Latest News

ബിജെപി പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി ശ്യാമപാദ മണ്ഡലിനെ ഒരു കൂട്ടം തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂലികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ബംഗാളിലെ ബാംഗുരയില്‍ അല്‍പ്പം മുമ്പാണ് സംഭവം.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് നടന്ന ആക്രമണങ്ങളെ പറ്റി ജില്ലാ മജിസട്രേറ്റുമായി സംസാരിക്കാന്‍ പോകുന്ന വഴിയാണ് അക്രമം ഉണ്ടായത്. ആക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി ആരോപിച്ചു.
എന്നാല്‍ തൃണമൂല്‍ ഇത് നിഷേധിച്ചു.

ജില്ലാ മജിസ്‌ട്രേറ്റുമായുള്ള യോഗത്തിനായി ബിജെപി സംഘം എത്തിയ വാഹനത്തെ തൃണമൂല്‍ പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. വാഹനത്തിന്റെ കണ്ണാടി അടിച്ചു തകര്‍ത്ത തൃണമൂല്‍ പ്രവര്‍ത്തകര്‍ വാഹനത്തിലുണ്ടായിരുന്ന ബിജെപി നേതാവിനെ വലിച്ചിറക്കി നിലത്തിട്ട് ചവിട്ടുന്നതും വീഡിയോയില്‍ കാണാം.

തെലങ്കാനയിലെ നൽഗോണ്ടയിൽ ട്രാക്ടർ കനാലിലേക്ക് മറിഞ്ഞ് ഒന്പത് കർഷക തൊഴിലാളികൾ മരിച്ചു. വെള്ളിയാഴ്ച രാവിലെ വാഡിപാട്ല ഗ്രാമത്തിലെ കനാലിലേക്കാണ് ട്രാക്ടർ മറിഞ്ഞത്.

Image result for hyderabad telangana tractor accident

മുപ്പതോളം കർഷക തൊഴിലാളികളാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലരെ കാണാതായതായും റിപ്പോർട്ടുണ്ട്. അഗ്നിശമനസേനയും പോലീസും കനാലിൽ തെരച്ചിൽ നടത്തുകയാണ്.

ബ്രിസ്‌ബെയ്ന്‍: ‘ബോംബ് ടു ബ്രിസ്‌ബെയ്ന്‍’ എന്ന് എഴുതി ഒട്ടിച്ച ബാഗുമായി ആസ്‌ട്രേലിയയിലെ ബ്രസ്‌ബെയ്ന്‍ വിമാനത്താവളത്തില്‍ എത്തിയ ഇന്ത്യക്കാരി സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ചെറുതല്ല. ബോംബാണ് ബാഗിലെന്ന് കരുതിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരെ പൂര്‍ണമായി ഒഴിപ്പിച്ചു. തുടര്‍ന്ന് ബാഗ് പരിശോധിക്കുകയും ചെയ്തു.

എന്നാല്‍ ബാഗില്‍ നിന്ന് ഒന്നും സംശാസ്പദമായി ലഭിച്ചില്ല. ഉദ്യോഗസ്ഥര്‍ യുവതിയെ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങള്‍ വ്യക്തമായത്. ബോംബെന്ന് ബാഗിലെഴുതിയത് അക്ഷരപ്പിശക് മൂലമാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ അമ്പരന്ന വെങ്കടലക്ഷ്മി ബാഗില്‍ ബോംബ് അല്ലെന്നും താന്‍ ‘ബോംബേ ടു ബ്രിസ്‌ബെയ്ന്‍’ എന്നാണ് എഴുതിയിരിക്കുന്നതെന്നും അറിയിച്ചു.

ബുധനാഴ്ച രാവിലെ മുംബൈയില്‍ നിന്ന് ബ്രിസ്‌ബെയ്ന്‍ വിമാനത്താവളത്തിലെത്തിയ വെങ്കടലക്ഷ്മി എന്ന 65 കാരിയുടെ ബാഗാണ് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിലാക്കിയത്. സുരക്ഷ പരിശോധനയ്ക്ക് ശേഷം വെങ്കട ലക്ഷ്മിയെ പോലീസ് വിട്ടയച്ചു.

മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന ലോക്കല്‍ ട്രെയിനില്‍ വെച്ച് യുവതിക്കെതിരെ പീഡനശ്രമം. താനെയില്‍നിന്ന് ഛത്രപതി ശിവജി ടെര്‍മിനസിലേക്കുള്ള ലോക്കല്‍ ട്രെയിനിലാണ് സംഭവം. യാതൊരു പ്രകോപനവും കൂടാതെ യുവതിയെ കടന്നു പിടിച്ച അക്രമി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ ദാദര്‍ സ്റ്റേഷനില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു.

ഈ സമയത്ത് കംമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന മറ്റുള്ളവരുടെ ഭാഗത്ത് നിന്ന് യുവതിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. യുവതിയെ അക്രമി കീഴ്പ്പടുത്താന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹയാത്രക്കാരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

യുവതിയെ അക്രമി ക്രൂരമായി മര്‍ദിക്കുകയും ചെയ്തുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ലേഡീസ് കമ്പാര്‍ട്ട്മെന്റിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരനോട് അപായച്ചങ്ങല മുഴക്കാന്‍ സഹയാത്രക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ പ്രതികരിച്ചില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

വേങ്ങര: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം എ.ആര്‍.നഗറില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സ്ഥലമേറ്റെടുപ്പിന് എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. സംഭവത്തില്‍ പ്രദേശവാസികളായ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഥലമേറ്റടുപ്പ് അശാസ്ത്രീയമാണെന്നും അപാകതകള്‍ പരിഹരിക്കണമെന്നും നേരത്തെ പ്രദേശവാസികള്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അതിന് തയ്യാറാവാതെ വന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് സര്‍വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. വീടുകളിലേക്ക് ഓടിക്കയറിയ പ്രവര്‍ത്തകരെ പിന്നാലെയെത്തി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സംഘര്‍ഷത്തിനിടെ തളര്‍ന്നു വീണ ഒരു പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സമരക്കാര്‍ റോഡില്‍ ടയറുകളും മറ്റും കത്തിച്ച് തൃശൂര്‍-കോഴിക്കോട് റോഡ് ഉപരോധിക്കുകയാണ്. പോലീസ് സമരക്കാര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു.

കനത്ത സുരക്ഷാ സന്നാഹത്തിലാണ് ഇപ്പോള്‍ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നത്. സര്‍ക്കാര്‍ തുച്ഛമായ നഷ്ടപരിഹാരം മാത്രമാണ് നല്‍കുന്നതെന്നും പ്രസ്തുത ഹൈവേ വന്നാല്‍ 11,000 ആളുകളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നും സമര സമിതി പറയുന്നു. കെട്ടിടങ്ങളും വീടുകളുമടക്കം 5500 ലേറെ സ്ഥാപനങ്ങളാണ് പൊളിക്കേണ്ടത്. മുപ്പതിനായിരത്തിലേറെ വലിയ മരങ്ങള്‍ മുറിക്കണം. 600 ലേറെ കിണറുകള്‍ തകര്‍ക്കണമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

ബംഗളൂരു: തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് നീങ്ങികൊണ്ടിരുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ അനുയായി എറിഞ്ഞ പൂമാല കൃത്യം അദ്ദേഹത്തിന്റെ കഴുത്തില്‍ വീണു. വ്യത്യസ്തമായ മാല ചാര്‍ത്തലിന്റെ വീഡിയോ നവ മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് സംഭവം.

അതേസമയം മാല ചാര്‍ത്തല്‍ സുരക്ഷാ വീഴ്ച്ച മൂലമാണോയെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. കോണ്‍ഗ്രസിന്റെ ഐ ടി സെല്‍ മേധാവിയായ ദിവ്യ സ്പന്ദനയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. അണികളെ അഭിവാദ്യം ചെയ്തു നിങ്ങുകയായിരുന്ന രാഹുല്‍ ഗാന്ധിക്ക് നേരെ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ മാല എറിയുകയായിരുന്നു.

മാല വളരെ കൃത്യമായി രാഹുല്‍ ഗാന്ധിയുടെ കഴുത്തിലേക്ക് വീഴുകയും ചെയ്തു. മാലയെത്തിയ ഭാഗത്തേക്കു നോക്കി രാഹുല്‍ കൈവീശി കാണിക്കുന്നതും വീഡിയോയില്‍ കാണാം. കര്‍ണാടകത്തില്‍ ഇത്തവണ ശക്തമായ പോരാട്ടം നടക്കുമെന്നാണ് കരുതുന്നത്. സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമാണെങ്കിലും ബിജെപി പല സ്ഥലങ്ങളിലും ശക്തമായ പോരാട്ടം കാഴ്ച്ചവെക്കുമെന്നാണ് കരുതുന്നത്.

വീഡിയോ കാണാം.

 

1000 മൈല്‍ വേഗതയില്‍ സഞ്ചരിക്കാന്‍ പ്രാപ്തിയുള്ള സൂപ്പര്‍ സോണിക് ജെറ്റ് നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി നാസ. അമേരിക്കന്‍ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിനുമായി ചേര്‍ന്നാണ് നാസ പുതിയ പദ്ധതി പൂര്‍ത്തീകരിക്കുക. ഏതാണ്ട് 247 യുഎസ് ഡോളറിന്റെ കരാറിലാണ് കമ്പനിയുമായി നാസ ഏര്‍പ്പെട്ടിരിക്കുന്നത്. 2012 ഓടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുന്നത്. പുതിയ ജെറ്റിന്റെ ഡിസൈനും നിര്‍മ്മാണവും പരീക്ഷണവും അമേരിക്കന്‍ കമ്പനിയുടെ നേതൃത്വത്തിലായിരിക്കും നടക്കുക. 1513 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള ജെറ്റ് 55,000 അടി ഉയരത്തിലായിരിക്കും പറക്കുക. ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന വിമനങ്ങള്‍ സൃഷ്ടിക്കുന്ന സോണിക് ബൂം ഈ വിമാനത്തിനുണ്ടാവില്ലെന്നാണ് നാസ അറിയിക്കുന്നത്. കാറിന്റെ ഡോര്‍ അടയ്ക്കുന്ന അത്രയും ശബ്ദ മാത്രമെ പുതിയ സൂപ്പര്‍ സോണിക് ജെറ്റിനുണ്ടാകുകയുള്ളുവെന്ന് അമേരിക്കന്‍ ഏജന്‍സി വ്യക്തമാക്കുന്നു.

പരീക്ഷണഘട്ടത്തില്‍ വിവിധ അമേരിക്കന്‍ സിറ്റികളിലൂടെ പറക്കാനാണ് എക്‌സ്-പ്ലെയിനുകള്‍ ലക്ഷ്യമിടുന്നത്. അതുവഴി ജനങ്ങളുടെ പ്രതികരണങ്ങള്‍ ശേഖരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. പുതിയ എക്‌സ്-പ്ലെയിനുകള്‍ വരുന്നതോടെ വിമാന ഗതാഗതം കൂടുതല്‍ വേഗതയിലാകുമെന്ന് നാസ പറയുന്നു. വിമാനയാത്രക്കാര്‍ക്ക് ഇത് ഗുണകരമാവും. കഴിഞ്ഞ മാസമാണ് പദ്ധതിക്കാവശ്യമായി മുഴുവന്‍ തുകയും ബജറ്റില്‍ വകയിരുത്തിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവ് പുറപ്പെടുവിച്ചത്. പദ്ധതി യുഎസ് കമ്പനികള്‍ക്ക് വേഗതയേറിയ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായി സാഹചര്യം സൃഷ്ടിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. കൂടാതെ വിമാന യാത്രാസമയം ലാഭിക്കാനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ പദ്ധതിയുടെ ഭാഗമായി പാസഞ്ചര്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്നില്ല. സൂപ്പര്‍സോണിക് വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നത് തെളിയിച്ചതിന് ശേഷമായിരിക്കും പാസഞ്ചര്‍ വിമാനങ്ങളുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. നാസയുടെ ഈ അഭിമാന പദ്ധതി വിമാന മാര്‍ഗമുള്ള ചരക്ക് ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് കരുതുന്നത്. നിലവില്‍ അമേരിക്കയുടെ മുകളിലൂടെ പറക്കാന്‍ സിവില്‍ സൂപ്പര്‍ സോണിക് വിമാനങ്ങള്‍ക്ക് അനുമതിയില്ല. പദ്ധതി വിജയിക്കുകയാണെങ്കില്‍ ഈ നിയമത്തില്‍ ഭേദഗതി കൊണ്ടു വരുമെന്നാണ് കരുതുന്നതെന്ന് നാസയുടെ എയറോനോട്ടിക്‌സ് റിസര്‍ച്ച് മിഷന്‍ ഡയറക്ടേറ്റ് വ്യക്തമാക്കി.

-plane-travel-news

78കാരനായ പെന്‍ഷനറുടെ വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച മോഷ്ടാവ് കുത്തേറ്റ് മരിച്ചു. ഹെന്റി വിന്‍സന്റ് എന്ന മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്‍പ്പെട്ടിരുന്ന കുറ്റവാളിയാണ് കുത്തേറ്റ് മരിച്ചത്. റിച്ചാര്‍ഡ് ഓസ്‌ബോണ്‍ ബ്രൂക്ക്‌സ് എന്ന പെന്‍ഷറുടെ വീട്ടിലാണ് വിന്‍സെന്റും കൂട്ടാളിയും മോഷണത്തിന് കയറിയത്. ബ്രൂക്ക്‌സുമായുണ്ടായ മല്‍പ്പിടിത്തത്തിനിടെ ഇയാള്‍ക്ക് കുത്തേല്‍ക്കുകയും കൊല്ലപ്പെടുകയുമായിരുന്നു. പോലീസ് അന്വേഷണത്തിലാണ് കൊല്ലപ്പെട്ട വിന്‍സെന്റിനേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.

പെന്‍ഷനര്‍മാരില്‍ നിന്ന് 4,48,180 പൗണ്ട് തട്ടിയ സംഭവത്തില്‍ ഇയാളുടെ കുടുംബത്തെ 2003ല്‍ ജയിലിലടച്ചിരുന്നു. വിന്‍സെന്റിന്റെ പിതാവും അഞ്ച് ബന്ധുക്കളുമടങ്ങുന്ന സംഘമാണ് ഈ തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സൗത്ത് ലണ്ടനിലെ കെന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിച്ച ഇവരെ ക്രോയ്‌ഡോണ്‍ ക്രൗണ്‍ കോടതിയാണ് ശിക്ഷിച്ചത്. വീടുകളുടെ തകരാറുകള്‍ പരിഹരിക്കാമെന്ന് പറഞ്ഞ് പ്രായമായവരെ സമീപിക്കുന്ന ഇവര്‍ വന്‍തുകയാണ് ഫീസായി ഈടാക്കിയിരുന്നത്. ഇവരെ പണം വാങ്ങുന്നതിനായി തട്ടിപ്പു സംഘം ബാങ്കുകളിലേക്ക് അനുഗമിക്കുകയും ചെയ്തിരുന്നു.

വിന്‍സെന്റിനെ നാലര വര്‍ഷത്തെ തടവിനായിരുന്നു ശിക്ഷിച്ചത്. പിതാവായ ഡേവിഡ് വിന്‍സെന്റിന് 6 വര്‍ഷത്തെ തടവും ലഭിച്ചിരുന്നു. വിന്‍സെന്റിന്റെ മരണം സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് സ്ഥിരീകരിച്ചു. സംഭവത്തില്‍ വിന്‍സെന്റിന്റെ ബന്ധുക്കള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ചു. ബ്രൂക്ക്‌സിന് അയല്‍ക്കാരുടെയും സുഹൃത്തുക്കളുടെയും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയും ഇദ്ദേഹത്തെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

സഹപ്രവര്‍ത്തകരെ വധിക്കാനായി ആയുധ ശേഖരണം നടത്തുന്നതിനിടെ പിടിയിലായ മുന്‍ ഡോക്ടര്‍ക്ക് 12 വര്‍ഷം തടവ്. ഗ്ലാസ്‌ഗോ ഹൈക്കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഡോക്ടര്‍ മാര്‍ട്ടിന്‍ വാറ്റ് പോലീസ് പിടിയിലാകുന്നത്. ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 3 സബ് മെഷീന്‍ ഗണ്ണുകളും, രണ്ട് പിസ്റ്റളും 15,00 കാര്ട്രിഡ്ജുകളും പോലീസ് കണ്ടെടുത്തിരുന്നു. പെരുമാറ്റച്ചട്ടലംഘനത്തെ തുടര്‍ന്ന് ഇയാളെ 2012ല്‍ നോര്‍ത്ത് ലാനാര്‍ക്ക്ഷയറിലെ മോങ്ക്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ നിന്ന് പുറത്തായിരിക്കുന്നു. ഏതാണ്ട് ഇതേ കാലയളവില്‍ വാറ്റിന് വിവാഹ മോചനവും തേടേണ്ടി വരികയും ചെയ്തിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്താക്കാന്‍ കാരണക്കാരായ സഹപ്രവര്‍ത്തകരെ വകവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ആയുധ ശേഖരം നടത്തിയത്.

കൊല്ലാനുള്ള സഹപ്രവര്‍ത്തകരുടെ ലിസ്റ്റും വിലാസവും വാറ്റ് തയ്യാറാക്കി വെച്ചിരുന്നു. ആക്രമണം നടത്തുന്നതിന് മുന്നോടിയായ തയ്യാറെടുപ്പുകളും ഈ മുന്‍ കണ്‍സള്‍ട്ടന്റ് നടത്തിയിരുന്നു. ഇതിനായി ഷൂട്ടിംഗ് പരിശീലനവും ആയുധ ശേഖരണവുമെല്ലാം നടത്തി വരുന്നതിനിടെയാണ് പോലീസ് പിടിയിലാവുന്നത്. സംഭവത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്നും കുട്ടക്കൊലയ്ക്ക് തയ്യാറെടുക്കുകയായിരുന്നു ഇയാളെന്നും പോലീസ് കണ്ടെത്തിയിരുന്നു. മുന്‍ സഹപ്രവര്‍ത്തകരെ വധിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും വാറ്റ് പൂര്‍ത്തിയാക്കിയിരുന്നു. ദീര്‍ഘകാലത്തെ വിചാരണയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് വാറ്റ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുന്നത്.

വാറ്റിന്റെ 30 വര്‍ഷത്തെ എന്‍എച്ച്എസ് സേവനം മുഖവിലയ്‌ക്കെടുക്കണമെന്ന് പ്രതിയ്ക്ക് വേണ്ടി വാദിച്ച അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. അതേ സമയം വാറ്റിനെതിരെ ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ വിലകുറച്ച് കാണരുതെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. വിദ്യാസമ്പന്നനും സമൂഹത്തില്‍ ഉയര്‍ന്ന പദവി അലങ്കരിക്കുകയും ചെയ്യുന്ന വാറ്റിനെ പോലെയുള്ള ഒരാള്‍ ഇത്തരം സാഹചര്യത്തില്‍ കാണപ്പെടുന്ന ദുഖകരമാണ്. പക്ഷേ ആയുധങ്ങള്‍ ശേഖരിച്ച നടപടിയെ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ആളുകളുടെ ജീവന് അപകടം വരുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളെ തടയപ്പെടേണ്ടതുണ്ട്. ശിക്ഷ വിധിച്ചുകോണ്ട് ജഡ്ജ് ലേഡി സ്റ്റാന്‍സി പറഞ്ഞു.

ബാറ്റണ്‍ രോഗത്തിനായുള്ള മരുന്നിന് യുകെയില്‍ അംഗീകാരം ലഭിക്കാത്തത് മൂലം നാല് വയസ്സുകാരിയുടെ ചികിത്സ അനിശ്ചിതത്വത്തില്‍. അപൂര്‍വ്വ രോഗത്തില്‍ നിന്ന് മകളെ രക്ഷിക്കുന്നതിനായി അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് നാല് വയസ്സുകാരിയായ സഫ ഷെഹ്‌സാന്റെ മാതാപിതാക്കള്‍. ഒരു വര്‍ഷം മുന്‍പാണ് സഫ ഷെഹ്‌സാന് ബാറ്റണ്‍ രോഗം സ്ഥിരീകരിക്കുന്നത്. ചെറിയ പ്രായത്തിലുള്ള കുട്ടികളില്‍ കാണപ്പെടുന്ന ഈ രോഗത്തിന് ഫലപ്രദമായ ചികിത്സ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നാഡീവ്യവസ്ഥയെ സാരമായി ബാധിക്കുന്ന ബാറ്റണ്‍ രോഗത്തിന്റെ മറ്റൊരു രൂപമായ എന്‍എസിഎല്‍2 ആണ് ഷെഹ്‌സാനെ പിടികൂടിയിരിക്കുന്നത്. ഈ രോഗം ബാധിച്ചാല്‍ പരമാവധി 10 വര്‍ഷം മാത്രമെ ആയുസ് ഉണ്ടാവുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

അമേരിക്കയില്‍ കണ്ടെത്തിയ ബിന്യൂറ എന്ന മരുന്ന് ബാറ്റണ്‍ രോഗികള്‍ക്ക് പ്രയോജനപ്രദമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ക്ലിനിക്കല്‍ ട്രയലിന് വിധേയരായ 23 പേരില്‍ 20 പേരുടെ രോഗത്തിന്റെ വളര്‍ച്ചയെ ചെറുക്കാന്‍ ഈ മരുന്നിന് കഴിഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ ഈ മരുന്നിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. എന്‍എച്ച്എസിന് ഏതൊക്കെ മരുന്നുകള്‍ നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് നാഷണല്‍ ഇന്‍സിറ്റിയൂട്ട് ഫോര്‍ ഹെല്‍ത്ത് ആന്റ് കെയര്‍ എക്‌സലന്‍സാണ് (എന്‍ഐസിഇ). ഈ ഏജന്‍സി ബിന്യൂറയ്ക്ക് അംഗീകാരം നല്‍കിട്ടില്ല. ദീര്‍ഘകാല പരീക്ഷണങ്ങളിലൂടെ കഴിവ് തെളിയിച്ചാല്‍ മാത്രമേ മരുന്നിന് അംഗീകാരം നല്‍കാന്‍ കഴിയൂ എന്നാണ് എന്‍ഐസിഇയുടെ നിലപാട്.

സഫ ഷെഹ്‌സാന് ഇപ്പോള്‍ സ്വന്തമായി നടക്കാനും ഭക്ഷണം കഴിക്കാനുമുള്ള കഴിവ് നഷ്ടപ്പെട്ടു കഴിഞ്ഞു. ബിന്യൂറ പരീക്ഷിക്കുകയെന്നത് മാത്രമാണ് ഇവര്‍ക്ക് മുന്നില്‍ അവശേഷിക്കുന്ന ഏക മാര്‍ഗം. പക്ഷേ അതിന് എന്‍ഐസിഇ അധികൃതരുടെ അംഗീകാരം വേണം. ഏപ്രില്‍ 25ന് ഇക്കാര്യം എഐസിഇ ചര്‍ച്ച ചെയ്യും. അമേരിക്കയില്‍ കണ്ടെത്തിയിരിക്കുന്ന ഈ പുതിയ ചികിത്സയ്ക്കായി ഒരു വര്‍ഷം ഏകദേശം 500,000 പൗണ്ട് ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. മരുന്നിനുള്ള അംഗീകാരം എത്രയും പെട്ടന്ന് നല്‍കണമെന്നും ദിവസം ചെല്ലുന്തോറും മരിച്ചുകൊണ്ടിരിക്കുന്ന തങ്ങളുടെ കുട്ടിക്ക് അത് ആശ്വാസം നല്‍കുമെന്നും സഫയുടെ മാതാപിതാക്കള്‍ പറഞ്ഞു. ഒരു വര്‍ഷം 6 കുട്ടികള്‍ യുകെയില്‍ മാത്രം ഈ രോഗത്തിന് അടിമകളാകുന്നുണ്ട്.

RECENT POSTS
Copyright © . All rights reserved