Latest News

ന്യൂഡല്‍ഹി: ഹൈക്കോടതി തനിക്കെതിരായി സ്വീകരിച്ച കോടതിയലക്ഷ്യ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ വാദം കേള്‍ക്കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നടപടി ക്രമങ്ങള്‍ പാലിക്കാതെ ഹൈക്കോടതിക്കു ജേക്കബ് തോമസിനെ ജയിലിലേക്ക് അയക്കാന്‍ കഴിയില്ലല്ലോയെന്ന് ചോദിച്ച കോടതി അടിയന്തര സാഹചര്യമുണ്ടെന്ന ജേക്കബ് തോമസിന്റെ അഭിഭാഷകന്റ വാദം തള്ളി. ഹൈക്കോടതി കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതും തിങ്കളാഴ്ചയാണ്.

ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമുന്നയിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയ സംഭവത്തിലാണ് ജേക്കബ് തോമസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഏപ്രില്‍ 2ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സ്പീഡ് പോസ്റ്റില്‍ അയച്ച നോട്ടീസില്‍ കോടതി അറിയിച്ചു.

രണ്ടു ജഡ്ജിമാര്‍ തനിക്കെതിരെ നിരന്തരം വിമര്‍ശനം നടത്തുകയാണെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഴിമതിക്കേസുകള്‍ വിജിലന്‍സ് എഴുതിത്തള്ളിയെന്നും ആരോപിച്ച ജേക്കബ് തോമസ് ഇതിനു പിന്നിലെഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ട തന്നെ പീഡിപ്പിക്കാനും നിശബ്ദനാക്കാനും ശ്രമം നടന്നുവെന്ന് ജേക്കബ് തോമസ് പരാതിയില്‍ പറഞ്ഞിരുന്നു.

ഹവായില്‍ ഹോണാലുലുവിലുള്ള ഒരു വീടിന്റെ മുകളില്‍ നിന്നുകൊണ്ട് ബേസ്‌ബോള്‍ തട്ടിക്കളിക്കുന്നതിനിടെ താഴേക്കു വീണയാള്‍ അതിനപ്പുറത്തുള്ള കെട്ടിടത്തിനും അയാള്‍ നിന്ന കെട്ടിടത്തിനും ഇടയിലുള്ള വിടവിലേക്കാണ് വീണത്. 10 അടി താഴത്തേക്ക് പോയെങ്കിലും ഭിത്തികള്‍ക്കിടയില്‍ കുരുങ്ങി നിന്നതിനാല്‍ അയാള്‍ താഴെയും എത്തിയില്ല, ആ വിടവിനാകട്ടെ 10 ഇഞ്ച് വിസ്താരം മാത്രമേ ഉണ്ടായിരുന്നുള്ളൂ താനും!  55-കാരനായ മൈക്കിനാണ് ഈ ദുര്‍ഗതി ഉണ്ടായത്. ഇയാള്‍ക്ക് സ്വന്തമായി വീടും കുടിയുമൊന്നുമില്ലാത്തയാളാണെന്ന് പറയപ്പെടുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവമുണ്ടായത്. ഒടുവില്‍ നാട്ടുകാര്‍ അഗ്നിശമന സേനയുടെ സഹായം തേടി.

അവരെത്തി ആദ്യം മുകളില്‍ നിന്ന് ഒരു കയര്‍ ഇട്ടു കൊടുത്ത് മൈക്കിനോട് അതില്‍ പിടിച്ചു കയറി വരുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ രണ്ടു ഭിത്തികള്‍ക്കിടയില്‍ അമര്‍ന്ന് ഇരുന്നതിനാല്‍ അയാള്‍ക്ക് അനങ്ങാന്‍ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് അഗ്നിശമനസേന ആ ശ്രമം ഉപേക്ഷിച്ചു.  പിന്നീട് ഭിത്തി തുരന്ന് അയാളെ അതിലൂടെ പുറത്തെടുക്കുവാന്‍ അവര്‍ തീരുമാനിച്ചു. നല്ല കനത്തിലുളള കോണ്‍ക്രീറ്റ് ഭിത്തി തുരക്കുന്നത് ശ്രമകരമായ കാര്യമായിരുന്നു. അതിനായി അവര്‍ ജാക്ക് ഹാമ്മര്‍ , സര്‍ക്കുലര്‍ സോ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മൈക്ക് പേടിച്ച് അലറാന്‍ തുടങ്ങി. ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ശബ്ദവും അതില്‍ നിന്ന് ചിതറിത്തെറിക്കാനിടയുള്ള കോണ്‍ക്രീറ്റ് കഷണങ്ങളെ കുറിച്ചുള്ള ചിന്തയുമൊക്കെ മൈക്കിനെ ഭയചകിതനാക്കി.

ആ ടൈല്‍ പതിച്ച ഭിത്തിക്കപ്പുറം കോണ്‍ക്രീറ്റ് ചെയ്ത ചുവരും റീബാറുമുണ്ടായിരുന്നു. ഇവയെല്ലാം തുരന്നെങ്കില്‍ മാത്രമേ മൈക്ക് നില്‍ക്കുന്നതിനടുത്ത് എത്തുമായിരുന്നുള്ളൂ എന്ന് ഹോണാലുലു ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ് ക്യാപ്റ്റന്‍ ആല്‍ബെര്‍ട്ട് മക്കെല്ലാം പറഞ്ഞു.  ആ കെട്ടിടത്തില്‍ വാടകയ്ക്കു താമസിക്കുന്നയാളാണ് മൈക്ക് അവിടെ നിന്ന് ബേസ്‌ബോള്‍ തട്ടിക്കളിക്കുന്നതു കണ്ട് അയാളോട് അവിടെ നിന്ന് പോകാന്‍ ആവശ്യപ്പെടാനായി സെക്യൂരിറ്റിയെ വിളിച്ചത്. താന്‍ എത്തുമ്പോഴേയ്ക്കും ഒരു നീളന്‍ കമ്പ് ഉപയോഗിച്ച്, ആ വിടവിലേക്ക് വീണു പോയ പന്തെടുക്കാനായി മൈക്ക് ശ്രമിച്ചു കൊണ്ടിരിക്കയായിരുന്നെന്നും താന്‍ അടുത്തെത്തുമ്പോഴേക്കും അയാളും വിടവിലേക്ക് വീണു കഴിഞ്ഞിരുന്നുവെന്നും സെക്യൂരിറ്റിക്കാരന്‍ പിന്നീട് പറഞ്ഞു.

ഏതായാലും മൈക്കിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിടങ്ങളിലെ സുരക്ഷയെ കുറിച്ച് അടുത്തയാഴ്ച നിരീക്ഷണം നടത്താന്‍ ഉദ്ദേശിച്ചിരിക്കുകയാണ് അധികൃതര്‍. മൈക്ക് സദാസമയവും ആ പരിസരങ്ങളിലൊക്കെ തന്നെ കാണുമെന്നും ഇങ്ങനെയുള്ളവരെ ആദ്യം നീക്കം ചെയ്യണമെന്നും അടുത്തുള്ള ഒരു റസ്റ്റോറന്റുടമ അരിശത്തോടെ പറഞ്ഞു. അല്ലെങ്കില്‍ നാം നികുതിയടക്കുന്ന പണം ഇത്തരക്കാര്‍ വരുത്തിവയ്ക്കുന്ന ഇത്തരം മെനക്കേടുകള്‍ക്ക് ചെലവാക്കേണ്ടി വരും എന്ന് അയാള്‍ രോഷം കൊണ്ടു!

ന്യൂഡല്‍ഹി: മുസ്ലീം സമുദായത്തില്‍ നിലവിലുള്ള ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീം കോടതി. മുത്തലാഖ് വിധിക്കു ശേഷം സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും മറ്റു കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചു.

മുസ്ലീം സമുദായത്തിലെ ഈ രീതികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. ഒരു ഭാര്യയുണ്ടായിരിക്കുമ്പോള്‍ മുസ്ലീം പുരുഷന്‍മാര്‍ വീണ്ടും വിവാഹം കഴിക്കുന്നത്. അനുവദിക്കരുതെന്നും ഹര്‍ജികള്‍ ആവശ്യപ്പെടുന്നു. സ്ത്രീകള്‍ക്ക് ഇത്തരം അവകാശങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ഇവ സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നവയാണെന്നും ഹര്‍ജികള്‍ പറയുന്നു.

വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം അതേ സ്ത്രീയെ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് ബന്ധം വേര്‍പെടുത്തേണ്ടതുണ്ട്. ഇതിനെയാണ് നിക്കാഹ് ഹലാല എന്ന് പറയുന്നത്. ഈ ആചാരവും ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹര്‍ജികള്‍ വാദിക്കുന്നത്.

മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ വന്‍ കഞ്ചാവു വേട്ട. അറുപത് കിലോ കഞ്ചാവുമായി സ്ത്രീ അടക്കം മൂന്നുപേര്‍ പിടിയിലായി‍. ഇടുക്കി സ്വദേശി അഖില്‍ ആന്ധ്രക്കാരായ ശ്രീനിവാസ്, നാഗദേവി എന്നിവരാണ് പിടിയിലായത്. മലപ്പുറം എസ്പിക്ക് രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.

രണ്ടുമുതൽ രണ്ടേകാൽ കിലോ വരെയുള്ള 27 പാക്കറ്റുകളിലായാണ് കാറിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിൽ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവെത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലയിൽ അടുത്തിടെ നടന്ന വലിയകഞ്ചാവ് വേട്ടയാണിത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയക്ക് നാണംകെട്ട തോൽവി. 322 റൺസിനാണ് ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ തകർത്തത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 425 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ കേവലം 103 റൺസിന് പുറത്താവുകയായിരുന്നു. ജയത്തോടെ ദക്ഷിണാഫ്രിക്ക നാല് മത്സരങ്ങളുളള പരമ്പരയിൽ 2-1 ന് മുന്നിലെത്തി.

പന്തിൽ കൃതൃമത്വം കാട്ടി ദക്ഷിണാഫ്രിക്കയെ വീഴ്ത്താൻ ശ്രമിച്ച സ്റ്റീവ് സ്മിത്തും സംഘവും കൈയ്യോടെ പിടിക്കെപ്പെട്ട മത്സരമായിരുന്നു കേപ്ടൗണിലേത്. നാലാം ദിനം കളത്തിൽ ഇറങ്ങും മുൻപ് സ്റ്റീഫ് സ്മിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാണ് ഓസ്ട്രേലിയ ഇറങ്ങിയത്. ഡേവിഡ് വാർണ്ണറിന് ഉപ നായകൻ സ്ഥാനം നഷ്ടപ്പെട്ടിരുന്നു.

അർധസെഞ്ചുറി നേടിയ ഡിവില്ലിയേഴ്സിന്റേയും, ക്വിന്റൺ ഡിക്കോക്കിന്റേയും, ഫിലാണ്ടറുടെയും മികവിലാണ് ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയക്ക് 425 എന്ന കൂറ്റൻ വിജയലക്ഷ്യം സമ്മാനിച്ചത്. ഡിവില്ലിയേഴ്സ് 63ഉം, ഡിക്കോക്ക് 65ഉം, ഫിലാണ്ടർ 52 റൺസുമാണ് നേടിയത്.

റെക്കോഡ് വിജയലക്ഷ്യം തേടി ഇറങ്ങിയ കങ്കാരുപ്പട മികച്ച തുടക്കമാണ് നേടിയത്. ആദ്യ വിക്കറ്റിൽ 57​ റൺസ് കൂട്ടുകെട്ട് ഉണ്ടാക്കി വിവാദ താരം ബാൻകോഫ്റ്റും ഡേവിഡ് വാർണ്ണറും കരുതലോടെ തുടങ്ങി. എന്നാൽ സാഹസീകമായൊരു റണ്ണൗട്ടിലൂടെ ബാൻകോഫ്റ്റിനെ( 26) പുറത്താക്കി നായകൻ ഡുപ്ലിസി കങ്കാരുവേട്ടയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത ഓവറിൽ ഡേവിഡ് വാർണ്ണറെ(32) വീഴ്ത്തി റബാഡ ഓസ്ട്രേലിയയെ വിറപ്പിച്ചു. പിന്നാലെ ഓസ്ട്രേലിയ കങ്കാരുപ്പട ചീട്ട് കൊട്ടാരം പോലെ വീഴുകയായിരുന്നു.

നാലാമനായി ക്രീസിൽ എത്തിയ നായകൻ സ്റ്റീഫ് സ്മിത്തിനെ ദക്ഷിണാഫ്രിക്കൻ ആരാധകർ കൂകി വിളിയോടെയാണ് സ്വീകരിച്ചത്. 7 റൺസ് മാത്രം എടുത്ത സ്മിത്തിനെ മോർക്കൽ മടക്കിയപ്പോൾ മത്സരം വിജയിച്ച ആവേശയമായിരുന്നു ദക്ഷിണാഫ്രിക്കൻ​ താരങ്ങൾക്കും ആരാധകർക്കും. 5 വിക്കറ്റ് വീഴ്ത്തി മോണി മോർക്കലും, 2 വിക്കറ്റ് വീഴ്ത്തി കേശവ് മഹാരാജും ദക്ഷിണാഫ്രിക്കയെ തകർത്ത് വിടുകയായിരുന്നു. സ്കോർ ബോർഡിൽ 103 റൺസ് മാത്രമെ കങ്കാരുപ്പടയ്ക്ക് നേടാനായുളളു.

കൊച്ചി: സിനിമയില്‍ തന്നെ ഒതുക്കാനുള്ള മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നതായി സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍. അടുത്തിടെ പുറത്തിറങ്ങിയ ഇര എന്ന ചിത്രത്തില്‍ ഗോകുല്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന് പ്രേക്ഷക പിന്തുണ ലഭിച്ചില്ല. ചിത്രത്തിനെതിരെ മോശം റിവ്യൂ എഴുതിയ മാതൃഭൂമിക്കെതിരെ പ്രതിഷേധവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു.

മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് തന്നെ ഒതുക്കാനുള്ള ശ്രമം നടക്കുന്നതായി ഗോകുല്‍ സുരേഷ് വ്യക്തമാക്കിയിരിക്കുന്നത്. നിര്‍മ്മാതാക്കള്‍ പോലും തന്നെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ മടികാണിക്കുന്നതായി ഗോകുല്‍ പറയുന്നു. ഒതുക്കാനുള്ള ശ്രമത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. പ്രേക്ഷകരെ വഞ്ചിക്കാത്ത സിനിമ ചെയ്യണമെന്നതാണ് ആഗ്രഹമെന്നും ഓരോ സിനിമ തിരഞ്ഞെടുക്കുമ്പോഴും പുതുമയുടെ ഏതെങ്കിലും അംശം ഉണ്ടോ എന്നു നോക്കാറുണ്ടെന്നും ഗോകുല്‍ അഭിമുഖത്തില്‍ പറയുന്നു.

ഈയിടെ പുറത്തിറങ്ങിയ മാസ്റ്റര്‍പീസ് എന്ന ചിത്രത്തിലും ഗോകുല്‍ സുരേഷ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണോ ഒതുക്കല്‍ ശ്രമത്തിന് പിന്നില്‍ എന്ന കാര്യത്തെക്കുറിച്ചും വ്യക്തത കൈവന്നിട്ടില്ല. ആരൊക്കെ മോശമാക്കാന്‍ ശ്രമിച്ചാലും കഴിവുള്ളയാള്‍ക്ക് ഉയര്‍ന്നുവരാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നു ഞാന്‍ വിശ്വസിക്കുന്നുവെന്ന് ഗോകുല്‍ പറയുന്നു.

മുംബൈ: മിനിമം ബാലന്‍സ് ഇല്ലാത്ത എസ്ബിഐ അക്കൗണ്ടുകള്‍ വഴി ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് നടത്തിയാല്‍ 17 മുതല്‍ 25 രൂപ വരെ പിഴ ഈടാക്കുമെന്ന് എസ്ബിഐ. രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നിലനില്‍ക്കെയാണ് ബാങ്കിന്റെ പുതിയ നടപടി.

മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടിലെ എടിഎം ഉപയോഗിച്ച് ഏതെങ്കിലും എടിഎമ്മിലോ സൂപ്പര്‍മാര്‍ക്കറ്റിലോ പണമിടപാട് നടത്തിയാല്‍ ബാങ്ക് പിഴ ഈടാക്കും. പിഴ തുകയ്ക്കൊപ്പം ജിഎസ്ടിയും ഉപഭോക്താക്കള്‍ നല്‍കേണ്ടി വരും. മിനിമം ബാലന്‍സ് വര്‍ധിപ്പിച്ച ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നതോടെ മിനിമം ബാലന്‍സ് പരിധി 5000 രൂപയില്‍ നിന്ന് 1000 രൂപയാക്കി കുറച്ചിരുന്നു.

ചെക്ക് മടങ്ങിയാലും ഇടപാട് നിഷേധിക്കുമ്പോഴും 25 രൂപവീതമാണ് ഇടപാടുകാരനില്‍നിന്ന് ബാങ്ക് ഈടാക്കുന്നത്. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കുമാണ് ഇത്തരത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നത്. ഇത് താരതമ്യേന കുറഞ്ഞ തുകയാണെന്നും ബാങ്കുകള്‍ വാദിക്കുന്നു.

ബെംഗളൂരുവില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഒല ടാക്സി ഡ്രൈവര്‍ തൃശൂര്‍ സ്വദേശി റിന്‍സണ്‍ ആണ് കൊല്ലപ്പെട്ടത്. ഹൊസൂരിലെ ഭദ്രാപ്പള്ളിയിലെ ഒാടയില്‍നിന്നാണ് മൃതദേഹം ലഭിച്ചത്. റിന്‍സണ്‍ ഉപയോഗിച്ച കാര്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ പതിനെട്ടിന് അവസാന ട്രിപ്പും കഴിഞ്ഞു എലഹന്ന പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും ആണ് റിന്‍സന്റെ ഫോൺ സ്വിച്ച് ഓഫ് ആയത്. അതിനു ശേഷം കഴിഞ്ഞ എട്ടു ദിവസങ്ങളായി യുവാവിനെ പറ്റി യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇന്നലെ ഹൊസൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ നിന്നും അജ്ഞാത മൃതദേഹം എന്ന് പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തുകയും മൃതദേഹം റിന്‍സനിന്റെ ആണ് എന്ന് തിരിച്ചറിയുകയുമായിരുന്നു. ഹൊസൂർ തന്നെ സ്കൂളിന് തൊട്ടു അടുത്തുള്ള ഓടയിൽ നിന്നും ആണ് മൃതദേഹം ലഭിച്ചത്. ശരീരത്തിൽ മാരകമായി മുറിവേറ്റ പാടുകൾ ദൃശ്യമാണ്. കാണാതാകുന്നതിന്റെ അന്ന് രാത്രിയിൽ മുന്ന് മണിക്ക് ശേഷം ഇലക്ട്രോ സിറ്റിക്ക് സമീപത്തെ ടോൾ ഗേറ്റിൽ കൂടി റിന്സന്റെ വാഹനം കടന്നു പോകുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട് ആ സമയത്തു യുവാവിനൊപ്പം മറ്റു മൂന്ന് പേർകൂടി വാഹനത്തിൽ ഉണ്ടായിരുന്നതായി ദൃശ്യങ്ങളിൽ വക്തമാണ്. കൊലപ്പെടുത്തി വാഹനം തട്ടിയെടുത്തതായി പോലീസ് സംശയിക്കുന്നു

ഷിബു മാത്യൂ
മിശിഹായുടെ രാജത്വത്തെയും കര്‍തൃത്വത്തേയും അനുസ്മരിപ്പിക്കുന്ന ഓശാന തിരുന്നാള്‍ ലീഡ്‌സ് സീറോ മലബാര്‍ ചാപ്ലിന്‍സിയില്‍ നടന്നു. സെന്റ് വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഇന്നലെ രാവിലെ 10.30ന് ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ. സ്‌കറിയാ നിരപ്പേല്‍ സഹകാര്‍മ്മീകത്വം വഹിച്ചു. പാരീഷ് ഹാളില്‍ നിന്ന് തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഫാ. മാത്യൂ മുളയോലില്‍ കുരുത്തോല വെഞ്ചരിച്ച് വിശ്വാസികള്‍ക്ക് നല്‍കി. തുടര്‍ന്ന് കുരുത്തോലയും കുരിശും വഹിച്ചു കൊണ്ട് വിശ്വാസ സമൂഹം പ്രദക്ഷിണമായി ദേവാലയത്തിലെത്തിന്റെ പ്രധാന കവാടത്തിലെത്തി. തുടര്‍ന്ന് ദേവാലയ കവാടം മുട്ടിത്തുറക്കുന്ന കര്‍മ്മം നടന്നു. ഒരുങ്ങി നിന്ന കന്യകമാര്‍ മണവാളനോടൊത്ത് അകത്തു പ്രവേശിച്ചതിനേയും അല്ലാത്തവര്‍ കര്‍ത്താവേ, തുറന്നു തരണമേ എന്ന് അപേക്ഷിച്ചതിനേയും ഈ തിരുക്കര്‍മ്മം അനുസ്മരിപ്പിക്കുന്നു. വാതില്‍ക്കല്‍ മുട്ടുന്ന കര്‍ത്താവിനെ ഹൃദയ കവാടം തുറന്ന് സ്വീകരിക്കാനും മിശിഹായെ രാജാവും രക്ഷകനുമായി ഏറ്റുപറയുവാനും ഈ ദിവസം തിരുസഭാ മാതാവ് ആഹ്വാനം ചെയ്യുന്നു. പ്രദക്ഷിണം ദേവാലയത്തിയതിനു ശേഷം ദിവ്യബലി തുടര്‍ന്നു.

ഫാ. സ്‌കറിയാ നിരപ്പേല്‍ ഓശാന തിരുന്നാള്‍ സന്ദേശം നല്‍കി. ഈശോയെ വഹിക്കാന്‍ തയ്യാറാകുമ്പോള്‍ മാത്രമേ കുടുംബങ്ങളില്‍ സന്തോഷം അനുഭവിക്കാന്‍ സാധിക്കത്തുള്ളൂ. കര്‍ത്താവിന് നിന്നെക്കൊണ്ട് ആവശ്യമുണ്ട്. ആ തിരിച്ചറിവ് നമുക്കുണ്ടാകണം. ഫാ. സ്‌കറിയാ നിരപ്പേല്‍ തന്റെ ഓശാന തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രസിദ്ധമായ തമുക്ക് നേര്‍ച്ച നടന്നു. ഫാ. മാത്യൂ മുളയോലില്‍ തമുക്ക് നേര്‍ച്ച വെഞ്ചരിച്ചു.

ലീഡ്‌സ് ചാപ്ലിന്‍സിയിലെ തമുക്ക് നേര്‍ച്ച വളരെ പ്രസിദ്ധമാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ ചാപ്ലിന്‍ ആയിരുന്ന റവ. ഫാ. ജോസഫ് പൊന്നേത്ത് തുടങ്ങിവെച്ചതാണ് തമുക്ക് നേര്‍ച്ച. നിലവിലെ ചാപ്ലിന്‍ റവ. ഫാ. മാത്യൂ മുളയോലിയുടെ നേതൃത്വത്തില്‍ ഇപ്പോഴും പൂര്‍വ്വാധികം ഭംഗിയായി തുടരുന്നു. പള്ളിക്കമ്മറ്റിയാണ് തമുക്ക് നേര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ചാപ്ലിന്‍സിയുടെ കീഴിലുള്ള കുടുംബങ്ങളാണ് തമുക്ക് നേര്‍ച്ചയ്ക്കുള്ള സാധനങ്ങള്‍ ഒരുക്കുന്നത്.

ചാപ്ലിന്‍സിയുടെ കീഴിലുള്ള വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങള്‍ക്ക് പുറമേ രൂപതയുടെ പല ഭാഗങ്ങളില്‍ നിന്നും ധാരാളം വിശ്വാസികള്‍ ഇക്കുറി തമുക്ക് നേര്‍ച്ചയ്‌ക്കെത്തി. ചാപ്ലിന്‍സിയുടെ അകത്തു നിന്നും പുറത്തു നിന്നുമായി എത്തിച്ചേര്‍ന്ന എല്ലാ വിശ്വാസികള്‍ക്കും ഫാ. മാത്യൂ മുളയോലില്‍ നന്ദി പറഞ്ഞു..

അറവു മാലിന്യം കയറ്റിയ കണ്ടയ്നർ കൊല്ലം തിരുമംഗലം ദേശീയ പാതയിൽ ഉപേഷിക്കപ്പെട്ട നിലയിൽ. തമിഴ്നാട്ടിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ച കണ്ടയ്നറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ആര്യക്കാവ് കോട്ടവാസൽ ഭാഗത്താണ് മൂന്ന് ദിവസമായി കണ്ടയ്നറും ലോറിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.കടുത്ത ദുർഗന്ധമാണ് പ്രദേശത്ത് .അറവുമാലിന്യമാണ് കണ്ടയ്നറിനുള്ളിലെന്ന് വ്യത്തമായി . ജനരോക്ഷം ഭയന്ന് ഡ്രൈവറും രക്ഷപെട്ടതയാണ് സൂചന.

മാലിന്യം നിറച്ച വാഹനം ദേശിയ പാതയിൽ കിടക്കുന്നതിനാൽ പരിസരവാസികൾക്കും യാത്ര ക്കാർക്കും ബുധിമുട്ട് ഉണ്ടാക്കുന്നത് പഞ്ചായത്ത് ശ്രദ്ധിക്കുന്നുമില്ല.

Copyright © . All rights reserved