കൊച്ചി: ഉണ്ണി മുകുന്ദനെതിരെ പീഡനക്കുറ്റം ആരോപിച്ച പരാതിക്കാരി കോടതിയില് മൊഴി നല്കി. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചതിനു ശേഷം ഉണ്ണിമുകുന്ദന് സാമൂഹ്യ മാധ്യമങ്ങള് ഉപയോഗിച്ച് പരാതിക്കാരിയെ അപമാനിക്കാന് ശ്രമിക്കുന്നതായി വാദിഭാഗം അഭിഭാഷകന് കോടതിയെ അറിയിച്ചു.
അതേസമയം തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ സല്പ്പേര് നശിപ്പിക്കുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും ഉണ്ണി മുകുന്ദന് കോടതിയെ അറിയിച്ചു. തനിക്കെതിരെ വ്യാജകേസുണ്ടാക്കി പണം തട്ടുകയാണ് പരാതിക്കാരിയുടെ ഉദ്ദ്യേശമെന്നും ഉണ്ണി മുകുന്ദന് കോടതിയില് ആരോപിച്ചു. തനിക്കെതിരെ പരാതി നല്കിയ സ്ത്രീക്ക് പൊലീസ് സംരക്ഷണം നല്കുന്നതില് എതിര്പ്പൊന്നുമില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാല് യുവതിക്കെതിരെ അപകീര്ത്തികരമായ വാര്ത്തകള് സോഷ്യല് മീഡയയിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില് ഉണ്ണി മുകുന്ദനും മറ്റു രണ്ടു പേര്ക്കുമെതിരെ തൃക്കൊടിത്താനം പൊലീസ് കേസെടുത്തു. യുവതിയുടെ പിതാവു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
കോട്ടയം സ്വദേശിയായ യുവതിയാണ് പരാതി നല്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്റെ ക്ഷണമനുസരിച്ച് സിനിമാകഥ പറയാന് അദ്ദേഹത്തിന്റെ വസതിയിലെത്തിയ തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില് പറയുന്നത്. എന്നാല് യുവതി പറയുന്നത് അസത്യമാണെന്നും തന്നെ കേസില് കുടുക്കാതിരിക്കാന് 25 ലക്ഷം രൂപ തരണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും നടന് നല്കിയ പരാതിയില് പറയുന്നു.
കൊച്ചി: മോഹന്ലാലിന്റെ മകന് പ്രണവ് മോഹന്ലാല് ആദ്യമായി അഭിനയിച്ച ആദിക്ക് അഭിനന്ദനങ്ങളുമായി പ്രമുഖ സംവിധായകന് ബി. ഉണ്ണികൃഷ്ണന്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഉണ്ണികൃഷ്ണന് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. അപ്പു ഒരു വിസ്ഫോടനം നടത്തി എത്തിയിരിക്കുകയാണെന്നും ആദിയിലെ ആക്ഷന് രംഗങ്ങള് തന്നെ അതിശയിപ്പിച്ചെന്നും ബി.ഉണ്ണികൃഷ്ണന് തന്റെ ഫേസ്ബുക്ക് കുറിപ്പില് പറയുന്നു.
ക്ലെമാക്സിലെ വില്ലന്റെ തോക്കടിച്ചു കളയുന്ന വായുവിലെ ആ ‘തലകുത്തി മറിയല്,’ ‘മൂന്നാം മുറ’യിലെ അലി ഇമ്രാനെ ഓര്മ്മിപ്പിച്ചുവെങ്കില് അതിനെയാണല്ലോ നമ്മള് പാരമ്പര്യം എന്ന് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ റിലീസ് ചെയ്ത ആദി മികച്ച പ്രതികരണങ്ങളോടെ പ്രദര്ശനം തുടരുകയാണ്. പ്രണവിന്റെ ആദ്യ സിനിമയ്ക്ക് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ദുല്ഖര് സല്മാന് ഉള്പ്പെടെയുള്ളവര് ഫേസ്ബുക്കിലൂടെ പ്രണവിന് ആശംസകള് നേര്ന്നിരുന്നു. ജീത്തു ജോസഫ് സംവിധാന ചെയ്ത ആദിയില് പ്രണവിനെ കൂടാതെ അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്, ലെന, സിജു വില്സണ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സതീഷ് കുറുപ്പ് ഛായാഗ്രാഹകനാവുന്ന ചിത്രത്തില് സംഗീതം അനില് ജോണ്സണിന്റേതാണ്. ആന്റണി പെരുമ്പാവൂരാണ് ആശിര്വാദ് സിനിമാസിനു വേണ്ടി ചിത്രം നിര്മ്മിച്ചിരിക്കുന്നത്.
ബംഗളൂരു: കുട്ടിക്രിക്കറ്റിന്റെ ഉത്സവമായ ഐപിഎല് താരലേലത്തില് പണം വാരിയെറിഞ്ഞ് ടീം ഉടമകള്. ലേലത്തില് മലയാളി താരമായ സഞ്ജു സാംസണിനെ രാജസ്ഥാന് റോയല്സ് സ്വന്തമാക്കിയത് എട്ടു കോടി രൂപയ്ക്ക്. രാജസ്ഥാന് റോയല്സിന്റെ മുന് വിക്കറ്റ് കീപ്പറെ പൊന്നും വിലനല്കി തിരിച്ചു പിടിക്കുകയായിരുന്നു. ലേലത്തില് ഇത്രയും തുക ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് സഞ്ജു പ്രതികരിച്ചു. മറ്റൊരു മലയാളി താരമായ 5.6 കോടി രൂപ നല്കി പഞ്ചാബ് കിംഗസ് ഇലവന് സ്വന്തമാക്കി.
വിദേശ താരങ്ങളുടെ കൂട്ടത്തില് ബെന് സ്റ്റോക്ക്സ് ലേലത്തില് വലിയ നേട്ടമുണ്ടാക്കി. സ്റ്റോക്ക്സിനെ രാജസ്ഥാന് റോയല്സ് സ്വന്തമാക്കിയത് പന്ത്രണ്ടര കോടി രൂപയ്ക്കാണ്. ഇന്ത്യന് താരം കെ.എല്. രാഹുലിനെ 11 കോടിക്കും ആര്. അശ്വിനെ ഏഴ് കോടി അറുപത് ലക്ഷത്തിനും ഓസീസ് താരം ആരോണ് ഫിഞ്ചിനെ ആറ് കോടി 20 ലക്ഷത്തിനും ഡേവിഡ് മില്ലറെ മൂന്ന് കോടിക്കും യുവരാജ് സിംഗിനെ രണ്ട് കോടിക്കും കിംഗ്സ് ഇലവന് പഞ്ചാബ് സ്വന്തമാക്കി.
അതേസമയം, 11 കോടി നല്കി മനീഷ് പാണ്ഡെയെയും അഞ്ച് കോടി ഇരുപത് ലക്ഷത്തിന് ശിഖര് ധവാനെയും മൂന്ന് കോടിക്ക് ന്യൂസിലന്ഡ് നായകന് കെയ്ന് വില്യംസണേയും സണ്റൈസേഴ്സ് ഹൈദരാബാദ് ലേലത്തില് പിടിച്ചു. വിന്ഡീസ് താരം പൊള്ളാര്ഡ് അഞ്ച് കോടി നാല്പത് ലക്ഷത്തിന് മുബൈ ഇന്ത്യന്സില് തുടരും. അജിങ്ക്യ റഹാനെയെ രാജസ്ഥാന് റോയല്സ് നാല് കോടിക്ക് തിരികെ എത്തിച്ചു.
ഓസീസ് താരങ്ങളായ ക്രിസ് ലിനിനെ ഒന്പത് കോടി 60 ലക്ഷത്തിനും മിച്ചല് സ്റ്റാര്ക്കിനെ ഒന്പത് കോടി നാല്പത് ലക്ഷത്തിന് കൊല്ക്കൊത്ത നൈറ്റ് റൈഡേഴ്സും ടീമിലെത്തിച്ചു. കേദാര് ജാദവിനെ ഏഴ് കോടി 80 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ചെന്നൈ ഡ്വെയ്ന് ബ്രാവോയ്ക്ക് ആറ് കോടി 40 ലക്ഷം നല്കി ടീമിലെത്തിച്ചു.
തിരുവനന്തപുരം: മംഗളം ഫോണ് കെണി കേസില് മുന് ഗതാഗത മന്ത്രി എകെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. മുന് മന്ത്രിക്കെതിരായ മൊഴി പരാതിക്കാരിയായ മാധ്യമ പ്രവര്ത്തക കഴിഞ്ഞ ദിവസം മാറ്റി പറഞ്ഞിരുന്നു. തുടര്ന്നാണ് ശശീന്ദ്രനെ കുറ്റിവിമുക്തനാക്കിയുള്ള കോടതി നടപടി. തിരുവനന്തപുരം സി.ജെ.എം കോടതിയുടേതാണ് വിധി. കോടതി വിധിയില് സന്തുഷ്ടനാണെന്ന് ശശീന്ദ്രന് അറിയിച്ചു. കേസ് തള്ളിയതോടെ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാം.
ഗതാഗത മന്ത്രിയായിരിക്കെയാണ് മംഗളം ചാനലിലെ മാധ്യമ പ്രവര്ത്തകയോട് ഫോണില് അശ്ലീല സംഭാഷണം നടത്തിയെന്നും മന്ത്രിയുടെ ഔദ്യോഗിക വസതിയില്വച്ച് ശല്ല്യം ചെയ്തുവെന്നും ആരോപിച്ച് ശശീന്ദ്രനെതിരെ കേസ് രജിസ്റ്റര് ചെയ്യുന്നത്. കേസില് പരാതിക്കാരി മൊഴിമാറ്റി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ശശീന്ദ്രനെ ഇപ്പോള് കോടതി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ലൈംഗിക അതിക്രമങ്ങള് ഉള്പ്പെടുന്ന വകുപ്പ് പ്രകാരമായിരുന്നു ശശീന്ദ്രനെതിരെ രജിസ്റ്റര് ചെയ്ത കേസ്. മന്ത്രിയുടെ ഔദ്യോഗിക വസതിയില്വച്ച് തന്നെ ആരും ശല്ല്യം ചെയ്തിട്ടില്ലെന്നും ഫോണില് അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് മന്ത്രിയായിരുന്ന ശശീന്ദ്രനാണോ എന്നുറപ്പില്ലന്നും പരാതിക്കാരിയായ പെണ്കുട്ടി കഴിഞ്ഞ ദിവസം മൊഴി നല്കിയിരുന്നു.
പരാതിക്കാരി മൊഴിമാറ്റിയതിലൂടെ മംഗളം ചാനലാണ് വെട്ടിലായിരിക്കുന്നത്. ഫോണ്കെണി വിവാദം അന്വേഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന് റിപ്പോര്ട്ടില് വാര്ത്ത നല്കിയ മംഗളം ചാനലിന്റെ ലൈസന്സ് റദ്ദ് ചെയ്യാന് ശുപാര്ശ ചെയ്തിരുന്നു. പുതിയ സാഹചര്യത്തില് മംഗളത്തിനെതിരെ സര്ക്കാര് കടുത്ത നടപടികള് എടുത്തേക്കും.
തിരുവനന്തപുരം: ശ്വാസനാളത്തില് ഭക്ഷണം കുടുങ്ങി ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട കേഡല് ജിന്സണ് രാജയ്ക്ക് ന്യുമോണിയ ബാധ സ്ഥിരീകരിച്ചു. വെന്റിലേറ്റര് സഹായത്തോടെയാണ് കേഡലിന് ചികിത്സ നല്കിവരുന്നത്. മരുന്നുകളോട് നേരിയ പ്രതികരണം മാത്രമേ ഉണ്ടാകുന്നുള്ളുവെന്നാണ് വിവരം. കേഡലിന്റെ ചികിത്സാ മേല്നോട്ടത്തിനായി മെഡിക്കല് ബോര്ഡ് രൂപീകരിച്ചിരുന്നു.
നന്തന്കോട് കൂട്ടക്കൊലയില് പ്രതിയായ കേഡലിന് അപസ്മാര ബാധയെത്തുടര്ന്നാണ് ശ്വാസനാളത്തില് ഭക്ഷണം കുടുങ്ങിയത്. അച്ഛനും അമ്മയും സഹോദരിയുമടക്കം നാലു പേരെ കൊലപ്പെടുത്തിയ കേസില് പൂജപ്പുര സെന്ട്രല് ജയിലില് വിചാരണത്തടവുകാരനായി കഴിയുകയായിരുന്നു ഇയാള്. അച്ഛനും അമ്മയും സഹോദരിയുമടക്കം നാലു പേരെയാണ് കേഡല് കൊലപ്പെടുത്തിയത്.
ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്നിന്നും പുക ഉയരുന്നെന്ന വിവരത്തെ തുടര്ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് നാലുപേര് വീടിനുള്ളില് മരിച്ചു കിടക്കുന്നത് കണ്ടെത്തിയത്. റിട്ടയേര്ഡ് ആര്എംഒ ഡോക്ടര് ജീന് പദ്മ ഇവരുടെ ഭര്ത്താവ് റിട്ടയേര്ഡ് പ്രൊഫസര് രാജ തങ്കം, മകള് കരോലിന്, ബന്ധു ലളിതാ ജീന് എന്നിവരാണ് മരിച്ചത്.
ഇതില് ജീന് പദ്മ, രാജ തങ്കം, കരോലിന് എന്നിവരുടെ മൃതദേഹങ്ങള് പൂര്ണ്ണമായും കത്തിക്കരിഞ്ഞ നിലയിലും ലളിതയുടെ മൃതദേഹം വെട്ടിനുറുക്കി, പുഴുവരിച്ച നിലയിലുമായിരുന്നു. ആദ്യം ആസ്ട്രല് പ്രൊജക്ഷനെന്നും പിന്നീട് കുടുംബത്തോടുള്ള വൈരാഗ്യവുമാണ് കൊല നടത്താനുള്ള കാരണമായി കേദല് മൊഴി നല്കിയിരുന്നത്. പിന്നീട് പിതാവിന്റെ സ്വഭാവദൂഷ്യമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്നായിരുന്നു ഇയാള് പറഞ്ഞത്.
കൊച്ചി: കൊച്ചിയില് വാതകച്ചോര്ച്ച. വെല്ലിംങ്ടണ് ഐലന്ഡിലുള്ള ഫാക്ടിന്റെ അമോണിയ പ്ലാന്റിലാണ് ചോര്ച്ചയുണ്ടായത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പ്ലാന്റില് നിന്ന് അമോണിയ കയറ്റുന്നതിനിടെ ലോറിയുടെ പൈപ്പ് പൊട്ടിത്തെറിച്ചാണ് വാതകം ചോര്ന്നത്.
അമോണിയ പടര്ന്നതിനെത്തുടര്ന്ന് കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികള്ക്ക് ശ്വാസതടസമുള്പ്പെടെയുള്ള അസ്വസ്ഥതകള് ഉണ്ടായി. ഇതേത്തുടര്ന്ന് കുട്ടികളെ ഒഴിപ്പിച്ചു. ചില കുട്ടികളെ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെത്തുടര്ന്ന് വെണ്ടുരുത്തി പാലത്തില് നിന്ന് ഐലന്ഡിലേക്കുള്ള ഗതാഗതം നിരോധിച്ചു. ജനവാസ മേഖലയല്ലാത്തതിനാല് കൂടുതല് അനിഷ്ട സംഭവങ്ങള് ഒഴിവായി. ഇപ്പോഴും പ്രദേശത്ത് അമോണിയ കെട്ടിനില്ക്കുകയാണെന്നാണ് വിവരം.
റോം : സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയെ പേട്രിയാർക്കൽ പദവിയിലേക്ക് ഉയർത്തുവാൻ തീരുമാനമായി. ഇതോടെ നിലവിലുള്ള മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ആലഞ്ചേരിയെ സഭയുടെ പാത്രിയാർക്കീസായി ഉയർത്തപ്പെടും. തീരുമാനം ഉടൻ ഉണ്ടാകുമെന്ന്! സഭാ വൃത്തങ്ങൾ അറിയിച്ചു.
ഇതോടെ സീറോ മലബാർ സഭയ്ക്ക് സ്വയംഭരണാവകാശം ലഭിക്കുകയും പാട്രിയാർക്കീസിന് അധികാരങ്ങൾ വർദ്ധിക്കുകയും ചെയ്യും. പുതിയ രൂപതകൾ സ്ഥാപിക്കുന്നതും മെത്രാന്മാരെ നിയമിക്കുന്നതും ഉൾപ്പെടെയുള്ള പാട്രിയാർക്കൽ സഭയുടെ എല്ലാ ദൈനംദിന കാര്യങ്ങളിലും പാട്രിയാർക്കീസിനായിരിക്കും പരമാധികാരം. രണ്ടാം വത്തിക്കാൻ സൂനഹദോസ് പേട്രിയാർക്കൽ സഭകളുടെ സ്വയംഭരണ രീതിക്ക് വ്യക്തമായ രൂപരേഖ നിർമ്മിച്ചിട്ടുണ്ട്. ഇതോടെ മേജർ ആർച്ച് ബിഷപ് പദവി ഇല്ലാതാകും. പ്രഖ്യാപനം മുതൽ ‘സീറോ മലബാർ പേട്രിയാർക്കേറ്റ്’ എന്നായിരുക്കും സഭ അറിയപ്പെടുക. സഭയുടെ അധികാരി ‘പാട്രിയർക്കീസ്’ എന്നും അറിയപ്പെടും.
എ. ഡി. 52 മുതൽ പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ വരുന്നതുവരെ ഭാരതത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ മാത്രമാണുണ്ടായിരുന്നത്.
പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാരുടെ വരവോടെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ സ്വയംഭരണ മെത്രാപ്പോലീത്തൻ പദവിയും ഇന്ത്യ മുഴുവനുമുള്ള അധികാര പരിധിയും പ്രായോഗികമായി നഷ്ടപ്പെടുകയും ലത്തീൻ റീത്തിന്റെ അധികാരപരിധിക്കുള്ളിലാവുകയും ചെയതു. 1887ലാണ് ലത്തീൻ റീത്തിൽ നിന്നും മാർത്തോമ്മാ ക്രിസ്ത്യാനികൾക്ക് മോചനം ലഭിച്ചത്. 1923 ൽ സീറോ മലബാർ ഹയരാർക്കി സ്ഥാപിക്കപ്പെട്ടു. 1992 ഡിസംബർ 16ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ സീറോ മലബാർ സഭയ്ക്ക് ആർക്കി എപ്പിസ്കോപ്പൽ പദവി നൽകിയതോടെ സഭയ്ക്ക് ഭാഗികമായ സ്വയംഭരണാധികാരം ലഭിച്ചു. പതിനാറാം നൂറ്റാണ്ട് വരെ ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഏക സഭ സീറോ മലബാർ സഭയായിരുന്നു. ആ സഭയ്ക്ക് ഇന്ത്യ മുഴുവൻ അധികാരവുമുണ്ടായിരുന്നു. എന്നാൽ പിന്നീട് സീറോ മലബാർ സഭ ‘ടെറിട്ടോറിയം പ്രോപ്രിയം’ എന്ന് വിളിക്കപ്പെടുന്ന മൂലയിലേക്ക് സഭ ഒതുക്കപ്പെട്ടു. അങ്ങനെ കേരളവും തമിഴ്നാട്, കർണാടക, എന്നീ സംസ്ഥാനങ്ങളിലെ ഏതാനും ജില്ലകളും മാത്രമായി സീറോ മലബാർ സഭയുടെ അധികാരപരിധി പരിമിതപ്പെട്ടു.
1980 ലാണ് സീറോ മലബാർ ഹയരാർക്കി, പേട്രിയാർക്കൽ സഭാഘടനയ്ക്കു വേണ്ടി മാർപ്പാപ്പയോട് ആദ്യമായി അപേക്ഷിച്ചത്. ഈ അപേക്ഷ മാർപ്പാപ്പ തത്വത്തിൽ അംഗീകരിക്കുകയും ചെയ്തതാണ്. എന്നാൽ ചില തത്പരകക്ഷികളുടെ ഇടപെടലുകളുടെ ഫലമായി കാലക്രമേണ പേട്രിയാർക്കൽ സഭാ സംവിധാനത്തിലേയ്ക്ക് പ്രവേശിച്ചാൽ മതി എന്ന് നിർദ്ദേശിക്കുകയായിരുന്നു. എടുത്തുചാട്ടം വേണ്ട എന്നും അതിന്റെ തൊട്ടു താഴെയുള്ള പടിയായ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ഉയർത്തുകയുമാണ് ചെയ്തത്. ഈ ഉയർത്തലിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്കിടെയാണ് സഭയ്ക്ക് പേട്രിയാർക്കൽ പദവിയിലൂടെ പൂർണ്ണ സ്വയംഭരണം ലഭിക്കുന്നത്.
പുരാതന രേഖകളെല്ലാം സംഘടിപ്പിച്ച് എതിർപ്പുകളെയെല്ലാം അതിജീവിച്ച് സീറോ മലബാർ സഭയ്ക്ക് ‘പേട്രിയാർക്കൽ’ സ്വയംഭരണം ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ പുനഃരാരംഭിച്ചത് മാർ ജോർജ്ജ് ആലഞ്ചേരി മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റതിനു ശേഷമാണ്.
ന്യൂയോര്ക്ക്: അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപുമായി രഹസ്യബന്ധമുണ്ടെന്ന പ്രചാരണത്തെ തള്ളി യുഎന്നിലെ അമേരിക്കന് പ്രതിനിധി നിക്കി ഹാലെ. ട്രംപിനെക്കുറിച്ച് മൈക്കല് വൂള്ഫ് എഴുതിയ ഫിയര് ആന്ഡ് ഫ്യൂറി എന്ന പുസ്തകത്തിലാണ് ട്രംപിന് യു.എസ് അംബാസഡറായ നിക്കി ഹാലെയുമായി ബന്ധമുണ്ടെന്ന പരാമര്ശമുണ്ടായത്. ട്രംപിന്റെ ഭരണ നിര്വഹണ സംവിധാനത്തിലെ ഏറ്റവും കരുത്തുറ്റ വനിതയാണ് നിക്കി ഹാലെയെന്നും ട്രംപിന്റെ അനന്തരാവകാശിയായി അവര് സ്വയം അവരോധിക്കുകയാണ് നിക്കിയെന്നും പുസ്തകം പറയുന്നു. ഒരഭിമുഖത്തിലാണ് പ്രസിഡന്റായ ട്രംപിനു ഒരു രഹസ്യ ബന്ധമുണ്ടെന്നും അതിനെക്കുറിച്ച് തന്റെ പുസ്തകത്തില് വെളിപ്പെടുത്തിയിട്ടുണ്ടെന്നും മൈക്കല് പറയുന്നത്.
സംഭവം ഗോസിപ്പായി പാപ്പരാസികള് ഏറ്റുപിടിച്ചതോടെയാണ് ഹാലെ പ്രതികരണവുമായി രംഗത്തെത്തിയത്. ആ വാര്ത്ത തീര്ത്തും തെറ്റാണെന്നും, ശിക്ഷയര്ഹിക്കുന്നതാണെന്നും നിക്കി ഹാലെ പറഞ്ഞു. പോളിറ്റിക്കോയുടെ വുമണ് റൂള് പോഡ് കാസ്റ്റിന്റെ ഇന്റര്വ്യൂവിലാണ് ഹാലെ തനിക്കെതിരെയുണ്ടായ അപവാദ പ്രചരണത്തെക്കുറിച്ച് സംസാരിച്ചത്.
അമേരിക്കന് ഭരണസമിതി അംഗമായ നിക്കി പ്രസിഡന്റിനൊപ്പം വളരെയെറെ സമയം ചിലവഴിക്കാറുണ്ടെന്നും ഭാവിയെക്കുറിച്ചു ചര്ച്ച ചെയ്യാറുമുണ്ടെന്നും വൂള്ഫ് പുസ്കത്തില് പറഞ്ഞിരുന്നു. എന്നാല് അത്തരത്തില് ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും സമൂഹത്തില് ഉയര്ന്ന നിലയിലുള്ള ധീരയായ സ്ത്രീകള്ക്കെതിരെ അപവാദങ്ങള് ഉന്നയിക്കുന്ന ഒരു പുരുഷ വിഭാഗത്തിന്റെ പ്രചരണമാണതെന്നും നിക്കി വ്യക്തമാക്കി.
ഇന്ത്യന് വംശജയാണ് നിക്കി ഹാലി. യു.എന്. പ്രതിനിധിസ്ഥാനത്തേക്കുള്ള നിക്കിയുടെ നാമനിര്ദ്ദേശം യു.എസ്. സെനറ്റ് അംഗീകരിച്ചുതോടെയാണ് ഇവര് ക്യാബിനറ്റ് റാങ്കിന് തുല്യമായ പദവിയില് എത്തിയത്. ഐക്യരാഷ്ട്രസഭയെ പല വിഷയങ്ങളിലും അമേരിക്കയുടെ നാവായി നിക്കി മാറിയിരുന്നു. യു.എന്. പ്രതിനിധി സ്ഥാനത്തേക്ക് പ്രസിഡന്റ് ട്രംപാണ് നിക്കിയെ നിര്ദേശിച്ചതും. നിക്കിക്ക് സെനറ്റില് രാഷ്ട്രീയഭേദമെന്യേ കനത്ത ഭൂരിപക്ഷമാണ് ലഭിച്ചത്. 96 പേര് നിക്കിക്ക് അനുകൂലമായി വോട്ടുചെയ്തപ്പോള് നാലുപേര് മാത്രമാണ് എതിരായി വോട്ട് രേഖപ്പെടുത്തിയത്.
യു.എസ്. സ്റ്റേറ്റ് സെക്രട്ടറി പദവിക്കുശേഷം സെനറ്റിന്റെ അനുമതി ആവശ്യമുള്ള രണ്ടാമത്തെ ഉയര്ന്ന പദവിയാണ് ഐക്യരാഷ്ട്രസഭ സ്ഥാനപതിയുടേത്. ട്രംപ് ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഊഷ്മളണായി ബന്ധമാണ് നിക്കി ഹാലെയ്ക്കുള്ളത്. ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യന് വംശജയാണ് നിക്കി ഹാലെ. തിങ്കളാഴ്ച ഇന്ത്യന് വംശജനായ അജിത് പൈയെ ഫെഡറല് കമ്മ്യൂണിക്കേഷന്സ് കമ്മീഷന്റെ തലവനായി ട്രംപ് നിയമിച്ചിരുന്നു.
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില് പൊതുമരാമത്ത് മുന് സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്സിന്റെ കുറ്റപത്രം. വരവില് കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില് മുവാറ്റുപുഴ വിജിലന്സ് കോടതിയിലാണ് കുറ്റപത്രം സമര്പ്പിച്ചിരിക്കുന്നത്. സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്സ് കണ്ടെത്തി. സൂരജിനെതിരെ ജനുവരി 23ന് മൂവാറ്റുപുഴ കോടതിയില് വിജിലന്സ് കുറ്റപത്രം നല്കി. 2004 മുതല് 2014 വരെയുള്ള കാലയളവിലെ സമ്പാദ്യം പരിശോധിച്ചു. എറണാകുളം വിജിലന്സ് സ്പെഷല് സെല്ലാണ് കുറ്റപത്രം നല്കിയത്.
വ്യവസായ വകുപ്പ് ഡയറക്ടര് മുതല് പൊതുമരാമത്ത് സെക്രട്ടറിയായി വരെ സേവനമനുഷ്ഠിച്ച 2004-2014 കാലയവളവില് 11 കോടിയുടെ അനധികൃത സമ്പാദ്യം സൂരജിനുണ്ടായി എന്നാണ് വിജിലന്സിന്റെ കണ്ടെത്തല്. വരുമാനത്തിന്റെ 314 ശതമാനം അധിക സമ്പാദ്യം ഉണ്ടായിട്ടുണ്ടെന്നാണ് കുറ്റപത്രത്തില് പറയുന്നത്.
കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വീടുകള്, ഗോഡൗണുകള്, മറ്റ് ആസ്തികള് തുടങ്ങിയവയുടെ രേഖകള് റെയ്ഡില് വിജിലന്സിന് കിട്ടിയിരുന്നു. കൂടാതെ കേരളത്തിന് അകത്തും പുറത്തും മറ്റ് ആസ്തികള് ഉള്ളതായും പരിശോധനയില് കണ്ടെത്തിയിരുന്നു.
ഏറെ കത്തിടപാടുകള്ക്ക് ശേഷം കഴിഞ്ഞ മാസമാണ് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി കേന്ദ്രസര്ക്കാര് വിജിലന്സിന് നല്കുന്നത്. എറണാകുളം വിജിലന്സ് സ്പെഷ്യല് സെല് യൂണിറ്റാണ് അന്വേഷണം നടത്തിയിരുന്നത്.
ജേക്കബ് തോമസ് വിജിലന്സ് എഡിജിപിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ മേല്നോട്ടത്തിലാണ് സൂരജിനെതിരായ റെയ്ഡുകളും അന്വേഷണവും നടത്തിയിരുന്നത്.
ഹൈദരാബാദ്: ഭാര്യയ്ക്കൊപ്പം കിടക്കുന്നത് കാമുകനെന്ന് തെറ്റിദ്ധരിച്ച ഭര്ത്താവ് മകനെ മഴുകൊണ്ട് വെട്ടി. തെലങ്കാനയെ കര്ണൂല് ജില്ലയിലെ ഗുട്ടുപാലെ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. സംശയരോഗിയായ സോമണ്ണ വീട്ടിലെത്തിയപ്പോള് ഭാര്യയ്ക്കൊപ്പം ആരോ കിടന്നുറങ്ങുന്നത് ശ്രദ്ധയില്പ്പെട്ടത്. ഭാര്യയുടെ കാമുകനാണ് കിടന്നുറങ്ങുന്നത് എന്ന് തെറ്റിദ്ധരിച്ച ഇയാള് വീട്ടിലുണ്ടായിരുന്ന മഴുകൊണ്ട് മകനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പതിനാലുകാരന് പരശുറാമിനെ സമീപത്തെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
കൈക്കും തോളെല്ലിനുമാണ് പരുശുറാമിന് വെട്ടേറ്റിരിക്കുന്നത്. സോമണ്ണക്കെതിരെ ഐപിസി 307 വകുപ്പ് പ്രകാരം തെലുങ്കാന പൊലീസ് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്ട്ടുകള്. കഴിഞ്ഞ കുറേ ദിവസങ്ങളായി സോമണ്ണയും ഭാര്യയും തമ്മില് നിരന്തരം തര്ക്കങ്ങള് നടന്നിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സംശയരോഗിയായ ഇയാള് വെട്ടിയെതെന്ന് മകനെയാണെന്ന് മനസ്സിലായ ഉടന് കുട്ടിയെ ആശുപത്രിയില് എത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ആശുപത്രിയില് പ്രവേശിപ്പിച്ച പരശുറാം ഇപ്പോഴും ഐസിയുവില് തുടരുകയാണ്.