ലണ്ടൻ: റഷ്യൻ ഇരട്ടച്ചാരൻ സ്ക്രിപാലിന്റെയും മകൾ യൂലിയയുടെയും നേർക്കുണ്ടായ രാസായുധാക്രമണത്തിനു തങ്ങൾക്ക് നേരെ കുറ്റം ആരോപിച്ച റഷ്യക്കെതിരെ ചെക്ക് റിപ്പബ്ലിക്ക്. സ്ക്രിപാലിനെതിരേ പ്രയോഗിച്ച മാരകമായ രാസവസ്തു വികസിപ്പിക്കാൻ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്ന് ചെക്ക് റിപ്പബ്ലിക്ക് ആണെന്ന് റഷ്യ ആരോപിച്ചിരുന്നു. റഷ്യയുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്ന് ചെക്ക് റിപ്പബ്ലിക്ക് വിദേശകാര്യമന്ത്രി മാർട്ടിൻ സ്ട്രോപ്നിക്കി പറഞ്ഞു.
മാർച്ച് നാലിനാണ് സ്ക്രിപാലിനും പുത്രി യൂലിയയ്ക്കും നേർക്ക് ആക്രമണമുണ്ടായത്. ഇരുവരെയും അബോധാവസ്ഥയിൽ സാലിസ്ബറിയിലെ ഷോപ്പിംഗ് മാളിലെ ബഞ്ചിൽ കണ്ടെത്തുകയായിരുന്നു. രണ്ടു പേരും ഗുതരാവസ്ഥ തരണം ചെയ്തിട്ടില്ല.
റഷ്യൻ സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് എന്ന രാസവസ്തു ഉപയോഗിച്ച് ഇരുവരെയും വധിക്കാൻ നീക്കം നടന്നതായാണ് ബ്രിട്ടീഷ് സർക്കാർ പറയുന്നത്. എന്നാൽ തങ്ങൾക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നാണ് റഷ്യ പറയുന്നത്.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ജീവന് ഭീഷണിയുണ്ടെന്ന് പോലീസ്. ഒളിവില്‍ കഴിയുന്ന ആര്.എസ്.എസ് ഗുണ്ടാനേതാവ് ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ജയരാജനെ വധിക്കാനുള്ള ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത് ഞങ്ങളല്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. ജയരാജനെ മഹത്വവത്ക്കരിക്കാനും നാട്ടില്‍ കലാപമുണ്ടാക്കാനുമുള്ള സിപിഎമ്മിന്റെ തന്ത്രമാണ് പുതിയ പോലീസ് റിപ്പോര്‍ട്ടിന് പിന്നിലെന്ന് ബിജെപി ആപരോപിക്കുന്നു.
വധഭീഷണി നിലനില്ക്കുന്നുവെന്ന പോലീസ് റിപ്പോര്‍ട്ടിനോട് ജയരാജന് ഇതുവരെ പ്രതികരിച്ചിട്ടില്ല. വധഭീഷണിയെ തുടര്‍ന്ന് ജയരാജന്റെ സുരക്ഷ പോലീസ് വര്‍ദ്ധിപ്പിക്കുമെന്നാണ് സൂചനകള്‍. ശുഹൈബ് വധത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട സിപിഎമ്മിന്റെ പ്രതിച്ഛായ തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. പോലീസ് കളിക്കുന്ന നാടകത്തിന്റെ ബാക്കി പത്രമാണ് പുതിയ വധഭീഷണിയെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് പറഞ്ഞു.
സിപിഎം പ്രവര്‍ത്തകനായ വാളാങ്കിച്ചല്‍ മോഹനന് വധത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ആര്‍എസ്എസ് നേതാവ് പ്രനൂബ് ബാബു ഉള്‍പ്പെടുന്ന സംഘമാണ് ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തിരിക്കുന്നതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപിയുടെ സജീവ പ്രവര്‍ത്തകരായ കതിരൂര്‍ മനോജ്, ധര്‍മ്മടം രമിത്ത് എന്നിവരുടെ കൊലപാതകത്തിന് പകരം വീട്ടുകയാണ് ഇവരുടെ ഉദ്ദേശമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അകാലത്തില്‍ പൊലിഞ്ഞ ബോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു. നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിദ്യാ ബാലനായിരിക്കും ശ്രീദേവിയുടെ വേഷത്തിലെത്തുക. സിനിമയില്‍ ശ്രീദേവിയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വിദ്യയെ സമീപിച്ചതായി സംവിധായകന് ഹന്‍സല്‍ മേഹ്ത അറിയിച്ചു.
ശ്രീദേവിയെ നായികയാക്കി ഹന്‍സല്‍ മേഹ്ത പുതിയ ചിത്രം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് ദുബായില്‍ വെച്ചുണ്ടായ അപകടത്തില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ മരണപ്പെടുന്നത്. സിനിമാ ലോകത്തിന് തീരാനഷ്ടമായ മരണം അനാഥമാക്കിയത് അണയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഒരുപിടി ചിത്രങ്ങള്‍ കൂടിയാണ്.
സിനിമയുമായി ബന്ധപ്പെട്ട് വിദ്യാ ബാലന് പ്രതികരണമൊന്നും നടത്തിയിട്ടില്ല. ശ്രീദേവിക്കുള്ള സമര്‍പ്പണമായിരിക്കും പുതിയ സിനിമയെന്ന് സംവിധായകന് ഹന്‍സല്‍ വ്യക്തമാക്കി. സിനിമയില്‍ ആരോക്കെ കഥാപാത്രങ്ങള്‍ ആവണമെന്നത് സംബന്ധിച്ച് തന്റെ മനസ്സില്‍ വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോട്ടയം: ജോസ് കെ. മാണിയുടെ ഭാര്യ നിഷ ജോസ് കെ. മാണിക്കെതിരെ ഷോണ്‍ ജോര്‍ജ് നല്കിയ പരാതി തള്ളി. ഷോണ്‍ ജോര്‍ജ് പരാതിയില്‍ പറഞ്ഞിരിക്കുന്ന വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. നിഷയെ ട്രെയിനില്‍ വെച്ച് അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ മകന് ഷോണ്‍ ജോര്‍ജാണ് എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെയാണ് ഷോണ്‍ പരാതി നല്‍കിയത്.
നിഷയുടെ ഈയിടെ പുറത്തിറങ്ങിയ ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലാണ് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് തന്നോട് ട്രെയിനില്‍ വെച്ച് അപമര്യാദയായി പെരുമാറിയതായി പരാമര്‍ശം ഉള്ളത്. എന്നാല്‍ അപമാനിച്ചയാളുടെ പേരോ മറ്റു വിവരങ്ങളോ നിഷ ജോസ് പുസ്തകത്തിന് വ്യക്തമാക്കിയിട്ടില്ല.
ഷോണിന്റെ പരാതി പരിശോധിച്ച ഈരാറ്റുപേട്ട പോലീസ് പ്രശ്നത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. തനിക്കെതിരെ നടക്കുന്ന വ്യാപക അപകീര്‍ത്തി പ്രചാരണങ്ങള്‍ അന്വേഷിക്കണമെന്ന് പരാതിയില്‍ ഷോണ്‍ പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് നിഷ പരാതി നല്‍കാത്ത സാഹചര്യത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം: ബിജെപി മുന്നണി വിപുലപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ ആരംഭിച്ചു. കെ.എം മാണിയെ എന്‍.ഡി.എ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമാകാന്‍ കെ.എം മാണിക്ക് കുമ്മനം രാജശേഖരന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. ആര്‍ക്ക് വേണമെങ്കിലും മുന്നണിയുടെ ഭാഗമാകാമെന്നും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും കുമ്മനം പറഞ്ഞു. കെ.എം മാണിയുടെ പ്രതികരണത്തിന് അനുസരിച്ച് ഘടകകക്ഷികളുടെ യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യവെച്ചാണ് പുതിയ രാഷ്ട്രീയ നീക്കവുമായി ബിജെപി രംഗത്തു വന്നിരിക്കുന്നത്. ചെങ്ങന്നൂരില്‍ ബിജെപി തോറ്റാല്‍ സംസ്ഥാന നേതൃത്വം പിരിച്ചു വിടുമെന്ന് അമിത് ഷാ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കിയിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് കുമ്മനം രാജശേഖരന് പ്രത്യാശ പ്രകടിപ്പിച്ചു.
കേരള കോണ്‍ഗ്രസിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് നടക്കാനിരിക്കുകയാണ്. എന്‍ഡിഎ പ്രവേശം സംബന്ധിച്ച കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. കഴിഞ്ഞ ദിവസം കെ.എം മാണിയുമായി ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളാ കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് ക്ഷണിച്ച് കുമ്മനം രംഗത്ത് വന്നിരിക്കുന്നത്.
റഷ്യന്‍ ഡബിള്‍ ഏജന്റും മകളും സാലിസ്ബെറിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പശ്ചാത്യ രാജ്യങ്ങളുടെ ശക്തി റഷ്യ വിലകുറച്ചു കാണുകയാണെന്ന് നാറ്റോ തലവന്‍. തിരിച്ചടിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശക്തിയെ റഷ്യ വിലകുറച്ചു കണ്ടിരിക്കുകയാണ് അതിന്റെ പ്രതിഫലനമാണ് സാലിസ്ബെറിയില്‍ കണ്ടത്. എന്നാല്‍ യൂറോപ്യന്‍ റിസര്‍വ് സൈന്യത്തിന് വന്‍ തിരിച്ചടി നല്‍കാനുള്ള ശക്തിയുണ്ടെന്ന് നാറ്റോ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടണ്‍ബര്‍ഗ് മോസ്കോയ്ക്ക് മുന്നറിയിപ്പ് നല്കി. സാലിസ്ബെറിയില്‍ നടന്ന നെര്‍വ് ഏജന്റ് ആക്രമണവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരിശോധിച്ച ശേഷം പ്രതികരിക്കുകയായിരുന്നു നാറ്റോ സെക്രട്ടറി ജനറല്‍. നാറ്റോയുടെ പൊളിറ്റിക്കല്‍ കൗണ്‍സിലിന് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ കൈമാറിയിരുന്നു.

റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റ് ആക്രമണത്തില്‍ മുന്‍ ബ്രിട്ടിഷ് ചാരനായ സെര്‍ജി സ്ക്രിപാലിനും മകള്‍ക്കും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഗുരുതരമായി വിഷബാധയേറ്റിരുന്നു. മൂന്ന് പേരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ആക്രമണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണെന്ന് ബ്രിട്ടന് പ്രതികരിച്ചിരുന്നു. 23 റഷ്യന്‍ ഡിപ്ലോമാറ്റുകളെ ബ്രിട്ടന് പുറത്താക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ മോസ്കോ പ്രതികരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാറ്റോ സഖ്യത്തിന്റെ ശക്തിയേയും ഐക്യത്തെയും വിലകുറച്ചു കണ്ടതുകൊണ്ടാണ് ഇത്തരമൊരു ആക്രമണം നടത്താന്‍ റഷ്യ മുതിര്‍ന്നതെന്ന് ബിബിസി റേഡിയോ-4 ന് നല്കിയ അഭിമുഖത്തില്‍ ജെന്‍സ് സ്റ്റോള്‍ട്ടണ്‍ബര്‍ഗ് വ്യക്തമാക്കുന്നു.

ഫ്രാന്‍സ്, ജര്‍മ്മനി, യുഎസ്, യുകെ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ സാലിസ്ബെറിയില്‍ നടന്ന ആക്രമണത്തില്‍ റഷ്യയാണെന്ന് ആരോപിച്ചു. ആക്രമണം നടത്താന്‍ ഉപയോഗിച്ചിരിക്കുന്ന നെര്‍വ് ഏജന്റ് നോവിചോക് നിര്‍മ്മിച്ചിരിക്കുന്നത് റഷ്യയിലാണെന്നും പ്രസ്താവനയില്‍ ലോക നേതാക്കള്‍ വ്യക്തമാക്കി. സാലിസ്ബെറി ആക്രമണം റഷ്യയുടെ അംഗീകരിക്കാനാകാത്ത നീക്കങ്ങളില്‍ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണെന്നും ക്രീമിയയിലും ഈസ്റ്റേണ്‍ ഉക്രൈനിലും റഷ്യ നടത്തുന്ന അധിനിവേശവും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. നാറ്റോയുടെ സൈനിക ശേഷി മൂന്നിരട്ടിയായി ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആവശ്യമാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും സൈനികരെ അയക്കാന്‍ നാറ്റോ റെസ്പോണ്‍സ് ഫോഴ്സ് തയ്യാറാണ്. യുകെ സര്‍ക്കാരിന് ഏതു വിധ സഹായങ്ങളും നല്കാന് നാറ്റോ സഖ്യം തയ്യാറാണെന്ന് സ്റ്റോള്‍ട്ടണ്‍ബര്‍ഗ് വ്യക്തമാക്കുന്നു.
ഉഭയകക്ഷി സെക്യൂരിറ്റി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിലും ശക്തമാക്കുന്നതിലും ഇന്ത്യ കൂടുതല്‍ തുറന്ന സമീപനം പുലര്‍ത്തുന്നത് തന്ത്രപരമായി മികച്ച അവസരമാണ് നല്‍കിയിരിക്കുന്നതെന്ന് യുഎസ് പസഫിക് കമാന്‍ഡ് തലവന്‍ അഡ്മിറല്‍ ഹാരി ഹാരിസ്. ആഗോള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സഹകരണം ഉപയോഗിക്കാനാകുമെന്നാണ് കമാന്‍ഡര്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യ, അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ എന്നീ ഒരേ ദിശയില്‍ ചിന്തിക്കുന്ന രാജ്യങ്ങള്‍ ഒത്തുചേര്‍ന്നാല്‍ ഇന്തോ-പസഫിക് മേഖലയിലെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുമെന്ന് അദ്ദേഹം അമേരിക്കന്‍ സെനറ്റിന്റെ ആംഡ് സര്‍വീസ് കമ്മിറ്റിയെ അറിയിച്ചു.

രാഷ്ട്രീയം, സാമ്പത്തികം, സൈനികം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയും അമേരിക്കയും സ്വാഭാവിക പങ്കാളികളാണ്. ജനാധിപത്യ മൂല്യങ്ങള്‍ ഇരുരാജ്യങ്ങളും പങ്കുവെക്കുന്നു. ഒരേ സമീപനങ്ങളാണ് പല കാര്യങ്ങളിലും ഇരു രാജ്യങ്ങള്‍ക്കും ഉള്ളത്. ഇന്തോ-പസഫിക് മേഖലയില്‍ പലപ്പോഴും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയുമായി ചേരാനുള്ള മികച്ച അവസരമാണ് ഇപ്പോള്‍ ഉള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള തലത്തിലുള്ള സന്തുലിതാവസ്ഥ, നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര വ്യവസ്ഥ തുടങ്ങിയ കാര്യങ്ങളില്‍ ഇരുരാജ്യങ്ങള്‍ക്കും പരസ്പരപൂരകങ്ങളാകാമെന്നും അദ്ദേഹം വ്യക്തമാക്കി.

സമുദ്ര സുരക്ഷ, കടല്‍ക്കൊള്ളക്കെതിരായുള്ള പ്രവര്‍ത്തനങ്ങള്‍, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, പ്രകൃതിദുരന്തങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ യോജിച്ചുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. പുതിയ രാഷ്ട്രീയ നേതാക്കളുടെ കടന്നുവരവോടെ ചേരിചേരാനയമെന്ന പഴയ സമീപനത്തില്‍ നിന്ന് ഇന്ത്യ പുറത്തു വരികയാണെന്നും സൈനിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ ഇന്ത്യയില്‍ നിന്നുണ്ടാകുന്നുണ്ടെന്നുമാണ് അമേരിക്കന്‍ സൈനികകേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
”ഞങ്ങളുടെ ജീവിതം ഇനി പഴയതുപോലെയാകില്ല”. ലെസ്റ്റര്‍ സ്ഫോടനത്തില്‍ ഭാര്യയെയും രണ്ട് ആണ്‍മക്കളെയെും നഷ്ടമായ ജോസ് രഗുബീര്‍ എന്ന പിതാവ് സ്ഫോടനത്തെ അതിജീവിച്ച ഇളയ മകനെ ചേര്‍ത്തു പിടിച്ച് പറഞ്ഞ വാക്കുകളാണ് ഇവ. ഫെബ്രുവരി 25നുണ്ടായ സ്ഫോടനത്തിനു ശേഷം ആദ്യമായി പ്രതികരിക്കുകയായിരുന്നു രഗുബീര്‍. കഴിഞ്ഞ ഫെബ്രുവരി 25ന് ലെസ്റ്ററിലെ ഒരു സ്ഥാപനത്തില്‍ നടന്ന സ്ഫോടനത്തിലാണ് ജോസ് രഗൂബീറിന് തന്റെ കുടുംബത്തിലെ പ്രിയപ്പെട്ടവരെ നഷ്ടമാകുന്നത്. ഭാര്യ മേരി രഗൂബീറും മക്കളായ ഷെയിനും ഷോണും സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടു. ഇവരെ കൂടാതെ ഷെയിന്റെ കാമുകിയായ 18കാരി ലിയ ബെത്ത് റീക്കും കടയിലെ ജീവനക്കാരിയായ വിക്ടോറിയ ഇയവലേവയും സ്ഫോടനത്തില്‍ ദാരുണമായി കൊല്ലപ്പെട്ടു. മേരി രഗൂബീര്‍ എനിക്കേറെ പ്രിയ്യപ്പെട്ടവളായിരുന്നു. കുടുംബ കാര്യത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്ന മേരി കഠിനാദ്ധ്യാനം ചെയ്താണ് മക്കളെ വളര്‍ത്തിയിരുന്നത്. വിവാഹം കഴിഞ്ഞിട്ട് 22 വര്‍ഷം മാത്രമെ കഴിഞ്ഞിട്ടുള്ളുവെങ്കിലും ഞങ്ങള്‍ക്ക് കഴിഞ്ഞ 28 വര്‍ഷമായി പരസ്പരം അറിയാം. ജോസ് രഗൂബീര്‍ ലെസ്റ്റര്‍ പോലീസ് മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മക്കള്‍ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ അവള് ദിവസവും രണ്ട് ജോലികള്‍ ചെയ്തിരുന്നു. കുട്ടികള്‍ക്ക് ആവശ്യമായ എല്ലാം ലഭിക്കുന്നുണ്ടെന്നും അവള് ഉറപ്പു വരുത്തുമായിരുന്നു. ഏറ്റവും പുതിയ ഫുട്ബോള്‍ കിറ്റുകളാണ് മകന് അവള് വാങ്ങിച്ചു നല്‍കുക. രഗുബീര്‍ പറയുന്നു. ഷെയിന്‍ വളരെ നല്ല വ്യക്തിത്വത്തിന് ഉടമായിരുന്നു. കുടുംബത്തെയും സൃഹൃത്തുക്കളെയും സഹായിക്കുന്നതില്‍ അവന് അതീവ താല്പര്യം കാണിച്ചിരുന്നു. എല്ലാവര്ക്കും ബഹുമാനിക്കാന്‍ തോന്നുന്ന പ്രകൃതമായിരുന്നു ഷെയിന്റേത്. ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബിന്റെ കടുത്ത ആരാധകനായ ഷെയിന്‍ നല്ലൊരു ഫുട്ബോള്‍ കളിക്കാരന് കൂടിയായിരുന്നുവെന്നും രഗുബീര്‍ ഓര്‍മ്മിക്കുന്നു. ഷെയിനും കാമുകി ലിയയും അതീവ സന്തോത്തിലാണ് ജീവിതം നയിച്ചിരുന്നത്. ഭാവിയില്‍ അവര്‍ കുടുംബത്തിന് വലിയ സന്തോഷങ്ങള്‍ക്ക് കാരണമാകേണ്ടവരായിരുന്നു.

കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവനാണ് ഷോണ്‍. യൂണിവേഴ്സിറ്റി പഠനം തേടാനുള്ള ശ്രമത്തിലായിരുന്നു അവന്. ഫ്രഞ്ചും ഹിസ്റ്ററിയും പഠിക്കാനായിരുന്ന ആഗ്രഹം. പാര്‍ട്ട് ടൈം ജോലിയെന്ന നിലയ്ക്ക് അവന് പത്രവിതരണം ചെയ്യാറുണ്ട്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഇളയ മകന് സ്കോട്ടിയുമായി ഷോണ്‍ വലിയ സൗഹൃദം സൂക്ഷിക്കുമായിരുന്നെന്നും രഗുബീര്‍ പറയുന്നു. ദുരന്തം നടക്കുന്ന സമയത്ത് രഗുബീര്‍ ജോലി സ്ഥലത്തായിരുന്നു. ദുരന്തം തട്ടിയെടുത്ത എന്റെ പ്രിയപ്പെട്ടവര്‍ എപ്പോഴും ഞങ്ങളുടെ ഓര്‍മകളിലുണ്ടാവും. സ്കോട്ടിയും ഞാനും കുടുംബവും സുഹൃത്തുക്കളുമെല്ലാം അവരുടെ വേര്‍പാടിനെ വലിയ നഷ്ടമായിട്ടാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഫോടനത്തെ തുടര്‍ന്ന് സ്കോട്ടിക്കും തനിക്കും ആശ്വാസ വചനങ്ങള്‍ നേര്‍ന്ന എല്ലാവര്ക്കും അദ്ദേഹം നന്ദി അറിയിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദികളെ കണ്ടെത്തുന്നതിനായുള്ള അന്വേഷണം പോലീസ് ഊര്‍ജിമാക്കിയിട്ടുണ്ട്. സംഭവുമായി ബന്ധമുണ്ടെന്ന് സംശയമുള്ള മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തതായി ലെസ്റ്റര്‍ പോലീസ് അറിയിച്ചു.
പ്ലേ സ്റ്റേഷന് ഗെയിമായ ഒമേഗ ലാബ്രിയന്‍ത്ത് Z യുകെയില്‍ നിരോധിച്ചു. കുട്ടികളെ ലൈംഗീകമായി ചിത്രീകരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ ഗെയിമിന്റെ വില്‍പ്പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ചെറിയ കുട്ടികളെ ദോഷകരമായ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുള്ളതാണ് ഈ ഗെയിമെന്ന് വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ പുറത്തിറങ്ങിയ ഗെയിമിന് എയ്ജ് റേറ്റിംഗ് നല്കാന് കഴിയില്ലെന്നും വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറയുന്നു. എയ്ജ് റേറ്റിംഗ് ഇല്ലാതെ ഗെയിം യുകെയില്‍ വില്‍പ്പന നടത്താന്‍ കഴിയില്ല. നിരോധനത്തിനെതിരെ നല്കിയ അപ്പീല്‍ തള്ളിയതായി ഗെയിമിന്റെ വിതരണക്കാര്‍ പിക്യൂബ് (PQube) അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ ആസ്ട്രേലിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഗെയിമിന് റേറ്റിംഗ് ഇല്ല. കൂടാതെ ന്യൂസിലാന്റിലും അയര്‍ലണ്ടിലും ഗെയിം ലഭ്യമാകുകയില്ലെന്ന് പിക്യൂബ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിരോധനമില്ലെങ്കിലും 17 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമെ ഗെയിം ഉപയോഗിക്കാനും വാങ്ങാനുമുള്ള അധികാരമുള്ളു. യുകെയില്‍ സ്റ്റോറുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും ഗെയിം ലഭ്യമല്ലെന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സ്ത്രീ കഥാപാത്രം വ്യത്യസ്ഥമായ വെല്ലുവിളികളെ അതിജീവിക്കുന്ന ലെവലുകള്‍ ഉള്‍പ്പെട്ടതാണ് ഒമേഗ ലാബ്രിയന്‍ത്ത് Z. മനുഷ്യ നിര്‍മ്മിതമായ പല വസ്തുക്കളും ഈ കഥാപാത്രം അന്വേഷിച്ചു കണ്ടുപിടിക്കുന്നു. ഇതിലെ പല ലെവലുകളിലും ലൈംഗീകമായ തീം അടങ്ങിയിരിക്കുന്നതായി വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറയുന്നു. കഥാപത്രങ്ങള്‍ പരസ്പരം ലൈംഗീകമായ സ്പര്‍ശിക്കുന്നതും വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുന്നതടക്കമുള്ള രംഗങ്ങള്‍ ഒമേഗ ലാബ്രിയന്‍ത്ത് Zലുണ്ട്.

ഗെയിമിലെ കഥാപാത്രങ്ങളുടെ പ്രായം ചെറിയ കുട്ടികള്‍ക്ക് സമാനമാണ്. കുട്ടികളുടെ ശബ്ദമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വിഎസ്സി വ്യക്തമാക്കുന്നു. ഗെയിമിലെ ഓവറോള്‍ കണ്ടന്റുകള്‍ യുകെയിലെ ഭുരിഭാഗം വരുന്ന ഉപഭോക്താക്കള്‍ക്ക് സ്വീകാര്യമല്ല. ഗെയിം കുട്ടികളുടെ മോറല്‍ ഡെവല്പ്മെന്റിനെ സാരമായി ബാധിക്കുമെന്ന് ഉപഭോക്താക്കള്‍ ഭയമുണ്ടെന്നും വിഎസ്സി പറയുന്നു. കുട്ടികളുടെ മോറല്‍ വളര്‍ച്ചയെ ചൂണ്ടികാണിച്ചാണ് വിഎസ്സി ഗെയിം നിരോധിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്. നിരോധനത്തെക്കുറിച്ച് പിക്യൂബ് അധികൃതര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
കോട്ടയം കുഞ്ഞച്ചന്-2 ചിത്രീകരണം തുടങ്ങുന്നതിന് മുന്‍പ് ഉപേക്ഷിച്ചു. ആദ്യ ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി ഉണ്ടായ പകര്‍പ്പവകാശ തര്‍ക്കത്തെ തുടര്‍ന്നാണ് സിനിമ ഉപേക്ഷിച്ചത്. കോട്ടയം കുഞ്ഞച്ചന്-2 ഉപേക്ഷിക്കുന്നതായി നിര്‍മ്മാതാവ് വിജയ്ബാബു അറിയിച്ചു. കോട്ടയം പശ്ചാത്തലമാക്കി മറ്റൊരു മമ്മൂട്ടി ചിത്രം നിര്‍മ്മിക്കുമെന്ന് വിജയ്ബാബു പറഞ്ഞു.
സിനിമയുടെ രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത് സംബന്ധിച്ച യാതൊരു ചര്‍ച്ചയും തങ്ങളുമായി നടത്തിയിട്ടില്ലെന്ന് ആദ്യ ഭാഗത്തിന്റെ സംവിധായകന് സുരേഷ് ബാബുവും നിര്‍മ്മാതാവ് അരോമ മണിയും വ്യക്തമാക്കി. കോട്ടയം ചെല്ലപ്പനെന്നോ കോട്ടയം കുഞ്ഞപ്പനെന്നോ മറ്റ് പേരോ ഉപയോഗിച്ച് സിനിമ ചെയ്തോളൂ എന്നായിരുന്നു സംവിധായകന് സുരേഷ് ബാബു പ്രതികരിച്ചത്.
ആദ്യ ഭാഗത്തിന്റെ ചിത്രങ്ങള്‍ പോസ്റ്ററില്‍ ഉപയോഗിച്ച നടപടിയെ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബോക്സോഫീസില്‍ വലിയ നേട്ടമുണ്ടാക്കിയ മമ്മൂട്ടി ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുന്നുവെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. രണ്ടാം ഭാഗം പുറത്തിറങ്ങുന്ന കാര്യം മമ്മൂട്ടിയാണ് മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ സിനിമ ഉപേക്ഷിച്ചത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല.