സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനാണ് ബിനീഷ് കോടിയേരിക്കും ബിനോയ് കോടിയേരിക്കുമെതിരെ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
തിരുവനന്തപുരം ശാസ്തമംഗലത്ത് ആറ് കമ്പനികളാണ് ഇരുവരുടെയും പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പങ്കാളിത്തത്തില്‍ 28 സ്വകാര്യ കമ്പനികള്‍ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ 28 കമ്പനികളില്‍ ആറ് കമ്പനികള്‍ കോടിയേരിയുടെ മക്കള്‍ നേരിട്ടാണ് നടത്തുന്നതെന്നും കണ്ടെത്തി. ഇത്തരത്തില്‍ കമ്പനികള്‍ രൂപീകരിച്ച് നടത്താന്‍ ഇത്രയും സാമ്പത്തിക പിന്‍ബലം കോടിയേരിയുടെ കുടുംബത്തിന് എവിടെ നിന്നാണെന്ന് വെളിപ്പെടുത്തണമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രി ആയിരുന്ന 2008ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടൂറിസം മേഖലയിലാണ് ഈ കമ്പനികളില്‍ അധികവും പ്രവര്‍ത്തിക്കുന്നതെന്നും ബിജെപി ഉന്നയിച്ചു.
ഇതുസംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറും. ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ ഈ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ലെന്നും ബിജെപി ആരോപിക്കുന്നു. കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് ഈ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതെന്നാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന ആരോപണം. 28 കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഒരു ബോര്‍ഡ് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
റിയാലിറ്റി ഷോയ്ക്കിടെ മത്സരാര്‍ത്ഥിയായ പെണ്‍കുട്ടിയെ കടന്നു പിടിച്ച് ചുംബിച്ച് പ്രശസ്ത ഗായകന്‍ കുടുങ്ങി. ബോളിവുഡിലെ പ്രശസ്ത ഗായകനായ പപ്പോന്‍ ആണ് താന്‍ കൂടി വിധികര്‍ത്താവായിരിക്കുന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായ പെണ്‍കുട്ടിയെ കടന്നുപിടിച്ച് ചുംബിച്ചത്. ഹോളി ആഘോഷത്തിനിടെയായിരുന്നു സംഭവം. തന്റെ ഫെയ്‌സ്ബുക്കിലൂടെ ആഘോഷത്തിന്റെ ലൈവ് വീഡിയോ നല്‍കുന്നതിനിടെയായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ച് അതിക്രമം കാട്ടിയത്.
അതേസമയം സംഭവത്തില്‍ പോസ്‌കോ നിയമ പ്രകാരം ഗായകനെതിരെ കേസ് നല്‍കിയിട്ടുണ്ടെന്ന് സുപ്രീം കോടതി അഭിഭാഷകയായ റൂണ ഭുയാന്‍ അറിയിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് നല്‍കിയത്. എന്ത് സുരക്ഷതത്വമാണ് ഇത്തരം റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ളതെന്ന് റൂണ ചോദിക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമങ്ങള്‍ നിലവില്‍ വരേണ്ടതുണ്ടെന്നും റൂണ ഭുയാന്‍ അറിയിച്ചു.
അസാമി സ്വദേശിയായ പപ്പോന്റെ യഥാര്‍ത്ഥ പേര് അംഗരാഗ് മഹന്ത എന്നാണ്. ബര്‍ഫി, ബെഫിക്കര്‍, സുല്‍ത്താന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പപ്പോന്‍ പാടിയിട്ടുണ്ട്.
തിരുവനന്തപുരം: ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടതായി മന്ത്രി എ കെ ബാലന്‍. അന്വേഷണത്തിനായി മണ്ണാര്‍ക്കാട് തഹസീല്‍ദാരെ ചുമതലപ്പെടുത്തിയതായും മന്ത്രി എ.കെ. ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. മധുവിന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കും. താന്‍ നാളെ അട്ടപ്പാടി സന്ദര്‍ശിക്കുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.
ആദിവാസികളുടെ ശരീരത്തില്‍ കൈവെക്കാന്‍ ആരെയും അനുവദിക്കില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും എ കെ ബാലന്‍ പറഞ്ഞു. അതേ സമയം മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ആദിവാസി സംഘടനകള്‍ രാപ്പകല്‍ സമരത്തിനൊരുങ്ങുന്നു. ക്രൂരമായി ആള്‍ക്കൂട്ടം തല്ലിക്കൊന്ന മധുവിന് നീതി ലഭ്യമാക്കുക. കേസില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരിക്കും സമരം നടക്കുക.
അതിനിടെ മുക്കാലി പാക്കുളത്തെ വ്യാപാരിയായ കെ. ഹുസൈന്‍ അക്രമി സംഘത്തിലുണ്ടായിരുന്ന കരീം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റു അഞ്ച് പേരെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ 15 ഓളം ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം. തൃശൂര്‍ ഐജിയുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
അഗളി: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊലപാതകത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാതെ അഗളി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് മധുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം കൊണ്ടുപോകാനായി അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയ ആംബുലന്‍സ് നാട്ടുകാരും മധുവിന്റെ ബന്ധുക്കളും ചേര്‍ന്ന് തടഞ്ഞു.
മധുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരവധി ആദിവാസി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ അഗളി ആശുപത്രി വളഞ്ഞിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി തൃശൂര്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകാനുള്ള അധികൃതരുടെ നീക്കം ഇവര്‍ തടഞ്ഞു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ അഗളി ആനക്കട്ടി റോഡ് ഉപരോധിച്ച് സമരം ആരംഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന് ഉത്തരവാദികളെ അറസ്റ്റ് ചെയ്യാതെ മധുവിന്റെ മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്ന് നിലപാടിലുറച്ചു നില്‍ക്കുന്ന ബന്ധുക്കളെ അനുനയിപ്പിക്കാനുള്ള ശ്രമം നടന്നു വരികയാണ്. വിഷയത്തില്‍ സമാധാന ചര്‍ച്ചകള്‍ നടത്താന്‍ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അഗളിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.
ലണ്ടന്‍: പഞ്ചാബില്‍ നിന്ന് യുകെയിലെത്തിയ സിഖ് യുവാവിന്റെ തലപ്പാവ് ബലമായി അഴിച്ചു മാറ്റാന്‍ ശ്രമം. റവ്‌നീത് സിങ് എന്ന യുവാവിനാണ് വംശീയാതിക്രമം നേരിടേണ്ടി വന്നത്. പോര്‍ട്ട്കള്ളിസ് ഹൗസിനു മുമ്പില്‍ ലേബര്‍ എംപി തന്‍മന്‍ജീത് സിങ് ദേശിയെ കാണാന്‍ കാത്തിരിക്കുന്നതിനിടെയാണ് സംഭവം. ക്യൂവില്‍ നില്‍ക്കുകയായിരുന്ന റവ്‌നീത് സിങ്ങിനു നേരെ മുസ്ലീങ്ങള്‍ തിരികെ പോകുക എന്ന് ആക്രോശിച്ചുകൊണ്ട് വെളുത്ത വര്‍ഗ്ഗക്കാരനായ ഒരാള്‍ പാഞ്ഞെത്തുകയും തന്റെ തലപ്പാവില്‍ പിടിച്ച് വലിക്കുകയുമായിരുന്നുവെന്ന് റവ്‌നീത് സിങ് പറഞ്ഞു.
ബുധനാഴ്ച വൈകിട്ട് 5.20നാണ് സംഭവമുണ്ടായത്. തലപ്പാവ് പകുതിയോളം തലയില്‍ നിന്ന് ഊരിയെടുക്കാന്‍ അക്രമിക്ക് സാധിച്ചു. അപ്പോഴേക്കും താന്‍ അതില്‍ പിടിക്കുകയും ശബ്ദമുയര്‍ത്തുകയും ചെയ്തതോടെ അക്രമി ഓടിപ്പോകുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ അതിക്രമത്തില്‍ താന്‍ ഞെട്ടിപ്പോയെന്ന് പറഞ്ഞ റവ്‌നീത് തന്നെ ആക്രമിച്ചയാള്‍ വെളുത്ത വര്‍ഗ്ഗക്കാരനാണെങ്കിലും ഇംഗ്ലീഷുകാരനാണെന്ന് തോന്നുന്നില്ലെന്നും പറഞ്ഞു. സ്ലോവിലെ ലേബര്‍ എംപിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ക്യൂവില്‍ നില്‍ക്കുകയായിരുന്നു ഇദ്ദേഹം.
മൂന്നാഴ്ച നീളുന്ന സന്ദര്‍ശനത്തിനാണ് ഇദ്ദേഹം യുകെയില്‍ എത്തിയത്. ഒരു പരിസ്ഥിതി സംഘടനയ്ക്കു വേണ്ടി പ്രവര്‍ത്തനങ്ങളേക്കുറിച്ച് സംസാരിക്കാനാണ് എത്തിയത്. സംഭവത്തില്‍ പ്രതിഷേധമറിയിച്ച തന്‍മന്‍ജീത് തന്റെ അതിഥിയുടെ തലപ്പാവ് അഴിക്കാന്‍ ശ്രമിച്ച അതിക്രമം വംശവെറിയുടേതാണെന്ന് ട്വിറ്ററില്‍ പറഞ്ഞു. അധികാരികളും മെറ്റ് പോലീസും വിഷയത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും പറഞ്ഞു.
ആര്‍ത്തവദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളിലുള്ള വിലക്കിനെ വിമര്‍ശിക്കുന്ന കവിത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത എസ്.എഫ്.ഐ വനിതാ നേതാവിനുനേരെ സൈബര്‍ ആക്രമണം. പെണ്‍കുട്ടിയുടെ സഹോദരിയെ ബൈക്കിലെത്തിയവരുടെ സംഘം ആക്രമിച്ചു.
പത്തനംതിട്ട ചെങ്ങരൂര്‍ചിറ സ്വദേശിനിയും നിയമവിദ്യാര്‍ഥിനിയുമായ നവമി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസമാണ് ക്ഷേത്രങ്ങളില്‍
ആര്‍ത്തവ സമയത്തുള്ള വിലക്കിനെതിരെ പോസ്റ്റിട്ടത്. പിന്നാലെ വിവിധതലങ്ങളില്‍നിന്നുള്ള സൈബര്‍ ആക്രമണം ആരംഭിച്ചു. ബാലസംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്‍റുകൂടിയായ നവമിയെ സ്വഭാവദൂഷ്യംമൂലം കോളജില്‍നിന്ന് പുറത്താക്കിയെന്ന മട്ടിലായിരുന്ന പ്രചരണം. ഇതിന് പിന്നാലെ നവമിയുടെ സഹോദരിയും പത്താംക്ലാസുകാരിയുമായ ലക്ഷ്മി തിങ്കളാഴ്ച സ്കൂളില്‍നിന്ന് മടങ്ങിവരുന്നവഴി ബൈക്കിലെത്തിയ രണ്ടംഗസംഘം വധഭീഷണി മുഴക്കി. ബുധനാഴ്ച രാവിലെ പാലുവാങ്ങാനായി പോയ കുട്ടിയെ പിന്നിലൂടെ ബൈക്കിലെത്തിയവര്‍ അടിച്ചുവീഴ്ത്തിയെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
ആക്രമണത്തിന് ഇരയായ സഹോദരി ആശുപത്രിയിൽ
സംഘടിതമായ ആക്രമണമാണ് സമൂഹമാധ്യമങ്ങളിലൂടെ നടന്നതെന്ന് കുടുംബവും പറയുന്നു. ഭീഷണികള്‍ക്കുമുന്നില്‍ നിലപാടുകള്‍ അടിയറവുവയ്ക്കില്ലെന്ന് നവമിയും പറയുന്നു. സംഘടനാതലത്തില്‍ സജീവമായ കുടുംബത്തിന് പൂര്‍ണ പിന്തുണ നല്‍കാനാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്‍റെ തീരുമാനം.
ഷില്ലോങ്: തീവ്രവാദികളുടെ പിടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ മോചിപ്പിച്ചിട്ടുള്ള വ്യക്തികളില്‍ ഭൂരിഭാഗം പേരും ക്രിസ്ത്യാനികളെന്ന് മോഡി. മേഘാലയയിലെ തെരെഞ്ഞടുപ്പ് പ്രചാരണ വേളയിലാണ് മോഡിയുടെ പ്രസ്താവന. ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ മേഘാലയയില്‍ മതം പറഞ്ഞ് വോട്ട് പിടിക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമായിട്ടാണ് മോഡിയുടെ പുതിയ പ്രസ്താവന.
മധ്യപ്രദേശില്‍ പള്ളികള്‍ അക്രമിക്കപ്പെടുന്നതായും ക്രിസ്ത്യാനികള്‍ക്കെതിരായി അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായും രാഹുല്‍ ഗാന്ധി തെരെഞ്ഞടുപ്പ് പ്രചാരണ വേളയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ക്രിസ്ത്യാനികളെ കേന്ദ്ര സര്‍ക്കാര്‍ തീവ്രവാദികള്‍ക്കിടയില്‍ നിന്ന് മോചിപ്പിച്ചിരുന്നുവെന്ന അവകാശ വാദവുമായി മോഡി രംഗത്തു വന്നത്. കഴിഞ്ഞ വര്‍ഷം ഇറാഖില്‍ തീവ്രവാദികളുടെ തടവിലായിരുന്ന 46 മലയാളി നഴ്‌സുമാരെ കേന്ദ്ര സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു. ഇതില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളായിരുന്നുവെന്നാണ് മോഡി പറഞ്ഞത്.
2015 ല്‍ താലിബാന്‍ തട്ടികൊണ്ടു പോയ ഫാ. അലക്സിസ് പ്രേംകുമാറിനെ മോചിപ്പിച്ചതും തങ്ങളുടെ സര്‍ക്കാരാണെന്ന് മോഡി പറഞ്ഞു. കോണ്‍ഗ്രസിന്റെ വികസനരഹിത ഭരണം മേഘാലയയിലെ ജനങ്ങള്‍ക്ക് മടുത്തു കഴിഞ്ഞു. ചിലയാളുകള്‍ വര്‍ഗീയ വിദ്വേഷങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ്. അവര്‍ ഞങ്ങളുടെ നയം വികസനമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട് വെസ്റ്റ് ഗാരോഹില്‍സ് ജില്ലയിലെ ഒരു റാലിയില്‍ പങ്കെടുത്തുകൊണ്ട് മോഡി പറഞ്ഞു.
യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിന്റെ മോചനം സാധ്യമായത് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്നും മോഡി വ്യാഖ്യാനിച്ചു.
അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി മമ്മൂട്ടി. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ മമ്മൂട്ടി പറഞ്ഞു. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ലെന്നും മമ്മൂട്ടി വ്യക്തമാക്കുന്നു
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നു. ആള്‍ക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാല്‍ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരന്‍. വിശപ്പടക്കാന്‍ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആള്‍ക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുള്‍വടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യന്‍ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യന്‍ എന്ന നിലയില്‍ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മള്‍ എങ്ങനെയാണ് പരിഷ്‌കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്…
മുംബൈ: റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുകയായിരുന്ന യുവതിയെ കടന്നു പിടിച്ച് ചുംബിച്ചയാള്‍ അറസ്റ്റില്‍. നവിമുംബൈയിലെ തുഭ്രെ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം. നരേഷ് കെ. ജോഷി എന്നയാളെയാണ് റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെ പിന്തുടര്‍ന്നെത്തിയ നരേഷ് കെ ജോഷി ബലം പ്രയോഗിച്ച് പിടിച്ചു നിര്‍ത്തി ചുംബിക്കുകയായിരുന്നു. അക്രമത്തിന് പ്രകോപനമായത് എന്താണെന്ന് വ്യക്തമല്ല. സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.
യുവതിയെ ബലം പ്രയോഗിച്ച് ചുംബിച്ച ശേഷം ഒന്നും സംഭവിക്കാത്ത രീതിയില്‍ ഇയാള്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നു പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. അക്രമം നടന്നയുടന്‍ യുവതി സമീപത്തെ ആര്‍പിഎഫ് കൗണ്ടറിലെത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ നിന്നുതന്നെ അക്രമിയെ കണ്ടെത്തിയ ആര്‍പിഎഫ് അറസ്റ്റ് രേഖപ്പെടുത്തി.
അഗളി: മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഏഴുപേര്‍ പിടിയില്‍. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ കടയുടമ ഉള്‍പ്പെടെയുള്ളവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തിനെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കിയതായും ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കേസിന്റെ അന്വേഷണ ചുമതല വഹിക്കുന്നത് തൃശൂര്‍ ഐജിയാണെന്നും ബെഹ്‌റ മാധ്യമങ്ങളെ അറിയിച്ചു.
ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. നവ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ കേസ് വലിയ വിവാദം സൃഷ്ടിച്ചതോടെ ഐജി എംആര്‍ അജിത് കുമാര്‍ അട്ടപ്പാടിയിലേക്ക് തിരിച്ചു. അതേ സമയം മധുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം കൊണ്ടു പോകില്ലെന്ന നിലപാടിലാണ് മധുവിന്റെ അമ്മയും ബന്ധുക്കളും.
അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. എന്നാല്‍ മധുവിനെ നാട്ടുകാര്‍ മൃഗീയമായി മര്‍ദ്ദിച്ചു കൊന്നതാണെന്നും ഉത്തരവാദികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം അഗളി ആശുപത്രിയില്‍ നിന്നും മാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മധുവിന്റെ അമ്മയും ബന്ധുക്കളും.