Latest News

ഫ്രഞ്ച് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ് പുറത്തുപോയ പിഎസ്ജിയുടെ ബ്രസീലിയന്‍ സൂപ്പര്‍ താരത്തിന്റെ ലോകകപ്പ് പോലും സംശയത്തിലെന്ന് റിപ്പോര്‍ട്ട്. താരത്തിന്റെ പരിക്ക് അതീവ ഗുരുതരമാണെന്നും രണ്ട് മാസത്തോളം വിശ്രമം വേണ്ടി വരുമെന്നാണ് സ്പാനിഷ് ഫുട്‌ബോളിലെ മുന്‍നിര മാധ്യമമായ മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലീഗ് വണ്ണില്‍ ഓളിംപിക്കോ മാഴ്‌സെയുമായുള്ള മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. മാഴ്‌സെ താരം ബൗന സാറെ നെയ്മറില്‍ നിന്ന് പന്തെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കാലിന്റെ ആങ്കിളിന് പരിക്കേറ്റത്. മെഡിക്കല്‍ സംഘമെത്തി പരിശോധിച്ച ശേഷം താരത്തെ സ്‌ട്രെച്ചറിലാണ് പുറത്തു കൊണ്ടുപോയത്. താരത്തിന്റെ പരിക്ക് പ്രതീക്ഷിച്ചതിലും ഗുരുതരമാണെന്നും ശസ്ത്രിക്രയ്ക്ക് ശേഷമാണ് വിശ്രമം എത്ര വേണെന്ന് നിശ്ചയിക്കാന്‍ സാധിക്കുകയൊള്ളൂവെന്നും സൂചനയുണ്ട്.

വലതു കാലിന്റെ ആങ്കിളിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമായില്ലെങ്കില്‍ താരത്തിന്റെ ലോകകപ്പ് പങ്കാളിത്തം സംശയത്തിലാണെന്നാണ് മാര്‍ക്കയില്‍ ചൂണ്ടിക്കാണിക്കുന്നത്. അടുത്ത ജൂണില്‍ റഷ്യല്‍ വെച്ചാണ് ലോകകപ്പ് നടക്കുന്നത്. ലോകകപ്പില്‍ ബ്രസീലിന്റെ സാധ്യതകളില്‍ 50 ശതമാനവും നെയ്മറിനെ ആശ്രയിച്ചാണെന്നിരിക്കേ കാനറി ആരാധകര്‍ക്ക് കനത്ത തിരിച്ചടിയാണ് താരത്തിന്റെ പരിക്ക് റിപ്പോര്‍ട്ട്.

അതേസമയം, അടുത്ത മാസം ആറിന് ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരേ നിര്‍ണായക മത്സരത്തില്‍ താരത്തിന് കളിക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

പരിക്കേറ്റ് മൈതാനത്ത് വീണ് വേദനകൊണ്ട് പൊട്ടികരഞ്ഞ താരത്തെ ആശ്വസിപ്പിച്ച് സിദാന്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തു വന്നിരുന്നു. ആരാധകര്‍ പേടിച്ചിരുന്ന അത്രയും പരിക്ക് താരത്തിന് പറ്റിയിട്ടില്ലെന്ന് ഇതിനിടയില്‍ പിഎസ്ജി പരിശീലകന്‍ ഉനയ് എംറി വ്യക്തമാക്കിയിരുന്നെങ്കിലും പുതിയ റിപ്പോര്‍ട്ടുകള്‍ ആശങ്കയുളവാക്കുന്നതാണ്. ആദ്യം നടത്തിയ പരിശോധനയില്‍ പരിക്ക് അത്ര ഗുരുതരമല്ലെന്നാണ് വ്യക്തമായത്. എന്നാല്‍, ഇക്കാര്യം ഉറപ്പ് വരുത്തണമെങ്കില്‍ ഇനിയും പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നായിരുന്നു മത്സര ശേഷം എംറി പറഞ്ഞത്.

ലീഗ് വണ്ണിന് പുറത്ത് യൂറോപ്പില്‍ പുതിയ അടയാളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകറെക്കോര്‍ഡ് തുകയ്ക്ക് ബാഴ്സലോണയില്‍ നിന്നും കഴിഞ്ഞ ഓഗസ്റ്റില്‍ നെയ്മറിനെ പിഎസ്ജി സ്വന്തമാക്കിയത്. എന്നാല്‍, താരത്തിനേറ്റ പരിക്കോടെ ആരാധകരുടെ സ്വപ്നമെല്ലാം തകര്‍ന്ന മട്ടാണ്. എങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയും ആരാധകര്‍ക്കുണ്ട്. ആദ്യ പാദത്തില്‍ 3-1ന് തോറ്റ പിഎസ്ജിക്ക് അടുത്ത പാദത്തില്‍ 2-0ന് എങ്കിലും ജയിക്കണം.

അമേരിക്കയെ പിടിച്ചു കുലുക്കിയ, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍-മോണിക്ക ലൈംഗിക വിവാദം രണ്ട് പതിറ്റാണ്ടിന് ശേഷം വീണ്ടും വാര്‍ത്തയില്‍ നിറയുന്നു. ക്ലിന്റണുമായുള്ള ബന്ധത്തിന്റെ പേരില്‍ തന്നെയും കുടുംബത്തെയും വേട്ടയാടിയ അന്നത്തെ അഭിഭാഷകനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് മോണിക്ക ലെവന്‍സ്‌കി തുറന്നെഴുതിയതാണ് പുതിയ വിവാദത്തിലേക്ക് നയിച്ചിരിക്കുന്നത്. മീ ടു ക്യാമ്പയിന്റെ ഭാഗമായി വാനിറ്റി ഫെയറിലൂടെയാണ് മോണിക്കയുടെ വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുന്നത്.

തന്റെ ജീവിതം നരക തുല്യമാക്കിയ മുന്‍ അമേരിക്കന്‍ അഭിഭാഷകനും, സോളിസിറ്റര്‍ ജനറലുമായിരുന്ന കെന്‍സ്റ്റാറിനെതിരെയാണ് മോണിക്കയുടെ പുതിയ വെളിപ്പെടുത്തല്‍. കഴിഞ്ഞ ക്രിസതുമസിനായിരുന്നു അയാളെ കാണുന്നത്. കെന്‍ സ്റ്റാര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയാളെ അറിയാന്‍ പ്രത്യേകത ഒന്നും ആവശ്യമുണ്ടായിരുന്നില്ല. തന്റെ ജീവിതം നശിപ്പിച്ചയാളെ എങ്ങനെ മറക്കുമെന്നും മോണിക്ക തന്റെ ലേഖനത്തില്‍ പറയുന്നു. കെന്‍സ്റ്റാര്‍ തന്നോട് ലൈംഗീക ചുവയോടെ പെരുമാറുകയായിരുന്നെന്നും, അനുവാദമില്ലാതെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചെന്നും മോണിക്ക ലേഖനത്തില്‍ പറയുന്നു. പലവട്ടം അയാള്‍ എന്നോട് അയ്യാളുടെ ഉദ്ദേശ്ശം വെളിപ്പെടുത്തിയിരുന്നു.

ലോകത്തിലെ ഏറ്റവും ശക്തനായ അമേരിക്കന്‍ പ്രസിഡന്റിനെ രാഷ്ട്രീയമായി തകര്‍ക്കുന്നതിന് എതിരാളികള്‍ എന്നെ ബലിയാടാക്കുകയായിരുന്നു. കെന്‍സ്റ്റാറും സംഘവും തന്നെ വേട്ടയാടുകയും ക്ലിന്റണുമായുള്ള ബന്ധം തുറന്നു പറയാന്‍ ഭീഷണിപ്പെടുത്തുകയുമായിരുന്നു. അവരുടെ ലക്ഷ്യം പ്രസിഡന്റായിരുന്നു. ബില്‍ ക്ലിന്റണുമായുള്ള തന്റെ ബന്ധം പരസ്പര സമ്മതത്തോടെയുള്ളതായിരുന്നു എന്നും മോണിക്ക എഴുതി.

കെന്‍സ്റ്റാര്‍ എന്ന പേരിന് വിശേഷണങ്ങളേറെയാണ് അമേരിക്കന്‍ അഭിഭാഷകന്‍ എന്നതിലുപരി, അമേരിക്കന്‍ സോളിസിറ്റര്‍ ജനറലായിരുന്നയാളാണ് കെന്‍ സ്റ്റാര്‍ അഥവ കെന്നെത്ത് വിന്‍സ്റ്റണ്‍ സ്റ്റാര്‍. പ്രസിഡന്റ് ക്ലിന്റന്റെ ഇംപീച്ച്‌മെന്റിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രബലമായ ശക്തിയായിരുന്നു കെന്‍സ്റ്റാറെന്ന് മോണിക്ക വാനിറ്റി ഫെയറില്‍ തുറന്നു പറയുകയാണ്.

ദേശീയ വോളിബോള്‍ ടൂര്‍ണമെന്റില്‍ കേരളം ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ തമിഴ്നാടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് കേരളം കലാശപോരാട്ടത്തിന് യോഗ്യത നേടിയത്. നേരത്തെ കേരളത്തിന്റെ വനിതാ ടീമും ഫൈനലിൽ കടന്നിരുന്നു. സെമിയിൽ മികച്ച പ്രകടനമാണ് കേരളം നടത്തിയത്. തമിഴ്നാടിന്റെ ശക്തമായ വെല്ലുവിളി മറികടന്നാണ് കേരളത്തിന്റെ മുന്നേറ്റം.

സ്കോര്‍: 25-22, 30-28, 25-22. നാളെ നടക്കുന്ന ഫൈനലിൽ റെയില്‍വേസാണ് കേരളത്തിന്റെ എതിരാളികള്‍.കേരളത്തിന്റെ വനിതാ ടീമും തമിഴ്നാടിനെ പരാജയപ്പെടുത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്. റെയില്‍വേസ് തന്നെയാണ് വനിതകളുടെയും എതിരാളി.

മഞ്ഞു കൂനയില്‍ കുടുങ്ങി മരണാസന്നനായ യുവാവിനെ ഡ്രോണ്‍ ക്യാമറകളുടെ സഹായത്തോടെ രക്ഷപ്പെടുത്തി. അതിശൈത്യം തുടരുന്ന യുകെയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. രക്ഷപ്പെടുത്താന്‍ കഴിഞ്ഞിരുന്നല്ലെങ്കില്‍ യുകെയില്‍ പ്രതികൂല കാലവസ്ഥ മൂലം മരണപ്പെടുന്ന ആദ്യത്തെ വ്യക്തിയാകുമായിരുന്നു ഇയാള്‍. ലുഡ്‌ബോറോയ്ക്കടുത്ത് മഞ്ഞ് കൂനയിലിടിച്ച കാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ ഇയാള്‍ പോലീസിനെ വിവരമറിയിച്ചിരുന്നു. എ16 പാതയ്ക്കടുത്ത് റോഡില്‍ നിന്നും തെന്നിമാറിയ ഇയാളുടെ വാഹനം മഞ്ഞ് കൂനയില്‍ ഇടിക്കുകയായിരുന്നു.അപകട വിവരം അറിഞ്ഞ് ശനിയാഴ്ച്ച രാവിലെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചേരുന്ന സമയത്ത് താപനില വളരെ കുറഞ്ഞ നിലയിലായിരുന്നു. അപകട സ്ഥലത്തെത്തിയ പോലീസുകാര്‍ ഡ്രോണ്‍ ഉപയോഗിച്ച് ഇയാള്‍ക്കായുള്ള തെരെച്ചില്‍ നടത്തി.

അപകടം നടന്ന സ്ഥലത്ത് നിന്ന് ഏതാണ്ട് 160 മീറ്ററോളം മാറി അബോധാവസ്ഥയില്‍ യുവാവിനെ ഡ്രോണ്‍ കണ്ടെത്തുകയായിരുന്നു. ഡ്രോണിന്റെ തെര്‍മല്‍ ഇമാജിനിങ് ടെക്‌നോളജിയാണ് തെരച്ചില്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാഹായകമായത്. മഞ്ഞ് മൂടി കിടന്നിരുന്ന ഏതാണ്ട് 6 അടിയോളം വലിപ്പമുള്ള കുഴിയില്‍ നിന്നാണ് യുവാവിനെ കണ്ടെത്തുന്നത്. അതീവ തണുപ്പുള്ള കാലവസ്ഥയായതിനാല്‍ ഇയാളുടെ ശരീര താപനില ഗണ്യമായി കുറഞ്ഞിരുന്നു. മഞ്ഞ് മൂടിയ കുഴിയുടെ അരികിലേക്ക് ഒരു പോലീസ് ഓഫീസര്‍ നടന്നടുക്കുന്നതിനിടെയാണ് ഡ്രോണ്‍ ഇയാളെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഡ്രോണ്‍ പൈലറ്റ് മറ്റു പോലീസുകാര്‍ക്കും വഴികാട്ടുകയായിരുന്നു. നിമിഷ നേരം കൊണ്ടു തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലീസുകാര്‍ തയ്യാറായി. ഏതാണ്ട് പുലര്‍ച്ചെ 2 മണിയോടെ ആംബലന്‍സ് സ്ഥലത്തെത്തുകയും ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ലിങ്കണ്‍ഷെയര്‍ പോലീസിലെ ടെമ്പോ എന്നറിയപ്പെടുന്ന പോലീസ് ഓഫീസര്‍ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ട്വിറ്ററില്‍ പങ്കുവെച്ചു. ലിങ്കണ്‍ഷെയര്‍ പോലീസ് ഓഫീസര്‍ മാരും ഡ്രോണ്‍ ടീമും സംയുക്തമായി നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരാളെ രക്ഷപ്പെടുത്താനായതെന്ന് ടെമ്പോ ട്വിറ്ററില്‍ കുറിച്ചു. രക്ഷപ്പെടുത്തുന്ന സമയത്ത് യുവാവിന്റെ ശരീരം പ്രതികരിക്കുന്നുണ്ടായിരുന്നില്ലെന്നും ശരീര താലനില വളരെ താഴെയായിരുന്നെന്നും ടെമ്പോ ട്വീറ്റ് ചെയ്തു. യുവാവ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരികയാണ്.

ലുധിയാന: ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി സഖ്യത്തെ വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തി കോണ്‍ഗ്രസ്. തെരെഞ്ഞെടുപ്പ് നടന്ന 95 സീറ്റുകളില്‍ 61ലും കോണ്‍ഗ്രസ് വിജയം കരസ്ഥമാക്കി. അതെസമയം ബി.ജെ.പി-ശിരോമണി അകാലിദള്‍ സഖ്യത്തിന് 21 സീറ്റുകള്‍ മാത്രമാണ് നേടാനായത്. ലുധിയാന മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ച്ചവെച്ച തെരെഞ്ഞെടുപ്പുകളിലൊന്നാണിത്.

അതേസമയം തെരെഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണവുമായി ബിജെപി രംഗത്തു വന്നു. പലയിടങ്ങളിലും കോണ്‍ഗ്രസ് ബൂത്ത്പിടുത്തം നടത്തിയതായി ബിജെപി ആരോപിച്ചു. ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ നിഷേധിച്ചിട്ടുണ്ട്. ബി.ജെ.പി-അകാലിദള്‍ നേതാക്കള്‍ ഗവര്‍ണര്‍ വി.പി സിങ് ബഡ്നോറിനെ കാണുകയും തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ബി.ജെ.പിക്ക് 10ഉം അകാലിദളിന് 11ഉം സീറ്റുകളാണ് ലഭിച്ചത്. ഒന്നിച്ചു മത്സരിച്ച ലോക് ഇന്‍സാഫ് പാര്‍ട്ടി (7)ആം ആദ്മി പാര്‍ട്ടി സഖ്യത്തിന് (1) എട്ടു സീറ്റുകള്‍ ലഭിച്ചു. 5 സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ജയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ജയത്തിന് പുറമെ ജലന്ധര്‍, പട്യാല, അമൃതസര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളിലും കോണ്‍ഗ്രസ് ജയിച്ചിരുന്നു.

ലഖ്‌നൗ: പതിനാറുകാരിയായ പെണ്‍കുട്ടിയെ യുവാവ് ബലാത്സംഗം ചെയ്‌തെന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ പ്രതിയുടെ സഹോദരി മൊബൈലില്‍ ചിത്രീകരിച്ചെന്നും പരാതി. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ അമ്മായിയാണ് പരാതിയുമായി രംഗത്തു വന്നിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ഇരുപത്തിരണ്ടുകാരനായ യുവാവിന്റെയും സഹോദരിയുടെയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഒരു വീട്ടില്‍ ഒന്നിച്ചു താമസിച്ചിരുന്ന പരാതിക്കാരിയും ആ വീട്ടിലെ മറ്റൊരു സ്ത്രീയുമായി ഉണ്ടായ പ്രശ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് നല്‍കിയിരിക്കുന്നത് എന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വാര്‍ത്ത ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇരുപത്തിരണ്ടുകാരനായ യുവാവിനെതിരെ ബലാത്സംഗ കുറ്റവും സഹോദരിക്കെതിരെ പ്രേരണാക്കുറ്റത്തിനുമാണ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സഹോദരി ചിത്രീകരിച്ചുവെന്ന് പറയപ്പെടുന്ന ദൃശ്യങ്ങള്‍ പോലീസിന് കണ്ടെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

ഇസ്ലാമാബാദ്: ലൈവ് ന്യൂസ് ഷോയ്ക്കിടയിൽ അവതാരകർ തമ്മിൽ വാക്കേറ്റം. പുരുഷ- വനിതാ അവതാരകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. പാക്സ്ഥാനിലെ ലഹോർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 42 എന്ന വാര്‍ത്താ ചാനലിലെ പരിപാടിക്കിടെയാണ് അവതാരകർ തമ്മിൽ തർക്കമുണ്ടായിരിക്കുന്നത്.

ചാനലിൽ നടന്ന വാർത്താ പരിപാടിക്കിടെ അവതാരകർ പരസ്പരം തർക്കിക്കുകയായിരുന്നു. തർക്കത്തിനിടയിൽ ഇരുവരും പ്രൊഡക്ഷൻ ക്രൂവിനോട് പരാതിപ്പെടുന്നതായി ദൃശ്യങ്ങളിൽ കാണാം. വാർത്തക്കിടയിലെ വാക്കേറ്റം മൂർച്ഛിച്ചതോടെ ഇരുവരോടും ശാന്തരാകൻ ആവശ്യപ്പെടുന്ന പ്രൊഡക്ഷൻ ക്രൂ അം​ഗങ്ങളുടെ ശബ്ദവും വീഡിയോയിൽ കേൾക്കാം. ഉറുദു ഭാഷയിലാണ് അവതാരകരുടെ വാക്കേറ്റം.

ഇവള്‍ക്കൊപ്പം വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്നതെന്ന് അവതാരകൻ ചോദിച്ചു. ഇതിനോടുള്ള മറുപടിയായി ഞാന്‍ നിങ്ങള്‍ സംസാരിച്ച രീതിയെ കുറിച്ചാണ് പറഞ്ഞതെന്ന് അവതാരക പറയുന്നു. ബഹുമാനത്തോടെ വേണം തന്നോട് സംസാരിക്കാന്‍ എന്നും അവതാരക പറയുന്നുണ്ട്. അതോടെ ഞാന്‍ എങ്ങനെയാണ് നിങ്ങളെ ബഹുമാനിക്കാതിരുന്നത് എന്നായി വാര്‍ത്താ വായനക്കാരന്‍. വിവരമില്ലാത്തവന്‍ എന്ന് അവതാരകനെ അവതാരക വിളിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി കേൾക്കാം.

വീഡിയോ കാണാം;

ന്യൂസ് ഡെസ്ക്

ബ്രിട്ടൺ തണുത്തുറയുന്നു. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് യുകെയിലെമ്പാടും ആഞ്ഞടിക്കാൻ തുടങ്ങി. അതിശക്തമായ ശീതക്കാറ്റ് റഷ്യയിൽ നിന്നാണ് യുകെയിൽ ശൈത്യം വിതയ്ക്കുന്നത്. പവർകട്ട്, മൊബൈൽ ഫോൺ ഔട്ടേജ്, ട്രെയിൻ ക്യാൻസലേഷൻ എന്നിവയും അതിശൈത്യം മൂലം റിപ്പോർട്ട് ചെയ്യപ്പെട്ടു. ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കിക്കൊണ്ട് സ്റ്റോം എമ്മ വ്യാഴവും വെള്ളിയും വീശിയടിക്കും. താപനില മൈനസ് 15 വരെ താഴും. ആർട്ടിക് റീജിയന്റെ സമാനമായ തണുപ്പാണ് മെറ്റ് ഓഫീസ് പ്രവചിച്ചിരിക്കുന്നത്. യുകെയിലെമ്പാടും തിങ്കളാഴ്ചയോടെ മഞ്ഞുവീഴ്ച തുടങ്ങി. മെറ്റ് ഓഫീസ് ആംബർ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയോടെ കനത്ത മഞ്ഞുവീഴ്ചയുണ്ടായി താപനില താഴുന്നതോടെ ഇംഗ്ലണ്ട്, സ്കോട്ട്ലാൻഡ്, വെയിൽസടക്കം  യുകെ മുഴുവനായും അതിശൈത്യത്തിന്റെ പിടിയിലമരും. കടുത്ത ശൈത്യത്തെ നേരിടാൻ യുകെ തയ്യാറെടുക്കുകയാണ്.

ബുധനാഴ്ച രാത്രിയോടെ എട്ടിഞ്ചുവരെ മഞ്ഞ് ഈസ്റ്റേൺ ഇംഗ്ലണ്ട്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ വീഴും. ഗതാഗത സ്തംഭനവും വൈദ്യുതി തടസങ്ങളും മഞ്ഞുവീഴ്ച മൂലമുണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പു നല്കി. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ വിവിധ എമർജൻസി സർവീസുകൾ തയ്യാറെടുപ്പുകൾ തുടങ്ങി. മോട്ടോർവേകളിലും മറ്റു റോഡുകളിലും നീണ്ട ക്യൂവും യാത്രാ തടസവും നേരിടും. ദീർഘദൂര യാത്രകൾ കഴിയുന്നത്ര ഒഴിവാക്കണമെന്നും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്നും മെറ്റ് ഓഫീസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

അത്യാവശ്യമല്ലെങ്കിൽ യാത്രകൾ ഒഴിവാക്കണമെന്ന് മെറ്റ് ഓഫീസും ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. യാത്ര ചെയ്യുന്നവർ ഭക്ഷണസാധനങ്ങൾ, വെള്ളം, ബ്ലാങ്കറ്റ്, ടോർച്ച്, ഫസ്റ്റ് എയിഡ് കിറ്റ്‌, പൂർണമായി ചാർജ് ചെയ്ത ഫോൺ, മഞ്ഞ് കോരാനുള്ള ഉപകരണങ്ങൾ, കാർ സ്റ്റാർട്ട് ചെയ്യാനായി ജംപർ ലീഡുകൾ, ഡീ ഐസിംഗ് ഫ്ളൂയിഡ് എന്നിവ കൂടെ കരുതണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കഴിയുന്നതും പ്രധാന റോഡുകളിലൂടെ മാത്രം യാത്ര ചെയ്യണം. ഈ റോഡുകൾ ഹൈവേ ഏജൻസി ഗ്രിറ്റ് ചെയ്യുന്നതിനാൽ മറ്റു റോഡുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷിതമായിരിക്കും. വാഹനങ്ങളിൽ ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് ഉറപ്പു വരുത്തണം. ഓയിൽ, എഞ്ചിൻ  ഫ്ളൂയിഡ് ലെവലുകളും ടയർ പ്രഷറും യാത്രയ്ക്ക് മുൻപ് പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശം നല്കി.

നോർവേയ്ക്കും ഐസ് ലാൻഡിനും സമാനമായ താപനിലയിലേക്ക് യുകെ വരുമെന്ന് വിദഗ്ദർ പറയുന്നു. വീടുകളിൽ കുറഞ്ഞത് 18 ഡിഗ്രി ചൂടു കിട്ടുന്ന രീതിയിൽ ഹീറ്റിംഗ് സെറ്റ് ചെയ്യണമെന്ന് പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് നിർദ്ദേശിച്ചിട്ടുണ്ട്. റോഡുകളിൽ വിതറുന്നതിനായി 1.5 മില്യൺ ടൺ സോൾട്ട് ഗ്രിറ്റ് കൗൺസിലുകൾ ശേഖരിച്ചിട്ടുണ്ട്.   നിരവധി ട്രെയിനുകൾ ഇന്ന് റദ്ദാക്കിയിട്ടുണ്ട്. ഫ്ളൈറ്റ് സർവീസുകളെയു അതിശൈത്യം ബാധിച്ചു. യൂറോപ്പിൽ നിരവധി ഫ്ളൈറ്റുകൾ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. ലണ്ടൻ ഹീത്രൂ എയർപോർട്ടിൽ നിന്നുള്ള അറുപതോളം സർവീസുകൾ ബ്രിട്ടീഷ് എയർവെയ്സ് റദ്ദാക്കിയിട്ടുണ്ട്.

നടി ശ്രീദേവിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിലൂടെ മരണത്തിലെ ദുരൂഹതയും ചർച്ചയാകുകയാണ്. ശ്രീദേവിയുടെ മരണത്തിൽ ദുരഹതയുണ്ടെന്നും ഇല്ലെന്നുമായ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത് . ആരോഗ്യമുള്ളവരാരും കുളിത്തൊട്ടിയിൽ മുങ്ങിമരിക്കാറില്ലെന്ന വാദം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിലയത്. ആരോഗ്യമുള്ളവർ ബാത്ത്ടബിൽ മുങ്ങിമരിക്കാറില്ലെന്ന വാദം ശക്തമാകമ്പോൾ ഇതിനെ പിന്തുണച്ച് ഒടുവിൽ എത്തിയിരിക്കുന്നത് പ്രമുഖ എഴുത്തുകാരി തസ്ലീമ നസ്രിനാണ്. ഇറേസ്ഡ്: മിസിങ് വിമെൻ, മർഡേഡ് വൈവ്സ് എന്ന പുസ്തകമെഴുതിയ മരിലീ സ്ട്രോങ്ങിന്റെ പഴയൊരു ലേഖനത്തിന്റെ ലിങ്കാണു തസ്‌ലിമ ട്വീറ്റ് ചെയ്തത്.


ഭാര്യമാരുടെ കൊലപാതകത്തിനു ഭർത്താക്കന്മാർ തിരഞ്ഞെടുക്കുന്ന രീതിയാണു കുളിത്തൊട്ടി മരണമെന്നാണു ലേഖനത്തിന്റെ ഉള്ളടക്കം. അബദ്ധത്തിൽ വെള്ളത്തിൽ മുങ്ങിയതാണു മരണകാരണമെങ്കി‍ൽ അതു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരിക്കുമെന്നും ലേഖനത്തിലുണ്ട്. വെള്ളത്തിൽനിന്നെടുത്ത മൃതദേഹത്തിൽ അന്വേഷണം നടത്തുന്നതു വെല്ലുവിളിയേറെയുള്ള പ്രക്രിയയാണെന്നും ലേഖനത്തിൽ പറയുന്നു

വാദങ്ങൾ പ്രതിവാദങ്ങൾ !ചോദ്യം അവിടെ അവശേഷിക്കുന്നു ……എന്നാലും ബാത്ത്ടബിൽ വീണാൽ ഒരാൾ മുങ്ങി മരിക്കുമോ?

മുങ്ങിമരണമാണെന്നും രക്തത്തിൽ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായും ഫൊറന്‍സിക് റിപ്പോർട്ട്, ബാത്ത്ടബിൽ കിടക്കുന്ന നിലയിലാണു കണ്ടെത്തിയതെന്നു പൊലീസ്. മരണത്തിനു കാരണമായി ‘മുങ്ങിമരണം’ എന്നു റിപ്പോർട്ടിൽ കൃത്യമായി രേഖപ്പെടുത്തിയതിനാൽ തള്ളിപ്പോയത് ‘ഹൃദയാഘാതമാണു കാരണം’ എന്ന മുൻ വാദം.

സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറയുന്നു. അപ്പോൾ ഒരു സംശയം പൊന്തിവരും, ബാത്ത്ടബിൽ വീണാൽ ഒരാൾ മരിക്കുമോ? ഒരു വ്യക്തി ‘മുങ്ങി’മരിക്കുന്നതിനു ബാത്ത്ടബിലെ വെള്ളം തന്നെ ധാരാളമാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ശ്വാസകോശത്തിൽ ഒരു ഗ്ലാസ് വെള്ളം കയറിയാൽ പോലും മരണം സംഭവിക്കും. ശ്വാസം തടസ്സപ്പെടുന്നതാണു കാരണം. ബോധരഹിതമായ അവസ്ഥയാണെങ്കിൽ മരണസാധ്യത പിന്നെയുമേറും.

ഒരൽപം വെള്ളം പോലും ശ്വാസനാളത്തിൽ എത്തിയാൽ ശ്വാസതടസ്സത്തിനും തുടർന്നുള്ള മരണത്തിനും കാരണമാകും. പക്ഷേ അങ്ങനെ വെള്ളം ഉള്ളിൽ പോകണമെങ്കിൽ പ്രസ്തുത വ്യക്തിക്കു ഭാഗികമായോ പൂർണമായോ ബോധം നഷ്ടപ്പെട്ടിട്ടുണ്ടാകണം. ബോധരഹിതയായി ബാത്ത്ടബിൽ വീണു മുങ്ങി മരിച്ചതാണു ശ്രീദേവിയെന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരു വ്യക്തിയുടെ വായിലേക്കു വെള്ളം കയറിയാൽ അതിനു താഴോട്ടു പോകാൻ രണ്ടു വഴികളുണ്ട്. അന്നനാളത്തിൽ കൂടി വയറ്റിലേക്ക് അല്ലെങ്കിൽ ശ്വാസനാളത്തിൽ കൂടി ശ്വാസകോശത്തിലേക്ക്. രണ്ടാമത്തെ വഴി മരണത്തിലേക്കും കൂടിയാണ് എന്നുമാത്രം. ഇത് അങ്ങനെ ഉണ്ടാകാതിരിക്കാൻ ഈ നാളങ്ങളുടെ കവാടം അടയ്ക്കാനും തുറക്കാനും കൃത്യമായ മെക്കാനിസം ഉണ്ട്. കൃത്യസമയത്തു തന്നെ, അതായത് ഒരു ഗ്ലാസ്‌ വെള്ളം കുടിക്കുമ്പോൾ പോലും അതു വിഴുങ്ങുന്ന സമയത്ത് അന്നനാളം തുറക്കുകയും ശ്വാസനാളം അടയുകയും ചെയ്യും.

ഇതു നമ്മൾ അറിഞ്ഞുകൊണ്ടു ചെയ്യുന്നതല്ലെങ്കിൽ കൂടി ഉണർന്നിരിക്കുന്ന ഒരു തലച്ചോർ ഇതിനാവശ്യമാണ്– ബോധം വേണമെന്നു ചുരുക്കം. അതുകൊണ്ടുതന്നെ ബോധം ഉള്ള ഒരാൾ എത്ര വെള്ളം കുടിച്ചാലും കൃത്യമായി അന്നനാളത്തിലേക്കേ പോകൂ. പക്ഷേ ബോധക്ഷയം സംഭവിച്ചു കിടക്കുന്ന ഒരാളുടെ വായിലേക്ക് ഒരു ഗ്ലാസ്‌ വെള്ളം ഒഴിച്ചാൽ പോലും, അത് ഏതുവഴി പോകുമെന്നു പറയാനാവില്ല. അയാളുടെ ശ്വാസനാളം അടഞ്ഞുകൊടുക്കുകയുമില്ല. അതു വെള്ളം കയറി അടഞ്ഞു പോകുകയും മരണം സംഭവിക്കുകയും ചെയ്യും. ഇതിനെ ആണ് ‘ആസ്പിരേഷൻ’ എന്നു പറയുന്നത്.

ഹൃദയാഘാതം തന്നെയാകാം, ഇതിനെത്തുടർന്ന് ബോധക്ഷയം സംഭവിക്കാം. അതുവഴി ആസ്പിരേഷനും. എന്നാൽ ശ്രീദേവിയുടെ കാര്യത്തിൽ ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്നാണു ഫൊറന്‍സിക് റിപ്പോർട്ട്. ഹൃദയധമനികളിൽ തടസ്സം ഉണ്ടായിരുന്നെങ്കിൽ അക്കാര്യം പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകും. ശ്രീദേവിയുടെ മരണത്തിൽ ദുബായില്‍ വിശദമായ പരിശോധന നടന്നിട്ടുണ്ടെന്നാണു വിവരം. അതിനാൽ ഹൃദയാഘാതമാണെങ്കിൽ അക്കാര്യം അധികൃതർ വ്യക്തമാക്കുമെന്നതും ഉറപ്പ്. ഇവിടെ അതുണ്ടായിട്ടില്ല.

ശ്വാസകോശത്തിലേയ്ക്കു വെള്ളമോ മറ്റെന്തു തന്നെയും കയറിയാലും ശക്തമായ ചുമ വരും. ചുമച്ചു പുറത്തേക്കു തള്ളാൻ ശരീരം നോക്കുന്നതാണ്. ബോധക്ഷയം സംഭവിച്ചവർക്കു ചുമയ്ക്കാൻ കഴിഞ്ഞെന്നു വരില്ല. ഇനി കഴിഞ്ഞാൽ തന്നെ ശ്വാസതടസ്സം കാര്യമായിട്ടുള്ളതാണെങ്കിൽ നിമിഷങ്ങൾക്കകം ഉള്ള ബോധം കൂടി നഷ്ടപ്പെടും. വീണ്ടുംവീണ്ടും കൂടുതൽ വെള്ളം ഉള്ളിൽ പോകും. സമീപത്ത് ആരെങ്കിലും ഉണ്ടെങ്കിൽ മാത്രമേ രക്ഷപ്പെടുത്താനാകൂ. ഇത്തരം അവസ്ഥകളിൽ സ്വയംരക്ഷ അസാധ്യമാണെന്നു പരിയാരം മെഡിക്കൽ കോളജിലെ ഡിപ്പാർട്ട്മെന്റ് ഒാഫ് ജനറൽ മെഡിസിൻ ഫിസിഷ്യൻ ഡോ. അരുൺ ശ്രീ പരമേശ്വരൻ പറയുന്നു.

ബാത്ത്ടബിൽ തലയടിച്ചും ബോധം പോകാനുള്ള സാധ്യതയുണ്ട്. ബോധം പോകാൻ മാത്രം ‘ഇംപാക്ട്’ ഉള്ള തരത്തിൽ അടിയേറ്റാലാണിത്. അങ്ങനെ ബോധക്ഷയം സംഭവിച്ചു വെള്ളത്തിൽ മുങ്ങിയാലും മരണം സംഭവിക്കാം. എന്നാൽ ഇത്തരത്തിൽ തലയ്ക്ക് അടിയേറ്റിട്ടുണ്ടെങ്കിൽ അക്കാര്യം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കും.

തലയ്ക്കു പിന്നിൽ ചതഞ്ഞ അടയാളമോ രക്തം കട്ടപിടിച്ച നിലയിലോ തലച്ചോറിലോ തന്നെ ലക്ഷണങ്ങൾ കാണപ്പെടും. അസ്വാഭാവിക മരണത്തിനുള്ള സാധ്യതകളുമുണ്ട്. എന്നാൽ ശ്രീദേവിയുടെ മരണത്തിൽ അത്തരം സംശയങ്ങളൊന്നും ഉയർന്നിട്ടില്ല. എന്നിരുന്നാലും കാര്യം ഇത്രേയേയുള്ളൂ, ഒരു കവിൾ വെള്ളം കൊണ്ടും ‘മുങ്ങി’ മരിക്കാം

ദീര്‍ഘ ദൂര ആക്രമണങ്ങള്‍ നടത്താന്‍ പ്രാപ്തിയുള്ള ഇന്ത്യയുടെ റുസ്റ്റോം-2 ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ചു. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനം ഡിആര്‍ഡിഒ ആണ് പുതിയ ഡ്രോണ്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചെറിയ ഉയരത്തില്‍ പറക്കുകയും ദീര്‍ഘ ദൂര ആക്രമണങ്ങള്‍ പൈലറ്റിന്റെ സഹായമില്ലാതെ നടത്താന്‍ കഴിവുള്ളതാണ് റുസ്റ്റോം-2. കര്‍ണാടകത്തിലെ ചിത്രദുര്‍ഗ്ഗ ജില്ലയില്‍ ചാലക്കരെയിലാണ് ഡ്രോണിന്റെ ആദ്യ പരീക്ഷണം നടത്തിയത്. യുഎസ് വ്യോമസേനയുടെ ഭാഗമായിട്ടുള്ള പ്രഡേറ്റര്‍ ഡ്രോണുകളുടെ മാതൃകയിലാണ് റുസ്‌റ്റോം-2 നിര്‍മ്മിച്ചിരിക്കുന്നത്. സുരക്ഷാ പരിശോധനകള്‍ നടത്താന്‍ സൈന്യത്തെ സഹായിക്കാന്‍ കഴിവുള്ള ഡ്രോണിന് 24 മണിക്കൂര്‍ വരെ നിര്‍ത്താതെ പറക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചിത്രദുര്‍ഗ്ഗയിലെ ചാലക്കരെയില്‍ നടന്ന പരീക്ഷണ പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഡ്രോണിന്റെ എയറോനോട്ടിക്കല്‍ ടെസ്റ്റ് റേഞ്ചാണ് പരീക്ഷിക്കപ്പെട്ടത്. പരീക്ഷണ പറക്കല്‍ വിജയകരമായിരുന്നു. മുഴുവന്‍ പാരമീറ്ററുകളും സാധാരണഗതിയിലായിരുന്നെന്നും ദി ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലെപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ പറഞ്ഞു.

റുസ്റ്റോം-2 വ്യത്യസ്തമായ ഉപകരണങ്ങളെ വഹിക്കാന്‍ പ്രാപ്തിയുള്ളതാണെന്ന് അധികൃതര്‍ പറയുന്നു. സിന്തറ്റിക് അപ്പര്‍ച്ചേര്‍ റഡാര്‍, ഇലക്ട്രോണിക് ഇന്‍ലിജന്‍സ് സിസ്റ്റം കൂടാതെ സാഹചര്യത്തിന് അനുസരിച്ചുള്ള ഇതര ഉപകരണങ്ങളും വഹിക്കാന്‍ ഡ്രോണിന് കഴിവുണ്ട്. ഡ്രോണുകളെ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടത്താനും ശക്തമായി നിരീക്ഷണം സംവിധാനങ്ങള്‍ നിര്‍മ്മിക്കുന്നതിനും സഹായകമായ റുസ്‌റ്റോം-2 ഇന്ത്യന്‍ സൈന്യത്തിന് മുതല്‍ക്കൂട്ടാകും. ഇരട്ട എഞ്ചിന്‍ സംവിധാനമാണ് പുതിയ ഡ്രോണിന്റെ മറ്റൊരു പ്രത്യേകത. ഒരുപാട് സമയം നിര്‍ത്താതെ പറക്കാന്‍ കഴിവുള്ള റുസ്റ്റോം-2 ന് ദീര്‍ഘദൂര നിരീക്ഷണങ്ങള്‍ നടത്താന്‍ കഴിയും. കൂടാതെ ആക്രമണങ്ങള്‍ നടത്താനും ഇവയ്ക്ക് കഴിയും. 20 മീറ്റര്‍ വിംഗ്‌സ്പാനുള്ള ഡ്രോണിന് 24 മുതല്‍ 30 മണിക്കൂര്‍ വരെ നിര്‍ത്താതെ പ്രവര്‍ത്തിക്കാന്‍ കഴിയും. പുതിയ ഡ്രോണിന് ടേക്ക് ഓഫ് ചെയ്യാനായി ചെറിയ റണ്‍വേ ആവശ്യമാണ് സാധാരണ ഡ്രോണുകള്‍ക്ക് ഇത്തരം റണ്‍വേയുടെ ആവശ്യമുണ്ടാകാറില്ല. ഈ പ്രത്യേകത ഡ്രോണിനെ കൂടുതല്‍ മികച്ചതാക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആക്രമിക്കേണ്ട വസ്തുവിനെയോ പ്രതലത്തെയോ തിരിച്ചറിഞ്ഞാല്‍ ലേസര്‍ ഡെസിഗ്നേറ്റര്‍ ഉപയോഗിച്ച് മറ്റു വ്യോമ ആക്രമണങ്ങള്‍ക്ക് സൂചന നല്‍കാനും അല്ലെങ്കില്‍ സ്വയം മിസേല്‍ ആക്രമണം നടത്താനും ഇവയ്ക്ക് കഴിയും. റുസ്‌റ്റോം-1 അപേക്ഷിച്ച് ഡിജിറ്റല്‍ ഫ്‌ളൈറ്റ് കന്‍ഡ്രോള്‍, നാവികേഷന്‍ സിസ്റ്റം, കമ്യൂണിക്കേഷന്‍ ഇന്‍ലിജന്‍സ്, മീഡിയം ആന്റ് ലോങ് റേഞ്ച് ഇലക്ട്രോ-ഒപ്റ്റിക് പേലോഡ്‌സ് കൂടാതെ മേഘങ്ങള്‍ക്കിടയിലൂടെ പോലും കാഴ്ച്ച സാധ്യമാക്കുന്ന സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ സംവിധാനങ്ങളും റുസ്റ്റോം-2വിന്റെ പ്രത്യേകതകളാണ്. ഇന്ത്യന്‍ ആര്‍മി, നേവി, കോസ്റ്റ് ഗാര്‍ഡ്, ഐഎഎഫ് എന്നിവര്‍ പുതിയ ഡ്രോണിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. നിലവില്‍ കുറച്ചു കൂടി അഡ്വാന്‍സ്ഡ് ഫ്‌ളൈറ്റ് ടെസ്റ്റുകള്‍ക്ക് റുസ്റ്റോം-2 വിധേയമാകേണ്ടതുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved