ഓസ്ട്രേലിയയില് കൊല്ലപ്പെട്ട സാം എബ്രഹാം വധക്കേസില് വിക്ടോറിയന് സുപ്രീം കോടതിയില് നടക്കുന്ന അന്തിമ വിചാരണയുടെ അഞ്ചാം ദിവസമാണ് സിഡ്നിയില് നിന്നുള്ള ഫോറന്സിക് വിദഗ്ധനും ടോക്സിക്കോളജിസ്റ്റുമായ പ്രൊഫസര് നരേന്ദ്ര ഗുഞ്ചനെ പ്രോസിക്യൂഷന് കോടതിയില് ഹാജരാക്കിയത്. സാമിന്റെ മരണകാരണം സയനേയ്ഡ് തന്നെയാണെന്നും അത് വായിലൂടെ ശരീരത്തില് പ്രവേശിച്ചതാണ് മരണകാരണമെന്നും അദ്ദേഹം ജൂറിക്ക് മുന്നില് വ്യക്തമാക്കി. ഒരു ലിറ്ററിന് ഒരു മില്ലിഗ്രാം സയനേയ്ഡ് ശരീരത്തില് പ്രവേശിച്ചാല് അത് മരണത്തിലേക്ക് നയിക്കാം.
എന്നാല് സാമിന്റെ രക്തത്തില് ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിനാണ് സയനേയ്ഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെ അപകടകരമായ അളവാണെന്നും ശ്വാസത്തിലൂടെയോ ത്വക്കിലൂടെയോ ശരീരത്തില് പ്രവേശിച്ചാല് ഇത്രയധികം അളവ് രക്തത്തില് പ്രകടമാകില്ല എന്ന് പ്രൊഫസര് ഗുഞ്ചന് കോടതിയെ അറിയിച്ചു. ചില ഭക്ഷണവസ്തുക്കള് ഒരുപാട് കൂടിയ അളവില് ശരീരത്തില് പ്രവേശിച്ചാലും സയനൈഡിന്റെ അംശം ഉണ്ടാകാമെന്നും, എന്നാല് ഇത്രയും അപകടകരമായ അളവില് വരില്ലെന്നും അദ്ദേഹം മൊഴി നല്കി. മാത്രമല്ല ഒറ്റയടിക്ക് ഇത് ശരീരത്തിനുള്ളില് ചെന്നാല് ചുമയ്ക്കുകയും ഛര്ദിക്കുകയും അബോധാവസ്ഥയിലായി ഹൃദയസ്തംഭനം മൂലം മരണമടയുകയുമാണ് ചെയ്യുക. എന്നാല് ഇവിടെ സാം ഛര്ദിച്ചതിന്റെ തെളിക്കുകള് ഒന്ന് കണ്ടെത്താന് കഴിയാത്തതിനാല് വളരെ ചെറിയ അളവില് ഏറെ നേരം കൊണ്ട് ശരീരത്തിലേക്ക് എത്തിയിരിക്കാനാണ് സാധ്യത. ഉറങ്ങിക്കിടന്ന സാമിന്റെ തല ഒരു കൈകൊണ്ട് ഉയര്ത്തിപ്പിടിച്ച ശേഷമാകാം ഇത് വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറെ നേരമെടുത്ത് ഒരു പക്ഷേ മണിക്കൂറുകള് എടുത്ത് ചെറിയ അളവില് വായിലേക്ക് ഒഴിച്ചുകൊടുത്തിരിക്കാമെന്നും പ്രൊഫസര് ഗുഞ്ചന് ജൂറിക്കു മുന്നില് പറഞ്ഞു. ഇതിനു പുറമെ ക്ലോണാസിപാം എന്ന മയക്കികിടത്താനുള്ള മരുന്നിന്റെ അംശവും ഈയത്തിന്റെ അംശവും സാമിന്റെ ശരീരത്തില് കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് ഒരു മണിക്കൂര് മുന്പെങ്കിലുമാണ് ഇത് ശരീരത്തില് പ്രവേശിച്ചിട്ടുള്ളതെന്നും ഫോറന്സിക് വിദഗ്ധന് ജൂറിക്ക് മുന്നില് പറഞ്ഞു. പ്രതികളുടെ അഭിഭാഷകര് പ്രൊഫസര് ഗുഞ്ചനെ ക്രോസ് വിസ്താരം നടത്തി. വിചാരണ തിങ്കളാഴ്ച തുടരും. കേസില് പ്രതികളായ സോഫിയയും അരുണ് കമലാസനനും കുറ്റം നിഷേധിച്ചിട്ടുണ്ട്.
ഹൈദരാബാദ്: വീടിന്റെ ടെറസില് നിന്നും നവജാതശിശുവിന്റെ തല കണ്ടെത്തി. കഴിഞ്ഞ ദിവസം ഉണ്ടായ ചന്ദ്രഗ്രഹണത്തോടനുബന്ധിച്ച് നടന്ന ശിശുബലിയാണോ ഇതെന്ന് സംശയം. ഇക്കാര്യത്തില് ഹൈദരാബാദ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഹൈദരാബാദ് ചിലുക നഗറിലെ വീടിന്റെ ടെറസില് നിന്നുമാണ് നവജാത ശിശുവിന്റെ തല കണ്ടെത്തിയത്.
വാടകവീട്ടില് താമസിക്കുന്ന സ്ത്രീ തുണികള് ഉണക്കാനായി ടെറസിലെത്തിയപ്പോഴാണ് നവജാത ശിശുവിന്റെ തല കണ്ടെത്തിയത്. തല കണ്ടയുടന് ബഹളംവെച്ച സ്ത്രീയുടെ ശബ്ദം കേട്ട് ഓടിയെത്തിയ അയല്വാസികളാണ് വിവരം പൊലീസില് അറിയിച്ചത്. തല ആദ്യം കണ്ട സ്ത്രീയുടെ മരുമകനായ ടാക്സി ഡ്രൈവര് രാജശേഖരനെ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നരഹരി, മകനായ രഞ്ജിത്ത് എന്നീ അയല്വാസികളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുടെ വീട്ടിലെ വേസ്റ്റ്ബാസ്കറ്റിനു സമീപത്തേക്കാണ് പൊലീസ് നായ എത്തിയത്.
അന്ധവിശ്വാസികളായ ഇവര് രണ്ടുപേരും പൂജകള് ചെയ്യാറുണ്ടായിരുന്നു. ശിശുവിന്റെ തലയ്ക്കു സമീപം ചോരപ്പാടുകള് ഇല്ലാത്തതിനാല് തല വെട്ടിയെടുത്ത ശേഷം ടെറസില് ഉപേക്ഷിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. ശിശുവിന്റെ ബാക്കി ശരീരഭാഗങ്ങള്ക്കായി തെരച്ചില് ആരംഭിച്ചിട്ടുണ്ട്.
ന്യൂഡല്ഹി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചുവെന്ന കാര്യം സ്ഥിരീകരിച്ച് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. ആരോപണത്തില് ആവശ്യമെങ്കില് നടപടി സ്വീകരിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. വഴിവിട്ട നടപടികള്ക്ക് പാര്ട്ടിയെ ആയുധമാക്കാന് ആരേയും അനുവദിക്കില്ല- യെച്ചൂരി വ്യക്തമാക്കി.
ജനറല് സെക്രട്ടറി എന്ന നിലയില് പല പരാതികളും തനിക്ക് ലഭിക്കാറുണ്ട്. അത്തരം പരാതികള് കൈകാര്യം ചെയ്യാന് പാര്ട്ടിക്ക് അതിന്റേതായ രീതിയുണ്ട്. പാര്ട്ടി നേതാക്കള്ക്കും കുടുംബാംഗങ്ങള്ക്കും പാര്ട്ടിയോ പദവിയോ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാന് അനുമതി നല്കിയിട്ടില്ല – യെച്ചൂരി പറഞ്ഞു.
എല്ലാ പരാതികളും അന്വേഷിക്കണമെന്നാണ് പാര്ട്ടി നിലപാട്. എന്നാല് ബിനോയ്ക്കെതിരായ പരാതിയില് ദുബായില് അന്വേഷണം നടക്കുന്നുണ്ടെന്നാണ് പരാതിക്കാര് അറിയച്ചത്. ആരോപണങ്ങള്ക്ക് സംസ്ഥാന ഘടകം മറുപടി നല്കിയിട്ടുണ്ട് , ആവശ്യമെങ്കില് തുടര് നടപടി എടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
എല്ലാ കേന്ദ്ര കമ്മറ്റി അംഗങ്ങളുടെയും ജീവിത പങ്കളികളുടെയും സ്വത്തുവിവരങ്ങള് പാര്ട്ടിയെ അറിയിക്കാറുണ്ടെന്നും എന്നാല് മക്കളുടെ സ്വത്തു വിവരങ്ങള് അറിയിക്കുന്ന പതിവില്ലെന്നും ജനറല് സെക്രട്ടറി പറഞ്ഞു.
മുംബൈ: പത്മാവത് രജ്പുതിനെ വാഴ്ത്തുന്ന ചിത്രം തന്നെയെന്ന് കര്ണിസേന. ചിത്രത്തില് നേരത്തെ ആരോപിക്കപ്പെട്ട തരത്തില് രജ്പുത് വിഭാഗത്തെ അപമാനിക്കുന്ന തരത്തില് ഒന്നും തന്നെയില്ലെന്ന് കര്ണിസേനയുടെ മുംബൈ തലവന് യോഗേന്ദ്ര സിങ് ഖട്ടാര്. ഒരു വര്ഷം നീണ്ട പ്രതിഷേധങ്ങള്ക്കൊടുവിലാണ് ചിത്രത്തെ അംഗീകരിച്ചു കൊണ്ട് കര്ണിസേന രംഗത്തു വരുന്നത്. നേരത്തെ ചിത്രത്തിനെതിരെ നടന്ന പ്രതിഷേധത്തില് സ്കൂള് ബസ് ഉള്പ്പെടെ കര്ണിസേന അണികള് അക്രമിച്ചിരുന്നു.

‘കര്ണിസേനയുടെ ദേശീയ പ്രസിഡന്റ് സുഖ്ദേവ് സിങ്ങും മറ്റ് അംഗങ്ങളും സിനിമ കണ്ടു. ചിത്രം രജ്പുതിനെ വാഴ്ത്തുന്നതാണെന്ന് മനസിലായി. മാത്രമല്ല ഓരോ രജ്പുത്രരും ഈ സിനിമ അഭിമാനത്തോടെ കണ്ടിരിക്കും. അലാവുദ്ദീന് ഖില്ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള് ചിത്രത്തിലില്ല. അതുകൊണ്ട് തന്നെ ചിത്രത്തിനെതിരായ എല്ലാ പ്രതിഷേധവും അവസാനിപ്പിക്കുകയാണ്. മാത്രമല്ല മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില് ചിത്രം റീലീസ് ചെയ്യാനുള്ള സഹായങ്ങള് തങ്ങള് ചെയ്യാം’- കര്ണിസേനയുടെ മുംബൈ തലവന് യോഗേന്ദ്ര സിങ് ഖട്ടാര് പറഞ്ഞതായി ഹിന്ദുസ്ഥാന് ടൈംസ് റിപ്പോര്ട്ട് ചെയ്യുന്നു.

അലാവുദ്ദീന് ഖില്ജിയും പത്മാവതിയുമായുള്ള പ്രണയരംഗങ്ങള് ചിത്രത്തിലുണ്ടെന്നും അത് മനപൂര്വ്വം സംവിധായകന് ചരിത്രത്തെ വളച്ചൊടിക്കാന് ഉള്പ്പെടുത്തിയതാണെന്നുമായിരുന്നു കര്ണിസേന ആരോപിച്ചത്. മധ്യപ്രദേശ്, രാജസ്ഥാന്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില് വന് പ്രതിഷേധമാണ് ചിത്രത്തിനെതിരെ നടന്നത്. കേരളത്തില് ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്നും കര്ണിസേന കേരളഘടകം പറഞ്ഞിരുന്നു.
റഷ്യ : സ്നേഹം നല്കിയാല് തിരികെ അതില് കൂടുതല് സ്നേഹം നല്കാന് മൃഗങ്ങളെക്കാള് മറ്റാര്ക്കും സാധിക്കില്ല എന്ന് തെളിയിക്കുന്ന സംഭവത്തിന്റെ കൗതുകകരമായ വാര്ത്തയാണ് റഷ്യയില് നിന്ന് പുറത്ത് വരുന്നത്. റഷ്യയിലെ ഒലെഗ് അലക്സാഡ്രോവ് ഒരു സര്ക്കസ് പരീശീലകനാണ്. സര്ക്കസിലെ അഭ്യാസപ്രകടനത്തിനിടയിലാണ് അറുപതടിയോളം ഉയരത്തില് നിന്നു വീണ് ഒലെഗിന്റെ കാലൊടിഞ്ഞത്. തുടര്ന്ന് നാലു മാസത്തോളം ഒലെഗ് ആശുപത്രിയില് ചികിത്സയിലായിരുന്നു. കുഞ്ഞുങ്ങളായിരിക്കുമ്പോള് മുതല് ഒലെഗ് വളര്ത്തിയ മൂന്ന് കരടികള് സര്ക്കസില് ഉണ്ടായിരുന്നു.
നൈഷേഗൊരോട്സ്കി സര്ക്കസിലാണ് ഒലോഗും മൂന്നു കരടികളും വര്ഷങ്ങളായി ജോലി ചെയ്യുന്നത്. ആശുപത്രിയിലായിരിക്കെ ഒലെഗിന്റെ പ്രധാന ആശങ്ക തിരികെയെത്തുമ്പോള് കരടികള് തന്നെ തിരിച്ചറിയുമോയെന്നതായിരുന്നു. നാലു മാസത്തെ ഇടവേളയ്ക്കു ശേഷം തിരികെയെത്തുമ്പോള് കരടികള്ക്ക് തന്നോടുള്ള സ്നേഹവും അടുപ്പവും ഇല്ലാതാക്കുമോയെന്നും ഒലെഗ് ഭയന്നിരുന്നു. എന്നാല് ചികിത്സ കഴിഞ്ഞെത്തിയ ഒലെഗിനെ സ്നേഹം കൊണ്ട് വീര്പ്പു മുട്ടിക്കുകയാണ് കരടികള് ചെയ്തത്. ആശുപത്രിയില് നിന്നു മടങ്ങിയെത്തിയ ഉടന് ഒലെഗ് വീല്ചയറിലിരുന്ന് ആദ്യം പോയത് കരടികളുടെ അടുത്തേക്കായിരുന്നു. അവ തന്നെ തിരിച്ചറിഞ്ഞ് ഓടിയെത്തിയപ്പോഴാണ് ഒലെഗിന് സമാധാനമായത്.
എന്നാല് കൂടുതല് അത്ഭുതങ്ങള് ഒലെഗിനെ കാത്തിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ഇപ്പോള് ഒലെഗിനെ പുറത്തു വീല്ചെയറില് ഇരുത്തി കൊണ്ടുപോകുന്നത് ഈ കരടികളാണ്. പ്രത്യേകിച്ചും ഒലെഗിനോട് ഏറ്റവും അടുപ്പമുള്ള യാഷ എന്ന പെണ്കരടി. മനുഷ്യരെപ്പോലെ ഒലെഗിനെയും ഇരുത്തി വീല്ചയര് തള്ളിക്കൊണ്ട് പോകുന്ന കരടികളെ കണ്ട് അദ്ഭുതപ്പെടുകയാണ് പ്രദേശവാസികള്. യാഷ ഒലെഗിനെ വീല്ചെയറിലിരുത്തി തെരുവിലൂടെ കൊണ്ടുപോകുന്ന ദൃശ്യങ്ങള് സമൂഹമാധ്യമങ്ങള് ഏറ്റെടുത്തു കഴിഞ്ഞു. മഞ്ഞു നിറഞ്ഞു കിടക്കുന്ന തെരുവിലൂടെ മറ്റൊരു പരിശീലകനേയും കൂട്ടിയാണ് യാഷ ഒലെഗിനൊപ്പം സവാരിക്കു പോകുന്നത്. കഴുത്തില് ബെല്റ്റുണ്ടെങ്കിലും അത് ആരെങ്കിലും പിടിക്കുകയോ വീല് ചെയറില് ബന്ധിക്കുകയോ ചെയ്യാതെയാണ് ഇവരുടെ യാത്ര.
ന്യൂയോര്ക്ക്: അര്ബുദ ചികിത്സ രംഗത്ത് വന് മുന്നേറ്റമുണ്ടാക്കുന്ന വാര്ത്തയുമായി ഗവേഷകര്. എലികളില് നടത്തിയ ആദ്യ ഘട്ട കാന്സര് വാക്സിന് പരീക്ഷണം വിജയം. അടുത്ത ഘട്ട പരീക്ഷണം മനുഷ്യരിലേക്കെന്ന് ഗവേഷകര് പറയുന്നു. ഇതിനായുള്ള ഗവേഷണ നടപടികള് പുരോഗമിക്കുകയാണ്. അര്ബുദത്തിനെതിരെ വികസിപ്പിച്ച രാസവസ്തു ചുണ്ടെലികളിലെ അര്ബുദം പൂര്ണ്ണമായി നീക്കം ചെയ്യാനായതായി സ്റ്റാന്ഫോഡ് സര്വകലാശാലയിലെ ഓങ്കോളജി പ്രൊഫസര് റൊണാള്ഡ് ലെവി പറയുന്നു.
പരീക്ഷണം വിജയമായതിനെ തുടര്ന്ന് ഇത് മനുഷ്യരില് പരീക്ഷിക്കാന് ഒരുങ്ങുകയാണ്. ‘സൂക്ഷ്മമായ അളവില് രണ്ട് പ്രതിരോധവര്ധക ഏജന്റ് കാന്സര് മുഴകളിലേക്ക് കുത്തിവെച്ചായിരുന്നു പരീക്ഷണം. ഈ രണ്ട് ഏജന്റ്കളെ ഒരുമിച്ച് ഉപയോഗിക്കുമ്പോള് ശരീരമാസകലമുള്ള മുഴകള് അപ്രത്യക്ഷമാവുന്ന കാഴ്ചയാണ് കണ്ടത്.’- ലെവി കൂട്ടിച്ചേര്ത്തു.
ലിംഫോമ കാന്സറിനെതിരെ 90 എലികളില് നടത്തിയ പരീക്ഷണത്തില് 87 എണ്ണവും പൂര്ണ്ണമുക്തിനേടിയതായും ഗവേഷകര് പറയുന്നു. അവശോഷിച്ച മൂന്നെണ്ണത്തിനും രണ്ടാംഘട്ട കുത്തിവെയ്പ്പ് നല്കണം. ഈ രാസ സംയുക്തം മനുഷ്യരില് പരീക്ഷിക്കുവാന് അംഗീകാരം ലഭിച്ചിട്ടുണ്ട്. 15 രോഗികളിലാണ് ആദ്യ പരീക്ഷണം നടത്തുക.
കൊച്ചി: സംശയത്തിന്റെ പേരില് ഭിക്ഷാടകരെ മര്ദ്ദിക്കുകയും ഫോണുകളില് പകര്ത്തി സോഷ്യല് മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്ന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിണറായി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്പ്പെട്ടാല് ജനങ്ങള് പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്. മറിച്ച് സംശയത്തിന്റെ പേരില് മാത്രം ഒരാളെ പിടികൂടി മര്ദ്ദിക്കുകയും, അത് മൊബൈല് ഫോണുകളില് പകര്ത്തി സോഷ്യല് മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്കൃത സമൂഹത്തിന് ചേര്ന്നതല്ലെന്നും പിണറായി തന്റെ കുറിപ്പില് പറയുന്നു.
ഭിക്ഷാടന സംഘങ്ങള് കുട്ടികളെ തട്ടിക്കൊണ്ടുപോകാന് സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില് ആശങ്ക വേണ്ടന്നും ഇക്കാര്യത്തില് ജാഗ്രത പുലര്ത്താന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്ണ്ണമായും ദൂരീകരിക്കാന് പട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്ദ്ദേശം നല്കിയിതായും പിണറായി പോസ്റ്റില് പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്ണ്ണരൂപം;
ഭിക്ഷാടന സംഘങ്ങള് കുട്ടികളെ തട്ടിക്കൊണ്ടുപോകാന് സംസ്ഥാനത്ത് എത്തിയെന്ന നവ മാധ്യമങ്ങളിലെ പ്രചരണങ്ങളില് ആശങ്ക വേണ്ട. ഇക്കാര്യത്തില് ജാഗ്രത പുലര്ത്താന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ജനങ്ങളുടെ ആശങ്ക പൂര്ണ്ണമായും ദൂരീകരിക്കാന് പട്രോളിംഗ് ശക്തമാക്കാനും ഭിക്ഷാടന സംഘങ്ങളെ നിരീക്ഷിക്കാനും പോലീസിന് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ജനമൈത്രി പോലീസ് സംവിധാനം ശക്തിപ്പെടുത്തി പ്രാദേശിക വിവരശേഖരണം കാര്യക്ഷമമാക്കാനും നിര്ദ്ദേശിച്ചിട്ടുണ്ട്. സംശയകരമായ എന്തെങ്കിലും ശ്രദ്ധയില്പ്പെട്ടാല് ജനങ്ങള് പൊലീസിനെ അറിയിക്കുകയാണ് വേണ്ടത്. മറിച്ച് സംശയത്തിന്റെ പേരില് മാത്രം ഒരാളെ പിടികൂടി മര്ദ്ദിക്കുകയും, അത് മൊബൈല് ഫോണുകളില് പകര്ത്തി സോഷ്യല് മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത് നമ്മുടേത് പോലുള്ള പരിഷ്കൃത സമൂഹത്തിന് ചേര്ന്നതല്ല.
കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലും മറ്റും സംശയത്തിന്റെ പേരില് മാത്രം ഇത്തരം സംഭവങ്ങള് ഉണ്ടായി. തെറ്റായ പ്രവണതകളിലേക്ക് സമൂഹത്തെ നയിക്കാന് മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.
സമൂഹത്തില് അരാജകത്വം സൃഷ്ടിക്കാന് ചിലര് ബോധപൂര്വ്വമായി ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പ്രാദേശിക ഭരണ സംവിധാനങ്ങള്, റസിഡന്സ് അസോസിയേഷനുകള് തുടങ്ങിയവര് ഇക്കാര്യത്തില് ജാഗ്രത പുലര്ത്തണം.
കൊച്ചി: വിമന് ഇന് സിനിമാ കളക്ടീവിന് പുറമെ മലയാള സിനിമയിലെ വനിതകള്ക്ക് പുതിയ കുട്ടായ്മ. ഫെഫ്കയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിച്ചിരിക്കുന്നത്. ഡബ്ബിങ് ആര്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ അധ്യക്ഷതയിലാണ് പുതിയ സംഘടനയുടെ കോ ഓര്ഡിനേഷന് കമ്മിറ്റി യോഗം ചേര്ന്നത്. കൊച്ചിയിലായിരുന്നു ആദ്യ യോഗം
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വിമണ് ഇന് സിനിമാ കളക്ടീവ് എന്ന പേരില് പുതിയ സിനിമാ സംഘടന രൂപീകരിച്ചത്. എന്നാല് പ്രസ്തുത സംഘടനയോട് നിരവധി വനിതാ സിനിമാ പ്രവര്ത്തകര് വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഫെഫ്കയുടെ നേതൃത്തില് രൂപികരിച്ച പുതിയ കൂട്ടായ്മയുടെ ഭാരവാഹികളെ പിന്നീട് പ്രഖ്യാപിക്കും.
തൃശൂര്:ഇരിങ്ങാലക്കുടയില് സഹോദരിയെ ശല്യ ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മര്ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. ഇരിങ്ങാലക്കുട സ്വദേശി മിഥുനെന്നയാളുടെ ആത്മഹത്യ കുറിപ്പാണ് പുറത്തു വന്നിരിക്കുന്നത്. മിഥുന്റെ മര്ദ്ദനത്തെ തുടര്ന്നാണ് സുജിത് വേണുഗോപാല് എന്ന് യുവാവ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഒളിവില് പോയ മിഥുനെ ഇന്ന് രാവിലെ ഇരിങ്ങാലക്കുട ഐക്കര കുന്നിലെ ഒരു വീട്ടു വളപ്പില് കൈ ഞരമ്പ് മുറിച്ച നിലയില് കണ്ടെത്തുകയായിരുന്നു.
മിഥുനെ അതീവ ഗുരുതരാവസ്ഥയില് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തെ മിഥുന്റെ മര്ദ്ദനത്തില് മാരകമായി പരിക്കേറ്റ സുജിത്തിനെ ആശുപത്രിയില് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്ക്കു തരാന് ഉള്ളു അതില് കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന് എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന് കഴിയില്ലെന്ന് മിഥുന്റെ ആത്മഹത്യാകുറിപ്പില് പറയുന്നു
ആത്മഹത്യകുറിപ്പിന്റെ പൂര്ണ്ണ രൂപം;
അറിഞ്ഞു കൊണ്ട് ചെയ്തതല്ല പറ്റിപോയി ഒരിക്കലും തിരുത്താന് പറ്റാത്ത തെറ്റാണ് ആ തെറ്റിന് എന്റെ ജീവനല്ലാതെ വേറൊന്നും തരാനില്ല എനിക്ക് ഒരാള് നമ്മുടെ മുഖത്ത് നോക്കി പലവട്ടം ശിഖണ്ഡി എന്നൊക്കെ വിളിക്കുമ്പോള് ആരായാലും പ്രതികരിക്കില്ലേ അവന് മരിക്കണം എന്ന് ചിന്തിച്ചിട്ട് പോലുമില്ല ഞാന് സത്യം പറഞ്ഞാല് ഒരു സ്വപ്നം കണ്ടപോലെ ആണ് എനിക്കിപ്പോഴും തോന്നുന്നത്.
എനിക്ക് വിശ്വസിക്കാന് കഴിയുന്നില്ല ജീവിതത്തില് ആദ്യമായാണ് ഒരാളെ അടിക്കുന്നത് അയാള് മരിക്കന്നു എന്റെ അവസ്ഥ *** ആലോചിച്ചു നോക്കു എത്ര ഭീകരമായ അവസ്ഥ ആണെന്ന്
പിന്നെ നിന്റെ ചേച്ചിയെ ഒരിക്കലും ഞാന് ശല്യം ചെയ്തിട്ടില്ല എനിക്ക് ഇഷ്ടമാണെന്നോ ഇഷ്ടപ്പെടണം അങ്ങനെ ഒന്നും ഞാന് പറഞ്ഞിട്ടില്ല. ഒരു നോട്ടം കൊണ്ട് പോലും അതിനെ തെറ്റായി ഞാന് കണ്ടിട്ടില്ല.
അവളെ പോലെ ഒരു നല്ല കുട്ടിയെ ഭംഗി കൊണ്ടല്ല സ്വഭാവം കൊണ്ട് ഇതുവരെയുള്ള ലൈഫില് ഞാന് കണ്ടിട്ടില്ല എന്തുകൊണ്ടാണ് അവള് എന്റെ കണ്ണില് ഒരു ഭ്രാന്തായി മാറിയതെന്ന് അറിയോ അവസാന കാലം വരെ കൂടെ ഉണ്ടാകും എന്നുള്ള ഉറപ്പ്.
ഇപ്പോഴത്തെ കുറെ പെണ്കുട്ടികള് ഉണ്ട് നാല് ദിവസം ഭര്ത്താവിന്റെ കൂടെ അഞ്ചാം ദിവസം അവര് വേറെ ആരുടെ എങ്കിലും കൂടെ ആകും അങ്ങനെ ആകില്ല എന്നുറപ്പുള്ളത് കൊണ്ട് അതുപോലെയുള്ള അമ്മയെ ഭാര്യയെ മകളെ കിട്ടാന് പുണ്യം ചെയ്യണം എന്തായാലും എല്ലാം കഴിഞ്ഞു
വേഗം ഒരു ജോലിക്ക് പോയി ചേച്ചിക്ക് ഹെല്പ് ചെയ്യണം എല്ലാവരോടും good bye
ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്ക്കു തരാന് ഉള്ളു അതില് കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന് എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന് കഴിയില്ല വേദനിപ്പിച്ചതിനു ഒരിക്കല് കൂടെ മാപ്പ് പറയാണ്
all of you thank you and good bye
മുസ്ലിം യുവതിയുമായി പ്രണയത്തിലായിരുന്ന 23കാരനായ ഫോട്ടോഗ്രാഫറെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ചേർന്ന് നാട്ടുകാർ നോക്കിനിൽക്കെ നടുറോഡിൽ വെട്ടിക്കൊന്നു. കഴിഞ്ഞ ദിവസം രാത്രി ഡൽഹിയിൽ നടന്ന സംഭവത്തെ തുടർന്ന് പെൺകുട്ടിയുടെ അമ്മ, അച്ഛൻ, അമ്മാവൻ തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തു .
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഇരുപത് വയസുള്ള യുവതിയുമായി കൊല്ലപ്പെട്ട അങ്കിത് മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധത്തിന് പെൺകുട്ടിയുടെ കുടുംബം എതിരായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന അങ്കിതിനെ പെൺകുട്ടിയുടെ കുടുംബം ആക്രമിക്കുകയായിരുന്നു. അങ്കിതിന്റെ വീട്ടിന് തൊട്ടടുത്തായി ഒളിച്ച് നിന്ന സംഘം മൂർച്ചയേറിയ ആയുധം കൊണ്ട് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് അങ്കിതിന്റെ അമ്മ പുറത്ത് വന്നപ്പോൾ മകൻ കുത്തേറ്റ് കിടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് അങ്കിതിന്റെ അയൽവാസി ആയിരുന്നപ്പോഴാണ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ യുവതി ഇയാളുമായി പ്രണയത്തിലാകുന്നത്. എന്നാൽ കുടുംബം ഇവിടെ നിന്നും മാറി താമസിച്ചെങ്കിലും ഇരുവരും തങ്ങളുടെ പ്രണയ ബന്ധം തുടർന്നു. ഇതേച്ചൊല്ലി പലപ്രാവശ്യം അങ്കിതും പെൺകുട്ടിയുടെ കുടുംബവും തമ്മിൽ തർക്കമുണ്ടായിരുന്നതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിജയ് കുമാർ വ്യക്തമാക്കി.