Latest News

വാഷിങ്ടണ്‍: ലൈംഗികാരോപണമുന്നയിച്ച പോണ്‍ താരത്തെ നിശബ്ദയാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പരാതി. ആരോപണമുന്നയിച്ച പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിന്റെ അഭിഭാഷകനാണ് പരാതി നല്‍കിയത്. ട്രംപിനെ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.

2016ലെ തെരഞ്ഞെടുപ്പിനു മുന്‍പ് സ്‌റ്റോമിക്ക് ട്രംപ് 1.30 ലക്ഷം ഡോളര്‍ കൊടുത്തെന്ന ആരോപണം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജി. ട്രംപിന്റെ സത്യസന്ധത പരിശോധിക്കണമെന്ന് അഭിഭാഷകനായ മൈക്കല്‍ അവനറ്റി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണു ഹര്‍ജി നല്‍കിയത്. ട്രംപ് യുഎസ് പ്രസിഡന്റാകും മുന്‍പ് അദ്ദേഹവുമായി അവിഹിത ബന്ധമുണ്ടായിരുന്നെന്നു ചാനല്‍ അഭിമുഖത്തിലാണു നടി വെളിപ്പെടുത്തിയത്.

 

ട്രംപുമായുള്ള ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ തനിക്കു ഭീഷണിയുണ്ടായിരുന്നെന്നും സ്‌റ്റോമി പറഞ്ഞിരുന്നു. ട്രംപ് പണം നല്‍കുകയോ ഇതിനെപ്പറ്റി അറിയുകയോ ചെയ്തിട്ടില്ലെന്നാണു പറയുന്നതെങ്കില്‍, കോടതിക്കു പുറത്തുണ്ടാക്കിയ കരാറിനെപ്പറ്റിയും അറിവുണ്ടായിരിക്കില്ലെന്നു അവനറ്റി പറഞ്ഞു. ബന്ധം രഹസ്യമാക്കി വയ്ക്കാന്‍ ട്രംപിന്റെ അഭിഭാഷകന്‍ കോഹന്‍ 1.3 ലക്ഷം ഡോളര്‍ കൊടുത്തെന്നും കരാറില്‍ ഒപ്പുവയ്പിച്ചെന്നും സ്‌റ്റോമി വെളിപ്പെടുത്തിയിരുന്നു.

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സ്‌റ്റോമി കരാര്‍ ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ ട്രംപിന്റെ അഭിഭാഷകന്‍ രണ്ടു കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. അതേസമയം അഭിഭാഷകന്‍ പണം നല്‍കിയത് എന്തിനാണെന്ന് തനിക്കറിയില്ലെന്നും അക്കാര്യം കോഹനോടു തന്നെ ചോദിക്കാനുമായിരുന്നു ട്രംപ് പറഞ്ഞത്.

തിരുവനന്തപുരം: മലയാള സിനിമാ താരം സുധീര്‍ കരമനയുടെ പക്കല്‍ നിന്നും അന്യായമായി നോക്ക് കൂലി വാങ്ങിയ തൊളിലാളികള്‍ പണം തിരികെ നല്‍കി മാപ്പ് പറഞ്ഞു. തൊഴിലാളികള്‍ വാങ്ങിയ 25000 രൂപ തിരികെ നല്‍കി തൊഴിലാളികള്‍ മാപ്പു പറഞ്ഞതായി സുധീര്‍ അറിയിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ വിഷയത്തില്‍ ഇടപെട്ട് സുധീറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

തിരുവനന്തപുരം ചാക്ക ബൈപ്പാസില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സുധീറിന്റെ വീട്ടിലേക്ക് സാധനങ്ങളുമായെത്തിയ വാഹനം തടഞ്ഞിട്ട തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ലോഡിറക്കാന്‍ ആദ്യം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ട യൂണിയന്‍കാര്‍ പിന്നീട് 30000 രൂപ മതിയെന്ന തീരുമാനത്തിലെത്തി. എന്നാല്‍ അത്രയും തുക നല്‍കാന്‍ തയ്യാറാവാതിരുന്ന സുധീര്‍ അവസാനം 25000 രൂപ നല്‍കുകയായിരുന്നു.

അന്യായമായി നോക്കുകൂലി വാങ്ങിയ നടപടിയെ തുടര്‍ന്ന് സി ഐ ടി യു അരശുംമൂട് യൂണിറ്റിലെ 14 തൊഴിലാളികളെ സിഐടിയു ജില്ലാ സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തിരുന്നു. കര്‍ശന പാര്‍ട്ടി നിര്‍ദേശങ്ങള്‍ വകവെക്കാതെ പല സ്ഥലങ്ങളിലും ഇപ്പോഴും നോക്കുകൂലി വാങ്ങുന്നുണ്ട്.

ഹൈദരാബാദ്: വാഹന പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘത്തിന് നേരെ മദ്യപിച്ചെത്തിയ യുവതിയുടെ ആക്രമണം. ഹൈദരാബാദിലാണ് സംഭവം. അക്രമം നടത്തിയ യുവതിയേയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ സുഹൃത്തായ യുവതിയോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന ഇവര്‍ അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു.

വണ്ടിയോടിച്ചിരുന്ന സ്ത്രീ ഉള്‍പ്പെടെ രണ്ടു പേരും അമിതമായി മദ്യപിച്ചതായി കണ്ടെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വാഹന പരിശോധന ചിത്രീകരിച്ചുകൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെയും യുവതി അക്രമിക്കാന്‍ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. എഎന്‍ഐ പുറത്ത് വിട്ട വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ നടത്തിയ പരിശോധനയില്‍ നിരവധി പേരാണ് ഇന്നലെ കുടുങ്ങിയത്. സംഭവത്തില്‍ രണ്ട് യുവതികള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം.

 

തൃശ്ശൂര്‍: സംസ്ഥാന പോലീസിന് ചെരിഞ്ഞ തൊപ്പിയേര്‍പ്പെടുത്താനുള്ള നിര്‍ദേശത്തില്‍ ഡിജിപിക്ക് തെറിവിളി. പോലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലാണ് തൃശൂരില്‍ നിന്നുള്ള സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അസഭ്യവര്‍ഷം നടത്തിയത്. സായുധസേന തൃശൂര്‍ എന്ന ഗ്രൂപ്പിലായിരുന്നു തെറിവിളി.

സിഐ മുതല്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ വരെയുള്ളവര്‍ക്ക് ചെരിഞ്ഞ തൊപ്പിയേര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസമാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. ഇതേക്കുറിച്ചുള്ള പത്രവാര്‍ത്ത ഗ്രൂപ്പില്‍ ഒരാള്‍ ഷെയര്‍ ചെയ്തതിനു പിന്നാലെയാണ് അസഭ്യ കമന്റ് പ്രത്യക്ഷപ്പെട്ടത്. ആംഡ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥനുള്‍പ്പെടെ അംഗമായ ഗ്രൂപ്പില്‍ തൊപ്പിമാറ്റത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

നിലവില്‍ ഐപിഎസ് ഉദ്യോഗസ്ഥരും ഡിവൈഎസ്പിമാരുമാണ് ചെരിഞ്ഞ ക്യാപ്പുകള്‍ ധരിക്കുന്നത്. സേനയിലെ മറ്റുള്ളവര്‍ക്കും ഈ ക്യാപ്പുകള്‍ നല്‍കാനാണ് പുതിയ നിര്‍ദേശം. സിഐ മുതല്‍ എഎസ്‌ഐ വരെ ഒരു നിറത്തിലുള്ളതും അതിനു താഴേക്കുള്ളവര്‍ക്ക് മറ്റൊരു നിറത്തിലുമുള്ള ക്യാപ്പുകളായിരിക്കും നല്‍കുക.

വിവിധ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനം സ്തംഭിച്ചു. മിക്ക ജില്ലകളിലും നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പ്രവര്‍ത്തകര്‍ തടഞ്ഞു. ചില സ്ഥലങ്ങളില്‍ സര്‍വീസ് നടത്തിയ സ്വകാര്യ ബസുകള്‍ക്കെതിരെ കല്ലേറുണ്ടായി. രാവിലെ പ്രതിഷേധവുമായി എത്തിയ നിരവധി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അന്യായമായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ദളിത് സംഘടനകള്‍ ആരോപിച്ചു.

ആദിവാസി ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദന്‍ ഉള്‍പ്പെടെ നിരവധി പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. പല സ്ഥലങ്ങളിലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. നേരത്തെ ഹര്‍ത്താലിന് പിന്തുണ നല്‍കില്ലെന്ന ബസുടമകളുടെ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങളും നിലച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി ബസുകള്‍ രാവിലെ സര്‍വീസ് നടത്താന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി. മലപ്പുറം, കൊല്ലം, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ വാഹനങ്ങളും കടകളും പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. പാല്‍, പത്രം, ആശുപത്രി വാഹനങ്ങള്‍ തുടങ്ങിയവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ പോലീസ് വെടിവെച്ചു കൊന്നതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ഇനിമുതല്‍ ബ്രിട്ടനിലെ പ്രമുഖ ബോഡിംഗ് സ്‌കുളിലെ ആണ്‍കുട്ടികള്‍ക്ക് പാവാട ധരിച്ച് ക്ലാസുകളിലെത്താം. റൂട്ട്‌ലാന്റിലെ അപ്പിംഗ്ഹാം സ്‌കൂള്‍ അധികൃതരാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റീഫന്‍ ഫ്രൈ, പ്രശസ്ത ഷെഫ് റിക് സ്റ്റെയിന്‍ തുടങ്ങിയവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സ്‌കൂള്‍ രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളതാണ്. ക്രോസ് ഡ്രസ്സിംഗിന് അനുമതി ചോദിച്ചെത്തുന്ന സ്‌കൂളിലെ ഏതൊരു ആണ്‍കുട്ടിക്കും പോസിറ്റീവ് മറുപടിയാണ് നല്‍കുകയെന്ന് ഹെഡ്ടീച്ചര്‍ അറിയിച്ചു. ലിംഗവ്യത്യാസമില്ലാതെ ഏതു വസ്ത്രവും തെരഞ്ഞെടുക്കാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തുണ്ട്. ഏത് വസ്ത്രം തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കേണ്ടത് വിദ്യാര്‍ത്ഥികളായിരിക്കണമെന്ന് ഇത്തരം സ്‌കൂള്‍ അധികാരികള്‍ വ്യക്തമാക്കുന്നു.

2016ല്‍ 80 സ്റ്റേറ്റ് സ്‌കൂളുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്രോസ് ഡ്രസ്സിംഗ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കൊണ്ടുവന്നിരിക്കുന്നത്. ബ്രൈറ്റണ്‍ കോളേജും ഇത്തരം അധികാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നുണ്ട്. 170 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടപ്പിലാക്കിയ നിയമം പരിഷ്‌കരിച്ചാണ് കോളേജ് ജെന്‍ഡര്‍ ന്യൂട്രെല്‍ ഭേദഗതി കൊണ്ടു വന്നത്. സെന്റ് പോള്‍സ് ഗേള്‍സ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് ആണ്‍കുട്ടികളുടെ പേരിടാനും അവരുടെ വസ്ത്രധാരണ രീതി പിന്തുടരാനും കഴിയും. അപ്പിംഗ്ഹാം സ്‌കൂള്‍ അധികൃതരുടെ പുതിയ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഡേവോണ്‍ കോളേജ് ഹെഡ്ടീച്ചര്‍ ഗാരിയേത്ത് ഡൂഡ്‌സ് രംഗത്ത് വന്നു.

അതേസമയം സ്‌കൂള്‍ പിന്തുടരുന്ന എത്തിക്‌സ് കൂടുതല്‍ പ്രാധാന്യത്തോടെ കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എതിര്‍ ലിംഗത്തിലുള്ളവരുടെ വസ്ത്രങ്ങള്‍ ധരിക്കുന്നത് നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കില്ലെന്ന് കുട്ടികളെ ബോധിപ്പിക്കേണ്ടതുണ്ടെന്നും ഡൂഡ്‌സ് പറയുന്നു. 300 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഡേവോണില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകള്‍ കൊണ്ടുവരാന്‍ പദ്ധതിയുണ്ടായിരുന്നില്ല. പക്ഷേ വസ്ത്രധാരണം ഒരോരുത്തരുടെയും തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ട് ഉണ്ടാവുന്നതാണെന്ന് കുട്ടികളെ ബോധിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

റഷ്യയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ കാണാനെത്തുന്ന ഇംഗ്ലണ്ട് ആരാധകര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പ്. റഷ്യ, അര്‍ജന്റീന ഹൂളിഗനുകള്‍ ഇതിനായി പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിനായി ഓണ്‍ലൈന്‍ കൂടിക്കാഴ്ചകളും ചര്‍ച്ചകളും നടന്നിട്ടുണ്ടെന്നും വെബ് ഫുട്‌ബോള്‍ ഫോറങ്ങള്‍ വെളിപ്പെടുത്തുന്നു. റഷ്യയും ബ്രിട്ടനുമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വേള്‍ഡ് കപ്പിനെത്തുന്ന ബ്രിട്ടീഷുകാരുടെ എണ്ണം വളരെ കുറവായിരിക്കുമെന്നാണ് കരുതുന്നത്. റഷ്യന്‍ ഹൂളിഗനുകളും പോലീസും ഉള്‍പ്പെടെ ഇംഗ്ലണ്ട് ആരാധകരെ ആക്രമിക്കാനിടയുണ്ടെന്ന് വൈറ്റ്ഹാള്‍ വൃത്തങ്ങളും പറയുന്നു.

അര്‍ജന്റീനയിലെ ഹൂളിഗനുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ റഷ്യന്‍ ഹൂളിഗനുകള്‍ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ എത്തിയിരുന്നതായും ചില കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. ഫുട്‌ബോള്‍ കാണുന്നതിനായി ധൈര്യസമേതം എത്തുന്ന ബ്രിട്ടീഷുകാരെ ആക്രമിക്കുന്നതിന് പദ്ധതിയിടാനാണ് 8000 മൈല്‍ സഞ്ചരിച്ച് ഇവര്‍ അര്‍ജന്റീനയില്‍ എത്തിയതെന്നാണ് ആരോപണം. ഫ്രാന്‍സില്‍ 2016ല്‍ നടന്ന യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പില്‍ റഷ്യന്‍ ആരാധകര്‍ ഇംഗ്ലണ്ട് ആരാധകരെ ആക്രമിച്ചിരുന്നു.

മാര്‍സെയിലില്‍ വച്ച് നടന്ന ആക്രമണത്തില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ആക്രമണത്തില്‍ തലച്ചോറിന് ക്ഷതമേറ്റ 51 കാരന്‍ ആന്‍ഡ്രൂ ബാഷ് അടുത്തിടെയാണ് കോമയില്‍ നിന്ന് ഉണര്‍ന്നത്. ഏതാണ്ട് 20,000 ഇംഗ്ലണ്ട് ആരാധകര്‍ റഷ്യയിലെത്തുമെന്നാണ് കരുതിയിരുന്നതെങ്കിലും 10,000 പേര്‍ മാത്രമേ എത്താനിടയുള്ളുവെന്നാണ് അവസാന നിഗമനം. യുകെയില്‍ നിന്ന് 10000 വിസ അപേക്ഷകള്‍ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നത് പോലും കുറവാണെന്നും റഷ്യന്‍ നയതന്ത്ര വൃത്തങ്ങള്‍ പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധാരണക്കാര്‍ ഉപയോഗിച്ചു തുടങ്ങിയിട്ട് അധികകാലമായിട്ടില്ലെങ്കിലും ഇവയ്ക്ക് വലിയ ജനപ്രീതി നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സിരി, അലെക്‌സ തുടങ്ങിയ സ്മാര്‍ട്ട് ആപ്പുകള്‍ ഇപ്പോള്‍ നിരവധി പേര്‍ ഉപയോഗിക്കുന്നുണ്ട്. ഈ ആപ്പുകള്‍ക്ക് നമ്മുടെ മനസിലുള്ള കാര്യങ്ങള്‍ വായിക്കാനാകുമോ എന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ അടുത്ത ഘട്ടമായി നടന്നുവരുന്ന ഗവേഷണം. ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞന്‍മാര്‍ കാര്യമായ പുരോഗതി നേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പുതുതായി കണ്ടെത്തിയ സാങ്കേതികത ഉപയോഗിച്ച് സ്മാര്‍ട്ട് ഹോം ഡിവൈസുകളെ ചിന്തയിലൂടെ പ്രവര്‍ത്തിപ്പിക്കാനാകും. വിവങ്ങള്‍ ശേഖരിക്കാനും മെസേജുകള്‍ അയക്കാനും ഇതിലൂടെ സാധ്യമാകും. ഒരു ഇന്റലിജന്‍സ് ഡിവൈസാണ് കണ്ടെത്തിയിരിക്കുന്നത്. ഫോണ്‍ ഹെഡ്‌സെറ്റ് പോലെ തോന്നിക്കുന്ന ഈ ഉപകരണം മുഖത്ത് ധരിക്കാവുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ ഇലക്ട്രോഡുകള്‍ മുഖത്തെ ന്യൂറോമസ്‌കുലര്‍ സിഗ്നലുകളെ വിശകലനം ചെയ്ത് വാക്കുകളാക്കി മാറ്റും. നാം മസ്തിഷ്‌കത്തില്‍ സംസാരിക്കുന്നത് ഈ ഉപകരണം വാക്കുകളാക്കി മാറ്റുകയാണ് ചെയ്യുന്നത്.

ആമസോണ്‍ അലക്‌സ, ആപ്പിള്‍ സീരി എന്നിവ വോയ്‌സ് കമാന്‍ഡുകളെ മനസിലാക്കി പ്രവര്‍ത്തിക്കുന്നവയാണ്. അതില്‍ നിന്നും ഒരു പടി കൂടി കടന്നാണ് ഈ ഉപരകരണത്തിന്റെ പ്രവര്‍ത്തനം. ഈ സാങ്കേതികത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഉപയോഗിച്ചാല്‍ നാം മനസില്‍ വിചാരിക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാന്‍ അവയ്ക്കാകും. മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകനും ഇന്ത്യന്‍ വംശജനുമായ അര്‍ണവ് കപൂറാണ് ഈ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിനു പിന്നില്‍.

മലയാറ്റൂര്‍ സ്വദേശിയായ സിസ്റ്റര്‍ ജൂഡ് ഉത്തര്‍പ്രദേശിലെ മൗ എന്ന ഗ്രാമത്തിലെത്തുന്നത് നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഇന്ത്യയിലെ ആരോഗ്യ മേഖല അത്രയൊന്നും വളര്‍ച്ച കൈവരിക്കാത്ത കാലഘട്ടം. ഗ്രാമത്തിലെ ആളുകള്‍ക്ക് ഗുരുതര അസുഖങ്ങള്‍ ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടും മൗവിലും സമീപ പ്രദേശങ്ങളിലും മെച്ചപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ചെറിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫാത്തിമ ഡിസ്പെന്‍സറി മാത്രം.

ഡല്‍ഹിയിലെ ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഗൈനക്കോളജിയില്‍ എം.ഡി. കഴിഞ്ഞിറങ്ങിയ സിസ്റ്ററിനെ 1977-ലാണ് മെഡിക്കല്‍ സിസ്റ്റേഴ്സ് ഓഫ് സെയ്ന്റ് ജോസഫ് എന്ന സന്ന്യാസ സമൂഹം മൗവിലേക്ക് അയച്ചത്. ഫാത്തിമ ഡിസ്‌പെന്ററി മികച്ച രീതിയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ സിസ്റ്റര്‍ ജൂഡിന്റെ പങ്ക് വളരെ വലുതാണ്. 352 കിടക്കകളും വിവിധ ഡിപ്പാര്‍ട്ടുമെന്റുകളുമുള്ള വലിയ ആശുപത്രിയായാണ് ഫാത്തിമ ഡിസ്‌പെന്ററി ഇന്ന്. അത്യാഹിത വിഭാഗത്തില്‍പ്പോലും 52 കിടക്കകളുണ്ട്.

യുപിയുടെ ആരോഗ്യ മേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് സിസ്റ്റര്‍ ജൂഡിന് ആദരവ് അര്‍പ്പിച്ചിട്ടുള്ളത്. ഝാന്‍സി റാണി വീര പുരസ്‌കാരം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിസ്റ്റര്‍ക്ക് സമ്മാനിച്ചു. 382 രോഗികളെവരെ ഒരു ദിവസം നോക്കിയിട്ടുണ്ടെന്ന് സിസ്റ്റര്‍ പറയുന്നു. ഇപ്പോള്‍ 200 കഴിഞ്ഞാല്‍ ബാക്കി അസിസ്റ്റന്റുമാര്‍ക്ക് കൈമാറുകയാണ് 76-കാരിയായ സിസ്റ്റര്‍. മലയാറ്റൂര്‍ വെള്ളാനിക്കാരന്‍ ഡോ. ദേവസിയുടെയും അന്നംകുട്ടിയുടെയും പത്ത് മക്കളില്‍ ഒരാളാണ് സിസ്റ്റര്‍ ജൂഡ്. ടിന അംബാനിയുടെ നേതൃത്വത്തില്‍ 2009-ല്‍ സീനിയര്‍ സിറ്റിസണ്‍ അവാര്‍ഡ് നല്‍കിയിരുന്നു.

ഭുവനേശ്വര്‍: എഞ്ചിന്‍ വേര്‍പെടുത്തിയ തീവണ്ടി യാത്രക്കാരുമായി സഞ്ചരിച്ചത് 10 കിലോമീറ്റര്‍. ഒഡീഷയിലെ തിത്ലഗഢ് സ്റ്റേഷനില്‍ ശനിയാഴ്ച്ച രാത്രിയാണ് സംഭവം. നിരവധി യാത്രക്കാരുമായി സ്റ്റേഷനിലെത്തിയ തീവണ്ടിയുടെ എഞ്ചിന്‍ മാറ്റുന്നതിനിടയിലാണ് സംഭവം. എഞ്ചിന്‍ മാറ്റിയ സമയത്ത് സ്‌കിഡ് ബ്രേക്ക് നല്‍കാന്‍ ജീവനക്കാര്‍ മറന്നതോടെ തിവണ്ടി ട്രാക്കിലൂടെ മുന്നോട്ട് പോകുകയായിരുന്നു.

എന്‍ജിനില്‍ നിന്ന് വേര്‍പ്പെടുത്തുമ്പോള്‍ അഹമ്മദാബാദ് പുരി എകസ്പ്രസ്സ് ഭുവനേശ്വറില്‍ നിന്ന് 380 കിലോമീറ്റര്‍ അകലെയുള്ള തിത്ലഗഢ് സ്റ്റേഷനിലായിരുന്നു. തിത്ലഗഢില്‍ നിന്ന് കേസിംഗയിലേക്കുള്ള റെയില്‍വേ പാളത്തിന് ചെരിവുണ്ട്. ഇതാണ് എന്‍ജിനില്ലാതെ 10 കിലോമീറ്ററോളം തീവണ്ടിയോടാന്‍ കാരണം.

സംഭവത്തില്‍ രണ്ട് ജീവനക്കാരെ റെയില്‍വേ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഗുരുതര സുരക്ഷ വീഴ്ച്ചയെപ്പറ്റി സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ടതായി റെയില്‍വേ അറിയിച്ചു. തീവണ്ടി ഓടുന്നത് തടയാന്‍ സ്റ്റേഷനിലുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ മാധ്യമങ്ങളോട് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved