ഹെല്‍മറ്റ് ധരിക്കാതെ യാത്രചെയ്തതിന് പൊലീസുകാരന് സ്കൂട്ടര്‍ ചവിട്ടി വീഴ്ത്തിയതിനെ തുടര്‍ന്ന് റോഡില്‍ തലയിടിച്ച് വീണ് ഗര്‍ഭിണി മരിച്ചു. മൂന്നു മാസം ഗര്‍ഭിണിയായ ഉഷയാണ് മരിച്ചത്. തമിഴ്നാട്ടിലെ ട്രിച്ചി – തഞ്ചാവൂര്‍ ഹൈവേയിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് ട്രിച്ചി – തഞ്ചാവൂര്‍ ദേശീയപാതയിലുണ്ടായ ഉപരോധത്തില്‍ വ്യാപകഅക്രമവും ഉണ്ടായി.
ഉഷയും ഭര്‍ത്താവ് രാജയും സ്കൂട്ടറില്‍ സഞ്ചരിക്കവേയാണ് സംഭവം. ഹെല്‍മറ്റ് ധരിക്കാതിരുന്ന രാജ പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയി. തുടര്‍ന്ന് മറ്റൊരുബൈക്കില്‍ പിന്തുടര്ന്ന് വന്ന കാമരാജ് എന്ന പൊലീസുകാരന് ഇവരുടെ സ്കൂട്ടര്‍ ചവിട്ടി വീഴ്ത്തുകയായിരുന്നു. വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഉഷ ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. ഭര്‍ത്താവ് രാജ ചികിത്സയിലാണ്.
സംഭവത്തേ തുടര്‍ന്ന് പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ ട്രിച്ചി – തഞ്ചാവൂര്‍ പാത ഉപരോധിച്ചു. ഉപരോധം അക്രമങ്ങളിലേക്ക് വഴിമാറി. പൊലീസിനും വാഹനങ്ങള്‍ക്കും നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ ബസുകളടക്കം നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് കാമരാജിനെ അറസ്റ്റ് ചെയ്തുവെന്ന് എസ്പി ഉറപ്പ് നല്‍കിയതോടെയാണ് ഏറെ നേരം നീണ്ടു നിന്ന ഉപരോധം അവസാനിച്ചത്.
@itisprashanth@cinemapayyan@Actor_Vivek uyir ilandha garbini penn! Trichy BHEL! #Police attrocities pic.twitter.com/7CbESktIrl
— kavinதமிழன் (@kavinmenon26) March 7, 2018
വിരാട് കോഹ്ലിയെന്ന കൗമാര താരത്തെ അന്ന് ടീം ഇന്ത്യയിലെടുക്കാന്‍ മഹേന്ദ്ര സിംഗ് ധോണിയും പരിശീലകന് ഗാരി കേസ്റ്റനും വിസമ്മതിച്ചിരുന്നതായി വെളിപ്പെടുത്തല്‍. മുന്‍ ഇന്ത്യന്‍ നായകനും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെംഗ്സര്‍ക്കാര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മറാത്തി സ്പോര്‍ട്സ് ജേണലിസ്റ്റുകളെ ആദരിക്കാനായി ഒരുക്കിയ ചടങ്ങില്‍ പങ്കെടുക്കവെയാണ് വെംഗ്സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കോഹ്ലിയുടെ നേതൃത്വത്തില്‍ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയശേഷമായിരുന്നു ഈ സംഭവം. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉളളറകളിലേക്ക് കൂടി ഇത് വെളിച്ചം വീശുന്നുണ്ട്.
‘അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയശേഷം ഇന്ത്യന്‍ യുവനിര ഓസ്ട്രേലിയയില്‍ എമേര്‍ജിംഗ് ട്രോഫി കളിക്കാനായി പോയി. കളി കാണാനായി ഞാനും ഓസ്ട്രേലിയയില്‍ പോയിരുന്നു. വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ കോഹ്ലി 123 റണ്‍സടിച്ച് തിളങ്ങി. അപ്പോള്‍ തന്നെ കോഹ്ലി ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കേണ്ട താരമാണെന്ന് എനിക്ക് മനസിലായി. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്ന സമയമായിരുന്നു അത്. കോഹ്ലയെ ടീമിലെടുക്കാന്‍ പറ്റിയ അവസരം. എന്റെ നിര്‍ദേശം സെലക്ടര്‍മാര്‍ നാലുപേരും അംഗീകരിച്ചു. എന്നാല്‍ കോഹ്ലിയുടെ കളി അധികം കണ്ടിട്ടിന്ന് പറഞ്ഞ് ധോണിയും കിര്‍സ്റ്റനും എന്റെ നിര്‍ദേശത്തെ എതിര്‍ത്തു’ വെംഗ്സര്‍ക്കാര്‍ പറയുന്നു.
‘കോഹ്ലിയുടെ കളി ഞാന്‍ നേരിട്ടു കണ്ടിട്ടുള്ളതാണെന്നും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും ശക്തമായി വാദിച്ചെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ എസ് ബദരീനാഥിനെ ടീമില്‍ നിലനിര്‍ത്താനായിരുന്നു അവര്‍ക്ക് താല്പര്യം. കോഹ്ലി വന്നാല്‍ സ്വാഭാവികമായും ബദരീനാഥ് പുറത്താവും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ ശ്രീനിവാസനായിരുന്നു അന്ന് ബിസിസിഐ ട്രഷറര്‍. ബദരീനാഥിനെ തഴയുന്നതില്‍ ശ്രീനിവാസന് അസ്വസ്ഥനായിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് ബദരീനാഥിനെ ഒഴിവാക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു.
കോഹ്ലി അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ ടീമിലെടുക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ഞാന്‍ ശ്രീനിവാസനോട് പറഞ്ഞു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ 800 റണ്‍സിലധികം സ്കോര്‍ ചെയ്ത ബദരീനാഥിനെ ഒഴിവാക്കാനാവില്ലെന്നായിരുന്നു ശ്രീനിവാസന്റെ നിലപാട്.
ബദരിനാഥിന് ഇനിയും അവസരം ലഭിക്കുമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ക്ക് 29 വയസായി ഇനി എപ്പോഴാണ് അവസരം ലഭിക്കുക എന്നാണ് ശ്രീനിവാസന് ചോദിച്ചത്. എന്നാല്‍ അവസരം ലഭിക്കും എപ്പോഴാണെന്ന് പറയാനാവില്ലെന്നായിരുന്നു എന്റെ മറുപടി.
അടുത്ത ദിവസം ശ്രീനവാസന് കൃഷ്ണമാചാരി ശ്രീകാന്തിനെയും കൊണ്ട് അന്ന് ബിസിസിഐ പ്രസിഡന്റായിരുന്ന ശരദ് പവാറിനെ കണ്ടു. അതോടെ എന്റെ സെലക്ഷന് കമ്മിറ്റി ചെയര്മാന് സ്ഥാനവും തെറിച്ചു. ശ്രീകാന്ത് സെലക്ഷന് കമ്മിറ്റി ചെയര്‍മാനുമായി-വെംഗ്സര്‍ക്കാര്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കേണ്ടതാണ് വെംഗ്സര്‍ക്കാരിന്റെ ഈ വെളിപ്പെടുത്തല്‍
ലോകത്തിലെ ഏറ്റവും മികച്ച ക്ഷീരകര്‍ഷകരുള്ള രാജ്യങ്ങളില്‍ ഒന്നാണ് നെതര്‍ലന്‍ഡ്. ചെറിയ രാജ്യമായിരുന്നിട്ടു കൂടി പാലിന്റെയും പാലുത്പന്നങ്ങളുടെയും കയറ്റുമതിയില്‍ ലോകത്ത് അഞ്ചാം സ്ഥാനമാണ് നെതര്‍ലന്‍ഡിനുള്ളത്. അതേ രാജ്യം തന്നെയാണ് ചാണകം കാരണം പ്രതിസന്ധിയിലായിരിക്കുന്നത്.
18 ലക്ഷം പശുക്കളാണ് നെതര്‍ലാന്‍ഡിലുള്ളത്. ഇന്ധനമായോ മറ്റേതെങ്കിലും രീതിയിലോ ചാണകം വീണ്ടും ഉപയോഗിക്കാന്‍ രാജ്യം ശ്രമിക്കാത്തതാണ് പ്രശ്നമായിരിക്കുന്നത്.
ഫാമുകളില്‍ ചാണകം കുമിഞ്ഞു കൂടിയിരിക്കുകയാണ്. ഇതോടെ മറ്റൊരു മാര്‍ഗവുമില്ലാതെ ചാണം അനധികൃതമായി പുറന്തള്ളുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. എന്നാല്‍ ഇതോടെ ഫോസ്ഫറസ് മൂലം ഭൂഗര്‍ഭ ജലമലിനീകരണം വ്യാപകമാവുകയും അമോണിയ വര്‍ധിച്ചതിലൂടെ വായുമലിനീകരണം ഉയരുകയും ചെയ്യുകയാണ്. ഫോസ്ഫറസിന്റെയും അമോണിയയുടെയും നിയന്ത്രണത്തിനായി യൂറോപ്യന്‍ യൂണിയന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം രാജ്യത്ത് ലംഘിക്കപ്പെട്ടു കഴിഞ്ഞു.
പ്രശ്നം ഗുരുതരമാകുമെന്ന് ഉറപ്പായതോടെ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ചില നിര്‍ദ്ദേശങ്ങള്‍ നെതര്‍ലന്‍ഡിന് മുന്നില്‍ വച്ചിരിക്കുകയാണ്. രാജ്യത്തെ പശുക്കളുടെ എണ്ണത്തില്‍ 10 വര്‍ഷത്തിനുള്ളില്‍ 40 ശതമാനം കുറവു വരുത്തണമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാന നിര്‍ദ്ദേശം. ഈ സമയം കൊണ്ടു തന്നെ പശുക്കളുടെ ചാണകം സംസ്കരിച്ച് വിവിധ രീതിയില്‍ പുനരുപയോഗം ചെയ്യാന്‍ രാജ്യം തയ്യാറാകണമെന്നും വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് പറയുന്നു.
ന്യൂഡല്‍ഹി: ഹാദിയ-ഷെഫിന് ജഹാന് വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്ക്കി. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും ഹാദിയക്ക് പഠനവുമായി മുന്നോട്ട് നീങ്ങാമെന്നും കോടതി വ്യക്തമാക്കി. ഷെഫിന് ജഹാനുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ നിയമവശം മാത്രം പരിഗണിച്ച കോടതി വിവാഹം നിയമപരമാണെന്ന് വിധിക്കുകയായിരുന്നു.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ രണ്ടുപേരുടെ വിവാഹം റാദ്ദാക്കാന്‍ കഴിയുമോയെന്നാണ് കോടതി പരിശോധിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ഷെഫിന് ജഹാന് നല്കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. നവംബര്‍ 27ന് കോടതി ഹാദിയയെ നേരിട്ട് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ഇതിനു ശേഷമാണ് സേലത്തെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ തുടര്‍ പഠനത്തിനായി ഹാദിയയെ അയക്കാന്‍ കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ മേയ് 24-നാണ് ഹാദിയയുടെയും ഷെഫിന് ജഹാന്റെയും വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. ഹാദിയയുടെ പിതാവ് അശോകന് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു നടപടി. നിര്‍ബന്ധിച്ച് മതം മാറ്റിയെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം അയക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
തളിപ്പറമ്പില്‍ ഗാന്ധി പ്രതിമയ്ക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതി പിടിയിലായി. പരിയാരം സ്വദേശിയായ ദിനേശന്(42) ആണ് പിടിയിലായത്. ഇയാള്‍ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു. ഇരിങ്ങലിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്, കഴിഞ്ഞ രണ്ടുമാസമായി മാനസികരോഗത്തിന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.വ്യാഴാഴ്ച രാവിലെയോടെയാണ് താലൂക്ക് ഓഫീസിന് മുന്നിലുള്ള പ്രതിമ ആക്രമിക്കപ്പെട്ടത്. പ്രതിമയില്‍ ചാര്‍ത്തിയിരുന്ന കണ്ണടയും മാലയും നശിപ്പിച്ചു.
നിരവധിയാളുകള്‍ നോക്കിനില്ക്കവെ കാവിമുണ്ട് ധരിച്ചെത്തിയ ഇയാള്‍ പ്രതിമയുടെ കണ്ണട അടിച്ച് തകര്‍ക്കുകയും മാല വലിച്ചുപൊട്ടിച്ച് പ്രതിമയുടെ മുഖത്തടിച്ചശേഷം ഓടിപ്പോകുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ ഇയാളുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയത് പോലീസിന് കൈമാറിയിരുന്നു. ഇതുപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.ത്രിപുരയില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രതിമകള്‍ വ്യാപകമായി തകര്‍ത്തിരുന്നു. പിന്നാലെ തമിഴ് നാട്ടില്‍ പെരിയാറുടെ പ്രതിമയും ബിജെപി തകര്‍ത്തു. ഇതിന്റെ ഭാഗമായാണോ തളിപ്പറമ്പിലെ അക്രമവും എന്ന് സംശയിച്ചിരുന്നു.
ഈ പഴത്തില്‍ ലിസെറ്ററിയ എന്ന ബാക്ടീരിയയുടെ സാന്നിധ്യം കണ്ടതിനെ തുടര്‍ന്നാണ് ഈ റിപ്പോര്‍ട്ട്. പഴം കഴിച്ച മൂന്നുപേര്‍ ബാക്ടീരിയ ബാധയെ തുടര്‍ന്നു മരണപ്പെടുകയുണ്ടായി. 12 പേരില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെന്നും അന്തരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നടപടി. ഇത്തരം പഴങ്ങള്‍ പൊതുജനങ്ങള്‍ ഭക്ഷിക്കരുത് എന്നും മുന്നറിയിപ്പുണ്ട്. ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഷമാം പഴത്തിന് (റോക്ക് മെലണ്‍, സ്വീറ്റ് മെലണ്‍) യു എ ഇ യില്‍ വിലക്ക്. ഇവ യു എ ഇ വിപണിയില്‍ നിന്നും പിന്‍വലിക്കാനും നീക്കം ചെയ്യാനും യു എ ഇ കാലാവസ്ഥ വ്യതിയാന പാരിസ്ഥിതിക വകുപ്പാണ് ഉത്തരവിട്ടത്.
പുരസ്കാരം അന്തരിച്ച സംവിധായകന് രാജേഷ് പിള്ളയ്ക്ക് സമര്‍പ്പിക്കുന്നുവെന്ന് നടി പാര്‍വതി. രാജേഷ് പിള്ളയുടെ ഓര്‍മയിലാണ് മഹേഷ് നാരായണന്റെ ടേക്ക് ഓഫ് ഒരുങ്ങിയത്. കൂടുതല്‍ ഉത്തരവാദിത്തവും ഉല്‍സാഹവും തോന്നുന്നുവെന്നായിരുന്നു മികച്ച നടനായി തിരഞ്ഞെടുത്ത ഇന്ദ്രന്‍സിന്റെ പ്രതികരണം. അവാര്‍ഡ് വൈകിയോ എന്ന ചോദ്യത്തിന് താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്നായിരുന്നു താരത്തിന്റെ മറുപടി. ഞാൻ സ്വപ്നം കാണുന്നത് നസ്റുദ്ദീന്‍ ഷായെ പോലുള്ള കഥാപാത്രങ്ങളാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മലയാളസിനിമയുടെ നല്ലകാലം തിരിച്ചുവരുന്നതിന്റെ സൂചനയാണിതെന്ന് അലന്‍സിയര്‍ പ്രതികരിച്ചു.
അവാര്‍ഡുകള്‍ ഇങ്ങനെ
2017 ലെ മികച്ച മലയാള സിനിമ ‘ഒറ്റമുറി വെളിച്ചം’. മികച്ച നടന് ഇന്ദ്രന്‍സാണ്, ചിത്രം ആളൊരുക്കം, നടി പാര്‍വതി, ചിത്രം ടേക്ക് ഓഫ്. ലിജോ ജോസ് പെല്ലിശേരിയാണ് മികച്ച സംവിധായകന്, ചിത്രം – ഈ.മ.യൗ.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന് ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയര്‍ മികച്ച സ്വഭാവ നടനായി. മാസ്റ്റര്‍ അഭിനന്ദ്, നക്ഷത്ര എന്നിവരാണ് ബാലതാരങ്ങള്‍.
ക്യാമറമാന് മനേഷ് മാധവ്. സജീവ് പാഴൂരാണ് മികച്ച തിരക്കഥാകൃത്ത് , ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. സംഗീതസംവിധായകന് – എം.കെ.അര്ജുനന്. മികച്ച ഗാനരചന; പ്രഭാവര്‍മ.
പശ്ചാത്തലസംഗീതം – ഗോപി സുന്ദര്‍. ഗായകന് – ഷഹബാസ് അമന്. ഗായിക – സിതാര കൃഷ്ണകുമാര്‍. ടി.വി.ചന്ദ്രന് അധ്യക്ഷനായ ജൂറിയുടെ തിരഞ്ഞെടുത്ത് പുരസ്ക്കാരങ്ങള്‍ പ്രഖ്യപിച്ചത് മന്ത്രി എ.കെ.ബാലനാണ്
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയമികവിന് ഇന്ദ്രന്‍സിനാണ് മികച്ച നടനുള്ള പുരസ്കാരം. ടേക്ക്ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാര്‍വതി മികച്ച നടിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി. രാഹുല്‍ ജി. നായര്‍ സംവിധാനം ചെയ്ത ഒറ്റമുറിവെളിച്ചമാണ് ഏറ്റവും മികച്ച ചിത്രം. ഇ.മ.യൗ എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു.
അലന്‍സിയര്‍ ആണ് മികച്ച സ്വഭാവനടന്‍ മികച്ച സ്വഭാവനടിയായി ഈമയൗവിലെ അഭിനയത്തിന് മോളി വത്സന് തെരഞ്ഞെടുക്കപ്പെട്ടു. രക്ഷാധികാരി ബൈജുവാണ് ജനപ്രിയ ചിത്രം. ഏദന്‍ ആണ് മികച്ച രണ്ടാമത്തെ ചിത്രം. ഭയാനകം എന്ന ചിത്രത്തിലൂടെ എം.കെ.അര്ജുനന് മികച്ച സംഗീതസംവിധായകനായി. മായാനദിയിലെ ഗാനത്തിലൂടെ ഷഹബാസ് അമന് മികച്ച ഗായകനും വിമാനത്തിലെ പാട്ടിലൂടെ സിതാര കൃഷ്ണകുമാര്‍ മികച്ച ഗായികയുമായി. ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ സംവിധായകനായ മഹേഷ് നാരായണനാണ് മികച്ച നവാഗത സംവിധായകന്.
മന്ത്രി എ.കെ.ബാലനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ടി.വി.ചന്ദ്രന്റെ അധ്യക്ഷതയിലുള്ള പുരസ്കാര നിര്‍ണ്ണയ ജൂറിക്കു മുന്നില്‍ 110 ചിത്രങ്ങള്‍ പരിഗണനയ്ക്കു വന്നു. ഇവയില്‍ 58 ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതായിരുന്നു.
ലണ്ടന്‍: യൂറോപ്യന്‍ വ്യോമമേഖലയുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഉപഗ്രഹ സഹായത്തോടെയുള്ള പദ്ധതി വരുന്നു. ഇതിനായി യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍മര്‍സാറ്റ് കമ്പനിയും കൈകോര്‍ക്കും. ഐറിസ് പ്രോഗ്രാം എന്ന പദ്ധതിയിലൂടെ എയര്‍ ട്രാഫിക് കണ്ട്രോളര്മാര്ക്ക് സുരക്ഷിതമായ പാതകളിലൂടെ വിമാനങ്ങളെ നയിക്കാനുള്ള ശേഷി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ വിഎച്ച്എഫ് റേഡിയോ വോയ്സ് മെസേജുകളിലൂടെയാണ് നിയന്ത്രണം സാധ്യമാക്കുന്നത്. സമീപഭാവിയില്‍ തന്നെ ഇത് പരമാവധി ശേഷിയിലെത്തുമെന്നാണ് കരുതുന്നത്.
വരും ദശകങ്ങളില്‍ വ്യോമഗതാഗതം വര്‍ദ്ധിക്കുന്നതനുസരിച്ച് കൂടുതല്‍ ശക്തവും ആധുനികവുമായ സാങ്കേതിക വിദ്യകള്‍ നിയന്ത്രണത്തിനായി ആവശ്യമായി വരും. പ്രതിവര്‍ഷം 5 ശതമാനം എന്ന നിരക്കിലാണ് ആഗോളതലത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നത്. യൂറോപ്യന്‍ മാര്‍ക്കറ്റിലാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതെന്നതും പുതിയ രീതികള്‍ തേടാനുള്ള പ്രേരണയായിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഐറിസ് കൂടുതലായി ഉപയോഗിച്ച് തുടങ്ങും.
എയര്‍ട്രാഫിക് കണ്ട്രോളര്മാര്ക്കും കോക്പിറ്റിനുമിടയിലെ സന്ദേശങ്ങളുടെ വേഗം വര്‍ദ്ധിപ്പിക്കുക, സഞ്ചാരപഥത്തിന്റെ ഫോര്‍ ഡയമെന്‍ഷണല്‍ മാനേജ്മെന്റ് സാധ്യമാക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഗ്രഹ സഹായത്തോടെയുള്ള ഗതാഗതം സാധ്യമാകുന്നതിലൂടെ കൂടുതല്‍ കൃത്യതയുള്ള നിയന്ത്രണം നേടാന്‍ കഴിയുമെന്നാണ് ഇന്‍മര്‍സാറ്റ് അറിയിക്കുന്നത്. കുറച്ചു വര്‍ഷങ്ങളായി ഐറിസില്‍ ഗവേഷണങ്ങള്‍ നടന്നു വരികയായിരുന്നു. ചെറിയ പരീക്ഷണ വിമാനങ്ങളില്‍ മാത്രമാണ് ഇത് ഉപയോഗിച്ചിരുന്നത്.
അടുത്ത ഘട്ടമായി കൂടുതല്‍ വിമാനങ്ങളില്‍ ഈ സാങ്കേതികത ഉപയോഗിക്കും. ഇതിനായി യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ഇന്‍മര്‍സാറ്റുമായി 42 മില്യന്‍ യൂറോയുടെ കരാറിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇന്‍മര്‍സാറ്റിന്റെ എല്‍-ബാന്‍ഡ് ഉപഗ്രഹ നെറ്റ്വര്‍ക്കിലൂടെയായിരിക്കും സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുക. ഇത് വിജയകരമായാല്‍ 2020 മുതല്‍ ഐറിസ് വ്യാപകമായി ഉപയോഗിക്കാനാണ് പദ്ധതി.
ലണ്ടന്‍: വിന്ററില്‍ നേരിട്ട കടുത്ത ജലക്ഷാമത്തിന് കുടിവെള്ള കമ്പനികള്‍ മിനിമം നഷ്ടപരിഹാരത്തേക്കാള്‍ കൂടുതല്‍ തുക ഉപഭോക്താക്കള്‍ക്ക് നല്‍കണമെന്ന് എന്‍വയണ്‍മെന്റ് ആന്‍ഡ് റൂറല്‍ അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് മന്ത്രി തെരേസ കോഫി. പ്രധാന പൈപ്പ്ലൈനുകള് ഉള്‍പ്പെടെ വിന്ററില്‍ തകരുകയും കടുത്ത ശൈത്യത്തില്‍ കുടിവെള്ള വിതരണം നിലക്കുകയും ചെയ്തിരുന്നു. 48 മണിക്കൂറോളം ജലവിതരണം നിലച്ചതിനാല്‍ ഉപഭോക്താക്കള്‍ക്ക് കമ്പനികള്‍ 20 പൗണ്ടെങ്കിലും നഷ്ടപരിഹാരമായി നല്‍കണമെന്നും ഓരോ അധിക 24 മണിക്കൂറിനും 10 പൗണ്ട് അധികമായി നല്‍കണമെന്നും അവര്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.
നാല് ദിവസത്തോളം ജലവിതരണം മുടങ്ങിയതിനാല്‍ നവജാത ശിശുക്കളുടെയും അസുഖബാധിതരായ കുട്ടികളുടെയും പ്രായമായവരുടെയും കാര്യമാണ് അവതാളത്തിലായതെന്ന് ഡോ.കോഫി പറഞ്ഞു. ജലവിതരണം മുടങ്ങിയതോടെ സ്കൂളുകളും കടകളും അടച്ചിടേണ്ടതായി വന്നു. ലണ്ടന്‍, യോര്‍ക്ക്ഷയര്‍, ഹേസ്റ്റിംഗ്സ് തുടങ്ങിയ പ്രദേശങ്ങളില്‍ പോലും കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. കുപ്പിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിഷയത്തില്‍ അടിയന്തര അന്വേഷണം നടത്തണമെന്ന് എംപിമാരും ലോക്കല്‍ കൗണ്‍സില്‍ അംഗങ്ങളും ആവശ്യമുന്നയിച്ചിരുന്നു. സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് എത്തിക്കഴിഞ്ഞാല്‍ കമ്പനികളുടെ പ്രവര്‍ത്തനത്തേക്കുറിച്ച് റെഗുലേറ്ററായ ഓഫ്വാറ്റ് വിലയിരുത്തല്‍ നടത്തണമെന്നും കോഫി ആവശ്യപ്പെട്ടു.