Latest News

തമിഴ്‌നാട്ടിലെ ബിജെപി പുതിയ വിവാദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഭരണം പിടിക്കുക എന്നത് ബിജെപി വളരെക്കാലമായി ലക്ഷ്യമിടുന്നതാണ്. ഭരണകക്ഷിയായ പളനിസ്വാമിയുടെ എഐഎഡിഎംകെ മോദിയോട് നേരത്തെ തന്നെ വിധേയത്വം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നലത് മതിയാവില്ല തമിഴര്‍ ബിജെപിയെ സ്വീകരിക്കാന്‍. കാരണം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കടുത്ത വികാരം തമിഴര്‍ക്കിടയിലുണ്ട്. എരിതീയിൽ എണ്ണയൊഴിക്കുകയാണ് പെരിയാര്‍ പ്രതിമ തകര്‍ക്കുമെന്നതടക്കമുള്ള ഭീഷണി കൊണ്ട് ബിജെപി ചെയ്തത്. ഇതാ അടുത്ത വിവാദത്തിനു തിരി കൊളുത്തിയിരിക്കുന്നു

നടന്‍ ആര്യയുടെ വിവാഹത്തിനുള്ള റിയാലിറ്റി ഷോ ആയ എങ്ക വീട്ട് മാപ്പിളൈ, വിജയ് ടിവിയിലെ റിയാലിറ്റി ഷോ ആയ കലക്ക പോവത് യാര് എന്നിവയ്‌ക്കെതിരെ ബിജെപി രംഗത്ത് വന്നിരിക്കുകയാണ്.

നടന്‍ ആര്യയ്ക്ക് വധുവിനെ കണ്ടെത്തുന്നതിനായുള്ള റിയാലിറ്റി ഷോയാണ് എങ്ക വീട്ട് മാപ്പിളൈ. 16 പെണ്‍കുട്ടികള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ആള്‍ ആര്യയുടെ വധുവാകും. ഈ റിയാലിറ്റി ഷോ നേരത്തെ തന്നെ വിവാദങ്ങളില്‍ അകപ്പെട്ടതാണ്.

വിവാഹത്തെ പോലെ വ്യക്തി ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം പോലും കച്ചവടമാക്കുന്നു എന്നതാണ് പരിപാടിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. കളേഴ്‌സ് ചാനല്‍ സംപ്രേഷണം ചെയ്യുന്ന ഈ റിയാലിറ്റി ഷോയ്ക്ക് എതിരെ തമിഴ്‌നാട്ടിലെ ബിജെപി ഉന്നയിക്കുന്ന ആരോപണം ഗുരുതരമാണ്.

ആര്യയുടെ വധുവിനെ തേടിയുള്ള റിയാലിറ്റി ഷോ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. തമിഴിലെ പ്രമുഖ നടിയും ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി പങ്കെടുത്ത പരിപാടിയുടെ എപ്പിസോഡിന് എതിരെയാണ് ലൗ ജിഹാദ് ആരോപണവുമായി തമിഴ്‌നാട്ടിലെ ബിജെപി രംഗത്ത് വന്നിരിക്കുന്നത്.

ജന്മം കൊണ്ട് മലയാളിയായ ആര്യ കാസര്‍കോട്ടെ ഒരു മുസ്ലീം കുടുംബത്തില്‍ നിന്നുള്ള ആളാണ്. യഥാര്‍ത്ഥ പേര് ജംഷാദ് എന്നാണ്. സിനിമാ താരമായപ്പോഴാണ് ജംഷാദ് ആര്യയായത്. ഈ പശ്ചാത്തലത്തില്‍ വരലക്ഷ്മി മത്സരാര്‍ത്ഥികളില്‍ ചിലരോട് ചോദിച്ച ചോദ്യമാണ് ബിജെപി ലൗ ജിഹാദ് എന്ന പേരില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്.

വരലക്ഷ്മി ചോദിച്ചത്, വിവാഹം കഴിക്കുന്നതിന് മതം മാറാന്‍ ആര്യ ആവശ്യപ്പെട്ടാല്‍ അതിന് തയ്യാറാകുമോ എന്നാണ്. മത്സരാര്‍ത്ഥികളായ ചില യുവതികള്‍ ഇസ്ലാം മതം സ്വീകരിക്കാന്‍ തയ്യാറാണെന്ന് തന്നെ പ്രതികരിച്ചു. എന്നാല്‍ ചിലര്‍ അല്ലെന്ന തരത്തിലും പ്രതികരിച്ചു.

ഈ എപ്പിസോഡിന് എതിരെയാണ് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ രംഗത്ത് വന്നിരിക്കുന്നത്. ഈ റിയാലിറ്റി ഷോ ലൗ ജിഹാദാണ് എന്ന് ആരോപിക്കുന്ന ട്വീറ്റിനെ പിന്തുണച്ച് കൊണ്ടാണ് രാജയുടെ ട്വീറ്റ്. മതത്തെക്കുറിച്ച് തങ്ങള്‍ ചോദിച്ചാല്‍ വര്‍ഗിയത, ഇത് നാണക്കേടാണ് എന്നാണ് എച്ച് രാജ ട്വീററ് ചെയ്തിരിക്കുന്നത്.

പാലത്തില്‍ നിന്ന് ചാലിയറിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം അരീക്കോട് വടക്കുംമുറി തെറ്റാലിമ്മല്‍ കരീമിന്റെ മകന്‍ ഇജാസ് ആണ് അരീക്കോട് പാലത്തിന്റെ മുകളില്‍ നിന്നു പുഴയിലേക്ക് ചാടിയത്. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. ഇജാസ്‌ന്റെ ബൈക്കും കണ്ണടയും പാലത്തിനു സമീപത്തു കണ്ടെത്തി. പൊലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരുടെയും തിരച്ചിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ഹസിൻ ജഹാൻ. ഗാർഹിക പീഡനവും അവിഹിത ബന്ധവും ആരോപിച്ച് ടെലിവിഷൻ ചാനലിന് അഭിമുഖം നൽകിയതിന് തൊട്ടുപിന്നാലെ ഫെയ്സ്ബുക്കിൽ അക്കൗണ്ടിൽ ഷമി നടത്തിയ രഹസ്യചാറ്റിന്റെ സ്ക്രീൻഷോട്ടും ഫോട്ടോകളും പുറത്തുവിട്ടു. ഹസിൻ ജഹാൻ തന്നെയാണ് തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ തെളിവുകൾ പുറത്തു വിട്ടത്. സംഭവം വിവാദമായതോടെ ഫെയ്സ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹസിന്‍ ജഹാന്‍ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്.

രാജ്യത്തിന്റെ പലഭാഗത്തുളള സ്ത്രീകളുമായി ഷമിക്ക് വഴിവിട്ട ബന്ധങ്ങളുണ്ടെന്ന് ഹസിൻ ജഹാൻ ആരോപിച്ചു. മുഹമ്മദ് ഷമിയിൽ നിന്ന് ശാരീരികമായും മാനസികമായും താൻ കടുത്ത പീഡനം നേരിടുന്നുണ്ടെന്നും ഹസിൻ ജഹാൻ പറഞ്ഞു. ഷമിയുടെ കാറിൽ നിന്ന് ലഭിച്ച ഫോണിൽ നിന്നാണ് തനിക്ക് ഈ രഹസ്യ ചാറ്റുകൾ ലഭിച്ചത്. രണ്ട് വർഷത്തിലേറേയായി ഗാർഹിക പീഡനത്തിന്റെ ഇരയാണ് ഞാൻ. ഷമിയുടെ കുടുംബാംഗങ്ങളിൽ നിന്നും മർദനമേൽക്കാറുണ്ട്. അതിക്രുരമായ മർദനത്തിന് പലപ്പോഴും താൻ ഇരയാകാറുണ്ടെന്നും ഹസിൻ ജഹാൻ പറഞ്ഞു.

പുലർച്ചെ മൂന്നുമണിവരെ പല ദിവസങ്ങളിലും അവരെന്നെ ക്രൂരമായി മർദ്ദിച്ചു. കൊല്ലണമെന്ന പ്രതികാര ബുദ്ധിയോടെയാണ് പലപ്പോഴും അവർ പെരുമാറിയിരുന്നതെന്നും ഹസിൻ ജഹാൻ പറഞ്ഞു. എന്നെങ്കിലും ഈ കൊടിയ പീഡനങ്ങൾക്ക് അറുതിയുണ്ടാകുമെന്ന് കരുതിയാണ് പരാതി നൽകാതിരുന്നതെന്നും അവർ പറഞ്ഞു. പക്ഷേ അത് ഇപ്പോഴും തുടരുകയാണ്. അതിനിടെയാണ് നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്ന വിവരം ലഭിച്ചതെന്നും ഭാര്യ പറയുന്നു. പൊലീസുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഉടൻ പരാതി നൽകാനാണ് തീരുമാനം.
പാക്കിസ്ഥാനി സ്വദേശിയെ ഷമി രഹസ്യമായി വിവാഹം ചെയ്തുവെന്നും സൗത്ത് ആഫ്രിക്കൻ ടൂർ കഴിഞ്ഞു മടങ്ങുന്ന വഴി അവരെ ഷമി സന്ദർശിച്ചുവെന്നും ഹസിൻ ജഹാൻ പറഞ്ഞു. ധർമശാലയിലേയ്ക്ക് തന്നെ കൂടി കൊണ്ടു പോകാൻ പലവട്ടം യാചിച്ചുവെന്നും എന്നാൽ ഷമി അത് കേട്ടില്ലെന്നും ഹസിൻ ജഹാൻ ആരോപിക്കുന്നു.

കുല്‍ദീപ് എന്ന വ്യക്തിയാണ് ഷമിക്ക് സ്ത്രീകളെ എത്തിക്കുന്നതെന്നും ഭാര്യ പറയുന്നു. എന്നാൽ മുഹമ്മദ് ഷമി ഈ ആരോപണങ്ങളെല്ലാം തളളിക്കളഞ്ഞു. തന്നെയും കുടുംബത്തെയും അപമാനിക്കാനും സമൂഹമധ്യത്തിൽ തന്നെ താറടിക്കാനുളള ശ്രമമാണെന്ന് മുഹമ്മദ് ഷമി സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.
ഹിജാബ് ധരിക്കാതെ ഷമിയുടെ ഭാര്യ ഫോട്ടോയ്ക്ക് പോസ് ചെയ്തതിനെതിരെ വന്ന വിമര്‍ശനങ്ങൾക്ക് മറുപടി നൽകി സമൂഹമാധ്യമങ്ങളിൽ താരമായ ഷമിയുടെ പ്രതിച്ഛായയാണ് ഈ വിവാദത്തോടെ തകർന്നടിഞ്ഞത്. ഷമിയുടെ ഭാര്യ ഹിജാബ് ധരിച്ചില്ലെന്നും കയ്യില്ലാത്ത വസ്ത്രം ഇട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യരുതായിരുന്നെന്നും ആരോപിച്ചായിരുന്നു ഷമിയ്ക്ക് നേരേ സൈബർ ആക്രമണം ഉണ്ടായത്. ഭാര്യയും മകളും തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും എന്ത് ചെയ്യാമെന്നും ചെയ്തു കൂടെന്നും തനിക്കു നന്നായി അറിയാമെന്നും ഷമി അന്ന് ട്വീറ്റ് ചെയ്തിരുന്നു.

ന്യൂസ് ഡെസ്ക്

കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വൻ അഗ്നിബാധ. മദർ ആൻഡ് ബേബി യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്. എട്ട് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള പരിശ്രമം തുടരുകയാണ്. വൽസ് ഗ്രേവ് സൈറ്റിലെ ബിൽഡിംഗിന്റെ മുകളിലെ നിലയിൽ നിന്നാണ് പുക ഉയരുന്നത്. മറ്റേണിറ്റി യൂണിറ്റിലെ ബോയിലർ റൂമിൽ നിന്നാണ് തീ പൊട്ടിപ്പുറപ്പെട്ടതെന്നാണ് ദൃസാക്ഷികൾ പറയുന്നത്. മറ്റേണിറ്റി വാർഡ് അടിയന്തിരമായി ഒഴിപ്പിച്ചതായാണ് റിപ്പോർട്ട്. സ്പെഷ്യൽ ആംബുലൻസ് യൂണിറ്റുകളും സ്ഥലത്ത് എത്തിയിട്ടുണ്ട്.

ഹൈഡ്രോളിക് പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഫയർ സർവീസ് തീയണയ്ക്കാൻ ശ്രമിക്കുന്നത്. രാവിലെ ഒൻപതു മണിയോടെയാണ് അഗ്നിബാധയുണ്ടായത്. ആർക്കെങ്കിലും തീപിടുത്തത്തിൽ പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ വെസ്റ്റ് വിംഗിലാണ് അഗ്നിബാധയുണ്ടായത് എന്ന് ഹോസ്പിറ്റൽ സ്റ്റേറ്റ്മെൻറിൽ അറിയിച്ചു. കുറെ രോഗികളെ അഗ്നിബാധയുണ്ടായ ബിൽഡിംഗിൽ നിന്ന് സുരക്ഷിതമായ മറ്റു ഭാഗങ്ങളിലേയ്ക്ക് മാറ്റിയതായും അധികൃതർ പറഞ്ഞു.

തിരുവനന്തപുരം: ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ടു. ഹൈക്കോടതിയാണ് കേസ് സിബിഐക്ക് കൈമാറിയത്. അന്വേഷണത്തില്‍ കടുത്ത അതൃപ്തി അറിയിച്ച ജസ്റ്റിസ് കെമാല്‍ പാഷ കേസില്‍ കേരള പോലീസ് ഇനി ഒന്നും ചെയ്യേണ്ടെന്ന് പറഞ്ഞിരുന്നു. കേസ് സിബിഐക്ക് വിടേണ്ടെന്ന സര്‍ക്കാര്‍ വാദത്തെയും കോടതി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ എതിര്‍വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ നടപടി.

വാദത്തിനിടെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ ഗൂഢാലോചന പുറത്തുവന്ന ചരിത്രമുണ്ടോ എന്നും കോടതി ചോദിച്ചിരുന്നു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. ഷുഹൈബിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഷുഹൈബ് വധത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നായിരുന്നു സര്‍ക്കാര്‍ ബോധിപ്പിച്ചത്.

സംഭവം നടന്ന് ഒരു മാസത്തിനുള്ളില്‍ സിബിഐയെ അന്വേഷണം ഏല്‍പ്പിച്ചിരിക്കുകയാണെന്ന് പറഞ്ഞ കോടതി ഇനി ഒഴികഴിവുകള്‍ക്ക് സ്ഥാനമില്ലെന്നും വ്യക്തമാക്കി. ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയത് യുഎപിഎ ചുമത്താന്‍ കഴിയുന്ന കുറ്റമാണെന്നും കോടതി പറഞ്ഞു. കേസിന്റെ ഫയലുകള്‍ ഉടന്‍ തന്നെ സിബിഐക്ക് കൈമാറണമെന്നും ആവശ്യമാണെങ്കില്‍ അന്വേഷണം ആദ്യം മുതല്‍ തുടങ്ങാമെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.

തിരുവനന്തപുരം: അഭയ കേസില്‍ രണ്ടാം പ്രതിയായ ഫാ. ജോസ് പൂതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. പ്രത്യേക സിബിഐ കോടതിയാണ് പൂതൃക്കയിലിനെ ഒഴിവാക്കി ഉത്തരവിട്ടത്. അതേസമയം ഒന്നാം പ്രതി ഫാ. തോമസ് എം.കോട്ടൂര്‍, മൂന്നാം പ്രതി സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

പുതൃക്കയിലിനെതിരെ തെളിവുകളില്ല എന്ന നീരീക്ഷണം ശരിവെച്ചാണ് കോടതിയുടെ നടപടി. മറ്റു പ്രതികള്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ വിചാരണ മാര്‍ച്ച് 14ന് ആരംഭിക്കും. 2008 നവംബറിലാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. 2009 ജൂലൈയില്‍ ഇവര്‍ക്കെതിരായ കുറ്റപത്രം സമര്‍പ്പിച്ചു.

1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചെങ്കിലും ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണങ്ങള്‍ എത്തിച്ചേര്‍ന്നത്. ക്രൈംബ്രാഞ്ച് കേസ് അട്ടിമറിച്ചെന്നാരോപിച്ച് ഹൈക്കോടതിയില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്.

കഴിഞ്ഞ ഏഴ് വര്‍ഷമായി കേസില്‍ വിചാരണ നടപടികള്‍ നടന്നിരുന്നില്ല. 2011 മാര്‍ച്ച് 16-ന് മൂന്നുപ്രതികളും പ്രത്യേക സി.ബി.ഐ. കോടതിയില്‍ വിടുതല്‍ഹര്‍ജി ഫയല്‍ ചെയ്തു. കഴിഞ്ഞ മാസം കോടതി മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ നാലാംപ്രതിയാക്കി ചേര്‍ത്തിരുന്നു. തെളിവു നശിപ്പിച്ചു എന്ന കുറ്റമാണ് മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്. സിബിഐ പട്ടികയില്‍ മൈക്കിള്‍ ഉള്‍പ്പെട്ടിരുന്നില്ല.

ടോം ജോസ് തടിയംപാട്

ഇംഗ്ലണ്ടിലെ 17 വയസില്‍ താഴെയുള്ള കുട്ടികളുടെ വോളിബോള്‍ ദേശീയ ടിമില്‍ കളിക്കാന്‍ ഒരു മലയാളികുട്ടിക്ക് അവസരം കിട്ടിയെന്നുള്ളത് മലയാളികള്‍ക്ക് എല്ലാം തന്നെ അഭിമാനകരമാണ്. ബിനോയ് ജേക്കബ് മക്കോളില്‍, മിനി, ദമ്പതികളുടെ മകന്‍ നെവിന്‍ ബിനോയ്ക്കാണ് ഈ അസുലഭ നേട്ടം കൈവരിക്കാനായത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഈ കുടുംബം താമസിക്കുന്നത് ലണ്ടനിലെ എഡ്‌മെന്റണിലാണ്. ബ്രിട്ടീഷ് വോളിബോള്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരവസരം ഒരു ഇന്ത്യന്‍ കുട്ടിക്ക് ലഭിക്കുന്നതെന്ന് നെവിന്‍ ബിനോയ്ക്ക് കോച്ചിംഗ് കൊടുക്കുന്ന കോച്ചുമാര്‍ പറഞ്ഞു.

പഠനത്തിലും ക്രിക്കറ്റ്, റഗ്ബി, അത്‌ലറ്റിക്‌സ്, മുതലായ എല്ലാ സ്‌പോര്‍ട്‌സിലും വളരെ മുന്‍പിലായ നെവിന്‍ QE Grammar School North Londonലെ GCSE വിദ്യാര്‍ഥി കൂടിയാണ്. സ്‌കൂളില്‍ അപ്രതീക്ഷിതമായി വോളിബോള്‍ കളിയില്‍ പങ്കെടുത്തപ്പോള്‍ കണ്ടുനിന്ന വോളിബോള്‍ കോച്ച് നെവിന്റെ കഴിവ് തിരിച്ചറിഞ്ഞ് വോളിബോള്‍ കോച്ചിംഗിനു കഴിഞ്ഞ വര്‍ഷം അയക്കുകയായിരുന്നു. പിന്നിട് കടുത്ത ട്രെയിനിങ്ങിനു ശേഷമാണ് സെലക്ഷന്‍ ലഭിച്ചത്.

നെവിന്‍ ബിനോയുടെ കുടുംബം തന്നെ സ്‌പോര്‍ട്‌സുമായി വളരെ ബന്ധപ്പെട്ടു നില്‍ക്കുന്നു. നെവിന്റെ പിതാവ് ബിനോയ് ജേക്കബ് കോടഞ്ചേരി, വേനപ്പര ഹോളി ഫാമിലി ഹൈസ്‌കൂളിലെ ഫിസിക്കല്‍ എജ്യക്കേഷന്‍ ആധ്യാപകനായിരുന്നു. മകന് ഇംഗ്ലണ്ട് ടീമിന്റെ യുണിഫോം കിട്ടിയപ്പോള്‍ വലിയ സന്തോഷമാണ് അനുഭവപ്പെട്ടത് എന്ന് അദ്ദേഹം പറഞ്ഞു.

ബിനോ ഇപ്പോള്‍ കെറ്ററിങ്ങിലെ National coaching camp ല്‍ England’s national coach Luis Bellന് കീഴില്‍ പരിശിലനത്തിലാണ്. ബിനോയുടെ അമ്മ ലണ്ടന്‍ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. പിതാവ് ബിനോയ് ജേക്കബ് മക്കോളില്‍ ഇതേ ഹോസ്പിറ്റലില്‍ തന്നെ ജോലി ചെയ്യുന്നു.

ലണ്ടന്‍: അയല്‍ക്കാരുണ്ടാക്കുന്ന ശല്യത്തിനെതിരെ പരാതിപ്പെട്ട യുവതിക്ക് 107,397 പൗണ്ട് നഷ്ടപരിഹാരം നല്‍കാന്‍ വിധി. കെന്‍സിംഗ്ടണിലെ 1920കളില്‍ പണികഴിപ്പിച്ച കെട്ടിടത്തിലെ അപ്പാര്‍ട്ട്‌മെന്റില്‍ താമസക്കാരിയായ സാര്‍വെനാസ് ഫൗലാദി എന്ന 38കാരിയായ ബാങ്കര്‍ക്കാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി നല്‍കാന്‍ സെന്‍ട്രല്‍ ലണ്ടന്‍ കൗണ്ടി കോര്‍ട്ട് ഉത്തരവിട്ടത്. മുകള്‍ നിലയിലെ താമസക്കാരായ കുടുംബം സൃഷ്ടിക്കുന്ന ശബ്ദകോലാഹലങ്ങള്‍ തനിക്ക് ശല്യമായി മാറുന്നുവെന്ന് ഇവര്‍ കോടതിയെ അറിയിച്ചു. കുട്ടികളുടെ കളി മുതല്‍ പാത്രങ്ങള്‍ കഴുകുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം വരെ തന്റെ സമാധാനം നശിപ്പിക്കുകയാണെന്നും രാത്രി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലെന്നുമായിരുന്നു ഇവരുടെ പരാതി.

മുകള്‍ നിലയുടെ തറ തടിയില്‍ തീര്‍ത്തതായതിനാല്‍ ഈ നിലയില്‍ താമസിക്കുന്നവര്‍ എന്ത് ചെയ്താലും അത് താഴെ താമസിക്കുന്നവര്‍ക്ക് ശല്യമായി മാറും. ഫ്‌ളാറ്റിന്റെ തറ ഈ കുടുംബത്തിലെ കുട്ടികള്‍ കളിസ്ഥലമായാണ് ഉപയോഗിക്കുന്നതെന്നാണ് ഫൗലാദി പറയുന്നത്. ശബ്ദശല്യത്തിനെതിരെയാണ് മുകള്‍ നിലയിലെ താമസക്കാരായ സാറ, അഹമ്മദ് എല്‍കെറാമി ദമ്പതികളുടെ കുടുംബത്തിനെതിരെ ഫൗലാദി പരാതി നല്‍കിയത്. ദൈനംദിന പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന ശബ്ദമാണ് ഇവയെന്ന് ജഡ്ജ് നിക്കോളാസ് പാര്‍ഫിറ്റ് പറഞ്ഞെങ്കിലും എല്‍കെറാമിയും ഫ്‌ളാറ്റിന്റെ ഉടമസ്ഥരായ കമ്പനിയും ഈ ശബ്ദം കുറയ്ക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന് കോടതി പറഞ്ഞു.

വുഡന്‍ ഫ്‌ളോറില്‍ ശബ്ദം കുറയ്ക്കുന്നതിനായി കാര്‍പ്പറ്റ് ഇടാവുന്നതാണ്. ഫ്‌ളാറ്റിലേക്ക് പുതിയ താമസക്കാര്‍ എത്തുന്നതിന് മുമ്പായി കാര്‍പ്പറ്റുകള്‍ ഇടാനുള്ള ഉത്തരവാദിത്തം കമ്പനിക്കുണ്ടായിരുന്നെന്നും എന്നാല്‍ അതിനായി കമ്പനി ഒന്നും ചെയ്തില്ലെന്നും കോടതി പറഞ്ഞു. കുട്ടികള്‍ ഓടി നടക്കുന്നതും ബോയിലറിന്റെയും ഫ്രിഡ്ജിന്റെയും ടാപ്പുകളുടെയും ഫയര്‍പ്ലേസിന്റെ ശബ്ദം പോലും തങ്ങള്‍ക്ക് അരോചകമാകുന്നുവെന്നാണ് ഫൗലാദി പറയുന്നത്. തന്റെ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന ഫൗലാദി കഴിഞ്ഞ നാല് വര്‍ഷമായി യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് ഇവിടെ താമസിച്ചിരുന്നതെന്ന് വ്യക്തമാക്കി. എന്നാല്‍ എല്‍കെറാമിയുടെ കുടുംബം എത്തുന്നതിനു മുമ്പായി നടത്തിയ ചില അറ്റകുറ്റപ്പണികള്‍ക്ക് ശേഷമാണ് ഈ ശല്യം ആരംഭിച്ചതെന്നും അവര്‍ പറഞ്ഞു.

എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. 4,41,103 കുട്ടികളാണ് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഉച്ചയ്ക്ക് 1.45-നാണു പരീക്ഷ തുടങ്ങുന്നത്. ഏപ്രില്‍ അഞ്ച് മുതല്‍ 20 വരെ 54 കേന്ദ്രങ്ങളില്‍ മൂല്യനിര്‍ണയം നടക്കും.  മൂല്യനിര്‍ണയം പൂര്‍ത്തിയായി ഒരാഴ്ചകൊണ്ട് ഫല പ്രഖ്യാപനത്തിന് സജ്ജമാകും. ഫലം പ്രഖ്യാപിക്കുന്ന തീയതി സര്‍ക്കാര്‍ നിശ്ചയിക്കും. 2935 പരീക്ഷാ കേന്ദ്രങ്ങളാണു സജ്ജമാക്കിയിരിക്കുന്നത്.  മലപ്പുറം ജില്ലയിലെ എടരിക്കോട് പി.കെ.എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നത്. കോഴിക്കോട് ബേപ്പൂര്‍ ജി.ആര്‍.എഫ്.ടി.എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസില്‍ നിന്നു പരീക്ഷയെഴുതുന്നത് രണ്ടു പേര്‍ മാത്രം.

മരണക്കിണര്‍ അഭ്യാസത്തിനിടയില്‍ ബൈക്ക് ഓടിച്ചിരുന്നയാള്‍ താഴേക്ക് വീണു. നിയന്ത്രണം വിട്ട ബൈക്ക് യുവതിയുടെ നെഞ്ചിലേയ്ക്കു പാഞ്ഞുകയറി ഒരു സ്ത്രീ മരിച്ചു. പട്ടാമ്പി നേര്‍ച്ചയുടെ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ മരണക്കിണര്‍ അഭ്യാസത്തിനിടയിലാണ് അപകടം ഉണ്ടായത്. ബൈക്ക് ഓടിച്ചിരുന്നയാള്‍ താഴെ വീണതിനെ തുടര്‍ന്നു വാഹനം നിയന്ത്രണം വിട്ടു ട്രക്കിലൂടെ കറങ്ങി മുകളില്‍ നില്‍ക്കുന്ന കാണികള്‍ക്കിടയിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു.

സംഭവത്തില്‍ വല്ലപ്പുഴ പാറേങ്ങാട് ആനക്കോട്ടില്‍ വീട്ടില്‍ മുസ്തഫയുടെ മകള്‍ ഫാത്തിമ സുഹറയാണു മരിച്ചത് (34) ഇവരുടെ നെഞ്ചിലേയക്കാണു ബൈക്ക് പാഞ്ഞു കയറിയത്. സുഹറയെ പെരുന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ മൂന്നു കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു.

RECENT POSTS
Copyright © . All rights reserved