ഷാർജ സിവിൽ ഡിഫെൻസിന്റെ ഒാപ്പറേഷൻ റൂമിലേക്ക് വൈകുന്നേരം അഞ്ചരമണിയോടെയാണ് അപകടവാർത്തയെത്തുന്നത്. കൃത്യം അഞ്ചുമിനിറ്റ് കൊണ്ട് തന്നെ അപകടം നടന്ന അലവ്‍ നഹ്ദയിലെത്തി. അപ്പോഴാണ് അപകടത്തിന്റെ വ്യാപ്തി പ്രതീക്ഷകൾക്ക് അപ്പുറത്താണെന്ന് ഉദ്യോഗസ്ഥർ അറിയുന്നത്.
തകർന്ന് വീണിരിക്കുന്നത് വൻകിട കെട്ടിടനിർമാണത്തിന് ഉപയോഗിക്കുന്ന ഭീമൻ ക്രെയിനാണ്. ക്രെയിനിന്റെ വലിപ്പത്തേക്കാളുപരി അതിനൊപ്പം തകർന്ന് വീണ ടൺ കണക്കിന് കോൺക്രീറ്റ് അവശിഷ്ടങ്ങളായിരുന്നു. മറ്റ് തൊഴിലാളികളോട് സംസാരിക്കുമ്പോൾ ഇതിനടിയിൽ രണ്ടുപേർ കുടുങ്ങികിടക്കുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ആ ജീവനുകൾ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഞങ്ങളുടെ മുന്നിൽ.
ജീവിതത്തിനും മരണത്തിനുമിടെയിൽ ഏഴുമണിക്കൂറുകൾ. ഒരു നിമിഷം പോലും വെറുതേ കളയാതെയുള്ള തീവ്രശ്രമം. ഒടുവിൽ ഒരാളെ ദുരന്തഭൂമിയിൽ നിന്ന് ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞതിന്റെ സമാധാനം.’ ഷാർജ സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥന്റെ ഇൗ വാക്കുകളിൽ തന്നെ പ്രകടമായിരുന്നു അപകടത്തിന്റെ തീവ്രത.
ഷാർജയിലെ കെട്ടിടനിർണാണ സ്ഥലത്താണ് ഭീമൻ ക്രെയിൻ കോൺക്രീറ്റ് നീക്കത്തിനിെട തകർന്ന് വീണത്. വൈകുന്നേരം അഞ്ചരയോടെ തുടങ്ങിയ രക്ഷാപ്രവർത്തനം പുലർച്ചെ ഒരുമണിയോടെയാണ് ഫലം കണ്ടത്. ഷാർജ ഡിഫെൻസും ഷാർജ പൊലീസും സംയുക്തമായിട്ടായിരുന്നു രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
അപകടത്തിൽപ്പെട്ട ഒരാൾ മരിക്കുകയും മറ്റൊരാളെ ജീവനോടെ രക്ഷിക്കാനും കഴിഞ്ഞിരുന്നു. അപകടത്തിൽ ഒരു ഇന്ത്യക്കാരൻ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഇയാൾക്ക് മുപ്പത്തിയഞ്ച് വയസ് പ്രായം വരുമെന്ന് അധികൃതർ പറയുന്നു. ജീവനോടെ രക്ഷിക്കാനായ 23 വയസുള്ള പാകിസ്ഥാൻ പൗരൻ ഫറാസാദ് ഖാൻ സാവാസിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. വൈറ്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.
കമ്പനി തൊഴിലാളികൾക്ക് മതിയായ സുരക്ഷയൊരുക്കിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കയ്യുറകളും ഹെൽമറ്റുമൊക്കെ തൊഴിലാളികൾക്ക് നൽകുമെങ്കിലും നിർമാണമേഖലയിൽ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ പഴക്കവും സുരക്ഷാമുൻകരുതലുകളിലും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കും. അന്വേഷണത്തിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കുെമന്നും അധികൃതർ വ്യക്തമാക്കി
മണൽമാഫിയക്കെതിരെ നിരന്തരം വാർത്തകൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ ലോറിയിടിച്ച് മരിച്ചു. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് സംഭവം. ദേശീയ വാര്‍ത്താ ചാനലിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായ സന്ദീപ് ശര്‍മയാണ് മരിച്ചത്. എന്നാൽ സന്ദീപിന്റെത് അപകടമരണമല്ലെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. സമീപത്തെ കടയിൽ പതിഞ്ഞ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് കൊലപാതകത്തിലേക്ക് വിരൽചൂണ്ടുന്നത്.
മധ്യപ്രദേശിലെ കൊട്വാലി പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്തുടര്‍ന്നെത്തിയ ലോറി പെട്ടെന്ന് ഇടത്തോട്ട് വെട്ടിച്ച് സന്ദീപിന്റെ ബൈക്കിനു മുകളിലൂടെ കയറ്റി ഇറക്കുകയായിരുന്നു. ഇടിച്ചിട്ട ലോറി അതേ വേഗതയില്‍ തന്നെ നിര്‍ത്താതെ ഓടിച്ചുപോയി. ഉടനടി നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയെങ്കിലും സന്ദീപിെന രക്ഷിക്കാനായില്ല.
അനധികൃത ഖനന മാഫിയ്ക്കും മണല്‍ കടത്തിനുമെതിരെ സന്ദീപ് നിരന്തരം വാര്‍ത്തകള്‍ ചെയ്തിരുന്നു. നേരത്തെ തന്റെ സ്റ്റിംഗ് ഓപ്പറേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്ദീപ് പൊലീസിന് കൈമാറിയിരുന്നു. മണൽ മാഫിയയിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് സന്ദീപ് മുൻപ് പരാതി നൽകിയിരുന്നു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ പൊലീസ് മോധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.
#WATCH:Chilling CCTV footage of moment when Journalist Sandeep Sharma was run over by a truck in Bhind. He had been reporting on the sand mafia and had earlier complained to Police about threat to his life. #MadhyaPradesh pic.twitter.com/LZxNuTLyap
— ANI (@ANI) March 26, 2018
സംസ്‌കാരത്തിലും നിയമപാലനത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമെന്നറിയപ്പെടുന്ന കേരളത്തിലെ പോലീസിനെക്കുറിച്ച് അടുത്തനാളുകളില്‍ ഉയര്‍ന്നുവരുന്നത് അത്ര നല്ല റിപ്പോര്‍ട്ടല്ല. ജനമൈത്രി എന്ന് പേരുണ്ടെങ്കിലും ജനത്തെ ദ്രോഹിക്കുകയാണ് അവര്‍ ചെയ്യുന്നതെന്ന പരാതി വര്‍ധിച്ചുവരികയുമാണ്. ഈ സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയുടെ അഭിനന്ദനം ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്. സംഭവമിങ്ങനെ…
ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച സ്വന്തം മകനില്‍ നിന്ന് പിഴയീടാക്കികൊണ്ടാണ് ഉത്തര്‍പ്രദേശിലെ സഹാരണ്‍പൂരിലെ ട്രാഫിക് ഹെഡ്‌കോണ്‍സ്റ്റബിള്‍ റാം മെഹര്‍ സിങ് മാതൃകയായിരിക്കുന്നത്. ഹെല്‍മെറ്റിലാതെ വാഹനമോടിച്ച സ്വന്തം മകനില്‍ നിന്നാണ് റാം മെഹര്‍ 100 രൂപ ഫൈന്‍ ഈടാക്കിയത്. മുഖം നോക്കാതെ നടപടിയെടുത്ത റാമിനെ അകമഴിഞ്ഞ് അഭിനന്ദിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍.
എന്നാല്‍ ഇതു തന്റെ ഡ്യൂട്ടി മാത്രമാണെന്നാണ് റാം പറയുന്നത്. ഏകദേശം 400 ലധികം പോലീസ് കുടുംബങ്ങള്‍ താമസിക്കുന്ന പോലീസ് ലൈനില്‍ ആഴ്ചയില്‍ രണ്ടു തവണ പരിശോധന നടത്താറുണ്ടെന്നും മുഖം നോക്കാതെയാണ് നടപടിയെടുക്കുന്നതെന്നുമാണ് റാം പറയുന്നത്. സംഭവം നടന്ന ബുധനാഴ്ച മാത്രം 58 പേരെക്കൊണ്ട് പിഴ അടപ്പിച്ചെന്നും ഏകദേശം 10,800 രൂപ പിഴയായി ലഭിച്ചെന്നും റാം പറയുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ മൂത്ത മകൻ ആകാശും, സഹപാഠിയും വജ്രവ്യാപാരിയുടെ മകളുമായ ശ്ലോക മേത്തയുമായുള്ള അനൗദ്യോഗിക വിവാഹനിശ്ചയം നടത്തി. ശനിയാഴ്ച ഗോവയിലെ പഞ്ചനക്ഷത്ര റിസോട്ടിൽ വച്ചായിരുന്നു നിശ്ചയം. ലോകത്തിലെതന്നെ ഏറ്റവും വലിയ ഡയമണ്ട് കമ്പനികളിലൊന്നായ റോസി ബ്ലൂ ഡയമണ്ട്സിന്റെ മേധാവിയായ റസൽ മേത്തയുടെ ഇളയ മകളാണ് ശ്ലോക.
റിപ്പോർട്ടുകളനുസരിച്ച് ഈ വർഷം ഡിസംബർ ആദ്യംതന്നെ വിവാഹം ഉണ്ടായേക്കും. മുംബൈയിലെ ഒബ്റോയിയിൽവച്ച് 4-5 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ വിവാഹത്തോടനുബന്ധിച്ച് ഉണ്ടായിരിക്കുമെന്നാണ് വിവരം. ഇരു കുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും ഗോവയിൽ ശനിയാഴ്ച നടന്ന വിരുന്നിൽ പങ്കെടുത്തു. ഒൗദ്യോഗിക വിവാഹനിശ്ചയം ജൂണിലാണു നടക്കുക.
മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ പഠിക്കുന്ന കാലം മുതലേ ആകാശും ശ്ലോകയും സുഹൃത്തുക്കളായിരുന്നു. പിന്നീട് ആകാശ് അമേരിക്കയിലെ റോഡ് ദ്വീപിലുള്ള ബ്രൗൺ യൂണിവേഴ്സിറ്റിയിൽ ഉന്നതപഠനത്തിനു ചേർന്നപ്പോൾ ശ്ലോക അമേരിക്കയിലെ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നരവംശശാസ്ത്രം പഠിക്കാൻ ചേർന്നു. അതിനുശേഷം ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസസിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി.
ആകാശ് ഇപ്പോൾ റിലയൻസ് ജിയോയുടെ ബോർഡ് അംഗങ്ങളിൽ ഒരാളാണ്. ശ്ലോകയാവട്ടെ റോസി ബ്ലൂ ഡമയണ്ട്സിന്റെ ഡയറക്ടറും സന്നദ്ധസംഘടനയായ കണക്ട് ഫോറിന്റെ സഹസ്ഥാപകയും
ഭോപ്പാല്‍: അനധികൃത ഖനനത്തിനെതിരെ പ്രതികരിച്ച മാധ്യമ പ്രവര്‍ത്തകനെ ലോറി കയറ്റി കൊന്നു. മധ്യപ്രദേശിലെ കോട്വാലിയിലാണ് സംഭവം. പ്രദേശത്തെ മണല്‍ മാഫിയക്കെതിരെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ശര്‍മ കൊലപ്പെടുത്തിയതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ബൈക്കില്‍ പോകുകയായിരുന്ന സന്ദീപിനെ പിന്നാലെ വന്ന ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സന്ദീപിനെ കൊലപ്പെടുത്താന്‍ ലോറി ഡ്രൈവര്‍ മനപൂര്‍വ്വം ശ്രമിക്കുകയായിരുന്നുവെന്ന് പുറത്ത് വന്ന കൊലപാതക ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രദേശത്തെ മണല്‍ മാഫിയയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സന്ദീപ് ശര്‍മക്ക് വധഭീഷണി ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഒളിക്യാമറ ഉപയോഗിച്ച് സന്ദീപ് നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെയുള്ള ഏതാനും പേര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നു.
സന്ദീപ് ശര്‍മ്മയെ ഇടിച്ചിട്ടതിനു ശേഷം ലോറി നിര്‍ത്താതെ കടന്നു കളഞ്ഞു. അപകടം നടന്നയുടന്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോറി കണ്ടെത്താനുള്ള ശ്രമങ്ങളും നടന്നു വരികയാണ്.
തിരുവനന്തപുരം: ഫാറൂഖ് കോളജ് അധ്യാപകന്റെ സ്ത്രീ വിരുദ്ധ പ്രസംഗത്തെക്കുറിച്ചു വകുപ്പുതലത്തില്‍ അന്വേഷിക്കുമെന്നു സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. കെ.എം. ഷാജിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ നടത്തുന്ന സംബന്ധിച്ച നിര്‍ദേശം കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ പരാമര്‍ശം നടത്തിയ ഫറൂഖ് കോളേജ് അധ്യാപകന്‍ ജൗഹറിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥിനി അമൃത മേത്തര്‍ നല്‍കിയ പരാതിയിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടികളെയും അവരുടെ വസ്ത്രധാരണ രീതിയെയും അപമാനിച്ച അധ്യാപകനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിവാദ പ്രസംഗം പുറത്ത് വന്നതോടെ അധ്യാപകന്‍ കോളേജില്‍ നിന്നും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
റിയാദ് : പല രാജ്യങ്ങളും ചെലവുചുരുക്കലിന്റെയും, സ്വദേശിവൽക്കരണത്തിനെയും പിന്നാലെയാണ്. നല്ലൊരു ജീവിതം കരുപ്പിടിപ്പിക്കാൻ വേണ്ടി നാട് വിട്ടവരാണ് നേഴ്‌സുമാർ. എന്നാൽ സൗദിയിൽ ഉള്ള നിരവധി നഴ്സുമാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍ ആണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 2005ന് മുമ്പ് പാസായവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നില്ല. ഇതാണ് നഴ്സുമാരെ ആശങ്കയിലാഴ്ത്തുന്നത്. ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്സിങ് എന്ന സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ ഇനി വര്‍ക്ക് പെര്‍മിറ്റ് ലഭിക്കൂ എന്നാണ് വിവരം. ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്‌വൈഫറി കോഴ്സ് പാസായ ശേഷം സൗദിയിലെത്തി ജോലി ചെയ്യുന്നവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ എന്നുണ്ടാവണം.
ഇന്ത്യയിലെ അതാത് സംസ്ഥാന നഴ്സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് റിക്രൂട്ടിങ് സമയത്ത് ഇവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റായി മന്ത്രാലയത്തില്‍ ഹാജരാക്കിയത്. അതിന് അനുസൃതമായി ലഭിച്ച ലൈസന്‍സിലാണ് ഈ കാലം വരെയും ജോലി ചെയ്തുവന്നതും. എന്നാലിപ്പോള്‍ ഈ നിയമത്തില്‍ മാറ്റം വരുത്തി എന്നാണ് നഴ്സുമാര്‍ക്ക് ലഭിക്കുന്ന വിവരം. ഡിപ്ലോമ ഇല്ലാത്തവരുടേത് പുതുക്കാനിടയില്ല. അങ്ങനെ സംഭവിച്ചാല്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങേണ്ടി വരും.
ഇത്തരത്തില്‍ സംഭവിക്കാനിടയുള്ള കൂട്ടപിരിച്ചുവിടല്‍ ഭീഷണിയെ ഗൗരവപൂര്‍വം കാണണമെന്നും പ്രശ്നപരിഹാരത്തിന് അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് നഴ്സുമാര്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. രൂക്ഷമായേക്കാവുന്ന ഈ പ്രതിസന്ധിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ജിദ്ദ നവോദയ ഈ വിഷയം കേരള നഴ്സിങ് അസോസിയേഷന്‍, മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെ ശ്രദ്ധയില്‍പെടുത്തി. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖിന് നിവേദനം നല്‍കുകയും ചെയ്തു.വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് നഴ്സുമാര്‍ അയച്ച നിവേദനത്തില്‍ ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയ പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നഴ്സിങ് കൗണ്‍സിലിനോട് ആവശ്യപ്പെടണമെന്നും ഇക്കാര്യം സൗദി ആരോഗ്യമന്ത്രാലയത്തെ ബോധ്യപ്പെടുത്തണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2005ന് ശേഷം ജനറല്‍ നഴ്സിങ് കോഴ്സ് പാസായവരുടെ സര്‍ട്ടിഫിക്കറ്റുകളിലെല്ലാം ഡിപ്ലോമ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിന് മുമ്പുള്ള ആരുടേയും സര്‍ട്ടിഫിക്കറ്റില്‍ ഡിപ്ലോമ ഇല്ല. പുതുതായി ജോലിക്കെത്തുന്നവരെല്ലാം നഴ്സിങ് ബിരുദമുള്ളവരാണ്. അതുകൊണ്ട് തന്നെ നിയമത്തിലെ ഈ മാറ്റം ബാധിക്കുക നിരവധി വര്‍ഷങ്ങളായി ജോലി ചെയ്യുന്ന സീനിയര്‍ നഴ്സുമാരെ തന്നെയാവും. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ മാത്രമല്ല സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ജനറല്‍ നഴ്സുമാര്‍ക്കും ഇത് പ്രതികൂലമാണ്.
എന്നാൽ നിയമ മാറ്റത്തിന് മറ്റൊരു വശം കൂടിയുണ്ടെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. കാലങ്ങളായി വർക്ക് ചെയ്യുന്ന നേഴ്‌സുമാർ കരസ്ഥമാക്കുന്നത് വലിയ മാസശമ്പളമാണ്. ഇങ്ങനെയുള്ളവരുടെ വിസ പുതുക്കാതെ വരുമ്പോൾ, പുതിയ നേഴ്‌സുമാരെ നിയമിക്കുക വഴി ധനലാഭം നേടാനും ജോലിയിൽ കാര്യക്ഷമത കൂടുതലുള്ള ചെറുപ്പക്കാരായ നേഴ്‌സുമാരെ എത്തിക്കുവാനും സാധിക്കും എന്നുള്ളതാണ്. അങ്ങനെ വരുമ്പോൾ സ്വദേശിവൽക്കരണത്തോടൊപ്പം യുവ നേഴ്‌സുമാരുടെ വരവിനും ധനലാഭത്തിനും കാരണമാകും. നിയമ വിധേയമായി ജോലി നഷ്ടപ്പെടുബോൾ കൂടുതൽ വിവരണത്തിന്റെ ആവശ്യമില്ല എന്ന വസ്തുതയും ഇതിലുള്ളതായി സംശയിക്കുന്നു.
മലയാളികള്‍ ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയായിരുന്നു പ്രിയദര്‍ശന്‍-ലിസി ദമ്പതികളുടെ വേര്‍പിരിയല്‍. സിനിമലോകത്തെ മാതൃക ദമ്പതികളെന്നായിരുന്നു ഇരുവരെയും വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഏവരെയും ഞെട്ടിച്ച് വിവാഹമോചിതയാകുകയാണെന്ന് ലിസി പ്രഖ്യാപിച്ചതോടെ ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ ലോകമറിഞ്ഞു. സംഭവത്തിനുശേഷം ഏറെ തകര്‍ന്നുപോയ പ്രിയദര്‍ശന്‍ പല അഭിമുഖങ്ങളിലും തെറ്റ് തന്റേതാണെന്ന തരത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ലിസി തന്റെ ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നു.
സിനിമയില്‍ ഏറെ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹത്തിലേക്ക് കടക്കുന്നത്. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് ത്യാഗം ഞാന്‍ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍ ഭര്‍ത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. ഞങ്ങള്‍ക്കു വേണ്ടി ജീവിതം കളയാന്‍ പറഞ്ഞോ എന്നായിരിക്കും അവര്‍ ചോദിക്കുക. ഒന്നിനു വേണ്ടിയും ഇഷ്ടപ്പെട്ട ജോലി വേണ്ടെന്നുവയ്ക്കരുത്- ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ലിസി പറയുന്നു.
അന്ന് പ്രിയനുമായുള്ള വിവാഹത്തില്‍ വീട്ടില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുക എനിക്ക് എളുപ്പമായിരുന്നു. പക്ഷേ ഒന്നും അറിയാത്ത പ്രായത്തില്‍ മക്കളെ ഉപേക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്ന് മക്കള്‍ വളര്‍ന്നു കഴിഞ്ഞു. അവര്‍ അവരുടെ ജീവിതം തിരഞ്ഞെടുത്തിരിക്കുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞുവെന്നോ അവര്‍ ‘ലിവിങ് ടുഗതറെ’ന്നോ ഉള്ള കാര്യങ്ങള്‍ ഒന്നും അവരെ ബാധിക്കില്ല. അവര്‍ക്ക് മാതാപിതാക്കളുടെ പിന്തുണ വേണം.
പക്ഷേ അച്ഛനും അമ്മയും എപ്പോഴും അടുത്തു വേണമെന്നില്ലെന്നും ലിസി വ്യക്തമാക്കി. മകള്‍ സിനിമ തെരഞ്ഞെടുത്തതില്‍ വളരെ സന്തോഷം. അവള്‍ക്കു അവളുടെ കരിയറില്‍ ആവശ്യമുള്ള ഉപദേശങ്ങള്‍ കൊടുക്കാറുണ്ട്. ഏതു തരം സിനിമകള്‍ ചെയ്യണം തുടങ്ങിയ കാര്യങ്ങളൊക്കെ ഇപ്പോള്‍ ഞാനുമായി ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷേ എല്ലാറ്റിലും അവള്‍ക്കു അവളുടേതായ തീരുമാനങ്ങള്‍ ഉണ്ട്. ഏതൊരു അമ്മയേയും പോലെ അവള്‍ ആഗ്രഹിക്കുന്ന വഴിയില്‍ അവള്‍ നന്നായി തന്നെ പോകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു- ലിസി വ്യക്തമാക്കി.
ന്യൂഡല്‍ഹി: ഹൈക്കോടതി തനിക്കെതിരായി സ്വീകരിച്ച കോടതിയലക്ഷ്യ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ വാദം കേള്‍ക്കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നടപടി ക്രമങ്ങള്‍ പാലിക്കാതെ ഹൈക്കോടതിക്കു ജേക്കബ് തോമസിനെ ജയിലിലേക്ക് അയക്കാന്‍ കഴിയില്ലല്ലോയെന്ന് ചോദിച്ച കോടതി അടിയന്തര സാഹചര്യമുണ്ടെന്ന ജേക്കബ് തോമസിന്റെ അഭിഭാഷകന്റ വാദം തള്ളി. ഹൈക്കോടതി കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതും തിങ്കളാഴ്ചയാണ്.
ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമുന്നയിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയ സംഭവത്തിലാണ് ജേക്കബ് തോമസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഏപ്രില്‍ 2ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സ്പീഡ് പോസ്റ്റില്‍ അയച്ച നോട്ടീസില്‍ കോടതി അറിയിച്ചു.
രണ്ടു ജഡ്ജിമാര്‍ തനിക്കെതിരെ നിരന്തരം വിമര്‍ശനം നടത്തുകയാണെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഴിമതിക്കേസുകള്‍ വിജിലന്‍സ് എഴുതിത്തള്ളിയെന്നും ആരോപിച്ച ജേക്കബ് തോമസ് ഇതിനു പിന്നിലെഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ട തന്നെ പീഡിപ്പിക്കാനും നിശബ്ദനാക്കാനും ശ്രമം നടന്നുവെന്ന് ജേക്കബ് തോമസ് പരാതിയില്‍ പറഞ്ഞിരുന്നു.
ഹവായില്‍ ഹോണാലുലുവിലുള്ള ഒരു വീടിന്റെ മുകളില്‍ നിന്നുകൊണ്ട് ബേസ്‌ബോള്‍ തട്ടിക്കളിക്കുന്നതിനിടെ താഴേക്കു വീണയാള്‍ അതിനപ്പുറത്തുള്ള കെട്ടിടത്തിനും അയാള്‍ നിന്ന കെട്ടിടത്തിനും ഇടയിലുള്ള വിടവിലേക്കാണ് വീണത്. 10 അടി താഴത്തേക്ക് പോയെങ്കിലും ഭിത്തികള്‍ക്കിടയില്‍ കുരുങ്ങി നിന്നതിനാല്‍ അയാള്‍ താഴെയും എത്തിയില്ല, ആ വിടവിനാകട്ടെ 10 ഇഞ്ച് വിസ്താരം മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും! 55-കാരനായ മൈക്കിനാണ് ഈ ദുര്‍ഗതി ഉണ്ടായത്. ഇയാള്‍ക്ക് സ്വന്തമായി വീടും കുടിയുമൊന്നുമില്ലാത്തയാളാണെന്ന് പറയപ്പെടുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. ഒടുവില്‍ നാട്ടുകാര്‍ അഗ്നിശമന സേനയുടെ സഹായം തേടി.
അവരെത്തി ആദ്യം മുകളില്‍ നിന്ന് ഒരു കയര്‍ ഇട്ടു കൊടുത്ത് മൈക്കിനോട് അതില്‍ പിടിച്ചു കയറി വരുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടു ഭിത്തികള്‍ക്കിടയില്‍ അമര്‍ന്ന് ഇരുന്നതിനാല്‍ അയാള്‍ക്ക് അനങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അഗ്നിശമനസേന ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് ഭിത്തി തുരന്ന് അയാളെ അതിലൂടെ പുറത്തെടുക്കുവാന്‍ അവര്‍ തീരുമാനിച്ചു. നല്ല കനത്തിലുളള കോണ്‍ക്രീറ്റ് ഭിത്തി തുരക്കുന്നത് ശ്രമകരമായ കാര്യമായിരുന്നു. അതിനായി അവര്‍ ജാക്ക് ഹാമ്മര്‍ , സര്‍ക്കുലര്‍ സോ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മൈക്ക് പേടിച്ച് അലറാന്‍ തുടങ്ങി. ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദവും അതില്‍ നിന്ന് ചിതറിത്തെറിക്കാനിടയുള്ള കോണ്‍ക്രീറ്റ് കഷണങ്ങളെ കുറിച്ചുള്ള ചിന്തയുമൊക്കെ മൈക്കിനെ ഭയചകിതനാക്കി.
ആ ടൈല്‍ പതിച്ച ഭിത്തിക്കപ്പുറം കോണ്‍ക്രീറ്റ് ചെയ്ത ചുവരും റീബാറുമുണ്ടായിരുന്നു. ഇവയെല്ലാം തുരന്നെങ്കില്‍ മാത്രമേ മൈക്ക് നില്‍ക്കുന്നതിനടുത്ത് എത്തുമായിരുന്നുള്ളൂ എന്ന് ഹോണാലുലു ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ് ക്യാപ്റ്റന്‍ ആല്‍ബെര്‍ട്ട് മക്കെല്ലാം പറഞ്ഞു. ആ കെട്ടിടത്തില്‍ വാടകയ്ക്കു താമസിക്കുന്നയാളാണ് മൈക്ക് അവിടെ നിന്ന് ബേസ്‌ബോള്‍ തട്ടിക്കളിക്കുന്നതു കണ്ട് അയാളോട് അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെടാനായി സെക്യൂരിറ്റിയെ വിളിച്ചത്. താന്‍ എത്തുമ്പോഴേയ്ക്കും ഒരു നീളന്‍ കമ്പ് ഉപയോഗിച്ച്, ആ വിടവിലേക്ക് വീണു പോയ പന്തെടുക്കാനായി മൈക്ക് ശ്രമിച്ചു കൊണ്ടിരിക്കയായിരുന്നെന്നും താന്‍ അടുത്തെത്തുമ്പോഴേക്കും അയാളും വിടവിലേക്ക് വീണു കഴിഞ്ഞിരുന്നുവെന്നും സെക്യൂരിറ്റിക്കാരന്‍ പിന്നീട് പറഞ്ഞു.
ഏതായാലും മൈക്കിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങളിലെ സുരക്ഷയെ കുറിച്ച് അടുത്തയാഴ്ച നിരീക്ഷണം നടത്താന്‍ ഉദ്ദേശിച്ചിരിക്കുകയാണ് അധികൃതര്‍. മൈക്ക് സദാസമയവും ആ പരിസരങ്ങളിലൊക്കെ തന്നെ കാണുമെന്നും ഇങ്ങനെയുള്ളവരെ ആദ്യം നീക്കം ചെയ്യണമെന്നും അടുത്തുള്ള ഒരു റസ്റ്റോറന്റുടമ അരിശത്തോടെ പറഞ്ഞു. അല്ലെങ്കില്‍ നാം നികുതിയടക്കുന്ന പണം ഇത്തരക്കാര്‍ വരുത്തിവയ്ക്കുന്ന ഇത്തരം മെനക്കേടുകള്‍ക്ക് ചെലവാക്കേണ്ടി വരും എന്ന് അയാള്‍ രോഷം കൊണ്ടു!