Latest News

കുരിപ്പുഴ ശ്രീകുമാറിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രന് ട്രോളന്മാരുടെ പൊങ്കാല. ബിജെപി നേതാവ് സുരേന്ദ്രന്‍ പല പ്രസ്താവനകളും ഇതിനു മുന്‍പ് പൊങ്കാലയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തവണ കൊല്ലം അഞ്ചല്‍ കോട്ടുക്കാലില്‍ വെച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് കുരിപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ ന്യായീകരിച്ച സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പൊങ്കാലയ്ക്ക് കാരണം.

നേരത്തെ കൊല്ലത്തെ പരിപാടി ഉദ്ഘാടനം ചെയ്ത് കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. സ്‌കൂളില്‍ കൃത്യമായി പോകാത്തത് കൊണ്ടാണ് സുരേന്ദ്രന് കുരിപ്പുഴ ശ്രീകുമാറിനെ അറിയാതെ പോയതെന്ന് ടോളന്മാര്‍ കളിയാക്കുന്നു.

 

മോസ്‌കോ: സായിബാബ ഭക്ത സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന സ്ത്രീ മരിച്ചു. റഷ്യയില്‍ ഭക്തസംഘം സ്ഥാപിച്ച് പ്രവര്‍ത്തിക്കുകയും സായിബാബയുടെ സിദ്ധികള്‍ തനിക്കുണ്ടെന്ന് അവകാശപ്പെടുകയും ചെയ്തിരുന്ന എലേന ബേയ്‌കോവ എന്ന സ്ത്രീയുടെ ശിഷ്യയായ എലേന സ്‌മോറോഡിനോവ എന്ന 35കാരിയാണ് മരിച്ചത്. ഗുരുവിന്റെ നിര്‍ദേശപ്രകാരം രണ്ടാഴ്ച ഭക്ഷണം കഴിക്കാതിരുന്നതാണ് മരണ കാരണം. ഒരു ഇന്റീരിയര്‍ ഡിസൈനറായിരുന്ന ഇവര്‍ തന്റെ ഭര്‍ത്താവില്‍ നിന്ന് വേര്‍പെട്ടതിനു ശേഷമാണ് സായിബാബ സംഘത്തില്‍ ചേര്‍ന്നത്.

നോവോസിബിര്‍സ്‌ക് എന്ന നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്തസംഘത്തില്‍ ചേര്‍ന്നതിനു ശേഷം ഇവര്‍ കുടുംബാംഗങ്ങളുമായി അകന്നിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. വളരെ തുറന്ന സ്വഭാവവും ഉല്ലാസവതിയുമായിരുന്ന ഇവര്‍ സംഘത്തില്‍ ചേര്‍ന്നതോടെ ആകെ മാറിയിരുന്നു. സൈക്കോളജിസ്റ്റും ഫാഷന്‍ ഡിസൈനറുമായിരുന്ന എലേന ബേയ്‌ക്കോവയായിരുന്നു സംഘത്തെ നയിച്ചിരുന്നത്. ലോല-ലില എന്ന പേരിലായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്. 2011ല്‍ അന്തരിച്ച സായിബാബയുടെ സിദ്ധികള്‍ തനിക്കുണ്ടെന്നായിരുന്നു ഇവര്‍ അവകാശപ്പെട്ടിരുന്നതെന്നാണ് വിവരം.

സുഹൃത്തുക്കളും ബന്ധുക്കളുമായി അകലം പാലിക്കാനും ഭക്ഷണം ഉപേക്ഷിക്കാനും സിദ്ധ എലേനയോട് ആവശ്യപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. മൂന്നാഴ്ച ഭക്ഷണം കഴിക്കാതെ വ്രതമെടുക്കാനായിരുന്നു നിര്‍ദേശം. അതില്‍ ആദ്യത്തെ രണ്ടാഴ്ച വെള്ളം പോലും നല്‍കിയിരുന്നില്ല. വ്രതത്തില്‍ നിന്ന് പിന്‍മാറാന്‍ എലേന ആഗ്രഹിച്ചെങ്കിലും നിര്‍ജ്ജലീകരണം മൂലം മരണം സംഭവിക്കുകയായിരുന്നു. സംഭവത്തേത്തുടര്‍ന്ന് സിദ്ധ ഒളിവിലാണെന്നാണ് വിവരം.

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന തെളിവായ അക്രമത്തിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കൈമാറേണ്ടതില്ലെന്ന് കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസിലെ സുപ്രധാന തെളിവായി കണക്കാക്കുന്ന ഈ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് കൈമാറെരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചിരുന്നത്. അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിലെ പ്രധാന ദൃശ്യങ്ങള്‍ കൈമാറുന്നതു വഴി ദിലീപ് കേസ് അട്ടിമറിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയത്. കേസില്‍ പൊലീസ് ഹാജരാക്കിയ തെളിവുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. നേരത്തെ ദിലീപിന്റെ ഹര്‍ജി പരിഗണിച്ച കോടതി ഗൗരവ സ്വഭാവമില്ലാത്ത തെളിവുകള്‍ കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് മൊഴിപ്പകര്‍പ്പുകള്‍, വിവിധ പരിശോധനാ ഫലങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയവ പൊലീസ് കൈമാറിയിരുന്നു.

പക്ഷേ കൈമാറിയ രേഖകളില്‍ ഗൗരവ സ്വഭാവമുള്ളവ ഉള്‍പ്പെട്ടിരുന്നില്ല. രണ്ട് പ്രതികളുടെ സംഭാഷണത്തിന്റെ ഫോറന്‍സിക് പരിശോധന ഫലവും അക്രമിക്കപ്പെടുന്ന സമയത്ത് നടിയുടെ വാഹനം കടന്നു പോയ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ മാത്രമാണ് ദിലീപിന് കൈമാറിയിട്ടുള്ളത്.

ലണ്ടന്‍: എന്‍എച്ച്എസില്‍ ചികിത്സ തേടിയെത്തുന്ന കുടിയേറ്റക്കാരില്‍ നിന്നും ഇരട്ടി തുക ഈടാക്കാനുള്ള നിര്‍ദേശം അന്യായമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഈ തീരുമാനം വിവേചനപരമാണെന്ന് ജോയിന്റ് കൗണ്‍സില്‍ ഫോര്‍ വെല്‍ഫെയര്‍ ഓഫ് ഇമിഗ്രന്റ്‌സ് പറഞ്ഞു. ഒരു വര്‍ഷം 200 പൗണ്ട് ആവശ്യമുള്ളിടത്ത് 400 പൗണ്ടാണ് ഈടാക്കുന്നത്. കുടിയേറ്റക്കാരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പ്രതിവര്‍ഷം 150 പൗണ്ട് ഈടാക്കിയിരുന്നത് 300 പൗണ്ടായി ഉയര്‍ത്താനും പദ്ധതിയുണ്ട്. ആരോഗ്യ മേഖലയിലുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ പരാജയത്തിന്റെ ഭാരം കുടിയേറ്റക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് പുതിയ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

പുതിയ ഫീസ് നിരക്ക് ഈ വര്‍ഷം അവസാനത്തോടെ നിലവില്‍ വരും. പഠനത്തിനോ ജോലിക്കോ കുടുംബത്തിനൊപ്പം ചെലവഴിക്കുന്നതിനോ ആയി ബ്രിട്ടനില്‍ ആറുമാസത്തിനു മുകളില്‍ താമസിക്കേണ്ടി വരുന്ന യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നുള്ളവര്‍ക്ക് ബാധകമാകുന്ന വിധത്തിലാണ് പുതിയ നിര്‍ദേശം നടപ്പിലാക്കുക. നിലവില്‍ എന്‍എച്ച്എസ് നേരിടുന്ന പ്രതിസന്ധികളെ മറികടക്കുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരിന്റെ പുതിയ നയം വിവേചനപരമാണെന്ന് ജോയിന്റ് കൗണ്‍സില്‍ ഫോര്‍ വെല്‍ഫെയര്‍ ഓഫ് ഇമിഗ്രന്റ്‌സ് തലവന്‍ സത്ബീര്‍ സിങ് പറഞ്ഞു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിന്റെ കണക്ക് പ്രകാരം സര്‍ച്ചാര്‍ജ് നല്‍കുന്നവരുടെ ചികിത്സക്കായി ശരാശരി 470 പൗണ്ടാണ് എന്‍എച്ച്എസ് ഒരു വര്‍ഷം ചെലവഴിക്കുന്നത്.

വര്‍ദ്ധിപ്പിച്ച നിരക്ക് പ്രകാരം വര്‍ഷത്തില്‍ 220 മില്ല്യണ്‍ പൗണ്ടിന്റെ വരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഈ പണം എന്‍എച്ച്എസ്സിലേക്കാണ് വന്നുചേരുക. ജനങ്ങള്‍ക്ക് ആവശ്യാനുസൃതം ഉപകരിക്കുന്ന വിധത്തിലാണ് എന്‍എച്ച്എസി നിലകൊള്ളുന്നത്. അതിന് പണം നല്‍കുന്നത് ബ്രിട്ടീഷ് നികുതി ദായകരാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ജെയിംസ് ഒ ഷോഗ്‌നസ്സീന്‍ പറയുന്നു. ദീര്‍ഘകാലമായി കുടിയേറ്റക്കാരായി തുടരുന്നവര്‍ എന്‍എച്ച്എസ് ഉപയോഗിക്കുന്നതിനായി സ്വാഗതം ചെയ്യുന്നു. പക്ഷേ നിലനില്‍പ്പിനാവിശ്യമായി ചെറിയ തുക അവര്‍ നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കുടിയേറ്റക്കാരായ ആളുകള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് നല്‍കുന്ന സംഭാവനകളെ നിരാകരിക്കുന്നതാണ് പുതിയ നീക്കമെന്ന് സത്ബീര്‍ സിങ് പ്രതികരിച്ചു.

സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ സമയമില്ലെന്ന് ദശലക്ഷക്കണക്കിന് ബ്രിട്ടീഷുകാര്‍! പുതിയ പഠനമാണ് ഈ വിവരം നല്‍കുന്നത്. 2,000 ത്തിലധികം യുവതി യുവാക്കളില്‍ നടത്തിയ സര്‍വ്വേയില്‍ പകുതിയിലേറെപ്പേരും ആരോഗ്യകരമായി ജിവിക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും തിരക്കേറിയ ജീവിത ശൈലി മൂലം അതിന് സാധിക്കുന്നില്ലെന്ന് വ്യക്തമാക്കി. സര്‍വ്വേ നടത്തിയവരില്‍ മൂക്കാല്‍ഭാഗം പേര്‍ക്കും സമയക്കുറവ് മൂലം ഭക്ഷണം പോലും കഴിക്കാനാകുന്നില്ലെന്ന് അറിയിച്ചു. പത്തില്‍ ആറ് പേര്‍ക്ക് പോഷകാഹാരമെന്തെന്ന കാര്യം പോലും അറിയില്ലെന്നും സര്‍വ്വേ ഫലം പറയുന്നു.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 75 ശതമാനത്തിലധികം പേര്‍ തിരക്കുമൂലം ആഹാരം കഴിക്കുന്നത് മാറ്റിവെക്കുന്നവരാണ്. തിരക്കു മൂലം ജിമ്മുകളില്‍ പോകാന്‍ പോലും ഇവരില്‍ അഞ്ചില്‍ ഒരു വിഭാഗത്തിന് സാധിക്കുന്നില്ലത്രേ. തിരക്കേറിയ ജീവിത ശൈലിയെ തങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെടുന്നവരാണ് മൂന്നില്‍ രണ്ട് പേരുമെന്ന് മൈന്‍ഡ്ഫുള്‍ ഷെഫ് എന്ന ഹെല്‍ത്തി റെസിപി ബോക്‌സ് കമ്പനി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യപരമായ ഡയറ്റ് ജീവിതത്തില്‍ അനിവാര്യമാണെന്നും നമ്മളില്‍ പലരുടെയും ജീവിത ശൈലി അത്തരത്തില്‍ ക്രമീകരിക്കേണ്ടതുണ്ടെന്നും മൈന്‍ഡ്ഫുള്‍ ഷെഫ് കോ-ഫൗണ്ടര്‍ ഗൈല്‍സ് ഹംഫ്രീസ് പറയുന്നു.

ആരോഗ്യപരമായ ഭക്ഷണം കഴിക്കുന്നുണ്ടോ തങ്ങളെന്ന് ശ്രദ്ധിക്കാന്‍ മൂന്നിലൊന്ന് പേര്‍ക്കും കഴിയുന്നില്ല. പോഷക സമൃദ്ധമായ ആഹാരം കണ്ടെത്തുന്നതില്‍ അറുപത് ശതമാനം പേരും പരാജയപ്പെടുന്നുവെന്നും സര്‍വ്വേ പറയുന്നു. ഭക്ഷണം വാങ്ങാനായി മാര്‍ക്കറ്റുകളിലെത്തുന്നവരില്‍ 68 ശതമാനം പേരും പോഷക സമൃദ്ധമല്ലാത്തതും എന്നാല്‍ പെട്ടന്ന് പാചകം ചെയ്യാന്‍ കഴിയുന്നതുമായി ആഹാരങ്ങളാണ് തെരെഞ്ഞടുക്കുന്നത്. ഇതില്‍ പകുതി പേരും പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിവ സമയക്കുറവ് മൂലം ഒഴിവാക്കുന്നവരാണ്. കണക്കുകള്‍ പ്രകാരം ഇത്തരക്കാര്‍ക്ക് ഒരു വര്‍ഷം 136 തവണയെങ്കിലും യഥാസമയത്ത് ഭക്ഷണം കഴിക്കാന്‍ കഴിയാറില്ലെന്നും സര്‍വ്വേ പറയുന്നു.

VG.വാസ്സന്‍.

പണ്ട് പണ്ട് പണ്ട്
ഇന്നത്തേത് പോലെ രാത്രികള്‍
ഇല്ലാതിരുന്ന ഒരു മനോഹര കാലം
സന്ധ്യ ആകുമെന്നോ ഇരുട്ട് വരുമെന്നോ ഭയമില്ലാത്ത കാലം
പെണ്‍കൊടികള്‍ വേലിക്കെട്ടുകള്‍ ഇല്ലാതെ
പൂവാടികളില്‍ പാറിനടന്ന കാലം
കൗമാരമെത്തിയാല്‍
പെണ്‍കുട്ടികള്‍ കൂട്ടം ചേര്‍ന്ന്
പാട്ടുകള്‍ പാടി നൃത്തമാടി ദേശ സഞ്ചാരം നടത്തിയിരുന്ന കാലം.

അക്കാലത്ത്
ഭൂമിയുടെ ഒരറ്റത്ത് ഒരു സുന്ദര രാജ്യമുണ്ടായിരുന്നു .അവിടുത്തെ രാജകുമാരിയുടെ സൗന്ദര്യം ലോകമാകെ പരന്നു
ആ കന്യകയെ സ്വന്തമാക്കാന്‍
രാജാക്കന്മാരും ചക്രവര്‍ത്തിമാരും
നോമ്പ് നോറ്റ് കാത്തിരുന്നു

രാജകുമാരി ഇതൊന്നും ശ്രദ്ധിക്കാതെ
തോഴിമാരോടൊപ്പം ദേശസഞ്ചാരം ചെയ്തുകൊണ്ടിരുന്നു
പഴങ്ങളും തേനും പൂവിതളും ഭക്ഷിച്ച്
അനുദിനം കുമാരിയുടെ സൗന്ദര്യം
വര്‍ദ്ധിച്ചു കൊണ്ടിരുന്നു
അവരങ്ങനെ യാത്രചെയ്ത്
ആ മനോഹരമായ കടല്‍ക്കരയിലെത്തി.

കടലിനുള്ളിലേക്ക് കര കയറി നില്‍ക്കുന്ന
കടലില്‍ ചെറിയൊരു മല ഉയര്‍ന്നു നില്‍ക്കുന്ന
അവിടം വിട്ട് പോകാന്‍ രാജകുമാരി കൂട്ടാക്കിയില്ല,
കടലില്‍ കണ്ട പാറയിലേക്ക് പോകാന്‍
കുമാരിക്ക് മോഹമോദിച്ചൂ
അവള്‍ വെള്ളത്തില്‍ കാലുവച്ചതും
തണുപ്പ് കൊണ്ട്
തുള്ളിച്ചാടി കരയ്ക്ക് കയറി
തോഴിമാര്‍ അവളെ കളിയാക്കി
പുഴയിലും തടാകത്തിലും മാത്രമേ
മനുഷ്യരിറങ്ങൂ വരൂ കുമാരീ
നമുക്ക് തിരിച്ചു പോകാം.

തോഴികള്‍ കളിയാക്കിയതില്‍ മനം നൊന്ത്
രാജകുമാരി ശപഥം ചെയ്തു,

എനിക്ക് നീന്താന്‍ പറ്റും വിധം
കടല്‍ ചൂടാക്കിത്തരാന്‍ വേണ്ടി
ഞാന്‍ സൂര്യ ഭഗവാനെ തപസ്സു ചെയ്യാന്‍ പോവുകയാണ്
ഇല്ലെങ്കില്‍ ഈ കടലില്‍ തപസ്സിരുന്ന് ഞാന്‍ മരിക്കും.

കഴുത്തൊപ്പം വെള്ളത്തില്‍
ഇറങ്ങിയിരുന്ന് കുമാരി
കഠിന തപസ്സ് ആരംഭിച്ചു

സൂര്യന്‍ ഇതെല്ലാം കാണുന്നുണ്ടായിരുന്നു
ഏതോ ബാലികയുടെ ചാപല്യമായി
ആ കാഴ്ച തള്ളിക്കളഞ്ഞു
പക്ഷെ ഒരിക്കല്‍സൂര്യ ഭഗവാന്‍ നോക്കുമ്പോള്‍
മരവിച്ച മരണത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന
രാജകുമാരിയെ ആണ് കണ്ടത്
അദ്ദേഹം വേഗം കടലിലിറങ്ങി
രാജകുമാരിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

കടല്‍ വെള്ളത്തിന് ചൂട് ഉണ്ടാകാന്‍ തുടങ്ങി
നിനക്ക് എന്ത് വരമാണ് വേണ്ടത്
എന്ന് ചോദിക്കാന്‍ കുമാരിയുടെ അടുത്തെത്തിയ സൂര്യന്‍
അവളുടെ സൗന്ദര്യത്തില്‍ മയങ്ങിപ്പോയി.

ഒറ്റ നോട്ടത്തില്‍ കത്തിജ്വലിച്ച
പ്രണയ പാരവശ്യത്താല്‍
അവളെ കോരിയെടുത്ത് സൂര്യന്‍
കടലില്‍ ആനന്ദനീന്തോത്സവം നടത്തി
ആദ്യ പുരുഷ സ്പര്‍ശത്തില്‍
അവള്‍
ഒരു സ്വര്‍ണ്ണ മീന്‍ പോലെ
പിടഞ്ഞു പുളഞ്ഞു

അവരുടെ പ്രണയ സംഗമം
കടലിലാകെ ഉന്മാദത്തിരമാലകള്‍ സൃഷ്ടിച്ചു
സൂര്യഭഗവാന്റെ രാസക്രീഡ
നാളുകള്‍ നീണ്ടുനിന്നു

ലോകം മുഴുവന്‍ ഇരുട്ടിലായി
കടലില്‍ ചൂട് വര്‍ദ്ധിച്ചു വന്നു
മത്സ്യങ്ങളെല്ലം ചത്തുപോകുമോ എന്ന് ഭയന്നു
അവര്‍ ദേവലോകത്തെത്തി സങ്കടമുണര്‍ത്തിച്ചു,

ദേവലോകമാകെ പരിഭ്രാന്തിയിലായി
ദേവന്മാര്‍ ഭൂമിയിലേക്ക് നോക്കി
വൃക്ഷലലാതികളെല്ലാം
സൂര്യപ്രകാശം ഇല്ലാതെ തളര്‍ന്ന്
മരിക്കാറായിരിക്കുന്നു.
ഇലകളില്ലാതായാല്‍ ജീവവായു ഇല്ലാതെ
ജന്തുജാലങ്ങള്‍ ഭൂമിയിലില്ലാതാകും
ഉടനെ എന്തെങ്കിലും ചെയ്യണം

ദേവലോക പ്രതിനിധികള്‍ കടല്‍ക്കരയിലെത്തി
സൂര്യനോട് തിരികെ വരാന്‍ ആവശ്യപ്പെട്ടു

കുമാരിയുമായി വേര്‍പിരിയാനാവില്ല എന്ന് ആണയിട്ട സൂര്യ ഭഗവാനോട് പറഞ്ഞാല്‍ ഫലമില്ല എന്ന് മനസ്സിലായ ദേവന്മാര്‍
കുമാരിയുടെ സഹായം തേടി

ലോകം നശിക്കുമെന്നും
പൂക്കളും പൂവാടികളും ഇനിയുണ്ടാകില്ല
എന്നുമറിഞ്ഞ രാജകുമാരി
ദുഖിതയായി
സൂര്യനെ പിരിയാന്‍ കുമാരിക്ക്
ഒട്ടും മനസ്സുമുണ്ടായില്ല

അവള്‍ പറഞ്ഞു
അങ്ങ് കുറച്ചു സമയത്തേക്ക്
ദേവന്മാര്‍ക്കൊപ്പം പോയിട്ട് വരൂ
ഞാന്‍ എന്നിലെ പ്രണയം നിറച്ച്
ഇവിടെ കാത്തിരുന്നു കൊള്ളാം

പക്ഷെ അങ്ങ് കൈ വിട്ടാല്‍ ഞാന്‍
മുങ്ങിത്താണ് മരിച്ചുപോകുമല്ലോ
തന്നെയുമല്ല
അവിടുത്തെ കാണാതെ ഒരു നിമിഷം
ജീവിച്ചിരിക്കാന്‍ എനിക്ക് സാധ്യമല്ല

സൂര്യ ഭഗവാന്‍ അവളുടെ
പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള സ്‌നേഹത്തില്‍ സന്തുഷ്ടനായി
ഇങ്ങനെ അനുഗ്രഹിച്ചു

നിനക്ക് ഈ കടലില്‍ യഥേഷ്ടം നീന്തി നടക്കാന്‍
അരമുതല്‍ താഴേയ്ക്ക്
മത്സ്യരൂപ സൗന്ദര്യം ഉണ്ടാകട്ടെ

നിനക്ക് കാണാനാവും വിധം
ഇവിടെ നിന്ന് ഞാന്‍ യാത്രയായി
ഇവിടെത്തന്നെ തിരിച്ചെത്തുന്നതായിരിക്കും
നിന്റെ ഓര്‍മ്മയ്ക്കായി
ഇവിടം
കന്യാകുമാരി
എന്നറിയപ്പെടും

ഇങ്ങനെ അനുഗ്രഹിച്ച് സൂര്യഭഗവാന്‍
ദേവന്മാരോടൊപ്പം യാത്രയായി

മത്സ്യ കന്യകയായ കുമാരി
കടലിലേക്ക് ഊളിയിട്ടു
തങ്ങള്‍ക്ക് റാണിയെയും
ജീവനും കിട്ടിയ സന്തോഷത്തില്‍
മത്സ്യങ്ങള്‍
സമുദ്രോത്സവം കൊണ്ടാടി

VG.വാസ്സന്‍.

കടയ്ക്കല്‍:  കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ആറുപേര്‍ അറസ്റ്റിലായി. ഇട്ടിവ പഞ്ചായത്തംഗം കോട്ടുക്കല്‍ ശ്യാമള മന്ദിരത്തില്‍ വി എസ് ദീപു(30), ബിജെപി ചടയമംഗലം മണ്ഡലം സെക്രട്ടറി കോട്ടുക്കല്‍ കൊട്ടാരഴികം വീട്ടില്‍ മനു ദീപം (30), ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ഫില്‍ഗിരി സരിത വിലാസത്തില്‍ ശ്യാം (29), യുപി സ്കൂളിന് സമീപം കടമ്ബാട്ട് വീട്ടില്‍ ലൈജു (32), കോട്ടുക്കല്‍ സുചിത്രഭവനില്‍ സുജിത്ത് (31), കാവതിയോട് തടത്തരികത്ത് വീട്ടില്‍ കിരണ്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കടയ്ക്കല്‍ സിഐ സാനിയുടെ നേതൃത്വത്തില്‍ അഞ്ചല്‍ പുത്തയത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 25 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കോട്ടുക്കല്‍ ത്രാങ്ങോട് കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് കുരീപ്പുഴയെ ആര്‍എസ്‌എസ് സംഘം ആക്രമിച്ചത്. വാഹനത്തിന് കേടുവരുത്തി. ഗ്രന്ഥശാലയില്‍ നടത്തിയ പ്രസംഗം തടസ്സപ്പെടുത്താനും ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് കാറില്‍ കയറുന്നതിനിടെയാണ് സംഘടിച്ചെത്തിയ അക്രമിസംഘം അസഭ്യം പറഞ്ഞ് കുരീപ്പുഴ ശ്രീകുമാറിനെ വളഞ്ഞിട്ട് ആക്രമിച്ചത്. ഓടിയെത്തിയ ഗ്രന്ഥശാല പ്രവര്‍ത്തകരാണ് കവിയെ രക്ഷിച്ച്‌ കാറില്‍ കയറ്റി വിട്ടത്.

ഇതിനിടെ ഹിന്ദുത്വത്തെ അപമാനിച്ചെന്നും ആര്‍എസ്‌എസിനെയും ബിജെപിയെയും അധിക്ഷേപിച്ചെന്നും ആരോപിച്ച്‌ ബിജെപി മണ്ഡലം കമ്മിറ്റി കുരീപ്പുഴ ശ്രീകുമാറിനെതിരെ കടയ്ക്കല്‍ പൊലീസില്‍ പരാതിനല്‍കി.

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെ പി രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ട്. അതു കൊണ്ട് സിനിമ തടയുന്നില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും രംഗങ്ങള്‍ ചിത്രത്തിലുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും അതുവരെ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്.

സിനിമയെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു സംവിധായകനുണ്ട് എന്ന ഒറ്റക്കാരണത്താല്‍ യഥാര്‍ത്ഥ വസ്തുതകളെ മറയ്ക്കാനോ കരിവാരിതേയ്ക്കാനോ ആര്‍ക്കും അവകാശമില്ലെന്നും പരാതിക്കാരന്‍ പറയുന്നു. നിലവില്‍ ചിത്രം തിരുവനന്തപുരത്തെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ആമി റിലീസ്.

ജെര്‍മന്‍ ഫെസ്റ്റിവലിനിടയില്‍ 18 കാരിയെ ചെമ്പിലിട്ട് തിളപ്പിച്ച രണ്ട് മന്ത്രവാദികളെ തിരഞ്ഞ് പൊലീസ്

പൊള്ളലേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമാണ്കാര്‍നിവലില്‍ പ്രദര്‍ശനത്തിന് വെച്ചതായിരുന്നു പെണ്‍കുട്ടിയെ ഇട്ട് തിളപ്പിച്ച കുട്ടകം.. മന്ത്രവാദികളുടെ വേഷം ധരിച്ച നിരവധി പേരും അവിടെ ഉണ്ടായിരുന്നു..

പെണ്‍കുട്ടിയുടെ സുഹൃത്ത് മന്ത്രവാദികളുടെ വേഷം ധരിച്ച രണ്ട് പേര്‍ക്ക് പെണ്‍കുട്ടിയെ തമാശ രൂപേണ കൈമാറുകയായിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ കുട്ടകത്തിനടുത്തേക്ക് കൊണ്ടുപോയി… ഒരാള്‍ കുട്ടകത്തിന്റെ അടപ്പ് തുറന്നപ്പോള്‍ മറ്റേയാള്‍ പെണ്‍കുട്ടിയെ കുട്ടകത്തിലേക്ക് തള്ളിയിടുകയായിരുന്നു.

പഴയകാല മന്ത്രവാദകഥകളില്‍ മനുഷ്യനെ ജീവനോടെ വേവിക്കുന്ന സീന്‍ പുനരാവിഷ്‌കരിക്കുകയായിരുന്നു ഇവര്‍… എന്തായാലും പൊള്ളലേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്…

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കായുളള തിരച്ചിലിലാണ് ജര്‍മന്‍ പൊലീസ്.

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് അബുദാബിയില്‍ 44 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 22 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.

അബുദാബി ദുബായ് ഹൈവെയിലെ മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ കിസാദ് പാലത്തിനടുത്തായിരുന്നു അപകടം. രാവിലെ എട്ടരയ്ക്കും പത്തിനുമായി രണ്ടു വ്യത്യസ്ത അപകടങ്ങളിലാണ് ഇത്രയും വാഹനങ്ങള്‍ കൂട്ടിയിടിച്ചത്.

പരസ്പരം കാണാത്തവിധം മൂടല്‍മഞ്ഞ് അനുഭവപ്പെട്ടതോടെ വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇടിക്കുകയായിരുന്നു. റോഡരികിൽ നിര്‍ത്തിയിട്ട വാഹനങ്ങളിലും മറ്റു വാഹനങ്ങള്‍ വന്നിടിച്ചത് ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി. 18 പേരുടെ പരുക്ക് സാരമുള്ളതല്ല. രണ്ടു പേര്‍ക്ക് ഇടത്തരം പരുക്കുണ്ട്. പരുക്കേറ്റവരെ അബുദാബി പൊലീസും അഗ്നിശമന സേനയും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ഹസാർ‌ഡ് ലൈറ്റുകൾ പാടില്ല; നിയമം ലംഘിച്ചാൽ 500 ദിർഹം പിഴ

മഞ്ഞുള്ള സമയങ്ങളില്‍ ഹസാഡ് ലൈറ്റ് ഇടാന്‍ പാടില്ല. ലോ ബീം ലൈറ്റാണ് ഉപയോഗിക്കേണ്ടത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഹസാര്‍ഡ് ലൈറ്റിട്ടാല്‍ 500 ദിര്‍ഹം പിഴയടക്കേണ്ടിവരും. വാഹനമോടിക്കാന്‍ പറ്റാത്തവിധം മഞ്ഞുണ്ടെങ്കില്‍ വാഹനം റോഡരികിൽ നിര്‍ത്തിയിട്ട ശേഷമാണ് ഹസാര്‍ഡ് ലൈറ്റ് ഇടേണ്ടതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രി. മുഹമ്മദ് ഖീലി പറഞ്ഞു. മഞ്ഞുള്ള സമയങ്ങളില്‍ വേഗം കുറച്ചും ജാഗ്രതയോടെയും വാഹനമോടിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

 

Copyright © . All rights reserved