Latest News

ഒരിടവേളയ്ക്കു ശേഷം ലോകത്തിന്‌റെ പല ഭാഗങ്ങളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. സാര്‍സ് കോവ് 2ന്‌റെ പുതിയ വകഭേദമായ ഫ്‌ളിര്‍ട്ട് ആണ് പുതിയ കോവിഡ് കേസുകള്‍ക്ക് കാരണമായി കരുതുന്നത്.

ഇപ്പോള്‍ സിംഗപ്പൂരില്‍ കോവിഡ് കേസുകളുടെ വര്‍ധനവിന് കാരണമായ കോവിഡ്-19ന്‌റെ രണ്ട് ഉപവിഭാഗങ്ങളായ കെപി.2ന്‌റെ 290 കേസുകളും കെപി.1ന്‌റെ 34 കേസുകളും ഇന്ത്യയില്‍ കണ്ടെത്തിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ രണ്ട് വകഭേദങ്ങളും മറ്റ് ചില വകഭേദങ്ങളും ഒരുമിച്ചതാണ് ഫ്‌ളിര്‍ട്ട് വകഭേദം. ഇവയെല്ലാം ജെഎന്‍1ന്‌റെ ഉപവകഭേദങ്ങളാണെന്നും ആശുപത്രിവാസത്തിലും ഗുരുതരമായ കേസുകളിലും വര്‍ധനവില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

INSACOG ഡേറ്റ അനുസരിച്ച്‌ കെപി.1 വകഭേദം കാരണമുള്ള ഏറ്റവും കൂടുതല്‍ കേസുകള്‍ പശ്ചിമബംഗാളിലാണ്. ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഈ വകഭേദത്തിന്‌റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കെപി.2ന്‌റെ 290 കേസുകള്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും കെപി.2 വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡിന്‌റേതായി സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍ പനി, ചുമ, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് എന്നിവയാണ്. ക്ഷീണം, ശരീര വേദന, തലവേദന തുടങ്ങിയ ലക്ഷണങ്ങളും ചിലരില്‍ പ്രകടമാകുന്നുണ്ട്. രുചിയും മണവും നഷ്ടമാകുന്നതും പ്രധാനപ്പെട്ട ലക്ഷണമാണ്. തൊണ്ട വേദന, മൂക്കൊലിപ്പ്, മനംപിരട്ടല്‍, ഛര്‍ദി, വയറിളക്കം എന്നിവയും കോവിഡിന്‌റെ ലക്ഷണങ്ങളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ചില വ്യക്തികള്‍ക്ക് ന്യുമോണിയ അല്ലെങ്കില്‍ അക്യൂട്ട് റസ്പിറേറ്ററി ഡിസ്‌ട്രെസ് സിന്‍ഡ്രോം(എആര്‍ഡിഎസ്) ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ട് ഗുരുതരമായ അവസ്ഥയിലേക്കു നീങ്ങുന്ന ലക്ഷണങ്ങള്‍വരെ പ്രത്യക്ഷപ്പെടാം. തൊലിപ്പുറത്ത് ചുണങ്ങ്, കൈവിരലുകളുടെയോ കാല്‍വിരലുകളുടെയോ നിറവ്യത്യാസം എന്നിവയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ രണ്ട് മുതല്‍ 14 ദിവസംവരെ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് രോഗികളിലും വൈറസ് മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യതയുണ്ട്.

ഇതു കൂടാതെ കോവിഡിന്‌റേതായി അസാധാരണമായ ചില ലക്ഷണങ്ങളും പ്രകടമാകുന്നുണ്ട്. ചുവപ്പ് അല്ലെങ്കില്‍ പര്‍പ്പിള്‍ നിറത്തില്‍ കാല്‍വിരലികളോ കാല്‍പദാമോ മാറുന്നത് കോവിഡിന്‌റെ ലക്ഷണമായി സംശയിക്കണം. മറ്റ് രോഗലക്ഷണങ്ങളില്ലാതെ ചെറുപ്പക്കാരായ കോവിഡ് രോഗികളില്‍ ചര്‍മത്തിലെ നിറംമാറ്റം മാത്രമായി കാണുന്നുണ്ട്.

ന്യൂറോളജിക്കല്‍ ലക്ഷണങ്ങളില്‍ മുതിര്‍ന്നവരില്‍ തലകറക്കം, ആശയക്കുഴപ്പം, വിഭ്രാന്തി എന്നിവ കാണപ്പെടുന്നുണ്ട്. ടെന്‍ഷന്‍ തലവേദനയില്‍ നിന്നും മൈഗ്രേനില്‍ നിന്നുമൊക്കെ വ്യത്യസ്ത രീതിയിലുള്ള തലവേദനയും കോവിഡിന്‌റെ ലക്ഷണമാണ്. കൂടാതെ ബ്രെയിന്‍ ഫോഗ് ഏകാഗ്രതയെയും ഓര്‍മശക്തിയെയും ബാധിക്കുന്നുണ്ട്.

ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങളില്ലാത്തവരില്‍ ഓക്കാനം, ഛര്‍ദി, വയറിളക്കം, വയറുവേദന എന്നിവ കാണപ്പെടുന്നുണ്ട്. തേനീച്ചക്കൂടുകളോട് സാമ്യമുള്ള തിണര്‍പ്പ്, ചെറിയ ചുവന്ന പാടുകള്‍ എന്നിവ ചര്‍മസംബന്ധമായ ലക്ഷണങ്ങളില്‍ പെടുന്നു.

സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ജൂൺ 9 അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കന്മാർ, ജില്ലാ കളക്ടർമാർ, ജില്ലാപോലീസ്‌ സൂപ്രണ്ടുമാർ, കോസ്റ്റൽ പോലീസ്‌ മേധാവി, മറൈൻ എൻഫോഴ്സ്മെന്റ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി, ഫിഷറീസ്, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി യോഗത്തിൽ ഉറപ്പു നൽകി. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയിലെ നീണ്ടകര ഹാർബർ ട്രോളിങ് നിരോധന കാലഘട്ടത്തിൽ ഇൻബോർഡ് വള്ളങ്ങൾ ഒഴികെയുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് തുറന്നുകൊടുത്തിരുന്നു. അത് ഈ വർഷവും തുടരാൻ നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിർദേശിച്ചു.

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്.

മഞ്ഞ അലർട്ട് ബുധനാഴ്ച: കണ്ണൂർ, കാസറഗോഡ് വ്യാഴം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസറഗോഡ് വെള്ളി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട് ശനി: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി.

തെക്കൻ കേരളത്തിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടി, മിന്നൽ , കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗത്തിലുള്ള കാറ്റിനും ശനിയാഴ്ച വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ തമിഴ്‌നാട് ആന്ധ്രാ തീരത്തിനു അകലെയായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുമുണ്ട്. വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം വെള്ളിയാഴ്ച രാവിലെയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്ന് വടക്കുകിഴക്ക് ദിശയിൽ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ലെന്നും മുന്നറിയിപ്പ് മത്സ്യത്തൊഴിലാളികൾ കർശനമായി പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ വ്യാഴാഴ്ച രാത്രി 11.30 വരെ 0.4 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. സെക്കൻഡിൽ 18 cm നും 82 cm നും ഇടയിൽ വേഗത്തിൽ ഇത് മാറിവരുവാൻ സാധ്യതയുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചൽ മുതൽ കിലക്കരെ വരെ വ്യാഴാഴ്ച രാത്രി 11.30 വരെ 0.6 മുതൽ 3.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. സെക്കൻഡിൽ 22 സെന്റീമീറ്ററിനും നും 83 സെന്റിമീറ്ററിനും ഇടയിൽ ഇത് മാറിവരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. താഴെപ്പറയുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം-

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെസ്റ്റ് യോർക്ക് ഷെയറിലെ ഹഡേഴ്സ്ഫീൽഡിൽ താമസിക്കുന്ന വിൽസൺ ജോസഫിന്റെ പിതാവ് വെള്ളൂക്കുന്നേൽ പുതിയാപറമ്പിൽ പി സി ജോസഫ് (93) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 pm ന് വ്യാകുല മാതാ പള്ളി സെമിത്തേരിയിൽ വച്ച് നടത്തപ്പെടുന്നതാണ്.

ഭാര്യ : ത്രേസ്യാമ്മ ജോസഫ് ചോലത്തടം പുളിക്കാട്ട് കുടുംബാംഗമാണ് .

മക്കൾ: ആലീസ് സെബാസ്റ്റ്യൻ, സിസിലി ജോസഫ്, റുബിസൺ ജോസഫ്, ഫാ. ജേക്കബ് പുതിയാപറമ്പിൽ(വികാരി സെന്റ് തോമസ് ചർച്ച് പൂവത്തോട്), സോമി ജോജി, വിത്സൺ ജോസഫ് (യുകെ ), ജെയ്സൺ ജോസഫ് (എച്ച്എസ്എസ്ടി കൊമേഴ്സ്, സെൻ്റ് മൈക്കിൾസ് എച്ച്എസ്എസ് പ്രവിത്താനം), ഡോ . സാന്റി ടെനി (അസോസിയേറ്റ് പ്രൊഫസർ & HOD ഹിന്ദി, സെൻ്റ് അലോഷ്യസ് കോളേജ്, എടത്വാ)

മരുമക്കൾ: പരേതനായ ടി സി സെബാസ്റ്റ്യൻ തയ്യിൽ ആലക്കോട്, ഔസേപ്പച്ചൻ ഐക്കര പാതാമ്പുഴ. സലോമി റുബിസൺ ആലപ്പാട്ട് ചേന്നാട്, ജോജി ജേക്കബ് മണ്ണംപ്ലാക്കൽ എരുമേലി, സ്മിത വിൽസൺ അരീപറമ്പിൽ മാട്ടുക്കട്ട (യുകെ), ജൂബി സ്കറിയ വാളിപ്ലാക്കൽ പെരിങ്ങുളം (എച്ച്എസ്ടി ഇംഗ്ലീഷ് സെൻ്റ് മേരീസ് എച്ച്എസ്എസ് തീക്കോയി), ടെനി ജോർജ് പിണക്കാട്ട് ഇടമറുക് (എസ് ജെ ഐഎച്ച്എംസിടി പാലാ).

വിൽസൺ ജോസഫിൻെറ പിതാവിൻറെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു

പീറ്റർബറോ: അർബുദ രോഗ ചികിത്സയിലിരിക്കെ പീറ്റർബറോയിൽ  അന്തരിച്ച സ്‌നോബിമോൾക്ക് യു കെ യുടെ മണ്ണിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. മലയാളികളും തദ്ദേശീയരുമായ വൻജനാവലിയാണ് അന്ത്യയാത്രക്ക് സാക്ഷികളായി ദേവാലയത്തിലും സിമിത്തേരിയിലുമായി അന്ത്യപോപചാര ശുശ്രുഷകളിലും ശവസംസ്‌കാര ചടങ്ങുകളിലും പങ്കുചേർന്നത്. ദേവാലയവും, പാരീഷ് ഹാളും പരിസരവും നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടം എത്തിയിരുന്നു.
പീറ്റേർബറോ ഔർ ലേഡി ഓഫ് ലൂർദ്ദ് സീറോമലബാർ മിഷൻ വികാരി ഫാ. ഡാനി മോലോപറമ്പിൽ സ്വാഗതം അരുളിയ ശേഷം തുടങ്ങിയ അന്ത്യോപചാര ശുശ്രുഷകൾക്ക്‌ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു.  കുർബ്ബാന മദ്ധ്യേ പിതാവ്  നൽകിയ  സന്ദേശത്തിൽ ” സ്‌നോബി നിത്യ  പ്രകാശത്തിലേക്കും, നിത്യ വിശ്രമത്തിലേക്കും ആല്മീയമായും മനസ്സികമായും ഏറെ ഒരുങ്ങിയാണ് യാത്രയായതെന്നും, പ്രാർത്ഥനയെ കൂട്ട് പിടിച്ചും, സഹനങ്ങളെ സമർപ്പിച്ചുമുള്ള അവരുടെ ജീവിതം നിത്യസമ്മാനത്തിന് അവരെ അർഹയാക്കും”എന്നും പറഞ്ഞു. അകാലത്തിലുള്ള മരണങ്ങളെ സ്വന്തം കുടുംബത്തിൽ കാണേണ്ടിവന്ന വിഷമങ്ങൾ പങ്കുവെച്ച സ്രാമ്പിക്കൽ പിതാവ് സനിലിനും ആന്റോക്കും സാന്ത്വനവും ശക്തിയും പകരുന്ന തിരുവചനഭാഗങ്ങളും ഉൾപ്പെടുത്തിയാണ്  സന്ദേശം നൽകിയത്. ഫാ.ടോം ഓലിക്കരോട്ട്, ഫാ ഡാനി, ഫാ. ജിനു, ഫാ. ആദം എന്നിവർ സഹകാർമ്മികരായി.
നിരവധി സ്വപ്‌നങ്ങളുമായി യു കെ യുടെ മണ്ണിൽ എത്തുകയും, ജോലി തുടങ്ങി രണ്ടുമാസം ആകുമ്പോളേക്കും ബോൺ ക്യാൻസർ രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരംഭിച്ച വിദഗ്ധ ചികിത്സക്കിടയിലാണ്  സ്‌നോബിമോൾക്കു പെട്ടെന്ന് രോഗം മൂർച്ചിക്കുന്നത്. സ്വപ്നങ്ങൾക്ക് മൊട്ടിടുന്നതിനു മുമ്പായി അകാലത്തിൽ യാത്രാകേണ്ടി വന്ന സ്‌നോബിമോൾ (44) കോട്ടയം അറുനൂറ്റിമംഗലം കരികുളത്തിൽ വർക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വർക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമൺ (യു കെ) ലിസമ്മ ജോയി എന്നിവർ സഹോദരിമാരാണ്.
നിശ്ചലമായി ഉറങ്ങുന്ന സ്‌നോബിയുടെ സമീപം നിന്നുകൊണ്ട് സനിലിന്റെയും ഏകമകൻ ആന്റോയുടെയും, സഹോദരി മോളിയുടെയും ബന്ധുക്കളുടെയും അണപൊട്ടുന്ന ദുംഖം ദേവാലയത്തിൽ എത്തിയ എല്ലാവരുടെയും ഹൃദയങ്ങളെ വേദനിപ്പിച്ചു. അന്ത്യോപചാര ശുശ്രുഷകളും സംസ്‌ക്കാരവും ഏറെ ദുംഖം തളം കെട്ടിയ അന്തരീക്ഷത്തിലാണ് നടന്നത്. നൂറുകണക്കിന് ജനങ്ങൾ ശുശ്രുഷകളിലും ശവ സംസ്‌കാരത്തിലും പങ്കു ചേരുകയും അനുശോചനവും  അന്ത്യാഞ്ജലിയും  അർപ്പിക്കുകയും ചെയ്തു.
ഭർത്താവ് സനിൽ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് – റോസമ്മ ദമ്പതികളുടെ മകനാണ്. സനിൽ പീറ്റർബറോയിൽ തന്നെ ഒരു നേഴ്സിങ് ഹോമിൽ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകൻ ആന്റോ വിദ്യാർത്ഥിയാണ്. സ്‌നോബിയുടെ സഹോദരി മോളി സൈമൺ പീറ്റർബറോയിൽ തന്നെ കുടുംബമായി താമസിക്കുന്നു. മോളിയുടെ ഭർത്താവ് സൈമൺ ജോസപ്പും  കുടുംബാംഗങ്ങളും, പീറ്റർബറോ മലയാളി സമൂഹവും വളരെ ഭംഗിയായായും ചിട്ടയായുമാണ് അന്ത്യോപചാരവേള ക്രമീകരിച്ചത്.  ഫ്‌ളെട്ടൻ സിമിത്തേരിയിൽ നടത്തിയ ശവസംസ്ക്കാര ശുശ്രുഷകൾക്ക് ശേഷം, സെന്റ് ഓസ്വാൾഡ്സ് ചർച്ച് ഹാളിൽ ചായയും ലഘുഭക്ഷണവും ഒരുക്കിയിരുന്നു.
ഔർ ലേഡി ഓഫ് ലൂർദ്‌സ് സീറോമലബാർ ഇടവക അംഗങ്ങൾ , ശുശ്രുഷകൾക്കു സെന്റ് ഓസ്വാൾഡ് ദേവാലയം അനുഭവദിച്ചു നൽകിയ വികാരി ഫാ. സീലൻ, സെന്റ് ഓസ്വാൾഡ് പാരീഷണേഴ്‌സ്, ഫാ. ആന്റണി, ഫാ ആൻഡ്രൂ, ഫാ. തോമസ്, ഫാ. ബിനോയി, ഫാ. സിജു, ഹോസ്പിറ്റൽ ചാപ്ലിൻ ഫാ. വാൾഡി ക്നാനായ കാത്തലിക്ക് ചാപ്ലെയിൻ ഫാ. ജോമോൻ എന്നിവരും അന്ത്യോപചാര ശുശ്രുഷാ വേളയിൽ സന്നിഹിതരായിരുന്നു. ഓൾ  സെയിന്റ്സ് മാർത്തോമ്മാ ചർച്ച് വികാരി ഫാ. തോമസ് ജോർജ്ജ് , ഇന്ത്യൻ ഓർത്തഡോക്സ് വികാരി ഫാ. മാത്യു കുര്യാക്കോസ്, യുകെ-യൂറോപ്പ് ആഫ്രിക്ക രൂപതയുടെ  മെട്രോപൊളിറ്റൻ മാർ സ്റ്റെഫനോസ് തിരുമേനി, മോർ ഗ്രിഗോറിയോസ് ജാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ്‌ കോർ എപ്പിസ്‌കോപ്പ ഫാ. രാജു ചെറുവിള്ളിൽ, വികാരി ഫാ. നിതിൻ, ഡീക്കൻ ജേക്കബ്  തുടങ്ങിയവരുടെ   നേതൃത്വത്തിലുള്ള പ്രാർത്ഥനകളും, ആശ്വാസ വാക്കുകളും സഹായങ്ങളും ഏറെ നന്ദിപുരസ്സരം ഓർമ്മിക്കുന്നുവെന്നു കുടുംബത്തിന് വേണ്ടി സൈമൺ ജോസഫ് പറഞ്ഞു. കൂടാതെ ശുശ്രുഷകളിലടക്കം എല്ലാ മേഖലകളിലും സഹായങ്ങളും നേതൃത്വവും എടുത്തവരോടുള്ള അകൈതവമായ നന്ദിയും കടപ്പാടും സൈമൺ പ്രകാശിപ്പിച്ചു.
കേംബ്രിഡ്ജ് ബഥേൽ പെന്തക്കോസ്റ്റ് ചർച്ച് പാസ്റ്റർ എബ്രഹാം, പാസ്റ്റർ സാമുവേൽ എന്നിവരും പിന്തുണയും അനുശോചനം അറിയിക്കുകയും ചെയ്തു. പീറ്റർബറോ മലയാളീസ്, കിങ്സ്ലിൻ മലയാളി കൂട്ടായ്മ്മ, സ്പാല്ഡിങ് കൂട്ടായ്മ്മ, പീറ്റർബറോയിലെ നാനാജാതി സമുദായങ്ങൾ, വിവിധ സഭകളും വ്യക്തികളും റീത്തുകൾ സമർപ്പിച്ചു അനുശോചനം രേഖപ്പെടുത്തി. സ്‌നോബിയുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച്  ജോജി മാത്യു കരികുളം നന്ദിയും കടപ്പാടും രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്. മലയാളം യുകെ

സൗത്ത് ഇന്ത്യൻ മലയാളി അസ്സോസിയേഷൻ സൈമാ പ്രെസ്റ്റൻ്റെ ആഭിമുഖ്യത്തിൽ സ്നേഹ സംഗീത രാവ് എന്ന മ്യൂസിക്കൽ ലൈവ് ഷോ മെയ് 31ന് വൈകിട്ട് 6:30 മണിക്ക് പ്രെസ്റ്റൺ ക്രൈസ്റ്റ് ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. മലയാള സിനിമ രംഗത്തെ പ്രമുഖരായ പിന്നണി ഗായകരും ക്രിസ്ത്യൻ ഡിവോഷണൽ ഗാന രചയിതാവും സംഗീത സംവിധായകനുമായ പീറ്റർ ചേരാനല്ലൂർ പരുപാടി നയിക്കുന്നു. ഫ്ലവേഴ്സ് സംഗീത മത്സരത്തിൽ കൂടി പ്രശസ്തയായ മേഘ്നാകുട്ടി, പിന്നണി ഗായകരായ നിവിൻ സ്കറിയ, ക്രിസ്റ്റകല, ചാർളി ബഹറിൻ തുടങ്ങിയ മലയാള സിനിമയിൽ ഗണ്യമായ പങ്കു വഹിച്ചിട്ടുള്ള കലാകാരമാരുടെ പരിപാടികൾ കോർത്തിണക്കികൊണ്ട് മനോഹരമായ മ്യൂസിക്കൽ നൈറ്റാണ് സൈമാ പ്രെസ്റ്റൺ പ്രേക്ഷകർക്കായി ഒരുക്കുന്നത്.

 

സൈമയുടെ പ്രസിഡൻ്റ് സന്തോഷ് ചാക്കോയുടെ നേതൃത്വത്തിലുള്ള എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങളായ ബിനുമോൻ ജോയ്, മുരളി നാരായണൻ, അനിഷ വി ഹരിഹരൻ, നിഥിൻ ടി എൻ, നിഖിൽ ജോസ് പാലത്തിങ്ങൽ, ഡോ. വിഷ്ണു നാരായണൻ, ബെസിൽ ബൈജു എന്നിവർ ചേർന്ന ഒരു വലിയ ടീമാണ് സ്നേഹ സംഗീത രാവ് മ്യൂസിക്കൽ ലൈവ് ഷോയുടെ അണിയറയിൽ പ്രവർത്തിക്കുന്നത്.

പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുന്നു. പ്രവേശന ഫീസ് 15 പൗണ്ടാണ്. മെയ് 28ന് മുമ്പ് 15 പൗണ്ട് നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ഭക്ഷണം സൗജന്യമായി നൽകപ്പെടുന്നു. ലിമിറ്റഡ് സീറ്റസ് കൂടി മാത്രം ബുക്കിങിന് നിലവിൽ ഉള്ളൂ . സൗത്ത് ഇന്ത്യൻ മലയാളികൾക്ക് വേണ്ടി രൂപീകരിച്ച സൈമാ പ്രെസ്റ്റൺ സാംസ്കാരിക സാമൂഹിക സ്പോർട്സ് മേഖലകളിൽ ചാരിറ്റി പ്രവർത്തനത്തിലൂടെ സമൂഹത്തിന് നന്മ, വികസനം എന്നിവയ്ക്കായി എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ട് ഒരു കൂട്ടായ്മയായി പ്രവർത്തിക്കാൻ ലക്ഷ്യമിടുന്നു. സൈമാ പ്രെസ്റ്റൺ സ്നേഹ സംഗീത രാവ് പരിപാടിയിലേക്ക് എല്ലാവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി സൈമാ പ്രസിഡൻ്റ് സന്തോഷ് ചാക്കോ അറിയിച്ചു.

Venue:-
Christ Church, Fulwood,
Preston
PR28NE
For more details and tickets please contact
Santosh Chako
Mobile # 07540999313

ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. ശസ്ത്രക്രിയയ്ക്കിടെ നൽകിയ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതാണ് യുവതിയുടെ മരണത്തിനു കാരണമെന്ന് ഭർത്താവ് ആരോപിച്ചു. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ ഭാര്യ അഖില (28) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്.

ശസ്ത്രക്രിയയ്ക്കിടെ അനസ്തേഷ്യയുടെ അളവ് കൂടിപ്പോയതിനെ തുടർന്ന് ഒരു വർഷവും മൂന്ന് മാസവും അബോധാവസ്ഥയിലായിരുന്ന യുവതിയാണ് മരിച്ചത്. ഹെർണിയ ശസ്ത്രക്രിയയ്ക്കായി കൽപറ്റ ലിയോ ആശുപത്രിയിൽ 2023 മാർച്ച് 18നാണ് അഖിലയെ പ്രവേശിപ്പിച്ചത്. സർജറി നടക്കുന്നതിനിടെ രോഗിക്ക് ബോധം വന്നതോടെ വീണ്ടും അനസ്തേഷ്യ നൽകുകയും ഓപ്പറേഷൻ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ യുവതി അബോധാവസ്ഥയിൽ തുടരുകയായിരുന്നു.

നിരന്തരം വിവിധ സ്വകാര്യ ആശുപത്രികളിലേക്ക് തുടർചികിത്സക്കായി കൊണ്ടുപോയെങ്കിലും മാറ്റമുണ്ടായില്ല. തുടർന്ന് തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടർചികിത്സയ്ക്ക് വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 20 ലക്ഷത്തിലധികം രൂപ ചെലവായി. ചികിത്സപ്പിഴവ് വരുത്തിയ സ്വകാര്യ ആശുപത്രിയിൽ അഡ്മിഷൻ ഫീസായ 250 രൂപ മാത്രമേ വാങ്ങിയുള്ളു. മറ്റ് യാതൊരു ഫീസും വാങ്ങിയില്ല.

ചികിത്സപ്പിഴവ് സംബന്ധിച്ച് വയനാട് ഡിഎംഒ, ജില്ലാ ലീഗൽ അതോറിറ്റി, മനുഷ്യാവകാശ കമ്മിഷൻ, കേണിച്ചിറ പൊലിസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നെങ്കിലും യാതൊരു അന്വേഷണവും നടന്നില്ലെന്നും ജെറിൽ പറഞ്ഞു. കദളിക്കാട്ടിൽ ബീന -വിൻസന്റ് ദമ്പതികളുടെ മകളായ അഖില സ്വകാര്യ സ്കൂൾ ടീച്ചറായിരുന്നു. ജെറിൽ ജോസ് സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് മാനാണ്. മക്കൾ: ജെറോം (5), ജെറോൺ (3).

വിഷജലമൊഴുക്കിയതിനെ തുടർന്ന് പെരിയാറും പരിസര ജലാശയങ്ങളും മത്സ്യങ്ങളുടെ ശവപ്പറമ്പായി. ലക്ഷക്കണക്കിനു രൂപ വിലമതിക്കുന്ന മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. പെരിയാറിന്റെ കൈവഴികളിലേക്കും വിഷജലം ഒഴുകിയെത്തിയതോടെ സമീപ പ്രദേശങ്ങളിലെല്ലാം വ്യാപക മത്സ്യനാശം സംഭവിച്ചു. പുഴകളിൽ സ്ഥാപിച്ചിട്ടുള്ള മത്സ്യക്കൂടുകളിലേക്ക് വിഷജലം കയറിയതോടെ ഇതിലെ മത്സ്യങ്ങളും ചത്തു. ഇരുനൂറിലധികം മത്സ്യക്കൂടുകളാണ് പെരിയാറിലും സമീപത്തുള്ള കൈവഴികളിലുമുള്ളത്. മീൻ വളർത്തുന്ന ഫാമുകളിലേക്കും പാടങ്ങളിലേക്കും വിഷജലമെത്തി. ഇവിടെയും ലക്ഷക്കണക്കിനു രൂപയുടെ മത്സ്യസമ്പത്ത് നശിച്ചു.

അഞ്ചുലക്ഷം രൂപ മുതൽ ഇരുപതു ലക്ഷം രൂപ വരെ മുതൽമുടക്കിയാണ് കർഷകർ മത്സ്യക്കൂടുകൾ ഒരുക്കിയിരിക്കുന്നത്. കരിമീൻ, കാളാഞ്ചി, തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളാണ് കൂടുകളിൽ ചത്തുപൊങ്ങിയത്. വിളവെടുപ്പിനു തയ്യാറെടുക്കുന്ന സമയത്തുണ്ടായ മത്സ്യനാശം കർഷകരെ വൻ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്.

മത്സ്യക്കുരുതിയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകി. ഇതോടൊപ്പം വിശദമായ അന്വേഷണം നടത്താൻ സബ് കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഉദ്യോഗസ്ഥതല സമിതിയെയും ചുമതലപ്പെടുത്തി. മത്സ്യസമ്പത്തിന്റെ നഷ്ടം കണക്കാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ നിയോഗിച്ചു.

പെരിയാറിൽ തിങ്കളാഴ്ച വൈകീട്ട് ഏലൂർ ഭാഗത്താണ് വെള്ളത്തിന് നിറവ്യത്യാസം ആദ്യം കണ്ടത്. ചേരാനല്ലൂർ, കടമക്കുടി, വരാപ്പുഴ, മുളവുകാട് പ്രദേശങ്ങളിലേക്ക് ഇതു വ്യാപിച്ചു. പുഴയിൽനിന്നുമുള്ള രൂക്ഷമായ ഗന്ധം സഹിക്കാനാവാതെ സമീപവാസികൾ നോക്കിയപ്പോഴാണ് പുഴയുടെ അടിത്തട്ടിൽനിന്ന്‌ നൂറുകണക്കിനു മത്സ്യങ്ങൾ ശ്വാസം കിട്ടാതെ മേൽത്തട്ടിലേക്ക് പൊങ്ങിവരുന്നത് കണ്ടത്.

പരിസരവാസികളും മത്സ്യതൊഴിലാളികളും വലയുമായിട്ടെത്തി മത്സ്യം കോരിയെടുത്തെങ്കിലും വൈകാതെ അവയെല്ലാം ചത്തു. ഈ മത്സ്യങ്ങൾ വിൽക്കുന്നത് നാട്ടുകാരും ജനപ്രതിനിധികളും തടഞ്ഞിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും പരിശോധനയ്ക്കായി സാംപിളുകൾ ശേഖരിച്ചു.

പ്രകോപിതരായ മത്സ്യകർഷകർ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓഫീസിലും വരാപ്പുഴ പഞ്ചായത്ത് ഓഫീസിലും ചത്ത മത്സ്യവുമായിട്ടെത്തി പ്രതിഷേധിച്ചു. പെരിയാറിന്റെ സമീപത്തെ വ്യവസായശാലകളിൽനിന്ന്‌ രാസമാലിന്യം ഒഴുക്കിവിടുന്നതാണ് വൻതോതിൽ മത്സ്യം ചത്തുപൊങ്ങാൻ കാരണം. മലിനജലം ഒഴുക്കിവിടുന്നതിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.

വെള്ളത്തിൽ സൾഫർ ഡയോക്സൈഡ്, നൈട്രജൻ ഡയോക്സൈഡ്, കാർബൺ ഡയോക്സൈഡ് എന്നിവയുടെ സാന്നിധ്യം കൂടുന്നതോടെ പി.എച്ച്. മൂല്യത്തിൽ പെട്ടെന്നുണ്ടാകുന്ന കുറവ് മീനുകളുടെ നിലനില്പിന് ഭീഷണിയാണെന്ന് കുഫോസ് രജിസ്ട്രാറും ഡീനുമായ ഡോ. ദിനേശ് കൈപ്പിള്ളി ചൂണ്ടിക്കാട്ടി. വെള്ളത്തിന്റെ അമ്ലത്വം പെട്ടെന്ന് കുറയുന്നതോടെയാണ് പി.എച്ച്. മൂല്യം കുറയുന്നത്. ഇതോടെ ഓക്സിജൻ ലഭ്യത കുറയും.

ഇതോടൊപ്പം പെട്ടെന്നുള്ള മഴയിൽ അന്തരീക്ഷ താപനിലയ്ക്കൊപ്പം വെള്ളത്തിലെ താപനിലയിലും മൂന്നു ഡിഗ്രി വരെ കുറവുണ്ടാകും. പി.എച്ച്. മൂല്യത്തിലും താപനിലയിലും പെട്ടെന്നുണ്ടാകുന്ന വ്യതിയാനം മീനുകളുടെ ആവാസവ്യവസ്ഥയെ ബാധിക്കും. ഈ മാറ്റം സാവധാനമാണെങ്കിൽ മീനുകളെ അത്ര ബാധിക്കില്ല. കൂട്ടത്തോടെ മത്സ്യം ചത്തുപൊങ്ങിയ സംഭവത്തെക്കുറിച്ച് പഠിക്കാൻ കുഫോസ് പ്രത്യേക സംഘത്തെ നിയോഗിക്കും.

പാലക്കാട് തോലന്നൂരില്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി എറണാകുളം പറവൂര്‍ സ്വദേശി സദാനന്ദന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. രണ്ടാം പ്രതിയും കൊല്ലപ്പെട്ട ദമ്പതികളുടെ മകന്റെ ഭാര്യയുമായ ഷീജയ്ക്ക് ജീവപര്യന്തം ശിക്ഷയുമാണ് വിധിച്ചത്.

പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 സെപ്റ്റംബറിലാണ് വിമുക്തഭടനായ പുളിക്കപ്പറമ്പ് അംബ്ദേകര്‍ കോളനിയിലെ താമസക്കാരായ സ്വാമിനാഥനും ഭാര്യ പ്രേമകുമാരിയും കൊല്ലപ്പെടുന്നത്. പ്രതികള്‍ തമ്മിലുള്ള ബന്ധം സ്വാമിനാഥന്‍ അറിഞ്ഞതോടെയാണ് ദമ്പതികളെ കൊലപ്പെടുത്തിയത്.

കൊല്ലപ്പെട്ട ദമ്പതികളുടെ മരുമകള്‍ ഷീജയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. സുഹൃത്തായ സദാനന്ദനെ ഉപയോഗിച്ച് ദമ്പതികളെ വകവരുത്തുകയായിരുന്നു. സദാനന്ദനും ഷീജയും തമ്മിലുള്ള ബന്ധം സൈനികനായ മകനെ അറിയിക്കുമെന്ന് സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കിയതാണ് കൊലപാതകത്തിന് ഇവരെ പ്രേരിപ്പിച്ചത്.

ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. 30-ഓളം പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

സിംഗപ്പുര്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777-300ഇആര്‍ വിമാനമാണ് ശക്തമായി ആടിയുലഞ്ഞത്. 211-യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോയ വിമാനം ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തുകയായിരുന്നു. എത്ര പേര്‍ക്ക് പരിക്കേറ്റെന്ന കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ല.

വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും മെഡിക്കല്‍ സഹായത്തിനായി തായ്‌ലന്‍ഡിലെ പ്രാദേശിക വക്താക്കളുമായി ബന്ധപ്പെടുകയാണെന്നും വിമാനകമ്പനി അറിയിച്ചു.

RECENT POSTS
Copyright © . All rights reserved