തളിപ്പറമ്പ്: കണ്ണൂര്‍ കീഴാറ്റൂരില്‍ നെല്‍വയലുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വയല്‍ക്കിളി പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തിനിടെ സംഘര്‍ഷം. സമര സമിതിയുടെ പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വന്‍തോതില്‍ വയല്‍ നികത്തി ദേശീയപാതയ്ക്ക് ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ വയല്‍ക്കിളി കൂട്ടായ്മ സമരം തുടങ്ങിയിട്ട് നാളുകളായി. പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍പ് കര്‍ഷകര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഗണിക്കുമെന്ന് നേരത്തെ സിപിഎം നേതാക്കള്‍ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഉറപ്പ് പാലിക്കപ്പെട്ടില്ല.
ഇന്ന് രാവിലെ റോഡ് നിര്‍മ്മാണം ആരംഭിക്കുന്നതിനാവശ്യമായ സന്നാഹങ്ങളുമായി കീഴാറ്റൂരിലെത്തിയ അധികൃതരെ കര്‍ഷകര്‍ തടഞ്ഞു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് സമര പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരസമിതി പ്രവര്‍ത്തകര്‍ പ്രതിഷേധം ആരംഭിച്ചത്. പോലീസിനൊപ്പം സമര സ്ഥലത്തെത്തിയ സിപിഎം പ്രവര്‍ത്തകരില്‍ ചിലര്‍ സമരപ്പന്തല്‍ കത്തിക്കുകയായിരുന്നു. സിപിഎം നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പാര്‍ട്ടി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് നിരവധി സിപിഎം പ്രവര്‍ത്തകരും സമരത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ സിപിഎം നടത്തിയ അതിക്രമത്തില്‍ വയല്‍ക്കിളി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്ഥലം വിട്ടു നല്‍കാനുള്ള 58 പേരില്‍ 50 പേരും സമ്മത പത്രത്തില്‍ ഒപ്പിട്ടു നല്‍കിയതായി സിപിഎം അവകാശപ്പെടുന്നു. തുച്ഛമായ താങ്ങുവിലയുള്ള പ്രദേശങ്ങളിലെ സ്ഥലം മോഹവില നല്കി ഏറ്റെടുക്കുകയാണ് അധികൃതരെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ചെങ്ങന്നൂരില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയുമായി സഹകരിക്കില്ലെന്നും തുഷാര്‍ പറഞ്ഞു. ബോര്‍ഡ് ചെയര്മാന് സ്ഥാനങ്ങള്‍ ലഭിക്കാതെ ബിജെപിയുമായി ഇനി സഹകരിക്കില്ലെന്നും എംപി സ്ഥാനം വാഗ്ദാനം ചെയ്തുവെന്ന് വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തുഷാര്‍ വ്യക്തമാക്കി.
എല്‍ഡിഎഫിലേക്ക് പോകണമെങ്കില്‍ ഒന്ന് മൂളിയാല്‍ മതി. മഅദ്നിയുമായി സഹകരിക്കാമെങ്കില്‍ എല്‍ഡിഎഫിന് ബിഡിജെഎസുമായും സഹകരിക്കാമെന്നും തുഷാര്‍ പറഞ്ഞു. ഒരു വിഭാഗം ബിജെപി നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ചില നേതാക്കള്‍ക്ക് വേണ്ടി തന്നെ ഉപയോഗിച്ചു. മറ്റുള്ളവരുടെ ശല്യം ഒഴിവാക്കാനാണ് ചില ആളുകള്‍ പാരവെച്ചത്.
ബോര്‍ഡ് കോര്പറേഷന് സ്ഥാനങ്ങള്‍ ബിഡിജെഎസിന് ലഭിക്കരുതെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ടെന്നും അതിന്റെ ഫലമായാണ് താന്‍ എംപി സ്ഥാനം ചോദിച്ചുവെന്ന പ്രചാരണമെന്നും തുഷാര്‍ പറയുന്നു. താന്‍ പോയി എംപി സീറ്റ് ചോദിച്ചു എന്നു പറഞ്ഞാല്‍ സീറ്റ് മോഹികളായ ബിജെപി നേതാക്കള്‍ പിന്നോക്കം പോകുമല്ലോ. അതിനുവേണ്ടിയാണ് ഇത്തരം നീക്കങ്ങളെന്നും തുഷാര്‍ വ്യക്തമാക്കി.
ബി.ജെ.പിക്ക് വന്‍ തിരിച്ചടി. ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ ഗോരഖ്പൂരില്‍ സമാജ്വാദി പാര്‍ട്ടിക്ക് വന്‍മുന്നേറ്റം. എസ്.പി സ്ഥാനാര്‍ഥി 13,500 വോട്ടുകള്‍ക്ക് മുന്നിലാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്നു ഗോരഖ്പൂര്‍. ഉപതിരഞ്ഞെടുപ്പ് നടന്ന ഫൂല്പൂര് മണ്ഡലത്തിലും സമാജ്്വാദി പാര്‍ട്ടി മുന്നിലാണ്.
ബിഹാറിലും ബിജെപി പിന്നിലാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ മണ്ഡലമായിരുന്ന ഫുല്‍പുരിലും സമാജ്വാദി പാര്‍ട്ടി ലീഡ് ചെയ്യുന്നു എന്നാണ് ഒടുവിലെ വിവരം. ഇതിനിടെ ഗോരഖ്പൂരില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ലീഡ് നില റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയത് വിവാദമായി. ലീഡ് നിലയില്‍ ബിജെപി സ്ഥാനാര്‍ഥി പിന്നോട്ടടിക്കുമ്പോഴാണ് നിര്‍ദേശം വന്നതെന്ന് എന്‍ഡിടിവി അടക്കം റിപ്പോര്‍ട്ട് ചെയ്തു.
ഗോരഖ്പുരില്‍ ജില്ലാമജിസ്ട്രേറ്റ് നിക്ഷപക്ഷമായല്ല വോട്ടെണ്ണലിന് നേതൃത്വം നല്‍കുന്നതെന്ന് സമാജ്വാദി പാര്‍ട്ടി ആരോപിച്ചു. ബിജെപിയെ തകര്‍ക്കാന്‍ ഇരുപത്തിയഞ്ച് വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും മായാവതിയും ഒന്നിച്ച് നിന്നു. ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന അറാരിയ ലോക്സഭാ സീറ്റില്‍ ആര്‍ജെഡി ലീഡ് തിരിച്ചു പിടിച്ചു. ബിഹാറിലെ ഭാഭ്വ നിയമസഭാ സീറ്റില്‍ ബിജെപിയും ജഹനാബാദില്‍ ആര്‍ജെഡിയുമാണ് മുന്നിട്ട് നില്‍ക്കുന്നത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ആക്രമണത്തിനിടെ പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒഴികെയുള്ള തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാമെന്ന് കോടതി പറഞ്ഞു. നടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ നല്‍കാം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. ദൃശ്യങ്ങള്‍ കൈമാറുന്ന കാര്യത്തില്‍ ഹൈക്കോടതി തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.
കേസ് വിശദമായ വാദം കേള്‍ക്കുന്നതിനായി 28-ാം തിയതിയിലേക്ക് മാറ്റി. കഴിഞ്ഞ മാസമാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിയായ ദിലീപ് കോടതിയെ സമീപിച്ചത്. സുപ്രധാനമായ പല രേഖകളും മൊഴികളും പൊലീസ് തന്നിട്ടില്ലെന്നും പൊലീസിന്റെ നടപടി ബോധപൂര്‍വമാണെന്നും ദിലീപിന്റെ അഭിഭാഷകന് ആരോപിച്ചിരുന്നു.
വിചാരണക്ക് പ്രത്യേക കോടതി അനുവദിക്കണമെന്ന് ആക്രമണത്തിന് ഇരയായ നടി ആവശ്യപ്പെട്ടു. വനിതാ ജഡ്ജിയെ വിചാരണയ്ക്കായി നിയമിക്കണമെന്നും രഹസ്യ വിചാരണ നടത്തണമെന്നും നടി നല്കിയ അപേക്ഷയില്‍ പറയുന്നു. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ പള്‍സര്‍ സുനിയും സംഘവും നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഭാര്യ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് കോര്‍പ്പറേറ്റ് 360 സിഇഒയും സ്ഥാപകനുമായ വരുണ്‍ ചന്ദ്രന്. കഴിഞ്ഞ പത്തു മാസമായി തങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണെന്നും കേസ് ഇപ്പോള്‍ കോടതിയാണെന്നും കെട്ടിചമച്ച വിവാദത്തിലേക്ക് തന്നെ മനപ്പൂര്‍വം വലിച്ചിഴക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വരുണ്‍ ചന്ദ്രന് പറഞ്ഞു
ആരോപണങ്ങൾക്ക് വരുൺ ചന്ദ്രന്റെ മറുപടി ഇങ്ങനെ:
‘മറ്റെല്ലാവരെയും പോലെ തന്നെ സാധാരണമായ ജീവിതം നയിക്കുകയും നിയമാനുസൃതമായ ബിസിനസ് നടത്തുകയും ചെയ്യുന്ന പൗരനാണ് ഞാന്‍. കരിയറുമായി ബന്ധപ്പെട്ട എന്റെ പ്രവര്‍ത്തനങ്ങളെല്ലാം സത്യസന്ധമാണ്, നിയമാനുസൃതമാണ് നിര്‍വ്യാജമാണ്. ഒരിക്കലും യോജിക്കാന്‍ സാധിക്കാത്ത വിയോജിപ്പുകള്‍ കൊണ്ട് ഞങ്ങള്‍ കഴിഞ്ഞ പത്തു മാസമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഈ കേസ് ഇപ്പോള്‍ കോടതിയിലാണ്.
സോഷ്യല്‍ മീഡിയ ഹേറ്റേഴ്സില്‍നിന്ന് ഉയരുന്ന ഇത്തരം പ്രതിഷേധങ്ങള്‍ എന്നെ മനപ്പൂര്‍വം കെട്ടിച്ചമച്ച വിവാദത്തിലേക്ക് വലിച്ചിഴക്കുക എന്ന ഉദ്ദേശത്താല്‍ സൃഷ്ടിക്കപ്പെടുന്നതാണ്. എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് മാത്രമല്ല വിദ്വേഷജനകവും അപകീര്‍ത്തിപരവുമാണ്. സ്വകാര്യതയ്ക്കുള്ള എന്റെ മൗലിക അവകാശത്തിന്റെ ലംഘനവുമാണിത്. എനിക്കെതിരെ അപകീര്‍ത്തി നടത്തുന്നവര്‍ക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കാനും ഡീഫമേഷന്‍ ഫയല്‍ ചെയ്യാനും അവകാശമുണ്ട്’
വരുണ്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും കമ്പനി പിടിച്ചെടുത്തുവെന്നും പരസ്ത്രീ ബന്ധമുണ്ടെന്നുമുള്ള മുന്‍ഭാര്യ ഡിമെയ്റ്റയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു വരുണ്‍ ചന്ദ്രന്. കോടികണക്കിന് ടേണ്‍ ഓവറുള്ള കോര്‍പറേറ്റ് 360 എന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയുടെ സിഇഒയാണ് വരുണ്‍. സ്വപ്രയ്തനം കൊണ്ട് കോടീശ്വരനായി മാറിയ വരുണ്‍ കേരളത്തിലെ അറിയപ്പെടുന്ന സംരംഭക പ്രമുഖരില്‍ ഒരാളാണ്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് വിമണ്‍ ഇന്‍ സിനിമാ കളക്ടീവ്. താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും കടന്നു പോയ വേദനകളെയും കുറിച്ച് തുറന്നു പറയാനും പരാതി നല്‍കാനും തയ്യാറായ ഞങ്ങളുടെ സഹപ്രവര്‍ത്തക നീതി തേടി ഇന്ന് വിചാരണ കോടതിയുടെ മുന്നിലെത്തുകയാണ്. എന്തു തീരുമാനവും നീതി പൂര്‍വ്വകമായിരിക്കുമെന്നും ഞങ്ങളുടെ സഹപ്രവര്‍ത്തകക്ക് നീതി കിട്ടുമെന്നും പ്രത്യാശിക്കുന്നതായും സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നേരത്തെ വിചാരണ നടപടികള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി ദിലീപ് നല്കി ഹര്‍ജി കോടതി തള്ളിയിരുന്നു.
ആരാണ് പ്രതിയെന്നും അവര്‍ക്കുള്ള ശിക്ഷ എന്തെന്നുമൊക്കെ തീരുമാനിക്കേണ്ടത് കോടതിയും നമ്മുടെ നിയമ വ്യവസ്ഥയുമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കേരളത്തെ നടുക്കിയ കേസിന്റെ വിചാരണാ നടപടികള്‍ ഇന്ന് ആരംഭിക്കും. വിചാരണ തുടങ്ങുന്ന സമയത്ത് എല്ലാ പ്രതികളും ഹാജരാകണമെന്ന് കോടതി നിര്‍ദേശമുണ്ട്. എന്നാല്‍ അഭിഭാഷകര്‍ മുഖേന അവധി അപേക്ഷ നല്‍കാനുള്ള നീക്കം ദിലീപ് നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നടന് ദിലീപ് ഉള്‍പ്പെടെ 12 പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ പ്രധാന പ്രതികള്‍ ഇപ്പോഴും റിമാന്റില്‍ കഴിയുകയാണ്. കേസില്‍ രഹസ്യ വിചാരണ അനുവദിക്കുക, വനിതാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിചാരണ നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടിയുടെ അഭിഭാഷകന് കോടതിയെ സമീപിച്ചിരുന്നു. ഇത് കോടതി പരിഗണിക്കാനിരിക്കുകയാണ്. നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കൈമാറണമെന്ന് ദിലീപിന്റെ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്.
കോര്‍പറേറ്റ് 360 ഉടമ വരുണ്‍ ചന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഡിമെയ്റ്റ ഡെമി ഡിക്രൂസ്. ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താന്‍ ഭീകരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായെന്നും വരുണിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഡിമെയ്റ്റ നടത്തിയത്.
കേരളത്തിലായിരുന്നപ്പോള് വരുണ്‍ ഭീകരമായി മര്‍ദ്ദിച്ചു. വരുണിന്റെ സുഹൃത്ത് സി.കെ. വിനീതിന്റെ (കേരള ബ്ലാസ്റ്റേഴ്സ് താരം) മുന്നില്‍വെച്ച് ഞാന്‍ ശബ്ദം ഉയര്‍ത്തിയതിനാണ് വരുണ്‍ മര്‍ദ്ദിച്ചത്. പൊലീസിനെ വിളിച്ചപ്പോള്‍ അവര്‍ വനിത ഹെല്‍പ്പ് ലൈനെ വിളിക്കാന്‍ പറഞ്ഞു. അവിടെ വിളിച്ചപ്പോള്‍ ആവശ്യത്തിന് പൊലീസുകാര്‍ ഇല്ലെന്ന് പറഞ്ഞു.
വരുണിന്റെ മര്‍ദ്ദനത്തില്‍ പരുക്ക് പറ്റിയിരുന്നു. പക്ഷെ, കേരളത്തില്‍ ചികിത്സ നേടാന്‍ വരുണും സഹോദരന് അരുണും സമ്മതിച്ചില്ല. അതുകൊണ്ട് ബംഗളൂരുവില്‍ വന്നാണ് ചികിത്സ നേടിയത്. ഞാന്‍ ഇപ്പോള്‍ സിംഗപ്പൂരിലാണ്. ഇവിടെയാണ് ആദ്യം കോര്‍പറേറ്റ് 360 ഇന്‍കോര്‍പറേറ്റ് ചെയ്തത്. അപ്പോള്‍ ഞാന്‍ മാത്രമായിരുന്നു ഡയറക്ടര്‍. പിന്നീട് വരുണ്‍ എന്നെ കൊണ്ട് ബലമായി ഒപ്പിടീച്ച് കമ്പനി സ്വന്തം പേരിലേക്ക് ആക്കിയെന്നും ഡിമെയ്റ്റ ആരോപിച്ചു.
ചാരിറ്റിയുടെ മറവില്‍ വരുണ്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നുണ്ടെന്നും ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രി പരിശോധിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കൊച്ചി: സീറോ മലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാടില്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാന്‍ കാലതാമസം വന്നതില്‍ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. പോലീസ് മേധാവി നേരിട്ടെത്തി കാരണങ്ങള്‍ ബോധിപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ആലഞ്ചേരിക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ ഉത്തരവുണ്ടായിട്ടും എജിയുടെ ഉപദേശത്തിനായി കാത്തിരുന്നതിനുള്ള കാരണവും ഡിജിപി വ്യക്തമാക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് കെമാല്‍ പാഷയുടെതാണ് നിര്‍ദേശം.
വിവാദ ഭൂമി ഇടപാട് നടത്തിയ ആലഞ്ചേരിക്കും കേസില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍ക്കുമെതിരെ പോലീസ് നടപടികള്‍ ആരംഭിക്കാന്‍ കോടതി നിര്‍ദേശിച്ച സമയത്തേക്കാള്‍ ആറ് ദിവസം വൈകിയിരുന്നു. ഈ കാലതാമസം ആരുടെ നിര്‍ദേശപ്രകാരമാണ് ഉണ്ടായിരിക്കുന്നതെന്ന് കോടതിയെ അറിയിക്കണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന് നാളെ നേരിട്ട് ഹാജരായി വിശദികരണം നല്‍കണം. കേസ് നാളെ വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.
സഭ 27.15 കോടി രൂപ വില നിശ്ചയിച്ചിരുന്ന ഭൂമി വെറും 13.51 കോടി രൂപയ്ക്ക് വിറ്റുവെന്നാണ് ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കൂടാതെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംമ്പാടന്‍, ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്കിയ പരാതിയെ തുടര്‍ന്നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തിരിക്കുന്നത്. കുറ്റകരമായ ഗൂഢാലോചനക്ക് സെക്ഷന്‍ 120 ബി, വിശ്വാസവഞ്ചന, ചതി എന്നിവയ്ക്ക് ഐപിസി 406, 415 എന്നീ വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
വീടുകളില്‍ ഹീറ്റ് പ്രദാനം ചെയ്യുന്നതിനോടപ്പം അല്പം സമ്പാദ്യവും നല്കുന്ന ഉപകരണത്തിന്റെ കാലഘട്ടമാണ് ഇനി വരാന്‍ പോകുന്നത്. ഫ്രഞ്ച് ടെക് സ്റ്റാര്‍ട്ട്-അപ് കമ്പനിയാണ് പുതിയ ക്രിപ്റ്റോ ഹീറ്റര്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. ക്രിപ്റ്റോകറന്‍സികള്‍ മൈന്‍ ചെയ്യുന്നതിനോടപ്പം വീടുകളില്‍ ഹീറ്റ് നല്‍കാനും ക്വാര്‍നോട്ട് എന്നു പേരായ ഈ ഉപകരണത്തിന് സാധിക്കും. ചുരുക്കത്തില്‍ പറഞ്ഞാല്‍ സ്വന്തം ചെലവുകള്‍ വഹിക്കാന്‍ പ്രാപ്തിയുള്ളതാണ് പുതിയ ഉപകരണം. ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ഗ്രാഫിക് കാര്‍ഡുകളുടെ സഹായത്തോടെയാണ് ക്യൂസി-1 ഒരേ സമയം ഹീറ്റ് നല്‍കുകയും ക്രിപ്റ്റോ കറന്‍സി മൈനിംഗ് നടത്തുകയും ചെയ്യുന്നത്. ക്യൂസി-1 എല്‍ഇഡി ഉപയോഗിച്ചോ അല്ലെങ്കില്‍ നിങ്ങളുടെ മൊബൈല്‍ ആപ് ഉപയോഗിച്ചോ ക്രിപ്റ്റോ മാര്‍ക്കറ്റ് തല്‍സമയം നിരീക്ഷിക്കാന്‍ കഴിയുന്നതാണ്.
ക്രിപ്റ്റോകറന്‍സി സമ്പദ്വ്യവസ്ഥയിലെ അവിഭാജ്യ ഘടകങ്ങളിലൊന്നാണ് മൈനിംഗ്. സങ്കീര്‍ണമായ ഗണിത ശാസ്ത്രത്തിലെ പ്രശ്നങ്ങളെ പരിഹരിക്കുന്ന പ്രകൃയക്ക് സമാന രീതിയിലാണ് മൈനിംഗ് നടക്കുന്നത്. ഇത്തരം ഗണിത ശാസ്ത്രത്തിലെ കളികളില്‍ വിജയിക്കുമ്പോള്‍ നിങ്ങള്‍ക്ക് റിവാര്‍ഡ് കോയിനുകള്‍ ലഭിക്കുന്നു. ആ പ്രക്രിയ നടക്കുന്നതിന് ധാരാളം പ്രോസസിംഗ് പവര്‍ ആവശ്യമുണ്ട്. ഈ പ്രോസസിംഗ് പവറിന് ഹീറ്റ് ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത്തരം കഴിവിനെ ഉപയോഗപ്പെടുത്തിയാണ് ക്വാര്‍നോട്ട് ഉപകരണം പ്രവര്‍ത്തിക്കുന്നത്. പ്രോസസിംഗ് പവര്‍ ഉത്പാദിപ്പിക്കുന്ന ഹീറ്റാണ് ക്വാര്‍നോട്ട് ഉപയോഗപ്പെടുത്തുന്നതെന്ന് സാരം. ഇതിന്റെ അനുബന്ധ പ്രവര്‍ത്തനമെന്ന രീതിയിലാണ് ക്രിപ്റ്റോ മൈനിംഗ് നടക്കുന്നത്.
ഫ്രഞ്ച് കമ്പനിയുടെ പാരിസ് ടീമിന്റെ 5 വര്‍ഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് കമ്പ്യൂട്ടിംഗ് ഹീറ്റര്‍ വിപണിയിലെത്തിക്കാന്‍ സാധിച്ചെതെന്ന് നിര്‍മ്മാതാക്കള്‍ കൂട്ടിച്ചേര്‍ത്തു. സോഫ്റ്റും സൗകര്യപ്രദവമായ ഹീറ്റ് ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഈ ഉപകരണം നിര്‍മ്മിച്ചിരിക്കുന്നത് മരവും അലൂമിനിയവും ഉപയോഗിച്ചാണ്. പുതിയ ടെക്നോളജിയുടെ പുര്‍ണ ഉടമസ്ഥാവകാശം ഫ്രഞ്ച് കമ്പനിക്ക് അവകാശപ്പെട്ടതാണ്. ടെക്നോളജിയുടെ പേറ്റന്റുള്ള ഫ്രഞ്ച് സ്ഥാപനത്തിനല്ലാതെ മറ്റൊരാള്‍ക്കും ഇത് നിര്‍മ്മിക്കാനുള്ള അവകാശമില്ല. ക്രിപ്റ്റോ ഹീറ്റര്‍ എഥീരിയം ഉത്പാദിപ്പിക്കാന്‍ കഴിവുള്ള ഉപകരണമാണ്. പുതിയ ഉപകരണം ഉപയോഗപ്പെടുത്തി
ഏതാണ്ട് 90 പൗണ്ടോളം മാസം സമ്പാദിക്കാന്‍ കഴിയും. പക്ഷേ ഇത്രയും തുക തന്നെ വൈദ്യൂത ബില്ലിനായി ചെലവഴിക്കേണ്ടി വരുമെന്ന് മാത്രം.
ലണ്ടന്‍: ഭക്ഷണ സാധനങ്ങളും ച്യൂയിംഗമ്മും പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി കളയുന്നവരെ പിടികൂടാനൊരുങ്ങി ഗവണ്മെന്റ്. ഇത്തരക്കാരെ പിടികൂടി പിഴയീടാക്കാനുള്ള ലിറ്റര്‍ ലെവി നടപ്പില്‍ വരുത്താന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ടും എന്‍വയണ്‍മെന്റ് സെക്രട്ടറി മൈക്കിള്‍ ഗോവും തയ്യാറെടുക്കുന്നതായാണ് വിവരം. ഒാരോ വര്‍ഷവും ബ്രിട്ടനില്‍ കുന്നുകൂടുന്ന മില്യന്‍ കണക്കിന് ടണ്‍ പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് ഈ കുരിശു യുദ്ധത്തിന് തുടക്കം കുറിക്കുന്നതെന്നാണ് സൂചന.
വെള്ളത്തില്‍ അലിയുകയോ ദ്രവിച്ചു പോകുകയോ ചെയ്യാത്ത ച്യൂയിംഗം വന്യമൃഗങ്ങള്‍ക്കും പാര്‍ക്കുകളുടെ നടപ്പാതകള്‍ക്കും ഭീഷണിയാണ്. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ആയാണ് പല രാജ്യങ്ങളും ഇതിനെ കണക്കാക്കുന്നത്. ഇത്തരം മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള നിയന്ത്രണങ്ങള്‍ പൊതുജനാഭിപ്രായത്തിനായി ഇന്ന് പുറത്തിറങ്ങും. പ്ലാസ്റ്റിക് കപ്പുകള്‍, കട്ട്ലെറി, ക്രിസ്പ് പാക്കറ്റുകള്‍, കുപ്പികള്‍ തുടങ്ങി സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന തരത്തിലുള്ള ലെവി ച്യൂയിംഗം ഉല്പാദകരും നല്‍കേണ്ടതായി വരുന്ന വിധത്തിലുള്ള ചട്ടങ്ങളാണ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
പേവ്മെന്റുകളില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന ച്യൂയിംഗ് ഗം നീക്കം ചെയ്യാന്‍ 10 പെന്‍സ് വീതം ചെലവാകുന്നുണ്ടെന്നാണ് കണക്ക്. ഇപ്രകാരം നീക്കം ചെയ്യാനുള്ള പണം കൂടി നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കണമെന്നാണ് മന്ത്രിമാര്‍ക്കു മേല്‍ ഉയരുന്ന സമ്മര്‍ദ്ദം. രാജ്യം വൃത്തിയായി സൂക്ഷിക്കാന്‍ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും വിശദീകരിക്കപ്പെടുന്നു. സിംഗിള്‍ യൂസ് പ്ലാസ്റ്റിക് പരിസ്ഥിതി നേരിടുന്ന ഒരു വിപത്താണെന്നും ഈ പ്രശ്നം പരിഹരിക്കാന്‍ ട്രഷറിക്ക് കൂടുതല്‍ സമ്മര്‍ദ്ദങ്ങളെ നേരിടേണ്ടി വരുന്നുണ്ടെന്നും ഹാമണ്ട് പറഞ്ഞു. പ്ലാസ്റ്റിക്കിന് ബദലായി ഒരു ബയോ ഡീഗ്രേഡബിള്‍ അല്ലെങ്കില്‍ റീസൈക്കിള്‍ ചെയ്യാവുന്ന പദാര്‍ത്ഥം വികസിപ്പിച്ചെടുക്കാന്‍ വ്യവസായങ്ങള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും 20 മില്യന്‍ പൗണ്ടിന്റെ ഇന്നവേഷന്‍ ഫണ്ട് അവതരിപ്പിക്കാനും പദ്ധതിയുണ്ട്.