സ്‌കൂളില്‍ പോകും വഴി പന്ത്രണ്ട് വയസുകാരിയെ ബൈക്കില്‍ കടത്തിക്കൊണ്ടു പോയി ലൈംഗികമായി അതിക്രമം കാട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പാതിരിക്കല്‍ കുഴിക്കാട് പുത്തന്‍ വീട്ടില്‍ എം.എസ് അനസ് (23) ആണ് പിടിയിലായത്.
ഫോണിലൂടെ കുട്ടിയെ പരിചയപ്പെട്ട അനസ് ഇന്‍സ്റ്റാഗ്രാം വഴി സ്വന്തം നഗ്നചിത്രങ്ങളും അശ്ലീലദൃശ്യങ്ങളും അയച്ചു നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് സ്‌കൂളിലേക്ക് പോകുന്ന വഴി ബൈക്കില്‍ നിര്‍ബന്ധിച്ച് കയറ്റിക്കൊണ്ടു പോകുകയായിരുന്നു.
സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടിയെ കയറ്റിക്കൊണ്ടു പോയത്. കായംകുളത്തേക്കാണ് പ്രതി കുട്ടിയെ കൊണ്ടുപോയത്, യാത്രയ്ക്കിടയില്‍ ലൈംഗിക അതിക്രമം കാട്ടി. കായംകുളം ലേക്പാലസിലെത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാട്ടി മാതാവ് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു.
ജില്ലാ പോലീസ് മേധാവി വി.ജി.വിനോദ് കുമാറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വേഗത്തിലാക്കിയ അന്വേഷണത്തില്‍ ഉടനടി കുട്ടിയെ പോലീസ് കണ്ടെത്തി. കുട്ടിയുടെ മൊഴിയനുസരിച്ച് യുവാവിനെ പ്രതിയാക്കി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. കായംകുളം പോലീസിന്റെ സഹായത്തോടെയാണ് ഇവരെ കണ്ടെത്തിയത്.
പ്രതി ഉപയോഗിച്ച മോട്ടോര്‍ സൈക്കിള്‍ പോലീസ് കണ്ടെത്തി സ്റ്റേഷനിലെത്തിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി. പോലീസ് ഇന്‍സ്പെക്ടര്‍ പി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. എസ്.ഐ. വിമല്‍ രംഗനാഥ്, എസ്.സി.പി.ഓമാരായ കെ.ബി ബിജു, ഷംനാദ്, സന്ധ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തേണ്ടതില്ലെന്ന് തീരുമാനിച്ച് മന്ത്രിസഭാ യോഗം. പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന നാലാം ഭരണപരിഷ്ക്കാര കമ്മീഷൻറെ ശുപാർശയാണ് സർക്കാർ തള്ളിയത്. അതേസമയം കമ്മീഷൻറെ മറ്റ് ശുപാർശകൾ മന്ത്രിസഭാ യോഗം ഭേദഗതികളോടെ അംഗീകരിച്ചു.
ഏതെങ്കിലും തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേകമായ പരിജ്ഞാനം ആവശ്യമാണെങ്കിൽ അത് ആർജിക്കാൻ അർഹതാപരീക്ഷ നടത്തുന്നതിനുള്ള ശുപാർശയാണ് തത്വത്തിൽ അംഗീകരിച്ച ഒരു വിഷയം. നിയമനാധികാരികൾ എല്ലാ വർഷവും ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ റദ്ദു ചെയ്യാൻ പാടില്ല.
തസ്തികകൾ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്മെൻറ് നിയമനം പാടില്ല. ഓരോ തസ്തികകളിലെയും ഒഴിവുകൾ സ്പാർക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെൻഷൻ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ലഘൂകരിക്കുമെന്നും മന്ത്രിസഭ തീരുമാനിച്ചു.
മുനമ്പം വിഷയത്തിൽ ഉടമസ്ഥത സംബന്ധിച്ച് ശാശ്വത പരിഹാരം കണ്ടെത്തി സർക്കാർ സ്വീകരിക്കേണ്ട നടപടികൾക്കുള്ള ശുപാർശ അടക്കം മൂന്നു മാസത്തിനുള്ളിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കണം. ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറിയെ മന്ത്രിസഭയോഗം ചുമതലപ്പെടുത്തി. കമ്മീഷന് ആവശ്യമായ ഓഫീസും ഇതര സംവിധാനങ്ങളും സമയബന്ധിതമായി ഏർപ്പെടുത്താനുള്ള ചുമതല എറണാകുളം ജില്ലാ കളക്ടർക്കാണ് നൽകിയിരിക്കുന്നത്.
നൈറ്റ്സ് മാഞ്ചസ്റ്റർ ക്ലബിൻ്റ വാർഷികവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൽ 2025വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഡിനേറ്റർ ശ്രീരാഗിൻറ നേത്യത്വത്തിൽ ക്ലബ് മാനേജർ ജീൻസ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ക്ലബ് ക്യാപ്റ്റൻ സുജേഷ് സ്വാഗതവും ട്രെഷറർ പ്രിൻസ് വാർഷിക കണക്കും സെക്രട്ടറി സിറിൽ വിവിധ കർമ്മ പദ്ധതികളുടെ കരട് രൂപ രേഖകൾ അവതരിപ്പിച്ചു അടുത്ത വർഷം കൂടുതൽ ഒത്തൊരുമിച്ച് പ്രവർത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു.

പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാൻ ജീൻസ് മാത്യു സെക്രട്ടറി പ്രശാന്ത് ക്ലബ്ബ് ക്യാപ്റ്റൻ സുജേഷ് ട്രഷറർ പ്രിൻസ് തോമസ് കമ്മിറ്റി അംഗങ്ങളിയി ശ്രീരാഗ് , രാഹുൽ, വിജയ്, ജിനീഷ്, മനു & തോമസ് എന്നിവരെ തെരഞ്ഞെടുത്തു.
2024 സീസൺ മികച്ച താരമായി ശരത്തും കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ വിജീഷ്, അശ്വിൻ, അജ്മൽ, രാഹുൽ എന്നിവരെയും ക്ലബ് ആദരിച്ചു.
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ തട്ടിച്ച് സർക്കാർ ജീവനക്കാർ. 1458 സർക്കാർ ജീവനക്കാർ ചട്ടങ്ങൾ മറികടന്ന് സാമൂഹിക സുരക്ഷാ പെൻഷൻ കൈപ്പറ്റുന്നതായി കണ്ടെത്തൽ. ധനവകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കോളജ് അസിസ്‌റ്റന്റ് പ്രഫസർമാരും ഗസറ്റഡ് ഉദ്യോഗസ്ഥരും അടക്കമാണ് അനർഹമായി പെൻഷൻ കൈപ്പറ്റുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഹയർ സെക്കൻഡറി വകുപ്പിൽ ഉൾപ്പെടെ ജോലി ചെയ്യുന്നവരും ഇതിലുൾപ്പെടും.
അനധികൃമായി കൈപ്പറ്റിയ തുക പലിശയടക്കം ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്നാണ് ധനവകുപ്പിന്റെ നിർദേശം. കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും മന്ത്രി കെഎൻ ബാലഗോപാൽ നിർദേശിച്ചു. തട്ടിപ്പ് നടത്തിയ രണ്ട് അസിസ്റ്റന്റ് പ്രൊഫസർമാരിൽ ഒരാൾ തിരുവനന്തപുരത്തെ സർക്കാർ കോളേജിലും മറ്റേയാൾ പാലക്കാടുള്ള കോളേജിലുമാണ് ജോലി ചെയ്യുന്നത്.
ഏറ്റവും കൂടുതൽ തട്ടിപ്പ് നടന്നത് ആരോഗ്യ വകുപ്പിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 373പേർ ആരോഗ്യ വകുപ്പിലും 224 പേർ പൊതുവിദ്യാഭ്യാസ വകുപ്പിലും 124പേർ മെഡിക്കൽ എജ്യൂക്കേഷൻ വകുപ്പിലും 114പേർ ആയുർവേദ വകുപ്പിലും 74 പേർ മൃഗസംരക്ഷണ വകുപ്പിലും 47പേർ പൊതുമരാമത്ത് വകുപ്പിലുമാണ് ക്ഷേമ പെൻഷൻ കൈപ്പറ്റുന്നത്.
എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. സി.ബി.ഐ. എന്നത് അന്വേഷണത്തിന്റെ അവസാനവാക്കല്ലെന്നും അദ്ദേഹം പറഞ്ഞു.
സി.ബി.ഐ. ആണ് എല്ലാത്തിന്റെയും അവസാനവാക്ക് എന്നത് തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഇന്നലെയും അത് അംഗീകരിച്ചിട്ടില്ല, ഇന്നും അത് അംഗീകരിക്കുന്നില്ല, നാളെയും അംഗീകരിക്കില്ല. സുപ്രീംകോടതി പറയുന്നപോലെ കൂട്ടിലടച്ച തത്തയാണ് സി.ബി.ഐ. കേന്ദ്രസര്‍ക്കാര്‍ എന്താണ് പറയുന്നത്, അത് ചെയ്യുന്നതാണ് സി.ബി.ഐയെന്നും എം.വി. ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയാണ് കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. സി.പി.എം. നേതാവ് പ്രതിയായ കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും അതിനാല്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. നവീന്‍ബാബുവിനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന സംശയമുണ്ടെന്നും സംഭവത്തില്‍ പി.പി. ദിവ്യയുടെ പങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
ബുധനാഴ്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി എ.ഡി.എമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. ഡിസംബര്‍ ആറാം തീയതി കേസ് ഡയറി ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദേശം. ഇതിനുശേഷം ഹര്‍ജിയില്‍ ഡിസംബര്‍ ഒന്‍പതാം തീയതി കോടതി വിശദമായ വാദം കേള്‍ക്കും.
യുവാവിനോടും കുടുംബത്തോടുമുളള മുന്‍വൈരാഗ്യത്തെ തുടർന്ന് അയല്‍വാസിയായ യുവാവിനെ വധിക്കാന്‍ ന്യൂസിലന്‍ഡില്‍ ഇരുന്ന് ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തി. കേസിലെ അഞ്ചാം പ്രതിയെ ഒരു വര്‍ഷത്തിന് ശേഷം മുംബൈയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.
കവിയൂര്‍ ആഞ്ഞിലിത്താനം മാകാട്ടി കവല തെക്കേ മാകാട്ടില്‍ അനീഷ് എന്‍. പിള്ള (42) യെയാണ് മുംബൈ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തത്. കവിയൂര്‍ ആഞ്ഞിലിത്താനം പഴമ്ബള്ളില്‍ മനീഷ് വര്‍ഗീസിനെ കൊല്ലാന്‍ നാലംഗ സംഘത്തിന് ക്വട്ടേഷന്‍ കൊടുത്തുവെന്നാണ് കേസ്. മനീഷിനോടും കുടുംബത്തോടുമുളള മുന്‍വൈരാഗ്യമായിരുന്നു ക്വട്ടേഷന് പിന്നില്‍.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 12 ന് വൈകിട്ട് മൂന്നരക്ക് പഴമ്ബള്ളില്‍ ജങ്ഷനിലാണ് സംഭവം. ബൈക്കില്‍ മാകാട്ടി കവല റോഡില്‍ സഞ്ചരിച്ച യുവാവിനെ കാറിലെത്തിയ ഒന്നുമുതല്‍ നാലുവരെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. മുഖത്ത് മുളകുപൊടി വിതറിയശേഷം ഇരുമ്ബ് പൈപ്പ് കൊണ്ട് തലക്കടിച്ചു വീഴ്ത്തി. തുടര്‍ന്ന് തറയിലിട്ട് മര്‍ദ്ദിച്ചു. മോട്ടോര്‍ സൈക്കിള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.
മനപ്പൂര്‍വമല്ലാത്ത നരഹത്യ ശ്രമത്തിനാണ് ആദ്യം കേസെടുത്തതെങ്കിലും തുടരന്വേഷണത്തില്‍ വധശ്രമമാണെന്ന് കണ്ടെത്തി. എസ്.എച്ച്.ഓ ബി.കെ.സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു. ഒന്നുമുതല്‍ നാലുവരെ പ്രതികളായ അനില്‍ കുമാര്‍, വിഷ്ണു, സതീഷ് കുമാര്‍, റോയ് എന്നിവരെ ഒക്ടോബര്‍ 23 ന് രാത്രി അറസ്റ്റ് ചെയ്തു.
ആറാം പ്രതി അഭിലാഷ് മോഹന്‍, ഏഴാം പ്രതി സജു എന്നിവരെ ജനുവരി 10 നും മാര്‍ച്ച് 12 നുമായി അന്വേഷണസംഘം പിടികൂടുകയും ചെയ്തു. അഭിലാഷ് മോഹന്‍, സജു എന്നിവരുമായി അനീഷ് ഗൂഢാലോചന നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് അനില്‍ കുമാര്‍, വിഷ്ണു, സതീഷ് കുമാര്‍, റോയ് എന്നിവരെ കൃത്യം നടത്താന്‍ ഏല്‍പ്പിച്ചു. പ്രതികള്‍ നടത്തിയ സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച ബാങ്ക് രേഖകളും വാട്സ്‌ആപ് സന്ദേശങ്ങളും പോലീസ് ശേഖരിച്ചു. അനീഷ് അഭിലാഷ് മോഹന്‍, സജു എന്നിവരുമായി നടത്തിയ സാമ്ബത്തിക ഇടപാട് പോലീസ് കണ്ടെത്തി. പിന്നീട് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് ഇന്‍സ്പെക്ടര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
ന്യൂസിലാന്‍ഡില്‍ കഴിയുന്ന അനീഷിനു വേണ്ടി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പോലീസ് പുറപ്പെടുവിപ്പിച്ചു. നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മുംബൈ എയര്‍പോര്‍ട്ടില്‍ ഇയാളെ തടഞ്ഞു വയ്ക്കുകയായിരുന്നു. എയര്‍പോര്‍ട്ട് ഇമിഗ്രേഷനില്‍ നിന്ന് വിവരം അറിയിച്ചതനുസരിച്ച് പോലീസ് സംഘം അവിടെയെത്തി കസ്റ്റഡിയിലെടുത്തു.
എസ്.ഐ മുഹമ്മദ് സാലിഹ്, എസ്.സി.പി.ഓ അഖിലേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ഏറ്റുവാങ്ങിയത്. മുംബൈ സഹര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം അന്ധേരി ജെ എഫ് എം കോടതിയില്‍ ഹാജരാക്കി, ട്രാന്‍സിറ്റ് വാറന്റ് വാങ്ങി പ്രതിയുമായി പോലീസ് സംഘം തിരുവല്ലയിലെത്തി. തുടര്‍ നടപടികള്‍ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.
ഇസ്രയേൽ-ഹിസ്ബുള്ള യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനക്കരാറിന് തന്റെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭ അനുമതി നൽകിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളെ വധിച്ചതിലൂടെയും അവരുടെ തന്ത്രപ്രധാനകേന്ദ്രങ്ങൾ തകർത്തതിലൂടെയും ലക്ഷ്യം പൂർത്തീകരിച്ചതായി അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽക്കരാർ ഹിസ്ബുള്ള ലംഘിച്ചാൽ പ്രതികരിക്കുമെന്ന് നെതന്യാഹു പറഞ്ഞു. അന്തിമ അംഗീകാരത്തിനായി കരാർ മന്ത്രിസഭയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങൾക്കെതിരേ യുദ്ധം തുടങ്ങിയത് ഹിസ്ബുള്ളയാണ്. യുദ്ധലക്ഷ്യങ്ങളിൽ പലതും കൈവരിച്ചു. അവരുമായുള്ള സംഘർഷത്തിനിടെ വടക്കൻ ഇസ്രയേലിൽനിന്ന് കുടിയിറക്കപ്പെട്ട ഇസ്രയേൽ ജനതയെ അവരുടെ വീടുകളിലേക്ക് തിരിച്ചെത്തിക്കും. ഗാസയിലെ ഹമാസിനെതിരായ യുദ്ധത്തെ കരാർ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വെടിനിർത്തൽക്കരാർ ഉടനെ നടപ്പാക്കണമെന്ന് ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി അറിയിച്ചു. യു.എസിന്റെയും ഫ്രാൻസിന്റെയും മധ്യസ്ഥതയിൽ കൊണ്ടുവരുന്ന വെടിനിർത്തൽക്കരാറിനാണ് അനുമതി നൽകിയത്. കരാറിന് ഹിസ്ബുള്ളയുടെ പിന്തുണയുണ്ടെന്ന് ലെബനീസ് അധികൃതർ പറഞ്ഞു. രണ്ടുമാസത്തെ വെടിനിർത്തൽ, ഹിസ്ബുള്ളയുടെ സായുധവിഭാഗത്തിന്റെ തെക്കൻ ലെബനനിലെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കൽ, ലെബനനിൽനിന്നുള്ള ഇസ്രയേൽസേനയുടെ പിന്മാറ്റം എന്നിവയാണ് കരാറിലെ പ്രധാന വ്യവസ്ഥകളെന്നാണ് വിവരം.
തെക്കൻ അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ലെബനീസ് സൈന്യത്തെയും ലെബനനിലെ യു.എൻ. സമാധാനസേനയെയും (യൂണിഫിൽ) വിന്യസിക്കും. യു.എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്രസമിതിക്കായിരിക്കും നിരീക്ഷണച്ചുമതല. അതേസമയം, കരാറിന്റെ പ്രായോഗികത സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
ഹിസ്ബുള്ള വാക്കുതെറ്റിച്ചാൽ സ്വയംപ്രതിരോധിക്കാനുള്ള അവകാശം ഉറപ്പാക്കണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അക്കാര്യം കരാറിൽ ചേർക്കാൻ ലെബനൻ സമ്മതിച്ചിട്ടില്ല. കരാർ നടപ്പാക്കുന്നതിൽ യൂണിഫിലിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാൽ ഹിസ്ബുള്ളയ്ക്കുനേരേ ആക്രമണം തുടരുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി കാറ്റ്സ് ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു.
കരാറിന് അംഗീകാരം നൽകുന്നത് ഹിസ്ബുള്ളയെ തുടച്ചുനീക്കാനുള്ള ചരിത്രപരമായ അവസരം നഷ്ടപ്പെടുത്തലാകുമെന്ന് ഇസ്രയേൽ ദേശസുരക്ഷാമന്ത്രി ഇതാമർ ബെൻ ഗ്വിർ പറഞ്ഞു.
ഗാസയിലെ യുദ്ധത്തിനു സമാന്തരമായി 13 മാസമായി ഇസ്രയേലും ഹിസ്ബുള്ളയും തമ്മിൽ നടക്കുന്ന സംഘർഷത്തിനിടെ 3760 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. ഇസ്രയേലിന് 82 പട്ടാളക്കാരെയും 47 പൗരരെയും നഷ്ടപ്പെട്ടു. പേജർ സ്ഫോടനപരമ്പരയ്ക്കുപിന്നാലെ സെപ്റ്റംബർ അവസാനമാണ് ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ ലെബനനിൽ പൂർണതോതിലുള്ള യുദ്ധമാരംഭിച്ചത്.
വെടിനിർത്തൽക്കരാറിന് അനുമതി നൽകുന്നതിനുമുന്നോടിയായി ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരുന്നു. മധ്യ ബയ്റുത്തിലും നഗരത്തിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേലി പോർവിമാനങ്ങൾ ശക്തമായ ബോംബാക്രമണം നടത്തി. ബയ്റുത്തിലെ 20 കെട്ടിടങ്ങൾകൂടി ഒഴിയാൻ സൈന്യം നിർദേശിച്ചു. വെടിനിർത്തലിനുള്ള തീരുമാനം വരുംമുൻപ് ഹിസ്ബുള്ളയുടെ കൂടുതൽ ശക്തികേന്ദ്രങ്ങൾ തകർക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തൽ. തിങ്കളാഴ്ച ലെബനനിലുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടു.
യുകെയിൽ നഴ്‌സിങ് അസിസ്‌റ്റന്‍റ് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത ശേഷം 50,000 രൂപ തട്ടിയ കേസിൽ ഒന്നാം പ്രതിയെ റാന്നി പൊലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് കരിക്കുറ്റി സ്വദേശിനിയെ കബളിപ്പിച്ച കേസിലാണ് അറസ്‌റ്റ്. ഇടുക്കി അണക്കര രാജാക്കണ്ടം വണ്ടൻമേട് കല്ലട വാഴേപ്പറമ്പിൽ വീട്ടിൽ ജോമോൻ ജോൺ (42) ആണ് പിടിയിലായത്.
കഴിഞ്ഞ വർഷം ഡിസംബർ 22 ന് യുവതിയുടെ കോഴിക്കോട് ഗോവിന്ദപുരത്തുള്ള പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ നിന്നും, ജോമോന്‍റെ കൂട്ടുകാരനും രണ്ടാം പ്രതിയുമായ മനു മോഹൻ മുഖേന ഒന്നാം പ്രതിയുടെ റാന്നിയിലുള്ള സ്ഥാപനത്തിന്‍റെ അക്കൗണ്ടിലേക്ക് പണം കൈപ്പറ്റിയത്.
റാന്നി പാലത്തിനടുത്താണ് ജോമോൻ നടത്തുന്ന ഹോളി ലാൻഡ് കൺസൾട്ടൻസി എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. സ്ഥാപനത്തിന്‍റെ ഫെഡറൽ ബാങ്ക് അക്കൗണ്ട് മുഖേനയാണ് യുവതിയിൽ നിന്നും പണം കൈപ്പറ്റിയത്. തുടർന്ന് ജോലി തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ പണം തിരികെ നൽകുകയോ ചെയ്‌തില്ല എന്നാണ് പരാതി. ഈ മാസം രണ്ടിന് റാന്നി പൊലീസ് സ്റ്റേഷനിൽ എത്തി യുവതി വിവരം പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.
തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ്, റാന്നി പഴവങ്ങാടി ബ്രാഞ്ചിൽ ഉള്ള ജോമോന്‍റെ ബാങ്ക് അക്കൗണ്ടിന്‍റെ 2023 ഓഗസ്റ്റ് ഒന്ന് മുതലുള്ള ഇടപാടുകളുടെയും കെ വൈ സി സംബന്ധിച്ചതുമായ വിവരങ്ങളും ശേഖരിച്ചു. യുവതി രണ്ടാം പ്രതി മുഖേന പണം അയച്ചതിന്‍റെ തെളിവിലേക്ക്, ഇയാളുടെ പേരിൽ റാന്നി പഴവങ്ങാടി ശാഖയിലെ കഴിഞ്ഞവർഷം ഡിസംബർ ഒന്നുമുതലുള്ള ഇടപാടുകയുടെ രേഖകളും, കെ വൈ സി വിവരങ്ങളും, യുവതിയുടെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ട് ഇടപാടുകൾ സംബന്ധിച്ച രേഖകളും മറ്റും ലഭ്യമാക്കി വിശദമായി പരിശോധിച്ചു.
പിന്നീട് നടത്തിയ അന്വേഷണത്തിൽ ജോമോനെ ഇപ്പോൾ താമസിക്കുന്ന റാന്നി നെല്ലിക്കാമണ്ണിലെ വീടിന് സമീപത്തു നിന്നും പിടികൂടുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇസ്രായേൽ, യുകെ എന്നിവടങ്ങളിലേക്ക് ജോലി തരപ്പെടുത്താമെന്ന് പറഞ്ഞാണ് ഇയാൾ തട്ടിപ്പ് ഏറെയും നടത്തുന്നതെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി.
ഇയാൾക്കെതിരെ മറ്റൊരു പരാതിയുടെ അടിസ്ഥാനത്തിൽ ഒരു കേസ് കൂടി രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. സമാനമായ നിരവധി പരാതികൾ സ്റ്റേഷനിലും, ജില്ലാ പൊലീസ് മേധാവിക്കും ലഭിക്കുന്നുണ്ട്. രണ്ടാമത് എടുത്ത കേസിൽ ബാങ്ക് രേഖകൾ കിട്ടുന്നതിന് അപേക്ഷ നൽകിയതായും , കിട്ടുന്ന മുറക്ക് തുടർനടപടി കൈക്കൊള്ളുന്നതിന് നിർദേശം നൽകിയതായും ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. റാന്നി ഡി വൈ എസ് പി ആർ ജയരാജിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസ് ഇൻസ്‌പെക്‌ടര്‍ ജിബു ജോണിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിൽ എ എസ് ഐ അജു കെ അലി, എസ് സി പി ഓമാരായ അജാസ് ചാരുവേലിൽ,
ഗോകുൽ എന്നിവരാണ് ഉള്ളത്.
പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തല്‍. പത്തനംതിട്ട സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി അമിതമായ അളവില്‍ മരുന്ന് കഴിച്ചതായും സംശയിക്കുന്നുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ സംഭവത്തില്‍ പോക്‌സോ വകുപ്പുള്‍ കൂടി ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
റോമി കുര്യാക്കോസ്
യു കെ: കേരളത്തിലെ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥികൾ നേടിയ അവിസ്മരണീയ വിജയത്തിൽ ഒ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ യു കെയിലെ വിവിധ സ്ഥലങ്ങളിൽ ആഹ്ളാദ പ്രകടനങ്ങളും മധുര വിതരണവും സംഘടിപ്പിച്ചു. പലയിടങ്ങളിലും പ്രവർത്തകർ കേക്ക് മുറിച്ചു സന്തോഷം പങ്കിടുകയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായി ആഹ്ളാദപ്രകടനം സംഘടിപ്പിക്കുകയും ചെയ്തു. യു കെയിലെ മാഞ്ചസ്റ്ററിലും ബാസിൽഡണിലും സംഘടിപ്പിച്ച വിജയാഘോഷ പരിപാടികൾ ഒ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു.

മാഞ്ചസ്റ്റർ റീജിയന്റെ ആഭിമുഖ്യത്തിൽ ബോൾട്ടനിൽ സംഘടിപ്പിച്ച ആഘോഷങ്ങൾക്ക് ഒ ഐ സി സി (യു കെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് നേതൃത്വം നൽകി. നാഷണൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ്, റീജിയൻ പ്രതിനിധികളായ ജിപ്സൺ ജോർജ് ഫിലിപ്സ്, സജി വർഗീസ് എന്നിവർ പ്രസംഗിച്ചു. യു ഡി എഫ് നേടിയ ഗംഭീര വിജയം പ്രവർത്തകർ കേക്ക് മുറിച്ചും മധുരവിതരണം നടത്തിയും കൊടിതോരണങ്ങളും മുദ്രാവാക്യം വിളികളുമായാണ് ആഘോഷമാക്കിയത്. ഋഷിരാജ്, റോബിൻ, ബിന്ദു ഫിലിപ്പ്, ജിൽജോ, റിജോമോൻ റെജി, എൽദോ നെല്ലിക്കൽ ജോർജ്, ജേക്കബ് വർഗീസ്, അനുരാജ്, റീന റോമി, ഹെയ്സൽ മറിയം തോമസ് തുടങ്ങിയവർ പങ്കെടുത്തു.

ഒ ഐ സി സി (യു കെ) വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോൺ നേതൃത്വം നൽകിയ ബാസിൽഡൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളിൽ സംഘടനയുടെ നാഷണൽ / റീജിയൻ ഭാരവാഹികളും മറ്റു പ്രവർത്തകരും പങ്കെടുത്തു.

വർഗീയതയ്ക്കും സ്വജനപക്ഷപാതത്തിനും എതിരെ ജനനങ്ങൾ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് നൽകിയ ശക്തമായ താക്കീതാണ് യു ഡി എഫ് നേടിയ മിന്നും വിജയമെന്ന് നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. വരും ദിവസങ്ങളിൽ യു കെയിലെ മറ്റു സ്ഥലങ്ങളിലും സമാനമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്നും കൂട്ടിച്ചേർത്തു.

ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ വേളയിൽ പാലക്കാട്, ചേലക്കര, വയനാട് മണ്ഡലങ്ങളിൽ ഓ ഐ സി സി (യു കെ)യുടെ നേതൃത്വത്തിൽ രൂപീകരിച്ച 50 അംഗ കർമ്മസേനയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനം ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. നേരിട്ടുള്ള വോട്ടഭ്യർത്ഥന, ഗൃഹ സന്ദർശനം, വാഹന പര്യടനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ശക്തമായ പ്രചരണമാണ് യു ഡി എഫ് സ്ഥാനാർഥികളുടെ വിജയത്തിനായി സംഘടന നടത്തിയത്. പ്രചാരണ പ്രവർത്തനങ്ങൾക്ക് മാത്രമായി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ യു കെയിൽ നിന്നും കേരളത്തിൽ എത്തിയിരുന്നു. വയനാട് മണ്ഡലത്തിലെ പ്രവർത്തനങ്ങളിൽ വൈസ് പ്രസിഡന്റ് ഫിലിപ്പ് കെ ജോണും സജീവ സാന്നിധ്യമായിരുന്നു.