Latest News

മെല്‍ബണിലെ സാം എബ്രഹാം വധക്കേസിന്റെ ചോദ്യം ചെയ്യലില്‍ സാമിന്റെ ഭാര്യ സോഫിയ സാം കുറ്റകൃത്യത്തിലുള്ള പങ്കാളിത്തം പൂര്‍ണമായും നിഷേധിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ജൂറി പരിശോധിച്ചു. കേസില്‍ പ്രതികള്‍ക്കെതിരെയുള്ള തെളിവുകള്‍ പരിശോധിക്കുന്നത് ജൂറി പൂര്‍ത്തിയാക്കി. വിക്ടോറിയന്‍ സുപ്രീം കോടതിയില്‍ നടക്കുന്ന സാം എബ്രഹാം വധക്കേസിന്റെ അന്തിമ വിചാരണയുടെ പതിനൊന്നാം ദിവസമാണ് പ്രതികളായ സോഫിയ സാമിനും അരുണ്‍ കമലാസനനും എതിരെയുള്ള തെളിവുകള്‍ പരിശോധിക്കുന്നത് ജൂറി പൂര്‍ത്തിയാക്കിയത്. അരുണ്‍ കമലാസനനെതിരെയുള്ള തെളിവുകളുടെ പരിശോധന കഴിഞ്ഞയാഴ്ച തന്നെ കോടതി പൂര്‍ത്തിയാക്കിയിരുന്നു.

സോഫിയയെ പോലീസ് ചോദ്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് തിങ്കളാഴ്ചത്തെ വിചാരണയില്‍ പ്രധാനമായും പരിശോധിച്ചത്. സാമിന്റെ മരണശേഷം 2016 ഓഗസ്റ്റ് 18 നു പ്രതികള്‍ രണ്ടു പേരും അറസ്റ്റിലായിരുന്നു. അറസ്റ്റിനു ശേഷം സോഫിയയെ പോലീസ് ചോദ്യം ചെയ്തതിന്റെ വീഡിയോ ദൃശ്യമാണ് തെളിവായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ സാമിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ തലേദിവസം സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അരുണുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ചും സാമുമായുള്ള ദാമ്പത്യത്തിന്റെ കാര്യവുമാണ് പ്രധാനമായും പോലീസ് ചോദിക്കുന്നത്.

സാമിന്റെ മരണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നും അതൊരു കൊലപാതകമാണെന്ന് പോലീസ് പറയുമ്പോഴാണ് അറിയുന്നതെന്നുമുള്ള മറുപടിയാണ് സോഫിയ നല്‍കിയിരിക്കുന്നത്. കൊലപാതകത്തിലുള്ള പങ്കു സോഫിയ പൂര്‍ണമായും നിഷേധിച്ചു. എന്നെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്ന് എനിക്കറിയില്ല. ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ കൊലപാതകം നടത്തിയിട്ടില്ല’ എന്ന് വിതുമ്പിക്കൊണ്ട് സോഫിയ പോലീസിനോട് പറഞ്ഞു. സാമിന്റെ മരണകാരണം സയനേഡ് ആണെന്ന് പോലീസ് വെളിപ്പെടുത്തിയപ്പോള്‍ മാത്രമാണ് താന്‍ അറിഞ്ഞതെന്നും സയനേഡ് എങ്ങനെ കിട്ടിയെന്ന് അറിയില്ലെന്നും സോഫിയ പോലീസിനോട് പറയുന്നുണ്ട്.

അതേസമയം കൊല്ലപ്പെടുന്നതിന് തലേ ദിവസം രാത്രി സാം വളരെയധികം അസ്വസ്ഥനായാണ് കാണപ്പെട്ടതെന്നും അത്താഴം കഴിക്കാന്‍ മടി കാണിച്ച സാമിന് അവോക്കാഡോ ഷേക്ക് നല്‍കിയെന്നും സോഫിയ പറഞ്ഞു. ഇത് സാമിനൊപ്പം താനും മകനും കഴിച്ചെന്നും സോഫിയ വ്യക്തമാക്കി. അതിനുശേഷം സാമിന് കുടിക്കാനായി ഒരു ഗ്ലാസ് ഓറഞ്ച് ജ്യൂസ് നല്‍കിയെന്നും പിന്നീട് കുടിക്കാനായി ഒരു ഗ്ലാസ് ജ്യൂസ് കൂടി അടുക്കളയില്‍ തന്നെ വച്ചിരുന്നതായും സോഫിയ പറഞ്ഞു. അന്നേ ദിവസം രാത്രി ചില സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായാതായി ചോദ്യം ചെയ്യലില്‍ സോഫിയ സമ്മതിക്കുന്നുണ്ട്. 2015 ഒക്ടോബര്‍ 14 ന് രാവിലെ ഒമ്പതുമണിയോടെ ഉറക്കമുണര്‍ന്ന സോഫിയ, സാം അനക്കമില്ലാതെ നിലയില്‍ കട്ടിലില്‍ കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ സഹോദരിയെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. അരുണുമായുള്ള സോഫിയയുടെ ബന്ധത്തെക്കുറിച്ചും പോലീസ് ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

തന്റെ കോളേജ് പഠന കാലം മുതല്‍ അരുണിനെ അറിയാമെന്നും അരുണ്‍ നല്ല സുഹൃത്തുക്കളില്‍ ഒരാളായിരുന്നുവെന്നുമാണ് സോഫിയ ഇതിന് മറുപടി പറഞ്ഞത്. ‘വിഷമഘട്ടങ്ങളില്‍ ആശ്വസിപ്പിക്കുകയും പ്രോത്സാഹനം നല്‍കുകയും ഒക്കെ ചെയ്യുന്ന ഒരു സുഹൃത്ത് മാത്രമാണ് അരുണ്‍. അരുണിന് വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ പ്രണയ വിവാഹം തന്റെ കുടുംബത്തില്‍ സ്വീകാര്യമായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു സുഹൃത്തായി തുടര്‍ന്നാല്‍ മതി എന്നാണ് താന്‍ അരുണിനോട് പറഞ്ഞത്. അരുണുമായുള്ള സൗഹൃദത്തെക്കുറിച്ച് സാമിനും വ്യക്തമായി അറിയാമായിരുന്നു. എന്നാല്‍ സാമിന് എന്നെ വിശ്വാസം ആയിരുന്നു അതിനാല്‍ അദ്ദേഹത്തിന് അതില്‍ അസ്വാരസ്യമൊന്നും ഉണ്ടായിരുന്നില്ല. ‘ സോഫിയ പറഞ്ഞു. അരുൺ കമലഹാസനും കുറ്റം നിഷേധിച്ചിരുന്നു. വിചാരണ നടപടികൾ തുടരുന്നു.

 

സ്വകാര്യ ആശുപത്രികളില്‍ എന്‍എച്ച്എസ് ചെലവില്‍ നടക്കുന്ന ചികിത്സ നഷ്ടം. ഏതാണ്ട് 1.6 മില്ല്യണ്‍ ആളുകളാണ് യുകെയില്‍ പ്രൈവറ്റ് ആശുപത്രികളില്‍ സര്‍ജറിക്കായി എത്തിച്ചേരുന്നത്. ഇതില്‍ പകുതിയോളം വരുന്ന രോഗികളുടെ ചികിത്സാച്ചെലവ് വഹിക്കുന്നത് എന്‍എച്ച്എസ് നേരിട്ടാണ്. ഇത്തരത്തില്‍ പ്രൈവറ്റ് ആശുപത്രികളില്‍ ചികിത്സ തേടാന്‍ എന്‍എച്ച്എസ് അയക്കുന്ന രോഗികള്‍ക്ക് ജാക്ക്‌പോട്ട് അടിച്ച പ്രതീതിയാണ്. കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിലുള്ള സൗകര്യത്തിലുള്ള ആശുപത്രിയിലേക്ക് മാറാന്‍ ഇത് രോഗികളെ സഹായിക്കുന്നു. കൂടുതല്‍ പണം നല്‍കി മികച്ച ചികിത്സ ലഭ്യമാക്കാമെന്നത് നിലനില്‍ക്കുമ്പോള്‍ തന്നെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ എല്ലാ സമയത്തും കൃത്യതയോടെ നടക്കുന്നില്ലെന്നതാണ് വാസ്തവം. എന്‍എച്ച്എസ് ആശുപത്രികളില്‍ പോലെ വിദഗ്ദ്ധരായ സ്റ്റാഫുകള്‍ ഉള്‍പ്പെടുന്ന ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ പല സ്വകാര്യ ആശുപത്രികളിലും ലഭ്യമല്ല.

ആശുപത്രിയില്‍ വെച്ച് ഗുരുതരാവസ്ഥയിലാകുന്ന രോഗികളെ സമീപത്തുള്ള എന്‍എച്ച്എസ് എ ആന്‍ഡ് ഇ യൂണിറ്റുകളില്‍ എത്തിക്കുകയാണ് സ്വകാര്യ ആശുപത്രി അധികൃതര്‍ ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്ന് എന്‍എച്ച്എസില്‍ ചികത്സയ്ക്കായി അഡ്മിറ്റ് ചെയ്ത 100ലേറെ രോഗികള്‍ മരണപ്പെട്ടതായി കഴിഞ്ഞ ഒക്ടോബറില്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ പ്രൊഫസര്‍ കോളിന്‍ ലെയ്‌സാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കെയര്‍ ക്യാളിറ്റി കമ്മീഷന്‍ 177 സ്വകാര്യ ആശുപത്രികളില്‍ നടത്തിയ അന്വേഷണത്തിന്റേയും ഫ്രീഡം ഓഫ് ഇന്‍ഫര്‍മേഷനിലൂടെ എന്‍എച്ച്എസില്‍ നിന്ന് ലഭ്യമായ വിവരത്തിന്റേയും അടിസ്ഥാനത്തിലാണ് ഈ റിപ്പോര്‍ട്ട് എഴുതുയിരിക്കുന്നത്.

പ്രൊഫസര്‍ കോളിന്‍ ലെയ്‌സിന്റെ റിപ്പോര്‍ട്ടിന് സമാനമായ കണക്ക് ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ 2016ല്‍ പുറത്തുവിട്ടിരുന്നു. വര്‍ഷത്തില്‍ 6,000 രോഗികളെ സ്വകാര്യ ആശുപത്രികളിലെ ചികിത്സ അപാകതമൂലം എന്‍എച്ച്എസുകളില്‍ നിന്ന് മാറ്റിയിരുന്നതായും ഇതില്‍ 2,500 പേരുടെ നില അതീവ ഗുരുതരമാണെന്നും ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ 2016ല്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ രോഗികളുടെ ജീവിതത്തില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കൂടാതെ നൂറ് മില്ല്യണ്‍ പൗണ്ടിലധികം നഷ്ടം ഇത് എന്‍എച്ച്എസ്സിന് ഉണ്ടാക്കുന്നുണ്ട്. പല സ്വകാര്യ ആശുപത്രികളിലും സര്‍ജറിക്ക് ശേഷമുള്ള പരിചരണത്തിന് ഒരു ജൂനിയര്‍ ഡോക്ടര്‍മാരുടെ സഹായം മാത്രമാണുള്ളതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഞാന്‍ ഓടി രക്ഷപെട്ടില്ലായിരുന്നെങ്കില്‍ എന്നെ അവന്‍ വെട്ടിക്കൊല്ലുമായിരുന്നു. ഭര്‍തൃസഹോദരനെയും, ഭര്‍തൃസഹോദര ഭാര്യയെയും അവരുടെ മകളെയുംവെട്ടുന്നതു കണ്ട് ആദ്യം ഓടിയെത്തിയ ഉഷയുടെ നടുക്കം വിട്ടൊഴിഞ്ഞിട്ടില്ല. മരിച്ച ശിവന്റെ സഹോദരന്‍ ഷാജിയുടെ ഭാര്യയാണു ഉഷ.

ഉഷയുടെ വീടിനു മുറ്റത്തു വച്ചാണ് സ്മിതയെ ബാബു വെട്ടിക്കൊന്നത്. അരിശം തീരുന്നതുവരെ തുരുതുരാ വെട്ടുകയായിരുന്നു. ഇത് കണ്ട് പേടിച്ച് ഓടുകയായായിരുന്നു ഉഷ. ഷാജി ഉഷയെ വിവാഹം കഴിക്കുമ്പോള്‍ കൊല നടത്തിയ ബാബു ഒന്‍പതാം ക്ലാസില്‍ പഠിക്കുകയായയിരുന്നു. മദ്യപാനിയായ ബാബു തറവാട്ട് വീട്ടിലാണ് താമസിച്ചിരുന്നത്. ഏഴു വര്‍ഷമുമ്പാണ് ഷാജി മരിച്ചത്. ഭര്‍തൃബലിക്കായി ആലുവ മണപ്പുറത്തേക്ക് പോകുവാന്‍ തയാറെടുക്കുന്നതിനിടയിലാണു ദാരുണ കൊലപാതകം നേരില്‍ കാണാനിടയായത്.

കാളാര്‍കുഴിയിലെ അങ്കണവാടിയിലെ ഹെല്‍പ്പറാണ് ഉഷ. മണപ്പുറത്ത് ബലിതര്‍പ്പണത്തിനു പോകാനാണ് ഉഷ നേരത്തെ വീട്ടിലെത്തിയത്. കൊല നടത്തിയ ബാബുവുമായി ഇവര്‍ സംസാരിക്കാറില്ല. മകളുടെ വിവാഹം ക്ഷണിക്കാന്‍ ബാബുവിന്റെ വീട്ടിലെത്തിയപ്പോള്‍ ബാബു അടിച്ചു പുറത്താക്കുകയായിരുന്നുവെന്ന് പറയുന്നു. ഉഷയെ ആക്രമിക്കാന്‍ അങ്കണവാടിയിലും ബാബു എത്തിയിരുന്നു.

ഒരാഴ്ചയായി കാണാതായ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അടൂര്‍ മണക്കാല സ്വദേശി ചെങ്ങാലിപ്പള്ളിയില്‍ വീട്ടില്‍ ടോണി ജോര്‍ജ്(41)നെയാണ് ഇബ്രയില്‍ കെട്ടിടത്തിനു മുകളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇയാള്‍ ഒരു മാസമായി ജോലിയില്‍ നിന്നുവിട്ടു നില്‍ക്കുകയായിരുന്നു. ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമാണു ജോലിയില്‍ പ്രവേശിക്കാതിരുന്നത് എന്നാണു കമ്പനി നല്‍കിയ വിശദീകരണം. ആളെ കാണാനില്ല എന്നുകാണിച്ച് കമ്പനി അധികൃതര്‍ കഴിഞ്ഞ ദിവസം പരാതി നല്‍കിരുന്നു.

താമസസ്ഥലത്ത് ടോണി ഒരാഴ്ചയായി എത്തിരുന്നില്ല. ഞായറാഴ്ച രാവിലെയായിരുന്നു ടോണിയ കെട്ടിടത്തിനു മുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടോണിയുടെ മരണത്തില്‍ സംശയമുണ്ട് എന്നു കാണിച്ച് ഭാര്യ ഇന്ത്യന്‍ എംബസിക്കു പരാതി നല്‍കി.

വളർത്തുമകളെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തിശേഷം മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി ചാക്കില്‍ കെട്ടി സൂക്ഷിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനിയായ പ്രാപ്തി സിങ്ങാണ് (24 ) സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് വളര്‍ത്തമ്മയായ മീനു കൗറിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. മീനു കൗറിന്റെ ഭര്‍ത്താവ് അജിത്ത് സിങ്ങ് രണ്ട് വര്‍ഷം മുമ്പാണ് മരണപ്പെട്ടത്.

അജിത്ത് സിങ്ങിന്റെ ഒന്നാമത്തെ ഭാര്യയിലുണ്ടായ മകളായിരുന്നു പ്രാപ്തി സിങ്ങ്. പിതാവ് മരിച്ചതിന് ശേഷം വളര്‍ത്തമ്മയായ മീനു കൗറും പ്രാപ്തിയും തനിച്ചാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്.

Image result for dehradun step daughter murdered

വീട് വിറ്റ് പണം വീതം വെക്കണമെന്നാവശ്യപ്പെട്ട് അമ്മയും മകളും നിരന്തരം വഴക്കിട്ടിരുന്നു. എന്നാല്‍ മകൾ ഇതിന് ഒരുക്കമായിരുന്നില്ല. ഫെബ്രുവരി 7നു രാത്രി ഇതിനെ ചൊല്ലി വഴക്കിട്ടതിനെ തുടര്‍ന്ന് അത്താഴം കഴിക്കാതെ മുറിയിലേക്ക് പോയ പ്രാപ്തിയെ മീനു പിറകില്‍ നിന്നും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.ശേഷം കത്തിയുപയോഗിച്ച് മൃതദേഹം കഷ്ണങ്ങളാക്കി സ്റ്റോര്‍ മുറിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു.

ഒരു അഭിമുഖത്തില്‍ പങ്കെടുക്കുവാനായി പ്രാപ്തി ഡല്‍ഹിയിലേക്ക് പോയിരിക്കുകയാണെന്നായിരുന്നു മീനു കൗര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ സംശയം തോന്നിയ ബന്ധുക്കളില്‍ ചിലര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മീനു കൗര്‍ കുറ്റം സമ്മതം നടത്തുകയും ചെയ്തു.

ന്യൂഡല്‍ഹി: ഏഴ് വയസുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്‌കേസിനുള്ളിലാക്കി ഒരു മാസത്തോളം വീട്ടില്‍ സൂക്ഷിച്ച യുവാവ് പിടിയില്‍. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന അവ്‌ദേശ് ശാക്യ എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥന്‍ കരണ്‍ സിങ്ങിന്റെ മകന്‍ ആശിഷിനെയാണ് കൊലപ്പെടുത്തിയത്. ഡല്‍ഹിയിലെ സ്വരൂപ് നഗറിലാണ് സംഭവം.

മൂന്ന് വര്‍ഷമായി ഇയാള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയാണ്. കഴിഞ്ഞ മാസം ആറാം തിയതിയാണ് മകനെ കാണാനില്ലെന്ന് കരണ്‍ സിങ് പോലീസില്‍ പരാതി നല്‍കുന്നത്. അന്വേഷണം ആരംഭിച്ചെങ്കിലും കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. കുട്ടിയെ കാണാതായ സംഭവത്തില്‍ പരാതി നല്‍കാന്‍ കരണ്‍ സിങിനോടൊപ്പം അവ്‌ദേശ് പോലീസ് സ്റ്റേഷനില്‍ പോവുകയും ചെയ്തിരുന്നു.

ഇതിനിടെ അവ്‌ദേശ് താമസിച്ചിരുന്ന വീട്ടില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നു. അയല്‍ക്കാര്‍ ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ എലി ചത്തുചീഞ്ഞതാണെന്ന് മറുപടിയാണ് ഇയാള്‍ നല്‍കിയത്. പോലീസിന്റെ സാന്നിധ്യമുണ്ടായിരുന്നതിനാല്‍ സ്യുട്ട്‌കേസിലുണ്ടായിരുന്ന മൃതദേഹം ഇയാള്‍ക്ക് മറവ് ചെയ്യാനും കഴിഞ്ഞില്ല. പിന്നീട് പോലീസ് ചോദ്യം ചെയ്തപ്പോളാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.

ഇതില്‍ ദേഷ്യം തോന്നിയ താന്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അവ്‌ദേശ് നല്‍കിയ മൊഴി. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഇയാള്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ പ്രിലിമിനറി മൂന്ന് തവണയും മെയിന്‍ പരീക്ഷ രണ്ട് തവണയും എഴുതിയിട്ടുണ്ട്.

റായ്പൂര്‍: വരന്‍ സഞ്ചരിച്ച കാര്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറി 25 ഓളം പേര്‍ക്ക് പരിക്ക്. പരിക്ക് പറ്റിയ 9 പേരുടെ നില ഗുരുതരമാണ്. ചത്തീസ്ഗഢിലെ ജഞ്ച്ഗിര്‍ ചമ്പ ജില്ലയില്‍ തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. ഉത്തരേന്ത്യന്‍ വിവാഹങ്ങളില്‍ വരനെ സ്വീകരിക്കുന്ന ചടങ്ങ് വലിയ ആഘോഷമാണ്. നിരവധി പേരാണ് ഈ ചടങ്ങിനായി എത്തുക. വരനെ സ്വീകരിക്കുന്ന ചടങ്ങിനിടെയായിരുന്നു കാര്‍ ആളുകള്‍ക്കിടയിലേക്ക് പാഞ്ഞ് കയറിയത്.

വരനെ വഹിച്ചുകൊണ്ടുള്ള സ്‌കോര്‍പിയോ വിവാഹം ആഘോഷിച്ചു കൊണ്ടിരുന്നവര്‍ക്കൊപ്പം പതുക്കെയാണ് സഞ്ചരിച്ചിരുന്നത്. സംഗീതത്തിന്റെ അകമ്പടിയോടെ നിരവധി പേരാണ് വരന്റെ വാഹനത്തോടപ്പം നടന്നു നീങ്ങിയിരുന്നത്. എന്നാല്‍ പെട്ടന്ന് വാഹനത്തിന്റെ വേഗം കൂടുകയും ആളുകള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു.

അപകടം സംഭവിച്ചയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ബ്രേക്ക് എന്നു കരുതി ആക്സിലറേറ്ററില്‍ കാലമര്‍ന്നതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുന്നോട്ടെടത്ത കാര്‍ ഉടന്‍ തന്നെ പുറകോട്ടെടുത്തത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു. പുറകോട്ടെടുത്തപ്പോള്‍ പിന്നിലുണ്ടായിരുന്നവര്‍ അപകടത്തില്‍പ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

റഷ്യയില്‍ കോപ്പര്‍ പൈറേറ്റ്‌സ് അയിരിനുവേണ്ടി ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ നടത്തിയ തിരച്ചിലിനിടയില്‍ വന്‍ സ്വര്‍ണശേഖരം കണ്ടെത്തി. 900 ടണ്‍ വരുന്ന സ്വര്‍ണത്തിന്റയും, വെള്ളിയുടെയും വന്‍ നിക്ഷേപങ്ങളാണ് കണ്ടെത്തിയത്.

റഷ്യന്‍ സര്‍ക്കാരിന്റെ പര്യവേഷണ കമ്പനിയായ റോസെഗോയാണ് റിപ്പബ്ലിക് ഓഫ് ബഷ്‌കര്‍താനില്‍ നിന്ന് വന്‍ നിക്ഷേപം കണ്ടെത്തിയത്. 28 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവിലാണ് കോപ്പര്‍ പൈറേറ്റ്‌സിനായി ഖനനം നടത്തിയിരുന്നത്. ഭൂഗര്‍ഭ ശാസ്ത്രജ്ഞര്‍ ഇതിനായി കുഴിക്കുന്നതിനിടയിലാണ് 346-510 അടി താഴ്ചയില്‍ നിന്നും കോപ്പര്‍ പൈറേറ്റ്‌സ്, സിങ്ക് നിക്ഷേപവും സ്വര്‍ണം, വെള്ളി നിക്ഷേപവും ശ്രദ്ധയില്‍ പെട്ടത്.

ഏകദേശം 87 ടണ്‍ സ്വര്‍ണ നിക്ഷേപവും 787 ടണ്‍ വെള്ളി നിക്ഷേപവും ഇവിടെയുണ്ടെന്നാണ് നിഗമനം. ഇതോടൊപ്പം 5,38,000 ടണ്‍ കോപ്പര്‍ പൈറേറ്റ്‌സും 9,06,000 സിങ്ക് നിക്ഷേപവും ഇവിടെയുണ്ട്.

ഇന്ത്യയില്‍  രാജസ്ഥാനില്‍ ഭൂമിക്കടിയില്‍ വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 11 കോടി ടണ്ണിലേറെ സ്വര്‍ണ്ണ നിക്ഷേപം രാജസ്ഥാനില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

വാട്‌സാപ്പിലൂടെ ഇനി മുതല്‍ പണവും അയക്കാം. പണം ചാറ്റ് രൂപത്തില്‍ കൈമാറുന്ന സേവനം ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. രാജ്യത്ത് ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് ഈ സേവനം വാട്‌സാപ് അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ഇന്‍വൈറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയിരിക്കണം നിങ്ങളുടെയും പണം സ്വീകരിക്കുന്ന ആളുടെയും ഗാഡ്ജറ്റില്‍ ഉണ്ടായിരിക്കേണ്ടത്.

ഒരിക്കല്‍ അക്കൗണ്ട് വാട്‌സാപ്പുമായി ബന്ധപ്പെടുത്തിയാല്‍ ചാറ്റിലൂടെ പണം അയക്കുന്നത് വളരെയെളുപ്പമാണ്. യുപിഐ എന്ന സേവനമുപയോഗിച്ചാണ് വാട്‌സാപ്പ് വഴിയുള്ള പണമിടപാട് എന്നതിനാല്‍ ഓരോ തവണ പണമയക്കുമ്പോഴും എം.പിന്‍ നല്‍കേണ്ടതാണ്. നേരത്തെ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്തവര്‍ക്ക് നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത് എം.പിന്‍ ഉപയോഗിച്ച് ഇടപാട് നടത്താനാകും.

സാധാരണ ഒരാളുമായി നാം ചാറ്റ് ചെയ്യുന്നതിനായി നാം ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ അയാള്‍ക്ക് ചിത്രങ്ങളോ , വീഡിയോകളോ പോലുള്ള മറ്റേതെകിലും ഉള്ളടക്കങ്ങള്‍ അയക്കാന്‍ വേണ്ടി അമര്‍ത്തുന്ന ക്ലിപ് അടയാളത്തിലുള്ള അറ്റാച്ച് ബട്ടണ്‍ ടാപ്പ് ചെയ്യുമ്പോള്‍ ഈ സേവനം എനേബിള്‍ ചെയ്തിട്ടുള്ള വാട്‌സാപ്പ് അക്കൗണ്ടുകളില്‍ പുതുതായി ‘പേയ്‌മെന്റ്’ എന്നൊരു ഐക്കണ്‍ കൂടി കാണാനാകും. ഈ ഐക്കണ്‍ അമര്‍ത്തി അയക്കേണ്ട തുക രേഖപ്പെടുത്തിയ ശേഷം എം.പിന്‍ കൂടി നല്‍കിയാല്‍ ഇടപാട് പൂര്‍ണ്ണമായി.

വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് പണം അയക്കാനുള്ള സൗകര്യം നിലവില്‍ ഇല്ല. എന്തായാലും ഗൂഗിള്‍ അവതരിപ്പിച്ച തേസില്‍ നിന്നും വ്യത്യസ്തമായി കൈകാര്യം ചെയ്യാനുള്ള എളുപ്പം കൊണ്ട് ഡിജിറ്റല്‍ പേയ്‌മെന്റ് ലോകത്ത് മറ്റൊരു വിപ്ലവമാകും വാട്‌സാപ്പ് വഴിയുള്ള ഈ പണമിടപാട് സംവിധാനം.

മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനതിരെ സിപിഎം പ്രവർത്തകർ കൊലവിളി മുഴക്കുന്ന വീഡിയോ പുറത്ത്. രണ്ടാഴ്ച മുൻപ് സിപിഎം പ്രവർത്തകർ എടയന്നൂരിൽ നടത്തിയ പ്രകടനത്തിലാണ് ശുഹൈബിന്‍റെ ദിവസങ്ങൾ എണ്ണപ്പെട്ടു തുടങ്ങിയെന്ന തരത്തിൽ വധ ഭീഷണി മുഴക്കിക്കൊണ്ടുളള മുദ്രാവാക്യങ്ങൾ ഉയർന്നത്.

മട്ടന്നൂര്‍ ഏരിയയിലെ സിപിഎമ്മിന്‍റെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തിരുന്നു. സിഐടിയു പ്രവര്‍ത്തകരെ തടഞ്ഞു വയ്ക്കുകയും ഓഫീസ് ആക്രമിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് സിപിഎം പ്രതിഷേധ പ്രകടനം നടത്തിയത്.

എടയന്നൂരില്‍ സിഐടിയുവും യൂത്ത് കോണ്‍ഗ്രസും തമ്മിൽ ഉടലെടുത്ത രാഷ്ട്രീയ പ്രശ്നങ്ങളുടെ തുടർച്ചയെന്നോണം ഇരു പാര്‍ട്ടികളുടെയും ഓഫീസ് ആക്രമിക്കുകയും ചെയ്തിരുന്നു. സിപിഎം -കോൺഗ്രസ് സംഘർഷത്തിൽ ശുഹൈബ് പൊലീസ് കസ്റ്റഡിയിലാകുകയും 14 ദിവസം റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്നു. ജയിലിൽനിന്നും പുറത്തിറങ്ങി അധിക ദിവസം കഴിയും മുൻപേയാണ് ശുഹൈബ് കൊല്ലപ്പെട്ടത്.

എടയന്നൂരിൽ വച്ചായിരുന്നു ഇന്നലെ രാത്രി എസ്.പി.ശുഹൈബിന് നേരെ ആക്രമണം ഉണ്ടായത്. തൈരൂരിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് പുറത്തിറങ്ങുന്നതിനിടെ രാത്രി 10.45 ഓടെയാണ് സംഭവം. അക്രമികൾ ശുഹൈബിന് നേരേ ബോംബെറിഞ്ഞശേഷം ശേഷം വെട്ടുകയായിരുന്നു. വെട്ടേറ്റു പരുക്കുകളോടെ ശുഹൈബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം കോഴിക്കോട്ടേയ്ക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

 വിഡിയോ കടപ്പാട്: മാതൃഭൂമി ന്യൂസ്

 

Copyright © . All rights reserved