Latest News

ദുബായ്: വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് എമിറേറ്റ്‌സ് അധികൃതര്‍. എമിറേറ്റ്‌സ് വിമാനസര്‍വ്വീസ് ആര്‍ക്കും സൗജന്യ ടിക്കറ്റുകള്‍ അനുവദിക്കുന്നില്ലെന്നും, ഉപഭോക്താക്കള്‍ വഞ്ചിതരാകരുതെന്നും എമിറേറ്റ്‌സ് അറിയിച്ചു. നിങ്ങൾ ആ ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ നിങളുടെ വിലയേറിയ പാസ്‌വേഡ്, കാർഡ് ഡീറ്റെയിൽസ് എന്നിവ നഷ്ടപ്പെടുമെന്നല്ലാതെ ഒരു ഫ്രീ ടിക്കറ്റും കിട്ടുകയുമില്ല എന്നും ആർക്കും ഫോർവേഡ് ചെയ്യരുതെന്നും എമിറേറ്റ്സ് വാർത്താകുറിപ്പിൽ അറിയിച്ചതായി ഗൾഫിൽ നിന്നും ഉള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എമിറേറ്റ്‌സ് വിമാന കമ്പനിയുടെ 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് സൗജന്യ വിമാന ടിക്കറ്റുകള്‍ നല്‍കുന്നു എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത. ഒരു യാത്രക്കാരന് രണ്ട് ടിക്കറ്റ് വീതം ലഭിക്കുമെന്നും വാര്‍ത്തയിലുണ്ടായിരുന്നു. 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എമിറേറ്റ്‌സ് യാത്രക്കാര്‍ക്ക് രണ്ട് വിമാന ടിക്കറ്റ് സൗജന്യമായി നല്‍കുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്.

 

എമിറേറ്റ്‌സ് ലോകത്തെ ഏറ്റവും മികച്ച വിമാന സര്‍വ്വീസ് ആണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നും, ഉണ്ടെങ്കില്‍ എന്തുകൊണ്ടാണെന്നും വ്യക്തമാക്കിയാലേ സൗജന്യ ടിക്കറ്റ് ലഭിക്കുകയുള്ളുവെന്നും ഈ വ്യാജ വാര്‍ത്തിയിലുണ്ടായിരുന്നു. എന്നാല്‍ ഒരു വ്യാജ വെബ്‌സൈറ്റ് പുറത്തുവിട്ട വാര്‍ത്ത തികച്ചും വസ്തുതാവിരുദ്ധമാണെന്നാണ് എമിറേറ്റ്‌സ് അറിയിച്ചിരിക്കുന്നത്. എമിറേറ്റ്‌സ് വിമാന കമ്പനി ആര്‍ക്കും സൗജന്യ ടിക്കറ്റ് അനുവദിക്കുന്നില്ലെന്നും, ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും എമിറേറ്റ്‌സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് എമിറേറ്റ്‌സ് വീശദീകരണവുമായി രംഗത്തെത്തിയത്. സൗജന്യ ടിക്കറ്റ് നല്‍കുന്നുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ നിരവധി ഉപഭോക്താക്കളാണ് എമിറേറ്റ്‌സ് ഓഫീസുകളിലേക്ക് വിളിച്ചിരുന്നത്. സൗജന്യമായി ടിക്കറ്റ് ലഭിക്കാന്‍ എന്തുചെയ്യണമെന്നായിരുന്നു ഏവരുടെയും ചോദ്യം.

മോഹന്‍ലാലിന്റെ മാസ് കഥാപാത്രങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് സ്ഫടികത്തിലെ ആടു തോമ എന്ന തോമസ് ചാക്കോ. മോഹന്‍ലാലിന്റെ ഹീറോയിസത്തോടൊപ്പം തന്നെ ചിത്രത്തിലെ കുട്ടി തോമയും തുളസിയുമെല്ലാം പ്രേക്ഷക മനസില്‍ ഇടം നേടിയിട്ടുണ്ട്. ‘ഉപ്പുകല്ലില്‍ നിന്ന കൂട്ടുകാരന് വെള്ളം തന്ന എന്റെ തുളസിയെ എനിക്ക് വഞ്ചിക്കാന്‍ ആകില്ല’ എന്ന തോമയുടെ ഡയലോഗ് ഇന്നും പേക്ഷകന്‍ മറന്നിട്ടുണ്ടാകില്ല.

അന്ന് ആടു തോമയുടെ കുട്ടിക്കാലം അഭിനയിച്ച കൊച്ചു പയ്യനിന്ന് സംവിധായകനും നടനുമൊക്കെയാണ്. രൂപേഷ് പീതാംബരന്‍. മെക്‌സിക്കന്‍ അപാരതയിലൂടെ അഭിനയത്തിലേക്ക് തിരികെ എത്തിയ രൂപേഷ് വീണ്ടും സിനിമാ ലോകത്ത് സജീവമായിരിക്കുകയാണ്. എന്നാല്‍ ആരാധകരുടെ മനസില്‍ ഒരു ചോദ്യം അപ്പോഴും ബാക്കിയായിരുന്നു. എവിടെയാണ് തുളസി?

തുളസിയായി ചിത്രത്തിലെത്തിയ ഉര്‍വ്വശി ഇന്നും അഭിനയ രംഗത്തുണ്ടെങ്കിലും ഉര്‍വ്വശിയുടെ കുട്ടിക്കാലം അഭിനയിച്ച കുട്ടിയെ മാത്രം നാം പിന്നീട് കണ്ടില്ല. ഇപ്പോഴിതാ ആ അന്വേഷണവും അവസാനിച്ചിരിക്കുകയാണ്. തുളസിയുടെ കുട്ടിക്കാലം അഭിനയിച്ച ആര്യ വീണ്ടും പ്രേക്ഷകര്‍ക്കു മുന്നിലെത്തിയിരിക്കുകയാണ്.

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തോമസ് ചാക്കോയുടെയും തുളസിയുടേയും കൂടിക്കാഴ്ച്ച രൂപേഷ് പീതാംബരനാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടത്. ആര്യയ്‌ക്കൊപ്പമുള്ള ചിത്രവും രൂപേഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആര്യയിന്ന് സിനിമയില്‍ നിന്നെല്ലാം വളരെ അകലെയാണ്.

അജമാനില്‍ ഷോപ്പിംഗ് വിസ്മയം തീര്‍ക്കാന്‍ 865 കോടി രൂപ മുതല്‍ മുടക്കില്‍ മാള്‍ വരുന്നു. മിര്‍കാസ് മാള്‍ എന്നു പേരിട്ടിരിക്കുന്ന ഈ മാള്‍ ഇതിനാലകം ലോകത്തിലെ തന്നെ വലിയ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന മാളുകളുടെ പട്ടികയിലെത്തിക്കഴിഞ്ഞു. വിസ്മയിപ്പിക്കുന്ന ക്രമീകരണങ്ങളുമായാണ് മിര്‍കാസ് മാള്‍ ഉപഭോക്താക്കളിലേക്ക് എത്തുക.

മാളില്‍ സൂര്യപ്രകാശം നേരിട്ടു ലഭിക്കുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളുണ്ടാകും. രാത്രിയിലെ ആകാശം നേരിട്ട് ദൃശ്യമാകുന്ന വിധത്തിലാണ് മാളിന്റെ റൂഫ് നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ മാളിനകത്തു തന്നെ സസ്യങ്ങള്‍ നേരിട്ട് വളര്‍ത്താനുള്ള സംവിധാനങ്ങളുണ്ടാകുമെന്നും അധികൃതര്‍ അറിയിക്കുന്നു. ഇവയൊക്കെ ഒന്നിച്ചു ചേര്‍ന്ന് ഷോപ്പിംഗ് അനുഭവം യുഎഇയില്‍ തന്നെ ആദ്യമാണ്. അറബ് രാജ്യങ്ങളിലെ ഷോപ്പിംഗ് നഗരമായി അറിയപ്പെടുന്ന ദുബൈയിലെ മാളുകളെക്കാളും മികവുറ്റതായിരിക്കും മിര്‍കാസെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

ഒരു മില്ല്യണ്‍ സ്‌ക്വയര്‍ ഫീറ്റിലാണ് മിര്‍കസ് മാള്‍ ക്രമീകരിച്ചിരിക്കുന്നത്. ചൈന സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിംഗ് കോര്‍പ്പറേഷന്‍ ലോക പ്രസിദ്ധ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് മിര്‍കസ് മാളിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. മാളിലെ 38,000 സ്‌ക്വയര്‍ മീറ്റ് വ്യാപര സ്ഥാപനങ്ങള്‍ക്ക് വാടകയ്ക്കു കൊടുക്കും. അജ്മാന്‍ ഹോള്‍ഡിങിന്റെ ഉടമസ്ഥതയിലാണ് മിര്‍കാസ് മാള്‍.

തിരുവനന്തപുരം: അനുജന്റെ കസ്റ്റഡി മരണത്തിനു കാരണക്കാരെ അറസ്റ്റ് ചെയ്യണമെന്നാവിശ്യപ്പെട്ട് സെക്രട്ടേറിയേറ്റ് പടിക്കല്‍ രണ്ടു വര്‍ഷമായി സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണ അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജും രംഗത്ത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വിരാജ് ശ്രീജിത്തിന് പിന്തുണയറിയിച്ചത്.

നീ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് ആധുനിക കാലത്തിന്റെ മനുഷ്യത്വമാണെന്നും നീ അര്‍ഹിക്കുന്ന നീതി നിനക്ക് ലഭിക്കട്ടെയെന്നും പൃഥ്യിരാജ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നീ ഇത് ചെയ്യുന്നത് നിനക്ക് വേണ്ടിയും നിന്റെ കുടുംബത്തിന് വേണ്ടിയും നിന്റെ സഹോദരന് വേണ്ടിയുമാണെങ്കിലും വരും തലമുറയ്ക്ക് നിങ്ങളൊരു പ്രതീക്ഷയാണെന്ന് പൃഥ്വിരാജ് പറഞ്ഞു.

ശ്രീജിത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ ഇരിക്കുന്നതിന്റെ ചിത്രത്തോട് കൂടിയാണ് പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. നേരത്തെ നടന്‍ ടോവിനോ തോമസ് ശ്രീജിത്തിന് പിന്തുണയുമായി സമര പന്തലില്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ നിന്ന് വന്‍ ജന പിന്തുണയാണ് ശ്രീജിത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സൈദ് അക്ബറുദ്ദീന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഞാറാഴ്ച്ച പുലര്‍ച്ചയാണ് സംഭവം. ഹാക്ക് ചെയ്തവര്‍ പാകിസ്താനില്‍ നിന്നാണെന്നാണ് സൂചന, ഹാക്കര്‍മാരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ട്വിറ്ററില്‍ വെരിഫൈഡ് അക്കൗണ്ടുകളെ സൂചിപ്പിക്കുന്ന ബ്ലു ടിക്ക് മാര്‍ക്ക് ഹാക്ക് ചെയ്യപ്പെട്ട സമയത്ത് അപ്രത്യക്ഷമായിരുന്നു. ഹാക്ക് ചെയ്തതിനു ശേഷം പാകിസ്താന്‍ പ്രസിഡന്റ് മമ്നൂന്‍ ഹുസൈന്റെയും പാകിസ്താന്റെ പതാകയുടെയും ഫോട്ടോകള്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെപ്പെട്ടു. ഇതേത്തുടര്‍ന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി മനസ്സിലായത്. മണിക്കുറുകള്‍ക്ക് ശേഷം അക്കൗണ്ട് തിരികെ ലഭിക്കുകയും ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തു. എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ജ്യോതിക നായികയാകുന്ന നാച്ചിയാര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നു. കട്ട കലിപ്പിലാണ് ചിത്രത്തില്‍ ജ്യോതിക. ബാലയാണ് ഈ ആക്ഷന്‍, സസ്‌പെന്‍സ്, ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത്. പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തില്‍ ജ്യോതിക എത്തുന്ന ചിത്രത്തില്‍ ജിവി പ്രകാശാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. പക്ക റൗഡി പൊലീസാണ് ജ്യോതികയുടെ കഥാപാത്രമെന്ന് ട്രെയിലര്‍ കണ്ടാല്‍ വ്യക്തമാകും.

1980 ല്‍ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് നാച്ചിയാര്‍ എന്ന ചിത്രം ഒരുക്കുന്നത്. കുടുംബത്തിലെ ഒന്‍പത് പേരെ കൊന്ന കൊലപാതകിയെ കുറിച്ചുള്ള കഥയാണ് ചിത്രം. മടങ്ങി വരവില്‍ ജ്യോതിക ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് നാച്ചിയാര്‍. ഹൗ ഓള്‍ഡ് ആര്‍ യു എന്ന മലയാള ചിത്രത്തിന്റെ റീമേക്കായ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങി വരവ്. തുടര്‍ന്ന് മഗിളര്‍ മട്ടും എന്ന സ്ത്രീപക്ഷ ചിത്രത്തിലും അഭിനയിച്ചു.

ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ ഇതിന് മുമ്പും ജ്യോതിക അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പൊലീസ് ഓഫീസറുടെ വേഷം ആദ്യമാണ്. അതും റൗഡി പൊലീസ്. ഒരു ടിപ്പിക്കല്‍ ചേരി വാസിയായിട്ടാണ് ജിവി പ്രകാശ് ചിത്രത്തിലെത്തുന്നത്. പതിവ് ബാല ചിത്രങ്ങളിലെ കഥാപാത്രങ്ങളുമായി ഈ കഥാപാത്രത്തിനും സാമ്യതകള്‍ ഏറെയാണ്.

നേരത്തെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസര്‍ വന്‍ വിവാദമായിരുന്നു. ടീസറില്‍ ജ്യോതിക ഉപയോഗിച്ച അശ്ലീല വാക്കാണ് വിവാദങ്ങള്‍ക്ക് കാരണമായത്. എന്നാല്‍ പിന്നീടത് ചിത്രത്തെ ബാധിച്ചില്ല.

സഹോദരന്‍റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിരാഹാരം കിടക്കുന്ന ശ്രീജിത്തിനെ പിന്തുണച്ച് പോലീസ് പരാതിപരിഹാരസെല്‍ മുന്‍ അധ്യക്ഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് രംഗത്ത്. ശ്രീജിത്തിന്‍റെ സഹോദരന്‍ ശ്രീജിവിന്‍റെ മരണം നൂറ് ശതമാനവും കസ്റ്റഡി മരണമാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് നാരായണക്കുറുപ്പ് പറഞ്ഞു.

ഓരു മൊബൈല്‍ ഫോണ്‍ മോഷണക്കേസിലാണ് ശ്രീജിവിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. രാത്രി പതിനൊന്ന് മണിയോടെ സ്റ്റേഷനിലെത്തിച്ച പോലീസ് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ ശ്രീജിവിനെ പിന്നീട് തിരുവനന്തപുരം മെഡി.കോളേജിലേക്ക് മാറ്റി. അവിടെ വച്ചു അയാള്‍ക്ക് ചികിത്സ നല്‍കിയെങ്കിലും അയാള്‍ മരണപ്പെടുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് ശ്രീജിവിന്‍റ് വയറുകഴുകി അകത്തുണ്ടായിരുന്ന ഫുറഡാന്‍ എന്ന വിഷം നീക്കം ചെയ്തു.

ശ്രീജിവിന്‍റെ മരണത്തെക്കുറിച്ച് പരാതി കിട്ടിയപ്പോള്‍ ഇക്കാര്യങ്ങളെല്ലാം ‍ഞങ്ങള്‍ പരിശോധിച്ചു. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പ്രതിക്ക് എങ്ങനെ ഫുറഡാന്‍ കിട്ടിയെന്നതായിരുന്നു ഞങ്ങള്‍ പരിശോധിച്ച പ്രധാനകാര്യം. ഓരാളെ കൊലണമെങ്കില്‍ 60 ഗ്രാം ഫുറഡാനെങ്കിലും വേണം. അത്രയും അളവില്‍ ഫുറഡാന്‍ ഓരാള്‍ക്ക് സ്റ്റേഷനിനുള്ളില്‍ എത്തിക്കാന്‍ സാധിക്കില്ല. ഇക്കാര്യത്തില്‍ ശ്രീജിവിനെ കസ്റ്റഡിയിലെടുത്ത പോലീസുകാരുടെ പങ്ക് സംശയാസ്പദമാണ്.

ശ്രീജിവിന്‍റെ മരണത്തെക്കുറിച്ച് പ്രത്യേക പോലീസ് സംഘം അന്വേഷിക്കണമെന്നുമുള്ള ഉത്തരവാണ് ഞങ്ങള്‍ നല്‍കിയത്. കേസില്‍ പ്രത്യേകാന്വേഷണം വേണമെന്ന പോലീസ് പരാതി പരിഹാരസെല്‍ ഉത്തരവ് പക്ഷേ ഹൈക്കോടതി സ്റ്റേ ചെയ്തു. സ്റ്റേ ഓര്‍ഡറിലെ പല പരാമര്‍ശങ്ങളും സംശയാസ്പദമാണ്. സ്റ്റേ നീക്കം ചെയ്യുവാന്‍ സര്‍ക്കാരും നടപടി സ്വീകരിച്ചില്ല. കള്ളതെളിവുകളുണ്ടാക്കി കസ്റ്റഡി മരണം മറച്ചുവയ്ക്കുകയാണ് പോലീസ് ചെയ്തത്. ഇതിന് പിന്നില്‍ ചില ഇടപെടലുകളുണ്ടായിട്ടുണ്ടെന്നാണ് താന്‍ സംശയിക്കുന്നതെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന സിനിമയെക്കുറിച്ച് സംവിധായകന്‍ കമലിന്റെ പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി ശാരദക്കുട്ടി. ആമിയില്‍ നിന്നും വിദ്യാ ബാലന്‍ പിന്‍മാറിയത് നന്നായെന്നും ഇല്ലെങ്കില്‍ ചിത്രത്തില്‍ ലൈംഗികത കടന്നു വരുമായിരുന്നുവെന്നുമായിരുന്നു കമലിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമല്‍ ഇക്കാര്യം പറഞ്ഞത്.

‘അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെണ്‍ സങ്കല്‍പത്തെ പിടിച്ചിരുത്തിയാല്‍ അതിന് വല്ലാതെ പൊള്ളും. ലൈംഗികത എന്തെന്നും സ്‌ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവര്‍ ഊര്‍ജവതികളായ ചില സ്ത്രീകളെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവര്‍ വിറകൊണ്ടിട്ടുണ്ട്.’ എന്ന് ശാരദക്കുട്ടിയുടെ ഫേസ്ബുക്കില്‍ കുറിച്ചു.

മാധവിക്കുട്ടിയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ആമിയുടെ സംവിധായകനാണ് കമല്‍. നേരത്തെ വിദ്യാബാലനെയാണ് ചിത്രത്തിലേക്ക് നായികയായി പരിഗണിച്ചിരുന്നെങ്കിലും വിദ്യ പിന്മാറി. തുടര്‍ന്ന് മഞ്ജു വാര്യരാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അസ്തമയ സൂര്യനെ നോക്കിയിരിക്കുന്ന കമലയോട് നീ ഏതു ദൈവത്തെയാണ് ധ്യാനിക്കുന്നത് എന്നു ചോദിച്ച അമ്മയോട് കമല പറഞ്ഞത്, ഞാനിഷ്ടപ്പെട്ട പുരുഷനുമായി രതിലീലകളാടുന്നത് ഭാവന ചെയ്യുകയാണ് എന്നാണ്. ആ മാധവിക്കുട്ടി ഇരുന്നിടത്ത് കമലിന്റെ പെണ്‍ സങ്കല്‍പത്തെ പിടിച്ചിരുത്തിയാല്‍ അതിന് വല്ലാതെ പൊള്ളും. ലൈംഗികത എന്തെന്നും സ്‌ത്രൈണത എന്തെന്നും തിരിച്ചറിയാനാകാത്തവര്‍ ഊര്‍ജവതികളായ ചില സ്ത്രീകളെ നേര്‍ക്കുനേര്‍ കാണുമ്പോള്‍ ഇതു പോലെ പരിഭ്രമമനുഭവിക്കാറുണ്ട്. മിടുക്കരായ പെണ്ണുങ്ങളെ തൊട്ടപ്പോഴൊക്കെ അവര്‍ വിറകൊണ്ടിട്ടുണ്ട്. ഒന്നു കൊതിക്കാന്‍ പോലും ധൈര്യമില്ലാതെ, വാ പൊളിച്ച് ഈത്തയൊലിപ്പിച്ചു നിന്നിട്ടുണ്ട്.

ഒരേ സമയം മാധവിക്കുട്ടിയെ ആരാധിക്കുന്നതായി ഭാവിച്ചപ്പോഴും, അവരുന്നയിച്ച സദാചാര പ്രശ്‌നങ്ങളെ പടിക്കു പുറത്തു നിര്‍ത്തി തങ്ങളുടെ ഭീരുത്വം ഇക്കൂട്ടര്‍ തെളിയിച്ചു കൊണ്ടിരുന്നു. മാധവിക്കുട്ടിയെ ആദ്യമായി സിനിമയിലാക്കാന്‍ ശ്രമിച്ചത് നിര്‍ഭാഗ്യവശാല്‍ കമല്‍ എന്ന ശരാശരി സംവിധായകനായിപ്പോയി. എടുത്താല്‍ പൊങ്ങാത്ത വി കെ എന്നിനെയും മാധവിക്കുട്ടിയേയും ഒക്കെ തൊട്ട് കാല്‍ വഴുതി വീഴുന്നു അദ്ദേഹം. മാധവിക്കുട്ടിയെ ‘സിനിമയിലെടുത്തു’ എന്ന ആ അന്ധാളിപ്പില്‍ നിന്ന് അദ്ദേഹം ഇനിയും പുറത്തു കടന്നിട്ടില്ല. അതാണദ്ദേഹം കുലീനത, നൈര്‍മല്യം, മൂക്കുത്തി, മഞ്ജു വാര്യര്‍ എന്നൊക്കെ പറയുന്നത്. വിദ്യാ ബാലന്‍ രക്ഷപ്പെട്ടു മഞ്ജു വാര്യര്‍ പെട്ടു എന്നു പറയുന്നതാകും ശരി.

ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടിന്റെ നിറം ഓറഞ്ച് ആക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം വിവേചനമാണെന്ന് അദ്ദേഹം പ്രതികരിച്ചു. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥരുടേത് ഒഴികെയുള്ള പാസ്‌പോര്‍ട്ടിന്റെ പുറംചട്ട കടും നീലയാണ്.

എമിഗ്രേഷന്‍ ആവശ്യമുള്ള പാസ്‌പോര്‍ട്ടുകള്‍ക്ക് ഓറഞ്ച് നിറം നല്‍കാനാണ് തീരുമാനം. ബി.ജെ.പിയുടെ വിവേചനം പ്രകടമാക്കുന്നതാണ് പുതിയ നടപടിയെന്നും ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ രണ്ടാംകിട പൗരന്മാരായി ചീത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എമിഗ്രേഷന്‍ ആവശ്യമില്ലാത്ത പാസ്‌പോര്‍ട്ടുകളുടെ പുറംചട്ട നേരത്തെയുള്ളതുപോലെ കടും നീല നിറത്തില്‍ തന്നെ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയാണ് വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ടിന്റെ നിറം മാറ്റാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

ജനീവ: മനുഷ്യന് ഭക്ഷ്യയോഗ്യമായ ജീവികളെ എങ്ങനെ വേണമെങ്കിലും കൊന്ന് തിന്നാം എന്നാഗ്രഹമുണ്ടെങ്കില്‍ പല വിദേശ രാജ്യങ്ങളിലും അത് നടപ്പാകില്ല. അത്തരത്തില്‍ കൊഞ്ചിനെ കൊല്ലുന്ന രീതിയില്‍ വരെ നിയന്ത്രണങ്ങള്‍ കൊണ്ടു വന്നിരിക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡ് സര്‍ക്കാര്‍. കൊഞ്ചിനെ ജീവനോടെ തിളപ്പിക്കാന്‍ പാടില്ലെന്നാണ് സ്വിസ് ഫെഡറല്‍ കൗണ്‍സില്‍ പുറത്തിറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്. മാര്‍ച്ച് ഒന്നുമുതല്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ വിധി നടപ്പാക്കിത്തുടങ്ങും.

കൊഞ്ചിനെ തിളപ്പിക്കുന്നതിനു മുന്‍പ് ജീവനില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. പാചകം ചെയ്യുന്നതിനു മുന്‍പ് ഷോക്കടിപ്പിച്ചോ തലക്ക് ക്ഷതമേല്‍പ്പിച്ചോ കൊഞ്ചിന്റെ ജീവന്‍ കളഞ്ഞിരിക്കണം. ഉത്തരവിനു ശേഷം കൊഞ്ചിന് വേദന അനുഭവിക്കാന്‍ കഴിയുന്ന ജീവിയാണോ എന്ന തരത്തില്‍ വരെ സജീവ ചര്‍ച്ചകളാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടക്കുന്നത്.

കട്ടിയുള്ള പുറം തോടുയുള്ള കടല്‍ ജീവികളായ ഞണ്ടുകള്‍ക്ക് വേദനയും ഇലക്ട്രിക്ക് ഷോക്കുകളും അനുഭവവേദ്യമാകുമെന്ന് 2010ല്‍ പുറത്തുവന്ന ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. എങ്കിലും പ്രാണികളെപ്പോലെ കൊഞ്ചിനും തലച്ചോറോ സങ്കീര്‍ണ്ണമായ നാഡീവ്യൂഹമോ ഇല്ലാത്തതിനാല്‍ വേദന അറിയാന്‍ സാധിക്കില്ലെന്ന് ലോബ്സ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് വിഭാഗം പറയുന്നത്.

മൃഗങ്ങളെ ദയാപൂര്‍വ്വം കൊല്ലാവുന്ന അനേകം മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ടെന്നും അവ പാലിച്ചുകൊണ്ട് വേണം മൃഗങ്ങളെ കൊല്ലേണ്ടെതെന്നും മൃഗക്ഷേമ വകുപ്പ് പറയുന്നു. കൊഞ്ചിനെ കൊല്ലുന്ന കാര്യത്തിലും ഇത്തരം ദയാപൂര്‍ണ്ണമായ ഇടപെടല്‍ ആവശ്യമാണെന്നും മൃഗക്ഷേമ വകുപ്പ് കൂട്ടിച്ചേര്‍ത്തു.

RECENT POSTS
Copyright © . All rights reserved