Latest News

സോഷ്യല്‍ മീഡിയ

ഇന്നത്തെ കേരളത്തിലെയും , ഇന്ത്യയിലെയും രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും , രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കുന്ന രക്തസാക്ഷികളെക്കുറിച്ചും പ്രതിപാദിക്കുന്ന  ” നീയെന്ത് നേടി ……? ” എന്ന പേരില്‍  ദൈവത്തിന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശരിക്കും അര്‍ത്ഥവത്തായ ഒരു സന്ദേശമാണ് ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരിക്കുന്നത്. രക്തസാക്ഷിയായി പരലോകത്ത് ചെന്ന ഒരു രക്തസാക്ഷിയോട്  ദൈവം ചോദിച്ച ചോദ്യങ്ങളും അതിന് രക്തസാക്ഷി നല്‍കുന്ന മറുപടിയും ഏറെ ചിന്തിപ്പിക്കുന്നതാണ്. ആയിരക്കണക്കിന് ആളുകളാണ് ഈ നല്ല ഫേസ്ബുക്ക് പോസ്റ്റ്‌ ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.

 

നീയെന്ത് നേടി ……?
××××××××××××××××××

രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു .

നീയാണോ പുതിയ രക്തസാക്ഷി ? ഈയിടയായി കുറെയെണ്ണം വരുന്നുണ്ട് . എവിടുന്നാ കണ്ണുരിൽ നിന്നാണോ ..?

അയാൾ തല താഴ്ത്തി പറഞ്ഞു . അതെ .

ആഹാ അതൊരു പുതുമയല്ലല്ലോ ..! ആട്ടെ എത്ര വെട്ടു കൊണ്ടു ..?

ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു അമ്പത്തിയെട്ട് .

ഉം … ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിയാറ് , രണ്ടെണ്ണം കൂടിയിട്ടുണ്ട് ഇനി സെഞ്ച്വറിയുമായി ആര് വരും ..?

ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ… ഒരു കാഴ്ച്ച കാണിച്ചു തരാം .

അയാൾ ദൈവത്തെ പിന്തുടർന്നു .

മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി .

ആ കാണുന്നതെന്താണ് ..?

അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു .

എന്റെ വീട് , എന്റെ പ്രിയപ്പെട്ടവർ .

ദൈവം ചിരിച്ചു അങ്ങനത്തെ വികാരമൊക്കെയുണ്ടോ ..? ബാക്കി കുടി കാണുക.

അയാളുടെ കാഴ്ച്ചയിൽ ദു:ഖത്തിന്റെ കാഴ്ച്ചകൾ തെളിഞ്ഞു തുടങ്ങി .

ശവമടക്ക് കഴിഞ്ഞ തന്റെ വീട് , മൂകമായ ചുറ്റുപ്പാട് , ആളുകളൊക്കെ ഒഴിഞ്ഞു പോയിരിക്കുന്നു.  വീടിന്റെ കോലായിൽ ഒന്നുമറിയാതെ ഓടിക്കളിക്കുന്ന തന്റെ മുന്നു വയസ്സുകാരി  മകൾ ..,

അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുവാൻ തുടങ്ങി .., എന്റെ മോളെ ., അയാൾ ഉച്ചത്തിൽ വിളിച്ചു . ആരും കേൾക്കാത്ത ആ നിലവിളി ആകാശത്ത് മാത്രം പ്രതിധ്വനിച്ചു.

അയാൾ തന്റെ ഭാര്യയെ തിരഞ്ഞു .

അകത്തെ മുറിയിൽ തേങ്ങലോടെ കിടക്കുന്ന തന്റെ പ്രിയതമ . ദു:ഖം തളം കെട്ടിയ കണ്ണുകൾ .

തന്റെ മകൾ അമ്മയോടെന്തോ ചോദിക്കുന്നു. അയാൾ ചെവികൾ കൂർമ്മിച്ചു .,

അമ്മെ , എന്റെ അച്ഛനെവിടെ ?

അവളുടെ ചോദ്യം അയാളിൽ തുളച്ചു കയറി .. പുറകെ ഭാര്യയുടെ നിലവിളിയും .

ഒരു തുള്ളി വെള്ളം പോലുമിറക്കാതെ മോനെ വിളിച്ചു കരയുന്ന ആ മാതാവിനെ അയാൾക്ക് ഒരു വട്ടമേ നോക്കാൻ കഴിഞ്ഞുള്ളു .

വലിച്ചിട്ട ബീഡി കുറ്റിയുടെ അരികിലിരിക്കുന്ന അച്ഛന്റെ മുഖത്ത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു . വലിച്ച ബീഡി മുറ്റത്തേക്കെറിഞ്ഞ് അകത്തേക്ക് നടന്ന അച്ഛനെ അയാളുടെ കണ്ണുകൾ പിന്തുടർന്നു .

അകത്തെ ചായ്പ്പിലെ ഇരുമ്പുപ്പെട്ടിയിൽ നിന്നും അച്ഛനെന്തോ തിരയുന്നു . നിമിഷ നേരത്തെ തിരച്ചിലിന് ശേഷം അച്ഛന്റെ അഴിച്ചു വെച്ച പഴയ ചുമട്ടു തൊഴിലാളിയുടെ വേഷം പുറത്തെടുത്തു . ഹൃദയത്തിൽ ഒരു ദു:ഖകടൽ ആർത്തിരമ്പുന്ന അച്ഛന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല.

നീയെന്തു നേടി …?

ദൈവത്തിന്റെ ചോദ്യം കേട്ട് അയാൾ ദു:ഖ കാഴ്ച്ചയിൽ നിന്നു കണ്ണെടുത്തു .

നിന്റെ അച്ഛൻ ഇപ്പോൾ ചിന്തിക്കുന്നത് എന്താണെന്ന് നിനക്കറിയുമോ …?

ഇല്ല … അയാൾ വാവിട്ടു കരഞ്ഞു.

പ്രായം തളർത്തിയ ചുമലുകൾ , ഇനിയെന്തു വന്നാലും ഭാരം ചുമക്കണം . അവൻ വിട്ടിട്ടു പോയ കുഞ്ഞുമോളെയും , ഭാര്യയും , രോഗിയായ അവന്റെ അമ്മയേയും നോക്കേണ്ടത് ഞാനാണ് . അതുകൊണ്ട് തളരാൻ പാടില്ല , കരയാൻ പാടില്ല …. ഇല്ല ഞാൻ കരയില്ല …,

അച്ഛന്റെ ചിന്തകൾ ദൈവം അയാൾക്ക് പകർത്തി നൽകിയപ്പോൾ അയാൾ നിലവിളിക്കുകയായിരുന്നു .

നീയെന്ത് നേടി ….? ദൈവത്തിന്റെ ശബ്ദം ഉച്ചത്തിലായി . നിന്റെ പ്രിയപ്പെട്ടവർക്ക് ആര് ജീവിതം നൽകും …?

അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല .

ഇനിയൊരു വേറെ കാഴ്ച്ച കാണിച്ചു തരാം . ദൈവം വീണ്ടും വിരൽ ചൂണ്ടി . അയാളുടെ നേതാവിന്റെ വീട്ടിലേക്കായിരുന്നു ദൈവം വിരൽ ചൂണ്ടിയത് .

അയാളുടെ കണ്ണിൽ തെളിഞ്ഞ കാഴ്ച്ചയിൽ ,

നേതാവും കുടുംബവും സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നു . ദു:ഖത്തിന്റെ ഒരു ചെറു നിഴൽ പോലും അവിടെ അലയടിച്ചിരുന്നില്ല. ചിരിയും കളിയുമായി സുഖത്തിന്റെ, സന്തോഷത്തിന്റെ അലയടി മാത്രം. പുറത്ത് കാവൽക്കാരും , കാറുകളും . സുഖസൗകര്യങ്ങളുടെ പറുദീസയാണ് അയാൾക്ക് കാണാൻ കഴിഞ്ഞത് .

ചിന്തയിൽ തന്റെ വീടും നേതാവിന്റെ വീടും അയാൾ താരതമ്യം ചെയ്തു .

നീ എന്തു നേടി …?

അയാൾ ദൈവത്തെ ദയനീയമായി നോക്കി .

വീണ്ടും ചോദ്യങ്ങളുടെ ഒരു നിര ദൈവം നിരത്തി .

നിങ്ങളിൽ മരിച്ചു വീണ ഏതെങ്കിലും ഒരാളിൽ പ്രമുഖനായ നേതാവുണ്ടായിരുന്നോ …?

ഉത്തരമില്ല ..,

കച്ചവടത്തിൽ നഷ്ടം നിനക്കും നിന്റെ പ്രിയപ്പെട്ടവർക്കും , ലാഭം നേതാക്കൾക്കും പാർട്ടിക്കും ഇനിയെങ്കിലും നിന്റെ പിൻഗാമികൾ ചിന്തിച്ചു തുടങ്ങുമോ ..?

ഉത്തരമില്ല …,

നിങ്ങൾ അണികൾ തമ്മിൽ തല്ലുന്നു , മരിച്ചു വീഴുന്നു നിന്റെ പാർട്ടിയിലേയോ എതിർ പാർട്ടിയിലേയോ നേതാക്കന്മാർ വാക്കിലൂടെ ., അല്ലാതെ തമ്മിൽ തല്ലു കൂടുന്നത് നീയോ നിന്റെ പിൻഗാമികളോ കണ്ടിട്ടുണ്ടോ ..?

ഉത്തരമില്ല ..,

രക്തസാക്ഷി പട്ടം നിനക്കിപ്പോൾ ഭാരമായി തോന്നുന്നുണ്ടോ ..?

ഉത്തരത്തിന് പകരം കണ്ണുനീർ നികത്താന്‍ പറ്റാത്ത വിടവുകളിലേക്ക് ഒലിച്ചിറങ്ങി ……

ദാനമായി നൽകിയ ജീവിതം ഭാരമായി വലിച്ചെറിയുന്ന വിഡ്ഢികൾ . ദൈവം പുച്ഛത്തോടെ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു അയാൾ പുറകേയും.

ഒലിച്ചിറങ്ങിയ അയാളുടെ കണ്ണുനീർ ഒരു പെരുമഴയായി ഭൂമിയിൽ പതിച്ചു. ആ മഴ അയാളുടെ വീടിനെയും നനച്ചുകൊണ്ടിരുന്നു .

ഇടിമുഴങ്ങുന്ന പോലെ ഒരു ചോദ്യം മാത്രം അട്ടഹസിച്ചു ….

നീയെന്ത് നേടി …???

നീയെന്ത് നേടി …???

നീയെന്ത് നേടി …???

 

പ്രവാസി മലയാളിയായ കോട്ടയം സ്വദേശി ഒമാനില്‍ നിര്യാതനായി. നെടുംകുന്നം പുന്നവേലി ഇടത്തിനകത്ത് റോഷി റ്റോം (42) ആണ് ഞായറാഴ്ച ഒമാനിലെ ബുറൈമിയില്‍ ഹൃദയാഘാതംമൂലം നിര്യാതനായത്. എയര്‍കണ്ടീഷന്‍ സര്‍വീസ് സ്ഥാപനം നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച ബുറൈമിയില്‍ നിന്നും മസ്‌കറ്റിലെ റോയല്‍ ഒമാന്‍ പോലീസ് ആശുപത്രിയില്‍ എത്തിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്കുശേഷം ബുധനാഴ്ച പുലര്‍ച്ചെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.

സംസ്‌കാരം വ്യാഴാഴ്ച 2.30 ന് പുന്നവേലി ചെറുപുഷ്പ ദേവാലയത്തില്‍. പരേതന്‍ പുന്നവേലി ഇടത്തിനകം പരേതനായ ജോസഫ് തോമസ് മേരിക്കുട്ടി ദന്പതികളുടെ മകനാണ്. ഭാര്യ: മസ്‌കറ്റിലെ ബുര്‍ജീല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായ മറിയാമ്മ (അനിത) ചങ്ങനാശേരി മാമ്മൂട് ഐക്കരപ്പറന്പില്‍ കുടുംബാംഗമാണ്. മക്കള്‍: അനീഷ, ഏയ്ഞ്ചല്‍, അമയ.

സഹോദരങ്ങള്‍ ആന്‍സി തോമസ് കൈയ്യാലപറന്പില്‍ (തോട്ടയ്ക്കാട്), മായ സക്കറിയ മുക്കാട്ടുകുന്നേല്‍ (കാഞ്ഞങ്ങാട്), ലിസ (ന്യൂയോര്‍ക്ക്), ജോജോ ടോം(മുളയന്‍വേലി), റെനി മാത്യു കാപ്പില്‍ (ഓസ്‌ട്രേലിയ) മിനി (ന്യൂയോര്‍ക്ക്) ലീന ജോസഫ് വല്യാറ (ചന്പക്കുളം), പ്രിന്‍സ് മാത്യൂസ് (മുളയന്‍വേലി), നൈസി ജോര്‍ജുകുട്ടി അയലൂപ്പറന്പില്‍ (കാഞ്ഞിരപ്പള്ളി), രശ്മി ജോഷി കുന്നേല്‍ (പാല), രാഖി നെജി ഓരത്തേല്‍ (കുറവിലങ്ങാട്). സഹോദര ഭാര്യമാര്‍ : ജെസ്സി കല്ലംപ്ലാക്കല്‍ (എരുമേലി) ജെസ്സി പറന്പില്‍ പറന്പില്‍ (ആലപ്പുഴ).

തൃശൂര്‍: ഒല്ലൂര്‍ ഫൊറോന പള്ളിയില്‍ കുറേ നാളുകളായി നീറിപ്പുകയുന്ന പ്രശ്‌നങ്ങള്‍ മൂര്‍ധന്യത്തില്‍ എത്തിയതോടെ  വന്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നു. വലിയൊരു വിഭാഗം വിശ്വാസികള്‍ വികാരി ജോണ്‍ അയ്യങ്കാനയ്ക്ക് എതിരെ രംഗത്തെത്തിയതോടെ ഇന്നലെ പള്ളിയില്‍ നടന്ന യോഗം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.

വിശ്വാസികളുടെ പൊതുയോഗം വിളിക്കാതെ ഫാദര്‍ ജോണ്‍ അയ്യങ്കാന തനിക്ക് താല്‍പ്പര്യമുള്ള ഗുണ്ടകളെ വച്ച് പള്ളിഭരണം കയ്യാളുന്നുവെന്നും എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് വലിയൊരു വിഭാഗം വിശ്വാസികളും ഇന്നലെ വികാരിക്ക് എതിരെ രംഗത്ത് എത്തിയത്. കഴിഞ്ഞ കുറെ നാളുകളായി ഒല്ലൂര്‍ പള്ളിയില്‍ വിശ്വാസികള്‍ കലാപം ആരംഭിച്ചിട്ട്. ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റെ പിന്‍ബലത്തില്‍ ഒല്ലൂര്‍ പള്ളി വികാരി ഫാദര്‍ ജോണ്‍ അയ്യങ്കാനയിലിന്റെ ഗുണ്ടാവിളയാട്ടമാണ് പള്ളിയില്‍ നടക്കുന്നതെന്ന് ഒരു വിഭാഗം വിശ്വാസികള്‍ ആക്ഷേപിക്കുന്നു.

വികാരി ജോണ്‍ അയ്യങ്കാന പൊതുയോഗം വിളിക്കാതെ പ്രതിനിധി യോഗം വിളിച്ചതിനെ ചൊല്ലിയാണ് ഇന്നലെ ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയത്. ഇന്നലെ രാവിലെ പ്രതിനിധി യോഗം തുടങ്ങിയപ്പോള്‍ വികാരിയുടെ നടപടികള്‍ക്ക് എതിരെ ഇവര്‍ ചോദ്യമുയര്‍ത്തി. ഇതിനിടെ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങി. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കലിനെ വികാരിയെ അനുകൂലിക്കുന്ന ചിലര്‍ മര്‍ദ്ദിക്കുകയും ചെയ്തു.

കുറച്ചു സമയത്തിനകം മുന്‍ കൗണ്‍സിലറെ അനുകൂലിക്കുന്നവര്‍ കൂട്ടമായി എത്തുകയും വികാരിക്ക് എതിരെ ശക്തമായ ആരോപണങ്ങളുയര്‍ത്തുകയുമായിരുന്നു. ഇവരും വികാരിയെ അനുകൂലിക്കുന്നവരും തമ്മില്‍ ഇതേത്തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി. ഇതിനിടെ ചിലര്‍ ബിഷപ്പ്‌സ് ഹൗസിലെത്തി വികാരിക്കെതിരെ നടപടിയുണ്ടാവണമെന്നും അടിയന്തിരമായി വികാരി ജോണ്‍ അയ്യങ്കാനയെ മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഇവരുടെ ആവശ്യം ചെവിക്കൊണ്ടില്ല. ഇതേത്തുടര്‍ന്ന് സംഘര്‍ഷം മൂര്‍ച്ഛിച്ചു.

ഫാദര്‍ ജോണ്‍ അയ്യങ്കാനയെ അനുകൂലിക്കുന്നവര്‍ പള്ളിയുടെ താക്കോല്‍ക്കൂട്ടം കൊണ്ട് വിശ്വാസിയായ മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കലിനെ ഇടിച്ചുവീഴ്ത്തിയെന്നാണ് വികാരിക്ക് എതിരെ നിലകൊള്ളുന്ന വിശ്വാസികള്‍ ആരോപിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വിശ്വാസികള്‍ അരമനയിലേക്ക് മാര്‍ച്ച് നടത്തിയത്. പൊറുതിമുട്ടിയ വിശ്വാസികള്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ് ആണ്ട്രൂസ് താഴത്തിനെ കണ്ടു സങ്കടം ഉണര്‍ത്തിക്കവെ വീണ്ടും പ്രശ്‌നമുണ്ടായി. അരമനയില്‍ അപ്പോള്‍ ഫാദര്‍ ജോണ്‍ അയ്യങ്കാനയോടൊപ്പം സംരക്ഷകര്‍ എന്ന മട്ടില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നു. അവര്‍ ആരെന്നു വിശ്വാസികള്‍ ചോദിച്ചതോടെ മറുപടി നല്‍കാതെ വിശ്വാസികളെ ആക്രമിച്ചുവെന്നാണ് ആരോപണം.

വിഷയം ഉന്നയിക്കാന്‍ വിശ്വാസികള്‍ എത്തിയ വേളയില്‍ ആര്‍ച്ച് ബിഷപ്പ് ആലപ്പുഴയിലേക്ക് പോകുകയാണെന്ന് പറഞ്ഞെന്നും ഇതേത്തുടര്‍ന്ന് ബിഷപ്പിന്റെ കാര്‍ തടഞ്ഞ് പ്രശ്‌നപരിഹാരം ഉണ്ടാവണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ”തല്ലുകൊണ്ടവര്‍ ആശുപത്രിയില്‍ പോയി കിടക്കടാ. അരമനയില്‍ അല്ലടാ വരേണ്ടത്.” എന്ന് ബിഷപ്പ് ആക്രോശിച്ചുവെന്ന് വിശ്വാസികള്‍ പറയുന്നു. ഇതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. ആര്‍ച്ച് ബിഷപ്പില്‍ നിന്ന് നടപടി പ്രതീക്ഷിക്കേണ്ടെന്നും വികാരിയുടെ പക്ഷംപിടിക്കുകയാണ് ആര്‍ച്ച് ബിഷപ്പെന്നും ആക്ഷേപം ശക്തമായി.

പിന്നീട് രാത്രി എട്ടു മണിക്ക് പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് ആര്‍ച്ച് ബിഷപ് സ്ഥലം വിട്ടു. വൈകീട്ട് എഴുമണി മുതല്‍ അരമനയില്‍ വിശ്വാസികള്‍ തടിച്ചുകൂടി. ഏകദേശം അഞ്ഞൂറോളം വിശ്വാസികള്‍ അരമനയില്‍ തടിച്ചുകൂടിയിരുന്നു. ഏറെ വൈകിയിട്ടും ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് സ്ഥലത്തെത്തിയില്ല. പിന്നീട് പത്തു മണിയോടെ പൊലീസ് അകമ്പടിയോടെയാണ് ആര്‍ച്ച് ബിഷപ്പ് സ്ഥലത്തെത്തിയത്. ചര്‍ച്ചയില്‍ ബിഷപ്പ് വിശ്വാസികളോട് സംസാരിക്കാന്‍ തയ്യാറായില്ല. പൊലീസിനെ മധ്യവര്‍ത്തിയാക്കിയായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ വികാരിയെ മാറ്റണമെന്ന ആവശ്യത്തില്‍ വിശ്വാസികള്‍ ഉറച്ചുനിന്നതോടെ വിഷയം പതിനാലാം തിയതി വിശദമായി ചര്‍ച്ചചെയ്യാം എന്ന ധാരണയില്‍ തല്‍ക്കാലം പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

പള്ളിയുടെ ഫണ്ട് ധൂര്‍ത്തടിക്കുന്നുവെന്നും തന്നിഷ്ടപ്രകാരം പള്ളിവാതിലുകള്‍ അടച്ചിട്ട് വിശ്വാസികളെ തുരത്തുന്നുവെന്നും എല്ലാമാണ് വികാരി ജോണ്‍ അയ്യങ്കാനയ്ക്ക് എതിരെ ഉയരുന്ന പ്രധാന ആക്ഷേപങ്ങള്‍. പ്രശ്‌നമുണ്ടായാല്‍ അത് പരിഹരിക്കുന്നതിന് പകരം സ്വകാര്യമുറിയില്‍ കടന്ന് വാതിലടയ്ക്കുന്നയാളാണ് ഫാദര്‍ ജോണ്‍ എന്നും എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു. വിവാഹത്തിന് മുമ്പായി ഇടവകയിലെ പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്ന് വന്‍ തുകകള്‍  വാങ്ങുന്നതായും ആരോപണം ഉയരുന്നുണ്ട്. ഫാദര്‍ ജോണ്‍ അയ്യങ്കാന വികാരിയായ എല്ലാ പള്ളികളിലും പ്രശ്‌നക്കാരന്‍ ആയിരുന്നുവെന്നും വിശ്വാസികള്‍ പറയുന്നു. നടപടികളെ എതിര്‍ക്കുന്നവരെ ഗുണ്ടകളെ വിളിച്ച് അടിച്ചമര്‍ത്തുന്നതായും അഭിസംബോധന ചെയ്യുന്നതുപോലും എടാപോടാ വിളികളോടെ ആണെന്നുമാണ് ആക്ഷേപം.

ഇതിന് അടിസ്ഥാനമായ ഒരു സംഭവവും വിശ്വാസികള്‍ വിവരിക്കുന്നു. പുല്ലൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഡോ. ആന്റൊ മകന്റെ വിവാഹക്കാര്യം പറയാനാണ് പണ്ട് ഫാദര്‍ ജോണ്‍ കുരിയച്ചിറ എന്ന സ്ഥലത്തെ വികാരിയായ സമയത്ത് ചെന്നത്. എടോ പോടോ എന്ന വിളികേട്ട ഡോ. ആന്റോ ഫാദറിനോട് പറഞ്ഞു; ”എന്നെ ഒന്നുകില്‍ ഡോക്ടര്‍ അല്ലെങ്കില്‍ ആന്റോ എന്ന് വിളിച്ചാല്‍ മതി.” അങ്ങനെ പറഞ്ഞതിന് ഡോക്ടറോട് പ്രതികാരം ചെയ്തത് മകന്റെ വിവാഹത്തിന് അമ്പതിനായിരം രൂപ ചോദിച്ചാണെന്നാണ് ആക്ഷേപം. പിന്നീട് പലരും ഇടപ്പെട്ട് തുക അയ്യായിരമാക്കിയെങ്കിലും ഡോ. ആന്റോവിന്റെ മകന്റെ വിവാഹത്തിന് ഫാദര്‍ ജോണ്‍ അയ്യങ്കാനയില്‍ പങ്കെടുത്തില്ല. പകരം മറ്റൊരു വൈദികനെ വച്ചു കൊണ്ട് വിവാഹ കൂദാശ നിര്‍വഹിക്കുകയായിരുന്നുവെന്നാണ് ആരോപണം.

ഇത്തരത്തില്‍ വിശ്വാസികളെ വെല്ലുവിളിച്ച് തന്നിഷ്ടം നടത്തുകയും വിശ്വാസികളെ തല്ലിയൊതുക്കാന്‍ ആളെ ഏര്‍പ്പാടാക്കുകയും ചെയ്യുന്ന വികാരിക്ക് ആര്‍ച്ച് ബിഷപ്പ് സംരക്ഷണം കൊടുക്കുകയാണെന്നും വിശ്വാസികള്‍ പറയുന്നു. ഇന്നലത്തെ സംഘര്‍ഷത്തോടെ പ്രശ്‌നം അതീവ ഗുരുതരമായിരിക്കുകയാണ് ഒല്ലൂരില്‍. 14 നടക്കുന്ന ചര്‍ച്ചയില്‍ വികാരിയുടെ സ്ഥലംമാറ്റം ഉണ്ടാവണമെന്ന വാദവുമായി കൂടുതല്‍ പേര്‍ എത്തുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.

പള്ളിയില്‍ നടന്ന സംഘര്‍ഷത്തിന്റെ വീഡിയോ കാണാം

ചെന്നൈ: ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ. ചെങ്കല്‍പെട്ടിലെ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പ്രതി ദസ്വന്തിനെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ലൈംഗിക പീഡനത്തിനും കുട്ടികള്‍ക്ക് നേരെയുള്ള പീഡനത്തിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ മഹിളാ കോടതി കണ്ടെത്തിയിരുന്നു. ചെന്നൈയ്ക്കടുത്തുള്ള മുഗളിവാക്കത്തെ അപ്പാര്‍ട്ട്മെന്റില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. വീട്ടില്‍ മാതാപിതാക്കളില്ലാത്ത സമയം നോക്കി കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പ്രതി കുട്ടി ബഹളം വെച്ചതോടെ കൊലപ്പെടുത്തിയെന്നുമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

മൃതദേഹം ഒരുദിവസം താമസ സ്ഥലത്ത് സൂക്ഷിച്ച പ്രതി അടുത്ത ദിവസം മൃതദേഹം ബാഗിലാക്കി പ്രദേശത്തെ പാലത്തിനടിയില്‍ ഉപേക്ഷിച്ചു. തൊട്ടടുത്ത ദിവസം സ്ഥലത്ത് വീണ്ടുമെത്തിയ മൃതദേഹം കത്തിച്ചു. ഇതിനുശേഷം വഴിപോക്കനെന്ന് നടിച്ച് പോലീസിനെ വിവരം അറിയിച്ചതും ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍. അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരാണ്. ഇവര്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അറസ്റ്റിലായത് ഡമ്മി പ്രതികളെന്ന വാദം തെറ്റാണെന്നും ഉത്തരമേഖല ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ ഗുഢാലോചനയും തെളിയിക്കുമെന്നും രാജേഷ് ദിവാന്‍ അറിയിച്ചു. ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 55 സ്ഥലത്ത് പരിശോധന നടത്തി. ബാക്കിയുള്ള പ്രതികളും ഉടന്‍ അറസ്റ്റിലാവും. പോലീസ് അന്വേഷണത്തില്‍ സംശയമുള്ളവര്‍ക്ക് കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്നും രാജേഷ് ദിവാന്‍ പറഞ്ഞു.

നേരത്തെ പിടിയിലായ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെല്ലെന്ന് വാദിച്ച് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തു വന്നിരുന്നു. ഈ വാദം തെറ്റാണെന്ന് ഉറപ്പിക്കുന്നതാണ് ഉത്തരമേഖല ഡിജിപിയുടെ പ്രസ്താവന. പിടിയിലായ ആകാശ് തില്ലങ്കേരിയും സിപിഎം നേതാക്കളുമായുള്ള ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മുംബൈ: ലൈംഗികബന്ധത്തിന് വിസമ്മതിച്ച കൂട്ടുകാരിയെ യുവാവ് ഷൂ ലെയ്‌സുകൊണ്ട് കഴുത്ത് ഞെരിച്ച് കൊന്നു. മഹാരാഷ്ട്രയിലാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകം നടന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 20 കാരിയായ അങ്കിതയെന്ന യുവതിയെ ഹരിദാസ് നിര്‍ഗുഡെയെന്നയാള്‍ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ഫേസ്ബുക്ക് വഴി അങ്കിതയുമായി സൗഹൃദം സ്ഥാപിച്ച് ഹരിദാസ് നിര്‍ഗുഡെ ഞായറാഴ്ച്ച പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ അങ്കിതയോട് ഇയാള്‍ മോശമായി പെരുമാറാന്‍ തുടങ്ങി. ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെങ്കിലും യുവതി ഹരിദാസിന്റെ ആവശ്യം നിരാകരിച്ചു. ഇതില്‍ പ്രകോപിതനായ ഹരിദാസ് ഷൂ ലെയ്‌സ് ഉപയോഗിച്ച് പെണ്‍കുട്ടിയെ വകവരുത്തുകയായിരുന്നു.

കൊലപ്പെടുത്തിയതിന് ശേഷം ഹരിദാസ് യുവതിയുടെ മൃതദേഹം സമീപത്തുള്ള പറമ്പില്‍ ഉപേക്ഷിച്ചു. മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ നിന്ന് തന്നെ കൃത്യം നടത്തിയത് ഹരിദാസ് ആണെന്ന് വ്യക്തമായി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

മാണിക്യ മലരായ പൂവി എന്ന പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിനെതിരെ നടി പ്രിയ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. തെലങ്കാന പോലീസാണ് പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്തത്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് കേസെന്ന് ഹര്‍ജിയില്‍ പ്രിയ പറയുന്നു.

ഗാനം മുസ്ലിം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ഒരുപറ്റം യുവാക്കളാണ് ഗാനത്തിനെതിരെ പരാതിയുമായി രംഗത്തു വന്നത്. മാണിക്യ മലരായ പൂവി മഹതിയാം ഖദീജ ബീവി എന്നു തുടങ്ങുന്ന അഡാറ് ലവിലെ ഗാനം ഇഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിക്കുന്നതാണെന്നാണ് യുവാക്കള്‍ പരാതിയില്‍ പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഗാനം പിന്‍വലിക്കുകയാണെന്ന് സംവിധായകന്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. വൈറലായ ഗാനത്തിന് പിന്തുണ പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ രംഗത്തെത്തിയെങ്കിലും മതമൗലികവാദികള്‍ ഗാനത്തിന്റെ ചിത്രീകരണത്തിനെതിരെ സജീവമായി രംഗത്തുണ്ട്.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊന്നവര്‍ ഒളിച്ചു താമസിച്ചത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മുഴക്കുന്ന് മുടക്കോഴി മലയില്‍. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് പോലീസ് തെരെച്ചില്‍ വ്യാപിപ്പിച്ചതായി വിവരം ലഭിച്ച ശേഷം ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. അന്വേഷണം ഊര്‍ജിതമായി തുടരുന്നതിനിടയില്‍ പ്രതികള്‍ ഇന്നലെ പോലീസില്‍ കീഴടങ്ങി.

കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ച് പേരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇപ്പോള്‍ പിടിയിലായ രണ്ട് പേര്‍ ശുഹൈബിന് വെട്ടി വീഴ്ത്തിയവരില്‍ ഉള്‍പ്പെട്ടവരാണ്. ആകാശ് തില്ലങ്കേരിയും, റിജിന്‍രാജും സിപിഎം പ്രദേശിക നേതൃത്വവുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന പാര്‍ട്ടി അനുയായികളാണ്. ആകാശും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കൂടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തില്‍ പ്രതികളായവരാണ് കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് ഇവരുടെ സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. പരോളിലായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശുഹൈബ് വധവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്.

കൊച്ചി: നെടുമ്പാശേരിയില്‍ വിമാനത്താവളത്തിന് സമീപത്തു നിന്ന് 30 കോടി രൂപ മൂല്യമുള്ള ലഹരിമരുന്ന് വേട്ട നടത്തിയ എക്‌സൈസ് സംഘത്തിന് വധഭീഷണി. ഇന്റര്‍നെറ്റ് കോള്‍ വഴി വന്ന ഭീഷണിയിവല്‍ ഇനി നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് പറയുന്നത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡായിരുന്നു 5 കിലോ എംഡിഎംഎ പിടിച്ചെടുത്തത്.

സ്‌ക്വാഡിലെ എല്ലാ അംഗങ്ങളുടെയും ചിത്രങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. മയക്കുമരുന്നിനേക്കുറിച്ച് വിവരം നല്‍കിയ ആള്‍ക്കാണ് സന്ദേശം ലഭിച്ചത്. ഇതിന്റെ ഉറവിടം മുംബൈ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്താവളം വഴി കടത്താനെത്തിച്ച് മയക്കുമരുന്നാണ് കഴിഞ്ഞ ശനിയാഴ്ച പിടിച്ചെടുത്തത്.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരെ ഇതോടനുബന്ധിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നേരത്തേയും മയക്കു മരുന്ന് കടത്തിയിട്ടുള്ളവരാണ്. മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇത്രയം അളവില്‍ മയക്കുമരുന്ന് പിടിച്ചെടുക്കാനായത്. റഷ്യയില്‍ നിര്‍മിക്കുന്ന ഈ ലഹരിമരുന്ന് അഫ്ഗാനിസ്ഥാന്‍ വഴി കാശ്മീരിലെത്തിച്ച ശേഷമാണ് കേരളത്തില്‍ എത്തിയത്.

പിടിയിലായ പ്രതികള്‍ക്കായി മണിക്കൂറുകള്‍ക്കകം അഡ്വ.ബി.എ.ആളൂര്‍ ഹാജരാകുകയും ചെയ്തു. വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മുന്തിയ എംഡിഎംഎയാണ് പിടിച്ചെടുത്തതെന്നാണ് വിവരം. കേരളത്തില്‍ വന്‍ ശൃംഖല ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംശയിക്കുന്നു.

ലണ്ടന്‍ ബ്രിഡ്ജ് ഭീകരാക്രമണത്തിനു മുമ്പായി അക്രമികള്‍ വാന്‍ തയ്യാറാക്കുന്ന് എംഐ5ന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നുതായി വെളിപ്പെടുത്തല്‍. ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയവരുടെ തലവനായ ഖുറം ബട്ട് 2015 മുതല്‍ എംഐ5ന്റെ നിരീക്ഷണത്തിലുള്ള വ്യക്തിയാണ്. വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ അന്‍ജം ചൗധരിയുടെ ശിഷ്യനാണ് ഖുറം ബട്ട്. ഭീകരാക്രമണം ആസൂത്രണം ചെയ്യുന്ന സമയത്ത് ഏതാണ്ട് 30 ഓളം ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടേയും രഹസ്യ പോലീസിന്റെയും നീരിക്ഷണ വലയത്തിലായിരുന്നു ഇയാള്‍. എംഐ5ന്റെ നിരീക്ഷണങ്ങള്‍ ഇയാളില്‍ നിന്ന് മാറി മറ്റു കുറ്റവാളികളിലേക്ക് തിരിഞ്ഞതാണ് ആക്രമണം നടക്കാന്‍ ഹേതുവായത്. ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന ചിലരിലേക്ക് എംഐ5ന്റെ നിരീക്ഷണം മാറിയ സമയത്താണ് ആക്രമണം ഉണ്ടായത്.

ബാര്‍ക്കിംഗിലെ ഫ്‌ളാറ്റിനടുത്ത് വെച്ച് റാഷിദ് റെഡൗണ്‍, യൂസഫ് സാഗ്ബ എന്നീ ഭീകരര്‍ ആക്രമണത്തിനായി വാന്‍ സജ്ജമാക്കുന്ന സമയത്ത് വിവരം പോലീസിനെ അറിയിക്കുന്ന കാര്യത്തില്‍ ഇന്റലിജന്‍സ് ഏജന്‍സി അലംഭാവം കാണിച്ചു. വാനില്‍ ആക്രമണത്തിനായുള്ള ക്രമീകരണങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതാണ്ട് രണ്ട് മണിക്കൂറിന് ശേഷമാണ് ഇവര്‍ ആക്രമണം നടത്തിയത്. ലണ്ടന്‍ ബ്രിഡ്ജിലെ കാല്‍നടയാത്രക്കാരായ ആളുകള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയ തീവ്രവാദികള്‍ പിന്നീട് കത്തി ഉപയോഗിച്ച് ആളുകളെ ആക്രമിക്കുകയുമായിരുന്നു.

ഖുറം ബട്ട് സോകോട്‌ലന്റ് യാര്‍ഡിന്റെയും എംഐ6ന്റെയും കനത്ത നിരീക്ഷണത്തിലുള്ള തീവ്രവാദികളിലൊരാളായിരുന്നു. ആക്രമണം നടന്ന ദിവസം രാത്രിയിലും ഇയാള്‍ നിരീക്ഷണ വലയത്തിലായിരുന്നുവെന്ന് മുന്‍ സ്വതന്ത്ര നിരീക്ഷകനായ ഡേവിഡ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. നിരീക്ഷണങ്ങള്‍ ശക്തമായി തുടര്‍ന്നിട്ടും ആക്രമണം നടന്നത് ഇന്റലിജന്‍സ് ഏജന്‍സികളുടെ ഗൗരവപൂര്‍ണമായ ഇടപെടല്‍ നടക്കാത്തതിനാലാണ്. ആക്രമണം തടയാന്‍ കഴിയുമായിരുന്നുവെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ആക്രമണത്തില്‍ കൊല്ലപ്പെട്ട ക്രിസ്റ്റിയെന്ന യുവതിയുടെ കാമുകന്‍ ജെയിംസ് ഹോഡര്‍ പ്രതികരിച്ചു.

RECENT POSTS
Copyright © . All rights reserved