രം പുറത്തു വന്നിട്ടുണ്ട്. ഇകെ729 വിമാനത്തിലെ ജീവനക്കാരിയാണ് അപകടം സംഭവിച്ചത്. വീഴ്ച്ചയില്‍ കാലുകള്‍ സാരമായ പരിക്കേല്‍ക്കുകയും അപകട സമയത്ത് അവരുടെ കൈവശമുണ്ടായിരുന്ന കുപ്പി പൊട്ടി ശരീരത്തില്‍ മുറിവേല്‍ക്കുകയും ചെയ്തതായി ദൃസാക്ഷികള്‍ പറയുന്നു.

ജീവനക്കാരിയുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം ആരംഭിച്ചതായി ഉഗാണ്ട സിവില്‍ ഏവിയേഷന്‍ അതോറിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു. ജീവനക്കാരി എങ്ങനെയാണ് വീണതെന്ന് കൂടുതല്‍ അന്വേഷണത്തിലൂടെയെ വ്യക്തമാകുകയുള്ളു.

ട്രെയിനില്‍ വെച്ച് ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പ്രസ്താവന വിവാദമാകുന്നു. നിഷ പറഞ്ഞ ആള്‍ പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജാണെന്ന് അഭ്യൂഹം പരന്നിരുന്നു. ഇതിനെതിരെ പിസി ജോര്‍ജ് രംഗത്തെത്തി.

പുസ്തകം ഇറക്കുന്നതിന് മുന്‍പുള്ള പബ്ലിസിറ്റിക്ക് വേണ്ടിയുള്ള പരിപാടികളാണ് ഇതൊക്കെയെന്നാണ് പിസി ജോര്‍ജ് പറയുന്നത്. നിഷ മാണിയുടെ മരുമകളല്ലേ അപ്പോ പിന്നെ ഇതിലപ്പുറം പറഞ്ഞില്ലെങ്കിലേ അതിശയമുള്ളു. പിന്നെ ഇങ്ങനെയൊക്കെ പറയുമ്പോള്‍ അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കും, അതിലും വലിയ പബ്ലിസിറ്റി പുസ്തകത്തിന് വേറെ വേണോ എന്നും പി സി ജോര്‍ജ് ചോദിക്കുന്നു.

ഒരു എംപി അല്ലേ ജോസ് കെ മാണി. അപ്പോള്‍ അയാളുടെ ഭാര്യയോട് ആരെങ്കിലും പൊതു സ്ഥലത്ത് വെച്ച് മോശമായി പെരുമാറുമോ, അങ്ങനെ ഏതവനെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഒരു എംപി വിചാരിച്ചാല്‍ നിസ്സാരമായി അവനെ പിടിക്കരുതോ എന്നും പിസി ചോദിക്കുന്നു. ഇത്തരം ആരോപണങ്ങള്‍ ആര് വിശ്വസിക്കുമെന്നും പിസി ചോദിക്കുന്നു. ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രശസ്തി നേടിയാണോ പൊതുരംഗത്ത് വരേണ്ടതെന്നും പിസി ചോദിക്കുന്നു. നിഷയുടെ രാഷ്ട്രീയ മോഹമാണ് ഇതിനെല്ലാം പിന്നിലെന്നും പിസി പറയുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് മത്സരിക്കാനാണ് നിഷയുടെ പരിപാടിയെന്നും അതിന്റെ ഭാഗമാണ് ഈ പുസ്തകവും ആരോപണവുമെന്നും പിസി ജോര്‍ജ് പറയുന്നു. സത്യം പറഞ്ഞാല്‍ രണ്ട് ദിസം മുന്‍പ് ദയാവധത്തിനെ കുറിച്ച് കോടതിയുടെ ഒരു വിധി വന്നപ്പോള്‍ മുതല്‍ മാണിയെക്കുറിച്ചാണ് ചിന്ത. പാലായില്‍ മത്സരിക്കാന്‍ പലരും ആഗ്രഹിക്കുന്ന സാഹചര്യത്തില്‍ മാണിയുടെ മേല്‍ ഒരു കണ്ണുള്ളത് നന്നായിരിക്കുെമന്നും പിസി ജോര്‍ജ് പറയുന്നു. മാണിയെ അപായപ്പെടുത്താന്‍ പോലും മടിക്കാത്തവരാണ് ഇവരെന്നും ജോര്‍ജ് പറയുന്നു.സത്യം പറഞ്ഞാല്‍ ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കാന്‍ പോലും പാടില്ലാത്തതാണ് പിന്നെ വെറുതെ പ്രശസ്തിക്ക് വേണ്ടി ഇതൊക്കെ പറയുന്നതിനോട് വേറെന്ത് പറയാനാണെന്നും ജോര്‍ജ് ചോദിക്കുന്നു.

‘മീ ടൂ’ പ്രചാരണത്തില്‍ താനും പങ്കുചേരുന്നുവന്ന പറഞ്ഞു കൊണ്ടാണ് നിഷാ ജോസ് തനിക്ക് നേരിടേണ്ടി ഒരു ദുരനുഭവം വെളിപ്പെടുത്തിയത്. നിഷ എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലാണ് ഈ തുറന്നു പറച്ചിലുണ്ടായത്. ”തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ രാത്രി വൈകി തനിയെ കോട്ടയത്തേക്കു ട്രെയിന്‍ കയറാന്‍ എത്തിയപ്പോഴാണ് അയാളെ കണ്ടത്. മെലിഞ്ഞ യുവാവ് രാഷ്ട്രീയനേതാവായ സ്വന്തം അച്ഛന്റെ പേരു പറഞ്ഞാണ് പരിചയപ്പെട്ടത്. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്നും പറഞ്ഞു. ട്രെയിനില്‍ കയറിയ അയാള്‍ അടുത്തു വന്നിരുന്നു സംസാരം തുടര്‍ന്നു. സഹികെട്ടപ്പോള്‍ ടിടിആറിനോട് പരാതിപ്പെട്ടു.

ടിടിആര്‍ നിസ്സഹായനായി കൈമലര്‍ത്തി. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കില്‍ ഇടപെടാന്‍ എനിക്കു പേടിയാണ് എന്നായിരുന്നു ടിടിആറിന്റെ മറുപടി. ‘നിങ്ങള്‍ ഒരേ രാഷ്ട്രീയ മുന്നണിയില്‍ ഉള്‍പ്പെട്ടവരായതിനാല്‍ ഇത് ഒടുവില്‍ എന്റെ തലയില്‍ വീഴും’ ഇങ്ങനെ പറഞ്ഞ് ടിടിആര്‍ ഒഴിവായി. തിരികെ സീറ്റിലെത്തിയിട്ടും സഹയാത്രികന്‍ ശല്യപ്പെടുത്തല്‍ തുടര്‍ന്നു. മൂന്നോ നാലോ തവണ അനാവശ്യമായി തന്റെ കാല്‍പാദത്തില്‍ സ്പര്‍ശിച്ചു. അതോടെ അടുത്തുനിന്നു പോകാന്‍ അയാളോട് കര്‍ശനമായി പറഞ്ഞു. വീട്ടില്‍ എത്തിയശേഷം ഇക്കാര്യം ഭര്‍ത്താവ് ജോസ് കെ. മാണിയെ അറിയിച്ചു” പുസ്തകത്തില്‍ നിഷ പറയുന്നു.

 

നിഷ നല്‍കുന്ന സൂചന വെച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പ്രചരണം ഷോണ്‍ ജോര്‍ജ്ജിനെ ലക്ഷ്യമിട്ടായിരുന്നു. അപകടത്തില്‍പ്പെട്ട് തിരുവനന്തപുരത്ത് ആശുപത്രിയില്‍ കിടക്കുന്ന ഭാര്യാപിതാവിനെ കാണാന്‍ വന്നതാണെന്ന് ഉദ്ദേശിച്ചത് ജഗതിയെ കാണാന്‍ ഷോണ്‍ എത്തിയതാണെന്ന വിധത്തിലാണ് വ്യാഖ്യാനം വന്നത്. ജോസ് കെ മാണിക്കെതിരെ സോളാര്‍ കേസില്‍ ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയത് പി സി ജോര്‍ജ്ജായിരുന്നു. അതുകൊണ്ട് കിട്ടിയ അവസരത്തില്‍ നിഷ അവസരം മുതലെടുക്കുകയായിരുന്നു എന്നുമാണ് ആരോപണം.

അന്തരിച്ച നടി ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്‌ളാറ്റ് ആദായ നികുതി വകുപ്പ് ലേലം ചെയ്യുന്നു. 45 ലക്ഷം രൂപയുടെ ആദായ നികുതി കുടിശിക ഈടാക്കാനാണ് ഫ്‌ളാറ്റ് ലേലത്തില്‍ വില്‍ക്കുന്നത്. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ നടത്തിപ്പുകാരന്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറാണ്. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ഫ്‌ളാറ്റ് ലേലത്തിന് വെയ്ക്കുന്നത്.

1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിരുന്നില്ല. അതാണ് ഇപ്പോള്‍ കുടിശിക വര്‍ദ്ധിച്ച് 45 ലക്ഷം രൂപയില്‍ എത്തിയിരിക്കുന്നത്. ഈ മാസം 26നാണ് ലേലം നടക്കുന്നത്. ഒരു കോടി 14 ലക്ഷം രൂപയാണ് ഫ്‌ളാറ്റിന് മൂല്യം നിശ്ചയിച്ചിരിക്കുന്നത്.

നിലവില്‍ ഈ ഫ്‌ളാറ്റില്‍ ഒരാള്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിക്കുന്നതാണ്. മാസം 13,000 രൂപ വാടക ഇപ്പോള്‍ ഇയാള്‍ ആദായ നികുതി വകുപ്പിനാണ് അടച്ചുകൊണ്ടിരിക്കുന്നത്. ഈ മാസവാടക കൊണ്ട് ആദായ നികുതി വകുപ്പിന് കുടിശിക നികത്താന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഫ്‌ളാറ്റ് ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ലേല തുക കഴിച്ച് ബാക്കി വരുന്ന തുക എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ന്യൂഡല്‍ഹി: തന്ത്രപരമായി പ്രാധാന്യമുള്ള അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി ഇന്ത്യന്‍ വ്യോമസേന. അരുണാചലിലെ ടൂറ്റിംഗില്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഏറ്റവും വലിയ യുദ്ധേതര വിമാനമായ സി 17 ഗ്ലോബ്മാസ്റ്റര്‍ ഇറക്കിക്കൊണ്ടാണ് ഈ ദൗത്യത്തിന് തുടക്കമിട്ടിരിക്കുന്നത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വ്യോമസേനാ കേന്ദ്രമാണ് ടൂറ്റിംഗ്. വന്‍മലകള്‍ക്കും ഇടുങ്ങിയ താഴ്‌വരകള്‍ക്കുമിടയിലുള്ള ഈ വ്യോമത്താവളം വിമാനങ്ങളുടെ ലാന്‍ഡിംഗിന് ഏറ്റവും വിഷമം പിടിച്ച പ്രദേശങ്ങളിലൊന്നാണ്. ചൈനയുടെ പ്രകോപനം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ നീക്കമെന്ന് ശ്രദ്ധേയമാണ്.

ലാന്‍ഡിംഗിനെ ചരിത്രപരം എന്നാണ് വ്യോമസേന ട്വിറ്റര്‍ സന്ദേശത്തില്‍ വിശേഷിപ്പിച്ചത്. തന്ത്രപ്രാധാന്യമുള്ള മേഖലയില്‍ ഈ വിധത്തിലുള്ള പ്രകടനത്തെ തന്ത്രപരമായ കുതിച്ചുചാട്ടമാണെന്നും എയര്‍ഫോഴ്‌സ് വിശേഷിപ്പിക്കുന്നു. പരീക്ഷണ ലാന്‍ഡിംഗിനു ശേഷം 18 ടണ്‍ വസ്തുക്കളും സി17 വിമാനത്തില്‍ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഈ വ്യോമത്താവളത്തില്‍ എത്തിച്ചു. അരുണാചലിലെ വെസ്റ്റ് സിയാങ് ജില്ലയിലെ മെചുകയിലുള്ള അഡ്വാന്‍ഡ്‌സ് ലാന്‍ഡിംഗ് ഗ്രൗണ്ട്‌സില്‍ 2016 നവംബറില്‍ സി17 വിമാനം ലാന്‍ഡ് ചെയ്തിരുന്നു.

ചൈനീസ് അതിര്‍ത്തിയില്‍ നിന്ന് 29 കിലോമീറ്റര്‍ അകലെയാണ് മെചുക വ്യോമത്താവളം. 2013 മുതല്‍ പ്രവര്‍ത്തനരഹിതമായിരുന്ന മെചുക, ആലോ, സിറോ, ടൂറ്റിംഗ്, പാസിഘട്ട്, തേസു തുടങ്ങിയ വ്യോമത്താവളങ്ങള്‍ക്കൊപ്പം വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുകയായിരുന്നു. 1962ലെ ചൈനാ യുദ്ധത്തില്‍ മെചുക വ്യോമത്താവളം പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു. ഏറ്റവുമടുത്ത റെയില്‍വേ സ്റ്റേഷനായ ദിബ്രുഗഡില്‍ നിന്ന് രണ്ട് ദിവസം യാത്ര ചെയ്താല്‍ മാത്രമേ മെചുകയില്‍ എത്താന്‍ സാധിക്കൂ.

ഫ്ലോറിഡയില്‍ നിര്‍മ്മാണത്തിലിരുന്ന നടപ്പാലം തകര്‍ന്നുവീണു. സംഭവത്തില്‍ നാലു പേര്‍ മരിച്ചു. ഫ്ലോറിഡ ഇന്റര്‍നാഷനല്‍ യൂണിവേഴ്‌സിറ്റിയിലാണ് അപകടമുണ്ടായത്. എട്ട് കാറുകളാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പരിക്കേറ്റ പത്തു പേരെ ഇതിനകം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഞങ്ങള്‍ക്ക് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ആശുപത്രിയില്‍ ചികിത്സലായിരുന്ന വ്യക്തികള്‍ക്കായി പ്രാര്‍ത്ഥിക്കുയാണെന്ന് ഫ്ലോറിഡ ഗവര്‍ണര്‍ റിക്ക് സ്‌കോട്ട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവാഹം, ജനനം, മരണം, യാത്രകള്‍ തുടങ്ങി എന്തുമാകട്ടെ, ബ്രിട്ടീഷുകാര്‍ക്ക് അവ ക്യാമറയില്‍ പകര്‍ത്താനാണ് ഏറ്റവും കൂടുതല്‍ താല്‍പര്യമെന്ന് പഠനം. ഇത്തരം ജീവിതമുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കുന്നവര്‍ കുറവാണെന്ന് 2000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത പത്തില്‍ നാലുപേരും ഫോട്ടോകള്‍ നന്നായെടുക്കാനുള്ള ശ്രമത്തിനിടെ തങ്ങളുടെ ജീവിതത്തിലെ സുപ്രധാന മുഹൂര്‍ത്തങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്ന് വെളിപ്പെടുത്തി. സുഹൃത്തുക്കളുമായി രാത്രി കറങ്ങാന്‍ പോയ പലര്‍ക്കും അത്തരം യാത്രകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം ചെയ്യാവുന്ന ചിത്രങ്ങള്‍ എടുക്കാനായിരുന്നത്രേ അവര്‍ സമയം ചെലവഴിച്ചത്.

കുടുംബവുമൊത്തുള്ള അവധിക്കാല യാത്രയോ സ്വന്തം കുഞ്ഞിന്റെ ആദ്യ ചുവടുവെയ്‌പോ പോലും ക്യാമറ്ക്കു പിന്നിലായതിനാല്‍ വേണ്ടവിധം ആസ്വദിക്കാന്‍ കഴിഞ്ഞില്ലെന്നും ചിലര്‍ പറഞ്ഞു. വധൂവരന്‍മാരുടെ ആദ്യചുംബനവും കുട്ടികള്‍ ആദ്യമായി സംസാരിച്ചതും ഫുട്‌ബോള്‍ മത്സരത്തില്‍ ആദ്യം നേടുന്ന ഗോളിന്റെ ആവേശവും പോലും ഈ വിധത്തില്‍ നഷ്ടമായിട്ടുണ്ടെന്നാണ് മറ്റു ചിലര്‍ വെളിപ്പെടുത്തിയത്. ഗ്യാലക്‌സി എസ് 9, എസ് 9 പ്ലസ് ഫോണുകളുടെ ലോഞ്ചിനോട് അനുബന്ധിച്ച് സാംസങ്ങാണ് ഈ പഠനം നടത്തിയത്.

മുതിര്‍ന്നവരില്‍ മൂന്നിലൊന്ന് പേരും യാത്രകളിലും ഔട്ടിംഗുകളിലും മറ്റും ശരാശരി 12 ഫോട്ടോകള്‍ എടുക്കുന്നുണ്ട്. അത്തരത്തില്‍ ഫോട്ടോയെടുപ്പിന് മാത്രം കൂടുതല്‍ സമയം ചെലവഴിക്കുന്നതിലൂടെ അത്തരം സന്ദര്‍ഭങ്ങളുടെ യഥാര്‍ത്ഥ അനുഭവം ആസ്വദിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്ന് 43 ശതമാനം പേര്‍ അറിയിക്കുന്നു. ഫോട്ടോയെടുക്കാന്‍ പോയതിലൂടെ ആസ്വദിക്കാനുള്ള സമയം തങ്ങള്‍ നഷ്ടപ്പെടുത്തുകയായിരുന്നുവെന്ന് പകുതിയോളം പേര്‍ സമ്മതിച്ചു. ചിത്രമെടുത്തു കഴിഞ്ഞാല്‍ നാലിലൊന്നു പേര്‍ മാത്രമാണ് അവ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുക. പത്തില്‍ നാല് പേര്‍ അവയുടെ പ്രിന്റുകള്‍ എടുത്ത് ഫ്രെയിം ചെയ്യുകയോ ആല്‍ബങ്ങളാക്കി സൂക്ഷിക്കുകയോ ചെയ്യാറുണ്ടെന്നും സര്‍വേ വ്യക്തമാക്കുന്നു.

മറയൂര്‍ ഉടുമലൈക്കടുത്ത് പല്ലടം മന്ത്രിപാളയം ഭാഗത്ത് നിയന്ത്രണംവിട്ട കാര്‍ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന ആറു യാത്രക്കാരും പരിക്കുകളോടെ രക്ഷപ്പെട്ടു. തമിഴ്‌നാട്ടില്‍, അണ്ണാ ഡി.എം.കെ യുടെ മുന്‍ മന്ത്രിയും മടത്തുകുളം എംഎല്‍എ യുമായിരുന്ന ഷണ്‍മുഖവേലുവിന്റെ മകളുടെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.

കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായതെന്ന് ഡ്രൈവര്‍ പറയുന്നു. കിണറ്റില്‍ വെള്ളമില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മുന്‍ മന്ത്രിയുടെ മകള്‍ മീനാക്ഷി ,ഭര്‍ത്താവ് മോഹന്‍രാജ്, ബന്ധുക്കളായ സുന്ദരരാജന്‍, രാധാമണി, തങ്കവേല്‍, ഒപ്പം ഡ്രൈവര്‍ മോഹന്‍രാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.

നാട്ടുകാരും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് ഇവരെ രക്ഷിച്ചത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. സോമന്നൂരില്‍ ബന്ധുവീട്ടില്‍ പോയി തിരികെ വരവെയാണ് അപകടം. ഡ്രൈവര്‍ മോഹന്‍രാജ് കാറില്‍ നിന്ന് ഇറങ്ങി സമീപവാസികളെ കൂട്ടിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

ലോകത്തിന് അദ്ഭുതമായി തോന്നുന്ന ഒരു മനുഷ്യ പ്രതിഭാസമായിരുന്നു വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ്. മനുഷ്യന്റെ സങ്കീര്‍ണമായ വിശ്വാസങ്ങളെക്കുറിച്ച് കൃത്യമായ ഫിലോസഫിക്കല്‍ ഉത്തരങ്ങളും അഭിപ്രായങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു. വിധി തളര്‍ത്തിയിട്ടും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ രോഗത്തോട് പടവെട്ടി കോടിക്കണക്കിന് ആളുകളെ വിസ്മയിപ്പിച്ച ജീവിതത്തിനുടമ. ദൈവത്തോടും മരണത്തോടും പലപ്പോഴും കലഹിച്ച തത്വങ്ങളാണ് അദ്ദേഹത്തിന്റേത്. ലോകത്തിന് അമൂല്യങ്ങളായി സൂക്ഷിക്കാവുന്ന നിരവധി ആശയങ്ങളും ചിന്തകളും സംഭാവന ചെയ്തതിനു ശേഷമാണ് അദ്ദേഹം വിടവാങ്ങിയിരിക്കുന്നത്.

സ്‌പേസിനെക്കുറിച്ചും ബ്ലാക്ക് ഹോളുകളെക്കുറിച്ചും മനുഷ്യനുണ്ടായിരുന്ന എല്ലാ ചിന്തകളെയും മാറ്റി മറിച്ച വിഖ്യാതനായ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. മരണാനന്തര ജീവിതത്തെക്കുറിച്ച് പ്രതീക്ഷിച്ച് ജീവിതം മുന്നോട്ടു നയിക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് നല്ലതാണ് വര്‍ത്തമാന കാലത്ത് നല്ലൊരു ജീവിതം കെട്ടിപ്പെടുക്കുന്നതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.സ്വര്‍ഗമോ അതല്ലെങ്കില്‍ മരണാനന്തര ജീവിതമോ ഇല്ല! അതെല്ലാം മുത്തശ്ശിക്കഥകള്‍ മാത്രമാണെന്ന് അദ്ദേഹം പറയുമായിരുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകളെ അട്ടിമറിക്കുന്ന അദ്ദേഹത്തിന്റെ കഴ്ച്ചപ്പാടുകള്‍ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധയാകര്‍ശിച്ച വാക്കുകളിലൊന്നാണ്.

കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് അദ്ദേഹത്തിന് അപൂര്‍വ്വ രോഗം പിടിപെടുന്നത്. 1963ല്‍ രോഗം കണ്ടെത്തുമ്പോള്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിധിച്ചിരുന്ന ആയൂര്‍ദൈര്‍ഘ്യം വെറും രണ്ട് വര്‍ഷമായിരുന്നു. അസുഖത്തോട് തോല്‍ക്കാന്‍ മനസ്സുകാണിക്കാതിരുന്ന അദ്ദേഹം പിന്നീടുള്ള ഒരുപാട് വര്‍ഷങ്ങള്‍ ലോകത്തെ അദ്ഭുതപ്പെടുത്തിയ ചിന്തകള്‍ പങ്കുവെച്ചു. പെട്ടന്ന് മരണം സംഭവിക്കുമെന്ന മെഡിക്കല്‍ റെക്കോര്‍ഡ്‌സുമായി ഞാന്‍ കഴിഞ്ഞ 49 കൊല്ലമായി ഇവിടെ ജീവിക്കുന്നു ഹോക്കിംഗ് 2011ല്‍ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ദൈവം ലോകം സൃഷ്ടിച്ചുവെന്ന് പറയുന്നവരുടെ ചോദ്യങ്ങള്‍ തന്നെ അപ്രസക്തമാണ് എന്നാണ് ഹോക്കിംഗ് പ്രതികരിച്ചിരുന്നത്. ബിഗ് ബാങിന് മുന്‍പ് ടൈം കണ്ടുപിടിക്കപ്പെട്ടിട്ടില്ല, അതുകൊണ്ടു തന്നെ പ്രപഞ്ചം നിര്‍മ്മിക്കാനുള്ള സമയവും ദൈവത്തിന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വാദിക്കുന്നു.

എനിക്ക് മരണത്തെക്കുറിച്ച ഭയമില്ല, പക്ഷെ പെട്ടന്ന് മരിക്കാനുള്ള തയ്യാറെടുപ്പിലല്ല ഞാന്‍. ഒരുപാട് കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ശാസ്ത്രം നിര്‍ണയിച്ചിട്ടുള്ള നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചം പ്രവര്‍ത്തിക്കുന്നത്. ഒരു പക്ഷേ ദൈവ കല്‍പ്പനയിലൂടെയായിരിക്കും ഈ നിയമങ്ങള്‍ ഉണ്ടായത്. പക്ഷേ ഈ നിയമങ്ങള്‍ തെറ്റിക്കാന്‍ ദൈവം ശ്രമിക്കുകയില്ലെന്നതാണ് വാസ്തവം 2007ല്‍ റോയിട്ടേഴ്‌സിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു. ഈ പ്രപഞ്ചം എത്ര വൈവിധ്യമാണെന്ന് നിങ്ങള്‍ നോക്കുക. അതില്‍ വളരെ നിസ്സാരമായൊരു ജീവിതം മാത്രമെ മനുഷ്യനുള്ളുവെന്നാണ് തോന്നുന്നത്. പ്രപഞ്ചം തന്നെ അപ്രാപ്യമായ ഒന്നായിട്ടാണ് പ്രതിഫലിക്കുന്നത് അദ്ദേഹം പറയുന്നു. മതം അതോറിറ്റിയെ അടിസ്ഥാനമാക്കി ഉണ്ടാകുന്നു. ശാസ്ത്രം നിരീക്ഷണങ്ങളും കാരണങ്ങളും നോക്കി രചിക്കപ്പെടുന്നുവെന്നതാണ് എന്നതാണ് തമ്മിലുള്ള പ്രധാന വ്യത്യാസം. പ്രപഞ്ചത്തിലെ ദൈവത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്ത വീക്ഷണങ്ങളായിരുന്നു ഹോക്കിംഗ് ലോകത്തോട് പങ്കുവെച്ചത്.

കൊച്ചി: ഒരു വര്‍ഷം മുമ്പ് കൊച്ചി കായലില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ത്ഥിനി പിറവം പെരിയപ്പുറം സ്വദേശി എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജി(18) യുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ മിഷേലിന്റെ പിതാവ് ഷാജി വര്‍ഗീസ് നിയമസാധ്യത തേടി. മകളുടെ മരണം ആത്മഹത്യയാക്കി ചിത്രീകരിക്കുന്ന അന്വേഷണ സംഘത്തിന്റെ നടപടിയെ പൂര്‍ണ്ണമായും തള്ളിക്കളയുകയാണ് ഷാജിയും ബന്ധുക്കളും.മിഷേലിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്ന് ആവര്‍ത്തിക്കുന്ന ബന്ധുക്കള്‍ സിബിഐ അന്വേഷണം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തി കൂടുതല്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ മരണത്തിലെ ദുരൂഹത നീങ്ങുമെന്ന് ഷാജി പറയുന്നു. മിഷേലിന്റെ മരണം ആത്മഹത്യയാക്കി മാറ്റാനുള്ള വ്യഗ്രത തുടക്കം മുതലേ അന്വേഷണ സംഘത്തിനുണ്ടായിരുന്നതായി ഷാജി ആരോപിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 5 ന് എറണാകുളം കച്ചേരിപ്പടിയിലുള്ള ഹോസ്റ്റലില്‍ നിന്നും വൈകിട്ട് മിഷേലിനെ കാണാതാവുകയും പിറ്റേന്ന് വൈകിട്ട് മിഷേലിന്റെ മൃതദേഹം കൊച്ചി കായലില്‍ കണ്ടെത്തുകയുമായിരുന്നു. മകളെ കാണാതായതു മുതല്‍ മൃതദേഹം കണ്ടെത്തുന്നതു വരെയുള്ള മണിക്കൂറുകളില്‍ നടന്ന കാര്യങ്ങളാണു വെളിച്ചത്തു വരേണ്ടതെന്നു പിതാവ് ഷാജി പറയുന്നു. കൊച്ചി കായലില്‍ 22 മണിക്കൂര്‍ മൃതദേഹം കിടന്നതായാണു പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ മൃതദേഹത്തില്‍ യാതൊരുവിധ തകരാറും സംഭവിക്കാത്തതു മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുന്നതായി ഷാജി ചൂണ്ടിക്കാട്ടുന്നു.

22 മണിക്കൂറിലധികം സമയം വെള്ളത്തില്‍ കിടന്നിട്ടും തകരാര്‍ സംഭവിക്കാത്ത ഒരു മൃതദേഹമെങ്കിലുമുണ്ടോയെന്നു തങ്ങളുടെ ചോദ്യത്തിന് വ്യക്തമായ മറുപടി അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ഷാജി പറയുന്നു. മിഷേലിന്റെ ജഡം കായല്‍ കരയിലെടുത്തുവച്ചപ്പോള്‍ മൃതദേഹത്തിന്റെ വയറ്റില്‍ പോലും വെള്ളം നിറഞ്ഞ് വീര്‍ത്തിട്ടില്ലായിരുന്നുവെന്നും പിതാവ് ചൂണ്ടിക്കാട്ടി. സാധാരണ ഗതിയില്‍ മണിക്കൂറുകള്‍ സമയം വെള്ളത്തില്‍ കിടക്കുന്ന മൃതശരീരം കടല്‍ ജീവികളുടെ ആക്രമണത്തിനു ഇരയാവാറുള്ളതായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവര്‍ പറയുന്നുണ്ട്. കൊച്ചി കായലില്‍ പല രീതിയിലുള്ള മൃതദേഹം കണ്ടെത്തുന്ന മത്സ്യതൊഴിലാളികളുടെ അനുഭവജ്ഞാനം അന്വേഷണ സംഘം ഉപയോഗിക്കാത്തത് വലിയ വീഴ്ചയായി മാറിയെന്നും ഷാജിക്ക് ആക്ഷേപമുണ്ട്.

മിഷേലിന്റെ മൃതദേഹം കായലില്‍ നിന്നും കിട്ടിയതു മുതല്‍ അടക്കം ചെയ്യുന്നതു വരെയുള്ള ചിത്രങ്ങള്‍ തങ്ങളുടെ കൈവശമുണ്ട്. ഇതിന് സമാന രീതിയില്‍ മരണപ്പെട്ട വ്യക്തികളുടെ ചിത്രങ്ങളും പരിശോധിക്കുമ്പോള്‍ വൈരുദ്ധ്യം മനസിലാക്കാന്‍ കഴിയുമെന്നും ബന്ധുക്കള്‍ പറയുന്നു. മകള്‍ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലാതിരിക്കെ ഗോശ്രീ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്‌തെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ വിചിത്രമാണ്. ശരീരത്തിലുണ്ടായിരുന്ന, വാച്ച്, ഷോള്‍, ബാഗ്, മൊബൈല്‍ ഫോണ്‍ മുതലായ വസ്തുക്കള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതെല്ലാം ഗോശ്രീ പാലത്തിലെ ഉയരത്തില്‍ നിന്നും കായലിലേക്ക് ചാടിയപ്പോള്‍ അപ്രത്യക്ഷമായെന്ന് എങ്ങനെ വിശ്വസിക്കുമെന്നും പിതാവ് ചോദിക്കുന്നു.

മാര്‍ച്ച് 5 ന് വൈകിട്ട് 6.10 ന് കലൂര്‍ പള്ളിയില്‍ നിന്നും ഇറങ്ങിയ മിഷേലിനെ നിരീക്ഷിക്കുന്ന ബൈക്ക് യാത്രികരെ ഇനിയും പിടികൂടിയിട്ടില്ലാത്ത സാഹചര്യത്തില്‍ മിഷേലിന്റെ മരണം ആത്മഹത്യ തന്നെയെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ലോക്കല്‍ പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണ കാലയളവില്‍ തങ്ങള്‍ അക്കമിട്ട് സമര്‍പ്പിച്ച സംശയങ്ങളും ആശങ്കകളും മുഖവിലയ്ക്കുപോലും എടുത്തില്ലെന്ന് പിതാവ് ഷാജിയുടെ തുറന്നു പറച്ചിൽ. മിഷേലിന്റെ മരണം ഉയര്‍ത്തുന്ന സംശയങ്ങള്‍ ദൂരീകരിക്കാന്‍ നിയമപരമായ എല്ലാ സാധ്യതകളും തേടുമെന്നും പിതാവ് കൂട്ടിച്ചേർത്തു.

കരിക്കിനേത്ത് സില്‍ക്ക്‌സിന്റെ കോട്ടയം ഷോറൂം യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടി. ഇന്നലെ വരെ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ഇന്ന് രാവിലെ തുറക്കാതിരുന്നത്. മുന്നറിയിപ്പില്ലാതെ കടപൂട്ടിയ മാനേജ്‌മെന്റിന്റെ ക്രൂരതയ്‌ക്കെതിരെ സ്ഥാപനത്തിലെ 140 ഓളം ജീവനക്കാര്‍ സമരം ചെയ്യുകയാണ്. അടച്ചിട്ട കടയുടെ മുന്നില്‍ കുത്തിയിരുന്നാണ് ജീവനക്കാരുടെ സമരം.

സ്ഥാപനത്തിന് സാമ്പത്തിക പ്രാരാബ്ധങ്ങള്‍ ഉള്ളതായുള്ള സൂചനകള്‍ നേരത്തെ മാനേജ്‌മെന്റിന്റെ ഭാഗത്ത്‌നിന്ന് ഉണ്ടായിരുന്നെങ്കിലും കടപൂട്ടുമെന്ന കാര്യത്തില്‍ മുന്നറിയിപ്പോ നോട്ടീസോ മാനേജ്‌മെന്റ് ജീവനക്കാര്‍ക്ക് നല്‍കിയിരുന്നില്ല. ശമ്പളം, പിഎഫ് ഉള്‍പ്പെടെ ജീവനക്കാര്‍ക്ക് നല്‍കാനുള്ള സാമ്പത്തിക ഇടപാടുകള്‍ മുടക്കം വരുത്തിയാണ് ഇപ്പോള്‍ ഷോറൂം അടച്ചു പൂട്ടിയിരിക്കുന്നത്. ഇന്ന് രാവിലെ ജോലിക്ക് വന്നപ്പോള്‍ മാത്രമാണ് കട അടച്ചിട്ടിരിക്കുകയാണെന്ന കാര്യം ജീവനക്കാര്‍ അറിയുന്നത്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനമാണിത്. ആദ്യ കാലങ്ങളില്‍ പിഎഫ് അടച്ചിരുന്നെങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷമായി ജീവനക്കാരുടെ പിഎഫ് അടച്ചിരുന്നില്ല.

ഓര്‍ത്തഡോക്‌സ് സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് കരിക്കിനേത്ത് സില്‍ക്ക് വില്ലാജിയോ പ്രവര്‍ത്തിച്ചിരുന്നത്. കഴിഞ്ഞ ഒന്നര വര്‍ഷമായി സഭയ്ക്ക് വാടക നല്‍കിയിട്ടില്ല. വാടകയിനത്തില്‍ 15 ലക്ഷത്തോളം രൂപയാണ് കരിക്കിനേത്ത് സഭയ്ക്ക് നല്‍കാനുള്ളത്. ഇത്തരം സാമ്പത്തിക പ്രതിസന്ധികള്‍ കൂടി വന്നപ്പോഴാണ് ഷോറൂം അടച്ചത്.

RECENT POSTS
Copyright © . All rights reserved