സ്വിൻഡൻ : വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം “ആർപ്പോ 2025” സ്വിൻഡനിലെ മെക്കാ ഓഡിറ്റോറിയത്തിൽ വച്ച് ഇക്കഴിഞ്ഞ ഞായറാഴ്ച സെപ്റ്റംബർ 21ന് അതിഗംഭീരമായി ആഘോഷിച്ചു. വിൽഷെയർ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ജിജി സജി അധ്യക്ഷയായും സ്വിൻഡൻ മേയർ ഫെയ് ഹൊവാർഡ് ഉദ്ഘാടനം നിർവഹിച്ച ഓണാഘോഷ പരിപാടിയിൽ മുഖ്യ അതിഥികളായി സൗത്ത് സ്വിൻഡൻ എംപിയും, യുകെ പൊതു ഗതാഗത വകുപ്പ് സെക്രട്ടറിയുമായ ഹെയ്‌ദി അലക്സാണ്ടർ, സ്വിൻഡൻ മുൻമേയറും കൗൺസിലറുമായ ഇമിത്യാസ് ഷേക്ക്, കൗൺസിലർ അഡോറബല്ലേ ഷെയ്ക്ക്, റോയൽ കോളേജ് ഓഫ് നേഴ്സിങ് പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു.
ഞായറാഴ്ച രാവിലെ 9 മണിക്ക് ഓണപ്പൂക്കളവും തുടർന്ന് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത നിരവധി ഓണക്കളികളും പരിപാടികൾക്ക് മിഴിവേകി. തുടർന്ന് കൃത്യം 12 മണിക്ക് തന്നെ ആയിരത്തോളം ആളുകൾക്ക് സ്വാദിഷ്ടമായ ഓണസദ്യ, മട്ടാഞ്ചേരി കാറ്ററേഴ്സിന്റെ നേതൃത്വത്തിൽ നൽകുകയുണ്ടായി.

അഞ്ജന സുജിത്തിന്റെ ഈശ്വരപ്രാർത്ഥനയും അതിനെ തുടർന്ന് ഓണാഘോഷ വിളംബരം അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് നിർവഹിച്ചതോടെ സാംസ്കാരിക സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടർന്ന് സ്വിൻഡൻ സ്റ്റാർസിന്റെ ചെണ്ടമേളവും ആരവത്തോടും ആർപ്പുവിളികളോടും താളമേളങ്ങളോടും കൂടി മാവേലിയേയും മറ്റു വിശിഷ്ടതിഥികളെയും അസോസിയേഷൻ ഭാരവാഹികളെയും വേദിയിലേക്ക് ആനയിക്കപ്പെട്ടു. തുടർന്ന് പൊതുസമ്മേളനവും ഔപചാരിക ഉത്‌ഘാടനവും അതിനെത്തുടർന്ന് കേരളത്തിന്റെ തനത് സംസ്കാരത്തെ വിളിച്ചോതുന്ന വർണ്ണ ശബളിമയാർന്ന കലാമേളയും അരങ്ങേറുകയുണ്ടായി.
അസ്സോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് ഏവരെയും സ്വാഗതം ആശംസിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായ ഓണത്തിന്റെ മൂല്യങ്ങൾ നമ്മുടെ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിലും കർമ്മ ജീവിതത്തിലും ഉണ്ടാകണമെന്നും അതിനായി ഒത്തുചേർന്ന് പ്രവർത്തിക്കാമെന്നും ഏവർക്കും ഓണത്തിന്റെ ആശംസകൾ നേർന്നുകൊണ്ട് ശ്രീ ഷിബിൻ വർഗീസ് ഏവരെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു.

വിൽഷെയർ മലയാളീ അസോസിയേഷൻ അംഗങ്ങൾ സ്വിൻഡനിലെ സാമൂഹിക സാമ്പത്തിക മേഖലകളിലെ നിർണായക ഘടകമാണെന്നും ആരോഗ്യരംഗത്ത് മാത്രമല്ല മറ്റു ഇതര മേഖലകളിലും മലയാളികളുടെ സംഭാവന വിലമതിക്കാനാകാത്തതാണെന്നും മികച്ച സമൂഹത്തെ വാർത്തെടുക്കുന്നതിൽ വിൽഷെയർ മലയാളി അസോസിയേഷന്റെ പ്രവർത്തനങ്ങൾ ഏറെ ശ്ളാഘനീയമാണെന്നും അസോസിയേഷന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ എന്നും ഒപ്പമുണ്ടാകുമെന്നും ഉത്ഘാടനം നിർവഹിച്ചുകൊണ്ട് മേയർ ഫെയ് ഹൊവാർഡ് അഭിപ്രായപ്പെട്ടു.
വിൽഷെയർ മലയാളി അസോസിയേഷന്റെ ഓണാഘോഷം തനത് സാംസ്‌കാരികതയെ വിളിചോതുന്നതാണെന്നും ആ സാംസ്കാരികതയുടെ ഭാഗമായി എത്തിച്ചേരാൻ സാധിച്ചത് ഭാഗ്യമായി കാണുന്നുവെന്നും രാജ്യത്തിൻറെ അഭിവൃദ്ധിയിൽ മലയാളികളുടെ പങ്ക് വളരെ വലുതാണെന്നും രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയും ഘടനാപരമായ കെട്ടുറപ്പും അത്യന്താപേക്ഷിതമാണെന്നും അതിൽ വിൽഷെയർ മലയാളീ അസോസിയേഷന്റെ പങ്ക് നിർണായകമാണെന്നും ഈ കൂട്ടായ്മ മറ്റു സാമുദായിക സംഘടനകൾക്ക് മാതൃകയാണെന്നും ഏവർക്കും ഓണാഘോഷത്തിന്റെ ആശംസകളറിയിച്ചുകൊണ്ട് മന്ത്രി ഹെയ്‌ദി അലക്സാണ്ടർ സംസാരിക്കുകയുണ്ടായി.
തുടർന്ന് സംസാരിച്ച മുൻമേയറും കൗൺസിലറും ആയ ശ്രീ ഇമിത്യാസ് ഷേക്ക് ഓണാശംസകളുടെ തുടക്കം മലയാളത്തിൽ സംസാരിച്ചത് വൻ കരഘോഷത്തോടെയാണ് വിൽഷെയർ മലയാളി സമൂഹം വരവേറ്റത്. വിൽഷെയർ മലയാളി കൂട്ടായ്മയിൽ പങ്കെടുക്കുക എന്നത് ഏറെ സന്തോഷമുള്ള നിമിഷങ്ങൾ ആണെന്നും മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു എന്നും ഓണാശംസകൾ നേർന്നുകൊണ്ട് കൗൺസിലർ ശ്രീ ഇമിത്യാസ് ഷേക്ക് സംസാരിച്ചു.
യുകെ മലയാളികളുടെ അഭിമാനവും റോയൽ കോളേജ് ഓഫ് നഴ്സിംഗ് ട്രേഡ് യൂണിയൻ പ്രസിഡണ്ടുമായ ശ്രീ ബിജോയ് സെബാസ്റ്റ്യൻ ഏവർക്കും ഓണാശംസകൾ നേർന്ന് സംസാരിച്ചു. ആരോഗ്യരംഗത്തെ സമകാലീന പ്രശ്നങ്ങളെയും പ്രതിസന്ധികളെയും എങ്ങനെ തരണം ചെയ്യണമെന്നും യുകെയുടെ ആരോഗ്യരംഗത്ത് പ്രവാസികളുടെ പങ്ക് നിർണായകമാണെന്നും റോയൽ കോളേജ് ഓഫ് നേഴ്സിങ് ട്രേഡ് യൂണിയന്റെ കാഴ്ചപ്പാടുകളും നിലപാടുകളും അത് എൻഎച്ച്എസിനും ആരോഗ്യ മേഖലയിലെ ജീവനക്കാർക്കും എത്രമാത്രം പ്രയോജനകരമായി പ്രവർത്തിക്കാമെന്നും വളരെ വിശദമായി ശ്രീ ബിജോയ് സെബാസ്റ്റ്യൻ വിശദീകരിക്കുകയുണ്ടായി.

വിൽഷെയർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും അംഗങ്ങളുടെ പ്രവർത്തനങ്ങളും ഐക്യവും ഏറെ പ്രശംസനീയമാണെന്നും അസോസിയേഷനുമായി ഏറെ അഭേദ്യമായ ബന്ധമാണുള്ളതെന്നും ഏവർക്കും ഓണാശംസകൾ നേർന്നുകൊണ്ട് കൗൺസിലർ അഡോറബല്ലേ ഷെയ്ക്ക് സംസാരിച്ചു. അതിനെ തുടർന്ന് ഓണാഘോഷം ആർപ്പോ 2025ന്റെ സന്ദേശം മഹാബലി നൽകുകയുണ്ടായി. പൊതുസമ്മേളനത്തിൽ ഈ വർഷം A Level പരീക്ഷയിലും, GCSC പരീക്ഷയിലും മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ഒപ്പം തന്നെ, അസോസിയേഷന്റെ ഈ വർഷം നടത്തപ്പെട്ട “ആവേശം 2025” കായിക മാമാങ്കത്തിൽ ചാമ്പ്യന്മാരായ ഈസ്റ്റ് സ്വിൻഡൺ അംഗങ്ങൾക്കുള്ള ചാംപ്യൻസ് ട്രോഫിയും ചടങ്ങിൽ നൽകപ്പെടുകയുണ്ടായി.

പൊതുസമ്മേളനത്തെത്തുടർന്ന് മലയാളത്തിന്റെ പാരമ്പര്യവും തനതു സംസ്കാരവും കോർത്തിണക്കിയ ദൃശ്യവിരുന്ന് വേദിയിൽ അരങ്ങേറുകയുണ്ടായി. രാജാ രവിവർമ്മ ചിത്രങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ നയന മനോഹരമായ നൃത്താവിഷ്കാരം അക്ഷരാർത്ഥത്തിൽ രവിവർമ്മ ചിത്രങ്ങൾക്ക് ജീവൻ സ്ഫുരിക്കുന്നതായി മാറി. തുടർന്ന് ക്ലാസിക്കൽ നൃത്ത ശില്പങ്ങളായ കഥകളി, തെയ്യം മോഹിനിയാട്ടം, ഭരതനാട്യം തിരുവാതിര തുടങ്ങിയവ വേദിയിൽ അനശ്വരമാക്കിയതോടൊപ്പം കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ പങ്കെടുത്ത സിനിമാറ്റിക് ഡാൻസും ഒപ്പം നിരവധി സംഗീതജ്ഞരുടെ സംഗീത പരിപാടികളും ഉന്നത നിലവാരം പുലർത്തിയതോടൊപ്പം എല്ലാ മലയാളികളെയും അക്ഷരാർത്ഥത്തിൽ ദൃശ്യശ്രവണ മാസ്മര ലോകത്തേക്ക് നയിക്കപ്പെടുന്നത് ആക്കി മാറ്റി.
ഓണാഘോഷപരിപാടികൾ മികവുറ്റതാക്കാൻ പ്രവർത്തിച്ച പ്രോഗ്രാം കോർഡിനേറ്റർസ്, ജയേഷ് കുമാർ, തുഫെൽ, പ്രിയ ജോജി, ഗീതു അശോകൻ എന്നിവർ ഏറെ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. പ്രോഗ്രാമിന്റെ അവതാരകരായ ടോണി സ്കറിയ,എൽദോ, അനു ചന്ദ്ര, ഷൈൻ അരുൺ എന്നിവർ മികവുറ്റ അവതരണ ശൈലി കാഴ്ചവച്ചു. ഓണാഘോഷ പരിപാടി കാര്യക്ഷമമായി പൂർത്തിയാക്കാൻ പ്രവർത്തിച്ച WMA കമ്മിറ്റി അംഗങ്ങൾ: ജിജി സജി, ഷിബിൻ വർഗീസ്, കൃതിഷ് കൃഷ്ണൻ, ടെസ്സി അജി, തേജശ്രീ സജീഷ്, ബൈജു വാസുദേവൻ, ഡോണി പീറ്റർ, മാത്യു കുര്യാക്കോസ്, അമൽ ജോഷി, ജൈസ് കെ ജോയി, മഞ്ജു ടോം, അനീഷ മോഹനൻ, രജിത നമ്പ്യാർ, സെലിൻ വിനോദ്, പൂർണിമ മേനോൻ, ജിജു അലക്സാണ്ടർ, സൗമ്യ ജിനേഷ്, എബി തോമസ്, ബൈജു ജേക്കബ്, ഡെന്നി വാഴപ്പിള്ളി, രജബുൾ ഹഖ്, ആൽബി ജോമി, ജോഷൻ ജോൺ, വർക്കി കുരുവിള, ഡോ. ഫെബിൻ ബഷീർ, റെയ്‌മോൾ നിധിരി, ജെയ്‌മി നായർ, രാജേഷ് നടേപ്പിള്ളി എന്നിവരാണ്.
സോണി കാച്ചപ്പിള്ളയുടെ ശബ്ദവും വെളിച്ചവും പരിപാടികൾക്ക് മിഴിവേകി. Color Media UK Ltd ന്റെ ദൃശ്യവിസ്മയം ഓണാഘോഷത്തെ വ്യത്യസ്ത അനുഭവമുള്ളതാക്കി തീർത്തു.


WMA യുടെ മുഖ്യ സ്പോൺസർ ആയ INFINITY FINANCIALS LTD നറുക്കെടുപ്പിലൂടെ സ്വർണനാണയം സമ്മാനമായി നൽകുകയുണ്ടായി. WMA ഒരുക്കിയ റാഫിൾ ടിക്കറ്റ് നറുക്കെടുപ്പിലൂടെ നിരവധി പേർ സമ്മാനാർഹരായി. ഓണാഘോഷങ്ങളുടെ സുന്ദര നിമിഷങ്ങൾ ഒപ്പിയെടുത്ത് ബെറ്റെർഫ്രെയിംസ് രാജേഷ് നടേപ്പിള്ളി, ജിജു എന്നിവർ ഫോട്ടോഗ്രാഫിയും ജൈബിൻ, സോജി തോമസ് എന്നിവർ വീഡിയോഗ്രാഫിയും നിർവഹിച്ചു,
പരിപാടികൾക്ക് സമാപനം കുറിച്ചുകൊണ്ട് ട്രഷറർ ശ്രീ കൃതിഷ് കൃഷ്ണൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.
തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയെ തുടര്‍ന്ന് യൂട്യൂബര്‍ കെ.എം. ഷാജഹാനെ ആക്കുളത്തെ വീട്ടിൽനിന്ന് ചെങ്ങമനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൊലീസിന്റെ 5 മണിക്കൂർ നീണ്ട മൊഴിയെടുക്കലിനു ശേഷം ഷാജഹാനെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് .
ഷൈനിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് ഓൺലൈനിൽ അപകീര്‍ത്തികര പോസ്റ്റുകൾ പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് കെ.എം. ഷാജഹാൻ. ഒന്നാം പ്രതിയായ കോൺഗ്രസ് പരവൂർ മണ്ഡലം സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി പൊലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. സി.കെ. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.
പോലീസ് അന്വേഷണം തുടരുന്നതിനിടെ, ഷൈനും മറ്റ് പ്രതികളും കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാനും, ഡിജിറ്റല്‍ സാക്ഷ്യങ്ങള്‍ പരിശോധിക്കാനും തയ്യാറായതായി പോലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പോലീസിനോട് സഹകരിച്ച് ദുരുപയോഗപ്പെടുത്തപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് സഹായം നല്‍കുന്നു. ഐടി വിദഗ്ധർ വ്യാജ അക്കൗണ്ടുകള്‍ കൂടാതെ പോസ്റ്റുകളുടെ പ്രചാരണം എത്രത്തോളം ബാധിച്ചു എന്ന് പരിശോധിക്കുന്നുണ്ട്. .
വിഴിഞ്ഞത്തുനിന്ന് കാണാതായ പതിമൂന്നുകാരി വിമാന മാർഗം ഡൽഹിയിലേയ്ക്ക് പോയതായി പൊലീസ് കണ്ടെത്തി. കുടുംബാംഗങ്ങൾ പൊലീസിനെ വിവരം അറിയിച്ച ശേഷം നടത്തിയ അന്വേഷണത്തിലൂടെ ആണ് പെൺകുട്ടിയെ കണ്ടെത്തിയത് .
ഡൽഹിയിൽ നിന്നുള്ള പൊലീസ് സംഘം പെൺകുട്ടിയെ ബന്ധപ്പെടുകയും, കുടുംബത്തിനൊപ്പം മടക്കിക്കൊണ്ടുവരാൻ ഒരുക്കമാകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം തുടരുകയാണ്. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളാണ് ഒറ്റയ്ക്ക് വിമാനം കയറി ഡൽഹിയിലെത്തിയത്.
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നാരോപിച്ച് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു എംപി ഷാഫി പറമ്പിലിനെതിരെ തുറന്നടിച്ചു. കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉയർന്ന് വന്നതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങൾ വൻ വിവാദങ്ങൾക്ക് തിരി കൊളുത്തിയത് .
ഷാഫിയും രാഹുലും സ്ത്രീ വിഷയത്തിൽ കൂട്ടുകച്ചവടം നടത്തുന്നവരാണെന്നും, രാഹുലിന്റെ ഹെഡ് മാഷ് ഷാഫി പറമ്പിലാണെന്നും സുരേഷ് ബാബു പരിഹസിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട സംഭവങ്ങളിൽ ഷാഫി പറമ്പിൽ പ്രതികരിക്കാത്തത് ഇത്തരത്തിലുള്ള ബന്ധത്തിന്റെ ഫലമാണെന്നും അദ്ദേഹം ആരോപിച്ചു.
രാഹുലിനെ സസ്പെൻഡ് ചെയ്ത നടപടി വിഡി സതീശൻ എടുത്തത് നിർബന്ധിതമായ സാഹചര്യത്തിലാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. കോൺഗ്രസിൽ ഉയർന്ന തലത്തിലുള്ള ചില നേതാക്കളുടെ സംരക്ഷണം കൊണ്ടാണ് ഇരുവരും ഇത്രകാലം രക്ഷപ്പെട്ടതെന്നും, പാർട്ടിയിൽ തന്നെ വലിയ അധ്യാപകരാണ് മുകളിൽ ഇരിക്കുന്നതെന്നും സുരേഷ് ബാബു വിമർശിച്ചു.
വയനാട് ഡിസിസി അധ്യക്ഷൻ എൻ.ഡി. അപ്പച്ചൻ രാജി സമർപ്പിച്ചു. കോൺഗ്രസിൽ ഗ്രൂപ്പ് പോരുകൾ രൂക്ഷമായതും നേതൃതലത്തിൽ ചേരിതിരിവ് ശക്തമായതുമാണ് രാജിയിലേക്ക് നയിച്ചത്. അപ്പച്ചനെ സ്ഥാനത്തുനിന്ന് മാറ്റാനുള്ള തീരുമാനം ഹൈക്കമാൻഡ് എടുത്തതിനെ തുടർന്നാണ് രാജി ആവശ്യപ്പെട്ടത്.
വയനാട്ടിലെ കോൺഗ്രസിൽ നടന്ന ചില ആത്മഹത്യാ സംഭവങ്ങൾ പാർട്ടി തലത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. പ്രിയങ്കാ ഗാന്ധിയുടെ മണ്ഡല പര്യടനത്തിനിടെയാണ് പഞ്ചായത്ത് മെമ്പറുടെ ആത്മഹത്യയും തുടർന്ന് ഡിസിസി ഭാരവാഹിയുടെ ബന്ധുവിന്റെ ആത്മഹത്യാശ്രമവും ഉണ്ടായത്. ഇതോടെ ഹൈക്കമാൻഡ് അടക്കം ജില്ലാ നേതൃത്വത്തിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ടു.
പ്രിയങ്കാ ഗാന്ധി പര്യടനം അവസാനിച്ച് മടങ്ങിയ ദിവസങ്ങൾക്കകം അപ്പച്ചന്റെ രാജിയുണ്ടായി. ഇതേ സമയം ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ പേരിലുള്ള ബാങ്ക് വായ്പ കെപിസിസി അടച്ചുതീർത്ത് പ്രശ്നങ്ങൾ കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, രാജിക്കുശേഷവും വയനാട്ടിലെ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ തുടരുന്നുവെന്നാണ് സൂചന.
കോഴിക്കോട് ∙ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 64 കാരനായ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കോഴിക്കോട് കൊമ്മേരി സ്വദേശിയും കാട്ടികുളങ്ങര സ്വദേശിയുമായ ഹരിദാസനെയാണ് (64) നടക്കാവ് പൊലീസ് പിടികൂടിയത്. 15 വയസ്സ് മാത്രം പ്രായമുള്ള വിദ്യാർഥിനിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ കയറി പിടിച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
വിദ്യാർഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നടക്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ലീല, ജാക്സൺ ജോയ്, എസ്‌സിപിഒ രാഹുൽ, സിപിഒ സുബൈർ എന്നിവരുടെ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോക്സോ നിയമപ്രകാരം കേസെടുത്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. സംഭവത്തെ തുടർന്ന് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സമൂഹവും രക്ഷിതാക്കളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം: ശബരിമലയിൽ വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിനൊപ്പം വികസനം നടത്താനുള്ള ഇടതുമുന്നണി സർക്കാരിന്റെ സമീപനത്തിനെതിരെ വിമർശനമില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. ഒൻപതാണ്ട് വിട്ടു നിന്ന ശേഷം എൻഎസ്എസ് വീണ്ടും ‘സമദൂരത്തിലേക്ക്’ തിരിച്ചെത്തി, ശബരിമലയുടെ വിഷയത്തിൽ സർക്കാർ നിലപാടിന് പിന്തുണ അറിയിച്ചു.
കോൺഗ്രസിനെ വിമർശിച്ചും സർക്കാരിന്റെ നിലപാടിനെ അംഗീകരിച്ചും പ്രശംസിച്ചു ആണ് സുകുമാരൻ നായർ ഇടതുപക്ഷത്തിന് രാഷ്ട്രീയ പിന്തുണ നൽകിയത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇതിനെ അംഗീകരിച്ച്, ആഗോള അയ്യപ്പസംഗമം ഇടതുപക്ഷത്തിന് പ്രധാന സാമുദായിക പിന്തുണയായി മാറിയതായി പറഞ്ഞു.
എൻഎസ്എസ് സർക്കാർ സത്യവാങ്മൂലം പാലിക്കുന്നതിനും വിശ്വാസവും ആചാരവും സംരക്ഷിക്കുന്നതിനും ബന്ധപ്പെട്ടതായും, കോൺഗ്രസ് കള്ളക്കളി കളിക്കുകയാണെന്നും സുകുമാരൻ നായർ നിർവചിച്ചു. സർക്കാർ നിലപാടിനെ വിശ്വസിക്കാമെന്ന് അദ്ദേഹം പറഞ്ഞു, യുവതീപ്രവേശ കാര്യത്തിൽ സർക്കാർ ഏതെങ്കിലും നടപടിക്രമം തിരുത്തിയില്ലെന്നും, കേസുകൾ പിൻവലിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബർ ആക്രമണക്കേസിൽ കെഎം ഷാജഹാൻ ചോദ്യം ചെയ്യലിന് ഹാജരായി. പൊലീസ് സംരക്ഷണത്തിലാണ് ആലുവയിൽ ചോദ്യം ചെയ്യൽ നടന്നത്.
‘പ്രതിപക്ഷം’ എന്ന യൂട്യൂബ് ചാനലിലൂടെ തന്നെ അപമാനിച്ചുവെന്ന ഷൈനിന്റെ പരാതിയിലാണ് കേസ്. എന്നാൽ, താൻ അവഹേളിച്ചിട്ടില്ലെന്നാണ് ഷാജഹാന്റെ മറുപടി. ഇതോടൊപ്പം, ഒന്നാം പ്രതിയായ സി.കെ. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസ് റിപ്പോർട്ട് തേടിയിരിക്കുകയാണ്.
അതേസമയം, തനിക്കെതിരെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്ന് കെഎൻ ഉണ്ണികൃഷ്ണൻ എംഎൽഎ ആരോപണം ഉന്നയിച്ചു . പറവൂർ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും അന്വേഷണത്തിലൂടെ സത്യം പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തുള്ള മൂന്നാം പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
പാലക്കാട്: ലൈംഗികാരോപണ വിവാദത്തെ തുടര്‍ന്ന് ഔദ്യോഗിക പരിപാടികളില്‍നിന്ന് വിട്ടുനിന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, 38 ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാലക്കാട് മണ്ഡലത്തിൽ തിരിച്ചെത്തി. വളരെ അടുത്ത കോൺഗ്രസ് പ്രവർത്തകരെ മാത്രമാണ് യാത്രാ വിവരം അറിയിച്ചത്.
ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിൽ എം.എൽ.എ ബോർഡ് വെച്ചാണ് അദ്ദേഹം എത്തിയതെന്ന് പറയുന്നു. പാലക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സേവ്യറിന്റെ മരണത്തിൽ അനുശോചിക്കാൻ കുടുംബത്തെ സന്ദർശിച്ച ശേഷം മുൻ കോൺഗ്രസ് നേതാവ് പി.ജെ. പൗലോസിന്റെ മണ്ണാർക്കാട്ടെ വസതിയിലും പോയി.
ഇന്നും ജില്ലയിൽ ചില സ്വകാര്യ സന്ദർശനങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന. എന്നാൽ മാധ്യമങ്ങളെയോ പൊതുപരിപാടികളെയോ എം.എൽ.എ അറിയിക്കാതെ എത്തിയാൽ തടയും എന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് സി. കൃഷ്ണകുമാർ മുന്നറിയിപ്പ് നൽകി. കോൺഗ്രസിന് അനുകൂലമായി സഹതാപ തരംഗം ഉണ്ടാക്കാൻ താൽപര്യമില്ലെന്ന നിലപാടാണ് ഡിവൈഎഫ്ഐ നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷമായിരിക്കും അടുത്ത ഘട്ട നടപടികളെന്നും അവർ വ്യക്തമാക്കി.
എം.എൽ.എ എത്തുമെന്ന വിവരം പുറത്തു വന്നതോടെ, പുലർച്ചെ മുതൽ പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ ഓഫീസിന് മുന്നിൽ പൊലീസ് കാവൽ ശക്തമാക്കിയിരുന്നു .
കേരള സർക്കാർ പാലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രൂക്ഷമായ ഇസ്രയേൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മാധ്യമോത്സവത്തിന്റെ ഭാഗമായി, 29-ന് വൈകിട്ട് അഞ്ചിന് ടാഗോർ തിയേറ്ററിലാണ് ഐക്യദാർഢ്യ പരിപാടി. മുഖ്യാതിഥിയായി ഇന്ത്യയിലെ പാലസ്തീൻ അംബാസഡർ അബ്ദുള്ള എം. അബു ഷാവേസ് പങ്കെടുക്കും. അദ്ദേഹം മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും.
മാധ്യമോത്സവത്തിന്റെ ഭാഗമായി ഇസ്രയേൽ അക്രമണത്തിൽ കൊല്ലപ്പെട്ട 284 മാധ്യമപ്രവർത്തകർക്കുള്ള സ്മരണാഞ്ജലിയും ഒരുക്കും. കൊല്ലപ്പെട്ടവർ പകർത്തിയ ചിത്രങ്ങളും അവർ തയ്യാറാക്കിയ വാർത്തകളും പ്രദർശനത്തിലേയ്ക്ക് ഉൾപ്പെടുത്തുന്നതായും മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഐക്യദാർഢ്യ സദസ്സിലേയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.