2025 യുകെയിൽ നടക്കുന്ന വേൾഡ് കപ്പ് കബഡി ചാമ്പ്യൻഷിപ്പ് നോടനുബന്ധിച്ച് ബിബിസി ടെലികാസ്റ്റ് ചെയ്യുന്ന ബ്രിട്ടീഷ് കബഡി ലീഗ് വനിതാ വിഭാഗത്തിൽ ശക്തരായ മാഞ്ചസ്റ്റർ റൈഡേഴ്‌സ് , വോൾഫ് പാക്ക് എന്നി ടീമുകൾ ക്കെതിരെ വമ്പൻ വിജയം കരസ്ഥമാക്കിയാണ് നോട്ടിങ്ഹാം ക്യുൻസ് വനിതാ ടീം ഫൈനലിൽ വിജയിച്ചത് (ഫൈനൽ സ്കോർ 43-21). ക്യാപ്റ്റൻ ആയി എറണാകുളം സ്വദേശിയായ ആതിര സുനിലും , വൈസ് ക്യാപ്റ്റനായി പ്രസി മോൾ കെ പ്രെനിയുമാണ് നോട്ടിങ്ഹാം ക്യുൻസ് വനിതാ വിഭാഗത്തെ നയിച്ചത്.
പുരുഷ വിഭാഗത്തിൽ നോട്ടിംഗ് ഹാം റോയൽസ് മൂന്നാം സ്ഥാനം കരസ്ഥമാക്കി . ക്യാപ്റ്റൻ ആയി മലപ്പുറം സ്വദേശിയായ മഷൂദും , വൈസ് ക്യാപ്റ്റനായി ഹരികൃഷ്ണനും ആണ് നോട്ടിംഗ് ഹാം റോയൽസിന്റെ പുരുഷ വിഭാഗം ടീമിനെ നയിച്ചത് .
മലയാളികളുടെ സ്വന്തം ടീമായ നോട്ടിങ്ഹാം റോയൽസ് ടീം മാനേജർ : രാജു ജോർജ് , കോച്ച് സജി മാത്യു , കോർഡിനേറ്റർ ജിത്തു ജോസഫ് എന്നിവരാണ് ടീമിന് നേതൃത്വം നൽകിയത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള ഇടവക ദേവാലയമായ ലീഡ്സ് സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ വനിതാ സംഘടനയായ വുമൺസ് ഫോറം നടത്തിയ ചാരിറ്റി പ്രവർത്തനം ശ്രദ്ധേയമായി. സാധാരണക്കാർക്ക് നിത്യോപയോഗത്തിന് ആവശ്യമായ നിരവധി സാധനങ്ങളാണ് കാർ ബൂട്ട് സെയിൽ എന്ന പേരിൽ നടത്തിയ ചാരിറ്റി ഇവന്റിലേയ്ക്ക് എത്തിയത് . വുമൺസ് ഫോറത്തിൽ അംഗങ്ങളായിട്ടുള്ളവർ കൊണ്ടുവന്ന ഇത്തരത്തിലുള്ള സാധനങ്ങളെല്ലാം ഞായറാഴ്ച കുർബാനയ്ക്ക് ശേഷം നടന്ന കാർ ബൂട്ട് സെയിലിൽ ചൂടപ്പം പോലെ വിറ്റ് പോയി. ഇത്തരത്തിൽ ലഭിച്ച തുക മുഴുവൻ ചാരിറ്റി പ്രവർത്തനങ്ങൾക്കായാണ് വിമൻസ് ഫോറം മെമ്പേഴ്സ് ഉപയോഗിക്കുന്നത് . പലരും ഒരിക്കൽ പോലും ഉപയോഗിക്കാത്ത സാരികൾ ഉൾപ്പെടെയാണ് ചാരിറ്റി ഇവന്റിലേയ്ക്ക് സംഭാവന ചെയ്തതെന്നത് ശ്രദ്ധേയമായി.
ആശയം കൊണ്ട് സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമാകുന്ന സംരംഭം എന്ന നിലയിൽ വുമൺസ് ഫോറം നടത്തിയ ചാരിറ്റി ഇവൻ്റ് കുർബാനയ്ക്ക് പങ്കെടുക്കാൻ എത്തിയ എല്ലാവരെയും വളരെയധികം ആകർഷിച്ചു. അതുകൊണ്ടുതന്നെ ജനങ്ങളുടെ ഭാഗത്തുനിന്നും വളരെ ആവേശകരമായ പ്രതികരണമാണ് ഉണ്ടായത് . സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ദേവാലയത്തിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇതിനു മുമ്പും ഇത്തരത്തിൽ ഒട്ടേറെ ചാരിറ്റി ഇവന്റുകൾ നടത്തപ്പെട്ടിരുന്നെങ്കിലും കാർ ബൂട്ട് സെയിലാണ് വൈവിധ്യം കൊണ്ട് ശ്രദ്ധേയമായത്. സാരി തുടങ്ങിയ വസ്ത്രങ്ങളും അടുക്കളയിലേയ്ക്ക് ആവശ്യമായ പാത്രങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളും സെന്റ് മേരീസ് ആൻ്റ് സെന്റ് വിൽഫ്രഡ് ദേവാലയത്തിന്റെ കാർ പാർക്കിങ്ങിൽ അണിനിരന്നപ്പോൾ നിരവധി പേരാണ് വാങ്ങാനായി ഓടിയെത്തിയത്. കാർ ബൂട്ട് സെയിൽ എന്ന പേരിൽ നടന്ന ചാരിറ്റി ഇവന്റിന് ഇടവക വികാരിയായ ഫാ. ജോസ് അന്ത്യാകുളവും വുമൺസ് ഭാരവാഹികളും നേതൃത്വം നൽകി.
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ മൂന്നാമത് ഇടവക ദേവാലയമാണ് ലീഡ്സ് സെൻറ് മേരീസ് ആൻഡ് സെന്റ് വിൽഫ്രിഡ്സ് ദേവാലയം . 2021 ലാണ് ഗേറ്റ് ബ്രിട്ടന്റെ നേതൃത്വത്തിൽ സെന്റ് മേരീസ് ആൻ്റ് സെൻറ് വിൽഫ്രഡ് ലീഡ്സിലെ ദേവാലയം സ്വന്തമാക്കുന്നത് . വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് ലീഡ്സിലെ ഇടവകാംഗങ്ങൾ നേരത്തെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു. കുടക് മടിച്ചേരി സ്വദേശിയായ പി.എ സലീമിന്റെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം. കർണാടക- കേരള അതിർത്തി പ്രദേശങ്ങളിൽ കേരള പോലീസിന്റെ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതിയെ തിരിച്ചറിയാൻപോലും കഴിയാഞ്ഞത് പോലീസിനെ ഏറെ കുഴക്കിയിരുന്നു
വിവാഹം കഴിച്ചശേഷം ഭാര്യയും മക്കളോടുമൊപ്പം പെൺകുട്ടിയുടെ വീടിന് അടുത്ത് വർഷങ്ങളായി ഇയാൾ താമസിച്ചുവരികയായിരുന്നു. കുറച്ചു നാളുകൾക്ക് മുൻപ് കാസർകോട് മേൽപ്പറമ്പ് പോലീസ് റജിസ്റ്റർ ചെയ്ത സമാനരീതിയിലുള്ള മറ്റൊരു പോക്സോ കേസിലും സലീം പ്രതിയാണ് എന്ന നിർണായക വിവരവും പുറത്തുവന്നിട്ടുണ്ട്.
കാസർകോട് പോലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തിൽ മൂന്ന് ഡിവൈ.എസ്.പി.മാരാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം കുടക് ഉൾപ്പടെയുള്ള അതിർത്തി പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടാനാകുമെന്നാണ് കരുതുന്നത്.
കേസില്‍ ദ്രുതഗതിയിലുള്ള അന്വേഷണമാണ് പോലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ, സംഭവം നടന്ന പ്രദേശത്തേക്ക് ഉത്തരമേഖല ഡി.ഐ.ജി. നേരിട്ടെത്തുകയും എസ്.പിയുമായി കൂടിച്ചേര്‍ന്ന് യോഗം നടത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. വി. രതീഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.
ബുധനാഴ്ച പുലർച്ചെയാണ് വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ എടുത്ത് അരക്കിലോമീറ്റർ അകലെയുള്ള വയലിലെത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ സ്വർണക്കമ്മൽ ഊരിയെടുത്തശേഷമാണ് പ്രതി കടന്നുകളഞ്ഞത്.
കോട്ടയം, പത്തനംതിട്ട, ഇടുക്കി, ജില്ലകളില്‍ ഈ മാസം 22 വരെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. തെക്കന്‍ തീരദേശ തമിഴ്നാടിനു മുകളില്‍ നിന്ന് വടക്കന്‍ കര്‍ണാടക വരെ ന്യുനമര്‍ദ്ദ പാത്തിയും രൂപപ്പെട്ടിട്ടുണ്ട്.
വടക്കന്‍ കേരളത്തിന് മുകളിലായി മറ്റൊരു ചക്രവാതചുഴിയും നിലനില്‍ക്കുന്നു. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടി/മിന്നല്‍/കാറ്റോടു കൂടിയ മിതമായ/ഇടത്തരം മഴക്ക് സാധ്യത.
ഒറ്റപെട്ട സ്ഥലങ്ങളില്‍ 22 വരെ അതിതീവ്രമായ മഴക്കും, 24 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ/അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിനിയെ ബലാത്സാഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവെച്ചത്. ശിക്ഷയില്‍ ഇളവ് തേടി പ്രതി സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി.
പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹര്‍ജിയിലും വധശിക്ഷ റദ്ദാക്കാനായി പ്രതി സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിച്ചാണ് ജസ്റ്റിസ് വി ബി സുരേഷ്‌കുമാര്‍, ജസ്റ്റിസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വിധി പ്രസ്താവിച്ചത്.
കൊച്ചിയിലെ വിചാരണക്കോടതിയാണ് നേരത്തെ അമിറുള്‍ ഇസ്ലാമിനെ വധശിക്ഷയ്ക്ക് വിധിച്ചത്. അപൂര്‍വങ്ങളില്‍ അത്യപൂര്‍വവും അതിക്രൂരവുമായ കൊലപാതകമെന്ന് വിലയിരുത്തിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.
2016 ഏപ്രില്‍ 28-നായിരുന്നു നിയമവിദ്യാര്‍ഥിനിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമായി. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 16-നാണ് അസം സ്വദേശിയായ അമീറുല്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. സാക്ഷികളില്ലാത്ത കേസില്‍ ഡി എന്‍ എ പരിശോധനയടക്കമുള്ള ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണ്ടെത്തിയത്. കനാല്‍ പുറമ്പോക്കിലെ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്നാണ് പ്രതി കൃത്യം നടത്തിയത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവിലാണ് അമീറുള്‍ ഇസ്ലാമിന് കൊച്ചിയിലെ വിചാരണക്കോടതി വധശിക്ഷ വിധിച്ചു ഈ വിധിക്കെതിരെയാണ് അമീറുല്‍ ഇസ്ലാം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. താന്‍ നിരപരാധിയാണെന്നും തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും യുവതിയെ മുന്‍പരിചയമില്ലെന്നുമായിരുന്നു അമീറിന്റെ വാദം.
നിലവിലെ നിയമം അനുസരിച്ച് വിചാരണക്കോടതി വധശിക്ഷ വിധിച്ചാല്‍ അതിന് ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ വധശിക്ഷയ്ക്ക് അനുമതി തേടി ഹൈക്കോടതിയില്‍ അപേക്ഷനല്‍കിയത്.
മഹാഗുരുവിന്റെ മഹത്തായ ദർശനം സ്വയം സ്വാംശീകരിക്കുകയും ആ ജ്ഞാന ജ്യോതിസ്സിന്റെ പ്രഭ അപരനിലേക്ക് പകർന്നു നൽകുകയും എന്ന ഉദാത്തമായ ലക്ഷ്യത്തോടെ പ്രവർത്തിച്ചു വരുന്ന യൂറോപ്പിലെ ഏറ്റവും വലിയ ശ്രീനാരായണ പ്രസ്ഥാനമാണ് സേവനം യു കെ.
സേവനം യു കെ യുടെ വടക്ക് പടിഞ്ഞാറ് പ്രദേശത്തുള്ള അംഗങ്ങളെ ഉൾപ്പെടുത്തി പ്രവർത്തിച്ചുവരുന്ന നോർത്ത് വെസ്റ്റ് യൂണിറ്റിന്റെ ഒന്നാമത് വർക്ഷികവും കുടുംബസംഗമവും ജൂൺ 16 ഞായറാഴ്ച 10 മണി മുതൽ ശിവഗിരി ആശ്രമത്തിൽ വച്ചു നടക്കും. ഇതു സ്നേഹത്തിന്റെയും, സഹോദര്യത്തിന്റെയും ഒത്തൊരുമയുടെയും സംഗമം ആണ് . എല്ലാ സത്ജനങ്ങളെയും ഈ സംഗമത്തിലേക്കു ഹൃദയപൂർവ്വം സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയുമാണ്. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക.
https://forms.gle/zr8QmgxxVUNAVBeDA
കൂടുതൽ വിവരങ്ങൾക്ക് :
യൂണിറ്റ് പ്രസിഡന്റ് : ശ്രീ ബിനേഷ് ഗോപി
07463555009
യൂണിറ്റ് സെക്രട്ടറി : ശ്രീ വിപിൻ കുമാർ
07799249743
ഡോക്ടർ എ. സി. രാജീവ് കുമാർ
ശുഷ്ക ഫലങ്ങൾ ഇന്ന് ഏറെ പ്രചാരം നേടിയിട്ടുണ്ട്. അമിത വണ്ണം, അമിത ഭാരം കൊഴുപ്പ് കൂടുക ഒക്കെ ആരോഗ്യ പ്രശനം ആയി മാറിയപ്പോൾ ആഹാര രീതിയിലും മാറ്റം ഉൾക്കൊള്ളാൻ പലരും ഡ്രൈ ഫ്രൂട്സ് ആണ് ഇഷ്ടപ്പെടുക.
ബദാം,കശുവണ്ടി,വാൾനട്ട് കിസ്മസ്, ഡെറ്റ്സ്, പിസ്റ്റാ ഫിഗ്, പ്രൂൺസ് എന്നിവ യാണ് കൂടുതൽ ലഭ്യമായവ. പീസ്ത ഏറെ ഹൃദ്യമായ ഒന്നായി കരുതാം. ഹൃദയ ആരോഗ്യ സൗഹൃദമായത്. അതിയായ രക്തസമ്മർദം രക്തത്തിലെ കൊഴുപ്പിന്റെ അളവ് രക്തക്കുഴലുകളിൽ കൊഴുപ്പ് തടസ്സം സൃഷ്ടിക്കുന്നത് ഒക്കെ കുറയ്ക്കാൻ സഹായകമായ നൈട്രിക് ഓക്സയ്ഡ് വാദ്ധിപ്പിക്കുന്ന അർജിനിൻ വസ്തു പിസ്തയിൽ ഉണ്ട് എന്നതാണ് ഇതിന് കാരണമായി കാണുന്നത്.
ഫയ്ടോസ്റ്ററോൾ എന്ന വസ്തുവുള്ളതിനാൽ കൊഴുപ്പിന്റെ വിഘടനം അഗീരണം എന്നിവക്ക് ഇടയാകുന്നതിനാൽ മസ്തിഷ്ക ആരോഗ്യത്തിനും ഉത്തമമാകും. ആരോഗ്യ ദായകമായ കൊഴുപ്പ്, മാംസ്യം, അന്നജം, കരോട്ടീൻ വിറ്റാമിൻ ഈ വിറ്റാമിൻ കെ,അർജിനിൻ,ഫോളിക് ആസിഡ്,പൊട്ടാസ്യം, കാൽസ്യം,സോഡിയം, മഗ്‌നേഷ്യം, സിങ്ക് അയൺ എന്നിങ്ങനെ ഉള്ള അവശ്യം ധാതു ലവണങ്ങളും ഉള്ളത് പിസ്ത ഏറ്റവും ഉത്തമ ശുഷ്‌ക ഫലം ആയി കരുതാൻ ഇടയ്ക്കുന്നു.
ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154
ബിനോയ് എം. ജെ.
നമുക്ക് എല്ലാവർക്കും ഒരു ശരീരം കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ‘ഞാനീ ശരീരമാണെന്ന്’ നാം ചിന്തിച്ചു തുടങ്ങുകയും ചെയ്യുന്നു. അപ്പോൾ ഈ ശരീരത്തെ സംരക്ഷിക്കേണ്ടത് ഒരനിവാര്യതയായി മാറുന്നു. ഇപ്രകാരം ശരീരത്തെ സംരക്ഷിക്കുവാനായി മനസ്സ് ജന്മമെടുക്കുന്നു. മനസ്സ് ശരീരത്തെ സംരക്ഷിക്കുവാൻ വേണ്ടി പ്രവർത്തിക്കുമ്പോൾ നാം സ്വന്തം കാര്യം നോക്കുന്നവരായി മാറുന്നു. മനുഷ്യർ എല്ലാവരും തന്നെ സ്വാർത്ഥരാണ്. ഈ സ്വാർത്ഥത മോക്ഷപ്രാപ്തിക്കുള്ള തടസ്സവുമാണ്. അത്, ഞാനാ അനന്തസത്തയാണെന്നുള്ള എന്റെ ബോധ്യത്തെ തകർക്കുന്നു. മാത്രവുമല്ല അത് എന്റെ ജീവിതത്തിൽ നിഷേധാത്മകതയുടെ വിത്തുകൾ പാകുന്നു. ശരീരത്തെ സംരക്ഷിക്കുന്നത് ദുഷ്കരവും ഏറെക്കുറെ അസാധ്യവുമാണ്. ഈ ചെറിയ ശരീരം തിരോഭവിക്കുമോ എന്ന ആധി നമ്മുടെ സകല പ്രശ്നങ്ങളുടെയും നിഷേധാത്മകതയുടെയും കാരണമാകുന്നു.
സ്വാർത്ഥതയിലൂന്നിയ ഈ മനോഭാവം തിരോഭവിക്കുമ്പോഴാണ് നമുക്ക് മോക്ഷം കിട്ടുന്നത്. ഞാനീകാണുന്ന ശരീരമല്ല എന്ന ഉത്തമബോധ്യം ആത്മാവിൽ വേരോടുമ്പോൾ നമ്മിലെ നിഷേധാത്മകതയും ആധിയും തിരോഭവിക്കുകയും നാമാ അനന്തസത്തയുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. ഈ കാണുന്ന പ്രപഞ്ചം മുഴുവൻ എന്റെ ശരീരമാകുന്നു. അവിടെ എന്റെ പരിമിതികൾ എല്ലാം തിരോഭവിക്കുന്നു. എന്റെ സത്ത അനന്തമാകുമ്പോൾ എന്റെ ആനന്ദവും അനന്തമാകുന്നു. എല്ലാം ഞാനാകുമ്പോൾ അല്ലെങ്കിൽ ഞാനല്ലാതെ മറ്റൊന്നില്ല എന്നാകുമ്പോൾ മായ തിരോഭവിക്കുന്നു. ഇതിന് ചെയ്യേണ്ടത് ഞാനീ പ്രപഞ്ചത്തിലോ, സമൂഹത്തിലോ, ഈശ്വരനിലോ ലയിച്ചുചേരുക എന്നതാണ്. എപ്രകാരമാണോ ഒരു തുള്ളി വെള്ളം സമുദ്രത്തിൽ വീഴുമ്പോൾ അത് സമുദ്രമായി മാറുന്നത് അപ്രകാരം തന്നെ നാം ഈശ്വരനിൽ ലയിക്കുമ്പോൾ നമ്മിലെ വ്യക്തിബോധം തിരോഭവിക്കുകയും നാം ഈശ്വരനായി മാറുകയും ചെയ്യുന്നു. ഈശ്വരനിൽ നിന്നും ഭിന്നമായ ഒരസ്ഥിത്വം ആഗ്രഹിക്കുന്നത് ഒരധികപ്രസംഗം തന്നെയല്ലേ? അതുവഴിയായി സ്വാർത്ഥതയും, ആഗ്രഹങ്ങളും, ഈഗോയും, മനസ്സും രൂപം കൊള്ളുന്നു. മാത്രവുമല്ല ഈ പ്രവണതയെ പ്രകൃതി നിരുത്സാഹപ്പെടുത്തുന്നു. അതായത് നമ്മുടെ സ്വാർത്ഥതയും ഈഗോയും സദാ അപകടത്തിലാണ്.
ഞാൻ സാമൂഹിക ജീവിതത്തിൽ പങ്കെടുക്കുമ്പോൾ എനിക്ക് ജീവിതം വേണ്ടവണ്ണം ആസ്വദിക്കുവാൻ കഴിയുന്നില്ല. അവിടെ എന്റെ ആസ്വാദനം എന്റെ മാനസിക അവസ്ഥയുമായി ബന്ധപ്പെട്ടു കിടക്കുന്നു. എനിക്ക് നല്ല മൂഡ് ആണെങ്കിൽ ഞാൻ അൽപസ്വൽപം ആസ്വദിച്ചേക്കാം. നമുക്ക് നല്ല മൂഡ് വിരളമായെ കിട്ടാറുള്ളൂ എന്നതല്ലേ സത്യം? അതായത് നാം ജീവിതം ഒട്ടും തന്നെ ആസ്വദിക്കുന്നില്ല. ക്ലേശങ്ങൾ നമ്മെ അതിന് അനുവദിക്കുന്നില്ല. ഈ ജീവിതം പോയാൽ എല്ലാം പോയി എന്ന് നാം കരുതുകയും ചെയ്യുന്നു. ഈ ആധി ഉള്ളിടത്തോളം കാലം നമുക്കൊന്നും ആസ്വദിക്കുവാൻ കഴിയുകയില്ല. നാം മുൾമുനയിലാണ് നിൽക്കുന്നത്. എന്നാൽ നാം സമൂഹത്തിലോ, പ്രപഞ്ചത്തിലോ, ഈശ്വരനിലോ ലയിച്ചുചേരുന്നതായി സങ്കല്പിക്കുക. അപ്പോൾ നമുക്ക് ഈശരീരത്തെകുറിച്ചോ ഈ ജീവിതത്തെക്കുറിച്ചോ ആധി പിടിക്കേണ്ട ആവശ്യമില്ല. അപ്പോൾ നമുക്ക് എല്ലാം മറന്ന് സാമൂഹികവും പ്രാപഞ്ചികവുമായ ഈ സത്തയെ അനന്തമായി ആസ്വദിക്കുവാൻ കഴിയും. അതുകൊണ്ട് തന്നെ നമ്മുടെ ഈ ചെറിയ വ്യക്തിത്വത്തെ പരിത്യജിച്ചുകൊണ്ട് അനന്തസത്തയിൽ ലയിച്ചു ചേരുന്നതാണ് അനന്താനന്ദത്തിലേക്കുള്ള ഏക മർഗ്ഗം. ഈ സത്യത്തെക്കുറിച്ചുള്ള ഒരുൾക്കാഴ്ച നിങ്ങളുടെ ജീവിതത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ട് വരും. നാളിതുവരെ ആസ്വാദനത്തിനുള്ള ഏക മാർഗ്ഗം ഈ ശരീരത്തിൽ തുടരുക തന്നെയാണ് എന്നാണ് നാം ധരിച്ചുവച്ചിരുന്നത്. അതുകൊണ്ടാണ് ശരീരം ഉപേക്ഷിക്കുക എന്നത് നമുക്കിത്രമേൽ ബുദ്ധിമുട്ട് പിടിച്ച കാര്യമായി മാറിയത്. മരണ ഭയം നമ്മെ അത്രമേൽ വേട്ടയാടുകയും ചെയ്തിരുന്നു. ഇതൊരുതരം മൂഢത തന്നെയാണ് എന്ന് നമുക്കിപ്പോൾ മനസ്സിലായി തുടങ്ങിയിരിക്കുന്നു. സത്യം അതിന് നേരെ വിരുദ്ധമാണെന്നും നാമിപ്പോൾ അറിയുന്നു. ഈ ശരീരത്തെ ഉപേക്ഷിക്കുക – അതാകുന്നു അനന്താനന്ദത്തിലേക്കുള്ള ഏക മാർഗ്ഗം.
ഭാവാത്മകമായി ചിന്തിച്ചു തുടങ്ങുമ്പോൾ നമ്മുടെ പരിമിതികൾ താനെ തിരോഭവിക്കുന്നു. ഞാൻ ഈശ്വരൻ തന്നെ എന്ന ചിന്ത അത്യന്തം ഭാവാത്മകമാകുന്നു. അതിനാൽ തന്നെ എനിക്ക് മരണവുമില്ല. എന്നാൽ ഈ ശരീരം മരിക്കുമെന്നത് ഏറെക്കുറെ തീർച്ചയുള്ള കാര്യമാണ്. അപ്പോൾ ഞാനീ ശരീരമല്ല എന്ന നിഗമനത്തിലേക്ക് നാം എത്തിച്ചേരുന്നു. അപ്പോൾ പിന്നെ ഞാനാരാണ്? ഞാൻ എല്ലാമാകുന്നു. അല്ലെങ്കിൽ ഞാനീശ്വരൻ ആകുന്നു. മറിച്ച് ഞാനീ നശ്വരമായ ശരീരമാണെന്ന് ചിന്തിച്ചാൽ എനിക്ക് വലിയ പ്രാരാബ്ധങ്ങളെ ചുമക്കേണ്ടതായി വരും. മാത്രവുമല്ല ജീവിതം നിലനിൽപ്പിനുവേണ്ടിയുള്ള ഒരു സമരമായി മാറുകയും ചെയ്യും. സമൂഹത്തോടുള്ള ബന്ധം വിച്ഛേദിക്കുവാനുള്ള മടി കാരണമാണ് നാം സാമൂഹിക ജീവിതത്തിന് വേണ്ടി ഇത്രമാത്രം തത്രപ്പെടുന്നത്. സദാ സമൂഹത്തോടൊപ്പം ആയിരിക്കുവാനുള്ള ഏക മാർഗ്ഗം സമൂഹത്തിൽ തന്നെ ലയിച്ചുചേരുക തന്നെയാകുന്നു. അതിനായി നിങ്ങൾ ബോധപൂർവം പരിശ്രമിക്കേണ്ട ആവശ്യവുമില്ല. (ബോധപൂർവം അത്തരമൊരു ശ്രമം നടത്തുമ്പോൾ നിങ്ങൾ അമിതമായി അഭ്യസിക്കുകയും നിങ്ങൾക്ക് തലവേദന അനുഭവപ്പെടുകയും ചെയ്തേക്കാം). നിങ്ങൾ ഈ വസ്തുത വേണ്ടവണ്ണം മനസ്സിലാക്കിയിരുന്നാൽ ചുറ്റുപാടുകളിലുള്ള ആ ലയനം താനേ സംഭവിച്ചുകൊള്ളും. അപ്പോൾ നിങ്ങൾ അനന്താനന്ദത്തിലേക്ക് വഴുതിവീഴും. പിന്നീട് ഈ ശരീരം സംരക്ഷിക്കേണ്ട ആവശ്യവുമില്ല. അതിനാൽ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കുവാൻ ശ്രമിക്കുവിൻ. ഈ ക്ഷുദ്രമായ വ്യക്തിത്വമാണ് നമ്മുടെ ഏക പ്രശ്നം. അതിനെ വലിച്ചെറിയുവിൻ. ഇപ്രകാരം മോക്ഷപ്രാപ്തിയിലേക്ക് പ്രവേശിക്കുവാൻ നമുക്ക് കഴിയും.
ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.
ഫോൺ നമ്പർ: 917034106120
സംസ്ഥാനത്ത് പനി മരണങ്ങൾ വർധിക്കുന്നു. അഞ്ച് മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ. ഡെങ്കിപ്പനി പിടിപെട്ട് 48 പേർക്ക് ജീവൻ നഷ്ടമായി. ഈമാസം ഇതുവരെ എലിപ്പനി ബാധിച്ച് എട്ടുപേരും ഡെങ്കിപ്പനി ബാധിച്ച് അഞ്ചുപേരും മരിച്ചു. മഞ്ഞപ്പിത്തം ബാധിച്ചുള്ള മരണങ്ങളിലും വർധനയെന്ന് കണക്കുകൾ.
വേനൽമഴ സജീവമായതോടെ സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണതിലും വലിയ വർദ്ധനയാണ്. എലിപ്പനിയും ഡെങ്കിപ്പനിയുമാണ് ജീവനെടുക്കുന്നത്. അഞ്ചു മാസത്തിനിടെ എലിപ്പനി ബാധിച്ച് 90 പേർ മരിച്ചു. ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് 48 പേർ. ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചതും രോഗം സംശയിക്കപ്പെടുന്നവരുടെയും കണക്കുകൾ ആണിത്. മേയ് മാസത്തിൽ മാത്രം എലിപ്പനി ബാധിച്ച് 8 പേരും ഡെങ്കി ബാധിച്ച് 5 പേരും മരിച്ചു. മഞ്ഞപ്പിത്ത മരണങ്ങളിലും വർദ്ധനയുണ്ട്. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ഈ വർഷം മരിച്ചത് 15 പേരാണ്. മൂന്നുപേർ ഹെപ്പറ്റൈറ്റിസ് ബി ബാധിച്ചും മരിച്ചു. പകർച്ചപ്പനിക്കെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം. പ്രായമായവരിലും കുട്ടികളിലും രോഗം തീവ്രമാകാനുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം.
നഴ്സിങില്‍ ബിരുദമാണ് യോഗ്യത. ജർമ്മൻ ഭാഷ ബി1 അല്ലെങ്കില്‍ ബി2 പാസായിരിക്കണം. ഓസ്ട്രിയയില്‍ എത്തിയതിന് ശേഷമാണ് ബി2 പാസാകേണ്ടത്. ഇതിനായി ഓസ്ട്രിയയില്‍ പരിശീലനം നല്‍കും. ഓസ്ട്രിയയില്‍ നഴ്സിംഗ് രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാനും സഹായവും ലഭിക്കും.
ആദ്യം നിയമനം ലഭിക്കുന്ന 10 മുതല്‍ 15 ഉദ്യോഗാർത്ഥികള്‍ക്ക് സല്‍സ്ബെർഗിലായിരിക്കും നിയമനം. 1850 -2200 യൂറോയാണ് ശമ്പളം. 38.5 മണിക്കൂർ വരെ ആഴ്ചകളില്‍ ദോലി ചെയ്യേണ്ടി വരും. മെഡിക്കല്‍ ഇൻഷുറൻസ്, പെൻഷൻ ഇൻഷുറൻസ്, കുട്ടികളുടെ ആനുകൂല്യങ്ങള്‍, ആവശ്യമെങ്കില്‍ സർവീസ് അപ്പാർട്ട്മെൻ്റ്,വർഷം മുഴുവനും പൊതുഗതാഗത ടിക്കറ്റ്, പണമടച്ചുള്ള അവധികള്‍, സൗജന്യ വിസ, പരമാവധി 800 യൂറോയുടെ സൗജന്യ എയർടിക്കറ്റുകള്‍ എന്നിവ ലഭിക്കും. 40 വയസാണ് ഉയർന്ന പ്രായപരിധി. [email protected] എന്ന വിലാസത്തിലാണ് അപേക്ഷ നല്‍കേണ്ടത്.