Latest News

ജോഹന്നാസ്ബര്‍ഗ്: നെല്‍സണ്‍ മണ്ടേലയുടെ മുന്‍ഭാര്യയും വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ ശക്തമായ സാന്നിധ്യമായിരുന്ന വിന്നി മണ്ടേല (81) അന്തരിച്ചു. ദീര്‍ഘ കാലമായി അസുഖ ബാധിതയായിരുന്ന വിന്നി മണ്ടേല ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. ജോഹന്നാസ്ബര്‍ഗിലെ ആശുപത്രിയിലായിരുന്ന മരണം. നെല്‍സണ്‍ മണ്ടേലയ്‌ക്കൊപ്പവും അദ്ദേഹം ജയില്‍ വാസം അനുഭവിച്ചിരുന്ന കാലഘട്ടത്തിലും നടന്ന വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തില്‍ സജീവ സാന്നിധ്യമായിരുന്നു വിന്നി മണ്ടേല. ദക്ഷിണാഫ്രിക്കയിലെ പോണ്ടോലാന്‍ഡ് എന്ന പ്രദേശത്ത് 1936ലായിരുന്നു വിന്നിയുടെ ജനനം. മെട്രിക്കുലേഷന് ശേഷം സാമൂഹ്യസേവനത്തില്‍ ഉപരിപഠനം നടത്താന്‍ ജൊഹന്നാസ്ബര്‍ഗിലെത്തിയതോടെയാണ് വിന്നിയുടെ ജിവീതം വഴിത്തിരിവുണ്ടാകുന്നത്. അവിടെ വെച്ചായിരുന്നു നെല്‍സണ്‍ മണ്ടേലയുമായുള്ള കൂടിക്കാഴ്ച്ച. 1984ലാണ് വിന്നിയുടെ ആത്മകഥ ‘പാര്‍ട്ട് ഓഫ് മെ സോള്‍’ പുറത്തിറങ്ങുന്നത്. വിമോചന പോരാട്ടങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്നതായിരുന്നു ആത്മ കഥ.

1958 ജൂണിലാണ് നെല്‍സണ്‍ മണ്ടേലയും വിന്നിയുമായുള്ള വിവാഹം നടക്കുന്നത്. അന്ന് വിന്നിക്ക് 22 വയസ്സായിരുന്നു. വിവാഹ ശേഷം അധിക കാലം ഒന്നിച്ചു ജീവിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഭരണ വര്‍ഗ വിരുദ്ധ പോരാട്ടം നയിച്ച മണ്ടേല ജയിലിലായി. രാജ്യത്ത് നടന്ന അനീതികള്‍ക്കെതിരെ ശക്തമായ സാന്നിധ്യമായിരുന്ന മണ്ടേലയ്ക്ക് അന്ന് ജീവപര്യന്തം തടവ് ശിക്ഷയാണ് ലഭിച്ചത്. ഭര്‍ത്താവ് തടവറയിലായിട്ടും തളരാതെ രാഷ്ട്രീയ പോരാട്ടങ്ങള്‍ തുടര്‍ന്ന വിന്നി അക്കാലത്തെ ശക്തമായ സ്ത്രീ സാന്നിധ്യങ്ങളിലൊന്നായിരുന്നു. മണ്ടേല ജയിലിലായിരുന്ന കാലഘട്ടത്തില്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് വിന്നി കുടുംബം പുലര്‍ത്തിയിരുന്നുത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായിരുന്ന വിന്നിയുടെ അക്കാലത്തെ പ്രസംഗങ്ങള്‍ ലോക ശ്രദ്ധയാകര്‍ശിച്ചവയായിരുന്നു.

മണ്ടേല ഒളിവിലായിരുന്ന കാലഘട്ടങ്ങളില്‍ ഇവരുടെ വീട് ആക്രമിക്കപ്പെട്ടിരുന്നു. രണ്ട് തവണ അക്രമികള്‍ വീടിന് നേരെ ബോംബെറിഞ്ഞു. എന്നാല്‍ അവയെല്ലാം തരണം ചെയ്താണ് വിന്നി ജീവിച്ചത്. ഭര്‍ത്താവിന്റെ ജയില്‍ മോചനത്തിനായി വിന്നി നിയമ പോരാട്ടം നടത്തിയതോടെയാണ് വിന്നി ലോക ശ്രദ്ധ നേടുന്നത്. 1990 മണ്ടെല ജയില്‍ മോചിതനായതിന് ശേഷം അവരുടെ ദാമ്പത്യം അധിക കാലം മുന്നോട്ട് പോയില്ല. രണ്ട് വര്‍ഷത്തിന് ശേഷം ഇരുവരും പിരിഞ്ഞു. 1996 ല്‍ വിവാഹ മോചനവും നേടി. മണ്ടേല മന്ത്രിസഭയിലെ കലാ-സാംസ്‌കാരിക, ശാസ്ത്ര-സാങ്കേതിക വകുപ്പ് സഹമന്ത്രി ആയിരുന്നു വിന്നി. 1995ല്‍ നേരിട്ട അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

ആഗ്ര: താജ് മഹല്‍ സന്ദര്‍ശനത്തിനുള്ള സമയം അധികൃതര്‍ വെട്ടിച്ചുരുക്കി. ഞായറാഴ്ച മുതല്‍ മൂന്ന് മണിക്കൂര്‍ മാത്രമായിരിക്കും ലോകാദ്ഭുതങ്ങളിലൊന്നായ താജ് സന്ദര്‍ശിക്കാന്‍ ലഭിക്കുക. ചരിത്ര സ്മാരകത്തിനുള്ളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് താജ് മഹലിലെ സൂപ്പര്‍ഇന്‍ഡെന്റന്റ് ആര്‍ക്കിയോളജിസ്റ്റ് ഭുവന്‍ വിക്രം പറഞ്ഞു. ഗേറ്റുകള്‍ക്ക് ഉള്ളിലും പുറത്തുമുള്ള തിരക്ക് നിയന്ത്രിക്കാനും സഞ്ചാരികള്‍ ഏറെ സമയം താജിനുള്ളില്‍ തങ്ങുന്നത് ഒഴിവാക്കാനുമാണ് ഈ നീക്കം. സ്മാരകത്തിനുള്ളില്‍ നിശ്ചിത എണ്ണം ആളുകളെ മാത്രം നിലനിര്‍ത്താനും ഈ നീക്കം ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഓരോ വര്‍ഷവും എട്ട് ദശലക്ഷം വിദേശികളും സ്വദേശികളുമായ സഞ്ചാരികളാണ് താജില്‍ എത്തുന്നത്. വാരാന്ത്യങ്ങളില്‍ 50,000ത്തോളം പേര്‍ ഇവിടെയെത്താറുണ്ട്. പ്രതിദിനമുള്ള സന്ദര്‍ശകരുടെ എണ്ണം 40,000 മാത്രമായി നിജപ്പെടുത്തുന്നതിനേക്കുറിച്ചുള്ള ആലോചനകള്‍ നടന്നു വരികയാണ്. മനുഷ്യ മാലിന്യം എന്നാണ് ജനങ്ങള്‍ തള്ളിക്കയറുന്ന ഈ അവസ്ഥയെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിക്കുന്നത്. വളരെ സാവകാശത്തില്‍ ചുറ്റിക്കണ്ടാല്‍ പോലും താജിലെ എല്ലാ പ്രദേശങ്ങളിലുമെത്താന്‍ 3 മണിക്കൂര്‍ ധാരാളമാണെന്ന് തങ്ങള്‍ വിലയിരുത്തുസന്നതായി ഭുവന്‍ വിക്രം വ്യക്തമാക്കി.

സീസണിലും അല്ലാത്തപ്പോളും മാസങ്ങളോളം ഇത് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ പിന്നീട് വരുത്തുമെന്നും അദ്ദേഹം അറിയിച്ചു. എക്‌സിറ്റില്‍ ടിക്കറ്റ് പരിശോധിച്ചാണ് സന്ദര്‍ശകര്‍ കൂടുതല്‍ സമയം ചെലവഴിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നത്. അപ്രകാരം കണ്ടെത്തിയാല്‍ മറ്റൊരു ടിക്കറ്റിനുള്ള പണം കൂടി ഇവരില്‍ നിന്ന് ഈടാക്കാനാണ് തീരുമാനം. 15 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കു വേണ്ടി പണമീടാക്കാതെ ടിക്കറ്റ് നല്‍കാനും തീരുമാനമായി.

സൗദി അറേബ്യയുടെ പൗരത്വം നേടിയ ഹ്യൂമനോയിഡ് റോബോട്ടാണ് സോഫിയ. ഹാന്‍സണ്‍ റോബേട്ടിക്സാണ് സോഫിയയുടെ നിര്‍മ്മാതാക്കള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഹ്യൂമനോയ്ഡ് റോബോട്ടിന് ഒക്ടോബറിലാണ് സൗദി അറേബ്യ പൗരത്വം നല്‍കിയത്. ചിരിക്കാനും ദേഷ്യപ്പെടാനടക്കമുള്ള 62 ല്‍ പരം കഴിവുകളാണ് സോഫിയ്ക്കുള്ളത്.

ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാകുന്നത് ഹോളിവുഡില്‍ റോബോട്ടിക് ചിത്രങ്ങളിലെ നായകനാകുന്ന വില്‍സ്മിത്തും സോഫിയും തമ്മിലുളള ഡേറ്റ് വീഡിയോയാണ്. 62 ല്‍ പരം ഭാവങ്ങള്‍ മുഖത്ത് കൊണ്ടുവാരാന്‍ ശേഷിയുള്ള സോഫിയയില്‍ പ്രണയഭാവം കൊണ്ടു വരാനാണ് വില്‍ ശ്രമിച്ചത്.സോഫിയയുമൊത്തുള്ള ‘ഡേറ്റിങ്’ ദിനത്തിലെ ‘ മനോഹര നിമിഷങ്ങളുടെ’ ദൃശ്യം വില്‍ സ്മിത്ത് തന്നെയാണ് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ചത്.

പണി പതിനെട്ടും ശ്രമിച്ചിട്ടും സോഫിയുടെ മുഖത്ത് പ്രണയം കൊണ്ടു വരാന്‍ വില്ലിനു കഴിഞ്ഞില്ല. ഇതില്‍ ഏറെ രസകരം പ്രണയത്തെ കുറിച്ചു സംസാരിച്ചു തുടങ്ങിയ വില്‍ സ്മിത്തിന് സോഫിയ നല്‍കിയ മറുപടിയായിരുന്നു. സംസാരത്തിനിടെ സോഫിയയെ ചുംബിക്കാന്‍ വില്‍സിമിത്ത് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അതേസമയം നിങ്ങള്‍ ഏന്റെ സുഹൃത്തുക്കളുടെ പട്ടികയിലുള്ള ആളാണെന്നാണ് വില്‍സ്മിത്തിന് സോഫിയ മറുപടി കൊടുത്തത്.

സംഘിയെന്ന് ഫേസ് ബുക്ക് ലൈവ് ഇടയിൽ വിളിച്ച യുവാവിന് വ്യക്തമായ മറുപടി നല്‍കി നടി അനുശ്രീ. ആരാധകര്‍ക്ക് ഈസ്റ്റര്‍ ദിന ആശംസകള്‍ പങ്കുവെക്കാന്‍ ഫേസ്ബുക്കില്‍ ലൈവിലെത്തിയ നടിയോടാണ് ഒരാള്‍ ഇപ്പോള്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തക അല്ലേ എന്ന് കമന്റ് ചെയ്ത് ചോദിച്ചത്. ഇയാള്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ താന്‍ സംഘിയാണെന്ന പ്രചരണത്തിനോടുള്ള പ്രതികരണം അറിയിക്കുകയായിരുന്നു താരം. വീടിനടുത്ത് ക്രിസ്ത്യന്‍ പള്ളികള്‍ ഒന്നും ഇല്ല, അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ പള്ളിയില്‍ നടത്തുന്ന പരിപാടിയിലും പങ്കെടുക്കുമായിരുന്നു.

അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ

ഞാന്‍ ഒരിക്കിലും ബാലഗോകുല പ്രവര്‍ത്തകയോ, സംഘിയോ അല്ല. നാട്ടില്‍ നടത്തിയ ഒരു പരിപാടിയില്‍ കുട്ടികളോടൊപ്പം ഞാനും പങ്കെടുത്തു. അടുത്ത വര്‍ഷവും അവിടെ പരിപാടി ഉണ്ടെങ്കില്‍ അന്നും ഞാന്‍ പങ്കെടുക്കും. അതിനര്‍ത്ഥം ഞാന്‍ ഒരു പ്രവര്‍ത്തകയാണെന്നല്ല, നാട്ടില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കുകൊണ്ടു എന്ന് മാത്രം.

വീടിനടുത്ത് ക്രിസ്ത്യന്‍ പള്ളികള്‍ ഒന്നും ഇല്ല, അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ പള്ളിയില്‍ നടത്തുന്ന പരിപാടിയിലും പങ്കെടുക്കുമായിരുന്നു. എന്റെ ക്രിസ്ത്യന്‍ സുഹൃത്തുകള്‍ക്ക് ക്രിസ്മസിന് സര്‍പ്രൈസ് നല്‍കാനും, മുസ്ലീം സുഹൃത്തുക്കളോടൊപ്പം നോമ്ബ് മുറിക്കാനും പോകാറുണ്ട്. ഈരാറ്റുപ്പേട്ടയ്ക്കടുത്ത് ഷൂട്ടിംഗിന് പോയപ്പോള്‍ ഒരു സംഭവം നടന്നു.

ഞാന്‍ കാറില്‍ ഇരിക്കുകയാണ്, സഹോദരന്‍ ഭക്ഷണം മേടിക്കാന്‍ കടയിലേക്ക് പോയി, അതേ സമയം ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ എത്തി അവള് സംഘിയാടാ എന്ന് പറഞ്ഞ് വൈലന്റായി. ഒരു ഭീകരവാദിയോട് എന്ന പോലുള്ള സമീപനമായിരുന്നു അവരുടേത്. ഷുട്ടിംഗ് സംബന്ധമായി രാത്രിയില്‍ സഞ്ചരിക്കുന്ന സമയത്ത് ഇങ്ങനെയുള്ള ആളുകളുടെ മുന്നില്‍ ചെന്നുപെട്ടാല്‍ അവര്‍ തന്നെ കൊന്നു കളയുമല്ലോ എന്ന് വരെ ഞാന്‍ ചിന്തിച്ചു അനുശ്രീ പറഞ്ഞു.

ഇറാഖില്‍, ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം അമൃത്സര്‍ വിമാനത്താവളത്തിലെത്തി.

വിദേശകാര്യ സഹമന്ത്രി വികെ സിംഗിന്റെ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അമൃത്സറിനു ശേഷം പാറ്റ്‌നയിലും കോല്‍ക്കത്തയിലും എത്തി മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൃതദേഹം കൈമാറും.

ഡിഎന്‍എ പരിശോധനയില്‍ തീര്‍പ്പാകാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വന്നത്. 2014 ജൂണിലാണ് മൊസൂളിലെ നിര്‍മാണകമ്പനിയില്‍ ജോലിക്കാരായ ഇന്ത്യക്കാരെ ബാഗ്ദാദിലേക്കുള്ള യാത്രയ്ക്കിടെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.

ഇവര്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാര്‍ച്ച് 20 ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അറിയിച്ചു. ഡിഎന്‍എ പരിശോധനയിലൂടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്.

 

കുവൈറ്റില്‍ വേലക്കാരിയെ കൊലപ്പെടുത്തി ഫ്രീസറില്‍ സൂക്ഷിച്ച ദമ്പതികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. ഫിലിപ്പീന്‍സുകാരിയായ വേലക്കാരി ഡനീല ഡെമാഫില്‍സിനെ കൊലപ്പെടുത്തിയാണ് ദമ്പതികള്‍ വീട്ടിലെ ഫ്രീസറില്‍ സൂക്ഷിച്ചത്.സംഭവത്തില്‍ ദമ്പതികളായ ലെബനന്‍ സ്വദേശി നാദിര്‍ ഇശാം അസഫ്ന്‍, ഭാര്യ സിറിയന്‍ സ്വദേശി മോണ ഹസോണ്‍ എന്നിവരെ കുവൈറ്റ് കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

Related image

2016ലാണ് ഇവരുടെ താമസസ്ഥലത്തു ഫ്രീസറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഫ്ളാറ്റ് അടഞ്ഞ് കിടക്കുകയായിരുന്നു. കുവൈറ്റ് വിടുന്നതിന് രണ്ട് ദിവസം മുമ്പ് ഇവര്‍ വീട്ടുവേലക്കാരിയെ കാണാനില്ലെന്ന് പരാതിയും നല്‍കിയിരുന്നു.പരാതിയില്‍ ദുരൂഹത തോന്നിയ സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്. സിറിയയില്‍ പിടിയിലായ ഇവരില്‍, ഭര്‍ത്താവിനെ ലെബനന് കൈമാറി. ഭാര്യ ഇപ്പോഴും സിറിയന്‍ കസ്റ്റഡിയിലാണ്.

Image result for kuwait-murder-case-court-order

രണ്ട് പേരെയും കുവൈറ്റിന് കൈമാറുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ട്. ഇവരുടെ അഭാവത്തിലാണ് കോടതി വിധി.അതേസമയം അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചതായും ഇയാളുടെ ഭാര്യയും കുറ്റക്കാരിയാണെന്ന് ലെബനന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കാഷ് ഡെപ്പോസിറ്റ് മെഷിനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ യുവാവും പാലായിലെ ഒരു സഹകരണ ബാങ്കില്‍നിന്ന് അമ്പത് ലക്ഷം രൂപതട്ടിയ കേസില്‍ ഈ യുവാവിന്റെ അമ്മയെയും പോലീസ് പിടികൂടി.  ഫെഡറല്‍ ബാങ്ക് പാലാ ശാഖയിലെ പാലാ ഓലിക്കല്‍ അരുണ്‍ സെബാസ്റ്റ്യയന്‍ (29) സഹകരണ ബാങ്കില്‍ കാഷ്യറായിരുന്ന അമ്മ മറിയാമ്മ (52) എന്നിവരാണ് അറസ്റ്റിലായത്. ഒളിവില്‍ പോകാന്‍ പ്രതികളെ സഹായിച്ച അയര്‍ക്കുന്നം സുനിവിലാസ് സുരേഷ് (49), പയപ്പാര്‍ സ്വദശിയും പാലായിലെ ഓട്ടോ ഡ്രൈവറുമായ അനൂപ് ബോസ് എന്നിവരും അറസ്റ്റിലായി. പ്രതികള്‍ കരൂരിലും വേളാങ്കണ്ണിയിലും ഒളിവില്‍ താമസിച്ചു. കഴിഞ്ഞദിവസം എറണാകുളത്തെ ഒരു ഫ് ളാറ്റില്‍നിന്നാണ് പാലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജന്‍ കെ.അരമന, എസ്.ഐ.അഭിലാഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് ഇരുവരെയും അറസ്റ്റുചെയ്തത്.

അരുണ്‍ പാലായിലെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുവരികയായിരുന്നു. 2000 രൂപയുടെ കളര്‍ പകര്‍പ്പുകള്‍ എടുത്ത് ബാങ്കിന്റെ സി.ഡി.എം. മെഷിനില്‍ നിക്ഷേപിക്കുകയായിരുന്നു. 2000 രൂപയുടെ അഞ്ച് നോട്ടുകളാണ് കണ്ടെത്തിയത്. പോലീസ് പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്പര്‍ തിരിച്ചറിഞ്ഞാണ് അന്വേഷണം ആരംഭിച്ചത്.  ഇത്തരത്തില്‍ എറണാകുളം ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലെ ബാങ്കുകളില്‍ കള്ളനോട്ടുകള്‍ നിക്ഷേപിച്ചശേഷം രണ്ടു ദിവസത്തിനുള്ളില്‍ തുല്യമായ തുക എ.ടി.എം. മുഖേന പിന്‍വലിക്കുകയായിരുന്നു. അമ്പതിനായിരം രൂപയോളം വിവിധ ബാങ്കുകളില്‍നിന്ന് കള്ളനോട്ട് നിക്ഷേപിച്ച് പിന്‍വലിച്ചിട്ടുണ്ടന്ന് പോലീസ് പറഞ്ഞു. പഴയ സി.ഡി.എം. മെഷീനുകള്‍ക്ക് ഇത്തരത്തില്‍ കള്ളനോട്ടുകള്‍ തിരിച്ചറിയുന്നതിന് പരിമിതികളുണ്ട്. എന്നാല്‍ പുതിയ മെഷീനുകള്‍ കള്ളനോട്ടുകള്‍ തിരിച്ചറിയും.

പാലായില്‍ സി.ഡി.എം. കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞതാണ് തട്ടിപ്പ് ഉടന്‍ തിരിച്ചറിയുവാന്‍ ഇടയാക്കിയത്. എറണാകുളത്ത് കമ്പ്യൂട്ടര്‍ സ്ഥാപനവും അരുണ്‍ നടത്തുന്നുണ്ട്. കാഷ്യറായി ജോലിചെയ്യുന്ന പാലായിലെ ഒരു സഹകരണ ബാങ്കിന്റെ ലോക്കറില്‍നിന്ന് അന്‍പതു ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് മറിയാമ്മ പിടിയിലായത്.

മകന്റെ ആഡംബര ജീവിതവും കടബാധ്യതയുമാണ് പാലായിലെ സഹകരണ ബാങ്കില്‍ നിന്നും 50 ലക്ഷം രൂപ തിരിമറി നടത്താന്‍ ഇടയായതെന്ന് ജീവനക്കാരിയായ മറിയാമ്മ പോലീസിന് മൊഴി നല്‍കി.ചെത്തിമറ്റത്ത് സ്വന്തമായുള്ള ചെറിയ വീട് വാടകക്ക് നല്‍കിയശേഷം നഗരത്തിലെ ഒരു സ്വകാര്യ ഫ് ളാറ്റിലായിരുന്നു മറിയാമയും മകന്‍ അരുണും താമസിച്ചിരുന്നത്. ഇതിനു പുറമെയാണ് മകളെ എറണാകുളത്ത് ഫ് ളാറ്റ് വാടകക്ക് എടുത്ത് താമസിപ്പിച്ചത്.   അരുണ്‍ ആഡംബര കാറുകള്‍ വാങ്ങി മറിച്ചുവില്‍ക്കുന്ന ഇടപാടുകളും നടത്തിയിരുന്നു. മറിയാമ്മയുടെ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ബാങ്കില്‍നിന്ന് വായ്പ എടുത്ത ഇനത്തില്‍ 25 ലക്ഷത്തോളം രൂപയുടെ ബാധ്യതയുമുണ്ട്.

സിഎ കോഴ്‌സ് കഴിഞ്ഞ് വിദേശത്ത് പോയ മകള്‍ അനിത ജോലി ലഭിക്കാതെ തിരികെ എത്തി എറണാകുളത്ത് ഫ് ളാറ്റ് എടുത്ത് താമസിച്ച് സിവില്‍സര്‍വീസ് പരിശീലനം നടത്തുകയായിരുന്നു. ഇതിനും വന്‍തോതില്‍ പണം മുടക്കിയിരുന്നു.  ഭര്‍ത്താവിന്റെ ചികിത്സക്കായും വന്‍തോതില്‍ പണം ചെലവഴിച്ചിരുന്നു. കൂടാതെ മകന്റെ ബിസിനസിലൂടെയും കടബാധ്യതയുണ്ടായിരുന്നു. പ്രൈവറ്റ് ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് അടക്കം വായ്പഎടുത്ത വകയില്‍ അരുണിന് ഒരുകോടിയോളം രൂപയുടെ കടബാധ്യതയുണ്ട്.   മകന്റെ കട ബാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് ജോലി ചെയ്യുന്ന ബാങ്കില്‍നിന്ന് പണം തട്ടിയതെന്ന് പൊലീസ് പറയുന്നു. പണം എടുത്തത് താനാണെന്ന് മറിയാമ്മ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മകളുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തപ്പോഴാണ് പണം എടുത്ത കാര്യം മറിയാമ്മ സമ്മതിച്ചത്. പൊലീസ് പറഞ്ഞപ്പോഴാണ് അമ്മ പണംതട്ടിയ കാര്യം മകള്‍ അറിഞ്ഞതത്രെ ബാങ്ക് അധികൃതര്‍ പോലീസിന് പരാതി നല്കിയിരുന്നു.

കള്ളനോട്ടു കേസില്‍ മകന്‍ പ്രതിയാണെന്ന് അറിഞ്ഞതോടെ മറിയാമ്മയും മുങ്ങി. തുടര്‍ന്ന്, ബാങ്ക് ജീവനക്കാര്‍ പരിശോധിച്ചപ്പോള്‍ പണം കുറവുള്ളതായി കണ്ടെത്തി. ഒരു വര്‍ഷത്തിനിടെ പല തവണയായാണ് പണം മാറ്റിയത്. സ്ഥിരം പരിശോധന നടത്തുന്നതില്‍ വീഴ്ച വരുത്തിയ മുതിര്‍ന്ന ജീവനക്കാരെ കേസില്‍ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടുമെന്നും പോലീസ് പറഞ്ഞു.

സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത സംഭവത്തില്‍ വടകരയിലെ സ്റ്റുഡിയോ ഉടമകള്‍ അറസ്റ്റില്‍. വടകര സദയം സ്റ്റുഡിയോ ഉടമകളായ വൈക്കിലശേരി മേലാല്‍ മുക്ക് ടെറുകോട് മിത്തല്‍ വീട്ടില്‍ ദിനേശന്‍ (44), സഹോദരന്‍ സതീശന്‍ (41) എന്നിവരാണ് അറസ്റ്റിലായത്. തൊട്ടില്‍പാലം കുണ്ടുതോട്ടിലുള്ള ചെറിയച്ഛന്റെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. മുഖ്യപ്രതിയായ സ്റ്റുഡിയോ ജീവനക്കാരന്‍ കൈവേലി സ്വദേശിയ വിബീഷിനെ ഇതുവരെ പിടികൂടിയിട്ടില്ല.

വിജീഷ് 45,000ത്തോളം സ്ത്രീകളുടെ ചിത്രങ്ങളാണ് മോര്‍ഫിങ്ങിനായി എടുത്തത് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ബിബീഷിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഏഴുമാസം മുമ്പ് തന്നെ ബിബീഷ് ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നുണ്ടെന്ന് സ്ഥാപന ഉടമകള്‍ക്ക് മനസ്സിലായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, എഡിറ്റിങ്ങില്‍ മിടുക്കനായതിനാല്‍ ബിബീഷിനെതിരേ നടപടിയെടുത്തില്ല. ഇതിനുശേഷവും ഇയാള്‍ മോര്‍ഫിങ് തുടര്‍ന്നപ്പോള്‍ നിയന്ത്രിക്കാന്‍ ഉടമകള്‍ തയ്യാറായില്ലെന്നാണ് ആരോപണം. സംഭവം പുറത്തായത് ബിബീഷ് ഈ സ്ഥാപനത്തില്‍നിന്ന് പുറത്തുപോയി മറ്റൊരു സ്റ്റുഡിയോ തുറക്കാന്‍ ശ്രമം തുടങ്ങിയപ്പോഴാണ് സംഭവം പുറത്തായത്.

വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശത്തെ വിവാഹങ്ങളാണ് കൂടുതലും ഇവര്‍ ഷൂട്ട് ചെയ്തത്. നൂറുകണക്കിന് സ്ത്രീകളുടെ അശ്ലീച ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്നാണ് വിവരം. സ്ഥാപന ഉടമകളുടെ നാടായ ചോറോട് പഞ്ചായത്തിലെ വൈക്കിലശ്ശേരിയിലെ ഒരു സ്ത്രീയുടെ ചിത്രമാണ് ആദ്യം പുറത്തായത്. പ്രദേശത്തെ നാട്ടുകാരാണ് ആദ്യം വിഷയത്തില്‍ ഇടപെട്ടത്. ഇവര്‍ ബിബീഷ് ഉപയോഗിച്ചിരുന്ന കംപ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് പരിശോധിച്ചപ്പോള്‍ വൈക്കിലശ്ശേരി, മലോല്‍മുക്ക് പ്രദേശത്തെ ഒട്ടേറെ സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തിയത്. ഇത് പൊലീസിന് കൈമാറി. അപ്പോഴേക്കും ബിബീഷ് മുങ്ങി. പിന്നാലെ, സ്ഥാപനഉടമകളും ഒളിവില്‍പ്പോയി.

സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റുഡിയോ ഉടമയുടെ മലോല്‍മുക്കിലെ മറ്റൊരു സ്ഥാപനത്തിലേക്ക് നൂറുകണക്കിന് സ്ത്രീകളും കുട്ടികളും കഴിഞ്ഞയാഴ്ച മാര്‍ച്ച് നടത്തിയിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന ബഹുജനകണ്‍വെന്‍ഷനിലും ആയിരങ്ങള്‍ പങ്കെടുത്തു. തുടര്‍ന്നാണ് പൊലീസ് ഉടമകളെ പിടികൂടിയത്.

ഹൈദരാബാദ്: സല്‍ക്കാര ചടങ്ങുകള്‍ക്കിടെ കോഴിക്കറി വിളമ്പാന്‍ വൈകിയതിനെച്ചാല്ലിയുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദ് ഹുസാനി അലാം പ്രദേശത്ത് നടന്ന വിവാഹനിശ്ചയ സല്‍ക്കാരത്തിനിടെയാണ് സംഭവം. അക്രമം അഴിച്ചുവിട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം രാത്രി വൈകിയാരംഭിച്ച വിവാഹ സല്‍ക്കാരത്തിനെത്തിയ അതിഥികള്‍ക്ക് കോഴിക്കറി വിളമ്പാന്‍ താമസിച്ചുവെന്ന് ആരോപിച്ച് ചിലര്‍ പ്രശ്‌നങ്ങളുണ്ടാക്കിയതാണ് സംഭവത്തിന്റെ തുടക്കം. തങ്ങള്‍ക്ക് കറി വിളമ്പാന്‍ മനപ്പൂര്‍വ്വം വൈകിപ്പിക്കുകയായിരുന്നെന്നും ആഹാരം വിളമ്പുന്നവര്‍ മോശമായി പെരുമാറിയെന്നുംഅതിഥികളില്‍ ചിലര്‍ ആരോപിച്ചു.

സല്‍ക്കാരച്ചടങ്ങുകള്‍ക്ക് ശേഷം മടങ്ങിപ്പോയ അതിഥികള്‍ പിന്നീട് തിരിച്ചു വരികയും സല്‍ക്കാരം നടത്തിയ വീട്ടിലുള്ളവരെ ആക്രമിക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് പോലീസെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. അതേസമയം അക്രമത്തിന് നേതൃത്വം നല്‍കിയവര്‍ ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഭോപ്പാല്‍: ദത്തെടുത്ത കുഞ്ഞിനെ വെളുപ്പിക്കാനായി ദേഹം മുഴുവന്‍ അമ്മ കല്ലുകൊണ്ടുരച്ചു. ദേഹമാസകലം മുറിവ് പറ്റിയ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസുമെത്തി രക്ഷിച്ചു. കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സിയിലാണ്. മധ്യപ്രദേശിലെ നിഷാത്പുരയിലെ സ്‌കൂളില്‍ അധ്യാപികയായ സുധ തിവാരിയാണ് കുട്ടിയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചത്.

ഒന്നര വര്‍ഷം മുന്‍പ് ഉത്തരാഖണ്ഡില്‍ നിന്ന് ദത്തെടുത്ത കാലംമുതല്‍ക്കെ കുട്ടിയുടെ നിറം സുധ തിവാരിക്ക് ഇഷ്ടമായിരുന്നില്ല. കുട്ടിയെ വെളുപ്പിക്കുന്നതിനായി പലതരത്തിലുള്ള ശ്രമങ്ങള്‍ സുധ നടത്തിയെങ്കിലും വിജയിച്ചില്ല. തുടര്‍ന്നാണ് ആരോ പറഞ്ഞതനുസരിച്ചാണ് ഇവര്‍ കുട്ടിയുടെ ദേഹത്ത് കറുത്ത കല്ലുകള്‍ കൊണ്ടുരച്ചത്.

കുട്ടിയെ ശാരീരികമായ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ബന്ധുവായ ശോഭനാ ശര്‍മ്മയാണ് പോലീസിനെ വിവരമറിയിച്ചത്. അഞ്ച് വയസ് തികഞ്ഞിട്ടും കുട്ടിയെ സ്‌കൂളില്‍ ചേര്‍ക്കാന്‍ സുധ തയ്യാറായിട്ടില്ലെന്ന് ശോഭന ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിയുടെ തോളിനും കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved