ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതൃത്വത്തിൽ നടൻ വിജയ് കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ 40 പേരുടെ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ ആറു കുട്ടികളും ഉൾപ്പെടുന്നു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 12 പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
നിയന്ത്രണാതീതമായ ജനക്കൂട്ടമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുഴഞ്ഞുവീണവരെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ജന തിരക്ക് മൂലം ആംബുലൻസുകൾക്ക് സമയത്ത് ഇടപെടാൻ കഴിയാതെ വന്ന സാഹചര്യവും അപകടത്തിന്റെ ഗുരുതരത്വം വർധിപ്പിച്ചു.
അപകട വിവരം അറിഞ്ഞതോടെ വിജയ് തന്റെ പ്രസംഗം അവസാനിപ്പിക്കുകയും, ജനങ്ങളോട് ശാന്തത പാലിക്കാനും ആംബുലൻസുകൾക്ക് വഴി വിടാനും അഭ്യർത്ഥിക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വിജയിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഈ റാലി നടന്നത്.
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കരയോഗങ്ങളുടെ പരസ്യപ്രതിഷേധം വ്യാപകമാകുന്നു. നരുവാമൂട് നടുക്കാട് 2299-ാം നമ്പർ ചെരുത്തൂർക്കോണം വിദ്യാധിരാജ എൻഎസ്എസ് കരയോഗ കാര്യാലയത്തിന് മുന്നിൽ “നായർ സമുദായത്തെ ഒറ്റുകൊടുത്ത സുകുമാരൻ നായർക്ക് ആദരാഞ്ജലികൾ” എന്ന് കുറിച്ച ഫ്ലക്സ് ഭാരവാഹികൾ സ്ഥാപിച്ചു. ഫ്ലക്സ് സ്ഥാപിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നതോടെ പ്രതിഷേധം കൂടുതൽ ശക്തമായി.
ഇതിനുമുമ്പ് പത്തനംതിട്ടയിലും സമാനമായ പ്രതിഷേധ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടിരുന്നു. പ്രമാടം പഞ്ചായത്ത് ഓഫീസിന് മുന്നിലും വെട്ടിപ്രം കരയോഗം കെട്ടിടത്തിന് മുന്നിലും സ്ഥാപിച്ച ഫ്ലക്സ് ബോർഡുകളിൽ, സുകുമാരൻ നായരെ “ ഭക്തരെ വഞ്ചിച്ച്, പിണറായിക്ക് പാദസേവ ചെയ്യുന്ന കട്ടപ്പ” എന്നായിരുന്നു വിമർശനം. ചങ്ങനാശ്ശേരിയിൽ ഒരു കുടുംബം കരയോഗം അംഗത്വം ഉപേക്ഷിച്ചതും, എറണാകുളത്ത് കണയന്നൂർ കരയോഗം ഭാരവാഹികൾ നേതൃത്വത്തിന്റെ നിലപാട് പരസ്യമായി തള്ളിയതും പ്രതിഷേധത്തിന് പുതിയ മാനം നൽകി .
ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് മാറിയോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മാറാത്തത് മാറ്റം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത് വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത് . കൂടുതൽ വ്യക്തത തേടിയപ്പോൾ, അതിന്റെ മേൽ ആവശ്യമില്ലാത്ത ചർച്ച വേണ്ടെന്നായിരുന്നു എകെജി സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിലെ അദ്ദേഹത്തിന്റെ പ്രതികരണം. യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറിയതായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉന്നയിച്ച പ്രസ്താവനകളെ അടിസ്ഥാനമാക്കി മാധ്യമങ്ങൾ വിശദീകരണം തേടിയിരുന്നു.
കഴിഞ്ഞ സംഭവങ്ങളിൽ പോസ്റ്റുമോർട്ടം ആവശ്യമില്ലെന്നും എന്നാൽ അത് അടഞ്ഞ അധ്യായമല്ലെന്നും ഗോവിന്ദൻ പറഞ്ഞു. എൻഎസ്എസിന്റെ പൂർണ്ണ പിന്തുണ മൂന്നാംഭരണത്തിന് ലഭിക്കുമോയെന്ന ചോദ്യത്തിന്, “അക്കാര്യത്തിൽ എന്തു സംശയം?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. എൻഎസ്എസുമായുള്ള ബന്ധം കുറവായിരുന്നില്ലേ എന്ന മാധ്യമചോദ്യത്തിന്, “സ്വരച്ചേർച്ച ഇല്ലാത്തിടത്തല്ലേ ചേർച്ച ആവശ്യമുള്ളത്” എന്നാണ് ഗോവിന്ദൻ പ്രതികരിച്ചത്. ഇടതുപക്ഷത്തിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്, സർക്കാർ നിലപാടിനും വ്യാപകമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ശ്രമം നടക്കുന്നുവെന്നും അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ഗോവിന്ദൻ അറിയിച്ചു. വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഒക്ടോബറിൽ സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന് ലഭിക്കേണ്ട എയിംസ് നഷ്ടപ്പെടുത്താൻ കേന്ദ്രമന്ത്രി ബിജെപിയിലെ ഒരു വിഭാഗത്തോടൊപ്പം ശ്രമിക്കുന്നുവെന്നും, അത് കേരളത്തിന്റെ ഭാവിയെ തന്നെ തകർക്കുന്ന നിരുത്തരവാദപരമായ നടപടിയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
തെക്കൻ, മധ്യകേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ നാളെ വടക്കൻ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ വിവിധ തീയതികളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നദിക്കരകളും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ശക്തമായ കാറ്റും മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ തകർന്നു വീഴാനുള്ള സാധ്യതയും മുന്നിൽ കാണിച്ച് അടച്ചുറപ്പില്ലാത്ത വീടുകളിലും അപകടസാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പ് മാറുംവരെ വിനോദയാത്രകളും അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കാൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കൊച്ചി ∙ ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് നിയമവിരുദ്ധമായി എസ്‌യുവികള്‍ കടത്തിയെന്ന കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഒരു ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് നടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വാഹനങ്ങള്‍ തിരിച്ചുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓണ്‍ലൈനായാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിവരം. ഹര്‍ജി നാളെ കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കേസില്‍ കുണ്ടന്നൂരില്‍ നിന്ന് പിടികൂടിയ ‘ഫസ്റ്റ് ഓണര്‍’ വാഹനത്തിന്റെ ഉടമ മാഹീന്‍ അന്‍സാരിയെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. അരുണാചലില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തില്‍ വ്യാജ മേല്‍വിലാസമാണ് നല്‍കിയിരുന്നതെന്ന് കണ്ടെത്തി.
കേസിന്റെ ഭാഗമായി ഇതുവരെ 38 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ മലയാള സിനിമ താരങ്ങള്‍ ഉള്‍പ്പെടെ പലരും സ്വന്തമാക്കിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം ശക്തമായത്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.
ഭൂട്ടാന്‍ സൈന്യം ഉപേക്ഷിച്ച വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഇടനിലക്കാര്‍ വാങ്ങി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിൽക്കുന്നതായിരുന്നു രീതി. കേരളത്തില്‍ മാത്രം ഇത്തരത്തില്‍ 200ഓളം വാഹനങ്ങള്‍ വിറ്റിട്ടുണ്ടെന്നാണ് പു റത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ഇവയെല്ലാം പിടിച്ചെടുക്കാന്‍ കസ്റ്റംസ് നടപടികള്‍ ശക്തമാക്കുമെന്ന സൂചനയുമുണ്ട്.
അപ്പച്ചൻ കണ്ണഞ്ചിറ
സ്റ്റീവനേജ്: സ്റ്റീവനേജ് കൊമ്പൻസും, ലൂട്ടൻ ഹോക്‌സ് എലൈറ്റ്‌സും സംയുക്തമായി സംഘടിപ്പിച്ച ഓൾ യു കെ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റിൽ തണ്ടേഴ്സ് ഫാൽക്കൺസ്, ലൂട്ടൻ ചാമ്പ്യന്മാരായി. സ്റ്റീവനേജിൽ ആദ്യമായി നടത്തപ്പെട്ട ഏകദിന ക്രിക്കറ്റ് ടൂർണ്ണമെന്റ് യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ടും, അമ്പയറും, മികച്ച ബൗളറുമായ ജോബിൻ ജോർജ്ജ് ഉദ്‌ഘാടനം ചെയ്തു. ജോബിൻ ജോർജ്ജ് ടൂർണമെന്റ് അതിഥി അപ്പച്ചൻ കണ്ണഞ്ചിറക്ക് ബൗൾ ചെയ്തുകൊണ്ടാണ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചത്.

വെടികൊട്ട് ബാറ്റിങ്‌കൊണ്ടും, കൃത്യമായ ബൗളിങ്ങും, ഫീൽഡിങ്ങുമായി ടൂർണമെന്റിലെ ഇഷ്‌ട ടീമായി മാറിയ തണ്ടേഴ്സ് ഫാൽക്കൺസ്, വിജയികൾക്കുള്ള ആയിരത്തി ഒന്ന് പൗണ്ട് കാഷ് പ്രൈസും, ട്രോഫിയും കരസ്ഥമാക്കി. റണ്ണറപ്പായ നോർവിച്ചിൽ നിന്നുള്ള ‘നാം’ അഞ്ഞൂറ്റി ഒന്ന് പൗണ്ട് കാഷ് പ്രൈസും, ട്രോഫിയും നേടി.

അത്യാവേശകരമായ സെമി ഫൈനൽ മത്സരത്തിൽ നടന്ന ത്രസിപ്പിച്ച പ്രകടനത്തിൽ പത്തോവറിൽ നാലു വിക്കറ്റിന് 200 റൺസ് അടിച്ചുകൂട്ടിയ തണ്ടേഴ്സ് ഫാൽക്കൺസ് , ലൂട്ടൻ ടസ്‌ക്കേഴ്‌സിനെ 74 റണ്ണിന് ഓൾഔട്ടാക്കി ഫൈനലിലേക്കുള്ള എൻട്രി നേടുകയായിരുന്നു. രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഫോർട്ട് ക്രിക്കറ്റ് ക്ലബ്ബ്, പത്തോവറിൽ എട്ട് വിക്കറ്റിന് 95 റൺസെടുത്തപ്പോൾ, ‘നാം നോർവിച്ച്’ ആറു വിക്കറ്റ് നഷ്‌ടത്തിൽ ഒമ്പതാം ഓവറിൽത്തന്നെ സ്‌കോർ മറി കടന്ന് ഫൈനലിലേക്ക് ഉള്ള ബർത്ത് ഉറപ്പിക്കുകയായിരുന്നു.

ആവേശം മുറ്റി നിന്ന ഫൈനൽ മത്സരത്തിൽ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത തണ്ടേഴ്സ് ഫാൽക്കൺസ് പത്തോവറിൽ നാലു വിക്കറ്റ് നഷ്‌ടത്തിൽ 124 റൺസ് നേടി. സ്പിൻ മാന്ത്രികതയിലും, കൃത്യതയാർന്ന ഫീൽഡിങ്ങിലും, മികച്ച ബൗളിങ്ങിലും തങ്ങളുടെ വരുതിയിലാക്കിയ മത്സരത്തിൽ തണ്ടേഴ്സ് ഫാൽക്കൺസ്, നാം നോർവിച്ചിനെ പത്തോവറിൽ ഒമ്പതു വിക്കറ്റെടുത്ത് 49 റൺസിൽ തളക്കുകയായിരുന്നു.

മൂന്നു മത്സരങ്ങളിൽ നിന്നും 80 റൺസും, 6 ഓവറുകളിലായി 38 റണ്ണിന് 5 വിക്കറ്റും നേടിയ ‘നാം’ നോർവിച്ചിലെ അജേഷ് ജോസ് ടൂർണമെന്റിലെ മികച്ച ഓൾറൗണ്ടറായി. മൂന്നു മത്സരങ്ങളിലായി 146 റൺസ് അടിച്ചെടുത്ത് തണ്ടർസ് ഫാൽക്കൻസിലെ മഹിമ കുമാർ ഫൈനൽ മത്സരത്തിലെ മാൻ ഓഫ് ദി മാച്ചിനും, മികച്ച ബാറ്സ്മാനുമുള്ള ട്രോഫിയും കാഷ് പ്രൈസും നേടി. 5 ഓവറിൽ 33 റൺസ് വഴങ്ങിക്കൊണ്ട് 5 വിക്കറ്റ് എടുത്ത തണ്ടേഴ്സ് ഫാൽക്കൻസിലെ ഗോപീ കൃഷ്ണ ബൗളർ ഓഫ് ദി ടൂർണ്ണമെന്റിനുള്ള കാഷ് പ്രൈസും, ട്രോഫിയും നേടി.

കാർഡിഫ് മുതൽ നോർവിച്ച് വരെയുള്ള ക്രിക്കറ്റ് രാജാക്കന്മാർ മാറ്റുരച്ച അത്യാവേശകരമായ ക്രിക്കറ്റ് കായിക മാമാങ്കം ഇദംപ്രഥമമായി സ്റ്റീവനേജിൽ നടന്നപ്പോൾ, മത്സരങ്ങൾക്ക് പ്രോത്സാഹനവും, ആവേശ നിമിഷങ്ങൾക്ക് നേർസാക്ഷികളാകുവാനുമായി കായിക പ്രേമികളും, അഭ്യുദയകാംക്ഷികളുമായ വൻ ജനാവലിയാണ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞത്.

സ്റ്റീവനേജ് കൊമ്പൻസ്- ലൂട്ടൻ ഹോക്സ് എലൈറ്റ്സ് ബിഎംസിസി ബെഡ്ഫോർഡ്, മേർത്യർ ടൈറ്റൻസ് കാർഡിഫ്, യുണൈറ്റഡ് സ്‌ട്രൈക്കേഴ്‌സ് എന്നീ നാലു ടീമുകൾ പ്രാഥമിക റൌണ്ട് മത്സരങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി പുറത്താവുകയായിരുന്നു. ടൂർണ്ണമെന്റിൽ ബേസിൽ രാജു (മീഡിയ കോർഡിനേറ്റർ), ബേസിൽ ജോയി (സെക്രട്ടറി), ബേബി പോൾ, റെക്സ് സുരേന്ദ്രൻ എന്നിവർ സ്‌കോർ ബോർഡിലും, ശരത് സൂദൻ (ഹോക്സ് ക്യാപ്റ്റൻ), മിഥുൻ മധുസൂദൻ, സ്റ്റെബിൻ തര്യൻ, അഭിലാഷ് എന്നിവർ ലെഗ് അമ്പയറിങ്ങിലും കളി നിയന്ത്രിച്ചു.

ഏറെ വിജയപ്രദമായി നടന്ന ടൂർണമെന്റിന് കൊമ്പൻസിന്റെ മെൽവിൻ അഗസ്റ്റിൻ (പ്രസിഡണ്ട് ), ലൈജോൺ ഇട്ടീര (വൈസ് പ്രസിഡണ്ട്), തേജിൻ തോമസ് (ക്യാപ്റ്റൻ), ജിന്റോ തോമസ് ( വൈസ് ക്യാപ്റ്റൻ) സാംസൺ ജോസഫ് (ജോ.സെക്രട്ടറി), അമൽ (ട്രഷറർ), ദീപു ജോർജ്ജ്, ജിൽജു, അനിഷിൽ, സുധീപ് വാസുദേവൻ, രൂപേഷ് (വൈസ് ക്യാപ്റ്റൻ), ഗോകുൽ, ഷിജിൽ, അഭിലാഷ്, ആനന്ദ് മാധവ് എന്നിവർ വിവിധ വിഭാഗങ്ങളിലായി നേതൃത്വം നൽകി. ലണ്ടനിൽ നിന്നുള്ള നദീം, നെബ് വർത്ത് സി സി യുടെ അരുൺ ദേശായി എന്നിവർ അമ്പയർമാരും, നെബ് വർത്ത് സി സി യുടെ തന്നെ ക്രിസ് ഗ്രൗണ്ട് ചാർജും ആയിരുന്നു.
അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: കേരളാ ഗവണ്മെന്റിന്റെ പ്രവാസികളുടെ ഉന്നമനത്തിനും, ആവശ്യങ്ങൾക്കും സഹായമായി രൂപം കൊടുത്ത നോർക്കയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗ്ലോബൽ പ്രൊഫഷണൽ ആൻഡ് ബിസിനെസ്സ് ലീഡർഷിപ്പ് മീറ്റിംഗിൽ യു കെ യിൽ നിന്നും ഷൈനു ക്ലെയർ മാത്യൂസും, ഷെഫ് ജോമോനും പങ്കു ചേരും. ആഗോള തലത്തിൽ ബിസിനെസ്സ് -മാനേജ്മെന്റ്- പ്രൊഫഷണൽ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച നൂറോളം പ്രതിനിധികളാവും മീറ്റിംഗിൽ പങ്കുചേരുക.
സെപ്തംബർ മാസം 27 ന് കൊച്ചിയിൽ വെച്ച് നടക്കുന്ന ഗ്ലോബൽ മീറ്റിങ്ങിൽ ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പങ്കെടുക്കും.
കേരളത്തിലും, യുകെയിലും, ഗൾഫിലും അറിയപ്പെടുന്ന വ്യക്തിത്വമായ ഷൈനു ക്ലെയർ മാത്യൂസ് നിലവിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് – കേരള ചാപ്റ്ററിന്റെ പ്രസിഡന്റാണ്. സമർപ്പിതയായ ഒരു ജീവകാരുണ്യ പ്രവർത്തകയും യുകെ, ദുബായ്, കേരളം എന്നിവിടങ്ങളിൽ ഹോട്ടലുകൾ, നഴ്സിംഗ് ഹോമുകൾ ഉൾപ്പെടെ സംരംഭങ്ങളുള്ള ഒരു ബിസിനസുകാരിയുമാണ് ഷൈനു. തന്റെ മികച്ച പ്രവർത്തന പരിചയവും, സംരംഭക എന്ന നിലയിലുള്ള അറിവും ക്രോഡീകരിച്ച് ഏറ്റവും മികച്ച പരിചരണവും, സന്തോഷകരവും, മികവുറ്റതുമായ സൗകര്യങ്ങളോടു കൂടിയ വാർദ്ധക്യ ഭവനങ്ങൾ സ്ഥാപിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രോജക്റ്റ് യോഗത്തിൽ ഷൈനു അവതരിപ്പിക്കും.
ആഗോളതലത്തിൽ ശ്രദ്ധേയനായ പാചക വിദഗ്ധൻ ഷെഫ് ജോമോൻ, പാശ്ചാത്യ രുചികളുമായി പരമ്പരാഗത മലയാളി പാചകരീതികളുടെ നൂതനമായ സംയോജനത്തിന് പേരുകേട്ട വ്യക്തിയാണ്. നിരവധി അംഗീകാരങ്ങൾ പാചക കലയിൽ നേടിയിട്ടുള്ള ഷെഫ് ജോമോൻ, പ്രമുഖരായ സെലിബ്രിറ്റികൾക്ക് ഭക്ഷണം തയ്യാറാക്കുകയും അവരുടെ അഭിനന്ദനങ്ങൾ ഏറ്റു വാങ്ങിയിട്ടുമുണ്ട്. കോവന്ററിയിലെ ടിഫിൻ ബോക്സിൽ ചീഫ് ഷെഫായ ജോമോൻ, കേരളത്തിന്റെ ഭക്ഷ്യപൈതൃകം ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നത്തിൽ എന്നും ശ്രദ്ധാലുവും കൂടിയാണ്. ഭാവി തലമുറകൾക്ക് മികച്ച ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള ഒരു മാർഗമായി കേരളത്തിന്റെ പരമ്പരാഗത ഭക്ഷണം, ഭക്ഷ്യ സംസ്ക്കാരം എന്നിവ സ്കൂൾ തലം മുതൽ പഠന വിഷയമായി ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം തന്റെ പ്രോജക്റ്റ് അവതരണത്തിൽ ഊന്നിപ്പറയും.
നിക്ഷേപം, സംസ്കാരം, സാമൂഹിക ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള ആഗോള ചർച്ചകളിൽ യുകെയുടെ ശക്തമായ സംഭാവനയെ ഈ രണ്ട് വിശിഷ്ട പ്രതിനിധികളുടെ പങ്കാളിത്തം എടുത്തുകാണിക്കുമെന്നതിൽ സംശയമില്ല.
യുകെയിലെ വെസ്റ്റ് മിഡ്ലന്റ്‌സിലെ വൂള്‍വര്‍ഹാംപ്ട്ടണില്‍ ഷെക്കെയ്‌ന യൂറോപ്പിന്റെ പുതിയ സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റുഡിയോയുടെ ആശിര്‍വാദം സെപ്റ്റംബര്‍ 19 വെളളിയാഴ്ച ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലും ബിര്‍മിങ്ങ്ഹാം അതിരൂപത ഓക്‌സിലറി ബിഷപ്പ് തിമോത്തി മെനസെസും ചേര്‍ന്ന് നിര്‍വഹിച്ചു. സഭയ്ക്ക് അനുഗ്രഹമായി മാറുന്ന ഷെക്കെയ്‌ന ന്യൂസിന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനിക്കുന്നതായും ബ്രദര്‍ സന്തോഷിന്റെയും ടീമിന്റെയും വിശ്വാസത്തിന്റെ പ്രതിഫലനമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്നും മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു.
കര്‍ത്താവിന്റെ നാമത്തിന്റെ ഉപരി മഹത്വത്തിനും സഭയുടെ നന്മയ്ക്കും ലോക സുവിശേഷ വത്കരണത്തിനുമായി 2016 ല്‍ കര്‍ത്താവില്‍ നിന്ന് ലഭിച്ച ആലോചനപ്രകാരം സാറ്റ്ലൈറ്റ് ന്യൂസ് ചാനല്‍ ആരംഭിക്കാനുള്ള പാതയില്‍ നേരിട്ട സങ്കീര്‍ണതകളും തടസ്സങ്ങളും അത്ഭുതകരമായ സ്വര്‍ഗ്ഗീയ ഇടപെടലുകളാല്‍ തരണം ചെയ്തതിന്റെയും ശൈശവദിശയില്‍ കര്‍ത്താവ് തന്നെ ഷെക്കെയ്നയെ പിച്ചവച്ചു നടത്തി ഇപ്പോള്‍ ലോകം മുഴുവനും വേണ്ടി ഷെക്കെയ്നാ ഗ്ലോബല്‍ ചാനലിന്റെ പ്രവര്‍ത്തനത്തിനായി ഇംഗ്ലണ്ടില്‍ സ്റ്റുഡിയോ നല്‍കി അനുഗ്രഹിച്ചതിന്റെയും നാള്‍വഴികള്‍ വചനപ്രഘോഷകനും ഷെക്കെയ്ന ന്യൂസ് മാനേജിങ് ഡയറക്ടറുമായ ബ്രദര്‍ സന്തോഷ് സദസിനോട് വിവരിച്ചു.
ഷെക്കെയ്നാ യൂറോപ്പ് കോര്‍ഡിനേറ്റര്‍ ബ്രദര്‍ വിന്നര്‍ നന്ദി പറഞ്ഞു. ആഗോളവ്യാപകമായ വലിയ ഉണര്‍വ്വിനായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന ഷെക്കെയ്‌ന ഗ്ലോബല്‍ ചാനലിന്റെ സുഗമമായ നടത്തിപ്പിനായി ഇംഗ്ലണ്ടിലെ പുതിയ സ്റ്റുഡിയോ പ്രയോജനപ്പെടുമെന്നാണ് ടീം ഷെക്കെയ്‌നയുടെ പ്രതീക്ഷ.
സ്വിൻഡൻ : വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം “ആർപ്പോ 2025” സ്വിൻഡനിലെ മെക്കാ ഓഡിറ്റോറിയത്തിൽ വച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച സെപ്റ്റംബർ 21ന് അതിഗംഭീരമായി ആഘോഷിച്ചു. വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ജിജി സജി അധ്യക്ഷയായും സ്വിൻഡൻ മേയർ ഫെയ് ഹൊവാർഡ് ഉദ്ഘാടനം നിർവഹിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യ അതിഥികളായി സൗത്ത് സ്വിൻഡൻ എംപിയും, യുകെ പൊതു ഗതാഗത വകുപ്പ് സെക്രട്ടറിയുമായ ഹെയ്‌ദി അലക്സാണ്ടർ, സ്വിൻഡൻ മുൻമേയറും കൗൺസിലറുമായ ഇമിത്യാസ് ഷേക്ക്, കൗൺസിലർ അഡോറബല്ലേ ഷെയ്ക്ക്, റോയൽ കോളേജ് ഓഫ് നേഴ്സിങ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
ഞായറാഴ്ച രാവിലെ 9 മണിക്ക് ഓണപ്പൂക്കളവും തുടർന്ന് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത നിരവധി ഓണക്കളികളും പരിപാടികൾക്ക് മിഴിവേകി. തുടർന്ന് കൃത്യം 12 മണിക്ക് തന്നെ ആയിരത്തോളം ആളുകൾക്ക് സ്വാദിഷ്ടമായ ഓണസദ്യ, മട്ടാഞ്ചേരി കാറ്ററേഴ്സിന്റെ നേതൃത്വത്തിൽ നൽകുകയുണ്ടായി.

അഞ്ജന സുജിത്തിന്റെ ഈശ്വരപ്രാർത്ഥനയും അതിനെ തുടർന്ന് ഓണാഘോഷ വിളംബരം അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് നിർവഹിച്ചതോടെ സാംസ്കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടർന്ന് സ്വിൻഡൻ സ്റ്റാർസിന്റെ ചെണ്ടമേളവും ആരവത്തോടും ആർപ്പുവിളികളോടും താളമേളങ്ങളോടും കൂടി മാവേലിയേയും മറ്റു വിശിഷ്ടതിഥികളെയും അസോസിയേഷൻ ഭാരവാഹികളെയും വേദിയിലേക്ക് ആനയിക്കപ്പെട്ടു. തുടർന്ന് പൊതുസമ്മേളനവും ഔപചാരിക ഉത്‌ഘാടനവും അതിനെത്തുടർന്ന് കേരളത്തിന്റെ തനത് സംസ്കാരത്തെ വിളിച്ചോതുന്ന വർണ്ണ ശബളിമയാർന്ന കലാമേളയും അരങ്ങേറുകയുണ്ടായി.
അസ്സോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് ഏവരെയും സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ഓണത്തിന്റെ മൂല്യങ്ങൾ നമ്മുടെ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിലും കർമ്മ ജീവിതത്തിലും ഉണ്ടാകണമെന്നും അതിനായി ഒത്തുചേർന്ന് പ്രവർത്തിക്കാമെന്നും ഏവർക്കും ഓണത്തിന്റെ ആശംസകൾ നേർന്നുകൊണ്ട് ശ്രീ ഷിബിൻ വർഗീസ് ഏവരെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു.

വിൽഷെയർ മലയാളീ അസോസിയേഷൻ അംഗങ്ങൾ സ്വിൻഡനിലെ സാമൂഹിക സാമ്പത്തിക മേഖലകളിലെ നിർണായക ഘടകമാണെന്നും ആരോഗ്യരംഗത്ത് മാത്രമല്ല മറ്റു ഇതര മേഖലകളിലും മലയാളികളുടെ സംഭാവന വിലമതിക്കാനാകാത്തതാണെന്നും മികച്ച സമൂഹത്തെ വാർത്തെടുക്കുന്നതിൽ വിൽഷെയർ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ളാഘനീയമാണെന്നും അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എന്നും ഒപ്പമുണ്ടാകുമെന്നും ഉത്ഘാടനം നിർവഹിച്ചുകൊണ്ട് മേയർ ഫെയ് ഹൊവാർഡ് അഭിപ്രായപ്പെട്ടു.
വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം തനത് സാംസ്‌കാരികതയെ വിളിചോതുന്നതാണെന്നും ആ സാംസ്കാരികതയുടെ ഭാഗമായി എത്തിച്ചേരാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും രാജ്യത്തിൻറെ അഭിവൃദ്ധിയിൽ മലയാളികളുടെ പങ്ക് വളരെ വലുതാണെന്നും രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയും ഘടനാപരമായ കെട്ടുറപ്പും അത്യന്താപേക്ഷിതമാണെന്നും അതിൽ വിൽഷെയർ മലയാളീ അസോസിയേഷന്റെ പങ്ക് നിർണായകമാണെന്നും ഈ കൂട്ടായ്മ മറ്റു സാമുദായിക സംഘടനകൾക്ക് മാതൃകയാണെന്നും ഏവർക്കും ഓണാഘോഷത്തിന്റെ ആശംസകളറിയിച്ചുകൊണ്ട് മന്ത്രി ഹെയ്‌ദി അലക്സാണ്ടർ സംസാരിക്കുകയുണ്ടായി.
തുടർന്ന് സംസാരിച്ച മുൻമേയറും കൗൺസിലറും ആയ ശ്രീ ഇമിത്യാസ് ഷേക്ക് ഓണാശംസകളുടെ തുടക്കം മലയാളത്തിൽ സംസാരിച്ചത് വൻ കരഘോഷത്തോടെയാണ് വിൽഷെയർ മലയാളി സമൂഹം വരവേറ്റത്. വിൽഷെയർ മലയാളി കൂട്ടായ്മയിൽ പങ്കെടുക്കുക എന്നത് ഏറെ സന്തോഷമുള്ള നിമിഷങ്ങൾ ആണെന്നും മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു എന്നും ഓണാശംസകൾ നേർന്നുകൊണ്ട് കൗൺസിലർ ശ്രീ ഇമിത്യാസ് ഷേക്ക് സംസാരിച്ചു.
യുകെ മലയാളികളുടെ അഭിമാനവും റോയൽ കോളേജ് ഓഫ് നഴ്സിംഗ് ട്രേഡ് യൂണിയൻ പ്രസിഡണ്ടുമായ ശ്രീ ബിജോയ് സെബാസ്റ്റ്യൻ ഏവർക്കും ഓണാശംസകൾ നേർന്ന് സംസാരിച്ചു. ആരോഗ്യരംഗത്തെ സമകാലീന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ തരണം ചെയ്യണമെന്നും യുകെയുടെ ആരോഗ്യരംഗത്ത് പ്രവാസികളുടെ പങ്ക് നിർണായകമാണെന്നും റോയൽ കോളേജ് ഓഫ് നേഴ്സിങ് ട്രേഡ് യൂണിയന്റെ കാഴ്ചപ്പാടുകളും നിലപാടുകളും അത് എൻഎച്ച്എസിനും ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും എത്രമാത്രം പ്രയോജനകരമായി പ്രവർത്തിക്കാമെന്നും വളരെ വിശദമായി ശ്രീ ബിജോയ് സെബാസ്റ്റ്യൻ വിശദീകരിക്കുകയുണ്ടായി.

വിൽഷെയർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അംഗങ്ങളുടെ പ്രവർത്തനങ്ങളും ഐക്യവും ഏറെ പ്രശംസനീയമാണെന്നും അസോസിയേഷനുമായി ഏറെ അഭേദ്യമായ ബന്ധമാണുള്ളതെന്നും ഏവർക്കും ഓണാശംസകൾ നേർന്നുകൊണ്ട് കൗൺസിലർ അഡോറബല്ലേ ഷെയ്ക്ക് സംസാരിച്ചു. അതിനെ തുടർന്ന് ഓണാഘോഷം ആർപ്പോ 2025ന്റെ സന്ദേശം മഹാബലി നൽകുകയുണ്ടായി. പൊതുസമ്മേളനത്തിൽ ഈ വർഷം A Level പരീക്ഷയിലും, GCSC പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഒപ്പം തന്നെ, അസോസിയേഷന്റെ ഈ വർഷം നടത്തപ്പെട്ട “ആവേശം 2025” കായിക മാമാങ്കത്തിൽ ചാമ്പ്യന്മാരായ ഈസ്റ്റ് സ്വിൻഡൺ അംഗങ്ങൾക്കുള്ള ചാംപ്യൻസ് ട്രോഫിയും ചടങ്ങിൽ നൽകപ്പെടുകയുണ്ടായി.

പൊതുസമ്മേളനത്തെത്തുടർന്ന് മലയാളത്തിന്റെ പാരമ്പര്യവും തനതു സംസ്കാരവും കോർത്തിണക്കിയ ദൃശ്യവിരുന്ന് വേദിയിൽ അരങ്ങേറുകയുണ്ടായി. രാജാ രവിവർമ്മ ചിത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നയന മനോഹരമായ നൃത്താവിഷ്കാരം അക്ഷരാർത്ഥത്തിൽ രവിവർമ്മ ചിത്രങ്ങൾക്ക് ജീവൻ സ്ഫുരിക്കുന്നതായി മാറി. തുടർന്ന് ക്ലാസിക്കൽ നൃത്ത ശില്പങ്ങളായ കഥകളി, തെയ്യം മോഹിനിയാട്ടം, ഭരതനാട്യം തിരുവാതിര തുടങ്ങിയവ വേദിയിൽ അനശ്വരമാക്കിയതോടൊപ്പം കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത സിനിമാറ്റിക് ഡാൻസും ഒപ്പം നിരവധി സംഗീതജ്ഞരുടെ സംഗീത പരിപാടികളും ഉന്നത നിലവാരം പുലർത്തിയതോടൊപ്പം എല്ലാ മലയാളികളെയും അക്ഷരാർത്ഥത്തിൽ ദൃശ്യശ്രവണ മാസ്മര ലോകത്തേക്ക് നയിക്കപ്പെടുന്നത് ആക്കി മാറ്റി.
ഓണാഘോഷപരിപാടികൾ മികവുറ്റതാക്കാൻ പ്രവർത്തിച്ച പ്രോഗ്രാം കോർഡിനേറ്റർസ്, ജയേഷ് കുമാർ, തുഫെൽ, പ്രിയ ജോജി, ഗീതു അശോകൻ എന്നിവർ ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. പ്രോഗ്രാമിന്റെ അവതാരകരായ ടോണി സ്കറിയ,എൽദോ, അനു ചന്ദ്ര, ഷൈൻ അരുൺ എന്നിവർ മികവുറ്റ അവതരണ ശൈലി കാഴ്ചവച്ചു. ഓണാഘോഷ പരിപാടി കാര്യക്ഷമമായി പൂർത്തിയാക്കാൻ പ്രവർത്തിച്ച WMA കമ്മിറ്റി അംഗങ്ങൾ: ജിജി സജി, ഷിബിൻ വർഗീസ്, കൃതിഷ് കൃഷ്ണൻ, ടെസ്സി അജി, തേജശ്രീ സജീഷ്, ബൈജു വാസുദേവൻ, ഡോണി പീറ്റർ, മാത്യു കുര്യാക്കോസ്, അമൽ ജോഷി, ജൈസ് കെ ജോയി, മഞ്ജു ടോം, അനീഷ മോഹനൻ, രജിത നമ്പ്യാർ, സെലിൻ വിനോദ്, പൂർണിമ മേനോൻ, ജിജു അലക്സാണ്ടർ, സൗമ്യ ജിനേഷ്, എബി തോമസ്, ബൈജു ജേക്കബ്, ഡെന്നി വാഴപ്പിള്ളി, രജബുൾ ഹഖ്, ആൽബി ജോമി, ജോഷൻ ജോൺ, വർക്കി കുരുവിള, ഡോ. ഫെബിൻ ബഷീർ, റെയ്‌മോൾ നിധിരി, ജെയ്‌മി നായർ, രാജേഷ് നടേപ്പിള്ളി എന്നിവരാണ്.
സോണി കാച്ചപ്പിള്ളയുടെ ശബ്ദവും വെളിച്ചവും പരിപാടികൾക്ക് മിഴിവേകി. Color Media UK Ltd ന്റെ ദൃശ്യവിസ്മയം ഓണാഘോഷത്തെ വ്യത്യസ്ത അനുഭവമുള്ളതാക്കി തീർത്തു.


WMA യുടെ മുഖ്യ സ്പോൺസർ ആയ INFINITY FINANCIALS LTD നറുക്കെടുപ്പിലൂടെ സ്വർണനാണയം സമ്മാനമായി നൽകുകയുണ്ടായി. WMA ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേർ സമ്മാനാർഹരായി. ഓണാഘോഷങ്ങളുടെ സുന്ദര നിമിഷങ്ങൾ ഒപ്പിയെടുത്ത് ബെറ്റെർഫ്രെയിംസ് രാജേഷ് നടേപ്പിള്ളി, ജിജു എന്നിവർ ഫോട്ടോഗ്രാഫിയും ജൈബിൻ, സോജി തോമസ് എന്നിവർ വീഡിയോഗ്രാഫിയും നിർവഹിച്ചു,
പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ട്രഷറർ ശ്രീ കൃതിഷ് കൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.
തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയെ തുടര്‍ന്ന് യൂട്യൂബര്‍ കെ.എം. ഷാജഹാനെ ആക്കുളത്തെ വീട്ടിൽനിന്ന് ചെങ്ങമനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൊലീസിന്റെ 5 മണിക്കൂർ നീണ്ട മൊഴിയെടുക്കലിനു ശേഷം ഷാജഹാനെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് .
ഷൈനിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് ഓൺലൈനിൽ അപകീര്‍ത്തികര പോസ്റ്റുകൾ പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് കെ.എം. ഷാജഹാൻ. ഒന്നാം പ്രതിയായ കോൺഗ്രസ് പരവൂർ മണ്ഡലം സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി പൊലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. സി.കെ. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.
പോലീസ് അന്വേഷണം തുടരുന്നതിനിടെ, ഷൈനും മറ്റ് പ്രതികളും കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാനും, ഡിജിറ്റല്‍ സാക്ഷ്യങ്ങള്‍ പരിശോധിക്കാനും തയ്യാറായതായി പോലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പോലീസിനോട് സഹകരിച്ച് ദുരുപയോഗപ്പെടുത്തപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് സഹായം നല്‍കുന്നു. ഐടി വിദഗ്ധർ വ്യാജ അക്കൗണ്ടുകള്‍ കൂടാതെ പോസ്റ്റുകളുടെ പ്രചാരണം എത്രത്തോളം ബാധിച്ചു എന്ന് പരിശോധിക്കുന്നുണ്ട്. .